Prabodhanm Weekly

Pages

Search

2014 ജൂലൈ 25

വാട്ട്‌സ്അപ്പും ഫേസ്ബുക്കും മക്കളെ 'അനാഥ'രാക്കുന്നുവോ?

ഡോ. ജാസിമുല്‍ മുത്വവ്വ / കുടുംബം

ഗാര്‍ഹികവും കുടുംബപരവുമായ നിരവധി വിഷയങ്ങളെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. എന്റെ മുന്നില്‍ വന്ന പല കേസുകളും കൈകാര്യം ചെയ്ത രീതി ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ വിഷയം ആ ഗണത്തില്‍പെട്ടതല്ല. കുറേക്കാലമായി മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഒരു ചിന്ത  ഗൗരവമാര്‍ന്ന പരിഗണനക്ക് സമര്‍പ്പിക്കുകയാണ്.
ഏറിയ സമയവും വാട്ട്‌സ്അപ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ചെലവിടുന്നതിനാല്‍ മക്കളെയും കുടുംബത്തെയും നോക്കാനോ ശ്രദ്ധിക്കാനോ വളര്‍ത്താനോ നേരം കിട്ടാത്ത രക്ഷിതാക്കളെ കുറിച്ചാണ് ഇപ്പോള്‍ എന്റെ ആധിയത്രയും. സ്മാര്‍ട്ടു ഫോണിലെ വാട്ട്‌സ്അപ്പിന്നും ഫേസ്ബുക്കിനും മുന്നില്‍ കുനിഞ്ഞ കഴുത്തുമായി കുത്തിയിരിക്കുന്ന ഈ തലമുറയെ 'നമ്രശിരസ്‌കരുടെ തലമുറ' എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. നമ്മുടെ സമയം ചിട്ടപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമെല്ലാം ഇപ്പോള്‍ വാട്ട്‌സ്അപ്പും ഫേസ്ബുക്കുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ മാധുര്യം നുകരാനോ പ്രകൃതിഭംഗി ആസ്വദിക്കാനോ, ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് ചിന്തിക്കാനോ സമയമില്ല. മക്കളോടും കുടുംബത്തോടും സംസാരിച്ചിരിക്കാന്‍ നേരം കിട്ടുന്നില്ല. ഏത് നിമിഷം നോക്കിയാലും ഫോണില്‍ കണ്ണ് നട്ടിരിക്കുന്ന വ്യക്തിക്ക്, നേടിയെടുക്കേണ്ട ഒരു ലക്ഷ്യമുണ്ടെന്ന വിചാരം പോലുമില്ല. ഭാവി ഭദ്രമാക്കാനുള്ള നിരന്തര പരിശ്രമത്തിന്‌പോലും തടസ്സമായിത്തീര്‍ന്നിരിക്കുന്നു ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍. അത്യന്തം ആപല്‍ക്കരമായ പ്രവണതയാണിത്. മക്കളുടെയും കുടുംബത്തിന്റെയും അടിത്തറ മാന്തുന്നതാണ് വാട്ട്‌സ്അപ്പിനോടും ഫേസ്ബുക്കിനോടുമുള്ള ഭ്രാന്തമായ ഈ ഭ്രമവും അന്ധമായ ആവേശവും വിധേയത്വവുമെന്ന് പറയാതെ വയ്യ.
