Prabodhanm Weekly

Pages

Search

2014 ജൂലൈ 25

ഇവന്‍ പ്രിയമുള്ള കള്ളന്‍ (വല്യുമ്മ പറഞ്ഞ കള്ളന്റെ കഥ)

ടി.കെ അബ്ദുല്ല / വ്യക്തിത്വങ്ങള്‍-4

പറയാനുള്ളത് ഒരു നാടന്‍ കള്ളന്റെ കഥ. അതിനു ആമുഖമായി അല്‍പ്പം തസ്‌കര പുരാണങ്ങള്‍.
കള്ളന്മാര്‍ പലവിധമാണ്. വെറും കള്ളന്‍. അല്ലറ ചില്ലറ കള്ളന്‍. നാട്ടുകള്ളന്‍. നാടോടിക്കള്ളന്‍-ഇവരൊക്കെ കള്ളജനുസ്സിലെ പരല്‍മീനുകള്‍. വെറും കള്ളനെ തിരുടനെന്നോ തസ്‌കരനെന്നോ വിളിച്ചാല്‍ ഏതു കള്ളനും കലി വരും.
അറമുറിക്കള്ളന്‍, ചുമരു തുരപ്പന്‍, പൂട്ട് പൊളിയന്‍, മാല തട്ടിപ്പറിയന്‍, അണ്ണാച്ചിതിരുടന്‍ മുതല്‍ കക്ഷികള്‍ ബി. കാറ്റഗറി അവകാശപ്പെട്ടവരാണ്. ജ്വല്ലറിക്കള്ളന്‍-ബാങ്ക് കള്ളന്‍-വിഗ്രഹ മോഷ്ടാവ്-ആളെക്കൊല്ലി ഇനത്തില്‍ പെട്ടവര്‍ എ. പ്ലസ് അര്‍ഹിക്കുന്നു. ഈയിടെയായി ഉത്തരേന്ത്യക്കാരായ, മാല തട്ടിപ്പറിച്ചോടുന്ന ദേശാടനക്കള്ളന്മാരും വന്നെത്തിയത്രെ. ഭാഗ്യം ജീവനും മാനവും കൊണ്ടുപോയില്ലല്ലോ!
കേരള പ്രശസ്തി പരദേശങ്ങളിലെത്തിച്ച പൂര്‍വകാല തസ്‌കര വീരന്മാരെ ഇവിടെ ഓര്‍ക്കാതിരിക്കുന്നത് നന്ദികേടാവും. കായംകുളം കൊച്ചുണ്ണി, മലമൂട്ടില്‍ അടിമ, ചീപ്പവറാന്‍, ഇത്തിക്കരപക്കി മുതല്‍ കേരള തസ്‌കര ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയവരാണവര്‍. സിനിമാ-സീരിയലുകളിലും ഇവരുടെ സാന്നിധ്യമുണ്ട്.
