Prabodhanm Weekly

Pages

Search

2014 ജൂലൈ 25

ആത്മസംസ്‌കരണവും സമ്പത്തും

വന്‍കിട വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, വിശാലമായ എസ്റ്റേറ്റുകള്‍, കൃഷിയിടങ്ങള്‍, കെട്ടിട സമുച്ചയങ്ങള്‍, പൊന്നിന്റെയും പണത്തിന്റെയും വന്‍ നിക്ഷേപങ്ങള്‍, രാഷ്ട്രീയത്തിലും ഭരണത്തിലുമുള്ള സ്വാധീനം, സ്ഥാനമാനങ്ങള്‍... ഇതെല്ലാം ഭൗതികജീവിതത്തിന്റെ സൗന്ദര്യങ്ങളാണ്. ഈ സൗന്ദര്യങ്ങളൊന്നും തഖ്‌വക്കും ജീവിത വിശുദ്ധിക്കും നിരക്കുന്നതല്ല എന്നാണ് ചിലരുടെ ധാരണ. സ്വന്തം ഉല്‍പാദനശേഷികള്‍ ഉപയോഗിക്കാതെ ഭൗതിക വിഭവങ്ങളില്‍ തികച്ചും വിരക്തരായി ജീവിതാവശ്യങ്ങള്‍ക്ക് അന്യരോട് ഇരന്ന് ഫഖീറായി വാഴുന്നതാണ് വിശിഷ്ട ജീവിതമെന്നാണവര്‍ കരുതുന്നത്. എന്നാല്‍, ഭൗതികവിഭവങ്ങള്‍ ആര്‍ജിക്കുന്നതും അനുഭവിക്കുന്നതും അല്ലാഹു ആര്‍ക്കും വിലക്കിയിട്ടില്ല. അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയെ ഇസ്വ്‌ലാഹും ഇമാറത്തും-സംസ്‌കരിക്കുകയും കൂടുതല്‍ വാസയോഗ്യമാക്കുകയും- ചെയ്യുക മനുഷ്യന്റെ ധര്‍മമാകുന്നു. അതിനു പറ്റിയ വിധത്തിലാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിരിക്കുന്നത്. ''ഭൂമിയിലുള്ളതൊക്കെയും നിങ്ങള്‍ക്കു വേണ്ടി സൃഷ്ടിച്ചുവെച്ചത് അവനാകുന്നു'' (2:29).  ''സമുദ്രത്തില്‍ തിരമാലകള്‍ കീറിമുറിച്ചോടുന്ന കപ്പലുകള്‍ നിനക്ക് കാണാം. നിങ്ങള്‍ അവന്റെ അനുഗ്രഹങ്ങള്‍ തേടിപ്പിടിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണത്'' (35:12). ഇസ്‌ലാം അനുശാസിക്കുന്ന ജീവിത ധര്‍മങ്ങള്‍ എല്ലാവര്‍ക്കുമുള്ളതാണ്. ദാരിദ്ര്യം പുണ്യവും ധര്‍മവുമാണെങ്കില്‍, മനുഷ്യരൊന്നടങ്കം ഫഖീറിന്റെ ജീവിതം തെരഞ്ഞെടുത്താല്‍, എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? ഈ ഫഖീറുകള്‍ക്ക് അന്നദാനം ചെയ്യാന്‍ ആരാണുണ്ടാവുക? ഇസ്‌ലാം ജീവിതത്തെ ആത്മീയം, ഭൗതികം എന്ന് രണ്ടായി വിഭജിക്കുകയും രണ്ടു ജീവിതത്തിനും വെവ്വേറെ വിഭാഗങ്ങളെ നിയോഗിക്കുകയും ചെയ്തിട്ടില്ല. ആത്മീയതയും ഭൗതികതയും സമഞ്ജസമായി സമ്മേളിച്ച ഒരേകകമാണ് ഇസ്‌ലാമിക ജീവിതം. ''ആകയാല്‍ വിശ്വാസികള്‍ നമസ്‌കാരം കഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപരിച്ച് അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ തേടിക്കൊള്ളുക. അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക'' (62:10). ഏതു ഭൗതിക പ്രവര്‍ത്തനവും അല്ലാഹുവിനെ ഓര്‍ത്ത് അവന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടാകുമ്പോള്‍ അത് ആത്മീയ കര്‍മമാകുന്നു; അല്ലാഹുവിനുള്ള ഇബാദത്തുമാകുന്നു. ഭൗതിക വിഭവങ്ങള്‍ ആര്‍ജിക്കുന്നതും അനുഭവിക്കുന്നതും ജീവിത വിശുദ്ധിക്ക് നിരക്കാത്തതും മുത്തഖികള്‍ വര്‍ജിക്കേണ്ടതുമാണെന്ന ധാരണയെ ഖുര്‍ആന്‍ ശക്തിയായി ഖണ്ഡിക്കുന്നു: ''അവരോട് ചോദിക്കുക, അല്ലാഹു അവന്റെ ദാസന്മാര്‍ക്കായി ഉളവാക്കിയ അലങ്കാരങ്ങളും വിശിഷ്ട ഭോജ്യങ്ങളും  വിലക്കുന്നതാരാണ്? അവരോട് പറയുക. ഈ വിഭവങ്ങളെല്ലാം ഭൗതിക ജീവിതത്തില്‍ വിശ്വാസികള്‍ക്കുമുള്ളതാകുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അത് അവര്‍ക്കു മാത്രവുമുള്ളതായിരിക്കും'' (7:32). അതിനാല്‍, ''ഈ ലോകത്തുള്ള നിന്റെ വിഹിതം നീ മറന്നുകളയരുത്'' (28:77).
സമ്പത്തും സ്ഥാനമാനങ്ങളുമൊക്കെ ഈ ലോകത്ത് ദൈവഭക്തന്മാര്‍ക്കും ദൈവധിക്കാരികള്‍ക്കും ലഭിക്കും. ലഭിച്ച സൗഭാഗ്യങ്ങളില്‍ മതിമറക്കുമ്പോഴാണ് അത് ജീവിതവിശുദ്ധിക്ക് നിരക്കാത്തതും നാശനിമിത്തവുമാകുന്നത്. ദൗര്‍ഭാഗ്യങ്ങളെ എന്ന പോലെ സൗഭാഗ്യങ്ങളെയും മനുഷ്യന്‍ സമീപിക്കേണ്ടത് അല്ലാഹുവിന്റെ പരീക്ഷണങ്ങളായിട്ടാണ്. ''അറിഞ്ഞിരിക്കുവിന്‍. നിങ്ങളുടെ മുതലുകളും മക്കളും ഒരു പരീക്ഷണം തന്നെയാകുന്നു'' (8:28). ഇഹലോകം പരീക്ഷണ ഗേഹമാണ്. തനിക്ക് ലഭിച്ച സുഖദുഃഖങ്ങളെ നേരിടുന്നത് അല്ലാഹുവിന്റെ അഭീഷ്ടം മാനിച്ചാണോ അല്ലേ എന്നതാണ് പരീക്ഷണം. സൗഭാഗ്യങ്ങളും ദൗര്‍ഭാഗ്യങ്ങളും എന്തൊക്കെയായാലും ജീവിതമാകുന്ന പരീക്ഷയിലെ ചോദ്യങ്ങളാണ്. തെറ്റായ ഉത്തരമെഴുതുന്നവര്‍ സ്വാഭാവികമായും തോറ്റുപോകും. ചോദ്യങ്ങളില്‍നിന്ന് ഓടിയകന്ന് സുഹ്ദിന്റെ-സംസാര വിരക്തിയുടെ- മൂടുപടത്തിലൊളിക്കുന്നവരും പരീക്ഷയില്‍ തോല്‍ക്കുകയാണ്. സമ്പത്തിന്റെ സമൃദ്ധിയും ക്ഷാമവും ദൈവപ്രീതിയുടെയും ദൈവകോപത്തിന്റെയും മാനദണ്ഡമായി കാണുന്നവര്‍ പണ്ടു മുതലേയുണ്ട്. തങ്ങള്‍ക്ക് ദൈവം സൗഭാഗ്യങ്ങള്‍ കൈയയച്ചു നല്‍കുന്നു എന്നത് തങ്ങള്‍ ചെയ്യുന്നതൊക്കെയും സത്യവും ധര്‍മവും, ദൈവം തങ്ങളില്‍ സംപ്രീതനും ആണെന്ന് തെളിയിക്കുന്നതായി അവര്‍ നിഗളിക്കുന്നു. അല്ലാഹു ചോദിക്കുന്നു: ''സത്യധര്‍മങ്ങള്‍ നിഷേധിക്കുന്നവരുടെ സമ്പത്തും സന്തതികളും പോഷിപ്പിക്കുന്നതുവഴി നാം അവര്‍ക്ക് തിരക്കിട്ട് നന്മ ചൊരിയുകയാണെന്നാണോ അവരുടെ വിചാരം? എന്നാല്‍ വാസ്തവം അതല്ല. പക്ഷേ അവര്‍ അറിയുന്നില്ല'' (23:55,56).
