Prabodhanm Weekly

Pages

Search

2014 ജൂലൈ 25

അല്ലാഹു പൊറുത്ത് തരണമെന്ന് ആഗ്രഹമില്ലേ?

കെ.എം ബഷീര്‍ ദമ്മാം / തര്‍ബിയത്ത്

അല്ലാഹുവിന്റെ സവിശേഷ നാമങ്ങളിലൊന്നാണ് വിട്ടുവീഴ്ച(അഫ്‌വ്). തന്റെ അടിമകളായ മനുഷ്യരില്‍ നിന്ന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങള്‍ ഏറെ പൊറുത്തുകൊടുക്കുന്നവനും വിട്ടുവീഴ്ച ചെയ്തുകൊടുക്കുന്നവനുമാണ് യജമാനനായ അല്ലാഹു എന്നതുകൊണ്ടാണ് അഫ്‌വ് അല്ലാഹുവിന്റെ നാമമായത്. ''തീര്‍ച്ചയായും അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും പൊറുത്തുകൊടുക്കുന്നവനുമാകുന്നു'' (അന്നിസാഅ് 43). അളവറ്റ ദയാപരനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ ഈ ഗുണത്തെ പല സന്ദര്‍ഭങ്ങളിലായി ഖുര്‍ആന്‍ ആവര്‍ത്തിച്ച് എടുത്തു പറയുന്നുണ്ട്.
അലിയ്യുബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഒരു ആയത്ത് പറഞ്ഞുതരട്ടെയോ? റസൂല്‍(സ) ആണ് അത് ഞങ്ങള്‍ക്ക് പറഞ്ഞ് തന്നത്. 'നിങ്ങളെ ബാധിച്ച വിപത്തുകളൊക്കെയും നിങ്ങളുടെ കരങ്ങള്‍ നേടിയതാകുന്നു. വളരെ തെറ്റുകള്‍ അല്ലാഹു വിട്ടുവീഴ്ച ചെയ്തു കൊടുക്കുന്നു''(ശൂറ 30).
സൃഷ്ടികളില്‍ നിന്ന് ബോധപൂര്‍വമോ അല്ലാതെയോ സംഭവിക്കുന്ന തെറ്റുകള്‍ അല്ലാഹു പൊറുത്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്തു കൊടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ സൃഷ്ടികളുടെ അവസ്ഥ എന്താകുമായിരുന്നു!
നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ഥന ഏതാണ്?'' ''ഇഹലോകത്തും പരലോകത്തും വിട്ടുവീഴ്ച ചെയ്തു തരാനും പൊറുത്തുതരാനും വേണ്ടി നിന്റെ നാഥനോട് പ്രാര്‍ഥിക്കുക''- നബി(സ) മറുപടി പറഞ്ഞു. പിറ്റേ ദിവസവും അയാള്‍ വരികയും ഇതേ ചോദ്യവും ഉത്തരവും ആവര്‍ത്തിക്കപ്പെടുകയും ചെയ്തു. മൂന്നാം ദിവസവും അയാള്‍ വന്നു ഇതേ ചോദ്യം ചോദിച്ചപ്പോള്‍ പ്രവാചകന്‍ ഇതുകൂടി പറഞ്ഞു: ''നിനക്കു അത് രണ്ടും (നാഥനില്‍ നിന്നുള്ള വിട്ടുവീഴ്ചയും പൊറുത്തു കിട്ടലും) ഈ ലോകത്തും പിന്നീട് പരലോകത്തും ലഭിച്ചാല്‍ തീര്‍ച്ചയായും നീ വിജയിച്ചു.''
സൃഷ്ടികളോട് വിട്ടുവീഴ്ച ചെയ്യുക എന്നത് സ്വന്തം ഗുണമായി സ്വീകരിച്ച അല്ലാഹു വിശ്വാസികള്‍ തന്റെ സൃഷ്ടികളോട് പൊതുവിലും വിശ്വാസികള്‍ പരസ്പരവും വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ''വിട്ടുവീഴ്ചയോടെ പ്രവര്‍ത്തിക്കുക. അതാണ് തഖ്‌വയോട് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. പരസ്പര വ്യവഹാരങ്ങളില്‍ ഔദാര്യം വിസ്മരിക്കാതിരിക്കുക. നിങ്ങളുടെ പ്രവൃത്തികള്‍ അല്ലാഹു നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവല്ലോ'' (അല്‍ബഖറ 237).
