Prabodhanm Weekly

Pages

Search

2012 ജൂലൈ 21

നൈലിലൂടെ ഇഖ്വാന്റെ പേടകം

ഇന്‍സാഫ് പതിമംഗലം

ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ മാസ്റര്‍ ബ്രെയിനായി ഹസനുല്‍ ബന്നാ-സയ്യിദ് ഖുത്വ്ബ്-സയ്യിദ് മൌദൂദി ത്രയങ്ങളെ വിമര്‍ശിക്കുന്ന കേരളത്തിലേതടക്കമുള്ള അള്‍ട്രാ സെക്യുലരിസ്റുകള്‍ക്കും കപട ജനാധിപത്യ വാദികള്‍ക്കുമുള്ള ഒരു ഷോക്ക് ട്രീറ്റുമെന്റു കൂടിയാണ് മുഹമ്മദ് മുര്‍സിയുടെ വിജയം. ഏഴാം നൂറ്റാണ്ടില്‍ മുഹമ്മദ് കൊണ്ടുവന്ന ഇസ്ലാം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് വിളിച്ചലക്കുന്ന അല്‍പജ്ഞാനികള്‍ക്കും ഇത് നയം തിരുത്താനുള്ള സന്ദര്‍ഭമാണ്.
ഇസ്ലാമിക മൂല്യങ്ങളുടെ അടിത്തറയിലുള്ള പ്രായോഗിക രാഷ്ട്രീയം ഉട്ടോപ്യയാണെന്ന സിദ്ധാന്തവും ഇതോടെ അട്ടിമറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ തന്ത്ര-കുതന്ത്രങ്ങളുടെ അടുക്കളയിലാണ് എഫ്.ജെ.പി മിന്നുന്ന വിജയം കാഴ്ചവെച്ചത്. ഇഖ്വാന്റെ വിമോചകാടിത്തറയായ ഇസ്ലാമില്‍ വെള്ളം ചേര്‍ത്താണ് എഫ്.ജെ.പി നയങ്ങള്‍ സ്വീകരിക്കുന്നതെന്ന പ്ര ചാരണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ജനം വലിച്ചെറിഞ്ഞ കമ്യൂണിസത്തെയും പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്ത ദര്‍ശനത്തെയും മാത്രം നിരീക്ഷിച്ചവര്‍ക്ക് കാലാതിവര്‍ത്തിയായ ഇസ്ലാമിന്റെ നവജാഗരണ സ്വഭാവം പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. എന്നാല്‍, ഇസ്ലാമിനെ ഏറ്റവും കുടുസ്സായും സങ്കുചിതമായും ചിത്രീകരിക്കുന്നതില്‍ മുസ്ലിം സമൂഹത്തിലെ അംഗങ്ങള്‍ക്കും പങ്കുണ്ടെന്നത് വേദനാ ജനകമാണ്.
നിഷ്പക്ഷമായും സത്യസന്ധമായും പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങളെ നിരീക്ഷിക്കുന്നവര്‍ ഈജിപ്തിനെ ശരിയായ അര്‍ഥത്തില്‍ വിലയിരുത്തുക തന്നെ ചെയ്യും. സാമ്പത്തികം, സാമൂഹിക ക്ഷേമം, അന്താരാഷ്ട്ര ബന്ധം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ എഫ്.ജെ.പിയുടെ നയനിലപാടുകള്‍ അത്യന്തം ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. തങ്ങളുടെ ഭാഗധേയം അവര്‍ കൃത്യമായി പൂര്‍ത്തീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എസ്.എ അഹ്സന്‍, പൂക്കോട്ടൂര്‍
'ഖുര്‍ആനില്‍ പെയ്തിറങ്ങിയ മഴഭാവങ്ങള്‍' (ജൂണ്‍ 23) ബഷീര്‍ തൃപ്പനച്ചി എഴുതിയ ലേഖനം സന്ദര്‍ഭോചിതവും ശ്രദ്ധേയവുമായി. മഴവാക്കുകള്‍, മഴയൊരുക്കം, മഴ ചിത്രങ്ങള്‍ തുടങ്ങിയ രീതിയില്‍ നല്‍കിയിട്ടുള്ള തലക്കെട്ടുകളും ആകര്‍ഷകമാണ്. ജലസംരക്ഷണത്തെ കുറിച്ച ഖുര്‍ആനിക അധ്യാപനങ്ങള്‍ കൂടെ ഒരു പ്രത്യേക തലക്കെട്ടായി ചേര്‍ത്തിരുന്നെങ്കില്‍ നന്നാവുമായിരുന്നു.

