Prabodhanm Weekly

Pages

Search

2011 മെയ് 28

ഇലക്ഷന്‍ 2011 തെരഞ്ഞെതെന്ത്, എടുത്തതെന്ത്?

അബൂഫിദല്‍

രിത്രത്തില്‍ ആദ്യമായി ഭരിക്കുന്ന മുന്നണി ശക്തമായ മുന്നേറ്റം നടത്തിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഒരു മുന്നണി ഭരിക്കുന്നു; അടുത്ത തവണ മറ്റേ മുന്നണി വമ്പിച്ച ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരുന്നു എന്ന കേരളത്തിന്റെ സ്ഥിരം പാറ്റേണില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ഭരണ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്നു. വെറും രണ്ട് സീറ്റിന്റെ സാങ്കേതിക ഭൂരിപക്ഷത്തില്‍ ഒരു കൂട്ടര്‍ അധികാരത്തില്‍ വരുന്നു. അതിന്റെ കാരണക്കാരന്‍ വി.എസ് അച്യുതാനന്ദന്‍ എന്ന വ്യക്തിയാണ് എന്ന കാര്യം ആരെങ്കിലും നിഷേധിച്ചാല്‍, വെറുമൊരു ലെനിനിസ്റ്റ് തത്ത്വം പറയുന്നു എന്നതിലുപരി യാഥാര്‍ഥ്യവുമായി അതിന് യാതൊരു ബന്ധവുമില്ല. പാര്‍ട്ടിക്കകത്തുള്ള പ്രതിബന്ധങ്ങളെപ്പോലും വകഞ്ഞു മാറ്റി ഇടതുമുന്നണിയെ തിളക്കമാര്‍ന്ന ഈ പ്രകടനത്തിലേക്ക് നയിച്ചതിന്റെ പേരില്‍ വി.എസ് അച്യുതാനന്ദന് ഉറക്കെ ചിരിക്കാം.
ഈ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെന്ന നിലക്ക് ഏറ്റവും മിന്നുന്ന മുന്നേറ്റം നടത്തിയത് മുസ്‌ലിം ലീഗ് തന്നെയാണ്. ചരിത്രത്തിലാദ്യമായി 20 സീറ്റില്‍; അതില്‍ ഭൂരിഭാഗം സീറ്റിലും ഗംഭീര ഭൂരിപക്ഷത്തിന്; മത്സരിച്ച 24ല്‍ ഇരുപതും; ആഹ്ലാദിക്കാന്‍ ഇതില്‍ പരം മറ്റെന്ത് വേണം! പരീക്ഷണങ്ങളുടെ അഗ്നി സമുദ്രങ്ങള്‍ താണ്ടി വന്ന ശേഷം വന്നു കിട്ടിയ ഈ തകര്‍പ്പന്‍ വിജയത്തിന്റെ പേരില്‍ കുഞ്ഞാലിക്കുട്ടിക്ക് മനം നിറയെ ചിരിക്കാം.
ഒരു മുന്നണിക്ക് ശേഷം മറ്റേ മുന്നണി; അങ്ങനെ അധികാരത്തില്‍ വരുന്നവര്‍ക്ക് എങ്ങനെയും അര്‍മാദിക്കാം. എന്ത് നല്ലത് ചെയ്തിട്ടും കാര്യമില്ല, എങ്ങനെ മോശമാക്കിയാലും കുഴപ്പമില്ല; അഞ്ചാണ്ട് കഴിയുമ്പോള്‍ ഊഴം വെച്ച് ഭരിച്ചു കളയാം - ഇതായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ അവസ്ഥ. ഇനിമേല്‍ അത് പണ്ടേപോലെ നടക്കില്ല എന്ന സന്ദേശം നല്‍കാന്‍ കഴിഞ്ഞുവെന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിലെ പ്രധാനപ്പെട്ടൊരു പ്രത്യേകത. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ (സ്പീക്കറെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷം) അങ്ങനെയങ്ങ് വിലസാന്‍ കഴിയില്ല. അതിനാല്‍ ഭരണം അല്‍പം കൂടി ഉത്തരവാദിത്വ ബോധമുള്ളതായിരിക്കും. പ്രതിപക്ഷം കൂടുതല്‍ ജാഗ്രത്തായിരിക്കും. ആകെ മൊത്തം സംസ്ഥാനത്തിന് അതിന്റെ മെച്ചമുണ്ടാകും. അതിനാല്‍ വോട്ടര്‍മാര്‍ക്കും അകം നിറയെ ചിരിക്കാം. സൂക്ഷ്മാര്‍ഥത്തില്‍ ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഒഴികെ ഏതാണ്ടെല്ലാവര്‍ക്കും ആഹ്ലാദിക്കാന്‍ വകയുള്ളതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ചുരുക്കം.
തെരഞ്ഞെടുപ്പ് അവലോകനമെന്നത് കേവലം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കുറിച്ചുള്ള, അവര്‍ നേടിയതും നഷ്ടപ്പെടുത്തിയതുമായ സീറ്റുകളെക്കുറിച്ചുള്ള കണക്കു പറച്ചില്‍ മാത്രമല്ല. സാമൂഹിക ശ്രേണീ വ്യത്യാസങ്ങള്‍, രാഷ്ട്രീയ മനോഘടന, സാമുദായിക ബന്ധങ്ങള്‍, സാമ്പത്തിക സമവാക്യങ്ങള്‍, ജനസംഖ്യാ പാറ്റേണുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു പ്രക്രിയയെക്കുറിച്ചുള്ള സങ്കീര്‍ണമായ പഠനമാണ് തെരഞ്ഞെടുപ്പ് അവലോകനം. കുറേക്കാലത്തേക്ക് ആ പഠനം തുടരുകയും ചെയ്യും. അത്തരം പഠനങ്ങളില്‍ നിന്നും അവലോകനങ്ങളില്‍ നിന്നുമാണ് രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പുതിയ പാഠങ്ങള്‍ ആര്‍ജിച്ചെടുക്കുന്നതും ഭരണകൂടം നയരൂപീകരണത്തിനുള്ള മുന്‍ഗണനകള്‍ തീരുമാനിക്കുന്നതും. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഘടകങ്ങളെ വളരെ ഹൃസ്വമായി സ്പര്‍ശിച്ചു പോകാന്‍ മാത്രമാണ് ഈ വിലയിരുത്തലിലൂടെ ഉദ്ദേശിക്കുന്നത്.

വി.എസ് ഫാക്ടറിന്റെ മാനങ്ങള്‍
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള താരം ആരെന്ന് ചോദ്യത്തിന് വി.എസ് അച്യുതാനന്ദന്‍ എന്നത് തന്നെയാണ് തര്‍ക്കരഹിതമായ ഉത്തരം. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത് മുതല്‍ ഫലം വരുന്നത് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളിലും വി.എസിനെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഓരോ വ്യവഹാരങ്ങളും മുന്നോട്ട് നീങ്ങിയത്. വി.എസ് അച്യുതാനന്ദനെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ സി.പി.എം സംസ്ഥാന ഘടകത്തിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നതാണ് സത്യം. എന്നാല്‍ 2006ലേതിന് സമാനമായ തെരുവ് പ്രകടനങ്ങളിലൂടെ ജനങ്ങളാണ് അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം നേടിക്കൊടുത്തത്. ഒരു ലെനിനിസ്റ്റ് സംഘടനാ ഘടനയില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു 2006ല്‍ നടന്നത്. തെരുവ് പ്രകടനങ്ങള്‍ കൊണ്ടും കൂട്ട എസ്.എം.എസുകള്‍ കൊണ്ടും മാധ്യമ ഇടപെടലുകള്‍ കൊണ്ടും ലെനിനിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തെ മാറ്റാന്‍ കഴിയുമെന്ന് വിചാരിക്കുന്നവര്‍ 'പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയാത്തവര്‍' തന്നെയായിരുന്നു. ആ പാര്‍ട്ടിയെക്കുറിച്ചറിയുന്നവര്‍ അങ്ങനെ വിചാരിക്കില്ല. പക്ഷേ, പാര്‍ട്ടിയുടെ എല്ലാ ചുക്കുമറിയുന്നവരെപ്പോലും അമ്പരിപ്പിച്ചുകൊണ്ട് അന്ന് പാര്‍ട്ടിക്ക് തീരുമാനം മാറ്റേണ്ടി വന്നു. അതേ രീതി തന്നെ ഇത്തവണയും ആവര്‍ത്തിച്ചുവെന്നത് ജനങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് ഇപ്പോള്‍ ഒരു ചുക്കുമറിയില്ലെന്നതിന്റെ തെളിവാണ്.
സാമാന്യ അര്‍ഥത്തിലുള്ള ജനപ്രിയ നായകന് അവശ്യം ആവശ്യമായ ചേരുവകളൊന്നും വി.എസ് അച്യുതാനന്ദനില്ല എന്നതാണ് സത്യം. വൃദ്ധനാണദ്ദേഹം. ആകര്‍ഷണീയമായ ശരീര ഘടനയോ നായക പരിവേഷത്തിനാവശ്യമായ ചേഷ്ടകളോ അദ്ദേഹത്തിനില്ല. എന്നിട്ടും വി.എസ് ജനങ്ങളുടെ താരമായി. സമൂഹത്തില്‍ ഭൂരിപക്ഷം വരുന്ന സാധാരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍, കൂലിത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ഫൈറ്റിംഗ് ഫിഗറിനെ ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍, സ്വയം ധാര്‍മികത പുലര്‍ത്തുന്നതില്‍ നിഷ്‌കര്‍ഷയില്ലെങ്കിലും മധ്യവര്‍ഗ ധാര്‍മികതയുടെ പ്രഭയില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബൂര്‍ഷ്വാസി, അതിന്റെ സൈദ്ധാന്തിക പ്രതിനിധികളായ ബുദ്ധിജീവി വര്‍ഗം, അധ്യാപകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ തീര്‍ത്തും വിരുദ്ധമായ വര്‍ഗ ഘടനയിലുള്ളവരെ സ്വാധീനിക്കാന്‍ വി.എസിന്റെ ഇടപെടലുകള്‍ക്ക്/പ്രതീതി ഇടപെടലുകള്‍ക്ക് സാധിച്ചു എന്നതാണ് സത്യം. മിക്കപ്പോഴും ഇടതുപക്ഷത്തെ പിന്തുണക്കുന്ന വര്‍ഗ വിഭാഗങ്ങളാണ് മേല്‍പറഞ്ഞ കൂട്ടര്‍. ഈ വര്‍ഗ ഘടനയില്‍ പെട്ടവരുടെ പിന്തുണയില്‍ വരുന്ന വ്യത്യാസങ്ങളാണ് കേരളത്തിലെ ഭരണ മാറ്റങ്ങളെ എപ്പോഴും നിര്‍ണയിക്കുന്നത്. ഈ വര്‍ഗ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടേ മാധ്യമങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്നുള്ളത് കൊണ്ട് പൊതുവെ ഇടതുപക്ഷത്തെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ പോലും വി.എസ് എന്ന വ്യക്തിക്കും ശരീരത്തിനും സാമാന്യം പൊലിമ നല്‍കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. ഇത്തവണ അവരുടെയെല്ലാം പിന്തുണയെ സമാഹരിച്ചെടുക്കാന്‍ സാധിച്ചുവെന്നതാണ് വി.എസിന്റെ വിജയം. രാവണനെതിരെ വില്ലുകുലച്ച് നെഞ്ച് വിരിച്ച് നില്‍ക്കുന്ന രാമന്‍ ഏതൊരു ഇന്ത്യക്കാരന്റെയും വലിയൊരു പ്രതീകമാണ്. ആ പ്രതീകസ്ഥാനത്തേക്ക് വി.എസ് എളുപ്പത്തില്‍ കയറി നില്‍ക്കുകയായിരുന്നു.
