Prabodhanm Weekly

Pages

Search

2011 മെയ് 28

കാരവന്‍ സിറിയയിലെത്തുന്നു

ബിശ്‌റുദ്ദീന്‍ ശര്‍ഖി

അലപ്പോ(ഹലബ്)വിലൂടെയാണ് കാരവന്‍ സിറിയയിലേക്ക് പ്രവേശിച്ചത്. കാരവനെ സ്വീകരിക്കാന്‍ സിറിയന്‍ സുഹൃത്ത് ശൈഖ് അബ്ബാസിന്റെ കൂടെ തലേ ദിവസം തന്നെ ഹലബിലേക്ക് പുറപ്പെട്ടു. ഞങ്ങള്‍ നടത്തിയ പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധ ഫലസ്ത്വീന്‍ സംഘടനകളോടൊപ്പം സിറിയന്‍ സര്‍ക്കാറും കാരവനെ സ്വീകരിക്കാന്‍ തയാറായിരുന്നു. കടന്നുപോകുന്ന മുഴുവന്‍ പ്രവിശ്യകളിലും ഗവര്‍ണര്‍മാര്‍ തന്നെയാണ് സംഘാടനത്തിന് ചുമതലയേല്‍പിക്കപ്പെട്ടിരുന്നതും. ഹലബിലെ സിറിയ-തുര്‍ക്കി അതിര്‍ത്തി വളരെ സുഗമമായാണ് കാരവന്‍ കടന്നുപോന്നത്. സുരക്ഷാ പരിശോധനകളോ മറ്റു ചിട്ടവട്ടങ്ങളോ ഉണ്ടായിരുന്നില്ല. ഹലബ് ഗവര്‍ണര്‍ സംഘാംഗങ്ങളെ സ്വീകരിച്ചു. പ്രദേശത്തെ സ്‌കൂള്‍ കുട്ടികളും കോളേജ് വിദ്യാര്‍ഥികളുമായി നൂറുകണക്കിന് പേര്‍ അവിടെ എത്തിച്ചേര്‍ന്നിരുന്നു. അവരുടെ കൈകളില്‍ സിറിയയുടെയും ഫലസ്ത്വീന്റെയും ചെറിയ പതാകകളും ഉണ്ടായിരുന്നു.
ഇറാനേക്കാള്‍ ആവേശകരമായിരുന്നു തുര്‍ക്കിയിലെ സ്വീകരണ പരിപാടികള്‍ എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഐ.എച്ച്.എച്ച് എന്ന് ചുരുക്കപ്പേരുള്ള മനുഷ്യാവകാശ/സേവന സംഘടനയായിരുന്നു തുര്‍ക്കിയിലെ സംഘാടകര്‍. ലോകത്തെമ്പാടും അവര്‍ക്ക് റിലീഫ് സംരംഭങ്ങളും പ്രവര്‍ത്തന സംവിധാനങ്ങളും ഉണ്ട്. മുമ്പ് ഇസ്രയേല്‍ ആക്രമിച്ച തുര്‍ക്കി കപ്പല്‍ മാവിമര്‍മറയുടെ മുഖ്യ സംഘാടകര്‍ ഐ.എച്ച്.എച്ച് ആണ്. നേരത്തെ മനസ്സിലാക്കിയതില്‍നിന്ന് വ്യത്യസ്തമായി വളരെ ഇസ്‌ലാമികാഭിമുഖ്യമുള്ള ജനങ്ങളെയാണ് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് തുര്‍ക്കിയില്‍ കാണാന്‍ സാധിച്ചത്. കമാല്‍ അത്താതുര്‍ക്കോ മതേതര ആശയങ്ങളോ തീരെ സ്വാധീനിച്ചിട്ടില്ലാത്ത കുര്‍ദിഷ് മേഖലയിലൂടെയായിരുന്നു കാരവന്റെ യാത്ര.

