Prabodhanm Weekly

Pages

Search

2011 മെയ് 28

അവയവങ്ങള്‍ ദാനം ചെയ്യാമോ?

ശൈഖ് അഹ്മദ് കുട്ടി

പണ്ഡിതനോട് ചോദിക്കാം

ചോദ്യം
അവയവങ്ങള്‍ ദാനം ചെയ്യുന്നത് ഇസ്‌ലാമില്‍  അനുവദനീയമാണോ?


ഉത്തരം: ശരീഅത്തിന്റെ അനുവദനീയ പരിധിക്കകത്താണ് കാര്യങ്ങളെങ്കില്‍ അവയവദാനത്തിന് വിരോധമില്ല. അതിന് ചില ഉപാധികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് പണ്ഡിതന്മാര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവയവദായകനില്‍ ഉണ്ടാവേണ്ട ഉപാധികള്‍:
1. അവയവദാനം ചെയ്യുന്നയാള്‍ ബുദ്ധിമാന്ദ്യം ഉള്ളവനാകരുത്. സ്വന്തമായി തീരുമാനമെടുക്കാനുള്ള ബുദ്ധിയും വിവേകവും അവന്/ അവള്‍ക്ക് ഉണ്ടായിരിക്കണം.
2. പ്രായപൂര്‍ത്തിയെത്തിയിരിക്കണം, ചുരുങ്ങിയത് 21 വയസ്സെങ്കിലും.
3. തീരുമാനമെടുക്കുന്നത് സ്വമേധയാ ആവണം. ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ട് ആകരുത് ആ തീരുമാനം.
4. സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തുന്നതോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ മുഖ്യാവയവങ്ങളില്‍ ഒന്നാകരുത് ദാനമായി നല്‍കുന്നത്.
5. ലൈംഗികാവയവങ്ങള്‍ മാറ്റിവെക്കുന്നത് അനുവദനീയമല്ല.
അവയവദായകന്‍ മരിച്ചിട്ടുണ്ടെങ്കില്‍ താഴെ പറയുന്ന ഉപാധികള്‍ ഒത്തുവരണം.
1. മരിക്കുന്നതിന് മുമ്പ് തന്നെ, അവയവ ദാനത്തിന് താന്‍ സ്വമേധയാ ഒരുക്കമാണെന്നതിന്റെസാക്ഷ്യപത്രങ്ങള്‍ ഉണ്ടായിരിക്കണം. വസ്വിയ്യത്ത് വഴിയോ ഡോണര്‍ കാര്‍ഡില്‍ ഒപ്പിട്ടോ മറ്റോ അത് സാധ്യമാണ്.
2. ഇങ്ങനെയൊരു അനുവാദപത്രം മരണത്തിന് മുമ്പ് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, മരണപ്പെട്ടയാളുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.
3. മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന ഒരു അവയവം തന്നെയാണ് മാറ്റിവെക്കാന്‍ എടുക്കുന്നതെന്ന് മെഡിക്കല്‍ സാക്ഷ്യങ്ങളോടെ ബോധ്യപ്പെട്ടിരിക്കണം.
4. വൈദ്യശാസ്ത്ര പ്രക്രിയയിലൂടെ തന്നെ മരണം ഉറപ്പാക്കിയ ശേഷമേ അവയവം എടുത്ത് മാറ്റാവൂ.
5. അത്യാഹിതങ്ങളിലും മറ്റും മരണപ്പെടുന്നത് അജ്ഞാതരാണെങ്കില്‍ അവരുടെ അവയവങ്ങളും എടുക്കാവുന്നതാണ്; ഒരു ന്യായാധിപന്റെ കര്‍ശന മേല്‍നോട്ടത്തിലായിരിക്കണം നടപടിക്രമങ്ങളെന്ന് മാത്രം.


ചോദ്യം
അവയവദാനത്തെ മരണശേഷവും നിലനില്‍ക്കുന്ന ദാന(സ്വദഖത്തുന്‍ ജാരിയ)മായി കാണാന്‍ പറ്റുമോ?

