Prabodhanm Weekly

Pages

Search

2012 ജൂലൈ 21

നോമ്പിന്റെ കര്‍മശാസ്ത്രം

അബൂദര്‍റ് എടയൂര്‍

ഉല്‍കൃഷ്ട സ്വഭാവങ്ങളുടെ പരിശീലനകാലമാണ് റമദാന്‍. സത്യവിശ്വാസികള്‍ക്ക് ആത്മഹര്‍ഷത്തിന്റെ നാളുകള്‍ അമൂല്യ സമ്മാനങ്ങളുമായി നമ്മുടെ അടുത്തെത്തിയിരിക്കുന്നു. ആ വിശിഷ്ടാതിഥിയെ അര്‍ഹിക്കുന്ന സ്നേഹാദരങ്ങളോടെ സല്‍ക്കരിക്കാനും നിറമിഴികളോടെ യാത്രയാക്കാനും സാധിച്ചാല്‍ അതിനേക്കാള്‍ വലിയ സൌഭാഗ്യം വേറെയില്ല. റമദാന്‍ സാര്‍ഥകമാക്കാനാവശ്യമായ ചില നിര്‍ദേശങ്ങളും വിധിവിലക്കുകളും സാമാന്യമായി വിശദീകരിക്കുകയാണ്.