ബശ്ശാര്‍ സ്തുതികള്‍
ഹലബ് നിന്നാരംഭിച്ച് ഹിംസ്, ഹമാ തുടങ്ങിയ ഗവര്‍ണറേറ്റുകളിലൂടെ കടന്ന് രാത്രിയാണ് ദമസ്‌കസില്‍ എത്തിച്ചേര്‍ന്നത്. ഹമായില്‍ ഈ ലേഖകന്‍ അറബിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യക്കാരനായ ഒരാള്‍ അറബിയില്‍ നടത്തുന്ന പ്രസംഗത്തെ ആവേശത്തോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്. മുമ്പ് സംസാരിച്ച പ്രസംഗകരെല്ലാം പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ, സിറിയന്‍ രീതിയനുസരിച്ച് സംസാരത്തിലുടനീളം പുകഴ്ത്തുകയുണ്ടായി. സ്വേഛാധിപതിയായ ഭരണാധികാരിയെ ഇങ്ങനെ പുകഴ്ത്തുന്നത് വളരെ അസഹ്യമായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ഭരണകക്ഷി പാര്‍ട്ടി ബഅസ് അല്ലാത്ത മറ്റൊന്നിനും പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാത്ത സിറിയയില്‍ യാതൊരു വിധത്തിലുള്ള പൗരസമൂഹ സംഘങ്ങളും നിലവിലില്ല. വര്‍ഷങ്ങളായി തുടരുന്ന പൊതു അടിയന്തരാവസ്ഥ ഈയടുത്താണ് പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏതാണ്ട് നീക്കം ചെയ്തത്. അഭിപ്രായ പ്രകടനത്തിനോ സമരങ്ങള്‍ക്കോ അവസരമില്ലാത്ത സിറിയയെ 'നിശ്ശബ്ദമാക്കപ്പെട്ട രാജ്യം' എന്ന് പലരും വിളിച്ചിട്ടുണ്ട്. ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ചുവടു പിടിച്ച് സിറിയയില്‍ നടന്ന ചലനങ്ങള്‍ക്ക് ചാലകശക്തിയായി വര്‍ത്തിച്ചത് ലണ്ടനിലും പാരീസിലുമുള്ള സിറിയന്‍ പൗരന്മാരുടെ സംഘടനകളാണ്. സ്വേഛാധികാരത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ചരിത്രത്തില്‍ ഹമാ പ്രവിശ്യക്ക് വലിയ പ്രാധാന്യമുണ്ട്. 1982-ല്‍ മുന്‍ പ്രസിഡന്റ് ഹാഫിസുല്‍ അസദിനെതിരെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭം സിറിയന്‍ ഭരണകൂടം അതിക്രൂരമാംവിധത്തിലാണ് അടിച്ചമര്‍ത്തിയത്. 25,000ത്തിലധികം പേരാണ് അതില്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത്.
മറക്കാനാവാത്ത അനുഭവമാണ് ദമസ്‌കസ് അതിര്‍ത്തിയിലെ സ്വീകരണം. ഹമാസ്, ഹിസ്ബുല്ല തുടങ്ങി എല്ലാ പാര്‍ട്ടികളും 'റവല്യൂഷനറി കിഡ്‌സ്' എന്നറിയപ്പെടുന്ന ബഅസ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗവും ഒക്കെ സ്വീകരണത്തിനെത്തിയിരുന്നു. ലോകത്തെ മുഴുവന്‍ പ്രധാന മാധ്യമങ്ങളും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. രാത്രി ഏറെ വൈകി അവസാനിച്ച പരിപാടികള്‍ക്ക് ശേഷം ദമസ്‌കസ് നഗരപ്രാന്തത്തിലെ സഹാറാ ഇന്റര്‍നാഷ്‌നല്‍ ഹോട്ടലിലേക്ക് ഞങ്ങള്‍ പോയി. പിന്നീട് കപ്പലില്‍ സാധനങ്ങള്‍ കയറ്റി അയക്കാന്‍ വേണ്ടി തുറമുഖ നഗരമായ ലതാക്കിയയിലേക്ക് പോകുന്നതുവരെ ഈ ഹോട്ടലിലായിരുന്നു താമസം.

