Prabodhanm Weekly

Pages

Search

2011 മെയ് 28

സംസ്ഥാനത്ത് പുതിയ ഭരണം

നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി വിജയിച്ച് അധികാരത്തിലെത്തിയിരിക്കുന്നു. ആദ്യം മൃഗീയ ഭൂരിപക്ഷം നേടുമെന്നും പിന്നെ കംഫര്‍ട്ടബ്ള്‍ ഭൂരിപക്ഷം ലഭിക്കുമെന്നുമൊക്കെ യു.ഡി.എഫ് അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ നേരിയൊരു സാങ്കേതിക ഭൂരിപക്ഷം മാത്രമേ ജനങ്ങള്‍ അവര്‍ക്ക് സമ്മാനിച്ചിട്ടുള്ളൂ എന്നാണ് വോട്ടെണ്ണല്‍ തെളിയിച്ചത്. ഒരു ശതമാനത്തില്‍ താഴെയാണ് സംസ്ഥാനത്ത് യു.ഡി.എഫ് വോട്ടുകളുടെ ഭൂരിപക്ഷം. സീറ്റു നില 72-68-ഉം. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പ്രതിപക്ഷത്തിരിക്കുന്ന സി.പി.എം ആണ്. മുസ്‌ലിം ലീഗിന്റെ വമ്പന്‍ വിജയമാണ് യുഡി.എഫിനെ അധികാരത്തിലെത്തിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്ര കോണ്‍ഗ്രസിന്റെ ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ ഭീകരമുഖം തുറന്നുകാണിക്കപ്പെട്ടത് വോട്ടുകള്‍ പെട്ടിയിലായതിനു ശേഷമായത് കോണ്‍ഗ്രസിന്റെ ഭാഗ്യം. അല്ലെങ്കില്‍ ഈ സാങ്കേതിക വിജയവും തട്ടിത്തെറിപ്പിക്കപ്പെടുമായിരുന്നു. ഏതായാലും തങ്ങളെയും ഭരണത്തെയും ജനങ്ങള്‍ മുഴുവനായി എഴുതിത്തള്ളിയിട്ടില്ല എന്ന് എല്‍.ഡി.എഫിന് ആശ്വസിക്കാം.
ഭൂരിപക്ഷത്തിന്റെ ശുഷ്‌കത യു.ഡി.എഫ് ഭരണം ഏറെ സങ്കീര്‍ണമാക്കുമെന്ന് നിരീക്ഷിക്കുന്നവരുണ്ട്. മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും 2001-2006-ലെ യു.ഡി.എഫ് ഭരണം സംഘര്‍ഷകലുഷമായത് ഭരണകക്ഷികള്‍ക്കിടയിലും കക്ഷികളിലെ ഗ്രൂപ്പുകള്‍ക്കിടയിലും ഉടലെടുത്ത തമ്മിലടി കൊണ്ടാണല്ലോ. കനത്ത ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് അന്ന് ചെറുകക്ഷികള്‍ക്ക് സര്‍ക്കാറിനെ മറിച്ചിടാന്‍  കഴിയുമായിരുന്നില്ല. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണത്തില്‍ നിന്ന് രണ്ടു കക്ഷികള്‍ തെറ്റിപ്പിരിഞ്ഞുപോയിട്ടും സര്‍ക്കാര്‍ കോട്ടം തട്ടാതെ നിലനിന്നത് ഭദ്രമായ ഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ടാണ്. ഈ സാഹചര്യത്തില്‍ വലിയൊരു ഭീഷണി തന്നെയാണ് ഒന്നോ രണ്ടോ എം.എല്‍.എമാര്‍ വിചാരിച്ചാല്‍ സര്‍ക്കാറിനെ മറിച്ചിടാനാവുമെന്ന സ്ഥിതിവിശേഷം.
എന്നാല്‍, നീതിനിഷ്ഠവും ജനക്ഷേമകരവുമായ ഭരണം നിര്‍വഹിക്കാന്‍ ഭരണകക്ഷിക്ക് മൃഗീയ ഭൂരിപക്ഷം വേണമെന്നില്ല. മൃഗീയ ഭൂരിപക്ഷമുണ്ടെങ്കില്‍ സല്‍ഭരണം കാഴ്ചവെച്ചുകൊള്ളണമെന്നുമില്ല. ഭരണം കൈയാളുന്നവരുടെ മൂല്യ പ്രതിബദ്ധതയെയും സത്യസന്ധതയെയും ആര്‍ജവത്തെയും ആശ്രയിച്ചാണ് ഭരണം മെച്ചപ്പെടുന്നതും മോശമാകുന്നതും. ഭരണത്തില്‍ ജനക്ഷേമത്തേക്കാള്‍ കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും വിഭാഗീയ സ്വാര്‍ഥതകള്‍ക്കും പ്രാമുഖ്യം ലഭിച്ചാല്‍ പ്രതിസന്ധികളുണ്ടാകും. ഭരിക്കുന്നവര്‍ക്ക് മൃഗീയ ഭൂരിപക്ഷമില്ലാതിരിക്കുന്നത് ഒരു കണക്കിന് നല്ലതുമാണ്. അബദ്ധങ്ങളും അരുതായ്മകളും സര്‍ക്കാറിനെ ഉലക്കുമെന്ന ബോധം കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കാന്‍ അവരെ ജാഗ്രതയുള്ളവരാക്കും. ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉമ്മന്‍ ചാണ്ടി നല്ല പ്രതിഛായയുള്ള രാഷ്ട്രീയ നേതാവും ഭരണരംഗത്ത് പരിചയസമ്പന്നനുമാണ്. ഭൂരിപക്ഷത്തിന്റെ ബലക്ഷയം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അദ്ദേഹം വിജയകരമായി തരണം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച നയവും പ്രഥമ മന്ത്രിസഭായോഗം കൈകൊണ്ട തീരുമാനങ്ങളും ആശാവഹങ്ങളാണ്. സര്‍വജനസമഭാവന, അഴിമതി നിര്‍മാര്‍ജനം, കാര്‍ഷിക വ്യവസായ മേഖലകളുടെ പുനരുദ്ധാരണം, ടൂറിസം  വികസനം, പാവപ്പെട്ടവരുടെ ജീവിത സുരക്ഷ തുടങ്ങിയവയാണ് നയങ്ങള്‍. ഇതിനൊക്കെ സ്വീകരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഒടുവില്‍ വര്‍ധിച്ച പെട്രോള്‍ വിലയുടെ സംസ്ഥാന നികുതി വിഹിതം വേണ്ടെന്നു വെച്ചതാണ് പ്രഥമ മന്ത്രിസഭാ യോഗം കൈകൊണ്ട പ്രധാന തീരുമാനം. എന്‍ഡോസള്‍ഫാന്‍ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിരിക്കുന്നു. മുന്‍ സര്‍ക്കാറിന്റെ വിവാദ തീരുമാനങ്ങള്‍ പുനപരിശോധിക്കുമെന്നും പ്രസ്താവിച്ചിരിക്കുന്നു. പ്രകടന പത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചുകൊണ്ട് ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാന്‍ പുതിയ ഗവണ്‍മെന്റിന് സാധിക്കട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു.
യു.ഡി.എഫ് സാമാജികരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തൃപ്തികരമായ പ്രാതിനിധ്യമുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ അസംബ്ലിയില്‍ കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ സ്ത്രീകളുടെ പ്രാതിനിധ്യം ശോചനീയമാണ് - ഒറ്റ വനിതാ മെമ്പര്‍ മാത്രം. നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുകൊണ്ട് നിയമം നിര്‍മിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം ലജ്ജാവഹമാണിത്. ദലിതുകളുടെ പ്രാതിനിധ്യവും കേവലം രണ്ട് സീറ്റിലൊതുങ്ങുന്നു. വനിതകളുടെയും ദലിതുകളുടെയും അസാന്നിധ്യം ഭരണതലത്തില്‍ അവരുടെ പ്രശ്‌നങ്ങളുടെ തമസ്‌കരണമായിത്തീരാതിരിക്കാന്‍ പുതിയ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേരളത്തില്‍ അനുദിനം മൂര്‍ഛിച്ചുവരുന്ന സാമൂഹിക പ്രശ്‌നമാണ് അമിതമായ മദ്യാസക്തിയും മയക്കുമരുന്ന് വ്യാപനവും. മുഖ്യമന്ത്രിയുടെ നയവിശദീകരണത്തില്‍ ഈ പ്രശ്‌നം പരാമര്‍ശിച്ചു കണ്ടില്ല. സംസ്ഥാനം മദ്യ സാഗരത്തില്‍  മുങ്ങിപ്പോകാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ഗവണ്‍മെന്റ് വ്യക്തമായ നയപരിപാടികളാവിഷ്‌കരിക്കേണ്ടതാണ്.

Comments