Prabodhanm Weekly

Pages

Search

2014 ജൂലൈ 25

ഗസ്സ ദുരന്തമല്ല, ചെറുത്തുനില്‍പിന്റെ പോരാട്ട ഭൂമിയാണ്

പി.കെ നിയാസ് / അന്താരാഷ്ട്രീയം

ഓര്‍ക്കുന്നില്ലേ മുഹമ്മദ് ദുര്‍റയെന്ന പന്ത്രണ്ടുകാരനെ, ഗസ്സ ചിന്തിലെ നെറ്റ്‌സരിം ജംഗ്ഷനില്‍ ഇസ്രയേല്‍ സൈനിക ഭീകരരുടെ വെടിയുണ്ടയില്‍നിന്ന് രക്ഷനേടാന്‍ ഉപ്പയുടെ പിറകില്‍ ഒളിച്ചിരുന്നിട്ടും രക്ഷപ്പെടാതെ രക്തസാക്ഷിയായ ബാലനെ? 2000 സെപ്റ്റംബര്‍ 30-നായിരുന്നു അത്. ഇസ്രയേലി അധിനിവേശത്തിനെതിരെ ഫലസ്ത്വീനികള്‍ നടത്തിവരുന്ന ഉയിര്‍ത്തെഴുന്നേല്‍പ് സമരത്തിന്റെ (ഇന്‍തിഫാദ) പ്രതീകമാണ് മുഹമ്മദ് ദുര്‍റ. മകനെ വെടിവെക്കരുതെന്ന ജമാല്‍ ദുര്‍റയുടെ അപേക്ഷക്ക് പുല്ലുവില കല്‍പിക്കാതെ ആ ബാലന്റെ മാറിലേക്ക് നിറയൊഴിക്കുന്ന രംഗങ്ങള്‍  ഫ്രാന്‍സ് 2 ചാനലാണ് ലോകത്തെ അറിയിച്ചത്. ഒരു ഫലസ്ത്വീനിയുടെ ജീവന് ഇസ്രയേല്‍ സൈനികരും തീവ്രവാദികളും കല്‍പിക്കുന്ന വില അത്രയേയുള്ളൂവെന്ന് അതിനുശേഷം എത്രയോ തവണ ലോകം കണ്ടു. മുഹമ്മദ് ദുര്‍റക്ക് അനേകം പിന്‍ഗാമികളുണ്ടായി. 2012 നവംബറില്‍ അല്‍ ദാലു കുടുംബത്തെ ഉന്മൂലനം ചെയ്ത ഇസ്രയേല്‍ നിഷ്ഠുരതയില്‍ എരിഞ്ഞടങ്ങിയ അഞ്ചു പിഞ്ചു കുട്ടികള്‍ മുതല്‍ മുഹമ്മദ് അബൂ ഖുദൈര്‍ വരെ എത്തിനില്‍ക്കുന്ന ആ പരമ്പര അവസാനിക്കുന്നില്ല.
