Prabodhanm Weekly

Pages

Search

2011 മെയ് 28

മുസ്‌ലിം ജനസംഖ്യയിലെ പ്രവണതകള്‍

സി. ദാവൂദ്

ജനസംഖ്യയുടെ ദൈവശാസ്ത്രം-3
2004 സെപ്റ്റംബര്‍ ആറിന് അന്നത്തെ സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യ ജെ.കെ ബാന്ധിയ ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനം ഓര്‍മയുണ്ടോ? രാജ്യമെങ്ങും വിവാദങ്ങളുടെ പെരുമഴ തീര്‍ത്ത പത്രസമ്മേളനമായിരുന്നു അത്. സെന്‍സസ് 2001-ന്റെ മതം തിരിച്ച കണക്ക് (First Report on Religion Data) അന്നാണ് അദ്ദേഹം പുറത്തു വിട്ടത്. ബാന്ധിയയുടെ കണക്ക് പ്രകാരം 1991-2001 കാലത്തെ ഇന്ത്യന്‍ മുസ്‌ലിംകളുടെ വളര്‍ച്ചാ നിരക്ക് 36 ശതമാനം. ഹിന്ദുക്കളുടെ വളര്‍ച്ചാ നിരക്ക് 20.3 ശതമാനം. ദേശീയ ശരാശരിയാവട്ടെ 22.7 ശതമാനവും. സംഘ്പരിവാറും ദേശീയ മാധ്യമങ്ങളും മുസ്‌ലിംവളര്‍ച്ചയുടെ 'ഞെട്ടിക്കുന്ന' കണക്കുകള്‍ നിരത്തി വിവാദങ്ങളുടെ പ്രളയം സൃഷ്ടിച്ചു. മുസ്‌ലിംകള്‍ 'പെറ്റുപെരുകുന്നതിനെ'ക്കുറിച്ച് തങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്ന നിലപാടുകളെ സെന്‍സസ് കമീഷണര്‍ തന്നെ അംഗീകരിച്ചതിലുള്ള ആഹ്ലാദത്തിലായിരുന്നു സംഘ്പ്രചാരകര്‍. പക്ഷേ, വിവാദത്തിന് 24 മണിക്കൂറിന്റെ ആയുസ്സ് പോലുമുണ്ടായില്ല. കാരണം ലളിതം. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരില്‍ 1991-ല്‍ സെന്‍സസ് നടന്നിരുന്നില്ല. 2001-ല്‍ നടന്നു. 1991-ല്‍ ഇല്ലാത്ത ജമ്മു കശ്മീരിലെ ജനസംഖ്യകൂടി 2001-ല്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇത്രയും ഭീകരമായ 'പെറ്റുപെരുകല്‍' സംഭവിച്ചത്. ഇക്കാര്യം പെട്ടെന്ന് തന്നെ കണ്ടെത്താനും തെറ്റുതിരുത്താനും അധികൃതര്‍ സന്നദ്ധമായതോടു കൂടി ഹിന്ദുത്വ/മാധ്യമ പ്രചാരണത്തിന്റെ മുനയൊടിഞ്ഞു. കശ്മീര്‍ കണക്കുകള്‍ കൂടി പരിഗണിച്ച് സെന്‍സസ് ഡാറ്റ പുനഃക്രമീകരിച്ചപ്പോള്‍ വന്ന കണക്ക് ഇങ്ങനെ: മുസ്‌ലിം വളര്‍ച്ചാ നിരക്ക് 29.3 ശതമാനം, ഹിന്ദു വളര്‍ച്ചാ നിരക്ക് 20 ശതമാനം, ദേശീയ ശരാശരി 21.5 ശതമാനം. അതായത്, 1981-'91 കാലത്തുണ്ടായിരുന്ന വളര്‍ച്ചാ നിരക്കായ 32.9 ശതമാനത്തില്‍ നിന്ന് 29.3 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുകയാണ് മുസ്‌ലിം