പുതിയ കാലത്തെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നതില്‍ സുപ്രധാനമായൊരു ഘടകമാണ് പൗരസമൂഹ രാഷ്ട്രീയം. പ്ലാച്ചിമട, മൂലമ്പള്ളി, കിനാലൂര്‍, ഹൈവെ സമരം തുടങ്ങിയ കേരള സമൂഹത്തെ ഏറെ സ്വാധീനിച്ച അടുത്ത കാലത്തുണ്ടായ ഏതാണ്ടെല്ലാ സമരങ്ങളും പൗരസമൂഹത്തിന്റെയും സിവില്‍ സൊസൈറ്റി പ്രസ്ഥാനത്തിന്റെയും മുന്‍കൈയില്‍ രൂപപ്പെട്ട സമരങ്ങളായിരുന്നു. ആധുനികാനന്തര രാഷ്ട്രീയ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഇത്തരം സമരങ്ങളും പ്രസ്ഥാനങ്ങളും വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ മുന്നേറ്റങ്ങള്‍ ഈ പൗര രാഷ്ട്രീയത്തിന്റെ പരമകാഷ്ടയെയാണ് പ്രതിനിധീകരിക്കുന്നത്. പൗരരാഷ്ട്രീയത്തോട് പലപ്പോഴും ഏറ്റുമുട്ടുന്നവരാണ് പാര്‍ലമെന്ററി രാഷ്ട്രീയ കക്ഷികള്‍. ഇടതുപക്ഷമാകട്ടെ പൗരരാഷ്ട്രീയത്തെ ഏറ്റവും അവഗണിക്കുകയും സൈദ്ധാന്തികമായി തന്നെ അതിനെ തള്ളിക്കളയുകയും ചെയ്ത കൂട്ടരാണ്. എന്നാല്‍ പൗരരാഷ്ട്രീയത്തിന്റെ സന്ദേഹങ്ങളും ആകുലതകളും ആവശ്യങ്ങളും മുദ്രാവാക്യങ്ങളും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് അത്യന്തം സര്‍ഗാത്മകമായി സന്നിവേശിപ്പിച്ചുവെന്നതാണ് വി.എസ് അച്യുതാനന്ദന്റെ മിടുക്ക്. ഒരേ സമയം സാധാരണക്കാരെയും മധ്യവര്‍ഗത്തെയും ബുദ്ധിജീവി സമൂഹത്തെയും ആകര്‍ഷിക്കാന്‍ ഈ മുന്നണിപ്പെടലിലൂടെ അദ്ദേഹത്തിന് സാധിച്ചു. പാര്‍ട്ടിക്ക് പുറത്തുള്ള ഒരു രാഷ്ട്രീയ സമൂഹത്തെ രൂപപ്പെടുത്തുകയും അതിനെ അഭിസംബോധന ചെയ്യുകയുമായിരുന്നു അദ്ദേഹം. ആ സമൂഹമാണ് വി.എസിനെയും ഇടതുപക്ഷത്തെയും ഇത്തവണ ശക്തമായി പിന്തുണച്ചത്.
പൗരസമൂഹ രാഷ്ട്രീയത്തെ പാര്‍ലമെന്ററി രാഷ്ട്രീയവുമായി സന്നിവേശിപ്പിക്കുന്നതില്‍ കേരളത്തില്‍ വി.എസ് ആണ് വിജയിച്ചതെങ്കില്‍ ഇതേ പാറ്റേണ്‍ ബംഗാളില്‍ പരീക്ഷിച്ച് വിജയിപ്പിച്ചത് മമത ബാനര്‍ജിയായിരുന്നു. തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ ഇടതു ഭരണത്തെ അടിമേല്‍ മറിച്ചിട്ടു അവര്‍. കേരളത്തിന്റെ വി.എസ് ആയിരുന്നു ബംഗാളിന്റെ മമത. മമതയുടെ പാര്‍ട്ടി ചിട്ടയും ഘടനയും സംഘടനാ സംവിധാനങ്ങളും കൃത്യമായ പരിപാടികളുമുള്ള പാര്‍ട്ടിയല്ല. സാധാരണക്കാരും വിദ്യാര്‍ഥികളും തൊഴിലാളികളും എഴുത്തുകാരും കലാകാരന്മാരും എല്ലാവരും ചേര്‍ന്ന് സൃഷ്ടിച്ച ഒരു തള്ളിന്റെ പ്രവേഗ ശക്തിയിലാണ് മമത അവിടെ ഇടിച്ചു കയറിയത്. സിവില്‍ സൊസൈറ്റിയുടെ ശക്തിയെക്കുറിച്ചുള്ള ലെനിനിസ്റ്റ് ബാലപാഠങ്ങള്‍ ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സി.പി.എമ്മിന് പഠിക്കാനുള്ള സൈദ്ധാന്തിക പാഠം. അറബ് നാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പൗരരാഷ്ട്രീയത്തിന്റെ പുതിയ ശക്തി മാനങ്ങളെക്കുറിച്ച് കൂടുതല്‍ ഗൗരവപ്പെട്ട വിശകലനങ്ങള്‍ക്ക് അവര്‍ സന്നദ്ധമാകേണ്ടി വരും.