ജൂതരല്ലാത്ത ആയിരം പേരുടെ ജീവന് ഒരു ജൂതന്റെ നഖത്തിന്റെ പോലും വിലയില്ലെന്ന് പരസ്യമായി മതവിധി പുറപ്പെടുവിച്ചത് ഹിബ്രോണിലെയും കിര്‍യാത് അര്‍ബയിലെയും മുഖ്യ പുരോഹിതന്‍ ഡോവ് ലയറാണ്. ഒരു മാധ്യമത്തിനും ഇതൊരു ഭീകരത പ്രസരിപ്പിക്കുന്ന പ്രസ്താവനയായി തോന്നിയില്ല. ഒബാമമാര്‍ക്കൊന്നും ഇതൊരു പ്രശ്‌നവുമായില്ല. ഫലസ്ത്വീനി നേതാക്കളെ തുടച്ചുനീക്കുമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അട്ടഹസിക്കുന്ന ലോക ഭീകരന്‍ ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ്ഹൗസിലും നമ്പര്‍ ടെന്‍ ഡൗണിംഗ് സ്ട്രീറ്റിലും ആദരിക്കപ്പെടുന്നു. ലോകത്തെ വെല്ലുവിളിച്ച് ഗസ്സയെയും അവിടത്തെ ജനങ്ങളെയും അവസാനിപ്പിക്കുമെന്ന് വീമ്പിളക്കുന്ന അയാള്‍ക്കു മുന്നില്‍ നട്ടെല്ലു നിവര്‍ത്താന്‍ ശേഷിയുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല. ഇസ്രയേലിന്റെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമൊക്കെ കൊലയാളികളാണെന്നും മൊസാദിന്റെയും ഷിന്‍ബെറ്റിന്റെയും അമരക്കാരായ അവരുടെ കരങ്ങള്‍ രക്തപങ്കിലമാണെന്നും അറിയാഞ്ഞിട്ടുമല്ല. ഫലസ്ത്വീനികളുടെ ജീവന് ഒരു വിലയും അവര്‍ കല്‍പിക്കുന്നില്ല എന്നതാണ് സത്യം. ഫലസ്ത്വീനികളുടെ നെഞ്ചകത്തില്‍ കെട്ടിയുയര്‍ത്തിയ ഇസ്രയേല്‍ എന്ന ചട്ടമ്പി രാജ്യത്തെ തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ചതിന് അഹ്മദീ നെജാദെന്ന ഇറാന്റെ മുന്‍ പ്രസിഡന്റിനെ ഭീകരനാക്കുന്നതിലായിരുന്നു അവര്‍ക്ക് താല്‍പര്യം.
ഫലസ്ത്വീനിലെ ചെറുത്തുനില്‍പിന്റെ പ്രതീകമായ ഗസ്സ ഭീകരമായ മറ്റൊരു പോരാട്ടത്തിനു നടുവിലാണ്. ഇസ്രയേലിന്റെ നിഷ്ഠുരമായ ബോംബാക്രമണങ്ങളില്‍ ഇതിനകം 180-ലേറെ പേര്‍ കൊല്ലപ്പെട്ടു. 45 കി.മീറ്റര്‍ നീളവും 10 കി.മീറ്റര്‍ വീതിയും മാത്രമുള്ള, ഗസ്സയിലെ ആയിരത്തിലേറെ കേന്ദ്രങ്ങളില്‍ ബോംബു വര്‍ഷിച്ചിട്ടും ലക്ഷ്യം കാണാനാവാതെ ഇസ്രയേല്‍ സൈനിക നേതൃത്വം കര യുദ്ധവും തുടങ്ങിക്കഴിഞ്ഞു. അഞ്ചു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് ഗസ്സയെന്ന ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തിനുനേരെ സയണിസ്റ്റ് ഭീകരര്‍ ബോംബു വര്‍ഷം നടത്തുന്നത്. 2008-'09-ലേതു പോലെ പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് 2012-ലെ ആക്രമണങ്ങളെങ്കില്‍ ഇത്തവണ ഫലസ്ത്വീനിലെ രണ്ട് പ്രബല വിഭാഗങ്ങളായ ഹമാസും ഫത്ഹും ഐക്യപ്പെടുകയും ദേശീയ സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തതാണ് ആക്രമണങ്ങള്‍ക്ക് പ്രകോപനം.