ആര്‍ക്കാണ് നിര്‍ബന്ധം
ഹിജ്റക്ക് ശേഷം മദീനയില്‍ വെച്ചാണ് മുഹമ്മദ് നബിയുടെ ജനതക്ക് വ്രതം നിര്‍ബന്ധമാക്കപ്പെട്ടത്. അല്ലാഹു പറയുന്നു: \"അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു\'\' (അല്‍ബഖറ 183). കേവലം വിശപ്പും ദാഹവും സഹിച്ച് പട്ടിണി കിടക്കലല്ല നോമ്പ്. മറിച്ച് വിശ്വാസിയുടെ മനസ്സും മുഴുശരീരവും ഉള്‍ച്ചേരുന്ന ഒരു പ്രക്രിയയാണത്. നോമ്പുകാരന്‍ അതിന്റെ ഭൌതികാര്‍ഥത്തോട് വിയോജിക്കുന്ന സംഗതികളില്‍ - ആഹാര പാനീയങ്ങള്‍, ലൈംഗികബന്ധം- നിന്നും സാംസ്കാരിക പൊരുളിനോട് - തെറ്റായ വാക്കുകള്‍, പ്രവൃത്തികള്‍-വിയോജിക്കുന്ന കാര്യങ്ങളില്‍ നിന്നും തടയപ്പെട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയായ, ബുദ്ധിയും ശുദ്ധിയും (ആര്‍ത്തവം, പ്രസവരക്തം എന്നിവ ഇല്ലാതിരിക്കല്‍) ആരോഗ്യവുമുള്ള, യാത്രക്കാരനല്ലാത്ത എല്ലാ മുസ്ലിമിനും നോമ്പ് നിര്‍ബന്ധമാകുന്നു.
വ്രതം ഉപേക്ഷിക്കാവുന്നവര്‍
വയോവൃദ്ധര്‍, ശമനം പ്രതീക്ഷയില്ലാത്ത രോഗി, ഉപജീവനത്തിന് മറ്റു മാര്‍ഗങ്ങളില്ലാതെ ക്ളേശകരമായ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി എന്നിവര്‍ക്ക് വ്രതാനുഷ്ഠാനം വിഷമകരമാവുകയും മറ്റു കാലങ്ങളിലും അതുമുഖേന കടുത്ത പ്രയാസം അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന പക്ഷം അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാവുന്നതാണ്. പിന്നീട് വീട്ടേണ്ടതില്ല. എന്നാല്‍ അതിനു പകരമായി അവര്‍ ഓരോ ദിവസത്തേക്കും ഒരു സാധുവിന് ആഹാരം നല്‍കേണ്ടത് (ഫിദ്യ) നിര്‍ബന്ധമാണ്. അതിന്റെ അളവില്‍ അഭിപ്രായാന്തരമുണ്ട്. ഒരു സ്വാഅ്, അര സ്വാഅ്, ഒരു മുദ്ദ് എന്നിങ്ങനെ വ്യത്യസ്ത വീക്ഷണങ്ങളാണ് അതിലുള്ളത്. അഗതിക്ക് വയറ് നിറയെ ഭക്ഷണം നല്‍കണമെന്നാണ് വേറെ ചിലരുടെ അഭിപ്രായം. സാമൂഹിക താല്‍പര്യം കണക്കിലെടുത്ത് ഫിദ്യ പണമായും (ആഹാരത്തിന്റെ വില) നല്‍കാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരും ഉണ്ട്. അല്ലാഹുവിന്റെ പ്രീതിയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് ഏറ്റവും ഉചിതമായ രീതിയേതാണോ അത് തെരഞ്ഞെടുക്കലാണ് അനുയോജ്യം.
വ്രതാനുഷ്ഠാനത്തില്‍ ഇളവുള്ളവര്‍
രോഗിക്കും യാത്രക്കാരനും നോമ്പെടുക്കുന്നതില്‍ ഇളവുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു (അല്‍ബഖറ 185). രോഗി സുഖം പ്രാപിച്ച ശേഷവും യാത്രക്കാരന്‍ യാത്ര അവസാനിച്ച ശേഷവും നഷ്ടപ്പെട്ട നോമ്പ് നിര്‍ബന്ധമായും വീട്ടേണ്ടതാണ്. എന്നാല്‍ ഒരിക്കലും ഭേദമാകുമെന്ന് പ്രതീക്ഷയില്ലാത്ത രോഗവും വാര്‍ധക്യസഹജമായ രോഗങ്ങളും ഇതില്‍ പെടുകയില്ല എന്ന് വ്യക്തമാണല്ലോ. യാത്രക്കാരന് നോമ്പ് ഉപേക്ഷിക്കാവുന്ന ദൂരമെത്രയാണ്? യാത്രക്കാരന്‍ നോമ്പെടുക്കുന്നതാണോ എടുക്കാതിരിക്കുന്നതാണോ ഉത്തമം? ഇത്തരം വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
അതുപോലെ ഗര്‍ഭിണി, മുലയൂട്ടുന്നവള്‍, കഠിനമായ വിശപ്പും ദാഹവും കാരണം ജീവന്‍ നഷ്ടപ്പെടുമോ എന്ന് ഭയപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്കും നോമ്പില്‍ ഇളവുകളുണ്ട്. നഷ്ടപ്പെട്ട നോമ്പുകള്‍ അവര്‍ പിന്നീട് നോറ്റുവീട്ടേണ്ടതാണ്. അപ്രകാരം തന്നെ ആര്‍ത്തവം, പ്രസവം എന്നീ ഘട്ടങ്ങളില്‍ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. അവ പിന്നീട് നോറ്റുവീട്ടണം.
ശദ്ധിക്കേണ്ട കാര്യങ്ങള്‍
1. നിയ്യത്ത്: അല്ലാഹുവിന്റെ ആജ്ഞ അനുസരിച്ചും അവന്റെ പ്രീതി ലക്ഷ്യമാക്കിയും ഞാന്‍ നോമ്പെടുക്കുന്നു എന്ന് മനസ്സില്‍ തീരുമാനമെടുക്കലാണ് നിയ്യത്തുകൊണ്ടുള്ള വിവക്ഷ. അത് നാവ് കൊണ്ട് ഉച്ചരിക്കണം എന്ന് നിര്‍ബന്ധമില്ല. എന്നാല്‍ നിയ്യത്തിന്റെ സമയം, ഏത് നോമ്പാണെന്ന് പ്രത്യേകം നിര്‍ണയിക്കല്‍, റമദാനില്‍ ഓരോ ദിവസവും നിയ്യത്ത് ആവര്‍ത്തിക്കല്‍ തുടങ്ങിയ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
നോമ്പെടുക്കാനുള്ള തീരുമാനം സൂര്യാസ്തമയത്തിന്റെയും ഫജ്റിന്റെയും ഇടയിലുള്ള ഏതെങ്കിലും സമയത്ത് എടുക്കണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും വീക്ഷണം. ഫജ്റിന് മുമ്പ് തീരുമാനമെടുക്കാത്തവന് നോമ്പില്ല (അബൂദാവൂദ്) എന്ന ഹദീസാണ് അവരുടെ തെളിവ്. ഇതിന്റെ അടിസ്ഥാനത്തില്‍ നോമ്പ് അനുഷ്ഠിക്കുന്ന പകലിന്റെ തൊട്ട് മുമ്പുള്ള രാത്രിയില്‍ നിയ്യത്ത് ഇല്ലെങ്കില്‍ ആ നോമ്പ് അസാധുവാകുമെന്ന് അവര്‍ അഭിപ്രായപ്പെടുമ്പോള്‍, ഈ ഹദീസ് പ്രസ്തുത നോമ്പിന്റെ അപൂര്‍ണതയെ മാത്രമേ കുറിക്കുന്നുള്ളൂവെന്നാണ് അബൂഹനീഫയുടെ പക്ഷം. അഥവാ അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ തൊട്ടുമുമ്പുള്ള രാത്രിയില്‍ നിയ്യത്തുണ്ടാവല്‍ അഭികാമ്യം മാത്രമാണ്; നിര്‍ബന്ധമില്ല. ഇബ്നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസാണ് അദ്ദേഹത്തിന്റെ വാദത്തിനുള്ള തെളിവ്. അതില്‍ പറയുന്നു: ഒരിക്കല്‍ (റമദാന്‍ ആയോ ഇല്ലേ എന്ന്) സംശയിക്കപ്പെട്ട ദിവസം രാവിലെ ഒരു ഗ്രാമീണ അറബി പ്രവാചകന്റെ സന്നിധിയില്‍ വന്ന് മാസപ്പിറവി കണ്ടതായി സാക്ഷ്യം വഹിച്ചു. പ്രവാചകന്‍ ചോദിച്ചു: അല്ലാഹുവൊഴികെ ഇലാഹില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും നീ അംഗീകരിക്കുന്നുണ്ടോ? അദ്ദേഹം പറഞ്ഞു: അതെ. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു അക്ബര്‍. മുസ്ലിംകള്‍ക്ക് അവരിലൊരാള്‍ (മാസപ്പിറവി കണ്ടാല്‍തന്നെ) മതി. അങ്ങനെ അദ്ദേഹം നോമ്പെടുക്കുകയും മറ്റുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു (അബൂദാവൂദ്, നസാഇ, തിര്‍മിദി). പ്രത്യേക സാഹചര്യങ്ങളില്‍ രാവിലെ നിയ്യത്ത് ചെയ്ത് നോമ്പെടുത്താലും സാധുവാകും എന്ന് ഇതില്‍ നിന്ന് തെളിയുന്നു.
അതുപോലെ, നിയ്യത്തില്‍ ഏത് ഫര്‍ദോ സുന്നത്തോ എന്ന് നിജപ്പെടുത്തണമെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. നിര്‍ബന്ധ നമസ്കാരങ്ങള്‍ പോലെ സമയബന്ധിതമായ ഇബാദത്താണ് നോമ്പ് എന്നതാണ് അവരുടെ ന്യായം.
അപ്രകാരം തന്നെ ഓരോ നോമ്പും സ്വതന്ത്രമായ ഇബാദത്തായതിനാല്‍ ഓരോന്നിനും പ്രത്യേകം നിയ്യത്ത് വേണമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. രോഗം, യാത്ര പോലുള്ള കാരണങ്ങളാല്‍ ചില ദിവസങ്ങളില്‍ നോമ്പ് ഉപേക്ഷിച്ചെന്നുവരാം എന്നതാണ് ഓരോ നോമ്പും സ്വതന്ത്രമാണ് എന്നതിന് അവര്‍ മുന്നോട്ട് വെക്കുന്ന ന്യായം. എന്നാല്‍ ഇമാം മാലിക് ഇതിനോട് വിയോജിക്കുന്നു. നോമ്പിന്റെ തുടര്‍ച്ച നഷ്ടപ്പെടാത്തേടത്തോളം റമദാനിന്റെ ആരംഭത്തിലുള്ള ഒരു നിയ്യത്ത് തന്നെ മതി; റമദാന്‍ വ്രതം ഒരൊറ്റ ഇബാദത്താണ്; റമദാന്‍ മാസത്തിന് സാക്ഷിയാവുക എന്ന ഒറ്റ കാരണത്താലാണ് അത് നിര്‍ബന്ധമാവുന്നതെന്ന് എന്നാണ് അദ്ദേഹത്തിന്റെ വാദം.

