Prabodhanm Weekly

Pages

Search

2014 ജൂലൈ 25

പെരുന്നാളുകള്‍ നമ്മോട് പറഞ്ഞു തരുന്നത്

പി.ടി കുഞ്ഞാലി / കവര്‍‌സ്റ്റോറി

ജീവിതത്തെ വളരെ ഗൗരവപ്പെട്ട ഒരു നിയോഗസാക്ഷ്യമായാണ് ഇസ്‌ലാം നിരീക്ഷിക്കുന്നത്. കേവലാസ്വാദനത്തിന്റെ മച്ചകത്തുനിന്നും സാമൂഹികമായ നിര്‍മാണത്തിന്റെയും വികാസക്ഷമതയുടെയും സ്വഛസാക്ഷാത്കാരത്തിലേക്ക്. അതാണ് ഭൂമിയില്‍ മനുഷ്യജീവിതം ലക്ഷ്യം വെക്കുന്ന നൈര്‍മല്യം. അങ്ങനെ സമൂഹത്തില്‍ നിര്‍ഭയത്വവും സമൃദ്ധിയും പുതച്ചുനില്‍ക്കുന്ന ഒരു സഫലകാലം. അതോടൊപ്പം വ്യക്തി തലത്തില്‍ അനശ്വര സ്വര്‍ഗവും. ഇതാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിത ദര്‍ശനം. അഥവാ തീര്‍ത്തും വ്യക്തിതലത്തില്‍ സമാര്‍ജിക്കേണ്ട സ്വര്‍ഗലോകം പ്രാപ്തമാക്കേണ്ടത് നശ്വരമായ ഭൗതികജീവിതത്തിന്റെ വിമലീകരണത്തിലൂടെ മാത്രമാണെന്നര്‍ഥം. ഇത് അതിശയകരമായ ഒരു ജീവിത വീക്ഷണമാണ്. ഏതുതരം ഭൗതിക പ്രത്യയശാസ്ത്രങ്ങളും ഇതുവരെ മുന്നോട്ടുവെക്കാത്ത അത്യുജ്ജ്വലമായൊരു ജീവിതസമീപനമാണത്. അതു തീര്‍ത്തും യുക്തിസഹവും സമുന്നതവുമാണ്. ഭൂമിയില്‍ സ്വര്‍ഗം, ആകാശത്തും സ്വര്‍ഗം. ഭൂമിയില്‍ സ്വര്‍ഗം ഉചിതമായ വിധം നാമുണ്ടാക്കണം. എന്നാല്‍, ആകാശത്തെ സ്വര്‍ഗം സ്രഷ്ടാവിന്റെ സമ്മാനമായി ലഭിക്കുക തന്നെ ചെയ്യും.
ആദം കുടുംബത്തിന്റെ ഭൂവാസത്തെ തത്ത്വശാസ്ത്രപരമായി വിശകലനം ചെയ്തുകൊണ്ട് മഹാകവി ഇഖ്ബാല്‍ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. അപരിമേയമായ സ്വര്‍ഗീയ ജീവിതം ആദം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സ്വര്‍ഗത്തു നിന്ന് തിരിച്ചിറങ്ങുമ്പോള്‍ ആദം സ്രഷ്ടാവിനെ നോക്കി പറഞ്ഞുപോല്‍, 'നിന്റെ ഔദാര്യമായി ലഭിക്കുന്ന സ്വര്‍ഗം ഞങ്ങള്‍ക്കു വേണ്ട, ഞങ്ങളുടെ സ്വര്‍ഗം ഞങ്ങള്‍ ഭൂമിയില്‍ അധ്വാനിച്ചു നേടും.' ഇത് ഇഖ്ബാലിന്റെ കാല്‍പ്പനിക നിരീക്ഷണമാണെങ്കിലും സത്യത്തില്‍ ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യസാക്ഷാത്കാരം ഈ നിരീക്ഷണത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. കര്‍മജീവിതത്തെ വിശ്വാസദാര്‍ഢ്യത്തിന്റെയും  അനുഷ്ഠാനത്വരകങ്ങളുടെയും അകമ്പടികളോടെ സാമൂഹിക ജീവിത നവീകരണത്തിലേക്ക് പടര്‍ത്തി വികസിപ്പിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ഇന്ന് ഈ പെരുന്നാള്‍ സുദിനത്തെ സംബന്ധിച്ച് ആലോചിക്കുമ്പോഴും മേല്‍ നിരീക്ഷണം തന്നെയാണ് പ്രസക്തമാകുന്നത്. എന്താണ് പെരുന്നാളിന്റെ സുഗന്ധപൂര്‍ണിമ ആവിഷ്‌കരിക്കുന്നത്? പെരുന്നാള്‍ ദിനം നമുക്കു നല്‍കേണ്ടത് ആഹ്ലാദത്തിന്റെയും സഫലതയുടെയും പൂര്‍ണതയാണ്. ഏറെ തിക്തമായ ആത്മീയസാധകത്തിലൂടെ സ്വന്തം രക്ഷിതാവിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന മനുഷ്യന്‍ മോക്ഷപ്രാപ്തനാകേണ്ടതിന് ഒരു കൂട്ടം സാമൂഹിക കടമ്പകള്‍ കൂടിയുണ്ട്. അഥവാ ജീവിതമോക്ഷമെന്നത് കേവലാനുഷ്ഠാനങ്ങളെ ഉത്സവം പോലെ ആഘോഷിക്കലല്ല. അതിനു പൂര്‍ണത വരുന്നത് സാമൂഹിക ബാധ്യതകളുടെ ലൗകിക നിര്‍വഹണം കൂടി നടക്കുമ്പോഴാണ്. ഈ ബാധ്യതാ നിര്‍വഹണത്തിന്റെ അലൗകിക സന്ദര്‍ഭം തന്നെയാണ് പെരുന്നാളുകള്‍.
'വിശുദ്ധമായൊരു നാട്. സ്‌നേഹമയിയായ ദൈവവും.' ഇസ്‌ലാമിന്റെ സാമൂഹിക ദേശ സങ്കല്‍പ്പങ്ങളുടെ തനത് ഈ വിശുദ്ധവാക്യത്തില്‍ സുതരാം വ്യക്തമാണ്. സ്രഷ്ടാവിനെ വണങ്ങുന്ന ജനത. സുഭിക്ഷവും സുരക്ഷിതത്വവും പൊലിക്കുന്ന ദേശവും. സാമൂഹിക ബാധ്യതകളെ പേര്‍ത്തും പേര്‍ത്തും നെഞ്ചേറ്റിയ മനുഷ്യസമൂഹം. ഇസ്‌ലാമിന്റെ ദൈവസങ്കല്‍പ്പത്തെ പൂര്‍ണമാക്കുന്നത് ഈയൊരു നിര്‍വഹണത്തിലൂടെ തന്നെയാണ്.