തന്റെ കണ്‍മുന്നില്‍ നടക്കുന്ന സംഭവത്തില്‍ ഇടപെട്ട് സാധ്യമായത് ചെയ്യുന്നതിന് പകരം, അത് പകര്‍ത്തി വാര്‍ത്തയാക്കി പ്രചരിപ്പിക്കുന്നതിലാണിപ്പോള്‍ ഓരോരുത്തരുടെയും ശ്രദ്ധ. വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു അപകടം സംഭവിക്കുന്നത് കണ്ടെന്നിരിക്കട്ടെ. അപകടം പിണഞ്ഞവര്‍ക്ക് അടിയന്തര ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഉത്സാഹിക്കുന്നതിനേക്കാള്‍ ശ്രദ്ധ അത് പകര്‍ത്തി ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിലായിരിക്കും. എന്തിനേറെ പറയുന്നു, ഐ.സി.യു.വില്‍ കിടക്കുന്ന മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും അരികത്തിരുന്ന് പ്രാര്‍ഥിക്കുകയും സമാശ്വാസം പകരുകയും ചെയ്യേണ്ട വ്യക്തി തിരക്കിട്ട് ചെയ്യുന്ന പണി, ദൃശ്യം തന്റെ ക്യാമറയില്‍ പകര്‍ത്തി പുറംലോകത്തെത്തിക്കുകയാണ്! വീട്ടില്‍ മക്കള്‍ നോക്കാനാരുമില്ലാതെ തോന്നിയ പോലെ കളിക്കുകയും മദിക്കുകയും തിമിര്‍ക്കുകയും ചെയ്ത് പുരപൊളിച്ചു പന്തലിടുകയാവും. അന്നേരം ഉമ്മ കിടപ്പുമുറിയില്‍ കയറി വാതിലടച്ചിട്ട് വീഡിയോക്ലിപ്പുകളും സന്ദേശങ്ങളും വാട്ട്‌സ്അപ്പില്‍ സുഹൃത്തുക്കള്‍ക്ക് അയക്കുകയാവും. പിതാവ് മറ്റൊരു മുറിയില്‍ കയറി നര്‍മങ്ങളും ഫലിത ബിന്ദുക്കളും സന്ദേശങ്ങളും ഫോട്ടോകളും തന്റെ സ്‌നേഹിതന്മാര്‍ക്ക് വാട്ട്‌സ്അപ്പിലൂടെ കൈമാറുകയാവും. മാതാപിതാക്കള്‍ സ്മാര്‍ട്ട് ഫോണില്‍ തിരക്കിലാണ്. കുട്ടികള്‍ 'അനാഥ'രായി കളി തിരക്കിലും.
ചില രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെക്കുറിച്ചാണ് പരാതി. മക്കള്‍ ഏത് നേരവും വാട്ട്‌സ്അപ്പിലും ഫേസ്ബുക്കിലും കയറി ഫോട്ടോകളും സന്ദേശങ്ങളും അയച്ച് സമയം കളയുകയാണ്. പഠിക്കാന്‍ അവര്‍ക്ക് മനസ്സില്ല. ഇനി മനസ്സുണ്ടായാല്‍ നേരവുമില്ല. ടെക്‌നോളജി അനാഥരാക്കിയ മക്കളായിപ്പോയി നമ്മുടേതെന്ന് അവര്‍ പരിതപിക്കുന്നു. 'സ്മാര്‍ട്ടു ഫോണ്‍ ബന്ധ'മായിരിക്കുന്നു ഈ കാലഘത്തിന്റെ മുഖമുദ്ര. ഒരു ദിവസം ഓഫീസില്‍ കയറി വന്ന സ്ത്രീ പറയുകയാണ്: ''ജീവിതത്തില്‍ എന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം ഞാന്‍ ഒരു സ്മാര്‍ട്ട് ഫോണായെങ്കില്‍ എന്നാണ്. എന്നാല്‍ ദിവസം മുഴുവന്‍ എന്റെ ഭര്‍ത്താവും മക്കളും എന്നെയും കൈയിലേന്തി നടക്കുമല്ലോ!'' തന്റെ മനസ്സിലെ മുഴുവന്‍ ദുഃഖവും വിഷാദവും പ്രതിഫലിപ്പിക്കുന്നുണ്ട് ആ വാക്കുകള്‍. തന്റെ ഭാര്യ ഏത് നേരവും വാട്ട്‌സ്അപ്പിലൂടെ സ്‌നേഹിതകള്‍ക്ക് വീഡിയോ ക്ലിപ്പുകളും സന്ദേശങ്ങളും അയച്ചു വീട്ടുകാര്യങ്ങള്‍ തീരെ ശ്രദ്ധിക്കാതിരിക്കുന്നതിനെക്കുറിച്ചായിരുന്നു ഒരു ഭര്‍ത്താവിന്റെ പരാതി. വീടു പരിപാലിച്ചും മക്കളെ പഠിപ്പിച്ചും അവര്‍ക്ക് മതിയായ ശിക്ഷണ-ശീലങ്ങള്‍ നല്‍കി വളര്‍ത്തിയും സമയം ചെലവഴിക്കേണ്ട രക്ഷിതാക്കളുടെ കഥയാണിത്.