ഖാലിദ് മിശ്അലിന്റെ വിരുന്ന്
ഹമാസ് നേതാവ് ഖാലിദ് മിശ്അലും ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയുടെ ഡോ. റമദാനും വെവ്വേറെ വിരുന്നുകള്‍ ഞങ്ങള്‍ക്കു  സംഘടിപ്പിക്കുകയുണ്ടായി. രണ്ടിനും വലിയ മാധ്യമ ശ്രദ്ധയാണ് സിറിയയില്‍ ലഭിച്ചത്. ഖാലിദ് മിശ്അല്‍ അഞ്ച് കറുത്ത കാറുകളിലായാണ് ഹോട്ടലില്‍എത്തിയത്. പക്ഷേ, ഈ കാറുകളിലൊന്നും അദ്ദേഹം ഉണ്ടായിരുന്നില്ല. ആറാമത് വന്ന വെളുത്ത കാറിലാണ് അദ്ദേഹം വന്നിറങ്ങിയത്. അദ്ദേഹം എത്തുന്നതിനു മുമ്പുതന്നെ ഹമാസിന്റെ സുരക്ഷാ ഭടന്മാര്‍ ഹോട്ടലും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ച് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. നേരത്തെ ഹമാസ് ഓഫീസും ഞങ്ങളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ച് വിരുന്നിനും പത്രസമ്മേളനത്തിനും ശേഷം മുഴുവന്‍ കാരവന്‍ അംഗങ്ങള്‍ക്കും അദ്ദേഹവുമായി സംവദിക്കാനുള്ള അവസരം നല്‍കുകയുണ്ടായി. ഞങ്ങള്‍ ചെറു ഗ്രൂപ്പുകളായി ആളുകളെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിടുകയും ഓരോരുത്തരുടെയും സമയം നിയന്ത്രിക്കുകയും ചെയ്തു. ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഈ അനൗപചാരിക പരിപാടിയില്‍ കാരവന്‍ അംഗങ്ങള്‍ ഹമാസിനെക്കുറിച്ചും അതിന്റെ നയനിലപാടുകളെക്കുറിച്ചും  നേരിട്ടന്വേഷിച്ചറിയുകയുണ്ടായി. ചോദ്യങ്ങള്‍ക്കൊക്കെ അതിവേഗത്തിലും കൃത്യമായും മറുപടി പറഞ്ഞ് അദ്ദേഹം കാരവന്‍ അംഗങ്ങളെ അതിശയിപ്പിച്ചു. ഖാലിദ് മിശ്അലിനെ കാണുക എന്നത് ഒരു സ്വപ്നം പോലെ കൊണ്ടുനടന്നിരുന്ന ഒരു അമുസ്‌ലിം യുവാവ്-ദല്‍ഹിയില്‍ ഗവേഷക