Prabodhanm Weekly

Pages

Search

2011 മെയ് 28

മുസ്‌ലിം കുബുദ്ധിജീവികള്‍


പ്രബോധനം വാള്യം 67/ലക്കം 48-ല്‍ വന്ന 'മുസ്‌ലിം കുബുദ്ധിജീവികള്‍' എന്ന ലേഖനത്തെക്കുറിച്ച് ചില കാര്യങ്ങള്‍. ആ പംക്തിയിലെ ലേഖനത്തില്‍ ഇരയാക്കിയ ആളാണ് ഇത് എഴുതുന്നത്. സത്യത്തിനു നിരക്കാത്ത പലതും ആ ലേഖനത്തിലുണ്ട്.
1. മെഡിക്കല്‍ കോളേജുകള്‍ മുസ്‌ലിം മതമൗലികവാദികള്‍ കൈയടക്കി വെച്ചിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞിട്ടില്ല. അതിന് എന്റെ അടുത്ത് തെളിവുകളുമില്ല. കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ ഈയിടെ ഉണ്ടായ സംഭവങ്ങള്‍ വിവിധ മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികളെ അകറ്റുന്നുണ്ട് എന്ന് അതിന്റെ അടുത്ത് താമസിക്കുന്ന ആള്‍ എന്ന നിലയിലും, ആ കാമ്പസുമായി മൂന്നു പതിറ്റാണ്ടിന്റെ ബന്ധമുള്ള ആള്‍ എന്ന നിലയിലും ഞാന്‍ നിരീക്ഷിക്കുന്നു. മറ്റു കോളേജുകളെ കുറിച്ച് ഞാന്‍ ഡോ. ഖദീജാ മുംതാസിന്റെ 'ആതുരം' പ്രകാശനവേളയില്‍ പറഞ്ഞിട്ടില്ല.
2. മതമൗലിക വാദത്തിന് മഫ്ത ധരിച്ചവര്‍ വിലസുന്നതാണ് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. ചില വിദ്യാര്‍ഥികള്‍ മുസ്‌ലിം പെണ്‍കുട്ടികളില്‍ ചിലരെ മഫ്ത ധരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അതിന് തെളിവു തരാനും സാധിക്കും. ഒരാള്‍ക്ക് മഫ്തയോ പര്‍ദയോ ധരിക്കാനുള്ള അവകാശം പോലെ അത് ധരിക്കാതിരിക്കാനും അവകാശമുണ്ട് എന്നു ഞാന്‍ കരുതുന്നു. മഫ്തയോ പര്‍ദയോ ധരിച്ചതു കൊണ്ട് മാത്രം ഒരു സ്ത്രീ മുസ്‌ലിം ആകും എന്നും ഞാന്‍ കരുതുന്നില്ല. ഇത് അടിച്ചേല്‍പിക്കുന്നത് ഒരു കോളേജില്‍ ഒരിക്കലും ശരിയല്ല എന്നാണ് എന്റെ പക്ഷം.
3. എന്റെ അഥവാ ഫാറൂഖ് കോളേജ് ഹോസ്റ്റലിലെ നമസ്‌കാര സൗകര്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. കാലിക്കറ്റ് മെഡിക്കല്‍ കോളേജില്‍ താമസിക്കാന്‍ കൊടുത്ത മുറി നമസ്‌കാര മുറിയാക്കി, അവിടെ താമസിക്കേണ്ടവര്‍ മറ്റു മുറികളില്‍ താമസിക്കുന്നു എന്ന് അവിടെ ഉള്ള അധ്യാപകര്‍ പറഞ്ഞത് പ്രസംഗത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ ഏര്‍പ്പാട് ശരിയല്ല. നാളെ ഹോസ്റ്റല്‍ പള്ളിയും ക്ഷേത്രവും ഒക്കെ ആയി മാറും എന്നാണ് പ്രസംഗിച്ചത്. ഒന്നുകില്‍ എന്റെ പ്രസംഗം പംക്തിക്കാരന്‍ കേട്ടിട്ടില്ല, അല്ലെങ്കില്‍ കേട്ടത് വളച്ചൊടിച്ചിരിക്കുന്നു. നുണ പറയുന്നത് മുസ്‌ലിമിന് യോജിച്ചതല്ല എന്ന് ഞാനും കരുതുന്നു.