വേഗത കൂടിയ ഈ ടെക്‌നോളജി ഭ്രമത്തിന്നും സ്മാര്‍ട്ട് ഫോണ്‍ ഭാന്തിന്നും അടിപ്പെട്ട രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളുടെ ശിക്ഷണ-ശീല കാര്യങ്ങളിലും ഇതേ വേഗതയാര്‍ന്ന നിലപാട് തന്നെയാണ്. മൈക്രോവേവ് ഓവനില്‍ ആഹാരം ചൂടാക്കുന്ന വേഗതയില്‍ മക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിച്ചു കിട്ടണമെന്നാണ് അവരുടെ മോഹം. മക്കളുടെ ശീലങ്ങളും പെരുമാറ്റ രീതികളും നന്നാക്കിയെടുക്കാന്‍ ജാഗ്രത്തായ പരിപാടികളും തുടര്‍ നടപടികളും ചികിത്സയും വേണമെന്ന യാഥാര്‍ഥ്യം അവര്‍ വിസ്മരിക്കുന്നു.
മക്കളുടെ മേല്‍ മാതാപിതാക്കള്‍ക്കുള്ള അധികാരം വിനഷ്ടമായിരിക്കുന്നു. അവരുടെ ആഹാരം, ഭക്ഷണരീതി, വസ്ത്രധാരണം, സ്വഭാവം, സിദ്ധിവിശേഷങ്ങള്‍, നൈപുണി തുടങ്ങി ഒന്നിലും അഭിപ്രായം പറയാന്‍ അവര്‍ക്ക് അധികാരമില്ല. മക്കളുടെ താല്‍പര്യങ്ങളെയും അഭിനിവേശങ്ങളെയുമെല്ലാം രൂപപ്പെടുത്തുന്നതും ഫേസ്ബുക്കും വാട്ട്‌സ്അപ്പും മുഖേന അവര്‍ക്കുണ്ടായിത്തീര്‍ന്ന പുതിയ സുഹൃത്തുക്കളും രക്ഷിതാക്കളുമാണ്. ഒരു ദിവസം വാട്ട്‌സ്അപ്പിലൂടെ കൈമാറി മറിയുന്നത് നാല് ബില്യന്‍ സന്ദേശങ്ങളാണെന്നാണ് കണക്ക്. അതില്‍ ഏറിയ പങ്കും ഓരോ വ്യക്തിയുടെയും കുടംബത്തിന്റെയും രഹസ്യങ്ങളും അശ്ലീലചിത്രങ്ങളും ബന്ധങ്ങള്‍ തകര്‍ക്കുന്ന സന്ദേശങ്ങളുമാണെന്നതാണ് സത്യം. പ്രയോജന പ്രദമായ വിവരങ്ങളും സന്ദേശങ്ങളും കൈമാറുന്നത് താരതമ്യേന കുറവാണ്. ഫലിതോക്തികളിലും നേരമ്പോക്കുകളിലുമാണ് അധികമാളുകളുടെയും താല്‍പര്യം. ഗൗരവതരമായ കാര്യങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന വസ്തുതക്ക് നേരെ ഞാന്‍ കണ്ണടക്കുന്നില്ല.