ജീവിതം തഖ്‌വാപൂര്‍ണമാകുന്നതിനും പരലോക വിജയം കൈവരിക്കുന്നതിനും വിശ്വാസിയില്‍ ഉണ്ടാകേണ്ട അടിസ്ഥാന ഗുണങ്ങളില്‍ ഒന്നാണ് വിട്ടുവീഴ്ച. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിന്റെ അവകാശികളായിത്തീരുന്ന ദൈവഭക്തരുടെ ഗുണങ്ങള്‍ വിവരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നയിക്കുന്ന മാര്‍ഗത്തില്‍ സോത്സാഹം സഞ്ചരിക്കുവിന്‍. അതാവട്ടെ ക്ഷേമത്തിലും ക്ഷാമത്തിലും ധനം ചെലവഴിക്കുകയും കോപത്തെ സ്വയം വിഴുങ്ങുകയും ജനത്തിന്റെ കുറ്റങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്കായി ഒരുക്കപ്പെട്ടിരിക്കുന്നു. ഇവ്വിധമുള്ള സജ്ജനങ്ങളെ അല്ലാഹു അത്യധികം സ്‌നേഹിക്കുന്നുവല്ലോ'' (ആലുഇംറാന്‍ 134).
ജനങ്ങളുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കുകയും അവരോട് വിട്ടുവീഴ്ചയോടെ പെരുമാറുകയും ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗീയ അനുഗ്രഹങ്ങളെ കുറിച്ച് ഒരു പ്രവാചക വചനം ഇതാണ്: നബി(സ) ചോദിച്ചു: ''സ്വര്‍ഗത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന രമ്യഹര്‍മ്യങ്ങളും പദവികളും നേടിത്തരുന്ന സല്‍ഗുണങ്ങളെ പറ്റി ഞാന്‍ പറഞ്ഞുതരട്ടെയോ?'' സ്വഹാബികള്‍ പറഞ്ഞു: ''പ്രവാചകരെ പറഞ്ഞുതന്നാലും.'' അവിടുന്ന് പറഞ്ഞു: ''നിന്നോട് ബന്ധം മുറിച്ചവനോട് നീ ബന്ധം ചേര്‍ക്കുക. നിനക്ക് തടഞ്ഞവന് നീ നല്‍കുക. നിന്നോട് അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് നീ പൊറുത്തുകൊടുക്കുക.''
പൊറുത്തു കൊടുത്തു എന്ന അര്‍ഥത്തില്‍ സാധാരണ ഉപയോഗിക്കുന്ന 'ഗഫറ' എന്ന പദത്തെക്കാള്‍ അര്‍ഥവ്യാപ്തിയുണ്ട് 'അഫാ' എന്ന പദത്തിന്. ഒരു തെറ്റ് ചെയ്തതിന്റെ പേരില്‍ അയാള്‍ക്ക് നല്‍കേണ്ട ശിക്ഷ ഒഴിവാക്കിക്കൊടുക്കുകയും അനന്തര നപടികളില്‍ നിന്ന് വിടുതല്‍ നല്‍കുകയുമാണ് 'ഗഫറ' എന്നത്. എന്നാല്‍ 'അഫ്‌വ്' ശിക്ഷയില്‍നിന്നും അനന്തര നടപടികളില്‍നിന്നും വിടുതല്‍ നല്‍കുന്നതിനുമപ്പുറം അങ്ങനെ ഒന്നും സംഭവിച്ചിട്ടേയില്ല എന്ന നിലയില്‍ പൂര്‍ണമായും വിസ്മരിച്ചുകൊണ്ട് അയാളോട് പെരുമാറുകയാണ്. വിട്ടുവീഴ്ച എന്ന ഗുണം ഏറെ ജ്വലിച്ചു നിന്ന ഒട്ടനവധി സന്ദര്‍ഭങ്ങള്‍ കാരുണ്യവാനായ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മര്‍ദനത്തിന്റെയും പീഡനത്തിന്റെയും നാളുകളില്‍ മാത്രമല്ല, പകരം ചോദിക്കാനും പ്രതികാരം ചെയ്യാനുമുള്ള ശക്തിയും അധികാരവും കൈവന്ന സന്ദര്‍ഭങ്ങളിലും മിത്രങ്ങളോടെന്ന പോലെ ശത്രുക്കളോടും ഏറെ വിട്ടുവീഴ്ച കാണിച്ചിട്ടുണ്ട് അദ്ദേഹം.