പാശ്ചാത്യ മുഖ്യധാരാ മാധ്യമങ്ങള്‍ പ്രസരിപ്പിക്കുന്നത് മുഴുവന്‍ ഇസ്രയേലിന്റെ നുണപ്രചാരണങ്ങളാണ്. ആക്രമണം തുടങ്ങിയത് ഹമാസ് ആണെന്നും ഗസ്സയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ സൈനിക നടപടിയല്ലാതെ ഇസ്രയേലിനു മുന്നില്‍ മാര്‍ഗങ്ങളില്ലെന്നുമുള്ള പ്രചാരണം ഏറ്റുപിടിക്കാന്‍ ഏറെ പേരുണ്ട്. ഇതു തന്നെയാണ് കഴിഞ്ഞ രണ്ട് തവണയും ഗസ്സയിലെ നിരപരാധരെ കൂട്ടക്കൊല ചെയ്യുന്നതിന് അവര്‍ ന്യായം ചമച്ചത്. ഇസ്രയേലിന്റെ പതിവു നുണകളെ പേറുന്നവര്‍ക്ക് റോക്കറ്റാക്രമണങ്ങളുടെ കാരണം തേടാന്‍ താല്‍പര്യമില്ല. അധിനിവേശ ഭീകരരുടെ കീഴില്‍ അടിമകളെപ്പോലെ ഫലസ്ത്വീനികള്‍ കഴിഞ്ഞുകൂടണമെന്ന് കരുതുന്നവരാണ് ഇസ്രയേലിന്റെ നുണപ്രചാരണങ്ങളെ ന്യായീകരിക്കുന്നവര്‍.
മതപാഠശാലയിലെ മൂന്നു വിദ്യാര്‍ഥികളെ കാണാതായപ്പോള്‍ ഹമാസാണ് അതിനു പിന്നിലെന്ന് ഒരു തെളിവും ഹാജരാക്കാതെ നെതന്യാഹുവും കൂട്ടരും പ്രചരിപ്പിക്കുകയായിരുന്നു. കുട്ടികളെ കാണാതായത് ആദ്യം അത്ര കാര്യമാക്കാതിരുന്ന ഭരണകൂടം, ശക്തമായ ജനരോഷം ഉയര്‍ന്നപ്പോഴാണ് രംഗത്തുവന്നതെന്ന് ചില ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഫലസ്ത്വീനികളുടെ ഐക്യ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഏറ്റവും എളുപ്പം ഹമാസിനെ പഴിചാരുകയാണെന്ന തിയറി രൂപപ്പെടുന്നത് അങ്ങനെയാണ്. തൊട്ടുപിന്നാലെ നെതന്യാഹുവിന്റെ അറബിയിലുള്ള ഫേസ്ബുക്ക് പേജില്‍ ഇസ്രയേല്‍ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സെദറോതിലെ ഒരു ഫാക്ടറിയിലെ തീ അണക്കുന്ന ഫോട്ടോ പ്രത്യക്ഷപ്പെടുന്നു. ഫലസ്ത്വീനിലെ ഐക്യ സര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം ഗസ്സയില്‍നിന്ന് 70 റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചെന്നും ഭീകരരായ ഹമാസുമായുള്ള ബന്ധം മഹ്മൂദ് അബ്ബാസ് ഉടന്‍ അവസാനിപ്പിക്കണമെന്നുമായിരുന്നു ഫോട്ടോയുടെ അടിക്കുറിപ്പ്!
കുട്ടികളെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ ഹിബ്രോണിലെ ഖവാസ്മ ഗോത്രത്തിനു നേരെയാണ് ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ബെറ്റ് വിരല്‍ ചൂണ്ടിയത്. പ്രസ്തുത ഗോത്രത്തിലെ പതിനഞ്ചു നേതാക്കളെയെങ്കിലും ഇന്‍തിഫാദക്കാലത്ത് ഇസ്രയേല്‍ സൈന്യം വധിച്ചിട്ടുണ്ട്. സ്വാഭാവികമായും ഇസ്രയേല്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരുടെ ലക്ഷ്യമാകാനിടയുണ്ട്. ഇവരുടെമേല്‍ ഹമാസിന്  യാതൊരു നിയന്ത്രണവുമില്ലെന്ന് അറിഞ്ഞിട്ടും സംഘടനയെ പ്രതിക്കൂട്ടിലാക്കി വെസ്റ്റ്ബാങ്കിലുടനീളം ഭീകരതാണ്ഡവമാടുകയായിരുന്നു സൈന്യം. കാണാതായവര്‍ക്കായുള്ള തിരച്ചിലിന്റെ പേരില്‍ വെസ്റ്റ് ബാങ്കില്‍ അഞ്ച് ഫലസ്ത്വീനികളെ വധിച്ചു. 570 പേരെ ജയിലില്‍ അടച്ചു. നിരവധി വീടുകള്‍ തകര്‍ക്കുകയും ചെയ്തു. കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനു പിന്നാലെ ഫലസ്ത്വീന്‍ ബാലന്‍ മുഹമ്മദ് അബൂ ഖുദൈറിനെ ജൂത തീവ്രവാദികള്‍ ജീവനോടെ കത്തിച്ചു. ജൂണ്‍ 17-നും ജൂണ്‍ 21-നും ഇരുപതും പതിനേഴും വയസ്സുള്ള അഹ്മദ് സമാദ,  സഖര്‍ അബൂ അല്‍ ഹസന്‍ എന്നിവരെ ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രയേല്‍ സൈന്യം വെടിവെച്ചു കൊന്നത്. എന്നിട്ടും ഫലസ്ത്വീനികളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായില്ല. ഇതേ സമയത്താണ് ഗസ്സക്കുനേരെയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. റോക്കറ്റുകളുമായി ഹമാസ് തിരിച്ചടിച്ചെങ്കില്‍ ആരാണ് അതിന് ഉത്തരവാദികള്‍?