എങ്ങനെയാണ്
ഉത്തമ സമുദായം ഉണ്ടാകുന്നത്?
വിസ്മരിക്കപ്പെടുന്ന ഇസ്ലാമിക തത്ത്വങ്ങള്‍ (ലക്കം 49) എന്ന തലക്കെട്ടില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്ത വിഷയം സമുദായ ശ്രദ്ധ പതിയേണ്ട ഒന്നാണ്. ജനങ്ങളിലേക്കെത്തേണ്ട പല ഇസ്ലാമിക മാനുഷിക മൂല്യങ്ങളും സമുദായത്തിനുള്ളില്‍ നിലനില്‍ക്കുന്നുവെങ്കിലും പൊതുസമൂഹത്തില്‍ വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല. സമുദായം ആചരണത്തോടൊപ്പം പ്രചാരണം കൂടി നിര്‍വഹിച്ചിരുന്നെങ്കില്‍ അമൂല്യമായ പല ഇസ്ലാമിക തത്ത്വങ്ങളും ഇതര ലേബലുകളിലൂടെ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാമായിരുന്നു.
ദഅ്വത്തെന്ന ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ട സമുദായമാണ് മുസ്ലിംകള്‍. അത് കൃത്യമായി പാലിക്കപ്പെടേണ്ടത് കൊണ്ടാണ് അവരെ ഉത്തമ സമുദായമെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ആരാധനാകര്‍മങ്ങള്‍ക്കപ്പുറം ദഅ്വത്തിന് വിശുദ്ധ ഖുര്‍ആന്‍ ഊന്നല്‍ നല്‍കിയിട്ടും വേണ്ടത്ര പരിഗണന അതിന് കിട്ടിയില്ല എന്നത് യാഥാര്‍ഥ്യമാണ്. ഉത്തമസമൂഹമെന്ന പരിഗണനക്ക് ഭംഗം വന്നതും ഒരുപക്ഷേ അതുകൊണ്ടായിരിക്കാം.
മദ്യപാനം നിഷിദ്ധമെന്ന് ആദ്യം പറഞ്ഞത് പ്രവാചകന്മാരായിരുന്നു. എന്നാല്‍, അതേ വാക്കുകള്‍ ലോകം ശ്രദ്ധിച്ചത് മറ്റു പല മഹാന്മാരിലൂടെയാണ്. മദ്യം നിഷിദ്ധമെന്ന് ഖുര്‍ആനും പ്രവാചകനും പറഞ്ഞിട്ടും, വര്‍ധിച്ചുവരുന്ന മദ്യവിപത്തിനെതിരെ പ്രചാരണങ്ങളും സമിതികളും സംഘങ്ങളും ഉണ്ടായിവരുന്നത് ഇതര സമുദായങ്ങളില്‍നിന്നാണ്. ഭരണരംഗത്ത് സമുദായ ലേബലില്‍ അറിയപ്പെടുന്ന സംഘടനകള്‍ക്ക് വരെ വിഹിതം പറ്റാനല്ലാതെ മദ്യത്തിനെതിരെ ഒരക്ഷരമുരിയാടാന്‍ കഴിയുന്നില്ല.
കെ.കെ ഹമീദ് മനക്കൊടി

കവിയോടൊരു ചോദ്യം
ലക്കം ഒന്നിലെ സി.കെ മുനവ്വിറിന്റെ കവിത 'ചിരി' ഗംഭീരമായി. എങ്കിലും കവിയോടൊരു ചോദ്യം. അവള്‍ കവിയെ ആക്കിച്ചിരിക്കുകയാണോ? അതോ കവി ഈ കപടലോകത്തെ ആക്കിച്ചിരിക്കുകയാണോ? അല്ലെങ്കില്‍ ആരാണീ 'നീ'?
ഇ. അഹ്മദ് കാഞ്ഞിരോട്