വിദ്യാര്‍ഥിയാണദ്ദേഹം-ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. നിജാദിനെയും ഖാലിദ് മിശ്അലിനെയും കണ്ടുമുട്ടാന്‍ അവസരമൊരുക്കിത്തരണമെന്ന് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ക്കേ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഫലസ്ത്വീന്‍ ചരിത്രവും സംഘടനകളുടെ നയപരിപാടികളും ദൈനംദിന ഫലസ്ത്വീന്‍ ചലനങ്ങളുമൊക്കെ അഗാധമായി പഠിക്കുന്ന ഒരാളാണദ്ദേഹം. നേരത്തെ തെഹ്‌റാനില്‍ വെച്ച് നിജാദിനെ കണ്ടപ്പോള്‍, വികാരപാരവശ്യത്തില്‍ ആ യുവാവിന് സംസാരിക്കാനോ ഇരുന്നിടത്തു നിന്ന് അനങ്ങാനോ സാധിച്ചില്ല. നിജാദ് സദസ്സില്‍ നിന്ന് പോകുന്നതുവരെയും ഇരിപ്പിടത്തില്‍, കൈകളില്‍ തലപൂഴ്ത്തി കണ്ണീര്‍ വാര്‍ക്കുകയായിരുന്നു അദ്ദേഹം. നിജാദ് പോയതിനു ശേഷം ഞങ്ങളെ രണ്ടു പേരെയും കെട്ടിപ്പിടിച്ച്, ഞാന്‍ ഇസ്‌ലാം സ്വീകരിക്കുകയാണെന്ന് വികാരഭരിതനായി അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വികാരാവേശങ്ങളെ അഭിനന്ദിച്ച ഞങ്ങള്‍, പക്ഷേ, ഇസ്‌ലാം സ്വീകരണം സാവകാശം, കുറച്ചുകൂടി പഠിച്ചതിനും അന്വേഷിച്ചതിനും ശേഷം മതിയെന്ന് തോളില്‍ തട്ടി സമാധാനിപ്പിച്ചു. ഞാന്‍ പറഞ്ഞതനുസരിച്ച് പ്രത്യേക താല്‍പര്യത്തോടെ ഖാലിദ് മിശ്അല്‍ അദ്ദേഹത്തിന് സമയം അനുവദിച്ചു. ഫലസ്ത്വീന്‍ കാര്യങ്ങളില്‍ ആ അമുസ്‌ലിം യുവാവിന്റെ അഗാധമായ അറിവും ആവേശവും കണ്ട് ഖാലിദ് മിശ്അല്‍ അത്ഭുതപ്പെട്ടുപോയി. ആ ഗവേഷക വിദ്യാര്‍ഥിക്ക് ഇഷ്ടംപോലെ സമയം അനുവദിച്ച് അദ്ദേഹം ആ സ്‌നേഹത്തിന് പകരം നല്‍കി. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും തെറ്റിച്ച്, എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കാനും മിശ്അല്‍ തയാറായി.