2. അത്താഴം കഴിക്കല്‍
നോമ്പില്‍ പ്രവേശിക്കുന്നതിന് മുമ്പ് അല്‍പം ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് പ്രബലമായ സുന്നത്താണ്. പ്രവാചകന്‍ പറയുന്നു: നിങ്ങള്‍ അത്താഴം കഴിക്കുക. തീര്‍ച്ചയായും അത്താഴത്തില്‍ ബര്‍കത്തുണ്ട് (ബുഖാരി, മുസ്ലിം). അത്താഴം നോമ്പുകാരന് ഊര്‍ജവും ഉന്മേഷവും പകരും. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: നമ്മുടെയും വേദക്കാരുടെയും നോമ്പുകളെ വേര്‍തിരിക്കുന്നത് അത്താഴം കഴിക്കലാണ് (മുസ്ലിം).
അബൂസഈദില്‍ ഖുദ്രി റിപ്പോര്‍ട്ട് ചെയ്യുന്നു: അത്താഴം മുഴുക്കെ അനുഗ്രഹമാണ്. നിങ്ങളിലൊരുവന് ഒരിറക്ക് വെള്ളം കുടിക്കാനേ സാധിക്കുന്നുള്ളുവെങ്കിലും നിങ്ങളത് ഉപേക്ഷിക്കരുത്. കാരണം അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവരെ ആശീര്‍വദിക്കുന്നു (അഹ്മദ്).
ഭൌതികമായും ആത്മീയമായും അത്താഴം കൊണ്ട് പ്രയോജനമുണ്ടെന്ന് ഇവയില്‍ നിന്ന് മനസ്സിലാക്കാം. രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണത്തിന് അത്താഴത്തിന്റെ ഗുണം ലഭിക്കില്ല. അത്താഴം പരമാവധി പിന്തിക്കുന്നതാണ് പ്രവാചകചര്യ. സൈദുബ്നു സാബിത് (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം അത്താഴം കഴിച്ച ശേഷം നമസ്കാരത്തിന് നിന്നു. അപ്പോള്‍ അനസ്(റ) ചോദിച്ചു: അവ രണ്ടിനുമിടക്കുള്ള സമയമെത്രയായിരുന്നു? സൈദ്: 50 ആയത്തുകള്‍ പാരായണം ചെയ്യാനുള്ള സമയം.
എന്തെങ്കിലും കാരണവശാല്‍ വൈകി എഴുന്നേല്‍ക്കുകയും ഭക്ഷണം കഴിച്ച് തുടങ്ങുമ്പോഴേക്കും സുബ്ഹ് ബാങ്ക് കേള്‍ക്കുകയും ചെയ്താല്‍ ഒന്നും കഴിക്കാതെ നോമ്പെടുക്കുന്ന ചിലരുണ്ട്. സൂക്ഷ്മതക്കുവേണ്ടിയാണ് അവരങ്ങനെ ചെയ്യുന്നത്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ അത്യാവശ്യത്തിന് വല്ലതും കഴിക്കാമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഭക്ഷണത്തളിക കൈയിലിരിക്കെ ഒരാള്‍ ബാങ്ക് കേട്ടുവെന്നിരിക്കട്ടെ. തന്റെ ആവശ്യം പൂര്‍ത്തീകരിക്കാതെ അയാള്‍ അത് താഴെ വെക്കരുത് (ഹാകിം). അത്താഴത്തിന്റെ പ്രാധാന്യമാണ് ഇതില്‍ നിന്നെല്ലാം തെളിയുന്നത്.