4. എന്നെ ഒരു പ്രമുഖ മുജാഹിദ് വിഭാഗത്തിന്റെ കളിത്തോഴനാക്കിയിട്ടുണ്ട്. ഞാന്‍ മുജാഹിദ്, സുന്നി, ജമാഅത്ത് വിഭാഗങ്ങളുടെ വേദികളില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഒരു പക്ഷേ ജമാഅത്ത് വേദികളിലാവും കൂടുതല്‍ പങ്കെടുത്തിട്ടുണ്ടാവുക. ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിനു വേണ്ടി രണ്ടു ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. രിസാലയില്‍ പംക്തി എഴുതിയിട്ടുണ്ട്. പഴയ എസ്.ഐ.ഒ മാഗസിനില്‍ രണ്ടുവര്‍ഷത്തോളം സര്‍ഗസംവാദം എന്ന പംക്തി എഴുതിയിട്ടുണ്ട്. വര്‍ത്തമാനം, പുടവ, ആരാമം, പൂങ്കാവനം തുടങ്ങിയ പ്രസിദ്ധീകരണങ്ങളോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളുമായുള്ള ബന്ധം എഴുത്തുകാരന്‍ എന്നുള്ള നിലയിലാണ്. മുജാഹിദ് വിഭാഗത്തിന്റെ കളിത്തോഴനാക്കി മാറ്റാന്‍ പംക്തിക്കാരനെ പ്രേരിപ്പിച്ച കാര്യം എന്താണെന്ന് അറിയില്ല.
5. ആള്‍ക്കൂട്ടം കാണുമ്പോള്‍ എന്തെങ്കിലും പറയുന്ന കൂട്ടത്തിലല്ല ഈയുള്ളവന്‍. ഒരു നന്ദി പ്രസംഗം പോലും തയാറെടുത്തു നടത്താന്‍ ശ്രമിക്കുന്ന ആളാണ്. ഞാന്‍ ഒരു ബുദ്ധിജീവിയുമല്ല. എന്റെ പ്രവര്‍ത്തന മേഖലകള്‍ ഈ പംക്തിക്കാരന്‍ ദയവു ചെയ്തു മനസ്സിലാക്കുക. എന്തിനാണ് സമുദായത്തോടൊപ്പം നടക്കുന്ന ആളുകളെ ശത്രുക്കളാക്കുന്നത്? ഒരാള്‍ ഇക്കഴിഞ്ഞ കാലം സമുദായത്തിനു വേണ്ടി എന്തുചെയ്തു എന്ന് ശ്രദ്ധിക്കാതെ ഇങ്ങനെ ആക്ഷേപിക്കുന്നതും ശരിയല്ല. എന്തെങ്കിലും വിളിച്ചുപറയാന്‍ മാത്രമല്ല, എഴുതിക്കൂട്ടാനും പാടില്ല. പിന്നെ സെക്യുലറിസം ഇന്ത്യയില്‍ ഒരു ചീത്ത ഏര്‍പ്പാടാണ് എന്ന് കരുതാത്ത ആളുകളെല്ലാം വിഡ്ഢികളാണോ? അവരൊക്കെയും മൃദു ഹിന്ദുത്വത്തിന്റെ പണിയാളുകളാണോ? ഇങ്ങനെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പ്രബോധനത്തിന് ഭൂഷണമല്ല.
എന്‍.പി ഹാഫിസ് മുഹമ്മദ്
[email protected]