സമുദായ സമവാക്യങ്ങള്‍
വി.എസ് ഉയര്‍ത്തിപ്പിടിച്ച ജനകീയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുമ്പോള്‍ തന്നെ, അതില്‍ സന്നിഹിതമായ സമുദായ സമവാക്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതിരിക്കുന്നത് സത്യസന്ധമാവില്ല. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്നിവര്‍ നയിക്കുന്ന മുന്നണിയാണ് യു.ഡി.എഫ്. സാമുദായികമായി നോക്കുമ്പോള്‍ കേരളത്തിലെ പ്രബലമായ രണ്ട് ന്യൂനപക്ഷ സമൂഹങ്ങളുടെ മുന്നണിയാണ് യു.ഡി.എഫ് എന്ന ധാരണ ഭൂരിപക്ഷ സമൂഹത്തിലുണ്ടായിട്ടുണ്ട്. 'ചാണ്ടി-മാണി-കുഞ്ഞാലി കൂട്ടുകെട്ട്' എന്ന് അതിന്റെ എല്ലാ ധ്വനി മുഴക്കങ്ങളോടും കൂടി വി.എസ് നീട്ടിപ്പരത്തിപ്പറയുമ്പോള്‍ പ്രക്ഷേപിക്കുന്ന സന്ദേശം ഈ സമുദായ ബോധവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷങ്ങളുടെ ഐക്യമുന്നണിക്കെതിരെ ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ സാന്നിധ്യം ഇതിനെ മറികടക്കാന്‍ ഉപകരിച്ചിട്ടില്ല. സ്വതസിദ്ധമായ രാഷ്ട്രീയ പിഴവുകള്‍ നിമിത്തം മറ്റര്‍ഥങ്ങളില്‍ യു.ഡി.എഫിന് ബാധ്യതയാകാന്‍ മാത്രമേ ചെന്നിത്തലക്ക് സാധിച്ചുള്ളൂ. മുസ്‌ലിം സമൂഹത്തിന്റെയും ഈഴവ സമുദായത്തിന്റെയും വോട്ടുകള്‍ തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് നഷ്ടപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് രമേശ് ചെന്നിത്തലയുടെ സാന്നിധ്യവും നിലപാടുകളുമാണ്. ഹരിപ്പാട് പോലെയുള്ള ഒരു മണ്ഡലത്തില്‍ വെറും 5520 വോട്ടിനാണ് രമേശ് ജയിച്ചത് എന്നത് വലിയൊരു സൂചനയാണ്.  വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷത്തില്‍ 29-ാം സ്ഥാനത്താണ് രമേശിന്റെ സ്ഥാനം. നായര്‍ പിന്തുണയുള്ള, ക്രിസ്ത്യന്‍-മുസ്‌ലിം കൂട്ടുകെട്ടിനെതിരെയുള്ള ശക്തനായൊരു ഈഴവപ്പോരാളി എന്നൊരു ഇമേജ് വി.എസിനെക്കുറിച്ച് ഈഴവ സമുദായം സ്വയം സൃഷ്ടിച്ചെടുത്തു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ എല്‍.ഡി.എഫിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ ഇത് ഒരു ഘടകമാണ്.
കുഞ്ഞാലിക്കുട്ടിയുടെയും മുസ്‌ലിം ലീഗിന്റെയും സാന്നിധ്യം യു.ഡി.എഫിന് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചപ്പോള്‍ അതിന് പകരമായി മുസ്‌ലിം വോട്ടുകള്‍ യു.ഡി.എഫിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചില്ല. കോഴിക്കോട്, ആലപ്പുഴ, കൊല്ലം ജില്ലകളിലെ എല്‍.ഡി.എഫ് മുന്നേറ്റത്തില്‍ ഇത് കൃത്യമായും പ്രകടമാണ്. മലപ്പുറത്തിനു പുറത്തുള്ള മുസ്‌ലിം കേന്ദ്രീകൃത മണ്ഡലങ്ങളില്‍ പലതിലും എല്‍.ഡി.എഫ് മികച്ച വിജയം നേടി. രമേശ് ചെന്നിത്തലയുടെ നിലപാടുകളും സിദ്ദീഖ്, എം.എം ഹസന്‍ എന്നിവര്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതും തെക്കന്‍ കേരളത്തില്‍ മുസ്‌ലിം വോട്ടര്‍മാരെ യു.ഡി.എഫില്‍ നിന്നകറ്റി.