ഫലസ്ത്വീന്‍ സംഘടനകളുടെ സാഹോദര്യം
വിവിധ പരിപാടികളിലും പത്രസമ്മേളനങ്ങളിലും പങ്കെടുത്തപ്പോള്‍ ശ്രദ്ധിച്ച ഒരു കാര്യം, ആശയപരമായി വ്യത്യസ്ത സമീപനങ്ങള്‍ പുലര്‍ത്തുമ്പോഴും ഫലസ്ത്വീന്‍ സംഘടനകള്‍ കാണിക്കുന്ന അടുപ്പമാണ്. ഓരോ സംഘടനയും സംഘടിപ്പിച്ച പ്രത്യേക പരിപാടികളിലെല്ലാം, എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിക്കുകയും സംസാരിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു. ആദ്യം, ഈ ലേഖകന്‍ ഖാലിദ് മിശ്അലിന്റെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹം ആദ്യമന്വേഷിച്ചത് 'നിങ്ങള്‍ ഡോ. റമദാനെ കാണാന്‍ പോയില്ലേ' എന്നായിരുന്നു. അതേസമയം ഡോ. റമദാന്റെ വീട്ടില്‍ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചിരുത്തിയതിനു ശേഷം ആദ്യമന്വേഷിച്ചത് 'ഖാലിദിന്റെ വീട്ടില്‍ പോയില്ലേ' എന്നായിരുന്നു. പൊതുവായ പ്രശ്‌നങ്ങളില്‍ പോലും ഒരുമിച്ചിരിക്കുന്ന സ്വഭാവമില്ലാത്ത കേരളത്തിലെ മുസ്‌ലിം സംഘടനകളെക്കുറിച്ച് ആ സമയം എന്തെന്നില്ലാത്ത ലജ്ജ തോന്നി. ഡോ. ഖാലിദ് അബ്ദുല്‍ മജീദ്, ഡോ. അഹ്മദ് ജിബ്‌രീല്‍, ഡോ. റമദാന്‍ തുടങ്ങി എല്ലാവരുടെ പരിപാടികളിലും ഈ സാഹോദര്യം കാണാന്‍ സാധിച്ചു.
ദമസ്‌കസില്‍ വെച്ച് കാരവനില്‍ എത്തിച്ചേരേണ്ട മുഴുവന്‍ ആളുകളും ഞങ്ങളോട് ചേര്‍ന്നു. ബശീര്‍ സുമൈത്രിയുടെ നേതൃത്വത്തില്‍ ജോര്‍ദാനില്‍ നിന്ന് 10 പേര്‍, ഡോ. നബീലിന്റെ നേതൃത്വത്തില്‍ ലബനാനില്‍ നിന്ന് ഒരു സംഘം, കുവൈത്തില്‍ നിന്നും രണ്ടു പേര്‍, ബ്രിട്ടനില്‍നിന്നും രണ്ടു പേര്‍ എന്നീ സംഘങ്ങള്‍ ചേര്‍ന്നപ്പോള്‍ ഞങ്ങളുടെ അംഗസംഖ്യ പതിനഞ്ചായി. ബ്രിട്ടനില്‍ നിന്നുവന്ന ചെറുപ്പക്കാര്‍ ബംഗ്ലാദേശ് വംശജരും ഇസ്‌ലാമിക പ്രവര്‍ത്തകരുമാണ്. ഒരാള്‍ മുമ്പ് നടന്ന വിവ പലസ്റ്റീനയില്‍ പങ്കെടുത്തയാളാണ്. മറ്റേയാള്‍ ലണ്ടന്‍ ആസ്ഥാനമായി 'ആക്ഷന്‍ എയ്ഡ്' എന്ന റിലീഫ് മനുഷ്യാവകാശ ഗ്രൂപ്പിലെ സജീവ പ്രവര്‍ത്തകനാണ്. ഇവരുടെ രണ്ടു പേരുടെയും സാന്നിധ്യം ഞങ്ങള്‍ക്ക് കാരവനെ മുന്നോട്ടു നയിക്കാന്‍ ഏറെ സഹായകമായി. കാരവന്റെ അവസാന ഘട്ടമായപ്പോഴേക്ക് ചിലര്‍ക്കുണ്ടായ പേടിയും പരിഭ്രമവും മാറ്റിയെടുക്കാന്‍ കര്‍മകുശലരായ ഈ രണ്ടു പേരുടെയും സേവനം ഉപയോഗപ്പെടുത്തി.