ഉത്തരം: ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍, അല്ലെങ്കില്‍ അയാള്‍ക്ക് മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടൊരു ജീവിതം നല്‍കാന്‍ അവയവം ദാനം ചെയ്യുന്നത് പ്രതിഫലാര്‍ഹമായ ഒരു സദ്കര്‍മമാണെന്നതില്‍ സംശയമില്ല. ഈ വിഷയം ചര്‍ച്ച ചെയ്ത പണ്ഡിതന്മാരുടെ അഭിപ്രായമാണിത്. എങ്കിലും ഇതൊരു നിലക്കാത്ത ദാന(സ്വദഖത്തുന്‍ ജാരിയ)മായി മാറാന്‍ ശരീഅത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിരിക്കണമെന്ന് ഉപാധിയുണ്ട്. ''തന്റെ സഹോദരന് എന്ത് സഹായം ചെയ്യാന്‍ കഴിയുമെങ്കിലും അതവന്‍ ചെയ്യട്ടെ'' എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അവയവം/ടിഷ്യൂ ദാനം ചെയ്ത് ഒരാളുടെ ജീവന്‍ രക്ഷിക്കുകയെന്നതാണ് ഏറ്റവും വലിയ സഹായം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ. ഏറ്റവും പ്രതിഫലാര്‍ഹമായ ദാനധര്‍മങ്ങളിലാണ് അത് പെടുന്നത്. തന്റെ മരണശേഷവും തന്റെ ഒരു അവയവം മറ്റൊരാളുടെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍, അത് മരണശേഷവും നിലക്കാത്ത ദാനധര്‍മത്തില്‍ തന്നെയാണ് പെടുത്തേണ്ടത്.
(ഈ കോളത്തില്‍ പ്രകടിപ്പിക്കപ്പെടുന്നത് പണ്ഡിതന്‍മാരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.)


മരുമകളും ഭര്‍ത്താവിന്റെ മാതാപിതാക്കളും
എന്റെ മാതാപിതാക്കളും എന്റെ ഭാര്യയും അത്ര സ്വരച്ചേര്‍ച്ചയില്ല. അതിനാല്‍ മാതാപിതാക്കള്‍ വേറെയും, ഞാനും കുടുംബവും വേറെയുമാണ് താമസം. ഞാന്‍ ഇടക്കിടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കാറുണ്ട്. 'നിങ്ങളുടെ മാതാപിതാക്കളെ എനിക്ക് നോക്കേണ്ട കാര്യമില്ല' എന്നാണ് ഭാര്യ പറയുന്നത്. അവളുടെ ന്യായം ഇതാണ്: ''ഞാന്‍ മരുമകളാണ്. ഭര്‍ത്താവിന്റെ മാതാപിതാക്കളോട് മരുമകള്‍ക്ക് കടപ്പാടുകളുണ്ടെന്ന് ഇസ്‌ലാം പറയുന്നില്ല. അതിനാല്‍ നിങ്ങള്‍ പോയാല്‍ മതി, ഞാന്‍ വരേണ്ടതില്ല.'' ഇക്കാര്യം ഞാന്‍ അംഗീകരിച്ച് സമ്മതം കൊടുക്കണമെന്നും അവള്‍ ആവശ്യപ്പെടുന്നു. അവളെ കൂടാതെ ഞാന്‍ മാത്രം ചെന്നാല്‍ മാതാപിതാക്കള്‍ക്ക് വലിയ വിഷമമാകും. ഇസ്‌ലാമില്‍ മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളോട് ബാധ്യതയില്ല എന്ന അവളുടെ ന്യായവാദം ഞാന്‍ മാതാപിതാക്കളോട് വിശദീകരിക്കുന്നത് ശരിയാവുമോ? സത്യത്തില്‍ എന്താണ് ഈ വിഷയത്തില്‍ ഇസ്‌ലാമിന്റെ കാഴ്ചപ്പാട്?