ആഗോള പ്രശസ്തരായ തസ്‌കര സാമ്രാട്ടുകള്‍ക്ക് ജന്മം നല്‍കിയ ദേശമാണ് നമ്മുടെ ഭാരത മഹാരാജ്യം. ചമ്പല്‍ കാടുകളെ കിടിലം കൊള്ളിച്ച രാജാ മാന്‍സിംഗും സംഘവും ഉത്തരേന്ത്യക്ക് അവകാശപ്പെട്ടതാണ്. മാന്‍സിംഗ് എന്ന് കേട്ടാല്‍ വടക്ക് ദിക്കുകള്‍ ഇന്നും ഞെട്ടിവിറക്കും. ചന്ദനക്കാട്ടുകള്ളന്‍ വീരധീര വീരപ്പന്‍ ദക്ഷിണേന്ത്യക്ക് സ്വന്തം! വീരപ്പന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാല്‍ എന്താവും സ്ഥിതിയെന്ന് പേടിച്ചുപോയ നാളുകള്‍ ഉണ്ടായിരുന്നു. അത്രക്കായിരുന്നു, ഇവിടെ വീരാരാധന!
ഇതുവരെ നാം പരിചയിച്ചത് വ്യക്തിപ്രധാനരായ കള്ളന്മാരെയും കൊള്ളത്തലവരെയും. എന്നാല്‍ സംഗതി അത്രയുമല്ല. കള്ളന്മാരുടെ നാടും അങ്ങാടിയും തന്നെ രാജ്യത്തുണ്ടെന്ന് കേട്ടാലും നമ്മള്‍ വിശ്വസിക്കേണ്ടിവരും.
തമിഴ്‌നാട്ടില്‍ മധുരൈ ജില്ലയില്‍ ഒരു 'തിരുടര്‍ നാട്' തന്നെ ഉണ്ടത്രെ! സിനിമയിലും വന്നു കാണും. അവിടെ തൊഴിലാളിയും മുതലാളിയും കച്ചവടക്കാരനും കൃഷിക്കാരനും എല്ലാം നല്ലവരായ കള്ളന്മാര്‍. കളവെല്ലാം മറുനാട്ടില്‍. സ്വന്തം നാട്ടില്‍ മര്യാദരാമന്മാര്‍. 'കള്ളന്മാര്‍ക്കൊരു പ്രശ്‌നം വന്നാല്‍ എല്ലാമെല്ലാം ഒന്നാണ്' എന്നായിരിക്കണം അവരുടെ വര്‍ഗ മുദ്രാവാക്യം. അല്‍പ്പം നര്‍മോക്തിയില്‍ പറഞ്ഞാല്‍, ഏതാണ്ടിങ്ങനെയാവണം, 'മാവേലി' ശൈലിയില്‍, അവരുടെ സംഘഗാനം:
'തിരുടര്‍കള്‍ നാടുവാണീടും കാലം
തസ്‌കരര്‍ എല്ലാരുമൊന്നുപോലെ
കള്ളവുമില്ല, ചതിയുമില്ല
ഉള്ളിലെ കള്ളന്‍ വെളിവിലില്ലാ'