രണ്ട് ദിവസം മുമ്പ് ഞാന്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ ആയിരക്കണക്കായ ആള്‍ക്കാരുമായി സംവദിച്ചു. ഞാന്‍ എടുത്തിട്ട വിഷയം ''എന്റെ മാതാപിതാക്കള്‍ ഓണ്‍ലൈനില്‍'' എന്നതായിരുന്നു. ഞാനുമായി ബന്ധപ്പെട്ടവര്‍ അധികവും യുവതീയുവാക്കളാണ്. മാതാപിതാക്കള്‍ തങ്ങളുടെ സ്‌നേഹിതന്മാരും സുഹൃത്തുക്കളുമായി 'ഓണ്‍ലൈനാവു'കയും തങ്ങളുടെ മക്കളെക്കാള്‍ അവരുമായി ബന്ധം പുലര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുകയുമാണ്. പിന്നെ തമാശയായി ഞാന്‍ കുറിച്ചു: ''എന്നാല്‍ തങ്ങളുടെ മക്കളോട് അവര്‍ 'ഓഫ് ലൈനാ'ണ്.'' മണിക്കൂറുകള്‍ക്കകം അതിന്ന് നാലായിരത്തിലേറെ ലൈക്കുകള്‍ ലഭിച്ചു. നൂറിലേറെ കമന്റുകളും. ചില കമന്റുകള്‍ എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ''മാതാപിതാക്കള്‍ ഞങ്ങളോടെപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് സ്മാര്‍ട്ട് ഫോണ്‍ കൈയൊഴിക്കാനാണ്. ഇപ്പോള്‍ അവര്‍ ഞങ്ങളേക്കാള്‍ അതിന്ന് അടിമകളായി. എന്നാലും ഞങ്ങളാണ് ഭേദം.'' മറ്റൊരുവള്‍: ''ഞങ്ങളുടെ ഉമ്മക്ക് ഇപ്പോള്‍ ഞങ്ങളെ ശ്രദ്ധിക്കാനോ ടെലിവിഷന്‍ വീക്ഷിക്കാനോ സമയമില്ല. ഏത് സമയവും വാട്ട്‌സ്അപ്പിലാണ്.'' മൂന്നാമത്തെയാള്‍: ''എന്റെ പിതാവിന്ന് കുറെ പെണ്‍സുഹൃത്തുക്കളുണ്ട്. അവരുമായെല്ലാം വഴിവിട്ട ബന്ധങ്ങളുമുണ്ട്. ഏത് നേരവും വാട്ട്‌സ്അപ്പിലാണ്!'' നാലാമത്തവള്‍: ''എന്റെ ഉമ്മക്ക് വാട്ട്‌സ്അപ്പ് ഭ്രമം. ഉപ്പാക്ക് യാത്രാഭ്രമവും.'' അഞ്ചാമത്തവള്‍: ''പിതാവില്‍നിന്ന് എനിക്ക് വല്ല ആവശ്യവും നിറവേറ്റേണ്ടതുണ്ടെങ്കില്‍ ഞാന്‍ അത് വാട്ട്‌സ് അപ്പിലൂടെയാണ് അറിയിക്കുക. മണിക്കൂര്‍ കഴിഞ്ഞാവും അതിന്ന് മറുപടി. എന്നാല്‍ അദ്ദേഹത്തിന്റെ സ്‌നേഹിതന്മാരുടെതാണെങ്കില്‍ പ്രതികരണം നിമിഷങ്ങള്‍ക്കകം ഉണ്ടാവും.'' ഒരു ഉമ്മ എഴുതി: ''ഞാന്‍ എന്റെ ഫോണ്‍ കൈയില്‍ പിടിക്കുമ്പോഴേക്കും എന്റെ കുഞ്ഞ് അതിന്റെ സ്‌ക്രീന്‍ പൊത്തിപ്പിടിക്കും, 'ഉമ്മാ ഞാനല്ലേ പ്രധാനം' എന്ന് ആ കുഞ്ഞു കണ്ണുകള്‍ പറയുന്നതായി എനിക്ക് തോന്നും.'' കുടുംബങ്ങളില്‍ വാട്ട്‌സ്അപ്പും ഫേസ്ബുക്കും വരുത്തിവെച്ച വിനകളുടെ ഉദാഹരണങ്ങളാണിവ. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് അഡിക്റ്റുകളായിത്തീരുന്ന മാതാപിതാക്കള്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കുകയാണെന്ന സത്യം അറിയാതെ പോകുന്നു. മാതാപിതാക്കള്‍ ഒരു മൂലയിലും മക്കള്‍ വേറൊരു മൂലയിലും വാട്ട്‌സ്അപ്പില്‍ സമയം ചെലവിട്ട്, പരസ്പരം ആശയവിനിമയം നടത്തിയും വര്‍ത്തമാനം പറഞ്ഞും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ട അമൂല്യ സന്ദര്‍ങ്ങളാണ് നഷ്ടപ്പെടുത്തുന്നത്. ബന്ധങ്ങളിലെ അകല്‍ച്ചയും തകര്‍ച്ചയുമാണ് ഒടുവിലെ ഫലം. ഒരു മേല്‍ക്കൂരക്ക് താഴെ അന്യരായി കഴിയാന്‍ വിധിക്കപ്പെടുന്ന ദുരവസ്ഥ!