3. സമയമായ ഉടനെ നോമ്പ് തുറക്കുക
സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ നോമ്പ് തുറക്കാന്‍ വൈകിക്കുന്നത് പ്രവാചക ചര്യക്കെതിരാണ്. നബി(സ) പറയുന്നു: നോമ്പ് തുറക്കാന്‍ ധൃതി കാണിക്കുന്ന കാലത്തോളം ജനങ്ങള്‍ അനുഗ്രഹത്തിലായിരിക്കും (ബുഖാരി, മുസ്ലിം). മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം. നബി(സ) പറഞ്ഞു: ആളുകള്‍ നോമ്പുതുറക്കാന്‍ ധൃതി കാണിക്കുന്ന കാലത്തോളം ദീന്‍ (ഇസ്ലാം) മികച്ചുതന്നെ നില്‍ക്കും. കാരണം ജൂതന്മാരും ക്രിസ്ത്യാനികളും നോമ്പ് തുറ വൈകിക്കുന്നവരാണ് (അബൂദാവൂദ്).
പ്രവാചകന്റെ നോമ്പുതുറയെ കുറിച്ച് അനസ് (റ) പറയുന്നു: പ്രവാചകന്‍ (മഗ്രിബ്) നമസ്കാരത്തിന് മുമ്പ് ഏതാനും ഈത്തപ്പഴം തിന്നുകൊണ്ട് നോമ്പ് തുറക്കുമായിരുന്നു. ഈത്തപ്പഴമില്ലെങ്കില്‍ കാരക്കകൊണ്ടും അതുമല്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കൊണ്ടും അദ്ദേഹം നോമ്പ് അവസാനിപ്പിക്കുമായിരുന്നു (അഹ്മദ്).

4. നിരന്തരമായ പ്രാര്‍ഥനകള്‍
വ്രതമനുഷ്ഠിക്കുമ്പോള്‍ ഒരു മനുഷ്യന്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കുന്നു. കാരണം മറ്റു ഇബാദത്തുകള്‍ പോലെ പ്രകടഭാവങ്ങളില്ലാത്തതിനാല്‍ അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മാത്രമായിരിക്കും ഒരാള്‍ നോമ്പെടുക്കുക. അതിനാല്‍ നോമ്പുകാരനായിരിക്കെയുള്ള പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവിന്റെ സവിശേഷ പരിഗണന ലഭിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. വിശിഷ്യാ നോമ്പ് തുറക്കുമ്പോള്‍. പ്രവാചകന്‍ പറയുന്നു: നോമ്പുതുറക്കുമ്പോള്‍ നോമ്പുകാരന് ഒരു പ്രാര്‍ഥനക്ക് അവസരമുണ്ട്. അത് തിരസ്കരിക്കപ്പെടുകയില്ല (ഇബ്നുമാജ).

5. ദാനധര്‍മങ്ങള്‍
അനേകമിരട്ടി പ്രതിഫലം ലഭിക്കുന്ന കര്‍മമാണല്ലോ ദാനധര്‍മം. ഇക്കാര്യത്തില്‍ റമദാനില്‍ നോമ്പുകാരന്‍ അത്യുത്സാഹം കാണിക്കേണ്ടതുണ്ട്. റമദാനില്‍ ലഭിക്കുന്ന നേട്ടങ്ങള്‍ മറ്റൊരു കാലത്തും ലഭിക്കില്ല എന്നതുതന്നെ കാരണം. പ്രവാചകന്‍ ഈ വിഷയത്തിലും ഉദാത്ത മാതൃക കാണിച്ചുതന്നിട്ടുണ്ട്. ഇബ്നു അബ്ബാസ് റിപ്പോര്‍ട്ട് ചെയ്യുന്നു: നബി(സ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീലുമായി സന്ധിക്കുമ്പോള്‍ അവിടുന്ന് അത്യുദാരനാവും. അത്തരം സന്ദര്‍ഭങ്ങളില്‍ നബി തിരുമേനി വീശിയടിക്കുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു (ബുഖാരി).

