Prabodhanm Weekly

Pages

Search

2011 മെയ് 28

അഴിമതിക്കെതിരായ പോരാട്ടം

അഹ്മദ് അബ്ദുര്‍റഹ്മാന്‍ സ്വൂയാന്‍*

ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ ചില അറബ് ഭരണാധികാരികള്‍ അഴിമതിക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അഴിമതി അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു എന്നതിന്റെ വ്യംഗ്യമായ കുറ്റസമ്മതമായി ഈ പ്രഖ്യാപനത്തെ കാണാവുന്നതാണ്.
അടിമുടി അഴിച്ചുപണിയുമെന്ന ഇവരുടെ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കപ്പെടാതെ പരാജയപ്പെട്ടുപോകുന്നത് എന്തുകൊണ്ടാണ്?
അടിസ്ഥാനപരമായി പല കാരണങ്ങളുണ്ട്.
ഒന്ന്, പലപ്പോഴും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണവ. നടപ്പിലാക്കാനുള്ള ആത്മാര്‍ഥതയോ ആര്‍ജവമോ ഇഛാശക്തിയോ അവക്ക് പിന്നിലുണ്ടാവില്ല. ജനങ്ങളുടെ രോഷം തണുപ്പിക്കാനുള്ള മീഡിയാ പ്രചാരണകോലാഹലമായി അത് തരം താഴുന്നു.
രണ്ട്, സമൂഹത്തില്‍ ആഴത്തില്‍ വേരോടിയ ഒന്നാണ് അഴിമതി. അതിന്റെ ചില്ലകളും കമ്പുകളും പടര്‍ന്നു പന്തലിച്ചിരിക്കുന്നു. ഇന്നത് വ്യക്തിപരമായ ഒരേര്‍പ്പാടല്ല. പഴക്കം ചെന്ന, വളരെ വ്യവസ്ഥാപിതമായ സ്ഥാപനം പോലെ പ്രവര്‍ത്തിക്കുന്ന ഒന്നാണത്. അടിവേരുകള്‍ പിഴുതെടുത്തുകൊണ്ടുള്ള ഒരു നീക്കമേ എന്തെങ്കിലും ഫലം ചെയ്യൂ.  ഭാഗികമോ താല്‍ക്കാലികമോ ആയ നടപടികള്‍ നിലവിലുള്ള അവസ്ഥക്ക് കാര്യമായ മാറ്റമൊന്നും വരുത്തുകയില്ല. തൊലിപ്പുറമെ ചില മാറ്റങ്ങളൊക്കെ കണ്ടെന്നു വരാം. എന്നാലത് വളരെ പെട്ടെന്ന് തന്നെ പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുകയും ചെയ്യും.
മൂന്ന്, അഴിമതിയുടെ പ്രായോജകരായി വലിയൊരു വിഭാഗമുണ്ട്. ഇതാണ് ഈ സാമൂഹിക തിന്മക്ക് തഴച്ചുവളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുന്നത്. വ്യവസ്ഥിതിക്ക് അകത്തുള്ള ഈ വിഭാഗം, ഒരിക്കലും അഴിച്ചുപണിയാനുള്ള ശ്രമങ്ങളെ അനുകൂലിക്കില്ലെന്ന് മാത്രമല്ല, ഇവരെല്ലാം ഒറ്റക്കെട്ടായി പരസ്പരം സഹായിച്ചുകൊണ്ട് ആ ശ്രമങ്ങളെ തുരങ്കം വെക്കുകയും ചെയ്യും. തങ്ങള്‍ വാരിക്കൂട്ടിയ സമ്പത്ത് സംരക്ഷിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ല. ജനങ്ങള്‍ പട്ടിണിയിലേക്കും പിന്നാക്കാവസ്ഥയിലേക്കും എടുത്തെറിയപ്പെടുന്നതോ ഏകാധിപത്യത്തിന്റെ കരാള ഹസ്തങ്ങളില്‍ കിടന്ന് പിടയുന്നതോ ഈ അഴിമതി വീരന്മാര്‍ക്ക് പ്രശ്‌നമേയല്ല! അഴിമതിയിലും അധാര്‍മിക വൃത്തികളിലും പരസ്പരം തുണയാളാകുന്നവരെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ''ചെകുത്താന്മാരുടെ സഹോദരന്മാര്‍ അവരെ ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴക്കുന്നു. അവരെ വഴിപിഴപ്പിക്കുന്നതില്‍ ഒരു കുറവും വരുത്തുന്നതുമല്ല'' (അല്‍അഅ്‌റാഫ് 202).
നാല്, അഴിമതിയെ താങ്ങിനിര്‍ത്തുന്നത് അഞ്ച് തൂണുകളാണ്.
എ. അഴിമതിക്കെതിരെ നിര്‍മിച്ചുവെച്ചിരിക്കുന്ന അതീവ ദുര്‍ബല നിയമങ്ങള്‍. ഏത് നിയമവും ദുര്‍വ്യാഖ്യാനിച്ച് രക്ഷപ്പെടാം. അല്ലെങ്കില്‍ കൈക്കൂലി കൊടുത്ത് മറികടക്കാം. ഓരോ നിയമത്തിലും രക്ഷപ്പെടാനുള്ള പഴുതുകള്‍ അനവധി.
ബി. ബാഹ്യ സമ്മര്‍ദമോ ഇടപെടലോ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അഴിമതിവിരുദ്ധ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം.