വക്കം സമ്പൂര്‍ണ കൃതികള്‍
പ്രസിദ്ധീകരിക്കാനാരുണ്ട്?
'വക്കം അബ്ദുല്‍ ഖാദര്‍ മലയാളി മറന്ന സാഹിത്യ പ്രതിഭ' എന്ന ലേഖനം (ലക്കം 4) അവസരോചിതമായി. ഏറെ വൈകിയെങ്കിലും ഗുരുതരമായ ഒരു തെറ്റ് തിരുത്താനാവശ്യപ്പെടുന്ന ആ കുറിപ്പ് അഭിനന്ദനമര്‍ഹിക്കുന്നു.
സൂക്ഷ്മ നിരീക്ഷണ പടുവായ അബ്ദുല്‍ ഖാദറിനെ ശ്ളാഘിച്ചുകൊണ്ടുള്ള ചങ്ങമ്പുഴയുടെ ചില പരാമര്‍ശങ്ങള്‍ വായിച്ചതിനെത്തുടര്‍ന്നാണ് അപൂര്‍വ വിചാരശീലനും അനുഭൂതി സമ്പന്നനുമായ സ്മര്യ പുരുഷനെക്കുറിച്ച് ഈ കുറിപ്പുകാരന്‍ അന്വേഷിച്ചു തുടങ്ങിയത്. തൂലികാ ചിത്രങ്ങള്‍, ജീയും ഭാഷാ കവികളും, ഇഖ്ബാല്‍, തേജസ്വികള്‍ തുടങ്ങിയുള്ള അദ്ദേഹത്തിന്റെ കൃതികള്‍ വായിച്ചതോടെ അസാധാരണനും പ്രാമാണികനുമായ ഈ സാഹിതീ സേവകന്‍ അറിയപ്പെടാത്തതിന്റെ നഷ്ടമോര്‍ത്ത് മനസ്സ് അസ്വസ്ഥമായി. മലയാളത്തിലെ ആള്‍ഡസ് ഹക്സലി ടൈപ്പ് എഴുത്തുകാരന്‍ എന്ന് കേസരി ബാലകൃഷ്ണ പിള്ള വിശേഷിപ്പിച്ച വക്കം എം. അബ്ദുല്‍ ഖാദര്‍ സാഹിത്യകേരളത്തിന് അപരിചിതനാവുന്നതിന്റെ ദുഃഖം! വക്കത്തെക്കുറിച്ച് അല്‍പമെങ്കിലും ധാരണയുള്ള ഏത് സഹൃദയന്റെയും വികാരമാണ്.
1996-ല്‍ മാതൃഭൂമി ആഴ്ചപ്പതില്‍ ഡോ. എം.എ ബഷീര്‍ എഴുതിയ 'നിരൂപണത്തിലെ വിട്ടുപോയ കണ്ണി' എന്ന ലേഖനം വക്കം അബ്ദുല്‍ ഖാദറിനോട് നീതി കാണിക്കാന്‍ സാഹിത്യ കേരളത്തിലെ ഉത്തരവാദപ്പെട്ടവരെ പ്രേരിപ്പിക്കുമെന്ന് ആശിച്ചു. ഡോ. ബഷീറിന് അഭിനന്ദനങ്ങളറിയിച്ചതും ഒപ്പം മാതൃഭൂമിയിലേക്കയച്ച പ്രതികരണം പ്രസിദ്ധീകരിക്കപ്പെട്ടതും ഓര്‍ക്കുന്നു.
2005 മാര്‍ച്ച് 12-ന് കോഴിക്കോട് പബ്ളിക് ലൈബ്രറി ഹാളില്‍ ഡോ. ആര്‍സു എഡിറ്റ് ചെയ്ത 'മഹാത്മജി എഴുത്തുകാരുടെ ദൃഷ്ടിയില്‍' എന്ന പുസ്തകം ഈ കുറിപ്പുകാരന് നല്‍കി ഡോ. എം.എം ബഷീര്‍ പ്രകാശനം ചെയ്യുകയുണ്ടായി. വക്കം എം അബ്ദുല്‍ ഖാദറിന്റെ മുഴുവന്‍ കൃതികളും കൈവശമുണ്ടെന്നും ആര് പ്രസിദ്ധീകരിക്കും എന്ന ചോദ്യം അവശേഷിക്കുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞത് ഓര്‍ക്കുന്നു. ഹനീഫ് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ 2012 അബ്ദുല്‍ ഖാദര്‍ ജനിച്ചിട്ട് ഒരു നൂറ്റാണ്ട് തികയുന്ന വര്‍ഷമാണ്. അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികള്‍ ജീവചരിത്ര സംക്ഷേപസമേതം പ്രസിദ്ധീകരിച്ചുകൊണ്ടെങ്കിലും ആ ധന്യനിലൂടെ വെളിപ്പെട്ട ജ്ഞാനത്തിന്റെയും കലാ സൌന്ദര്യത്തിന്റെയും പ്രകാശം അനുഭവിക്കാന്‍ സാഹിത്യ പ്രേമികള്‍ക്ക് സാധിക്കുമാറാവട്ടെ.
കെ.പി.എ റഹീം, പാനൂര്‍