6. സല്‍സ്വഭാവം
ദുഃസ്വഭാവങ്ങള്‍ ഒരു കാലത്തും സത്യവിശ്വാസിയില്‍ ഉണ്ടാവാന്‍ പാടില്ല. അത് കുറ്റകരമാണ്. റമദാനിലെ ദുഃസ്വഭാവങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ അത് ഗുരുതരമാവുന്നു. അതിനാല്‍ മനസാ - വാചാ - കര്‍മണായുള്ള എല്ലാവിധ ദുഃസ്വഭാവങ്ങളില്‍ നിന്നും മുക്തനാവുക എന്നത് നോമ്പിന്റെ പൂര്‍ണതക്ക് അനിവാര്യമാണ്. നബി (സ) പറഞ്ഞു: വ്രതം ഒരു പരിചയാകുന്നു. വ്രതമനുഷ്ഠിക്കുന്ന ദിവസം നിങ്ങളില്‍ ഒരാളും അശ്ളീലം പറയുകയോ വഴക്കും വക്കാണവും ഉണ്ടാക്കുകയോ അരുത്. ആരെങ്കിലും നിങ്ങളിലൊരാളോട് ശണ്ഠക്ക് വരികയോ അയാളെ ശകാരിക്കുകയോ ചെയ്താല്‍, ഞാന്‍ നോമ്പുകാരനാണ് എന്ന് അയാള്‍ പറയട്ടെ.
നോമ്പുകാരനല്ലെങ്കില്‍ മേല്‍പറഞ്ഞതും അല്ലാത്തതുമായ ദുഃസ്വഭാവങ്ങള്‍ അനുവദനീയമാണ് എന്ന അര്‍ഥത്തിലല്ല ഇതു പറയുന്നത്. റമദാനില്‍ അതിന്റെ ഗൌരവം വര്‍ധിക്കുകയും നോമ്പിന്റെ പ്രതിഫലം കുറയാന്‍ ഇടയാക്കുമെന്നുമാണ് അത് കൊണ്ടുള്ള വിവക്ഷ. നോമ്പുകാരന് തഖ്വയുണ്ടാവുന്നില്ലെങ്കില്‍ ആ നോമ്പ് നിഷ്ഫലമാണെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) പറഞ്ഞു: കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കലല്ല വ്രതം. മറിച്ച് മ്ളേഛവും അനാവശ്യവുമായ കാര്യങ്ങള്‍ വര്‍ജിക്കല്‍ കൂടിയാണ്. വിശപ്പൊഴികെ മറ്റൊന്നും നേടാനാവാത്ത എത്രയെത്ര നോമ്പുകാരുണ്ട് എന്ന് നബി(സ) മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.