നിസ്സാര പ്രശ്‌നങ്ങള്‍ക്ക് പോലും കടുംപിടുത്തവും ദുര്‍വാശിയും പ്രകടിപ്പിക്കുന്നവരുണ്ട്. തന്നെ വേണ്ടതുപോലെ പരിഗണിച്ചില്ല, തന്നോട് ആലോചിച്ചില്ല, തന്നെ ക്ഷണിച്ചില്ല, തന്നോട് ഇങ്ങനെയൊക്കെ പെരുമാറി... അങ്ങനെ പോകുന്നു അവരുടെ പരാതികള്‍. പലപ്പോഴും ഇവയിലധികവും തെറ്റിദ്ധാരണയുടെയോ കേവലം ഊഹത്തിന്റെയോ സൃഷ്ടികളായിരിക്കും. ഇതിന്റെ പേരില്‍ മാസങ്ങളോ വര്‍ഷങ്ങളോ ചിലപ്പോള്‍ മരണം വരെയോ അകന്നുനില്‍ക്കുന്നവരും പിണങ്ങി നില്‍ക്കുന്നവരുമുണ്ട്. അവസരം കിട്ടുമ്പോള്‍ തിരിച്ചും അതുപോലെ പെരുമാറാനുള്ള പ്രതികാര ദാഹവുമായാണ് ഇക്കൂട്ടര്‍ ജീവിക്കുന്നത്. എന്നാല്‍ വിശ്വാസികളോട് അല്ലാഹു പറഞ്ഞത്: ''വിട്ടുവീഴ്ച കൈക്കൊള്ളുക. ധര്‍മം കല്‍പിക്കുക. അവിവേകികളെ അവഗണിക്കുക'' (അല്‍ അഅ്‌റാഫ് 199).
വ്യക്തികളിലും ദാമ്പത്യജീവിതത്തിലും കുടുംബജീവിതത്തിലും തുടങ്ങി അയല്‍പക്കക്കാര്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും പ്രദേശത്തുകാര്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും ഉണ്ടാകുന്ന സംഘര്‍ഷത്തിന്റെയും അസമാധാനത്തിന്റെയും അടിസ്ഥാന കാരണം ഒരാളും പൊറുത്തുകൊടുക്കാനോ വിട്ടുവീഴ്ച ചെയ്യാനോ വിനയം പ്രകടിപ്പിക്കാനോ സന്നദ്ധമാകുന്നില്ല എന്നതാണ്. അതിനാലാണ് വിട്ടുവീഴ്ചാ സ്വഭാവത്തെ സത്യവിശ്വാസികളുടെ അടിസ്ഥാന ഗുണമായി ഇസ്‌ലാം നിശ്ചയിച്ചത്. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. പ്രവാചകന്‍(സ) പറഞ്ഞു: ''ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച അന്തസ്സ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉന്നതനാക്കും'' (മുസ്‌ലിം). വിട്ടുവീഴ്ച ചെയ്യുക എന്നത് ദൗര്‍ബല്യമോ നിന്ദ്യതയോ അല്ല, മറിച്ച് ധീരതയും ഉദാരതയുമാണ്. അല്ലാഹുവിന് ഏറെ പ്രിയങ്കരവും.