കവിത മികച്ചതായിരുന്നു
അബ്ദുല്ല പേരാമ്പ്രയുടെ കവിത 'വഴിതെറ്റി വരും ഇലമണങ്ങള്‍' (ലക്കം 68:49) ഏറെ ഹൃദ്യമെന്നെഴുതുന്നില്ല. മറിച്ച് ഏറെ വിഷമിച്ചു, കരഞ്ഞില്ലെന്നേയുള്ളൂ. ഒരു കവിതയുടെ മികച്ച രൂപവും ഈ സംവേദന ശേഷിയാണല്ലോ. സ്വാനുഭവങ്ങള്‍ വളച്ചു കെട്ടില്ലാതെ അനുവാചകന് തിരിയുന്ന ഭാഷയില്‍ വാര്‍ന്നുവീഴുമ്പോഴാണല്ലോ കവിത ഔന്നിത്യം പ്രാപിക്കുന്നത്. വൃത്ത പ്രാസ താള കോമള പദങ്ങളൊന്നുമില്ലാതെ എഴുതുന്നവയാണ് ഇന്ന് മിക്ക കവിതകളും. കവിതയുടെ ജനകീയതയാണ് ഇത്തരക്കാരുടെ ലക്ഷ്യം. അബ്ദുള്ള പേരാമ്പ്ര രണ്ട് പക്ഷത്തേക്കും ചായാതെ ഒരു 'നടു മധ്യ' പാതയാണ് തെരഞ്ഞെടുത്തതെന്നു തോന്നുന്നു. നന്ദി, പ്രബോധനം അണിയറയിലെ സത്യഗ്രഹികള്‍ക്കും കവിക്കും.
വി.കെ.എം കുട്ടി ഈസ്റ് മലയമ്മ

ബ്രദര്‍ഹുഡിന്റെ വിജയം
അതിക്രൂരമായ പീഡാനുഭവങ്ങള്‍ക്കൊടുവില്‍ മുസ്ലിം ബ്രദര്‍ഹുഡ് ഈജിപ്തില്‍ അധികാര പദത്തിലെത്തിയിരിക്കുന്നു. എങ്കിലും ആശാവഹമായ വിജയമായി അതിനെ വിലയിരുത്തിക്കൂടാ. മുര്‍സി 52 ശതമാനം വോട്ടു നേടിയെങ്കില്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് 49 ശതമാനമുണ്ട്. അതായത് 2 ശതമാനത്തിന്റെ ഭൂരിപക്ഷമേ മുര്‍സിക്കുള്ളൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഹുസ്നി മുബാറക്കിന്റെ പ്രേതം ഇപ്പോഴും ഈജിപ്തില്‍ പിടിമുറുക്കിയിരിക്കുന്നു. വളരെ കരുതലോടെ മാത്രമേ ഭരണത്തിന്റെ ചതുരംഗപ്പലകയിലെ കരുക്കള്‍ നീക്കാവൂ എന്ന ശക്തമായ മുന്നറിയിപ്പാണത്. ഒരു പക്ഷേ മുബാറക് ഭരണത്തോടുള്ള അനുഭാവമായിരിക്കില്ല ജനങ്ങള്‍ എതിര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാന്‍ കാരണം. ബ്രദര്‍ഹുഡിന്റെ ഇസ്ലാമിക ഭരണം വന്നാല്‍ അരുതാത്തതുകള്‍ സംഭവിച്ചേക്കുമെന്ന് പല കാരണങ്ങളാല്‍ ഒരു വിഭാഗം ജനങ്ങള്‍ ഭയപ്പെടുന്നുണ്ടാകാം. തീവ്ര മതേതരവാദികളുടെയും സാമ്രാജ്യത്വ ശക്തികളുടെയും വിഷലിപ്തമായ പ്രചാരണം ലോകത്താകെ ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകളും ഭയവും സൃഷ്ടിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. ഭയം അസ്ഥാനത്താണെന്ന് തെളിയിക്കേണ്ട ബാധ്യത ബ്രദര്‍ഹുഡിനാണ്. വളരെ കരുതലോടെ മാത്രമേ ഭരണപരിഷ്കാരങ്ങള്‍ കൊണ്ടുവരാവൂ. ലോകത്തെവിടെയും അങ്ങനെയേ പാടുള്ളൂ. എടുത്തുചാട്ടവും അടിച്ചേല്‍പിക്കലും ഇസ്ലാമിന്റെ രീതിയല്ല. നബിയില്‍ നിന്നും സച്ചരിതരായ ഖലീഫമാരില്‍നിന്നും ഭരണാധികാരികള്‍ പഠിക്കേണ്ട വലിയ പാഠം അതാണ്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം കൂടി ഉറപ്പുവരുത്തുന്നതാണ് ഇസ്ലാമിക ഭരണം എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലാവണം ഭരണം.
കെ.പി ഇസ്മാഈല്‍ 

Comments