Prabodhanm Weekly

Pages

Search

2012 ജൂലൈ 21

നവ സാമൂഹിക ജനാധിപത്യ പ്രസ്ഥാനം

മുജീബ്

കാലിക പ്രസക്തിയുള്ള ശക്തമായ പ്രമേയമാണ് കെ.കെ കൊച്ച് മുന്നോട്ട് വെച്ചത്. സാമ്പ്രദായിക ദേശീയ പാര്‍ട്ടികള്‍ ഒന്നൊഴിയാതെ ജീര്‍ണിക്കുകയും ലക്ഷ്യപ്രാപ്തിയില്‍ പരാജയപ്പെടുകയും ആ പരാജയത്തിന് രാജ്യം കനത്ത വില ഒടുക്കേണ്ടിവരികയും ചെയ്തിരിക്കുന്നു. ആദര്‍ശവും തത്ത്വങ്ങളും ബലികഴിച്ച, അഴിമതി ജീവിത വ്രതമാക്കി മാറ്റിയ നേതാക്കളുടെ കൈയിലെ കളിപ്പാവകള്‍ മാത്രമായ പാര്‍ട്ടികളുടെയും മുന്നണികളുടെയും വിഹാര രംഗമാണ് ദേശീയ രാഷ്ട്രീയം. ചൈതന്യം ചോര്‍ന്ന ജനാധിപത്യത്തിന്റെ കേവലമായ ചട്ടക്കൂടും മതേതരത്വത്തിന്റെ മറവില്‍ സവര്‍ണ സാംസ്കാരിക ശാഠ്യങ്ങളുടെ ഉടുതുണിയില്ലാത്ത പ്രദര്‍ശനവും സോഷ്യലിസത്തിന്റെ പേരില്‍ കുത്തക വത്കരണവുമാണ് ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യമെന്നഭിമാനിക്കുന്ന ഇന്ത്യയില്‍ നിലവിലുള്ളത്. ഇത് മാറ്റാനോ തിരുത്താനോ പോകട്ടെ ശക്തമായൊരു വെല്ലുവിളി ഉയര്‍ത്താന്‍ പോലുമോ ഇടതുപക്ഷത്തിനാവുന്നില്ല. അവരും നവ മുതലാളിത്ത ക്യൂവിലെ പിന്‍നിരക്കാര്‍ മാത്രം.
പ്രാന്തവത്കൃത വിഭാഗങ്ങളെയും പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരെയും, സാമ്രാജ്യത്വത്തിനും യുദ്ധത്തിനും ഹിംസക്കുമെതിരെ പൊരുതാന്‍ തയാറുള്ള സര്‍വരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പ്രസ്ഥാനത്തിന്റെ പ്രസക്തിയിലേക്കും അത്യാവശ്യകതയിലേക്കും വിരല്‍ ചൂണ്ടുന്നതാണ് വര്‍ത്തമാനകാല സാഹചര്യം. കാലഹരണപ്പെട്ട സിദ്ധാന്തങ്ങളില്‍ ഉടുമ്പിനെപ്പോലെ പിടിമുറുക്കി കാലം കഴിക്കുന്നവര്‍ക്ക് ഈ കൂട്ടായ്മയില്‍ പങ്കുവഹിക്കാനാവില്ല. അതേയവസരത്തില്‍ കപടന്മാരും അവസരവാദികളുംസ്വാര്‍ഥികളും ഇത്തരമൊരു കൂട്ടായ്മയെ തുരങ്കം വെക്കാനുള്ള സാധ്യതയും കരുതിയിരിക്കണം. പൂച്ചക്ക് ആര് മണി കെട്ടും എന്നതാണ് പക്ഷേ പ്രസക്തമായ ചോദ്യം. പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ നിസ്വാര്‍ഥരും സാമൂഹിക പ്രതിബദ്ധതയുള്ളവരും അഴിമതിയുടെ കറപുരളാത്തവരുമായ ഒരു ടീം മുന്‍കൈയെടുത്താല്‍ മാത്രമേ സംഭവം യാഥാര്‍ഥ്യമാവൂ. ഏത് കൂട്ടായ്മയുടെയും മരണദൂതുമായെത്തുന്ന വിഭാഗീയതയാണ് ഭയപ്പെടേണ്ട മറ്റൊരു പ്രതിഭാസം. അഭിപ്രായ വ്യത്യാസങ്ങള്‍ വളരെ വേഗം ഭിന്നിപ്പിലേക്കും വിഭാഗീയതയിലേക്കും പിളര്‍പ്പിലേക്കും നയിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ഇപ്പോള്‍തന്നെ ദലിത്, സ്ത്രീ വിമോചന പ്രസ്ഥാനങ്ങളിലാകെ എത്രയെത്ര ഗ്രൂപ്പുകളാണ് പ്രര്‍ത്തിക്കുന്നത്? പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവര്‍ജന കൂട്ടായ്മകള്‍ പോലും ശൈഥില്യത്തിന്റെ ചിത്രമല്ലേ കാഴ്ചവെക്കുന്നത്? വിപ്ളവ പ്രസ്ഥാനമായ നക്സലിസം പോലും അമീബ കണക്കേ പിളര്‍ന്നില്ലേ? വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ അഭാവവും ഈഗോ ക്ളാഷുമാണ് ആധുനിക സാമൂഹിക പ്രസ്ഥാനങ്ങളുടെ മുഖമുദ്ര.
അറബ് വസന്തത്തിന് ഒരളവോളം ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനായത് കര്‍ക്കശമായ അച്ചടക്കത്തിന്റെയും ആത്മസംസ്കരണത്തിന്റെയും മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു ആദര്‍ശ ധാര്‍മിക പ്രസ്ഥാനം തീര്‍ത്ത അന്തര്‍ധാരയാണെന്ന് സൂക്ഷ്മ പഠനം തെളിയിക്കും. എന്നിട്ടുപോലുമുണ്ട് അപായ സാധ്യതയിലേക്കുള്ള സൂചനകള്‍. ഇന്ത്യയില്‍ അത്തരം ശക്തമായൊരു ജനകീയ പ്രസ്ഥാനം ഇനിയും വളര്‍ന്നിട്ടുവേണം. അറബ് ലോകത്തെ ജനാധിപത്യപരമായ പരിവര്‍ത്തനത്തിനു നിര്‍ബന്ധിച്ച തരത്തിലുള്ള മുഠാള സ്വേഛാധിപത്യ വാള്‍ ഇന്ത്യയിലില്ലെന്നതും കാണാതിരുന്നുകൂടാ. അതിജീവനശേഷിയുള്ള ഒരു പാര്‍ലമെന്ററി ജനാധിപത്യം ഇവിടെ വേരുപിടിച്ചത് എല്ലാവിധ ഗുണങ്ങളോടുമൊപ്പം ജനങ്ങളില്‍ ഒരു തരത്തിലുള്ള അലംഭാവവും ഉദാസീനതയും കവിഞ്ഞ ശുഭാപ്തിയും വളര്‍ത്തിയിട്ടുണ്ട്. യഥാര്‍ഥ ജനാധിപത്യത്തിന്റെ തന്നെ തകര്‍ച്ചയാണ് ഈ തിരിച്ചറിവില്ലായ്മയുടെ അനിവാര്യ ഫലം എന്ന് മനസ്സിലാക്കിയേ തീരൂ.

