Prabodhanm Weekly

Pages

Search

2012 ജൂലൈ 21

ഭൂരിപക്ഷ സമുദായ ഐക്യം കോലാഹലങ്ങളുടെ ഉള്ളറകള്‍

എ.ആര്‍

ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകന്‍ മന്നത്ത് പത്മനാഭനും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി ആര്‍. ശങ്കറും ചേര്‍ന്ന് ഏറെ കോലാഹലങ്ങളോടെ തട്ടിക്കൂട്ടിയതായിരുന്നു ഹിന്ദു മഹാമണ്ഡലം. അന്ന് സാമൂഹിക, വിദ്യാഭ്യാസ, ഭരണരംഗങ്ങളിലാകെ സുറിയാനി ക്രൈസ്തവരുടെ ആധിപത്യമായിരുന്നു ഭൂരിപക്ഷ സമുദായ ഐക്യാഹ്വാനത്തിന്റെ പ്രകോപനം. ''സംഘടനാബലം കൊണ്ടേ ഇക്കാലത്ത് വിജയം സാധ്യമാവൂ. സംഘടിത ശക്തിയുള്ള ഒരു കൂട്ടര്‍ ഇന്നീ രാജ്യത്തുണ്ട്. ക്രിസ്ത്യാനികളാണവര്‍. സംഘടനാബലം കൊണ്ട് സുശക്തമായ സമുദായം ഒരു വശത്തും ചിന്നിച്ചിതറി താറുമാറായി കിടക്കുന്ന നമ്മുടെ സമുദായം മറുവശത്തുമായി കഴിഞ്ഞുകൂടിയാല്‍ ഈ രാജ്യത്ത് ഹിന്ദുവില്ലാതായിത്തീരാന്‍ അധികം കാലതാമസം വേണ്ടിവരില്ല. ഇവിടെ ക്രിസ്ത്യാനി മാത്രമായാലത്തെ കഥ പറയാനുമില്ല. ക്രിസ്ത്യാനികള്‍ നമ്മുടെയാളുകളെ മതം മാറ്റിയപ്പോള്‍, നാടുനീളെ പള്ളികള്‍ കെട്ടിപ്പടുത്തപ്പോള്‍, ക്ഷേത്രങ്ങളുടെ പുരോഭാഗത്ത് നിന്ന് കൊണ്ട് ശ്രീകൃഷ്ണന്‍ വെറും കല്ലാണെന്നും പതിനാറായിരത്തെട്ട് പെണ്ണുങ്ങളെ വെച്ചു കൊണ്ടിരുന്ന ഒരു ഏഭ്യനാണെന്നും പറഞ്ഞു മറ്റുള്ളവരെ ധ്വംസിക്കാനൊരുമ്പെട്ടപ്പോള്‍ നാം മൗനമായിരുന്നു. എന്നാല്‍, നാമത് മേലില്‍ അനുവദിച്ചുകൊടുക്കാന്‍ പോകുന്നില്ല... ഇതുവരെ സഹോദര ഭാവേന നാം പെരുമാറിയ ക്രൈസ്തവര്‍ നമ്മുടെ ചുമലില്‍ കയറുകയാണ്. നമ്മുടെ അവകാശങ്ങളില്‍ അനാവശ്യമായി കൈക്കടത്തുകയാണ്.'' 1950 ഏപ്രിലില്‍ നിലംപേരൂരില്‍ ചേര്‍ന്ന ഹിന്ദുമഹാമണ്ഡലം സമ്മേളനത്തില്‍ ആധ്യക്ഷം വഹിച്ച മന്നം നടത്തിയ പ്രസംഗത്തില്‍നിന്നാണ് ഈ ഭാഗങ്ങള്‍ (കെ.ജി മാരാര്‍- രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരം. ഗ്രന്ഥകര്‍ത്താവ് കെ. കുഞ്ഞിക്കണ്ണന്‍, പ്രസാ: കുരുക്ഷേത്ര പ്രകാശന്‍ പ്രൈ. ലി. എറണാകുളം, പേജ് 44,45). പക്ഷേ, ക്രൈസ്തവ ഉന്നമനത്തോടുള്ള അമര്‍ഷത്തിലും അസൂയയിലും കെട്ടിപ്പൊക്കിയ ഈ മഹാമണ്ഡലം ചരിത്രത്തിന്റെ ഭാഗമാവാന്‍ അധികനാള്‍ വേണ്ടിവന്നില്ല. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ പോലെ മന്നവും ശങ്കറും ഓരോ വഴിക്ക് പോയി. പിന്നീടൊരിക്കലും നായര്‍-ഈഴവ ഐക്യം യാഥാര്‍ഥ്യമായില്ല. വീണ്ടും ആ ദിശയിലൊരു നീക്കം നടന്നത് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിക്കറും എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചേര്‍ന്നാണ്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് നീക്കിവെച്ച 18000 തസ്തികകള്‍ 10 വര്‍ഷങ്ങള്‍ക്കകം അവര്‍ക്ക് നഷ്ടപ്പെട്ടതായി നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായിരുന്നു പശ്ചാത്തലം. ഈഴവര്‍ക്ക് വെറും അഞ്ച് തസ്തികകള്‍ മാത്രമേ നഷ്ടമായുള്ളൂ എന്ന് നരന്ദ്രന്‍ കമീഷന്‍ കണ്ടെത്തിയതോടെ അതേവരെ പിന്നാക്ക സമുദായ കൂട്ടായ്മക്ക് വേണ്ടി ഘോരഘോരം വാദിച്ചിരുന്ന വെള്ളാപ്പള്ളി കാലു മാറി. ബാക്‌ലോഗ് ഒരു കാരണവശാലും നികത്താന്‍ അനുവദിക്കുകയില്ലെന്ന് നാരായണ പണിക്കര്‍ ഭീഷണിപ്പെടുത്തി. അതേവരെ എന്‍.എസ്.എസ്സിനും പണിക്കര്‍ക്കുമെതിരെ ചന്ദ്രഹാസമിളക്കി നടന്ന വെള്ളാപ്പള്ളി വൈരം മറന്ന് ഹിന്ദു ഐക്യ കാഹളം മുഴക്കാന്‍ തുടങ്ങി. സംഘ്പരിവാറിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. ഇത്തവണയും വിശാല ഹൈന്ദവ കൂട്ടായ്മ നീര്‍ക്കുമിളയായി. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും പരസ്പരം പഴിചാരുന്നതാണ് പിന്നീട് കണ്ടത്. പക്ഷേ, ഒരു നേട്ടം ഏതായാലും ഉണ്ടായി. ഇരു സാമുദായിക സംഘടനകളും കണ്ണുരുട്ടിയപ്പോള്‍ നാല് മന്ത്രിമാരുള്ള മുസ്‌ലിം ലീഗടക്കമുള്ള യു.ഡി.എഫ് സര്‍ക്കാര്‍ വിരണ്ടു. 'കഴിഞ്ഞത് കഴിഞ്ഞു. ഇനിമേല്‍ പിന്നാക്ക സമുദായ തസ്തികകള്‍ അവര്‍ക്ക് നഷ്ടപ്പെടാതിരിക്കാന്‍ നടപടികളെടുക്കാം' ഒരു പാക്കേജ് ഭരണത്തിന്റെ അവസാന നാളുകളില്‍ പ്രഖ്യാപിച്ചു എല്ലാവരും തടിയൂരി. ബാക്‌ലോഗിന്റെ കാര്യം, അതിന്റെ പേരില്‍ പ്രക്ഷോഭത്തിന് പരിപാടിയിട്ടിരുന്ന തീപ്പൊരി സംഘം പോലും കുഴിച്ചുമൂടി.
