Prabodhanm Weekly

Pages

Search

2012 ജൂലൈ 21

എം.എ റഹ്മാന്‍

ശൈഖ് മുഹമ്മദ് കാരകുന്ന്

ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനായോഗം നടന്നുകൊണ്ടിരിക്കെയാണ് സഹോദരന്‍ എം.എ റഹ്മാന്‍ സാഹിബിന്റെ മരണ വിവരം അറിഞ്ഞത്. ഒരു ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. പ്രകടമായ അസുഖമൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായിരുന്നു ആ മരണം. എം.എ റഹ്മാന്‍ സാഹിബ് ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക യോഗത്തില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. പള്ളിയില്‍ നിന്ന് അസ്വര്‍ നമസ്കരിച്ച് പുറത്തിറങ്ങിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ഏറെക്കഴിയും മുമ്പെ അല്ലാഹുവിലേക്ക് യാത്രയാവുകയും ചെയ്തു.

ജീവിതവിശുദ്ധിയുടെ ആള്‍രൂപമായിരുന്നു എം.എം റഹ്മാന്‍ സാഹിബ്. സാമ്പത്തിക ഇടപാടുകളില്‍ അത്യസാധാരണമായ കണിശതയും ശ്രദ്ധയും പുലര്‍ത്തി. കോഴിക്കോട്ടെ ഇസ്ലാമിക് യൂത്ത് സെന്ററിന്റെ സെക്രട്ടറിയെന്ന നിലയില്‍ കണക്കുകള്‍ അപ്പപ്പോള്‍ തന്നെ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ കൃത്യത ഏതൊരു സ്ഥാപന നടത്തിപ്പുകാര്‍ക്കും ഏറെ അനുകരണീയമാംവിധം മാതൃകാപരമാണ്.
കര്‍മനിരതമായ ജീവിതമാണ് റഹ്മാന്‍ സാഹിബിന്റേത്. ഒരു നിമിഷം പോലും പാഴാക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. യൂത്ത് സെന്റര്‍ സെക്രട്ടറിയായിരിക്കുമ്പോഴും ജമാഅത്ത് പ്രവര്‍ത്തകനായിരിക്കുമ്പോഴും ഇതിലൊരു വിട്ടുവീഴ്ചയും കാണിച്ചില്ല.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരുമിച്ചുകൂടാത്ത നാളുകള്‍ കുറവായിരുന്നു. അന്നത്തെ പ്രതികൂല സാഹചര്യത്തില്‍ ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആവേശവും താല്‍പര്യവും പ്രകടിപ്പിച്ചു. അതിന്റെ പേരില്‍ വന്നേക്കാവുന്ന ഏത് വിപത്തിനെയും നേരിടാനുള്ള സന്നദ്ധതയും ധീരതയും പ്രകടിപ്പിച്ചു. കുടുംബങ്ങളുടെ ഒത്തുകൂടല്‍ കൂടുതലായി നടന്ന നാളുകളായിരുന്നു അത്. റഹ്മാന്‍ സാഹിബിന്റെ ലാളിത്യം വസ്ത്രധാരണത്തിലെന്നപോലെ ഭക്ഷണക്രമത്തിലും പ്രകടമായിരുന്നു.
സാമൂഹിക-സാംസ്കാരിക-മതരംഗങ്ങളില്‍ സജീവ സാന്നിധ്യമായ റഹ്മാന്‍ സാഹിബ് ജമാഅത്തെ ഇസ്ലാമി അംഗത്വത്തിന് അപേക്ഷിച്ച് കാത്തിരിക്കവെയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. തിരൂരങ്ങാടി ഒ.എല്‍.പി സ്കൂള്‍, നടുവട്ടം സര്‍ക്കാര്‍ ഫിഷറീസ് എല്‍.പി സ്കൂള്‍, കൊളപ്പുറം ജി.എം.യു.പി സ്കൂള്‍, കൊയപ്പ ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിഞ്ഞ ശേഷം വേങ്ങര ഐഡിയല്‍ സ്കൂള്‍ അധ്യാപകനായും ജോലി ചെയ്തു.
ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകത്തിന്റെ ചുമതല വഹിച്ച എം.എ റഹ്മാന്‍ മലപ്പുറം ജില്ലാസമിതി അംഗമായും സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിനടുത്ത പാണമ്പ്രയാണ് സ്വദേശം. പിതാവ് എ.പി അബ്ദുര്‍റഹ്മാന്‍ മാസ്ററും മാതാവ് ഫാത്വിമ ഹജ്ജുമ്മയുമാണ്. ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ് സഹോദരനാണ്. സഹധര്‍മിണിയും അഞ്ചു മക്കളുമുണ്ട്. കുടുംബം പൂര്‍ണമായും പ്രാസ്ഥാനികമാണ്.

തെയ്യമ്പാട്ടില്‍ മുഹമ്മദ്
വളാഞ്ചേരി പ്രാദേശിക ജമാഅത്തില്‍ അംഗമായിരുന്ന തെയ്യമ്പാട്ടില്‍ മുഹമ്മദ് (78) അല്ലാഹുവിങ്കലേക്ക് യാത്രയായി. ടി.എം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട അദ്ദേഹം യുവാവായിരിക്കുമ്പോള്‍ ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തിയാണ്. അക്കാലത്ത് വളാഞ്ചേരിയില്‍ ജമാഅത്തെ ഇസ്ലാമി അമീറായിരുന്നത് കൊച്ചി സ്വദേശിയായിരുന്ന മര്‍ഹൂം വി.എം അബ്ദുല്‍ ജബ്ബാര്‍ മൌലവിയുമായുള്ള കച്ചവടബന്ധവും സഹവാസവുമാണ് ടി.എമ്മിനെ ജമാഅത്തിലേക്ക് അടുപ്പിച്ചത്.
പി. കുഞ്ഞിമുഹമ്മദ്

ഹുസൈന്‍ (കാജാ ഭായ്)
കാജാ ഭായ് എന്ന ഹുസൈന്‍ ഭായ് (90) 1960 മുതല്‍ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വ്യക്തിയാണ്. തര്‍ജുമാനുല്‍ ഖുര്‍ആന്‍, മൌലവി, ദഅ്വത്ത് എന്നീ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ് പ്രസ്ഥാനത്തെ പരിചയപ്പെടുന്നത്. 1960-കളില്‍ തൃശൂരില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ അദ്ദേഹം സംഘടനക്കൊപ്പമുണ്ടായിരുന്നു. സൈക്കളില്‍ കാജാ ബീഡി ബോക്സുമായി തൃശൂര്‍ നഗരത്തില്‍ രാവിലെ മുതല്‍ രാത്രി വരെ വില്‍പന നടത്തിയിരുന്നു. കൂട്ടത്തില്‍ മാഗസിനുകളും പുസ്തകങ്ങളും പ്രബോധനവും പ്രചരിപ്പിച്ചിരുന്നു. ഒമ്പത് പേരാണ് മക്കള്‍. ഭാര്യ ഖദീജ.
അബൂ ത്വാഹിറ തൃശൂര്‍



Comments