2008 അവസാനം തുടങ്ങിയ ഗസ്സ യുദ്ധത്തിലും നുണകളായിരുന്നു ഇസ്രയേല്‍ എഴുന്നള്ളിച്ചത്. ഈജിപ്തിന്റെ കാര്‍മികത്വത്തില്‍ 2008 ജൂണ്‍ 19-ന് നിലവില്‍വന്ന 26 ആഴ്ച നീണ്ട വെടിനിര്‍ത്തല്‍ ഡിസംബര്‍ 19-ന് അവസാനിച്ച് എട്ടാം നാള്‍ (2008 ഡിസംബര്‍ 27-ന്) ഗസ്സക്കുനേരെ ഭീകരാക്രമണം അഴിച്ചുവിട്ടു. ആദ്യ ദിവസത്തെ വ്യോമാക്രമണത്തില്‍ ഹമാസ് സുരക്ഷാസേനയിലെ 140 അംഗങ്ങള്‍ ഉള്‍പ്പെടെ 230 പേര്‍ കൊല്ലപ്പെടുകയും 700-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2008 ഡിസംബര്‍ 27 മുതല്‍ 2009 ജനുവരി 18 വരെയുള്ള 21 ദിവസം 'ഓപറേഷന്‍ കാസ്റ്റ്‌ലീഡ്' എന്ന പേരിട്ട് നടത്തിയ നിഷ്ഠുര താണ്ഡവത്തില്‍ 1417 ഫലസ്ത്വീനികളുടെ ജീവന്‍ നഷ്ടപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഏറെയും കുഞ്ഞുങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളുമായിരുന്നു. നാലു ലക്ഷത്തോളം ഗസ്സക്കാര്‍ വെള്ളമില്ലാതെ വലഞ്ഞു. പതിനായിരക്കണക്കിനാളുകള്‍ ഭവനരഹിതരായി. നാലായിരത്തോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. ഫലസ്ത്വീന്‍ പോരാളികളുടെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലികളാവട്ടെ വെറും 13.