(ഇപ്പറഞ്ഞതെല്ലാം നേരിട്ടറിവുകളല്ല. അതിശയോക്തികള്‍ വന്നിരിക്കാം. എങ്കില്‍ തിരുടര്‍കള്‍ പൊറുത്തു തരട്ടെ!)
മുംബൈ മഹാനഗരത്തില്‍ കള്ളന്മാര്‍ക്ക് സ്വന്തം ഒരു ചന്ത തന്നെ ഉണ്ട്. നഗരത്തില്‍ എവിടെ കളവ് നടന്നാലും തൊണ്ടിമുതലുകള്‍ അവിടെ എത്തിക്കൊള്ളും. അതാണ് കുപ്രസിദ്ധമായ 'ചോര്‍ബസാര്‍!' സാധനങ്ങള്‍ മോഷണം പോയവര്‍ അവിടെ ചെന്ന് നഷ്ടപ്പെട്ട വസ്തുവിന്റെ ലക്ഷണങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ 'മര്യാദ' വിലക്ക് മടക്കിവാങ്ങി പാട്ടുംപാടി തിരിച്ചു പോരാം. കളവില്‍ ചതിയോ തട്ടിപ്പില്‍ വെട്ടിപ്പോ ഇല്ല. അതാണ് ചോര്‍ബസാറിന്റെ വര്‍ഗബോധവും സംഘശക്തിയും. മാസാമാസം 'കിമ്പളം' പറ്റുന്നതുകൊണ്ട് പോലീസേമാന്മാരെ പേടിക്കേണ്ടതുമില്ല.
എനിക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ഒരനുഭവം ഓര്‍ക്കുന്നു. ഞങ്ങള്‍ കേരളത്തിലെ ഒരു പ്രസ്ഥാന സംഘം മുംബൈയില്‍ ടൂര്‍ പോയിരുന്നു. മഹാനഗരത്തില്‍ ചെന്നിറങ്ങിയതേയുള്ളൂ. വെള്ളിയാഴ്ച ദിവസം. ഉച്ചയടുത്ത സമയം. ഉടനെ ജുമുഅ നമസ്‌കാരത്തിനെത്തണം. വേഗം ജമാഅത്തെ ഇസ്‌ലാമി മലയാളി ഓഫീസില്‍ ചെന്ന് പെട്ടിയും കെട്ടുകളുമെല്ലാം അകത്തിട്ട് പൂട്ടി എല്ലാവരും പള്ളിയിലേക്ക് പുറപ്പെട്ടു. ആരൊക്കെയോ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടാകുമെന്ന് ഞങ്ങള്‍ ചിന്തിച്ചതേയില്ല. മടങ്ങിവന്നപ്പോള്‍ കണ്ട ചിത്രം ബഹുവിചിത്രം! ഓഫീസകം പട കഴിഞ്ഞ പടക്കളം പോലെ! സാധനങ്ങളെല്ലാം തലങ്ങുംവിലങ്ങും വാരിവലിച്ചിട്ടിരിക്കുന്നു. ദോഷം പറയരുതല്ലോ. കള്ളന്മാര്‍ക്കാവശ്യമുള്ളതേ അവരെടുത്തുള്ളൂ. പുതുമയുള്ളതും വിറ്റാല്‍ വില കിട്ടുന്നതും മാത്രം. ജനാബ് അബ്ദുല്‍ അഹദ് തങ്ങളായിരുന്നു ഞങ്ങളുടെ ധനകാര്യ സെക്രട്ടറി. അദ്ദേഹം എവിടെയോ സൂക്ഷിച്ചുവെച്ച പണം കള്ളന്മാരുടെ കണ്ണില്‍ പെട്ടില്ല. മറ്റുള്ളതെല്ലാം സഹിക്കാവുന്നതേയുള്ളൂ. എങ്കിലും അവശ്യവസ്തുക്കള്‍ നഷ്ടപ്പെട്ടവര്‍ അടുത്ത ദിവസങ്ങളില്‍ ചോര്‍ബസാറില്‍ ചെന്ന് ചട്ടപ്പടി തുക നല്‍കി സാധനങ്ങള്‍ തിരിച്ചുവാങ്ങിയെന്നാണോര്‍മ.
ഇനിയുള്ളത് അന്താരാഷ്ട്ര അധോലോക ഭീമന്മാരും മയക്കുമരുന്ന്-മഞ്ഞലോഹ-മനുഷ്യക്കടത്ത് മാഫിയകളുമാണ്. ഈ പിടിച്ചാല്‍ പിടികിട്ടാത്ത കൊമ്പന്‍ സ്രാവുകള്‍ക്ക് പിന്നിലേ വരുന്നുള്ളൂ, നൈജീരിയയിലെ കപ്പല്‍ റാഞ്ചികള്‍ പോലും! അതുപോലെ 2 ജി സ്‌പെക്ട്രം, ആദര്‍ശ് ഫ്‌ളാറ്റ്, കോമണ്‍വെത്ത് ഗെയിംസ്, കല്‍ക്കരിപ്പാടം കുംഭകോണങ്ങളും നമ്മുടെ പരിധിക്ക് പുറത്താണ്. കാരണം വിഐപികളുടെയും വിവിഐപികളുടെയും ലീലാവിലാസങ്ങളെ കളവ് എന്ന് വിളിക്കുന്നത് തന്നെ ബന്ധപ്പെട്ടവര്‍ക്ക് നാണക്കേടാകുന്നു. രാഷ്ട്രീയ അഴിമതിയെന്നോ ഭരണകുംഭകോണമെന്നോ വിശേഷിപ്പിച്ചാലേ ഒരുവിധം അവര്‍ക്ക് തൃപ്തി വരൂ. അതുകൊണ്ട് നമുക്ക് വല്ല്യുമ്മ പറഞ്ഞ നാടന്‍ കള്ളനിലേക്ക് വരാം.