ഇപ്പോഴിതാ ഒരിക്കല്‍ കൂടി ഭൂരിപക്ഷ സമുദായ ഐക്യത്തിന്റെ ശംഖ്‌നാദം മുഴങ്ങുന്നു. മിതഭാഷിയും പക്വമതിയുമായിരുന്ന നാരായണ പണിക്കരുടെ പിന്‍ഗാമി, ആ രണ്ട് ഗുണങ്ങളും അവകാശപ്പെടാനാവാത്ത സുകുമാരന്‍ നായരാണ് ഒടുവിലത്തെ പടപ്പുറപ്പാടിന്റെ തേരാളി. തോളോടു തോള്‍ ചേര്‍ന്നു വെള്ളപ്പാള്ളി നടേശനുമുണ്ട്. ഇത്തവണ യു.ഡി.എഫ് മന്ത്രിസഭയുടെ അസന്തുലിതത്വവും മുസ്‌ലിം ലീഗിനോടുള്ള വിധേയത്വവുമാണ് പൊക്കിക്കാട്ടുന്ന പ്രകോപനങ്ങള്‍. ന്യൂനപക്ഷ സമുദായക്കാരനായ ഉമ്മന്‍ ചാണ്ടി നയിക്കുന്ന മന്ത്രിസഭയില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും ചേര്‍ന്ന് ഭൂരിപക്ഷം നേടിയെടുത്തിരിക്കെ ഭൂരിപക്ഷ സമുദായം ഇനി എങ്ങോട്ട് പോവണമെന്നതാണ് ചോദ്യം. മന്ത്രിസഭയില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ എല്ലാ വിധത്തിലും അവഗണിക്കപ്പെടുകയാണെന്നും ന്യൂനപക്ഷ പ്രീണനം, വിശിഷ്യാ മുസ്‌ലിം പ്രീണനം അതിന്റെ പാരമ്യതയിലെത്തിയിരിക്കെ മുഖ്യമന്ത്രിയുടെ ആസ്ഥാനം മലപ്പുറത്തേക്ക് മാറ്റുന്നതാണ് ഭേദമെന്നും വരെ പറഞ്ഞുകളഞ്ഞിരിക്കുന്നു സുകുമാരന്‍ നായര്‍. മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ ചൊല്ലി ആരംഭിച്ച വിവാദം മലപ്പുറം ജില്ലയിലെ എ.ഐ.പി സ്‌കൂളുകളെ എയ്ഡഡാക്കാനുള്ള തീരുമാനത്തോടെ കൊഴുക്കുകയായിരുന്നു. ഈ വിവാദങ്ങളിലൊക്കെ, 916 മാറ്റ് മതേതരത്വം അവകാശപ്പെടുന്ന സി.പി.എമ്മും കക്ഷിയായത് കൂടുതല്‍ എരിവും വീര്യവും പകരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം ആയുധമാക്കിയ അഞ്ചാം മന്ത്രി വിവാദം ടി.പി ചന്ദ്രശേഖരന്റെ പ്രേതബാധയേറ്റ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയില്ലെങ്കിലും ബി.ജെ.പിയുടെ രാജഗോപാലിന്റെ വോട്ട് മൂന്നിരട്ടിയാക്കാന്‍ ഉതകി. എയ്ഡഡ് സ്‌കൂള്‍ വിവാദവും കുത്തിപ്പൊക്കിയത് സി.പി.എം ആണ്, മുതലെടുക്കുന്നത് സാമുദായിക ശക്തികളും. പക്ഷേ, അതിവൈകാരികവും സംസ്ഥാനത്തിന്റെ പരമ്പരാഗത സാമുദായിക സൗഹാര്‍ദത്തെ സംബന്ധിച്ചേടത്തോളം അപകടകരവുമായ ഈ കോലാഹലത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്നാല്‍ ബോധ്യമാവുന്ന വസ്തുതകള്‍ എന്താണ്?