ഒരു സമുദായമെന്ന നിലക്ക് മുസ്‌ലിംകള്‍ക്ക് ആഹ്ലാദിക്കാന്‍ വകയുള്ളതാണ് തെരഞ്ഞെടുപ്പ് ഫലം. മുസ്‌ലിം സമുദായത്തില്‍ നിന്ന് 35 എം.എല്‍.എമാരെ നിയമ സഭയിലേക്കയക്കാന്‍ സാധിച്ചു. (മുസ്‌ലിം ലീഗ് 20, കോണ്‍ഗ്രസ് 7, സി.പി.എം 7, ആര്‍.എസ്.പി 1) ചരിത്രത്തിലാദ്യമായി സമുദായത്തിന് ജനസംഖ്യാനുപാതിക പ്രാതിനിധ്യം ലഭിച്ചുവെന്ന് പറയാം.

ലീഗ് മുന്നേറ്റം
കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം മുസ്‌ലിം ലീഗിന് സമ്മാനിച്ച തെരഞ്ഞെടുപ്പാണിത്. ഏഴ് സീറ്റില്‍ നിന്ന് 20 സീറ്റിലേക്കുള്ള അവരുടെ വിജയം ശ്രദ്ധേയം തന്നെ. മികച്ച ഭൂരിപക്ഷം നേടിയ ആദ്യത്തെ മൂന്ന് പേരും ലീഗ് സ്ഥാനാര്‍ഥികളാണ്. നേതൃത്വം രാഷ്ട്രീയ അധാര്‍മികതയുടെ കടുത്ത ആരോപണങ്ങള്‍ നേരിട്ടപ്പോഴാണ് മുസ്‌ലിം ലീഗ് ഈ വിജയം നേടിയതെന്നത് പ്രത്യേകം വിശകലനമര്‍ഹിക്കുന്നുണ്ട്. 
മത്സരത്തിനു പോലും പ്രസക്തിയില്ലാത്ത 'സ്വതന്ത്ര, സ്വയംഭരണ' കോട്ടകള്‍ ഉള്ള രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ലീഗ്. മലയാള ഭാഷ അറിയാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ലോക്‌സഭയിലേക്ക് പോലും രാജ്യത്തെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു വിട്ട പാരമ്പര്യം ആ പാര്‍ട്ടിക്കുണ്ട്. ആ അവസ്ഥയില്‍ നിന്ന് ജയിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരു മണ്ഡലം പോലുമില്ലാത്ത അവസ്ഥയിലെത്തി എന്നതാണ് ലീഗിന്റെ തകര്‍ച്ച. ആ തകര്‍ച്ചയുടെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ലീഗിന്റെ ചരിത്രപരമായ തിരിച്ചടി. ആ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ രാഷ്ട്രീയമായി സാധിച്ചുവെന്നതാണ് ലീഗിനെ സംബന്ധിച്ചേടത്തോളം ഈ തെരഞ്ഞെടുപ്പിന്റെ പ്രസക്തി.
ലീഗ് നേതാക്കളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളാണ് യു.ഡി.എഫിനുണ്ടായ തിരിച്ചടിക്ക് കാരണമെങ്കിലും അത് മലപ്പുറത്ത് പ്രതിഫലിച്ചില്ല എന്നതാണ് വാസ്തവം. ലീഗിനെ തകര്‍ക്കാനും അതിന്റെ നേതാക്കളെ വേട്ടയാടാനും വി.എസ് ശ്രമിക്കുന്നുവെന്നും അതിന്റെ പിന്നില്‍ അദ്ദേഹത്തിന് വര്‍ഗീയ അജണ്ടകളുണ്ടെന്നും മലപ്പുറത്തെ സാധാരണക്കാരെ വിശ്വസിപ്പിക്കാന്‍ ലീഗിന് സാധിച്ചു. ഇക്കാര്യത്തില്‍ മതസംഘടനകളുടെ നിര്‍ബാധ പിന്തുണ സമാഹരിക്കുന്നതിലും ലീഗ് വിജയിച്ചു. ഒറ്റപ്പെടുത്തപ്പെടുന്നു എന്നു തോന്നുന്ന ഏത് സമൂഹവും കൂടുതല്‍ ഐക്യപ്പെടുമെന്ന സാമൂഹിക മനശ്ശാസ്ത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചത്. കൂടാതെ, ശാസ്ത്രീയമായി പഴുതടച്ചുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിലും പ്രഫഷനല്‍ രീതികള്‍ അവലംബിക്കുന്നതിലും ഇത്തവണ ലീഗ് സവിശേഷ ശ്രദ്ധ നല്‍കി. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ശക്തരായ എതിര്‍ സ്ഥാനാര്‍ഥികളെ അണിനിരത്തുന്നതില്‍ എല്‍.ഡി.എഫ് പരാജയപ്പെടുകയും ചെയ്തു. ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ശക്തമായ മത്സരം കാഴ്ചവെക്കാനും അതില്‍ രണ്ടിടത്ത് ജയിക്കാനും എല്‍.ഡി.എഫിന് സാധിച്ചിട്ടുണ്ട്.