2012-ലും പ്രകോപനമുണ്ടാക്കിയത് സയണിസ്റ്റ് ഭരണകൂടം തന്നെ. ഗസ്സ അതിര്‍ത്തിയില്‍ കണ്ട മാനസിക വിഭ്രാന്തിയുള്ള നിരായുധനായ ഒരു ഫലസ്ത്വീനിയെ നവംബര്‍ നാലിന് ഇസ്രയേലി സൈനികര്‍ വെടിവെച്ചുകൊന്നു. നാലു ദിവസത്തിനുശേഷം മറ്റൊരു നിഷ്ഠുര കൊലപാതകമുണ്ടായി. ഖാന്‍ യൂനിസില്‍ സുഹൃത്തുകള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുകയായിരുന്ന പന്ത്രണ്ടു വയസ്സുകാരന്റെ നെഞ്ചിലേക്ക് ഇസ്രയേലി സൈനികര്‍ നിറയൊഴിച്ചു. ഇഷ്ട ടീമായ റയല്‍ മാഡ്രിഡിന്റെ വെള്ളക്കുപ്പായവും ധരിച്ച് കളത്തിലിറങ്ങിയ ഹാമിദ് യൂനിസ് അബൂ ദഖ ചോരയില്‍ കുളിച്ചുകിടക്കുന്നത് കണ്ടവര്‍ക്ക് സഹിക്കാനായില്ല. പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റിയുടെ പോരാളികള്‍ ഇസ്രയേല്‍ സൈനികരെ ആക്രമിച്ചത് വലിയ പാതകമായി രേഖപ്പെടുത്തപ്പെട്ടു. നവംബര്‍ 10-ന് ഇതാദ്യമായി പോരാളികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ട് ഇസ്രയേലി ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും പ്രത്യാക്രമണത്തില്‍ നാല് ഫലസ്ത്വീനികള്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഇസ്രയേലിന്റെ നിഷ്ഠുരത വെളിവാക്കുന്ന ആക്രമണങ്ങള്‍ അരങ്ങേറുകയായിരുന്നു.
ഹമാസ് കമാണ്ടര്‍ അഹ്മദ് ജഅ്ബരിയെ കൊലപ്പെടുത്തിയതോടെയാണ് ഗസ്സയില്‍നിന്ന് റോക്കറ്റാക്രമണങ്ങളുടെ പരമ്പര തന്നെ ഉണ്ടാകുന്നത്. നാലു വര്‍ഷത്തോളം ഗസ്സയില്‍ ബന്ദിയാക്കപ്പെട്ട ഗിലാത് ശാലിത് എന്ന ഇസ്രയേലി ഭടന്റെ മോചനം യാഥാര്‍ഥ്യമാക്കാന്‍ ഈജിപ്തിനും ഇസ്രയേലിനുമിടയില്‍ മാധ്യസ്ഥം വഹിക്കുകയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തത് ജഅ്ബരിയായിരുന്നു. വെടിനിര്‍ത്തലിനു ശ്രമിക്കുമ്പോഴാണ് അദ്ദേഹം വധിക്കപ്പെടുന്നത്. ജഅ്ബരി വധത്തിലൂടെ വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് തങ്ങളെന്ന് സയണിസ്റ്റുകള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
കാടത്തത്തിന്റെ ഭാഷ മാത്രമേ അറിയൂവെന്ന് പലവുരു തെളിയിച്ച രാജ്യമാണ് ഇസ്രയേല്‍. ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റായിരിക്കെയാണ് യാസര്‍ അറഫാത്തിനെ മാസങ്ങളോളം റാമല്ലയിലെ ആസ്ഥാനത്ത് ബന്ദിയാക്കിയത്. വിഷബാധയേറ്റ് ഫ്രാന്‍സില്‍ ചികിത്സക്ക് പോകുമ്പോള്‍ മാത്രമാണ് അറഫാത്ത് പുറംലോകം കാണുന്നത്. അത് അവസാന യാത്രയുമായിരുന്നു. ഹമാസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന ഇസ്മാഈല്‍ ഹനിയ്യക്കുനേരെ റഫ അതിര്‍ത്തിയില്‍ വധശ്രമം പോലുമുണ്ടായി. സമാധാന പ്രവര്‍ത്തകരെപ്പോലും നിഷ്ഠുരം വധിക്കുകയുണ്ടായി സയണിസ്റ്റ് സേന. സൈനികര്‍ ബുള്‍ഡോസര്‍ കയറ്റിക്കൊന്ന റേച്ചല്‍ കോറിയെ ആര്‍ക്കാണ് മറക്കാനാവുക.