ആദിയില്‍ ഇബ്‌റാഹീം പ്രവാചകന്‍ തന്നെ സാമൂഹികബന്ധിതമായ ഈയൊരു ഇസ്‌ലാമിക സങ്കല്‍പ്പത്തെ ഉജ്ജ്വലമായി പ്രഘോഷിച്ചിട്ടുണ്ട്. കഅ്ബാലയത്തിന്റെ പണിക്കുറകള്‍ തീര്‍ത്ത് ഇബ്‌റാഹീം പ്രവാചകന്‍ നടത്തുന്ന ഏറെ കാതരമായൊരു പ്രാര്‍ഥനയുണ്ട്: 'ഈ നാടിനെ നാഥാ നീ ശാന്തിമന്ത്രം മേയുന്ന ദേശമാക്കണമേ. ഒപ്പം ദേശത്തിന്റെ സന്താനങ്ങള്‍ക്കത്രയും നീ നിര്‍ഭയത്വവും, രുചിമേന്മയുള്ള സമൃദ്ധാഹാരവും പ്രാപ്തമാക്കേണമേ.' ഈ പ്രാര്‍ഥനയുടെ അന്തസ്സാരം സാമൂഹിക ജീവിതത്തില്‍ സത്യസന്ധമായി ആവിഷ്‌കരിക്കാന്‍ നിതാന്തമായി വേല ചെയ്യുന്നവന്റെ അര്‍ഹതയാണ് പെരുന്നാള്‍. സാമൂഹിക ജീവിതത്തില്‍ സംഭവിക്കേണ്ടത് നിര്‍ഭയത്വത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാളുകള്‍ തന്നെയാണ്. അതുമുഖേന മറുലോകത്ത് സംഗതമാകേണ്ടതോ, അനന്തവും നിതാന്തവുമായ പെരുന്നാളുകള്‍ തന്നെ. സുരക്ഷയും സുഭിക്ഷതയും ഭൂമിയില്‍ പുലരേണ്ടത് ആകാശത്തിന്റെ നിര്‍ണയമാണ്. കാരണം ഇതു സമൂഹത്തിനു ലഭിക്കേണ്ട അവകാശമാണ്. അതിന്റെ അതിരുകള്‍ ഒരിക്കലും ഹ്രസ്വമല്ല. പുല്ലിനും പുഴുവിനും പഴുതാരക്കും വിശ്വാസഭേദമില്ലാതെ എല്ലാ മാനവ സംഘത്തിനും സമ്പൂര്‍ണമായ നിര്‍ഭയത്വവും ഒപ്പം സമൃദ്ധിയും. ഇത് ഇബ്‌റാഹീം പ്രവാചകന്റെ സ്വപ്നമായിരുന്നു. കാരണം അതു വാനലോകത്തിന്റെ നിര്‍ണയം തന്നെ. ഈ സ്വപ്നമാണ് ഇബ്‌റാഹീമിന്റെ പേരക്കിടാവിലൂടെ മദീനയില്‍ അവന്റെ നാഥന്‍ സമ്പൂര്‍ത്തീകരിച്ചത്. ചരിത്രത്തിന്റെ ചിത്രജാലകപ്പാളികള്‍ തുറന്നാല്‍ ആ പ്രഫുല്ലകാലം നമ്മുടെ മുന്നില്‍വന്ന് നൃത്തം ചെയ്യുന്നതു കാണാം. ഈ സമ്പൂര്‍ത്തിയുടെ ആഘോഷം കൂടിയാണ് പെരുന്നാള്‍.
അറേബ്യന്‍ ഗോത്രജീവിതത്തിലെ സ്വകീയമായ അനിവാര്യതയായിരുന്നു അവരോരോരുത്തരും കൈവശം വെച്ചിരുന്ന ആയുധം. വാളും കഠാരകളും മരുഭൂമിയിലെ ജീവിതായോധനങ്ങളില്‍ അവര്‍ക്കനിവാര്യമായിരുന്നു. ഗോത്രജീവിതത്തിന്റെ കുടിപ്പകയിലും കാര്‍ഷിക വാണിജ്യ അന്വേഷണത്തിന്റെ ബദ്ധപ്പാടിലും അതവര്‍ക്കാവശ്യമായി. സമാധാനകാലങ്ങളിലും ആയുധം അവര്‍ക്ക് അവയവം പോലെ അനിവാര്യമായി. ഇത്തരം ആയുധ സന്നാഹങ്ങള്‍ ഒന്നും പാടില്ലെന്നു പ്രവാചകന്‍ കണിശമായി വിലക്കിയതു ഒന്നു ഹറമിലും പിന്നെ പെരുന്നാള്‍ ദിനത്തിലുമാണ്. പെരുന്നാള്‍ ദിനത്തില്‍ മനുഷ്യരും മനുഷ്യേതര സമൂഹങ്ങളും ആയുധങ്ങളേതുമില്ലാതെ സുരക്ഷിതരും നിര്‍ഭയരും ആയിരിക്കണം. ഒപ്പം സമൃദ്ധിയും. ഏതുതരം സമൂഹ നിര്‍മിതിയാണ് ഭൂമിയില്‍ മനുഷ്യര്‍ക്കുവേണ്ടി അല്ലാഹു ഉദ്ദേശിക്കുന്നതെന്ന് ഇതില്‍ നിന്ന് ഉരുത്തിരിയുന്നു.