അധികാരക്കൊതി
തൊട്ടുതീണ്ടാത്തവരുടെ വിമര്‍ശനം!
ഇന്നലെ വന്ന പനിക്ക് കാലില്‍ അല്‍പം നീര്‍ക്കെട്ടിയവനെ നോക്കി 'പെരുമന്താ' എന്നു വിളിക്കുന്ന മന്തുകാലന്‍ പോലും മുസ്ലിം ലീഗ് പത്രത്തിലെ തിരുമൊഴികള്‍ക്ക് മുമ്പാകെ നമിക്കണം. അധികാരത്തിനുവേണ്ടി മൂല്യങ്ങളും സമുദായ പ്രതിബദ്ധതയും സാമാന്യ ധാര്‍മികത പോലും കളഞ്ഞുകുളിച്ചവരാണ്, അറുപത് വര്‍ഷക്കാലത്തെ നിരന്തരമായ കൊടും പീഡനങ്ങള്‍ക്കൊടുവില്‍ ധീരോദാത്തമായ ജനാധിപത്യ പോരാട്ടത്തിലൂടെ പൌരാവകാശം വിനിയോഗിക്കാനുള്ള അവസരം സൃഷ്ടിച്ചെടുത്തു തീര്‍ത്തും ജനഹിതത്തിലൂടെ അധികാരമുറപ്പിക്കാന്‍ അവസരം സൃഷ്ടിച്ചവരെ അധികാരക്കൊതിയരും അവസരവാദികളുമാക്കി ചിത്രീകരിക്കുന്നത്. കാരണം ലളിതം. രാജ്യം തന്നെ സ്വകാര്യ സ്വത്താക്കി മാറ്റിയ സ്വേഛാധിപതികളോടാണ് സാമുദായിക രാഷ്ട്രീയത്തിന്റെ കൊടുവാഹകര്‍ക്കനുഭാവം. സാമ്രാജ്യത്വത്തിന്റെ പാദസേവകരെ ജനം തിരസ്കരിച്ചതില്‍ ഇക്കൂട്ടര്‍ ഖിന്നരാണ്. പകരം ജയിച്ചുവരുന്നത് ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളാണെന്നത് അവര്‍ക്ക് സഹിക്കാനാവുന്നില്ല.
മുസ്ലിം ബ്രദര്‍ഹുഡ് മതേതര തീവ്രവാദികളും സാമുദായിക വാദികളും ചിത്രീകരിക്കുന്ന പോലെ മതമൌലികവാദ പ്രസ്ഥാനമോ മത രാഷ്ട്രവാദികളോ അല്ല. ജനാധിപത്യവും ബഹുമത സമൂഹത്തിലുണ്ടാവേണ്ട സഹിഷ്ണുതയും സാമൂഹികബോധവും അംഗീകരിക്കുന്ന ആദര്‍ശ പ്രസ്ഥാനമാണതെന്ന് അനുദിനം തെളിഞ്ഞുവരികയാണ്. അതുകൊണ്ടാണ് ഈജിപ്തിലെ ക്രൈസ്തവ ന്യൂനപക്ഷമായ കോപ്റ്റിക്കുകളില്‍ പോലും നല്ലൊരു ഭാഗം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ മുഖമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയ എഫ്.ജെ.പിയുടെ സ്ഥാനാര്‍ഥിയായ മുഹമ്മദ് മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ജനഹിത പ്രകാരമാണ്. ജനഹിതം അട്ടിമറിക്കാന്‍ താല്‍ക്കാലിക സൈനിക കൌണ്‍സിലും തീവ്ര മതേതര കക്ഷികളും ബാഹ്യശക്തികളും എല്ലാ അടവുകളും പയറ്റുമെന്ന് മനസ്സിലാക്കിത്തന്നെയാണ് 'പയ്യെ തിന്നാല്‍ മുള്ളും തിന്നാം' എന്ന തിരിച്ചറിവോടെ ബ്രദര്‍ഹുഡ് അവധാനപൂര്‍വം നീങ്ങുന്നത്. രാജ്യത്ത് യഥാര്‍ഥ ജനാധിപത്യം ഉറപ്പാക്കുന്ന ഭരണഘടന രൂപപ്പെടുത്തിയിട്ടുവേണം മറ്റു പരിഷ്കാരങ്ങളിലേക്ക് നീങ്ങാന്‍ എന്ന ബോധ്യത്തോടെ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ തയാറാവുന്നത് അധികാരക്കൊതിയോ അവസരവാദമോ അല്ല, പ്രായോഗിക ബുദ്ധിയും ദീര്‍ഘദൃഷ്ടിയുമാണ്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം അധികാരത്തിന്റെ അടുത്തൊന്നും എത്തിയിട്ടില്ലെന്നിരിക്കെ അധികാരക്കൊതിയെക്കുറിച്ച ആരോപണം അര്‍ഥശൂന്യമായ ജല്‍പനമാണ്. അത് മറുപടി അര്‍ഹിക്കുന്നേയില്ല.