ലീഗിന്റെ നേട്ടം 'മുസ്‌ലിം തീവ്രവാദ'ത്തിനെതിരായ വമ്പിച്ച വിജയമായി ആഘോഷിക്കാന്‍ ചില സെക്യുലര്‍ മാധ്യമങ്ങളും മൃദുഹിന്ദുത്വ/അല്‍ട്രാ സെക്യുലര്‍ ബുദ്ധിജീവികളും ലീഗ് നേതാക്കളില്‍ തന്നെ ചിലരും ശ്രമിക്കുന്നുണ്ട്. തീവ്രമതേതരത്വവും മൃദുഹിന്ദുത്വവും തമ്മില്‍ അസാധാരണമായ 'തുരങ്ക സൗഹൃദം' (കെ.ഇ.എന്നിനോട് കടപ്പാട്) നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിങ്ങള്‍ കൂടുതല്‍ മതേതരവാദിയാവുന്നതിനനുസരിച്ച് കൂടുതല്‍ മുസ്‌ലിം വിരുദ്ധനും ഹിന്ദുത്വ വാദിയുമാകുന്നുവെന്ന കൗതുകകരമായ ഒരു രാസപ്രക്രിയ. ഈ സെക്യുലര്‍/മൃദുഹിന്ദുത്വ ബുദ്ധിജീവികളാണ് അടുത്ത കുറേ നാളുകളായി ലീഗിന്റെ സാംസ്‌കാരിക അജണ്ട നിശ്ചയിക്കുന്നത്.  സമുദായത്തിന്റെ താല്‍പര്യങ്ങളെ ബലികഴിച്ച് സവര്‍ണ താല്‍പര്യങ്ങള്‍ക്ക് മുമ്പില്‍ മുട്ടിലിഴയുന്നതിനാണ് അവര്‍ തീവ്രവാദ വിരുദ്ധ പോരാട്ടം/മതേതരത്വം എന്നു പറയുന്നത്. അതിന്റെ പേരില്‍ പൊതുസദസ്സുകളില്‍ ലീഗിനെ വാനോളം പുകഴ്ത്താന്‍ അവര്‍ തായറാകും. ഇതൊക്കെ കേട്ട് അന്ധാളിക്കുകയും മയങ്ങിപ്പോവുകയും ചെയ്ത ഒരു പറ്റം ഹൃസ്വദൃക്കുകളുടെ കൈയിലാണ് നിര്‍ഭാഗ്യവശാല്‍ ഇന്ന് ആ സംഘടനയുടെ നേതൃത്വം. അവരാണ് തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ വിജയമായി ലീഗ് വിജയത്തെ വിലയിരുത്തുന്നത്. പക്ഷേ, തീവ്രവാദത്തിനെതിരെ ഏറ്റവും കൂടുതല്‍ ഉറുമി വീശിയ ലീഗ് ചേകവന്മാരാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് സത്യം. അവര്‍ക്ക് ലഭിച്ച വോട്ടിന്റെ ബൂത്ത് തിരിച്ച കണക്ക് പരിശോധിച്ചാല്‍ മനസ്സിലാവും ഏത് സമുദായ/വര്‍ഗ വിഭാഗങ്ങളില്‍ നിന്നാണ് അവര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് ലഭിച്ചതെന്ന്. സവര്‍ണ ആഢ്യബോധത്തിന്റെ അരുമ ശിഷ്യരായി തലകുനിച്ചുകൊടുത്തതിന്റെ പ്രതിഫലത്തിന്റെ ബലത്തിലാണ് അവര്‍ രണ്ടു പേരും കഷ്ടി കയറിപ്പറ്റിയതെന്നതാണ് യാഥാര്‍ഥ്യം.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ലേഖനം കുറിക്കുന്നത്. 20 എം.എല്‍.എമാരുള്ള, 27 ശതമാനം വരുന്ന മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികളായ ലീഗിന് നാല് മന്ത്രിസ്ഥാനം മാത്രമാണ് നല്‍കിയിരിക്കുന്നത്. 38 എം.എല്‍.എമാരുള്ള കോണ്‍ഗ്രസിന് ഒമ്പത് മന്ത്രി സ്ഥാനങ്ങളും മുഖ്യമന്ത്രി, സ്പീക്കര്‍ സ്ഥാനങ്ങളും. സമുദായത്തിന്റെ വിലപേശല്‍ ശേഷിയെയാണ് ലീഗ് പ്രതിനിധീകരിക്കുന്നത്. ന്യായമായ ആവശ്യമെന്ന നിലക്ക്, രണ്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഒരു മുന്നണിയില്‍ നിന്ന് ഇതിലും കൂടുതല്‍ ലീഗിന് വിലപേശി വാങ്ങാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ട് ലീഗ് അത് ചെയ്യുന്നില്ല? ഉത്തരം ലളിതമാണ്;  നിങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ് ഞങ്ങള്‍ 38ല്‍ ഒതുങ്ങിപ്പോയതെന്ന കോണ്‍ഗ്രസ് വാദത്തിന് മുമ്പില്‍ ലീഗിന് ഉത്തരം മുട്ടുന്നു. അതായത്, നേതാക്കളുടെ സ്വയം കൃതാനര്‍ഥങ്ങളാല്‍ ലീഗ് അതിന്റെ വിലപേശല്‍ ശേഷി സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നര്‍ഥം. മൊത്തത്തില്‍ സമുദായം അതിന്റെ നഷ്ടം പേറുകയും ചെയ്യുന്നു.

