നാം ഏകാധിപത്യത്തിലേക്ക് എത്തിച്ചേരുമോ?
നാം ഏകാധിപത്യത്തിലേക്ക് എത്തിച്ചേരുമോ?
സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങള്‍ ആറ് പിന്നിട്ട ശേഷവും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിം സമൂഹം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ദലിതുകളേക്കാള്‍ പിന്നിലാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍, യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി നജ്മ ഹിബത്തുല്ല വാളോങ്ങുകയുണ്ടായല്ലോ. മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ലെന്നും അവര്‍ക്ക് സംവരണം നല്‍കുന്നതിന് താനെതിരാണെന്നുമുള്ള, വനിതാ സംവരണത്തിലൂടെ ഉയരങ്ങളിലെത്തിയ 'ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രിയുടെ പ്രസ്താവന 'രാജാവിനേക്കാള്‍ വലിയ രാജഭക്തി'യെയാണ് അനുസ്മരിപ്പിക്കുന്നത്.
ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടാതിരുന്ന പോയ കാലങ്ങളില്‍, 1999 സെപ്റ്റംബര്‍ 20-ന് മുന്‍ പ്രധാനമന്ത്രി വാജ്‌പേയി അഹ്മദാബാദ് സന്ദര്‍ശിച്ചപ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ ദൈന്യതയിലേക്ക് വിരല്‍ ചൂണ്ടി പറഞ്ഞതെന്തെന്നോ! ''മുസ്‌ലിം-ദലിത് ദരിദ്ര വിഭാഗങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താന്‍ ബി.ജെ.പി അതിന്റെ ഭരണഘടനയില്‍ ആവശ്യമായ മാറ്റം വരുത്തും. ഇന്ത്യയില്‍ ഭൂരിപക്ഷം ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും മുസ്‌ലിംകളാണ്. അവരെ പ്രത്യേകം പരിഗണിക്കും'' (ദേശാഭിമാനി വാരിക 2002 സെപ്റ്റംബര്‍ 1).
47 പേജ് വരുന്ന തന്റെ പ്രസംഗത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്ന ബംഗരു ലക്ഷ്മണ സിംഗപ്പൂരില്‍ പറഞ്ഞതിങ്ങനെ: ''മുസ്‌ലിം സമൂഹത്തിന് രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ അര്‍ഹമായ പങ്ക് ലഭിച്ചിട്ടില്ല. ദേശീയ മുഖ്യധാരയില്‍ അവര്‍ക്ക് സ്ഥാനമില്ല. രാഷ്ട്ര നിര്‍മാണത്തില്‍ പ്രാതിനിധ്യമില്ല.''
കാലം മാറി. രാജ്യത്തിന്റെ ഭരണ കണിഞ്ഞാണ്‍ പാര്‍ട്ടിയുടെ സ്വന്തം കരങ്ങളിലമര്‍ന്നു, പാര്‍ട്ടിയുടെ സാരഥികള്‍ അന്ന് പറഞ്ഞതിന് വിലയില്ലാതായി. വിശ്വരൂപം പുറത്തെടുക്കാന്‍ സമയം സമാഗതമായി. ഏകസിവില്‍ കോഡിലേക്കും കശ്മീരിന്റെ പ്രത്യേക പദവിയുടെ നിഷ്‌കാസനത്തിലേക്കും മറ്റും നടന്നടുക്കാന്‍ ഇനി എന്തുണ്ട് തടസ്സം? 'ന്യൂനപക്ഷ ക്ഷേമ' കാര്യത്തില്‍ നജ്മ പുറത്തുവിട്ടത് ഒരു തുടക്കം മാത്രമാണോ?
മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ലെന്നും അവര്‍ക്ക് സംവരണം അരുതെന്നുമുള്ള സംഘ്പരിവാര്‍ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയത്, പുതിയ തടസ്സവാദ പ്രഖ്യാപന വേളയില്‍ ശ്രദ്ധേയമാണ്: ''ഭാരതത്തിലെ ഏത് സംസ്ഥാനത്തും ഭൂരിപക്ഷ സമുദായത്തിന് ഭൂരിപക്ഷം ക്യാബിനറ്റിലും നിയമസഭയിലും കോടതിയിലും ഒരു ഭൂരിപക്ഷ പ്രാതിനിധ്യം പ്രത്യേക ആനുകൂല്യങ്ങളില്ലാതെത്തന്നെ സ്വയം ശക്തി കൊണ്ട് നിലനിര്‍ത്താന്‍ കഴിയുന്നു. അതുകൊണ്ടാണ് ജനാധിപത്യ സംസ്‌കാരത്തില്‍ പ്രത്യേക സംരക്ഷണം വ്യവസ്ഥകള്‍ ന്യൂനപക്ഷത്തിന് വേണ്ടി എഴുതിച്ചേര്‍ക്കുന്നത്. സര്‍വ സമത്വ സംസ്‌കാരം ഭൂരിപക്ഷത്തെ കാത്തുരക്ഷിക്കുന്നു. ന്യൂനപക്ഷമാവട്ടെ, സംഖ്യാബലം ഇല്ലാത്തതുകൊണ്ട്, ഭരണചക്രത്തില്‍ വേണ്ടത്ര പ്രാതിനിധ്യമില്ലാത്തത് കൊണ്ട്, പ്രത്യേക സംരക്ഷണ പരിതസ്ഥിതി അനുവദിക്കാത്ത നിലയില്‍ കഷ്ടപ്പെടുന്നു. ഭൂരിപക്ഷ മേധാവിത്തം ഭരണ ചക്രം ഉപയോഗിച്ചുകൊണ്ട് നടമാടുകയാണെങ്കില്‍ നമ്മള്‍ എത്തിച്ചേരുന്നത് ഏകാധിപത്യത്തിലേക്കാണ്'' (മാതൃഭൂമി 29-4-2002).
റഹ്മാന്‍ മധുരക്കുഴി
ഇന്ത്യാ വിഭജനം എന്ന ദുരന്തം
'കണ്ടെത്താത്ത ഇന്ത്യയിലൂടെ' എന്ന സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ തുടര്‍ ലേഖനത്തിലെ 'ഇന്ത്യാ വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍' (ലക്കം 2855) വായിച്ചു. ലേഖനത്തിലെ റഫറന്‍സ് ഗ്രന്ഥമായി എടുത്തുപറഞ്ഞ ആസാദിന്റെ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' എന്ന പുസ്തകം ഇറങ്ങിയ കാലത്തുതന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യയുടെ വിഭജനം ഒരു യാഥാര്‍ഥ്യമായാല്‍ വരാനിരിക്കുന്ന ഭാരതത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് കൃത്യമായി ആ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വിഭജനത്തോടെ ആരംഭിച്ച ഹിന്ദു-മുസ്‌ലിം കലാപം അതിന്റെ മുഴുവന്‍ ഭീകരതയോടെ ബീഭത്സരൂപം പൂണ്ട് ഉറഞ്ഞുതുള്ളിയ അനുഭവം ഏറിയും കുറഞ്ഞും ഇന്നും തുടരുകയാണ്. ഇന്നും മുറിവുണങ്ങാത്ത വിഭജനം എന്ന ദുരന്തം ഒഴിവാക്കാന്‍ ആസാദ് വഹിച്ച പങ്കും സഹിച്ച ത്യാഗവും ചരിത്രത്തിന് മറക്കാന്‍ കഴിയില്ല. വിഭജനം ഒഴിവാക്കുന്നതിന് ദയൂബന്തിലെ പ്രമുഖ ഉലമാക്കളും സയ്യിദ് മൗദൂദിയും അടക്കമുള്ള പണ്ഡിതരും നേതാക്കളും നടത്തിയ അഭ്യര്‍ഥന വനരോദനം മാത്രമായി കലാശിച്ചു.
ഇന്ത്യ വിഭജിക്കപ്പെട്ടാല്‍ ഈ രണ്ട് രാജ്യത്തും അവശേഷിക്കുന്ന ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധികള്‍ മൗദൂദി സാഹിബ് ദീര്‍ഘദര്‍ശനം ചെയ്തത് ഒരു ജ്വലിക്കുന്ന സത്യമായി ഇന്നും നിലനില്‍ക്കുന്നു.
വിഭജനത്തിന് നേതൃത്വം കൊടുത്ത മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികളും നേതാക്കളും ആ വിഷയത്തില്‍ സ്വീകരിച്ച കേവലം വൈകാരികമായ കര്‍മനയങ്ങള്‍ക്ക് പകരമായി കൊടുക്കേണ്ടിവന്ന വില, രക്തവും കണ്ണീരും കലര്‍ന്ന വലിയ സംഭവ പരമ്പരകളുടെ ചരിത്രമായി നീണ്ടുകിടക്കുകയാണ്. ഹ്രസ്വമായിട്ടെങ്കിലും ലേഖനം അത് നന്നായി ചര്‍ച്ച ചെയ്യുന്നുണ്ട്.