ഇവന്‍ പ്രിയമുള്ള കള്ളന്‍

വല്യുമ്മ ഉമ്മയോട് പറഞ്ഞ അനുഭവ കഥയാണ്. ഞങ്ങളുടെ കുറുമ്പ്രനാട് താലൂക്ക് ആയഞ്ചേരി പ്രദേശങ്ങളില്‍ നൂറ്റാണ്ട് മുമ്പ് ഹബീബ് എന്ന ഒരു കള്ളനുണ്ടായിരുന്നു. ഹബീബ് എന്നാല്‍ പ്രിയമുള്ളവന്‍. പേരുകൊള്ളാമെങ്കിലും കള്ളന്‍ കള്ളന്‍ തന്നെയാണല്ലോ. എന്നാലും അല്‍പം മനുഷ്യപ്പറ്റുള്ള കള്ളനാണ്.
ഒരു മഴച്ചാറലുള്ള രാത്രി. പാതിരയോടടുത്ത നേരം. അയല്‍ക്കാരെല്ലാം ഉറങ്ങി. ഒച്ചയും വെളിച്ചവും ഇല്ല. വല്ല്യുമ്മയും വേലക്കാരി ബിയ്യാത്തുമ്മയും അടുക്കളയില്‍ അപ്പം ചുടുന്നു. നല്ല മണവും ഗുണവുമുള്ള നെയ്യപ്പം. കാലത്ത് എവിടെയോ വിരുന്ന് പോകാനാണ്, നേരം വൈകി, ചൂടുള്ള അപ്പം ചുടുന്നത്. ആളനക്കമില്ലാത്ത പിന്നാമ്പുറത്തെ മുറ്റത്ത് പെട്ടെന്ന് ഒരു തുമ്മല്‍ ശബ്ദം! തുമ്മലും ചുമയും വഴിയില്‍ തങ്ങുകയില്ലല്ലോ. വല്യുമ്മക്ക് പെട്ടെന്ന് കാര്യം പിടികിട്ടി. 'അത് വേണ്ട ഹബീബേ' വല്യുമ്മ പറഞ്ഞു. 'ഇന്ന് പടച്ചോന്‍ ഞങ്ങളെ കൂടെയാ. നീ വേഗം പോവ്വാ നിനക്ക് നല്ലത്.' മറുഭാഗത്ത് മിണ്ടാട്ടമില്ല. കാര്യം പന്തിയല്ലെന്ന് കണ്ട് ഹബീബ് പോയെന്ന് വല്യുമ്മയും കരുതി. അപ്പം ചുടല്‍ തുടര്‍ന്നു. എന്നാല്‍ ആള് പോയിരുന്നില്ല. കാത്ത് കാത്ത് കള്ളനു മടുത്തു. പെട്ടെന്ന് മുറ്റത്ത് നിന്ന് ഒരു വിളി. 'കുഞ്ഞാമിനോമ്മാ! ഞാന്‍ പോട്ടെ. നിങ്ങള് ഈ അപ്പം ചുടല്‍ മതിയാക്കുന്ന മട്ടില്ല. എനിക്ക് മടുത്തു. നിങ്ങള് രണ്ട് അപ്പം ഇങ്ങ് തരീന്‍.' 'അങ്ങനെ പറ മോനേ ഹബീബേ.' വല്യുമ്മയുടെ മറുപടി. 'ഇത് നീ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പോയി കെടന്നൊറങ്ങിക്കൂടായിരുന്നോ?' ഇത്രയും പറഞ്ഞ് വല്യുമ്മ നാലഞ്ച് ചൂടുള്ള നെയ്യപ്പം ജാലകപ്പഴുതിലൂടെ ഹബീബിന്റെ കൈയില്‍ വെച്ചുകൊടുത്തു.
അതെ, നെയ്യപ്പത്തിലും ഒന്നല്ല കാര്യം. വല്യുമ്മ അപ്പം വെച്ചുകൊടുത്തത് കള്ളന്റെ കൈയിലല്ല. ഹബീബിലെ മനുഷ്യന്റെ കൈയിലാണ്. ഏത് മനുഷ്യനിലും ഒരു 'മനുഷ്യന്‍' ഉണ്ട്. ഈ അകത്തെ മനുഷ്യനെയാണ് സംബോധന ചെയ്യുന്നതെങ്കില്‍ പ്രതിഫലനം ഉണ്ടാകും.
ലോകസമാധാനത്തിനു വൈക്കം മുഹമ്മദ് ബഷീര്‍ കണ്ടെത്തിയ മരുന്ന് നേതാക്കള്‍ക്ക് വരട്ടുചൊറി പിടിക്കലാണെന്ന് കേട്ടിട്ടുണ്ട്. നെയ്യപ്പച്ചികിത്സയും പരീക്ഷിച്ചു നോക്കാമെന്നു തോന്നുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