രണ്ട് പ്രസ്താവനകള്‍
ഇസ്രയേലിന്റെ ആക്രമണമുണ്ടായേക്കുമെന്ന് ചിലരില്‍ ഉരുവം കൊണ്ട ഭയത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് രണ്ട് രാഷ്ട്രത്തലവന്മാരുടെ പ്രസ്താവനകള്‍ ആയിടക്ക് മാധ്യമങ്ങളില്‍ വരികയുണ്ടായി. ഒന്ന്, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റേതായിരുന്നു. നേരത്തെ ഇസ്രയേല്‍ ആക്രമിച്ച മാവിമര്‍മറ കപ്പല്‍, അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് തിരിച്ചെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടികളില്‍ സംബന്ധിച്ചുകൊണ്ട് ഉര്‍ദുഗാന്‍ പറഞ്ഞു: ''ഇപ്പോള്‍ ഏഷ്യയില്‍ നിന്നൊരു സംഘം ഫലസ്ത്വീനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാവി മര്‍മറയെ ആക്രമിച്ചതുപോലെ, ഏഷ്യന്‍ സംഘത്തെ ഇസ്രയേല്‍ ആക്രമിച്ചാല്‍, മുന്നറിയിപ്പില്ലാതെ തുര്‍ക്കി ഇടപെടും.'' ലോക മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്ത ഒന്നാണിത്. അതേസമയത്തുതന്നെ, ഹമാസിന്റെ 25-ാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗസ്സ സിറ്റിയില്‍ നടന്ന പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് ഫലസ്ത്വീന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ, ഏഷ്യന്‍ കാരവനെ ഗസ്സയിലേക്ക് സന്തോഷപൂര്‍വം സ്വാഗതം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആദ്യമായാണ് ഫലസ്ത്വീന്‍ പ്രധാനമന്ത്രി, ഗസ്സയിലേക്കുള്ള ഒരു കാരവനെ മുന്‍കൂട്ടി പരസ്യമായി സ്വാഗതം ചെയ്യുന്നത്. ഇസ്രയേലിനെ ചൊടിപ്പിക്കുന്ന ഈ രണ്ട് പ്രഖ്യാപനങ്ങളും നേരത്തേത്തന്നെ നിജാദിന്റെ ഇടപെടല്‍ മൂലം ശ്രദ്ധിക്കപ്പെട്ട ഏഷ്യന്‍ കാരവനെ കൂടുതല്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഇതില്‍ ആഹ്ലാദം കൊണ്ട ഞങ്ങള്‍ പക്ഷേ, അതിന്റെ അനിവാര്യ ഫലങ്ങളെക്കുറിച്ചോര്‍ത്ത് ചകിതരുമായിരുന്നു.
സുഹൃത്ത് സലീം ഗഫൂരിയും ശൈഖ് അബ്ബാസും ഗസ്സയിലേക്ക് കൊണ്ടുപോകേണ്ട സഹായ വസ്തുക്കള്‍ വാങ്ങുന്നതിനാണ് കാര്യമായ ശ്രദ്ധ കൊടുത്തത്. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി സംഭാവന നല്‍കിയ ഫണ്ടുപയോഗിച്ച് ആംബുലന്‍സുകള്‍, മരുന്നുകള്‍, ജനറേറ്ററുകള്‍, ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയവ വാങ്ങിത്തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മില്യന്‍ ഡോളറിനുള്ള വസ്തുവകകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമാഹരിക്കാന്‍ സാധിച്ചു. അതേസമയം ഈജിപ്തിലെ അല്‍ അരീഷ് വഴി ഗസ്സയിലേക്ക് കടക്കാനുള്ള അനുവാദത്തിനായി ഞങ്ങള്‍ കുറച്ചു പേര്‍ സമാന്തരമായി ശ്രമം തുടങ്ങിവെച്ചു. ഈജിപ്ഷ്യന്‍ അംബാസഡറെ ചെന്നുകണ്ടപ്പോള്‍ അദ്ദേഹം ഈ സംരംഭത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചു. ഈജിപ്ത് ഫലസ്ത്വീനു വേണ്ടി ചരിത്രത്തില്‍ നിര്‍വഹിച്ച സേവനങ്ങള്‍ വിസ്തരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തില്‍ ചില പന്തികേടുകള്‍ ഉള്ളതായി ഞങ്ങള്‍ മണത്തറിഞ്ഞു. എങ്ങനെ പോകണമെന്നും ആര്‍ക്കൊക്കെ പോകാമെന്നും എന്തൊക്കെ വസ്തുക്കള്‍ കൂടെ കൊണ്ടുപോകാമെന്നും കയ്‌റോ ആണ് തീരുമാനിക്കേണ്ടതെന്നും, തന്നാലാവുന്നത് ചെയ്തു തരാമെന്നും അതുവരെ ദമസ്‌കസിലോ തുറമുഖ നഗരമായ ലതാക്കിയയിലോ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പേപ്പറുകള്‍ സമര്‍പ്പിച്ചതിനു ശേഷം ലബനാന്‍ സന്ദര്‍ശിക്കാനുള്ള സംഘത്തെ- 25 പേര്‍ക്കുള്ള വിസയാണ് ലബനാന്‍ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നത്-തയാറാക്കുന്ന പണികളിലേക്ക് ഞങ്ങള്‍ വ്യാപൃതരായി.
(തുടരും)
[email protected]

Comments