വളര്‍ച്ചാ നിരക്ക്. പത്ത് വര്‍ഷം കൊണ്ട് 3.6 ശതമാനം കീഴ്‌പ്പോട്ടാണ് മുസ്‌ലിം വളര്‍ച്ചാ നിരക്ക്. ദേശീയ ശരാശരിയേക്കാളും ഹിന്ദു വളര്‍ച്ചാ നിരക്കിനേക്കാളും അധികമായിരിക്കുമ്പോഴും മൊത്തത്തില്‍ വളര്‍ച്ചാ നിരക്ക് കുറയുന്നതാണ് മുസ്‌ലിം ജനസംഖ്യയിലെ പ്രവണത എന്നര്‍ഥം. മുസ്‌ലിം വളര്‍ച്ചാ നിരക്കില്‍ ഓരോ വര്‍ഷവും ക്രമാനുഗതമായ കുറവാണ് സംഭവിക്കുന്നതെന്ന് ഏത് കണക്കുകള്‍ പരിശോധിച്ചാലും കാണാന്‍ കഴിയും. ചില സന്ദര്‍ഭങ്ങളിലെങ്കിലും വളര്‍ച്ചാ നിരക്ക് മറ്റു സമൂഹങ്ങളിലുള്ളതിനേക്കാള്‍ കുറയുന്നത് മുസ്‌ലിംകളിലാണെന്നതും കാണാന്‍ കഴിയും. 1981-'91 വര്‍ഷത്തില്‍ 22.8 ശതമാനമായിരുന്നു ദേശീയ തലത്തിലെ ഹിന്ദു വളര്‍ച്ചാ നിരക്കെങ്കില്‍ 1991-2001 വര്‍ഷത്തില്‍ അത് 20 ശതമാനമായാണ് കുറഞ്ഞത്. അതായത്, 2.8 ശതമാനത്തിന്റെ കുറവ്. അതേസമയം ഇതേ കാലയളവിലെ മുസ്‌ലിം വളര്‍ച്ചാ നിരക്കില്‍ 3.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതേ യാഥാര്‍ഥ്യം തന്നെയാണ് കേരളത്തിലെ സ്ഥിതി പരിശോധിച്ചാലും കാണാന്‍ കഴിയുക. (ഇതോടൊപ്പം ചേര്‍ത്ത ടേബ്ള്‍ കാണുക)
1991-ലെ മുസ്‌ലിം വളര്‍ച്ചാ നിരക്ക് കേരളത്തില്‍ 25.49 ആയിരുന്നെങ്കില്‍ 2001-ല്‍ അത് 15.84ലേക്ക് കൂപ്പ് കുത്തുകയാണ്. അതായത്, 9.65 ശതമാനത്തിന്റെ കുറവാണ് മുസ്‌ലിം വളര്‍ച്ചാ നിരക്കില്‍ കാണുന്നത്. എന്നാല്‍, ഇതേ കാലയളവില്‍ ക്രിസ്ത്യന്‍ വളര്‍ച്ചാ നിരക്ക് 7.42 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് കുറഞ്ഞത്. അതായത്, വെറും .22 ശതമാനത്തിന്റെ കുറവ്. ഇതേ കാലയളവിലെ ഹിന്ദു വളര്‍ച്ചാ നിരക്ക് 12.62 ശതമാനത്തില്‍ നിന്ന് 7.29 ശതമാനമായി മാത്രമേ കുറഞ്ഞിട്ടുള്ളൂ. 5.33 ശതമാനത്തിന്റെ കുറവ്. ചുരുക്കത്തില്‍ കേരളത്തിലും വളര്‍ച്ചാ നിരക്കിലെ കുറവ് ഏറ്റവും കൂടുതല്‍ കാണിക്കുന്നത് മുസ്‌ലിംകള്‍ക്കിടയിലാണെന്നതാണ് യാഥാര്‍ഥ്യം. ക്രിസ്ത്യാനികള്‍ക്കിടയിലാവട്ടെ വളര്‍ച്ചാ നിരക്കില്‍ വലിയ കുറവ് സംഭവിക്കുന്നില്ല എന്നതാണ് സത്യം. വലിയ കുടുംബത്തെക്കുറിച്ച ബോധവല്‍ക്കരണങ്ങള്‍ സഭക്കകത്ത് വ്യാപകമായി നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇത് മനസ്സിലാക്കപ്പെടണം.