ബദല്‍ സംഘങ്ങളുടെ പരീക്ഷണം
മുഖ്യാധാരാ മുന്നണികള്‍ക്ക് പുറത്ത് ബദല്‍ വഴികളില്‍ സഞ്ചരിക്കുന്നവര്‍ ഇത്തവണയും തെരഞ്ഞെടുപ്പ് രംഗത്തുണ്ടായിരുന്നുവെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ഘടകം പോലുമായില്ല എന്നതാണ് സത്യം. ബി.എസ്.പി, ഡി.എച്ച്.ആര്‍.എം, എസ്.യു.സി.ഐ തുടങ്ങിയവ മത്സര രംഗത്തുണ്ടായിരുന്നുവെന്നത് സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പരതുമ്പോള്‍ മാത്രം മനസ്സിലാവുന്ന കാര്യമായിരുന്നു. മുസ്‌ലിം രാഷ്ട്രീയത്തില്‍ പുതുവഴികള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ച പി.ഡി.പി ഏതാണ്ട് രാഷ്ട്രീയ മരണം സംഭവിച്ച അവസ്ഥയിലെത്തി. ഐ.എന്‍.എല്‍ പലതായി മുറിഞ്ഞ്, ബാക്കിയായ കഷ്ണം ഇടതുപക്ഷത്തോടൊപ്പം നിന്ന് മൂന്ന് സീറ്റില്‍ മത്സരിച്ചു. ഇതില്‍ കാസര്‍കോഡ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. കൂത്തുപറമ്പില്‍ മാത്രമാണ് ശക്തമായൊരു മത്സരം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചത്. ലീഗ് രാഷ്ട്രീയത്തിന് പുറത്ത് മുസ്‌ലിം-ദലിത് ഉണര്‍വുകളുടെ പുതിയ സംഘമായി വന്ന എസ്.ഡി.പി.ഐയും ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നു. 90 സീറ്റുകളില്‍ മത്സരിച്ച് ഒന്നര ലക്ഷം വോട്ടുകള്‍ സമാഹരിക്കാന്‍ അവര്‍ക്ക് സാധിച്ചു. പ്രചരിപ്പിക്കപ്പെട്ട പോലെ വന്‍ മുന്നേറ്റമോ വോട്ടു സമാഹരണമോ നടത്താന്‍ സാധിച്ചില്ലെങ്കിലും ശരാശരി വോട്ടിംഗ് നിലവാരം മത്സരിച്ച ഏതാണ്ടെല്ലാം മണ്ഡലങ്ങളിലും നേടിയെടുക്കാന്‍ സാധിച്ചുവെന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം. ശക്തരായ രണ്ട് മുന്നണികള്‍ക്കിടയില്‍ മത്സരിച്ച് അസ്തിത്വം തെളിയിക്കാന്‍ സാധിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ചിലയിടങ്ങളിലെല്ലാം മുസ്‌ലിം ലീഗിന് വോട്ട് മറിച്ചു കൊടുത്തുവെന്ന ആരോപണം അവര്‍ക്കെതിരില്‍ നിലനില്‍ക്കുന്നുമുണ്ട്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍, ബദല്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിശ്വാസ്യതക്ക് തന്നെയാണ് അത് ഹാനി വരുത്തുന്നത്. കേരളത്തില്‍ ബി.ജെ.പി രാഷ്ട്രീയമായി മുരടിച്ചു പോയതിന്റെ പ്രധാന കാരണം സ്വന്തം അണികള്‍ക്കുപോലും അതിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുവന്നതായിരുന്നു. ഇടതു-വലതു മുന്നണികള്‍ക്കിടയില്‍ മാര്‍ജിന്‍ നേര്‍ത്തു വരുന്നത് തീര്‍ച്ചയായും ബദല്‍ രാഷ്ട്രീയം പരീക്ഷിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഗുണകരമായ പ്രവണതയാണ്.

ജമാഅത്ത് നിലപാട്
നിലവിലെ ഇടതു ഭരണം താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചുവെന്നും ഇടതു ഭരണത്തിന് തുടര്‍ച്ചയുണ്ടാകണമെന്നുമായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പ്രമേയം. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് 125 മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തെ പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചത്. പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് 14 മണ്ഡലങ്ങളില്‍ യു.ഡി.എഫിന് വോട്ടു ചെയ്യാനും ഒരിടത്ത് വിട്ടു നല്‍ക്കാനും തീരുമാനിക്കുകയായിരുന്നു. ആ പ്രമേയത്തെ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഘടക കക്ഷികളുടെയും വ്യക്തികളുടെയും കൂട്ടമായ കൂടുമാറ്റം, സാര്‍വത്രികമായ ജാതി-സാമുദായിക പിന്തുണ, അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഭരണം മാറുകയെന്ന കേരളത്തിന്റെ പൊതു ട്രെന്‍ഡ്, കേന്ദ്ര ഭരണത്തിന്റെയും മാധ്യമങ്ങളുടെയും പിന്തുണ എന്നിവയെല്ലാമുണ്ടായിട്ടും വെറും ഒരു ശതമാനത്തില്‍ താഴെ വോട്ടിനാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഇടതു ഭരണം സാധാരണക്കാരിലുണ്ടാക്കിയ അനുകൂലമായ വികാരത്തിന്റെ പ്രതിഫലനമാണിത്. മുസ്‌ലിം സമുദായത്തിനിടയില്‍ യു.ഡി.എഫ് അനുകൂല ധ്രുവീകരണം ഇല്ലാതാക്കുന്നതില്‍ ജമാഅത്ത് തീരുമാനം വലിയ പങ്ക്  വഹിച്ചിട്ടുണ്ട്. കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ മുസ്‌ലിം കേന്ദ്രീകൃത മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടിക്കൊടുക്കുന്നതില്‍ ജമാഅത്തിന്റെ നിലപാട് സവിശേഷമായ പങ്ക് വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി-സി.പി.എം ചര്‍ച്ചയെ വര്‍ഗീയവല്‍ക്കരിക്കാനും അതുവഴി തെരഞ്ഞെടുപ്പില്‍ സമുദായ ധ്രുവീകരണം സൃഷ്ടിക്കാനും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമം അമ്പേ പരാജയപ്പെട്ടുവെന്ന് മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തുവെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. കയ്പമംഗലം, ചാവക്കാട്, അമ്പലപ്പുഴ, അരൂര്‍, കായംകുളം, കരുനാഗപ്പള്ളി, ചടയമംഗലം, കൊല്ലം തുടങ്ങിയ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസാമാന്യം യു.ഡി.എഫിനെ കൈവിട്ടത് പ്രത്യേകം ശ്രദ്ധേയമാണ്. മുസ്‌ലിം സംഘടനകളുമായി നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളെ ഭീകരവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത് തിരിച്ചടിക്കുകയായിരുന്നു.