ഇസ്രയേലും ഫലസ്ത്വീനും തമ്മിലുള്ള ഏറ്റുട്ടലില്‍ ആര്‍ക്കാണ് മേല്‍ക്കൈ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. പാശ്ചാത്യ രാജ്യങ്ങളുടെ, വിശിഷ്യ അമേരിക്കയുടെയും ബ്രിട്ടന്റെയും പരിപൂര്‍ണ സഹായത്താല്‍ അത്യന്താധുനിക ആയുധങ്ങളുടെ വന്‍ ശേഖരത്തിനുമേലാണ് ഇസ്രയേല്‍ നിലകൊളളുന്നത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും മറുപടിയായി ഗസ്സയില്‍നിന്ന് പോരാളി സംഘടനകള്‍'നാടന്‍ റോക്കറ്റുകള്‍' തൊടുത്തുവിടാറുണ്ട്. 2006-ല്‍ ഹമാസ് ഭരണമേറ്റശേഷം സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ഇത്തരം ഓപറേഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേലിന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധ വിമാനങ്ങള്‍ക്ക് ഫലസ്ത്വീനികളുടെ ദുര്‍ബലമായ മറുപടിയായിരുന്നു ഖസ്സാം റോക്കറ്റ് എന്നു പേരിട്ട ഉരുക്കു പൈപ്പുകള്‍ കൊണ്ടുള്ള ഉപകരണം. ഇവ പലപ്പോഴും ലക്ഷ്യം കാണാറില്ല. ഈ റോക്കറ്റുകള്‍ പതിച്ചിട്ട് വിരലിലെണ്ണാവുന്ന ഇസ്രയേലികള്‍ക്കേ ജീവാപായം ഉണ്ടായിട്ടുള്ളൂ. എന്നാല്‍ അഷ്‌കലോണ്‍ ഉള്‍പ്പെടെ തെക്കന്‍ ഇസ്രയേലിലെ രണ്ടരലക്ഷത്തോളം ജനങ്ങളില്‍ ഭീതി ജനിപ്പിക്കാന്‍ ഖസ്സാമിന് കഴിഞ്ഞിരുന്നു. ഖസ്സാം റോക്കറ്റുകളുടെ സ്ഥാനത്ത് അല്‍പം കൂടി ആധുനികമായ ഫജ്ര്‍ 5 റോക്കറ്റുകള്‍ പോരാളികള്‍ തൊടുത്തുവിടാന്‍ തുടങ്ങിയതാണ് ഇസ്രയേലിനെ അങ്കലാപ്പിലാക്കിയത്. ഇറാന്‍ വികസിപ്പിച്ചെടുത്ത് ലബനാനിലെ ഹിസ്ബുല്ലക്ക് കൈമാറിയ പ്രസ്തുത റോക്കറ്റുകളുടെ ദൂരപരിധി 200 കി.മീറ്ററാണ്. തലസ്ഥാനമായ തെല്‍അവീവും ബെന്‍ഗൂറിയന്‍ വിമാനത്താവളവും അധിനിവേശ നഗരമായ ജറൂസലവും വരെ ചെന്നെത്താന്‍ കഴിയുന്നതാണ് ഈ റോക്കറ്റുകളെന്നത് കേവലം അവകാശവാദമല്ലെന്നും ഇസ്രയേലിന് ബോധ്യപ്പെട്ടിരിക്കുന്നു. അമേരിക്ക നല്‍കിയ മിസൈല്‍വേധ ഷീല്‍ഡുകള്‍ ഇസ്രയേലിനെ സംരക്ഷിക്കുമ്പോള്‍ ലോകത്തിലെ ഏക തുറന്ന ജയിലെന്നറിയപ്പെടുന്ന ഗസ്സയിലെ ജനങ്ങളെ ബോംബിംഗില്‍നിന്ന് രക്ഷിക്കാന്‍ ഒരു ഷീല്‍ഡുമില്ലെന്നത് വലിയ ദുരന്തമായി അവശേഷിക്കുന്നു. പക്ഷേ, ഗസ്സക്കാര്‍ക്ക് അതില്‍ പരിഭവമില്ല. അവിടെ ഉമ്മമാര്‍ പ്രസവിക്കുന്നത് സയണിസ്റ്റ് ഭീകരതയെ നേരിടാന്‍ മനക്കരുത്തുള്ള കുഞ്ഞുങ്ങളെയാണ്. ലോകത്തെ അഞ്ചാമത്തെ സൈനിക ശക്തി തങ്ങളുടെ മുഴുവന്‍ മുഷ്‌കും പ്രയോഗിച്ചിട്ടും ഈ കൊച്ചു ഗസ്സ നിലനിന്നു പോരുന്നത് ആ ആത്മവീര്യം കാരണമാണ്. ഒരു യുദ്ധവിമാനം പോയിട്ട് ഹെലികോപ്റ്റര്‍ പോലും ഇല്ലാത്തവരാണ് ഇസ്രയേലിന്റെ സൈനിക ഭീകരതക്കെതിരെ പിടിച്ചുനില്‍ക്കുന്നത് എന്നോര്‍മിക്കുക.