ചങ്ങനാശ്ശേരി ഫാമിലി അപോസ്തലേറ്റ് പ്രസിദ്ധീകരിച്ച 'ജീവന്‍ സംരക്ഷിക്കാനും സമൃദ്ധമാക്കാനും' എന്ന ലഘു ഗ്രന്ഥത്തില്‍ ഈ ടേബ്ള്‍ പ്രസിദ്ധീകരിച്ച ശേഷം എഴുതിയ വാചകങ്ങള്‍ കൗതുകകരമായിരിക്കും: 'കേരളത്തില്‍ എല്ലാ സമൂഹത്തിലും ജനസംഖ്യയുടെ വളര്‍ച്ചാ നിരക്ക് വളരെയധികം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ടല്ലോ? കേരളാ കത്തോലിക്കാ സഭയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന 'ലാര്‍ജ് ഫാമിലി' എന്ന ചിന്ത എല്ലാ മതസ്ഥരുടെ ഇടയിലും രൂപപ്പെടണം. മനുഷ്യ കുലത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ഈ വിപത്തിനെ ജാതിമത ചിന്തയില്ലാതെ നാം ഒന്നിച്ച് ചിന്തിച്ച് പ്രവര്‍ത്തിക്കുകയാണ് കരണീയമായിട്ടുള്ളത്. പിറന്നു വീഴാന്‍ നാമനുവദിക്കാത്ത കുഞ്ഞുങ്ങള്‍ ഒരു ഗാന്ധിയോ മദര്‍ തെരേസയോ മൊസാര്‍ട്ടോ ബീഥോവനോ മൈക്കല്‍ ആഞ്ചലോയോ ഐന്‍സ്റ്റീനോ ആകാം. ഒരു കബീറോ തുളസീദാസോ ഫ്രാന്‍സിസ് അസീസിയോ അടുത്ത തലമുറയില്‍ ജനിക്കുന്നത് നാം തടയാന്‍ പാടില്ല. കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും പ്രയോജനമുള്ള ബുദ്ധിശക്തിയും കഴിവുമുള്ള കുഞ്ഞുങ്ങള്‍ അടുത്ത തലമുറയില്‍ ജനിക്കാന്‍ നമുക്ക് അനുവദിക്കാം. അങ്ങനെ നല്ല മത, രാഷ്ട്ര നേതാക്കളുണ്ടാവട്ടെ' (പേജ് 11-12).
മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തെ വളര്‍ച്ചാ നിരക്കിലെ മാറ്റങ്ങള്‍ പരിശോധിച്ചാലും ഇതേ പ്രവണതയാണ് കാണാന്‍ കഴിയുക. 1971-'81ല്‍ 29.4 ശതമാനം, 1981-'91ല്‍ 20.9 ശതമാനം, 1991-2001ല്‍ 17.2 ശതമാനം എന്നിങ്ങനെ പോവുന്നു മലപ്പുറത്തെ വളര്‍ച്ചാ നിരക്കിന്റെ കണക്കുകള്‍. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വേണ്ടി അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി മുസ്‌ലിംകള്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നുവെന്ന പ്രചാരണങ്ങളെ അപ്പാടെ തള്ളിക്കളയുന്നതാണ് മുസ്‌ലിം വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട മുഴുവന്‍ കണക്കുകളും.
ക്രിസ്ത്യന്‍ സഭയും ചില ഹിന്ദുത്വ സംഘടനകളും നടത്തുന്നത് പോലെ, ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങള്‍ ഏതെങ്കിലും മുസ്‌ലിം സംഘടന നടത്തിയതിന്റെ ഒരു ചെറുതെളിവ് പോലും ഹാജരാക്കാന്‍ കഴിയില്ല. അതേ സമയം, വളര്‍ച്ചാ നിരക്കില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുമ്പോഴും ജനസംഖ്യാ വര്‍ധനവില്‍ മുസ്‌ലിംകള്‍ ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണെന്നത് യാഥാര്‍ഥ്യമാണ്. ജനസംഖ്യാ പഠനത്തിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പൂജ്യം മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികളുടെ എണ്ണം. ഈ പ്രായഘടനയിലുള്ളവരുടെ എണ്ണത്തില്‍ മുസ്‌ലിംകള്‍ ആനുപാതികമായി മുന്നിലാണ്. ജനസംഖ്യാ വര്‍ധനവിനെ നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണിത്.