7. ഖിയാമുല്ലൈല്‍
ഖിയാമുല്ലൈല്‍, തഹജ്ജുദ്, തറാവീഹ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന രാത്രി നമസ്കാരം പ്രബലമായ സുന്നത്താണ്. റമദാനിലാവുമ്പോള്‍ വിശേഷിച്ചും. പ്രവാചകന്‍ (സ) റമദാനിലെ രാത്രി നമസ്കാരം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനില്‍ നമസ്കാരം നിര്‍വഹിക്കുന്നവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.
ഇശാഅ് നമസ്കാരാനന്തരം ഒറ്റക്കോ സംഘടിതമായോ അത് നിര്‍വഹിക്കാം. രണ്ടിനും പ്രവാചക ജീവിതത്തില്‍ തെളിവുണ്ട്. ആഇശ(റ)യില്‍ നിന്ന് നിവേദനം: റമദാനിലെ ഒരു പാതിരാവില്‍ നബി(സ) വീട്ടില്‍ നിന്ന് പുറത്തുപോയി. അവിടുന്ന് പള്ളിയില്‍ ചെന്ന് നമസ്കരിച്ചു. അപ്പോള്‍ ഏതാനും സ്വഹാബികളും അവിടത്തോടൊപ്പം നമസ്കരിച്ചു. നേരം പുലര്‍ന്നപ്പോള്‍ ആളുകള്‍ ഇതേകുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അടുത്ത ദിവസം കുറെയേറെ ആളുകള്‍ നമസ്കാരത്തിനെത്തി. പിറ്റേന്നും ആളുകള്‍ അതേപ്പറ്റി ചര്‍ച്ച ചെയ്തു. മൂന്നാമത്തെ ദിവസം പള്ളിയില്‍ ആളുകള്‍ വീണ്ടും വര്‍ധിച്ചു. അന്നും തിരുമേനി അവര്‍ക്ക് ഇമാമായി നമസ്കരിച്ചു. നാലാം ദിവസം പള്ളി ജനനിബിഡമായി (പക്ഷേ പ്രവാചകന്‍ വന്നില്ല). പിന്നീട് പ്രഭാത നമസ്കാരത്തിനായി നബി (സ) പള്ളിയിലെത്തി. നമസ്കാരശേഷം ജനങ്ങളെ അഭിമുഖീകരിച്ചു. സാക്ഷ്യ വചനങ്ങള്‍ ഉരുവിട്ട ശേഷം അവിടുന്ന് പറഞ്ഞു: നിങ്ങള്‍ ഇവിടെ സന്നിഹിതരായ വിവരം എനിക്കറിയാമായിരുന്നു. പക്ഷേ അത് നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുകയും അങ്ങനെ നിങ്ങള്‍ക്കത് നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയും ചെയ്തേക്കുമോ എന്ന ആശങ്കയിലായിരുന്നു ഞാന്‍ (ബുഖാരി, മുസ്ലിം).
നബി(സ) ഇഹലോകവാസം വെടിഞ്ഞു. ജനങ്ങള്‍ ഒറ്റക്ക് രാത്രി നമസ്കാരം നിര്‍വഹിക്കുന്ന പതിവ് തുടര്‍ന്നു. അബൂബക്റി(റ)ന്റെ ഭരണകാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിന്റെ തുടക്കത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ.
അബ്ദുര്‍റഹ്മാനുബ്നു അബ്ദില്‍ ഖാരിഇല്‍ നിന്ന് നിവേദനം: റമദാനിലെ ഒരു രാത്രിയില്‍ ഞാന്‍ ഉമറി(റ)നോടൊപ്പം പള്ളിയില്‍ പോയി. അപ്പോഴതാ ആളുകള്‍ അവിടവിടെയായി പലവിധത്തില്‍ തറാവീഹ് നമസ്കരിച്ചുകൊണ്ടിരിക്കുന്നു. ഒറ്റക്ക് നമസ്കരിക്കുന്നവരും ചെറുസംഘങ്ങളായി നമസ്കരിക്കുന്നവരും അവരിലുണ്ട്. അത് കണ്ട ഉമര്‍(റ) പറഞ്ഞു: ഒരു ഖാരിഇന്റെ (ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍) കീഴില്‍ ഇവരെല്ലാവരും കൂടി നമസ്കരിക്കുകയാണെങ്കില്‍ അതെത്ര നന്നായിരിക്കും. പിന്നീട് ഉബയ്യുബ്നു കഅ്ബിന്റെ കീഴില്‍ അവരെ സംഘടിപ്പിച്ചുകൊണ്ട് ഉമര്‍ തന്റെ തീരുമാനം നടപ്പാക്കുകയും ചെയ്തു (ബുഖാരി).
ഉമര്‍(റ) ആ ജമാഅത്ത് നമസ്കാരത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന് ഈ ഹദീസിന്റെ തുടര്‍ന്നുള്ള ഭാഗത്ത് നിന്ന് മനസ്സിലാക്കാം. അവര്‍ രാത്രിയുടെ ആദ്യഘട്ടത്തിലാണ് തറാവീഹ് നമസ്കരിച്ചിരുന്നത്. എന്നാല്‍ രാവിന്റെ അന്ത്യയാമങ്ങളില്‍ നമസ്കരിക്കാനാണ് ഉമര്‍(റ) ഇഷ്ടപ്പെട്ടിരുന്നത്.
തറാവീഹ് നമസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തില്‍ ആളുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. നബി(സ) പതിനൊന്ന് റക്അത്താണ് നിര്‍വഹിച്ചിരുന്നതെന്നും എന്നാല്‍ പില്‍ക്കാലത്ത് സ്വഹാബിമാര്‍ അതില്‍ നിന്ന് വ്യത്യസ്തമായി എണ്ണം വര്‍ധിപ്പിച്ചിരുന്നുവെന്നും ചില പണ്ഡിതന്മാര്‍ തെളിവ് സഹിതം വ്യക്തമാക്കുന്നുണ്ട്. റമദാനിലെ രാത്രി നമസ്കാരം കൃത്യമായ റക്അത്തുകള്‍ നിജപ്പെടുത്തിയിട്ടുള്ളതല്ല. പതിനൊന്ന് റക്അത്തേ നമസ്കരിക്കാവൂ എന്നും അതില്‍ കൂട്ടാനോ കുറക്കാനോ പാടില്ല എന്നും പ്രവാചകന്‍ പറഞ്ഞിട്ടില്ല. അതിനാല്‍ റക്അത്തുകളുടെ ഏറ്റക്കുറച്ചിലുകള്‍ നിറുത്തത്തിന്റെ ദൈര്‍ഘ്യവുമായി ബന്ധപ്പെടുത്തിയാണ് മുന്‍ഗാമികള്‍ നിശ്ചയിച്ചിരുന്നത്. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ റക്അത്തുകള്‍ കുറക്കുകയും മറിച്ചാവുമ്പോള്‍ കൂട്ടുകയും ചെയ്യുന്നു. നബി(സ) പതിനൊന്ന് റക്അത്ത് മാത്രമേ നമസ്കരിച്ചിട്ടുള്ളൂവെന്നതിനാല്‍ അതില്‍ മാറ്റത്തിരുത്തലുകള്‍ പാടില്ല എന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ ആ നമസ്കാരത്തിന്റെ ദൈര്‍ഘ്യം സൌകര്യപൂര്‍വം വിസ്മരിക്കുന്നു. സുദീര്‍ഘമായി നിന്ന് നമസ്കരിക്കുകയായിരുന്നു പ്രവാചകന്റെ രീതി. എന്നാല്‍ ജമാഅത്തായി നമസ്കരിക്കുമ്പോള്‍ പിന്നിലുള്ളവരെ പരിഗണിച്ച് ദൈര്‍ഘ്യം കുറക്കുകയും എണ്ണം കൂട്ടുകയുമാണ് സ്വഹാബികള്‍ ചെയ്തത്.
ഉമറുബ്നു അബ്ദില്‍ അസീസി(റ)ന്റെ ഭരണ കാലത്ത് മദീനയില്‍ 39 റക്അത്തായിരുന്നു തറാവീഹ് നമസ്കരിച്ചിരുന്നത്. അതായിരുന്നു ഞങ്ങളുടെ രീതി എന്ന് ഇമാം മാലിക് അഭിപ്രായപ്പെടുന്നു. ഇമാം ശാഫിഈ പറയുന്നു: മദീനക്കാര്‍ 39-ഉം മക്കക്കാര്‍ 23-ഉം നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതിലൊന്നും ഒരു കുഴപ്പവുമില്ല.... അവര്‍ സുദീര്‍ഘമായി നിന്ന് നമസ്കരിക്കുകയാണെങ്കില്‍ സുജൂദ് കുറക്കുന്നു. അഥവാ റക്അത്തുകളുടെ എണ്ണം ചുരുക്കുന്നു. അത് നല്ല കാര്യമാണ്. ഇനി സുജൂദ് (റക്അത്ത്) വര്‍ധിപ്പിക്കുകയാണെങ്കില്‍ ഖുര്‍ആന്‍ പാരായണം കുറക്കുന്നു. അതും നല്ലത് തന്നെ. എന്നാല്‍ ആദ്യത്തേതാണ് എനിക്ക് ഏറെ ഇഷ്ടം.
8. ഇഅ്തികാഫ്
ജിവിതത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു നിശ്ചിതകാലം പൂര്‍ണമായും ഇബാദത്തുകളില്‍ മുഴുകി പള്ളിയില്‍ പാര്‍ക്കുന്നതിനെയാണ് ഇഅ്തികാഫ് എന്നുവിളിക്കുന്നത്. ഇത് രണ്ടിനമുണ്ട്. ഒന്ന് നേര്‍ച്ചയിലൂടെ നിര്‍ബന്ധമാവുന്നത്. ഇത് ഏത് കാലത്തും ആകാവുന്നതാണ്. ദൈവപ്രീതിയും പുണ്യവും കൊതിച്ചും പ്രവാചകനെ അനുകരിച്ചും റമദാനില്‍ നിര്‍വഹിക്കുന്നതാണ് രണ്ടാമത്തേത്. നബി(സ) റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഒരു ശീലമാക്കിയിരുന്നു. ഈ സന്ദര്‍ഭത്തില്‍ അവിടുന്ന് ജിബ്രീലുമായി സന്ധിക്കുകയും ഖുര്‍ആന്‍ ആവര്‍ത്തനം നടത്തുകയും ചെയ്തിരുന്നു.
വളരെ അനിവാര്യമായ കാരണങ്ങളാല്‍ മാത്രമേ ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന്‍ പള്ളിയുടെ പരിധിയില്‍ നിന്ന് പുറത്തുപോകാവൂ. ദൈവമാര്‍ഗത്തിലുള്ള ത്യാഗത്തിന്റെ ഉദാത്ത മാതൃകയാണ് ഈ ഭജനമിരിക്കലിലൂടെ പ്രകടമാവുന്നത്. അതേസമയം ജീവിതകാലം മുഴുവന്‍ ഇങ്ങനെ ധ്യാനനിരതനായിക്കഴിയുക ഇസ്ലാമികമല്ല.
ഇഅ്തികാഫ് സാധുവാകുന്ന പള്ളിയെ കുറിച്ച് പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. ഏതു പള്ളിയിലുമാവാം എന്ന് ഒരു വിഭാഗം പറയുമ്പോള്‍ ജുമുഅയുള്ള പള്ളിയിലേ ആകാവൂ എന്ന് മറുപക്ഷം അഭിപ്രായപ്പെടുന്നു. ജുമുഅയില്ലാത്ത പള്ളിയിലാവുമ്പോള്‍ ജുമുഅക്ക് വേണ്ടി പള്ളിയില്‍ നിന്ന് പുറത്തുപോവേണ്ടി വരും എന്നാണ് അവരുടെ ന്യായം. മുടിമുറിക്കുക, നഖം മുറിക്കുക, കുളിക്കുക, സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയവ ഇഅ്തികാഫുകാരന് അനുവദനീയമാണ്.
റമദാന്‍ 20-ന് സൂര്യാസ്തമയത്തിന് മുമ്പ് പള്ളിയിലെത്തുകയും അവസാനദിവസം സൂര്യാസ്തമയത്തിന് ശേഷം മാത്രം പുറത്തുപോവുകയും ചെയ്യുക എന്നത് ഇഅ്തികാഫിന്റെ അടിസ്ഥാന നിബന്ധനയാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. അതിനിടയില്‍ അത്യാവശ്യത്തിനല്ലാതെ പുറത്തുപോയാല്‍, പള്ളിയില്‍ തുടര്‍ച്ചയായി താമസിക്കുക എന്ന നിബന്ധന ലംഘിക്കപ്പെടുന്നതിനാല്‍ ഇഅ്തികാഫ് അസാധുവാകുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകളോ ഒരു ദിവസമോ ഒക്കെ ഇഅ്തികാഫ് അനുഷ്ഠിക്കാമെന്ന് അഭിപ്രായപ്പെട്ട പ്രമുഖ പണ്ഡിതന്മാരും ഉണ്ട്. അബൂഹനീഫ, ഇമാം ശാഫിഈ, ഇബ്നു ഹസം തുടങ്ങിയവര്‍ ഉദാഹരണം.