ഫേസ്ബുക്കിലെ ഇസ്രയേലി സ്വാധീനം
ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. മുമ്പ് ഫലസ്ത്വീനില്‍ നടക്കാന്‍ പോകുന്ന മില്യന്‍ മാര്‍ച്ചിന്റെ പ്രചാരണത്തിനു വേണ്ടി ഉണ്ടാക്കിയിരുന്ന പേജ് മൂന്ന് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഫേസ് ബുക്ക് നടത്തിപ്പുകാര്‍ അത് ഒഴിവാക്കിയിരുന്നു. ഹമാസിന്റെ പേരില്‍ ഒരു പേജ് തുടങ്ങാന്‍ സാധിക്കില്ല. hamas the palastinian movement എന്നപേരില്‍ ഞാനൊരു പേജു തുടങ്ങി നോക്കി... രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് മുന്നറിയിപ്പ് കിട്ടി. ഇനി മേലില്‍ ഇതാവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ നിന്റെ അക്കൗണ്ട് നഷ്ടപ്പെടും. പേജ് അവര്‍ ചീന്തിക്കളയുകയും ചെയ്തു. അഭിപ്രായ സ്വാതന്ത്ര്യം ഇസ്രയേലിനെതിരെ വേണ്ട എന്നാണ് പറയുന്നത്!
യഹ്‌യ മേലാറ്റൂര്‍