ഏതെങ്കിലും മുസ്‌ലിം സംഘടനയോ വിഭാഗമോ ബോധപൂര്‍വം നടത്തുന്ന കൃത്രിമ ജനസംഖ്യാ വര്‍ധന പരിപാടിയുടെ ഭാഗമായല്ല ഇത് സംഭവിക്കുന്നത്. തീര്‍ത്തും ജൈവികമായ ഒരു പ്രതിഭാസമെന്ന നിലയിലാണ് മുസ്‌ലിം ജനസംഖ്യാ പ്രവണതകളെ മനസ്സിലാക്കേണ്ടത്. പലരും മുമ്പ് ചെയ്യുകയും ഇപ്പോള്‍ കുമ്പസരിക്കുകയും ചെയ്യുന്നത്  പോലെ, ജനസംഖ്യ കുറക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടായിട്ടില്ല. ഇന്ന് പലരും നടപ്പാക്കാന്‍ ശ്രമിക്കുന്നത് പോലെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ എന്തെങ്കിലും കൃത്രിമ പദ്ധതികളും മുസ്‌ലിം സമൂഹത്തില്‍ നടപ്പാക്കിയിട്ടില്ല. തികച്ചും നൈസര്‍ഗികവും സ്വാഭാവികവുമായ പ്രക്രിയ എന്ന നിലയില്‍ മാത്രമേ അവര്‍ സന്താനോല്‍പാദനത്തെയും കുടുംബ ജീവിതത്തെയും കണ്ടിട്ടുള്ളൂ. കൃത്രിമമായി ജനസംഖ്യ കുറക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് കൃത്രിമമായി അത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇവ രണ്ടിന്റെയും പ്രേരണാ ഘടകമാവട്ടെ, ജീവിതത്തെക്കുറിച്ച തീര്‍ത്തും കച്ചവടാധിഷ്ടിതവും ഭൗതികവുമായ വ്യാഖ്യാനങ്ങളും കാഴ്ചപ്പാടുകളുമാണ്. മുസ്‌ലിം ജനസംഖ്യയിലെ വര്‍ധനവിനെ സ്വാധീനിക്കുന്ന സ്വാഭാവികമായ ഘടകങ്ങള്‍ ഇവയൊക്കെയാണെന്ന് കാണാം:
1) നേരത്തെയുള്ള വിവാഹവും പ്രസവവും. സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും മറ്റു സമൂഹങ്ങളിലുള്ളതിനേക്കാള്‍ നേരത്തെ വിവാഹിതരാവുന്ന പ്രവണത മുസ്‌ലിംകളില്‍ കൂടുതലാണ്. വിവാഹം മതപരമായ ഒരു പുണ്യകര്‍മമായി മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. സര്‍ക്കാര്‍ ജോലി കിട്ടി 'സെറ്റില്‍' ആയതിന് ശേഷം മാത്രം വിവാഹം കഴിക്കുക എന്ന തികഞ്ഞ ഭൗതിക സമീപനം മുസ്‌ലിം സമൂഹത്തില്‍ അത്ര വ്യാപകമല്ല. വിവാഹ പ്രായമെത്തിയവരെ, ആണാണെങ്കിലും പെണ്ണാണെങ്കിലും വിവാഹം കഴിപ്പിക്കുന്നത് പ്രധാനപ്പെട്ടൊരു സാമൂഹിക ഉത്തരവാദിത്വം എന്ന നിലക്ക് തന്നെ മുസ്‌ലിം സമൂഹം പരിഗണിക്കുന്നു. കുടുംബങ്ങള്‍ മൊത്തത്തില്‍ ഈ വിഷയത്തില്‍ അസാധാരണമായ താല്‍പര്യം കാണിക്കുന്നു.
2) വിധവാ വിവാഹവും പുനര്‍ വിവാഹവും: മറ്റു മതസമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിധവകളും വിവാഹമുക്തരും ജീവിതകാലം മുഴുവന്‍ അങ്ങനെത്തന്നെ തുടരുന്ന പ്രവണത മുസ്‌ലിം സമൂഹത്തില്‍ തീരെയില്ലെന്ന് തന്നെ പറയാം. വിധവകളും വിഭാര്യരും വിവാഹമോചിതരും എത്രയും വേഗം പുനര്‍ വിവാഹം നടത്തുന്നതാണ് സമൂഹത്തിലെ പൊതു ട്രെന്‍ഡ്.