ഒന്ന്, മുന്നണി രാഷ്ട്രീയത്തില്‍ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികളെ ആര് കൂട്ടുപിടിച്ചാലും ഭരിക്കാനവസരം ലഭിക്കുന്ന മുന്നണിയിലാണ് പ്രസ്തുത സാമുദായിക പാര്‍ട്ടികളുള്ളതെങ്കില്‍ അവര്‍ സ്വാഭാവികമായും വിലപേശും, പിടിമുറുക്കും. ഒന്നുകില്‍ അത്തരം പാര്‍ട്ടികളെക്കൂട്ടി മുന്നണി ഉണ്ടാക്കരുത്. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം എന്തായാലും നേരിടാന്‍ തയാറാവണം. മുസ്‌ലിം ലീഗിന്റെ സ്വാധീനവും ശക്തിയും മലബാറില്‍ വിശിഷ്യാ മലപ്പുറം ജില്ലയിലാണെന്ന് ഏവര്‍ക്കുമറിയാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറ്റവുമധികം സീറ്റുകള്‍ നേടിക്കൊടുത്ത ജില്ലയും മലപ്പുറം തന്നെ. എന്നിരിക്കെ, മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ 20 സീറ്റുകളുള്ള മുസ്‌ലിം ലീഗ് അഞ്ച് മന്ത്രിമാര്‍ക്ക് വേണ്ടി ശഠിച്ചതും അവരില്‍ മൂന്നു പേരും മലപ്പുറം ജില്ലയിലായതും അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല. ഇങ്ങനെയൊന്നും അവകാശവാദമുന്നയിക്കരുതെന്ന മുന്‍ ഉപാധിയും കോണ്‍ഗ്രസ്സോ യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളോ വെച്ചിരുന്നുമില്ല. തന്മൂലം സാമുദായികവും പ്രാദേശികവുമായ അസന്തുലനം സംഭവിച്ചുവെങ്കില്‍ അതില്‍ ആരും പരിഭവിച്ചിട്ടോ പരാതിപ്പെട്ടിട്ടോ കാര്യമില്ല. കോട്ടയം-ഇടുക്കി ജില്ലകളിലെ ക്രൈസ്തവ സമുദായത്തെ പ്രതിനിധീകരിക്കുന്ന കേരള കോണ്‍ഗ്രസ്സിന്റേതും സമാന പ്രശ്‌നം തന്നെ. ഈ രണ്ട് സാമുദായിക പാര്‍ട്ടികളുടെയും വിലപേശല്‍ മറികടക്കാനാവശ്യമായ ശക്തി കോണ്‍ഗ്രസ്സിന് ഇല്ലാതെ പോയെങ്കില്‍ അതിന് ആരാണ് ഉത്തരവാദി?
രണ്ട്, നായന്മാര്‍ക്കും സുറിയാനി ക്രൈസ്തവര്‍ക്കും പ്രാമുഖ്യം ലഭിച്ച മന്ത്രിസഭകളാണ് ഇന്നുവരെ കേരളം ഭരിച്ചത്. ഒരു പ്രത്യേക സാഹചര്യത്തില്‍ സി.എച്ച് മുഹമ്മദ് കോയ 'ഏക് ദിന്‍കാ സുല്‍ത്താന്‍' ആയത് ഒഴിച്ചുനിര്‍ത്തിയാല്‍ ജനസംഖ്യയില്‍ 25 ശതമാനം വരുന്ന മുസ്‌ലിംകളില്‍ നിന്ന് ഒരാളും ഇന്നേവരെ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നിട്ടില്ല. നായരും ഈഴവനും ക്രിസ്ത്യാനിയും പലതവണ മുഖ്യമന്ത്രി പദത്തിലിരുന്നു. ഇത് അസന്തുലനവും അനീതിയുമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയോ? അതിന്റെ പേരില്‍ എന്തെങ്കിലും അപസ്വരം ഉയര്‍ന്നോ? ജനസംഖ്യയില്‍ കഷ്ടിച്ച് 15 ശതമാനം മാത്രം വരുന്ന നായര്‍ സമുദായത്തില്‍നിന്ന് ആനുപാതിക പ്രാതിനിധ്യത്തേക്കാള്‍ എത്രയോ കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടായിരുന്നപ്പോഴും സന്തുലനം അട്ടിമറിഞ്ഞതായി ആരും പരാതിപ്പെട്ടില്ല. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മാത്രം ഒന്നോ രണ്ടോ ന്യൂനപക്ഷ മന്ത്രിമാര്‍ കൂടിപ്പോയെങ്കില്‍ ബഹളം വെക്കുന്നതും ഭീഷണിപ്പെടുത്തുന്നതും മറ്റെന്തോ മനസ്സില്‍ വെച്ചാണെന്ന് തീര്‍ച്ച.