അറുപതു വര്‍ഷത്തിലേറെ നീണ്ട അധിനിവേശത്തിന്റെ ഇരകളാണ് ഫലസ്ത്വീനികള്‍. നിലവിലുള്ള തുണ്ടു ഭൂമിയില്‍നിന്നു കൂടി അവരെ തുരത്താനുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മേഖലയിലെ അറബ് ഭരണകൂടങ്ങള്‍ കടുത്ത ചില നിലപാടുകള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗസ്സയില്‍ ജീവിക്കുന്നവരും ഇസ്രയേലികളെപ്പോലെ മനുഷ്യരാണെന്ന് ഒബാമയുടെയും കൂട്ടരുടെയും മുഖത്തുനോക്കി പറയാനുള്ള ചങ്കൂറ്റമെങ്കിലും അവര്‍ കാണിക്കണമായിരുന്നു. പരസ്പരം കൊന്നൊടുക്കുകയും ഒരിക്കലും അവസാനിക്കാത്ത ആഭ്യന്തര സംഘര്‍ഷങ്ങളുടെ കെട്ടുപാടുകളില്‍ തളച്ചിടപ്പെടുകയും ചെയ്ത അറബ് രാജ്യങ്ങള്‍ക്ക്, ഇസ്രയേലിന്റെ ബോംബു വര്‍ഷത്തില്‍ ജീവിക്കേണ്ടിവരുന്ന ഫലസ്ത്വീനിലെ സ്വന്തം സഹോദരങ്ങളുടെ കാര്യത്തില്‍ ചിന്തിക്കാന്‍ പോലും സമയമില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ഗസ്സയിലേക്ക് പോയ, തുര്‍ക്കിയില്‍നിന്നുള്ള സമാധാനക്കപ്പലിനെ ആക്രമിക്കുകയും ഒമ്പതുപേരെ വധിക്കുകയും ചെയ്തിട്ട് മാപ്പു പറയാന്‍ തയാറാവാത്ത ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിഛേദിക്കാന്‍ ഒരിക്കല്‍ ചങ്കൂറ്റം കാട്ടിയ ഉര്‍ദുഗാന്‍ മാത്രമാണ് ഇതിന്നപവാദം. നോക്കുകുത്തിയുടെ റോളിലുള്ള ഐക്യരാഷ്ട്ര സഭയുടെ നാലിലൊന്ന് മുസ്‌ലിം രാജ്യങ്ങളാണ്. ഇവര്‍ ഐക്യപ്പെട്ടാല്‍ നടക്കാത്തതായി ഒന്നുമില്ല. എന്നിട്ടും അറബ് ലീഗിനോ ഒ.ഐ.സിക്കോ ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നത്  വലിയൊരു ദുരന്തമാണ്. ശ്രീലങ്കയിലും മ്യാന്‍മറിലും ബുദ്ധമത തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങളും ഭീഷണികളും വ്യാപകമായിട്ടും അതിനെതിരെ പ്രസ്താവന നടത്തുന്നതില്‍ കവിഞ്ഞ് എന്തെങ്കിലും ചെയ്യാന്‍ നട്ടെല്ലില്ലാത്ത പരുവത്തിലാണ് ഒ.ഐ.സി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