''തിന്മയുടെ പ്രതിഫലം അതുപോലുള്ള തിന്മതന്നെ. ഇനി ഒരുവന്‍ മാപ്പു കൊടുക്കുകയും അനുരഞ്ജനമുണ്ടാക്കുകയും ചെയ്യുന്നുവെങ്കില്‍, അവന് പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ ബാധ്യതയാകുന്നു. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല'' (അശ്ശൂറ 40). മറ്റുള്ളവര്‍ക്ക് വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയോ പൊറുത്തുകൊടുക്കുകയോ ചെയ്യാതെ നാം അല്ലാഹുവോട് പൊറുക്കലിനെ തേടിയതുകൊണ്ടോ വിട്ടുവീഴ്ചക്ക് വേണ്ടി പ്രാര്‍ഥിച്ചതുകൊണ്ടോ ഒരു ഫലവും ഉണ്ടാവുകയില്ല. നബി(സ) പറഞ്ഞു: ''ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹുവും കരുണ കാണിക്കില്ല. ജനങ്ങള്‍ക്ക് പൊറുത്തു കൊടുക്കാത്തവന് അല്ലാഹുവും പൊറുത്തു കൊടുക്കില്ല.'' പ്രവാചക പത്‌നി ആഇശ(റ)ക്കെതിരെ അപവാദ പ്രചാരണം നടത്തിയവരുടെ കൂട്ടത്തില്‍ അബൂബക്ര്‍ സിദ്ദീഖ്(റ) സ്ഥിരമായി സഹായം നല്‍കിവന്നിരുന്ന അദ്ദേഹത്തിന്റെ മാതൃ സഹോദരിയുടെ മകന്‍ മിസ്ത്വഹുബിന് ഉസാസയും ഉണ്ടായിരുന്നു. ആഇശ(റ)യുടെ നിരപരാധിത്തം അല്ലാഹു വ്യക്തമാക്കിയ സാഹചര്യത്തില്‍ മിസ്ത്വഹിന്റെ ചെയ്തിയില്‍ ഖിന്നനായ അബൂബക്ര്‍ സിദ്ദീഖ്(റ) അദ്ദേഹത്തിനും കുടുംബത്തിനും നല്‍കിയിരുന്ന സഹായം പിന്‍വലിക്കാന്‍ തീരുമാനിക്കുകയും മേലില്‍ ഒരു സഹായവും നല്‍കില്ലെന്ന് ശപഥം ചെയ്യുകയുമുണ്ടായി. അബൂബക്ര്‍ സിദ്ദീഖിന്റെ ഈ നിലപാടിനെ തിരുത്തിക്കൊണ്ടാണ് സൂറത്തുന്നൂറിലെ 22-ാമത്തെ ആയത്ത് അവതരിച്ചത്.
''നിങ്ങളില്‍ ശ്രേഷ്ഠ ഗുണങ്ങളും സാമ്പത്തിക സൗകര്യവുമുള്ളവര്‍ ബന്ധുക്കളെയും അഗതികളെയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവരെയും സഹായിക്കുകയില്ലെന്ന് ശപഥം ചെയ്തുകൂടാ. അവര്‍ക്ക് മാപ്പു കൊടുക്കുകയും വിട്ടുവീഴ്ച കാണിക്കുകയുമാണ് വേണ്ടത്. അല്ലാഹു നിങ്ങളോട് പൊറുക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുത്തുകൊടുക്കുന്നവനും കരുണാവാരിധിയുമാകുന്നു.'' ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ അബൂബക്ര്‍ സിദ്ദീഖ് തന്റെ നിലപാട് തിരുത്തുകയും തുടര്‍ന്നും സഹായം നല്‍കുക മാത്രമല്ല, മുമ്പത്തെക്കാളും കൂടുതല്‍ നല്‍കുകയും ചെയ്തു.
'അല്ലാഹു നിങ്ങളോട് പൊറുക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ' എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണ്. അല്ലാഹു നമുക്ക് പൊറുത്തുതരണമെന്നുണ്ടെങ്കില്‍ നാം മറ്റുള്ളവര്‍ക്ക് പൊറുത്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്തുകൊടുക്കുകയും ചെയ്‌തേ പറ്റൂ എന്ന് കൃത്യമായി നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട് ഈ ആയത്ത്. അല്ലാഹു എനിക്ക് പൊറുത്തു തരികയും വിട്ടുവീഴ്ച ചെയ്തുതരികയും ചെയ്യണം. പക്ഷേ ഞാന്‍ ഒരാള്‍ക്കും പൊറുത്തുകൊടുക്കാനോ വിട്ടുവീഴ്ച ചെയ്യാനോ സന്നദ്ധമല്ല. ഈ നിലപാട് അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലതന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