3) സ്ത്രീ തൊഴില്‍ പങ്കാളിത്തത്തിലെ കുറവ്: കുട്ടികളെ പ്രസവിക്കുന്നതിലും വളര്‍ത്തുന്നതിലും തൊഴിലിന് പോകുന്ന സ്ത്രീകള്‍ക്ക് വലിയ പരിമിതികളുണ്ട്. കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ അവര്‍ നിര്‍ബന്ധിതരാണ്. 2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ തൊഴില്‍ പങ്കാളിത്തത്തിലെ മതം തിരിച്ച കണക്ക് ഇങ്ങനെയാണ്: ഹിന്ദുക്കള്‍ 35.7 ശതമാനം. ക്രിസ്ത്യാനികള്‍ 33.9 ശതമാനം. മുസ്‌ലിംകള്‍ 23.2 ശതമാനം. മുസ്‌ലിം സ്ത്രീകളില്‍ മഹാഭൂരിഭാഗവും തൊഴിലിന് പോകാത്തതു കൊണ്ടാണ് ഭീമമായ ഈ അന്തരം. സ്ത്രീകള്‍ തൊഴിലിനു പോകുന്നതില്‍ വിമുഖത കാണിക്കുന്ന സമൂഹത്തില്‍ കുടുംബ പരിപാലനം, കുട്ടികളെ വളര്‍ത്തല്‍ എന്നിവയില്‍ സ്വാഭാവികമായും കൂടുതല്‍ പ്രാമുഖ്യം ലഭിക്കും.
4) ഗര്‍ഭ ഛിദ്രം, ആത്മഹത്യ എന്നിവയിലെ കുറവ്: ആത്മഹത്യ, പെണ്‍കുഞ്ഞുങ്ങളുടെ ഗര്‍ഭഛിദ്രം എന്നിവ ഭൗതികാസക്തരായ എല്ലാ സമൂഹങ്ങളെയും ഏറ്റവും ഭീകരമായി ബാധിച്ച മഹാദുരന്തമാണ്. ഏത് കണക്കുകളെടുത്ത് പരിശോധിച്ചാലും ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ വളരെ പിന്നിലാണെന്ന് കാണാന്‍ കഴിയും.  സെന്‍സസ് 2011-ലെ കണക്ക് പ്രകാരം പൂജ്യം മുതല്‍ ആറ് വയസ്സ് വരെയുള്ളവര്‍ക്കിടയിലെ ലിംഗാനുപാതം 1000:914 ആണ്. അതായത് ആയിരം ആണ്‍ കുഞ്ഞുങ്ങളുള്ളിടത്ത് 914 പെണ്‍കുഞ്ഞുങ്ങള്‍ മാത്രം. പെണ്‍ കുഞ്ഞുങ്ങളെ ഗര്‍ഭത്തിലേ പിടികൂടി കൊലചെയ്യുന്ന ക്രൂരത ആധുനിക ഇന്ത്യയിലും എത്ര വ്യാപകമാണെന്നതിന്റെ ഞെട്ടിക്കുന്ന കണക്കാണിത്.  2001 ലെ സെന്‍സസില്‍ സ്ത്രീ-പുരുഷ അനുപാതം ഹിന്ദുക്കള്‍ക്കിടയില്‍ 1000:931 ഉം മുസ്‌ലിംകള്‍ക്കിടയില്‍ 1000:936 ഉം ആയിരുന്നു. പൂജ്യം മുതല്‍ ആറ് വയസ്സ് വരെയുള്ള പ്രായഘടനയില്‍ ഇത് ഹിന്ദുക്കള്‍ക്കിടയില്‍ 1000: 925 ഉം മുസ്‌ലിംകള്‍ക്കിടയില്‍ 1000:950 ഉം ആണ്. സെന്‍സസ് 2011 ന്റെ മതം തിരിച്ച കണക്ക് പ്രസിദ്ധപ്പെടുത്തുന്ന മുറക്ക് സ്ത്രീ പുരുഷ അനുപാതത്തിലെ മതക്കണക്കിന്റെ പുതിയ മാനങ്ങള്‍ പുറത്ത് വരും. ചുരുക്കത്തില്‍ പെണ്‍കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന കാര്യത്തില്‍ മുസ്‌ലിം സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വാഭാവികത അവരുടെ ജനസംഖ്യാ വളര്‍ച്ചയില്‍ ജൈവികമായ സന്തുലിതത്വം നിലനിര്‍ത്തുന്നുണ്ട്.