9. തീവ്രയത്നത്തിന്റെ നാളുകള്‍
റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളില്‍ സല്‍കര്‍മങ്ങളിലും ഇബാദത്തുകളിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയിരുന്നു പ്രവാചകന്‍. ആഇശ (റ) പറയുന്നു: അവസാനത്തെ പത്ത് വന്നാല്‍ അവിടുന്ന് അരമുറുക്കി തയാറെടുക്കും. രാത്രി ഉറക്കമൊഴിച്ച് സജീവമാക്കും. ഭാര്യമാരെ വിളിച്ചുണര്‍ത്തും (ബുഖാരി, മുസ്ലിം).
മറ്റുള്ള ദിനങ്ങളെ അപേക്ഷിച്ച് പ്രവാചകന്‍ അവസാനത്തെ പത്തില്‍ ഇബാദത്തുകളില്‍ അത്യുത്സാഹം കാണിക്കുകയും അതിന് അനുചരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് എന്തുകൊണ്ടാണ്? റമദാന്‍ വിടപറയാന്‍ പോകുന്നു എന്ന വ്യഥയായിരിക്കാം അതിന് ഒരു കാരണം. ശ്രേഷ്ഠവും അനുഗ്രഹീതവുമായ ലൈലത്തുല്‍ ഖദ്ര്‍ ഉണ്ടാവാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെടുന്ന ദിനങ്ങളില്‍ അതിന്റെ മഹത്വം മൂലമുള്ള നേട്ടങ്ങള്‍ നഷ്ടമാവരുത് എന്നതായിരിക്കാം മറ്റൊരു കാരണം. അനസി(റ)ല്‍ നിന്ന് നിവേദനം. ഒരിക്കല്‍ റമദാന്‍ ആഗതമായപ്പോള്‍ നബി(സ) സ്വഹാബികളോട് പറഞ്ഞു: പവിത്രമായ ഈ മാസം നിങ്ങള്‍ക്ക് സമാഗതമായിരിക്കുന്നു. അതില്‍ ആയിരം മാസത്തേക്കാള്‍ പുണ്യകരമായ ഒരു രാത്രിയുണ്ട്. അത് നഷ്ടപ്പെട്ടവന് സര്‍വ നന്മയും നഷ്ടപ്പെട്ടു. നിര്‍ഭാഗ്യവാനല്ലാതെ അതിന്റെ അനുഗ്രഹം തടയപ്പെടുകയില്ല (ഇബ്നു മാജ). അവസാനത്തെ പത്തിലാണ് ലൈലത്തുല്‍ ഖദ്റെന്ന് പ്രവാചകന്‍ പഠിപ്പിച്ചതായി ഹദീസുകളില്‍ കാണാം. അതിനാല്‍ അവയില്‍ ഏത് ദിവസമായാലും അത് നഷ്ടമാവാതിരിക്കണമെങ്കില്‍ അവസാനത്തെ പത്ത് ദിവസവും അത് പ്രതീക്ഷിച്ച് നാം പ്രവര്‍ത്തിക്കണം.

Comments