ആ അര്‍ഥം ശരിയല്ല
പ്രബോധനം 2011 മെയ് 14 (48/67)ലെ പ്രകാശവചനത്തില്‍ നല്‍കിയ ഹദീസിന്റെ അര്‍ഥം ശരിയാണോ? വാസില്‍ എന്നതിന് പ്രതിഫലാര്‍ഹന്‍ എന്നാണ് അര്‍ഥം നല്‍കിയിരിക്കുന്നത്. ശരിയായ അര്‍ഥം ഇങ്ങനെയല്ലേ: 'പകരത്തിന് പകരം ബന്ധം പുലര്‍ത്തുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. രക്തബന്ധം മുറിക്കപ്പെടുമ്പോള്‍ അത് പുനഃസ്ഥാപിക്കുന്നവനാണ് യഥാര്‍ഥ കുടുംബബന്ധം പുലര്‍ത്തുന്നവന്‍.'
സി.ടി അബൂദര്‍റ്


കോണ്‍ഗ്രസിതര വഴി
'ഇടതുപക്ഷം, മുസ്‌ലിം സമൂഹം, ജമാഅത്തെ ഇസ്‌ലാമി' എന്ന തലക്കെട്ടില്‍ പ്രബോധനം ലക്കം 46ല്‍ സംസ്ഥാന അമീറുമായി നടത്തിയ അഭിമുഖം ശ്രദ്ധേയമായി. 'കോണ്‍ഗ്രസിനോടൊപ്പമല്ലാതെയും മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയത്തില്‍ വഴികളുണ്ട് എന്നകാര്യം മുസ്‌ലിംസമൂഹം ഗൗരവത്തില്‍ കാണേണ്ടതുണ്ട്' എന്ന അമീറിന്റെ പ്രസ്താവം, മുസ്‌ലിം നേതൃത്വം ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ചരിത്രപരമായി പിന്നാക്കം പോയ മുസ്‌ലിം സമൂഹത്തെ കൂടുതല്‍ പിന്നോട്ടെത്തിച്ചതില്‍, നീണ്ടകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പങ്ക് നാം ചര്‍ച്ച ചെയ്യാതെ പോകരുത്.
ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രശ്‌നങ്ങളെ മൂന്ന് തലക്കെട്ടുകള്‍ക്ക് കീഴിലായി, സച്ചാര്‍ സമിതി സമര്‍പ്പിച്ച 404 പുറം വരുന്ന റിപ്പോര്‍ട്ട് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. സ്വത്വവുമായും സുരക്ഷിതത്വവുമായും നീതിയുമായും ബന്ധപ്പെട്ട്, മുസ്‌ലിം സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നത് എത്ര ഖേദകരമാണ്. ഇന്ന് നഗരങ്ങള്‍ വിട്ട് ചേരികളിലേക്ക് താമസം മാറുന്നത് മുസ്‌ലിംകളാണ് എന്നാണ് സച്ചാര്‍ സമിതിയുടെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് ഭരണത്തില്‍ എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് കോണ്‍ഗ്രസിനെ മൊത്തമായി പിന്തുണക്കുന്നവര്‍ ആലോചിക്കേണ്ടതുണ്ട്. മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറക്കാന്‍ നേരത്തെ മുതല്‍ നടപ്പില്‍വരുന്ന ഗൂഢാലോചനകളില്‍ ഒന്ന്, മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളുടെ എണ്ണം പരമാവധി കുറക്കുകയെന്നതും, മുസ്‌ലിം സ്ഥാനാര്‍ഥികളെ പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതുമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നയമാണ്.
കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ഇത്തരം നയസമീപനങ്ങള്‍ അവര്‍ എല്ലാകാലത്തും തുടര്‍ന്ന് പോന്നതായി കാണാം. മുസ്‌ലിംലീഗ് നേതാവ് എം.ഐ തങ്ങള്‍ എഴുതുന്നത് കാണുക: ''1937-ല്‍ നടന്ന തെരഞ്ഞെടുപ്പും സംഭവവികാസങ്ങളും പറയുന്ന സത്യമെന്താണ്? കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയ സംസ്ഥാനങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം അവഗണിച്ചു കൊണ്ട് സ്വീകരിച്ച നയം, ആസാദിനെ പോലും തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചാലറിയാം. സംസ്ഥാനങ്ങളില്‍ മുസ്‌ലിംകളെ മാത്രമല്ല ന്യൂനപക്ഷങ്ങളെ അവര്‍ കോണ്‍ഗ്രസുകാരായിട്ടും അവഗണിച്ചതായി ആത്മകഥ പറയുന്നു. ഫാര്‍സിയായ നരിമാന് ബോംബെ സംസ്ഥാനത്തുണ്ടായ അനുഭവം അദ്ദേഹം ഉദ്ധരിക്കുന്നു. ബീഹാറില്‍ പ്രസിദ്ധനായ ഡോ. സെയ്ദ് മഹ്മൂദായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നത്. അവിടെ പക്ഷേ അദ്ദേഹം മുഖ്യമന്ത്രി ആയില്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്ന മഹ്മൂദിന് പകരം കൃഷ്ണസിന്‍ഹയാണ് മുഖ്യമന്ത്രിയായത്. ഇദ്ദേഹം സംസ്ഥാന നിയമസഭയിലേക്കല്ല, കേന്ദ്രനിയമസഭയിലേക്കായിരുന്നു തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇക്കാര്യവും ആസാദ് ഉദ്ധരിക്കുന്നു.'' (ന്യൂനപക്ഷരാഷ്ട്രീയം ദര്‍ശനവും ദൗത്യവും. പേജ് 167 എം.ഐ തങ്ങള്‍). കോണ്‍ഗ്രസിന്റെ ഇത്തരം ചെയ്തികളെ തിരിച്ചറിയാന്‍ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന് പോലും അടുത്തകാലത്താണ് സാധിച്ചത്.
വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്‌ലിംലീഗിന്റെ മേല്‍ പൂര്‍ണമായും ചാര്‍ത്തി, മൊത്തം മുസ്‌ലിംകളെ വേട്ടയാടുന്ന പ്രവണത നേരത്തെ ഉണ്ടായിരുന്നുവെങ്കില്‍, ഇന്നത് മറ്റൊരു രൂപത്തില്‍ തുടര്‍ന്നു പോകുന്നു. ഭീകരവാദമായും തീവ്രവാദമായും മുദ്രചാര്‍ത്തി ഈ സമുദായത്തെ ഷണ്ഡീകരിച്ചു കൊണ്ടിരുന്നതാണ് കോണ്‍ഗ്രസ് നേരിട്ടുഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ആദിവാസികളെക്കാളും പിന്നില്‍ നില്‍ക്കുന്ന സമുദായമാണ് മുസ്‌ലിം സമൂഹമെന്ന്, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പോലും ഒരിക്കല്‍ പറയുകയുണ്ടായി. അതുകൊണ്ട് അമീര്‍ സൂചിപ്പിച്ചതു പോലെ കോണ്‍ഗ്രസിതര വഴി ചിന്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
കെ. മുസ്ത്വഫ കമാല്‍ മൂന്നിയൂര്‍