ജനസംഖ്യാ വര്‍ധനവില്‍ ആനുപാതികമായി മുന്നില്‍ നില്‍ക്കുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ക്രമാനുഗതമായ കുറവ് സംഭവിക്കുന്നതെന്തു കൊണ്ട് എന്നത് പ്രധാനപ്പെട്ടൊരു ആലോചനാ വിഷയമാണ്. മലപ്പുറം ജില്ലയിലെ മാത്രം വളര്‍ച്ചാ നിരക്കിലെ കുറവ് നേരത്തെ സൂചിപ്പിച്ചു. മുസ്‌ലിംകള്‍ക്കിടയിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ ഇനിയും ഉണ്ടായിട്ടു വേണം. എങ്കിലും പൊതുവായ കാരണങ്ങളെ ഇങ്ങനെ വര്‍ഗീകരിക്കാമെന്നു തോന്നുന്നു.
1) ജനസംഖ്യാ നിയന്ത്രണം എന്ന ദേശീയ നയത്തിന്റെ സ്വാഭാവിക പ്രതിഫലനം: കുട്ടികള്‍ കൂടുന്നത് അപരിഷ്‌കൃതവും പിന്തിരിപ്പനുമാണെന്ന ഭൗതിക യുക്തിയില്‍ സമൂഹത്തിലെ നല്ലൊരു ശതമാനം അകപ്പെടുന്നു. അത്തരം രീതികള്‍ സ്വീകരിക്കുന്ന മറ്റ് സമൂഹങ്ങളുടെ സ്വാധീനം സ്വാഭാവികമായും മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവുന്നു. ക്രിസ്ത്യന്‍ കേന്ദ്രീകൃത ജില്ലകളായ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മുസ്‌ലിം കുടുംബങ്ങള്‍ പരിശോധിച്ചാല്‍ കുടുംബാസൂത്രണം ചിട്ടയോടെ നടപ്പാക്കുന്നതില്‍ മുസ്‌ലിംകള്‍ മറ്റ് സമൂഹങ്ങളെപ്പോലെത്തന്നെയാണെന്ന് കാണാന്‍ കഴിയും.
2) സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ധനവ്: മുസ്‌ലിം സമൂഹത്തിലുണ്ടാവുന്ന വിദ്യാഭ്യാസ ഉണര്‍വിന്റെ സ്വാഭാവിക പ്രതിഫലനമെന്ന നിലക്ക് ജോലിക്ക് പോവുന്ന സ്ത്രീകളുടെ എണ്ണവും ക്രമാനുഗതമായി വര്‍ധിക്കുന്നുണ്ട്. അത് സ്വാഭാവികമായും ജനസംഖ്യാ പ്രവണതകളെയും ബാധിക്കും.
3) പ്രവാസം: കേരളത്തിലെ മുസ്‌ലിം യുവജനങ്ങളില്‍ നല്ലൊരു ശതമാനം പ്രവാസ ജീവിതം നയിക്കുന്നവരാണ്. പ്രവാസികളില്‍ മഹാഭൂരിപക്ഷവും കുടുംബം കൂടെയില്ലാതെ, ഒറ്റക്ക് കഴിയുന്നവരാണ്. ദീര്‍ഘകാലം വേറിട്ടു നില്‍ക്കുന്ന ദമ്പതികള്‍ ഏറ്റവും കൂടുതലുള്ള സമൂഹത്തില്‍ അതിന്റെ പ്രതിഫലനം തീര്‍ച്ചയായും കുട്ടികളുടെ എണ്ണത്തിലുമുണ്ടാവും. പ്രവാസം സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍, ഭക്ഷണ ക്രമത്തിലുണ്ടായ തലതിരിയലുകള്‍, തീര്‍ത്തും വ്യത്യസ്തമായ കാലാവസ്ഥയില്‍ ദീര്‍ഘകാലം താമസിക്കുന്നതു കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്നിവ കാരണം പ്രവാസികള്‍ക്കിടയില്‍ വന്ധ്യതയുടെ നിരക്ക് വര്‍ധിക്കുന്നതായി അനൗപചാരികമായ പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. പ്രവാസികള്‍ക്കിടയിലെ വന്ധ്യതയുടെ നിരക്കിനെക്കുറിച്ച ശാസ്ത്രീയ പഠനങ്ങള്‍ അനിവാര്യമാക്കുന്ന തരത്തില്‍ അതിന്റെ വ്യാപകത്വം ഇന്ന് ദൃശ്യമാണ്. ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സമൂഹമെന്ന നിലക്ക് കേരളത്തിലെ മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്കിനെ അത് എങ്ങനെ ബാധിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട പഠന വിഷയമാണ്.