മുഹമ്മദ് വെട്ടത്ത് പെരുമ്പാവൂര്‍
സി.എന്‍ സ്വഭാവ ലാളിത്യമുണ്ടായിരുന്ന പണ്ഡിതന്‍
സി.എന്‍ അഹ്മദ് മൗലവിയെക്കുറിച്ച് പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന്റെ ഓര്‍മകള്‍ (ലക്കം 2857) വായിച്ചപ്പോള്‍ പ്രശസ്തനായിരുന്ന ആ പണ്ഡിതനെ ഒരിക്കല്‍ കൂടി സ്മരിക്കാന്‍ കാരണമായി. കോഴിക്കോട് മിഠായിത്തെരുവിലെ അദ്ദേഹത്തിന്റെ കൗസര്‍ സ്റ്റോറില്‍ ഒരിക്കല്‍ ഒരാള്‍ ഖുര്‍ആന്‍ പരിഭാഷയിലെ 'ജിന്നി'നെ പറ്റിയുള്ള വിവാദ പരാമര്‍ശങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ആ ഭാഗം വിട്ടു അപ്പുറത്തുള്ളത് വായിക്കാനാണ് മൗലവി പറഞ്ഞത്. യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരോട് തികച്ചും ആദരവോടെയും ബഹുമാനത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഡിഗ്രിക്ക് ഈവനിംഗ് ക്ലാസില്‍ പഠിക്കുന്ന കാലത്ത് പ്രബോധനത്തില്‍ ജോലി കിട്ടാന്‍ ചാന്‍സ് ഉണ്ടാവുമോ എന്ന എന്റെ ചോദ്യത്തിന്, നിരവധി യുവാക്കള്‍ വരുമാനമാഗ്രഹിക്കാതെ ജോലി ചെയ്യാന്‍ തയാറാവുന്ന സ്ഥാപനമാണത് എന്നായിരുന്നു മൗലവിയുടെ മറുപടി. ജമാഅത്തെ ഇസ്‌ലാമിയോട് ഒരു പ്രത്യേക ആദരവ് അദ്ദേഹത്തിനുണ്ടായിരുന്നു. നാട്യമില്ലാത്ത ഹൃദയശുദ്ധിയുള്ള ഒരു പണ്ഡിതനായിരുന്നു സി.എന്‍ മൗലവി.
സി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍, വേങ്ങര
വിരുന്നു വന്ന അതിഥി?
തഖ്‌വയുടെ വാതില്‍പ്പുറങ്ങള്‍ തുറന്നുതന്ന 2857-ാം ലക്കം ശ്രദ്ധേയമായി. വര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുന്ന വെറുമൊരു അതിഥിയായി റമദാന്‍ മാറിയെന്നതാണ് മുസ്‌ലിം സമുദായത്തിന്റെ ദൗര്‍ഭാഗ്യം. റമദാനെ വീട്ടിലും പള്ളിയിലും ആര്‍ഭാടത്തോടെ സ്വീകരിക്കുന്ന സമുദായം ഹൃദയത്തില്‍ അതിന് വലിയ ഇടം കൊടുക്കുന്നില്ല. അതിന്റെ തെളിവാണ് പതിനൊന്നു മാസത്തെ ബോധശൂന്യമായ ജീവിതവും ആഡംബരപൂര്‍ണമായ വിവാഹാഘോഷങ്ങളും ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത ധനസമ്പാദന മോഹവും ദരിദ്രരെ അവഗണിച്ചുകൊണ്ടുള്ള സമ്പന്നരുടെ വിളയാട്ടങ്ങളും. വര്‍ഷത്തിലൊരിക്കല്‍ ലൈലത്തുല്‍ ഖദ്‌റിന്റെ നാളില്‍ പാവപ്പെട്ടവര്‍ക്കായി അല്‍പം കാശ് വാരിയെറിഞ്ഞാല്‍ സ്വര്‍ഗത്തിന്റെ ടിക്കറ്റ് 'ഓക്കെ'യായി എന്നാണ് പലരുടെയും ധാരണ. നോമ്പിന്റെ ചൈതന്യം തഖ്‌വയാണെന്ന സത്യം മറന്നുപോവുകയും നോമ്പുകാല രാത്രികള്‍ തീറ്റയുടെയും കുടിയുടെയും ആഘോഷവേളകളാക്കുകയും ചെയ്യുന്ന സമുദായത്തെ കാണുന്ന ഇതര സമുദായക്കാര്‍ മുസ്‌ലിംകളുടെ നോമ്പെന്നാല്‍ തീറ്റോത്സവമാണെന്ന് തെറ്റിദ്ധരിക്കുന്നതില്‍ കുറ്റം പറയാനില്ല.
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍
Comments