ചിന്തിച്ച്... ചിന്തിച്ച്...
നാല്‍പത്തി എട്ടാം ലക്കം കിട്ടിയതിന്റെ അടുത്തദിവസം പള്ളി വരാന്തകളിലും മറ്റും പ്രധാന സംസാര വിഷയം പ്രബോധനം ആരംഭിച്ച ആ പുതിയ പംക്തിയെ പറ്റിയായിരുന്നു. പുതിയ പംക്തിയാണ് ചര്‍ച്ചക്ക് നിമിത്തം. 'ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച്.....' ആകര്‍ഷകമായിരിക്കുന്നു.
വലിയ കുബുദ്ധി ജീവികളെ സമൂഹത്തിനു മുന്നില്‍ നിര്‍ത്താനും അവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കിത്തരാനും ജമീല്‍ അഹ്മദിന് സാധിച്ചിരിക്കുന്നു. ആ പിന്‍വാതില്‍ പ്രയോഗം പുതുമയുള്ളതായി തോന്നി. ആ പിന്‍വാതില്‍ മൊഴിയില്‍നിന്ന് ആ കുബുദ്ധി ജീവികളുടെ ദീനുമായുള്ള ബന്ധം വ്യക്തമാവുന്നുണ്ട്.
കെ.എ മമ്മൂട്ടി കവിയൂര്‍

മഹ്ശറയില്‍ കാത്തിരിക്കുന്നത്
മഹല്ലുകളെ കുറിച്ച് പ്രബോധനം നടത്തുന്ന ചര്‍ച്ച വളരെ പ്രയോജനപ്രദമാണ്. മഹല്ലിലെ സാധാരണക്കാരായ വിശ്വാസികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലേക്ക് മഹല്ല് സംവിധാനം വളര്‍ന്നിട്ടില്ല, പ്രമാണിമാര്‍ അടക്കി വാഴുന്ന മഹല്ലുകളില്‍ പ്രത്യേകിച്ചും. വഴിയാത്രക്കാരന് കുടിവെള്ളം ലഭ്യമാക്കുന്ന കാര്യമെങ്കിലും പള്ളികള്‍ കേന്ദ്രീകരിച്ച് ചെയ്‌തെങ്കില്‍, ദാഹിച്ചു വലഞ്ഞ നായക്ക് വെള്ളം കൊടുത്തു സ്വര്‍ഗം നേടിയതിന്റെ കഥ പറച്ചില്‍ അലോസരമാകില്ല. വിശ്വാസികളുടെ നാണയ തുട്ടുകള്‍ നിറഞ്ഞു കവിയുന്ന പള്ളി പെട്ടികള്‍ക്ക് സമീപം കുടിവെള്ള സംഭരണികളും ഉയരട്ടെ. വിശ്വാസത്തിന്റെ അതിര്‍ വരമ്പുകള്‍ ഇല്ലാതെ മനുഷ്യര്‍ ദാഹം തീര്‍ക്കട്ടെ. വെള്ളം കുപ്പിയിലാക്കി കീശ വീര്‍പ്പിക്കുന്ന കുത്തകകള്‍ വാഴുന്ന കാലത്ത് പള്ളികള്‍ ജീവിക്കുന്ന മാതൃകകളാവട്ടെ. ഭീമാകാരമായ മിനാരങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ അല്‍പം കുടിവെള്ള സംഭരണികള്‍ക്ക് മഹല്ലുകള്‍ നീക്കി വെക്കട്ടെ. നമ്മള്‍ക്ക് മുമ്പില്‍ ഖുര്‍ആനും തിരുസുന്നത്തും ബാക്കി വെച്ച് പോയ അന്ത്യ പ്രവാചകന്‍ മുടി കൂടി ബാക്കിവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് കോടികളുടെ പള്ളികള്‍ പണിയുന്നവര്‍ രാജ്യത്ത് പട്ടിണി പാവങ്ങളില്ലെന്നു സമൂഹത്തെ ധരിപ്പിക്കാന്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പട്ടിണി മൂലം മരിക്കുന്ന മനുഷ്യരുടെ ആത്മാക്കള്‍ ഇത്തരക്കാരെ മഹ്ശറയില്‍ കാത്തിരിക്കും.
സലിംനൂര്‍ ഒരുമനയൂര്‍

Comments