ഉത്തരം: വിവാഹം എന്ന് പറഞ്ഞാല്‍ രണ്ട് വ്യക്തികളെ കൂട്ടിച്ചേര്‍ക്കലല്ല. രണ്ട് കുടുംബങ്ങളെ കൂട്ടിച്ചേര്‍ക്കലും അങ്ങനെ ഇരു ഭാഗത്തും കുടുംബ വൃത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കലുമാണ്. വംശീയമായ കുടുംബബന്ധത്തിന്റെ മാത്രമല്ല, വിവാഹം വഴിയുള്ള കുടുംബബന്ധത്തിന്റെയും പ്രാധാന്യം ഇസ്‌ലാം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ ദമ്പതികളില്‍ ഇരുവരും, ഇരു ഭാഗത്തുമുള്ള കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ബന്ധം സുദൃഢമാക്കേണ്ടത് ബാധ്യത തന്നെയാണ്. അവളുടെ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സന്ദര്‍ശിച്ച് താങ്കള്‍ ബന്ധം പുതുക്കുന്നുണ്ടെങ്കില്‍, അതേ ഊഷ്മള ബന്ധം നിങ്ങളുടെ മാതാപിതാക്കളുടെ കാര്യത്തിലും അവള്‍ പുലര്‍ത്തേണ്ടതാണ്.
എങ്ങനെയായിരുന്നാലും താങ്കളുടെ മാതാപിതാക്കളെ അവള്‍ സന്ദര്‍ശിക്കില്ല എന്ന് പറയുന്നത് അനുചിതവും യാതൊരു ന്യായവുമില്ലാത്തതുമാണ്. താങ്കള്‍ കൂണ്‍ പോലെ പൊടുന്നനെ പൊട്ടിമുളച്ചവനല്ല എന്ന് താങ്കളെ കല്യാണം കഴിക്കുന്ന സമയത്ത് അവള്‍ ആലോചിക്കേണ്ടതായിരുന്നു. താങ്കള്‍ മറ്റാരെയും പോലെ ഒരു കുടുംബത്തില്‍ ജനിച്ച് വളര്‍ന്നവനാണ്; മാതാപിതാക്കള്‍ ഉള്ളവനാണ്. അതിനാല്‍ ഒരു വിശ്വാസിനി എന്ന നിലയില്‍ താങ്കളുടെ മാതാപിതാക്കളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ താങ്കളുടെ ഭാര്യക്ക് കഴിയണം. അതൊരു ബഹുമതിയും അംഗീകാരവുമായി കാണുകയാണ് വേണ്ടത്. കാരണം താങ്കളുടെ മാതാപിതാക്കളെ സ്‌നേഹിക്കുകയും പരിചരിക്കുകയും വഴി, താങ്കളോടുള്ള സ്‌നേഹമാണല്ലോ അവള്‍ പ്രകടിപ്പിക്കുന്നത്. ഇതേ സ്‌നേഹവും പരിഗണനയും അവളുടെ മാതാപിതാക്കളുടെ കാര്യത്തിലും താങ്കള്‍ കാണിക്കുകയാണെങ്കില്‍, ആ സ്‌നേഹം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കാം.
ഓര്‍ക്കുക. പ്രവാചകന്‍ തിരുമേനിയാണ് നമ്മുടെ മാതൃക. ഇതു സംബന്ധമായി ഒട്ടേറെ സംഭവങ്ങള്‍ ഹദീസ്‌കൃതികളില്‍ നമുക്ക് കണ്ടെത്താം. തന്റെ ആദ്യ ഭാര്യ ഖദീജ(റ)യുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമുള്ള പ്രവാചകന്റെ സ്‌നേഹവായ്പ് എത്രത്തോളമായിരുന്നുവെന്ന് ആഇശ(റ) ഉദ്ധരിച്ച ഒരു ഹദീസ് നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്.

Comments