മൂന്ന്, ആ മനസ്സിലിരിപ്പ് കോണ്‍ഗ്രസ്സിനെയും സര്‍ക്കാറിനെയും ചകിതരാക്കി അമിതവും അന്യായവുമായ ആവശ്യങ്ങള്‍ നേടിയെടുക്കുകയാണെന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. ഇപ്പോള്‍തന്നെ മുസ്‌ലിം ലീഗിന് മുന്‍ നിശ്ചയപ്രകാരം അഞ്ചാം മന്ത്രിയെ അനുവദിക്കേണ്ടിവന്നപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളാകെ അഴിച്ചുപണിയാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിതനായി. തന്റെ കൈവശമുള്ള ആഭ്യന്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ചാര്‍ത്തി കൊടുത്തത് തല്‍ഫലമായാണ്. പക്ഷേ, അതുകൊണ്ടൊന്നും എന്‍.എസ്.എസ് തൃപ്തരല്ല. എത്രയോ ഏക്കര്‍ റവന്യൂ ഭൂമി പല ആവശ്യങ്ങള്‍ക്കുമായി സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ പതിച്ചു കൊടുത്തിരിക്കുന്നു. എയ്ഡഡ് സ്‌കൂളുകളും കോളേജുകളും നേരത്തെത്തന്നെ വേണ്ടതിലധികം എന്‍.എസ്.എസ്സിന് ലഭിച്ചിട്ടുണ്ട്. സ്വാശ്രയ സ്ഥാപനങ്ങള്‍ അവര്‍ സ്വയം വേണ്ടെന്ന് വെച്ചതാണ്, സര്‍ക്കാര്‍ നിഷേധിച്ചതല്ല. മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കനുവദിച്ചത് മുഴുവന്‍ സ്വാശ്രയ സ്ഥാപനങ്ങളാണ് താനും.
നാല്, കേന്ദ്ര സര്‍ക്കാറിന്റെ ഏരിയ ഇന്റന്‍സീവ് പ്രോഗ്രാം പ്രകാരം പിന്നാക്ക മേഖലകളിലും പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ക്കും അനുവദിച്ച സ്‌കൂളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നിര്‍ത്തിയപ്പോള്‍ അധ്യാപകരുടെ ശമ്പളത്തിന് തുകയനുവദിച്ചത് ഇടതു മുന്നണി സര്‍ക്കാറാണ്, മുസ്‌ലിം ലീഗ് പങ്കാളിയായ യു.ഡി.എഫ് സര്‍ക്കാറല്ല. ഇടത് സര്‍ക്കാര്‍ ആ സ്‌കൂളുകള്‍ക്ക് ഗ്രാന്റ് നല്‍കിയപ്പോഴും അവയിലധികവും മലപ്പുറം ജില്ലയിലായിരുന്നു, മുസ്‌ലിം മാനേജ്‌മെന്റുകളുടെ നിയന്ത്രണത്തിലുമായിരുന്നു. പ്രസ്തുത സ്‌കൂളുകളിലേക്ക് അധ്യാപകര്‍ക്ക് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് തുല്യമായി ശമ്പളം നല്‍കാന്‍ മാത്രമാണ് ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. അതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ പറയുന്ന ന്യായങ്ങള്‍ ദുര്‍ബലമാണ്. എയ്ഡഡ് സ്‌കൂളുകളായാല്‍ കോഴ നിയമനങ്ങള്‍ നടക്കുമെന്നാണൊരു പരാതി. അക്ഷരം പ്രതി ശരിയായ ഈ പരാതി പക്ഷേ, 31 സ്‌കൂളുകള്‍ക്ക് മാത്രം ബാധകമാണോ? നിലവിലെ ആയിരക്കണക്കില്‍ എയ്ഡഡ് സ്‌കൂളുകളില്‍ നടക്കുന്നതെന്താണ്, ലക്ഷങ്ങളുടെ കോഴയല്ലേ നിയമനങ്ങളിലൂടെ സ്വകാര്യ മാനേജ്‌മെന്റുകള്‍ ഈടാക്കുന്നത്? ഇതില്‍ നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്‌ലിമും എല്ലാം ഒരൊറ്റ സമുദായമാണ്-കോഴ സമുദായം. അത് തടയാന്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുകയാണ് മാര്‍ഗം. പക്ഷേ, ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ അതിനെതിരെ കോടതി കയറും. കയറിയാല്‍ കോടതി വിധി അവര്‍ക്കനുകൂലമാവും എന്നതാണ് ഇതഃപര്യന്തമുള്ള അനുഭവം. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ അവസാന നാളുകളില്‍ മലബാറിലെ ഹൈസ്‌കൂളുകള്‍ കുറെയെണ്ണം ഹയര്‍ സെക്കന്ററികളാക്കി ഉത്തരവ് പുറപ്പെടുവിച്ചു. പുതുതായി അനുവദിച്ച എയ്ഡഡ് സ്‌കൂളുകളില്‍ കോഴ നിയമനങ്ങളുടെ ചാകരയായിരുന്നു പിന്നെ. അതിലൊരു പങ്ക് പാര്‍ട്ടിക്കും ലഭിച്ചു എന്നത് പരസ്യമായ രഹസ്യം. ഇതൊക്കെ മറച്ചുവെച്ച് എ.ഐ.പി സ്‌കൂളുകള്‍ക്കെതിരെ മാത്രം കോഴ പ്രശ്‌നം കുത്തിപ്പൊക്കി ഉടക്കുവെക്കുന്നതില്‍ ദുരൂഹതയുണ്ട്. കുറ്റമറ്റ ഇന്‍സ്‌പെക്ഷനിലൂടെ വ്യവസ്ഥാപിതമായി നടക്കുന്നു എന്ന് ബോധ്യപ്പെട്ട സ്‌കൂളുകള്‍ക്ക് നിലവിലെ അധ്യാപകരെ മാറ്റരുത് എന്ന ഉപാധിയോടെ എയ്ഡഡ് പദവി അനുവദിക്കുകയാണ് പ്രശ്‌നപരിഹാരം. പിന്നാക്ക സമൂഹത്തിനും മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സ്‌കൂളുകളെ മാറിയ പരിതസ്ഥിതിയില്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ പട്ടികയില്‍ വരവ് ചേര്‍ക്കുന്നത് തികച്ചും കുത്സിതമാണ്.
പക്ഷേ, ഇതുകൊണ്ടൊക്കെ നായര്‍-ഈഴവ ഐക്യമോ ഹിന്ദു ഏകീകരണമോ ഉണ്ടാക്കാമെന്ന സ്വപ്നം പുലരാനുള്ളതല്ലെന്നതില്‍ മുന്‍ അനുഭവങ്ങള്‍ തന്നെ സാക്ഷി. ന്യൂനപക്ഷ വിരോധം എന്ന ഏകയിന അജണ്ടയില്‍ കെട്ടിപൊക്കുന്ന ഏത് കൂട്ടായ്മയും സ്ഥായിയോ ഭദ്രമോ ആവില്ല. ജാതീയതയും ഉച്ചനീചത്വവും തുടച്ചുനീക്കി ഹൈന്ദവ സമൂഹത്തെ നവീകരിക്കാനും ഏകീകരിക്കാനുമുള്ള യോജിച്ച ശ്രമങ്ങളാണ് എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും നടത്തുന്നതെങ്കില്‍ മാത്രമേ ലക്ഷ്യം നേടാനാവൂ. അതേയവസരത്തില്‍ പൊതുസമൂഹം തന്ത്രപരമായി കല്‍പിച്ചു നല്‍കിയ മതേതര പ്രതിഛായ എന്ന ചൂണ്ടയില്‍ കൊത്തി മുസ്‌ലിം ലീഗ് സ്വയം ഷണ്ഡീകരിക്കാനും നിഷ്‌ക്രിയമാക്കാനും ന്യായമായ സാമുദായിക താല്‍പര്യങ്ങള്‍ അടിയറവെക്കാനും കളമൊരുക്കുന്നുണ്ട്. അഞ്ചാം മന്ത്രിക്ക് വേണ്ടി വീറോടെ വാദിച്ച ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനചലനം യാദൃഛികമല്ല. ലീഗിനവകാശപ്പെട്ട രാജ്യസഭാ സീറ്റ് പൂര്‍ണായി സറണ്ടര്‍ ചെയ്തു. എ.ഐ.പി സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി വേണ്ടതില്ലെന്ന തീരുമാനത്തിന്റെ പിന്നിലും കാണാം കുഞ്ഞാലിക്കുട്ടി ഫാക്ടര്‍. പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണ് മുസ്‌ലിം ലീഗിലെ മതേതരനെന്ന ജി. സുകുമാരാന്‍ നായരുടെ സര്‍ട്ടിഫിക്കറ്റ് തനിക്കുള്ള ബഹുമതിയായാണ് കുഞ്ഞാലിക്കുട്ടി കണ്ടത്. അങ്ങനെ മുസ്‌ലിം പവര്‍ എക്‌സ്ട്രാ എന്ന ശക്തമായ പ്രചാരണം ലക്ഷ്യം കാണുന്നുവെന്ന് അതിന്റെ പ്രണേതാക്കള്‍ക്ക് ആശ്വസിക്കാം.

Comments