ഭൗതിക വിഭവങ്ങള്‍ എത്ര വിലപ്പെട്ടതും വിപുലവുമായാലും ജഡിക ജീവിതവുമായി മാത്രം ബന്ധപ്പെട്ടതാണ്. ശരീരത്തിന്റെ ശ്വാസം നിലക്കുന്നതുവരെ മാത്രമേ അത് ആരുടെയും സ്വന്തമായിരിക്കൂ. അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാല്‍ പിന്നെ അവന്റേതായിരുന്നതെല്ലാം അനന്തരാവകാശികളുടേതായി മാറുന്നു. ഒന്നും അവനോടൊപ്പം പോകുന്നില്ല. അതിനാല്‍ ഭൗതിക ജീവിതത്തിലാര്‍ജിക്കുന്ന നേട്ടങ്ങളൊന്നും യഥാര്‍ഥ വിജയമോ ശാശ്വത സൗഭാഗ്യമോ ആകുന്നില്ല. നേടിക്കഴിഞ്ഞാല്‍ നശിച്ചുപോകാത്തതാണ് യഥാര്‍ഥ സമ്പത്തും സൗഭാഗ്യവും. ഭൗതിക മനുഷ്യന്‍ തന്നെ നശ്വരനാണെന്നിരിക്കെ അവന്റെ സമ്പാദ്യമെങ്ങനെ അനശ്വരമാകും? നാശമുള്ളതിനെയും നാശമില്ലാത്തതിനെയും അല്ലാഹു താരതമ്യം ചെയ്യുന്നു. ''നിങ്ങളുടെ കൈവശമുള്ളതെന്തും നശിച്ചുപോകുന്നതാണ്. അല്ലാഹുവിങ്കലുള്ളതെന്തോ അതത്രെ അനശ്വരമായത്'' (16:96). അപ്പോള്‍ നാം ആര്‍ജിക്കുന്ന നേട്ടങ്ങള്‍ നശിക്കാതിരിക്കാനുള്ള ഒരേയൊരു ഉപാധി അത് അല്ലാഹുവിങ്കലെത്തിക്കുകയെന്നതത്രെ. വിഭവങ്ങളോടുള്ള നമ്മുടെ സമീപനവും മനോഭാവവുമാണ് അവയെ അല്ലാഹുവിങ്കലെത്തിക്കുന്നത്. സുലൈമാന്‍ നബിക്ക് കണക്കറ്റ സമ്പത്തും സൗകര്യങ്ങളും അധികാരവും പ്രതാപവും ഉണ്ടായിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനോ പവിത്രതക്കോ വിഘ്‌നമായില്ല. തനിക്കേറെ പ്രിയപ്പെട്ട മേത്തരം കുതിരകളെക്കുറിച്ച് അദ്ദേഹം പ്രസ്താവിച്ചു: ''ഞാന്‍ ഈ സൗഭാഗ്യത്തെ സ്‌നേഹിക്കുന്നത് എന്റെ വിധാതാവിനെ സ്‌നേഹിക്കുന്നതിനാലാകുന്നു''(38:32). മഹാ കോടീശ്വരനായിരുന്നു ഖാറൂന്‍. തന്റെ സമ്പദ്‌സമൃദ്ധി സ്വന്തം സാമര്‍ഥ്യമാണെന്ന് അഹങ്കരിച്ച അയാള്‍ നാശകൂപത്തിലാണ്ടുപോയി. എതിരില്ലാത്ത രാജ്യാധികാരത്തിനും കനകം നിറഞ്ഞ വന്‍ ഖജനാവുകള്‍ക്കും ഉടമയായിരുന്നു ഫറവോന്‍. അതിന്റെയൊക്കെ ദൈവം താന്‍ തന്നെയാണെന്നും നാട്ടിലൊഴുകുന്ന നദികള്‍ തന്റെ കീഴിലാണെന്നും അഹങ്കരിച്ച ഫറവോനും നാശഗര്‍ത്തത്തില്‍ പതിച്ചു. അന്ത്യ പ്രവാചകന്റെ ശിഷ്യന്മാരിലെ രണ്ടു ധനികരായിരുന്നു അബ്ദുര്‍റഹ്മാനുബ്‌നു ഔഫും ഉസ്മാനുബ്‌നു അഫ്ഫാനും. തങ്ങളുടെ സമ്പത്ത് അല്ലാഹുവിന്റെ ഔദാര്യവും അവന്‍ സൂക്ഷിക്കാനേല്‍പിച്ച അമാനത്തും ആണെന്ന ഭാവത്തിലാണവര്‍ കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ട് സമ്പദ്‌സമൃദ്ധി അവരുടെ ജീവിതവിശുദ്ധിക്കും വിജയത്തിനും മാറ്റുകൂട്ടുകയാണ് ചെയ്തത്. ഇതാണ് സമ്പന്നരില്‍ ഇസ്‌ലാം പ്രതീക്ഷിക്കുന്ന മനസംസ്‌കരണം-തഖ്‌വ. ഈ മനോഭാവത്തോടെ ധനം സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും പുണ്യകര്‍മങ്ങളാകുന്നു. സമ്പത്ത് വര്‍ധിക്കുംതോറും അത്തരക്കാരുടെ ജീവിതവിശുദ്ധിക്കും വിജയത്തിനും മാറ്റ് കൂടുകയേയുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