true, u r powerful in many ways, but not to paly against league- തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ ഒരു പ്രാദേശിക ലീഗ് നേതാവ് ഈ ലേഖകന് അയച്ച എസ്.എം.എസ് ആണിത്. ലീഗിന്റെ വിജയം ജമാഅത്തെ ഇസ്‌ലാമിയുടെ പരാജയമായി വിലയിരുത്തുന്നതിന്റെ ഭാഗമാണ് ഈ എസ്.എം.എസ്. ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ മത്സരിച്ച്, ലീഗ് ജമാഅത്തിനെ തോല്‍പിച്ചു എന്ന മട്ടിലാണ് ചില പത്രങ്ങളിലെങ്കിലും വിശകലനം വന്നത്. ന്യൂനപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് യഥാര്‍ഥത്തില്‍ ജമാഅത്തിന്റെ ദേശീയ നയം. എന്നാല്‍ നിലപാടുപരമായ കാരണങ്ങളാല്‍ കേരളത്തിലെ ലീഗും ജമാഅത്തും പല സന്ദര്‍ഭങ്ങളിലും സംഘര്‍ഷത്തിലാണ്. സമുദായത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ലീഗിന് ജമാഅത്തിന്റെ പിന്തുണയുണ്ടാവണം എന്നതാണ് ജമാഅത്തിന്റെ ആഗ്രഹം. എന്നാല്‍ ലീഗിന്റെയും ലീഗ് ഉള്‍പ്പെടുന്ന മുന്നണിയുടെയും ഭരണത്തിന്റെയും നിലപാടുകളെ ചില സന്ദര്‍ഭങ്ങളില്‍ ജമാഅത്തിന് വിമര്‍ശ വിധേയമാക്കേണ്ടി വരും. പക്ഷേ, വിമര്‍ശത്തിന്റെ മെറിറ്റിലേക്ക് കടക്കാതെ ജമാഅത്ത് വിരുദ്ധ പോര് തുടങ്ങാനാണ് ലീഗ് എപ്പോഴും താല്‍പര്യപ്പെടാറുള്ളത്. കേരളത്തില്‍ ലീഗ്-ജമാഅത്ത് ബന്ധത്തില്‍ വിള്ളലുകളുണ്ടാകാന്‍ കാരണമിതാണ്. ലീഗിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നിലനല്‍ക്കണമെന്നാണ് ജമാഅത്ത് നയം. അതിന്റെ സൂചകമെന്ന നിലക്കാണ് അഞ്ച് സീറ്റില്‍ ലീഗിനെ പിന്തുണക്കാന്‍ ഇത്തവണ ജമാഅത്ത് തീരുമാനിച്ചത്. കാര്യങ്ങള്‍ അങ്ങനെയിരിക്കെ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലീഗ്-ജമാഅത്ത് മത്സരം നടന്നുവെന്ന മട്ടില്‍ വിശകലനം നടത്തുന്നത് സൂക്ഷ്മമല്ല. കോലീബി സംഖ്യം കൊണ്ട് പ്രമാദമായ 1991ലെ തെരഞ്ഞെടുപ്പ്, ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്, 2006ലെ അസംബ്ലി തെരഞ്ഞെടുപ്പ് എന്നീ സന്ദര്‍ഭങ്ങളിലാണ് ലീഗും ജമാഅത്തും തമ്മില്‍ യഥാര്‍ഥത്തില്‍ മുഖാമുഖം വന്നത്.  ജമാഅത്തിന്റെ പോഷക സംഘടനകള്‍ പലരീതിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പങ്കാളികളായ സന്ദര്‍ഭങ്ങളായിരുന്നു അത്. അന്നൊക്കെ എന്ത് സംഭവിച്ചുവെന്നത് ചരിത്രം പരിശോധിക്കുന്നവര്‍ക്കറിയാം.
സൂക്ഷ്മമായ ചലനങ്ങള്‍ വരെ വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് കാരണമാവുന്ന അവസ്ഥയിലേക്കാണ് കേരളത്തിന്റെ 'പൊളിറ്റിക്കല്‍ ലാന്റ്‌സ്‌കേപ്പ്' ഇപ്പോള്‍ എത്തിയിരിക്കുന്നത്. അതിനെ സൂക്ഷ്മമായി വിലയിരുത്തി ഇടപെടുന്നവര്‍ക്ക് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയും. അടിപതറുന്നവര്‍ തകര്‍ന്നുവീഴുകയും ചെയ്യും. അതിന്റെ നീക്കങ്ങളും പ്രതിനീക്കങ്ങളുമായി ബന്ധപ്പെട്ട ഉദ്വേഗങ്ങള്‍ ഇനി നമുക്ക് ധാരാളം പ്രതീക്ഷിക്കാം.

Comments