സിറിയയില്‍ നടക്കുന്നത്
തുനീഷ്യയിലെ സൈനുല്‍ ആബിദീന്‍ ബിന്‍ അലി, ഈജിപ്തിലെ ഹുസ്നി മുബാറക്, ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫി, യമനിലെ അലി അബ്ദുല്ല സ്വാലിഹ് മുതലായ 'നാഥന്മാര്‍' അനിശ്ചിതകാലം രാജ്യത്തെ നയിക്കുന്നതിനേക്കാള്‍ നല്ലത് നാഥനില്ലാത്ത നായ്പടയാണ് എന്നു തന്നെ പറയേണ്ടിവരും. എന്നാല്‍, അറബ് വസന്തത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് യഥാര്‍ഥത്തില്‍ അനാഥത്വം അല്ല. തുനീഷ്യയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത അന്നഹ്ദ അധികാരത്തില്‍ വന്നു. ഈജിപ്തിലും ജനങ്ങള്‍ തെരഞ്ഞെടുത്ത മുഹമ്മദ് മുര്‍സി പ്രസിഡന്റായി. യമനില്‍ വൈസ് പ്രസിഡന്റ് പ്രസിഡന്റായി സ്ഥാനമേറ്റു. ലിബിയയില്‍ തെരഞ്ഞെടുപ്പ് മാറ്റത്തിന് വഴി തുറന്നു. സിറിയയില്‍ മാത്രം ബശ്ശാറുല്‍ അസദ് കശാപ്പ് തുടരുന്നു. ഈ നരഹത്യ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ അറബ് ലീഗും ഐക്യരാഷ്ട്ര സഭയും നടപടികളെടുക്കണമെന്നാണ് ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആവശ്യം. എന്നാല്‍, ആഭ്യന്തര യുദ്ധത്തോളമെത്തിയ അരാജകത്വത്തിന് കാരണം വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ജനാധിപത്യ പ്രസ്ഥാനങ്ങളെ ശ്വാസം വിടാന്‍ ബഅ്സിസ്റ് ഭരണകൂടം അനുവദിച്ചില്ലെന്നതാണ്. മഹാ ഭൂരിപക്ഷവും സുന്നികളായ സിറിയന്‍ ജനതയില്‍ ഒരു ന്യൂനപക്ഷം മാത്രമായ നുസൈരികള്‍ എന്ന അലവികള്‍ പട്ടാള അട്ടിമറിയിലൂടെ അധികാരമേറ്റെടുത്ത് തേര്‍വാഴ്ച ആരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. തീവ്ര അറബ് ദേശീയതയും സോഷ്യലിസവും ഉയര്‍ത്തിപ്പിടിച്ച ഈ ഭരണകൂടത്തെ ഒരേയവസരത്തില്‍ റഷ്യയും ചൈനയും സംരക്ഷിക്കുന്നത് കൊണ്ടാണ് ഇതേവരെ നിലനിന്നത്. ഇപ്പോഴാകട്ടെ വെറും വംശീയ പക്ഷപാതിത്വത്തിന്റെ പേരില്‍ 'ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്റെ' പിന്തുണയും ബശ്ശാറുല്‍ അസദിന് ലഭിക്കുന്നു. വാസ്തവത്തില്‍ ശീഈ ഭൂരിപക്ഷം പോലും തള്ളിപ്പറഞ്ഞവരാണ് നുസൈരികള്‍. എത്ര മുഠാളന്മാരായ അക്രമികള്‍ക്കും ഏറെക്കാലം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന് കാലം സാക്ഷി.

ജസ്റിസ് ഫോര്‍ മഅ്ദനി
ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളും മനുഷ്യ സ്നേഹികളായ പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് രൂപം നല്‍കിയ ജസ്റിസ് ഫോര്‍ മഅ്ദനി എന്ന വേദിയാണ് അദ്ദേഹത്തിന് നിയമപരവും ഭരണഘടനാപരവുമായ നീതി ലഭ്യമാക്കാന്‍ പണിയെടുക്കുന്നത്. നിയമയുദ്ധത്തിനാവശ്യമായ ചെലവുകളും വഹിക്കുന്നത് ഈ വേദിയാണ്. നീതിനിഷേധത്തിനെതിരെ ജനവികാരം ഉണര്‍ത്താന്‍ നിരന്തരം എഴുതുകയും സെമിനാറുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതിലപ്പുറം വന്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം വേണം. ഒരു പാര്‍ട്ടിയും അതിന് തയാറല്ല. മുസ്ലിം യുവാക്കളെ അന്യായമായി പിടികൂടി ജയിലിലടക്കുന്നതിനെതിരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി കാമ്പയിന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്.

Comments