അതുകൊണ്ടു തന്നെയാണ് പെരുന്നാള്‍ ദിനത്തില്‍ പ്രവാചകന്‍ കണിശമായും സ്വന്തം മസ്ജിദിന്റെ ചതുരത്തില്‍ നിന്ന് പൊതുസമൂഹത്തെയുമായി നഗരത്തിന്റെ തുറസ്സിലേക്കു സഞ്ചരിച്ചത്. പള്ളിയും പ്രാര്‍ഥനയും വിലക്കപ്പെട്ടവരെ കൂടി ഉള്‍പ്പെടുത്തി വിശ്വാസ സാഹോദര്യം വിളംബരപ്പെടുത്തുക കൂടിയായിരുന്നു അദ്ദേഹം.
ചിരിക്കാത്ത, ഫലിതം പറയാത്ത, ആഹ്ലാദത്തില്‍ ഉന്മേഷിതരാകാത്ത ഏതു സമൂഹവും രോഗഗ്രസ്ഥമായിരിക്കും. ഇസ്‌ലാം ഇതൊരിക്കലും അഭിലഷിക്കുന്നില്ല. പകരം സന്തോഷിക്കുന്ന, നര്‍മം പൂക്കുന്ന, സമചിത്തത കൈവെടിയാത്തൊരു സമൂഹ നിര്‍മിതിയാണ് ഇസ്‌ലാമിക മൂല്യവ്യവസ്ഥ മുന്നോട്ടു വെക്കുന്നത്. അതില്‍ നിയന്ത്രണങ്ങള്‍ താരതമ്യേന ലഘുവും സാധാരണവുമാണ്. പെരുന്നാളുകളില്‍ അത്തരം ഗൗരവം ഒന്നുകൂടി ലഘൂകൃതമാകുന്നു. അതുകൊണ്ടു കൂടിയാണ് നിയന്ത്രണങ്ങള്‍ മേയുന്ന പള്ളിയറകളില്‍ നിന്ന് അന്നേദിവസം പ്രവാചകന്‍ അനുയായികളെ ഇറക്കിക്കൊണ്ടുപോയത്.
അപരരുടെ സംഘര്‍ഷങ്ങളില്‍ സാന്ത്വനവും അവരുടെ സന്തോഷങ്ങളില്‍ പങ്കാളിത്തവും പ്രയോഗതലത്തില്‍ വികസിപ്പിക്കുമ്പോഴാണ് സാമൂഹികജീവിതത്തിന്റെ ഉല്‍ക്കര്‍ഷം സമഗ്രതയില്‍ കാണാനാവുക. അന്ന് ഉണ്ണാത്തവരും ഉടുക്കാത്തവരും ഇല്ലാത്തവിധം സമൂഹത്തെ അനുഷ്ഠാനങ്ങളുടെ ബലിഷ്ഠകവചം കൊണ്ട് വിശ്വാസി സുരക്ഷിതമാക്കുന്നു. എന്നിട്ടവരെ പൊതുമണ്ഡലത്തില്‍ ഒന്നിച്ചണിനിരത്തുന്നു. അപ്പോഴാണ് ഒരു ജനസഞ്ചയത്തിന് സന്തോഷിക്കാന്‍ കഴിയുക. എന്നിട്ട് നിര്‍ഭയത്വവും സമൃദ്ധിയും ഒപ്പം സന്തോഷവും നല്‍കിയ ദൈവത്തെ നിരങ്കുശമായി നമിക്കുന്നു. അപ്പോള്‍ ഭൂമിയില്‍ മനുഷ്യന്റെ നിയോഗം പൂര്‍ണമായി. അങ്ങനെ സംഭവിക്കുമ്പോഴും സംഭവിക്കാന്‍ അധ്വാനിക്കുമ്പോഴും ലഭിക്കുന്ന അഭൗതികഫലസിദ്ധിയാണ് ആകാശത്തിലെ സ്വര്‍ഗം. അഥവാ ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍ ദൈവമാര്‍ഗത്തില്‍ സഞ്ചാരം ചെയ്യുന്നവര്‍ക്ക് അവരുടെ നാഥന്‍ പകരം നല്‍കുന്ന പ്രതിഫലമാണ് സ്വര്‍ഗം. ഈ സ്വര്‍ഗജീവിതത്തിന്റെ ഭൗതികമായ ദൃശ്യബിംബമാണ് ഇസ്‌ലാമിലെ ആഘോഷങ്ങള്‍.