ഇത്‌പോലെ മറ്റൊരു കാര്യവും എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കുടുംബാംഗങ്ങളും അതിഥികളും സ്വീകരണമുറിയിലോ വേറെ ഏതെങ്കിലും ഇടങ്ങളിലോ ഒരുമിച്ചിരുന്ന് വര്‍ത്തമാനം പറയുകയോ ആശയവിനിമയം നടത്തുകയോ സമകാലിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യുമ്പോള്‍ കാണാം, ചിലര്‍ ഒരിടത്തേക്ക് മാറിയിരുന്ന് അതിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ 'പുറം ലോക'ത്തുള്ളവരുമായി ബന്ധപ്പെടുകയും ചാറ്റ് ചെയ്ത് കൊണ്ടിരിക്കുകയും ചെയ്യുന്നു! സാമാന്യ മര്യാദകള്‍ക്ക് നിരക്കാത്തതാണ് ഈ നടപടി എന്ന് അവരോര്‍ക്കുന്നില്ല. ''അരികത്തിരിക്കുന്ന നിങ്ങളെയൊന്നും എനിക്ക് കാര്യമില്ല, ആയിരക്കണക്കായ നാഴികകള്‍ക്ക് അകലെയിരുന്ന് എന്റെ ഫോണില്‍ ബന്ധപ്പെടുന്നവരാണ് എനിക്ക് വേണ്ടപ്പെട്ടവര്‍'' എന്ന് പറയാതെ പറയുകയാണല്ലോ ഈ പ്രവൃത്തിയിലൂടെ. ഇത് നല്‍കുന്ന സന്ദേശം ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉതകില്ല.
നാം സ്മാര്‍ട്ടുഫോണുകള്‍ക്കോ സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്നോ സാങ്കേതിക വിദ്യകള്‍ ഒരുക്കുന്ന സംവിധാനങ്ങള്‍ക്കോ എതിരാണെന്ന് ആരും ധരിക്കരുത്. അവയെല്ലാം നാം പ്രയോജനപ്പെടുത്തണം. പക്ഷേ അവക്ക് അടിമകളായി മക്കളെയും കുടുംബത്തെയും മറക്കുന്ന തലങ്ങളിലെത്തിയാല്‍ ബോധപൂര്‍വമായ ഒരു തിരിഞ്ഞു നടത്തത്തിന്നുള്ള വിവേകം നമുക്ക് നഷ്ടപ്പെട്ടുകൂടാ. ഭര്‍ത്താവിന്റെ വാട്ട്‌സ്അപ്പ് ഭ്രമത്തില്‍ മനംനൊന്ത് 'തനിക്കിവിടെ ഇനിയെന്ത് കാര്യം' എന്ന് ധരിച്ച് കുഞ്ഞുങ്ങളേയും എടുത്തു സ്വന്തം വീട്ടിലേക്ക് കണ്ണീരോടെ പടിയിറങ്ങി പോയ ഭാര്യയെ എനിക്കറിയാം. അയാള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം കുഞ്ഞുങ്ങളെയാണ്; കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെട്ടതാവട്ടെ സ്വന്തം മാതാപിതാക്കളെയും. അതാണ് വാട്ട്‌സ്അപ്പും ഫേസ്ബുക്കും കുടുംബത്തില്‍ വരുത്തിവെച്ച വിന. എല്ലാറ്റിനും ഒരു അതിര് വേണം എന്ന് ചുരുക്കം.

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