4) പ്രസവാനന്തര ആരോഗ്യ പ്രശ്‌നങ്ങളുടെ ആധിക്യം: പ്രസവം ഒരു രോഗമായാണ് ഇന്ന് പൊതുവെ മലയാളികള്‍ കാണുന്നത്. പ്രസവവും പ്രസവാനന്തര പരിരക്ഷയും വലിയൊരു വ്യവസായമായി കേരളത്തില്‍ വികസിച്ചിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയുള്ള പ്രസവത്തിന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയെക്കാള്‍ മൂന്നിരട്ടി മുന്നിലാണെന്നാണ് സെന്റര്‍ ഫോര്‍ സോഷ്യോ എക്‌ണോമിക് ആന്റ് എണ്‍വയോന്‍മെന്റല്‍ സ്റ്റഡീസിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് കാണിക്കുന്നത്. മൂന്ന് പ്രസവങ്ങള്‍ നടന്നാല്‍ അതിലൊന്ന് സിസേറിയന്‍ എന്നതാണ് കേരളത്തിലെ അവസ്ഥ. സ്വാഭാവികമായും സിസേറിയന് വിധേയരാകുന്ന സ്ത്രീകള്‍ പ്രസവത്തില്‍ ആരോഗ്യപരമായ നിയന്ത്രണം സ്വീകരിക്കേണ്ടി വരുന്നു. ആശുപത്രികളെ ഏറ്റവുമധികം ആശ്രയിക്കുന്ന ഒരു സമൂഹമെന്ന നിലക്ക് ഇതിന്റെ പ്രതിഫലനവും മുസ്‌ലിം സമൂഹത്തില്‍ വ്യാപകമാണ്. ജനസംഖ്യാ വളര്‍ച്ചാ നിരക്കിലുണ്ടാവുന്ന കുറവിന് ഇതെല്ലാം ഘടകങ്ങളാണ്.
സെന്‍സസ് 2011ന്റെ പൊതുകണക്കുകള്‍ മാത്രമേ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളൂ. മത-ജാതി സെന്‍സസ് വേറെ തന്നെ ഉടനെ നടക്കാന്‍ പോവുകയാണ്. ഇന്ത്യയിലെ ഓരോ ജാതി വിഭാഗത്തിന്റെയും കണക്കുകളടക്കം ശേഖരിക്കുന്ന അപൂര്‍വമായ സെന്‍സസാണ് നടക്കാന്‍ പോവുന്നത്. രാജ്യത്തിന്റെ വിഭവങ്ങളുടെ കുത്തകാധികാരം ആര്‍ക്ക്, വിവിധ സാമൂഹിക വിഭാഗങ്ങളുടെ യഥാര്‍ഥ അവസ്ഥ എന്ത് എന്ന് തുടങ്ങിയ സുപ്രധാനമായ വിവരങ്ങള്‍ വരാനിരിക്കുന്നു. തീര്‍ച്ചയായും വലിയ വിവാദങ്ങളും സംവാദങ്ങളും അത് കൊണ്ടുവരും എന്നതില്‍ തര്‍ക്കമില്ല.  ജനസംഖ്യയെ കുറിച്ച പരമ്പരാഗത കാഴ്ചപ്പാടുകള്‍ കീഴ്‌മേല്‍ മറിഞ്ഞ സന്ദര്‍ഭത്തിലാണ് നാമിന്നുളളത്. ശാസ്ത്രീയ ആധുനികര്‍ ജനസംഖ്യയെക്കുറിച്ച് നമ്മെ പറഞ്ഞു പഠിപ്പിച്ച ഭീതിപ്പെടുത്തുന്ന സിദ്ധാന്തങ്ങള്‍ അവര്‍ തന്നെ പിന്‍വലിച്ചുകൊണ്ടിരിക്കുന്ന കാലം. ജനസംഖ്യാ ഘടനകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അതിനാല്‍ തന്നെ, രാഷ്ട്രീയമായും സാമൂഹികമായും അതീവ പ്രാധാന്യമുള്ള വിഷയങ്ങളാണ്.
(അവസാനിച്ചു)

Comments