ഇങ്ങനെ സംഭവിക്കണമെങ്കില്‍ മനുഷ്യജീവിതത്തിന്റെ പ്രവാഹഗതിയില്‍ നിന്ന് സ്വാര്‍ഥതയെയും അഹംബോധത്തെയും തെറിപ്പിച്ചുകളയണം. ആറാത്ത ആര്‍ത്തിയുമായി കിതച്ചോടുന്നതിനോട് മനുഷ്യനെ സാമ്യപ്പെടുത്തിയത് വെറുതെയല്ല. സ്വര്‍ണത്തിന്റെ ഒരു താഴ്‌വര  സ്വന്തമായാല്‍ അതിനേക്കാള്‍ വലിയതൊന്നുകൂടി അതേ നിമിഷത്തില്‍ കാമിക്കുക മനുഷ്യസഹജമാണ്. ഈ ആര്‍ത്തി ശമനപ്പെടണമെങ്കില്‍ അവന്‍ മണ്ണോടു ചേരണം. മനുഷ്യാവസ്ഥയെ സംബന്ധിച്ച പൊതുനിരീക്ഷണമാണിത്. ഇത്തരം അളിഞ്ഞ സ്വാര്‍ഥതയില്‍ നിന്ന് മാനവ ജീവിതത്തെ വിമലീകരിക്കുകയും സാമൂഹിക ഉത്ഥാനത്തിന്റെയും പാരസ്പര്യങ്ങളുടെയും ഉയര്‍ന്ന പീഠങ്ങളില്‍ പ്രതിഷ്ഠിക്കുകയുമാണ് ഇസ്‌ലാം ചെയ്യുന്നത്. ഇതിന്റെ ചേതോഹരമായ ആവിഷ്‌കാരം തന്നെയാണ് പെരുന്നാള്‍.
അഥവാ മനുഷ്യന്‍ എത്ര സാന്ദ്രതയിലാണോ ദൈവത്തിലേക്കു രൂഢമാകുന്നത് അതിനേക്കാളേറെ അവന്‍ സഹജീവികളിലേക്ക് ആശ്ലേഷിക്കപ്പെടണം. അങ്ങനെ പ്രപഞ്ചനാഥനെ പുണര്‍ന്നും സഹജീവികളെ പുരസ്‌കരിച്ചും കന്മഷങ്ങളില്ലാതെ ഭൂമിയില്‍ ജീവിച്ചു തീര്‍ക്കുക. ഇതാണ് ആദം സന്താനങ്ങളുടെ ഭൂമിയിലെ നിയോഗം. ഇതു തന്നെയാണ് പെരുന്നാളുകള്‍ നമ്മോട് പറഞ്ഞുതരുന്നത്, അല്ലാഹു അക്ബര്‍.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ത്വാഹാ