സി. വ്യക്തിതാല്‍പര്യത്തിന് വേണ്ടി അധികാരത്തെയും സ്ഥാനമാനങ്ങളെയും ചൂഷണം ചെയ്യാനുള്ള പ്രവണത. ഭരണാധികാരം കൈയടക്കുന്നവര്‍ അഴിമതിക്കാരാവുന്നത് കൊണ്ട് സംഭവിക്കുന്നതാണിത്.
ഡി. അഴിമതിക്കെതിരെയുള്ള ശിക്ഷാ നടപടികളുടെ അഭാവമോ അവയുടെ കാഠിന്യമില്ലായ്മയോ.
ഇ. രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങള്‍ സുതാര്യമല്ലാതിരിക്കുക. എന്തൊക്കെ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് ജനത്തിന് പൂര്‍ണമായ വിവരം ലഭിക്കാതിരിക്കുക.
ഇപ്പറഞ്ഞ അഞ്ച് കാര്യങ്ങളിലേതെങ്കിലുമൊന്ന് സ്പര്‍ശിക്കാതിരുന്നാല്‍ മതി, ആ അഴിമതി വിരുദ്ധ സംരംഭം പൊളിയുമെന്ന് ഉറപ്പ്.
അഞ്ച്, അഴിമതിവിരുദ്ധ വേട്ടയില്‍ പലപ്പോഴും കുടുങ്ങാറുള്ളത് ചെറുമീനുകളാണ്. കൊമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടും. അഴിമതിയുടെ പ്രഭവകേന്ദ്രങ്ങളായ ഈ വന്‍തോക്കുകളെ തൊടാനേ കഴിയില്ല. ഇതിനെക്കുറിച്ച് പ്രവാചകന്‍ നേരത്തെ മുന്നറിയിപ്പ് തന്നിട്ടുണ്ട്: ''നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ നശിച്ചുപോയത് എങ്ങനെയെന്ന് അറിയേണ്ടേ? അവരിലെ ഉന്നത സ്ഥാനീയനാണ് കളവ് നടത്തിയതെങ്കില്‍ അയാളെ വെറുതെ വിടും. ദുര്‍ബലനാണ് കളവ് നടത്തിയതെങ്കില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യും'' (ബുഖാരി, മുസ്‌ലിം).
ആറ്, ഉത്തരവാദിത്വമില്ലായ്മയും മൂല്യച്യുതിയും അഴിമതിയെ സ്ഥാപനവത്കരിച്ചിരിക്കുന്നു. അഴിമതിയുടെ മുഖം മിനുക്കി അതിനെ സുന്ദരമായി അവതരിപ്പിക്കുന്ന ചില 'വിദഗ്ധന്മാരു'ണ്ട്. ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു. ''അവര്‍ സംസാരിച്ചാല്‍ ആ സംസാരം താങ്കള്‍ കേട്ടിരുന്നുപോകും'' (63:4). പക്ഷേ, അവരുടെ പ്രവൃത്തികളും വാക്കുകളും തുറന്നു കാണിച്ചാല്‍ അവ എത്ര അധാര്‍മികമാണെന്ന് ജനത്തിന് ബോധ്യമാവും. വിശുദ്ധിയുടെ മുഖംമൂടി അഴിഞ്ഞു വീഴുകയും ചെയ്യും. ''അവരുടെ സംസാര ശൈലിയില്‍ നിന്ന് താങ്കള്‍ക്കവരെ മനസ്സിലാക്കാനാവും'' (47:30). ഇത്തരക്കാര്‍ക്കെതിരെയുള്ള നീക്കം വളരെ ജാഗ്രതയോടെ വേണം. ധൈര്യവും മനസ്സുറപ്പും അതിന് ആവശ്യമാണ്. കൂട്ടായ നീക്കത്തിലൂടെ മാത്രമേ ഇവരെ തുറന്നു കാണിക്കാനാവൂ.
ഏഴ്, അഴിമതി തടയാന്‍ ഏര്‍പ്പെടുത്തിയ ഭരണ സംവിധാനങ്ങളുടെ പിടിപ്പുകേട് വലിയൊരു പ്രശ്‌നം തന്നെയാണ്. ''നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളില്‍, ഭൂമിയില്‍ അധര്‍മമാചരിക്കുന്നത് തടയുന്ന സജ്ജനങ്ങളുണ്ടാവാതിരുന്നതെന്തുകൊണ്ട്?'' (11:116) എന്ന ഖുര്‍ആനിക സൂക്തം എത്ര കാലിക പ്രസക്തം.
അഴിമതിക്കും അന്യായത്തിനുമെതിരെയുള്ള സമരം താല്‍ക്കാലികമോ ക്ഷണികമോ ആയിക്കൂടാ. കേവല പ്രതികരണങ്ങളില്‍ അത് ഒതുങ്ങുകയുമരുത്. ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന രാഷ്ട്രീയ മുദ്രാവാക്യമായി ആ പോരാട്ടം തരംതാഴാനും പാടില്ല. ഭരണാധികാരിയെയും ഭരണീയരെയും രക്ഷപ്പെടുത്തുന്ന, നാടിനെയും നാട്ടാരെയും സംരക്ഷിക്കുന്ന ഉത്തരവാദിത്വബോധം ഉണ്ടാക്കിയെടുക്കാന്‍ അതിലൂടെ കഴിയണം. ''ഭൂമിയില്‍ അഹങ്കാരികളാകാനും നാശമുണ്ടാക്കാനും ആഗ്രഹിക്കാത്തവരായ ജനത്തിനു മാത്രമാകുന്നു നാം ആ  പരലോക ഭവനം നല്‍കുക'' (28:83).

-----------------------------------------

* അല്‍ബയാന്‍ അറബി മാഗസിന്റെ എഡിറ്റര്‍, ഇസ്‌ലാമിക പത്രപ്രവര്‍ത്തക കൂട്ടായ്മ (റാബിത്വത്തുസ്സ്വഹാഫതില്‍ ഇസ്‌ലാമിയ്യ)യുടെ അധ്യക്ഷന്‍

Comments