Prabodhanm Weekly

Pages

Search

2012 ജൂലൈ 21

അല്ലാഹുവിന്റെ അടിമ

പ്രാപഞ്ചിക ചരാചരങ്ങളഖിലം അല്ലാഹുവിന്റെ സൃഷ്ടികളാണ്. സൃഷ്ടികള്‍ എന്ന നിലക്ക് ഒക്കെയും അവന്റെ അടിമകളുമാകുന്നു. അതില്‍ മനുഷ്യരെന്നോ തിര്യക്കുകളെന്നോ ചരങ്ങളെന്നോ അചരങ്ങളെന്നോ അന്തരമില്ല. മനുഷ്യനെക്കാള്‍ അല്ലാഹുവിനടിമപ്പെട്ടവരാണ് മനുഷ്യേതര സൃഷ്ടികള്‍. സ്രഷ്ടാവിന്റെ നിശ്ചയങ്ങളും നിയമങ്ങളും സമ്പൂര്‍ണമായി അനുസരിച്ചുകൊണ്ട് മാത്രമേ അവക്ക് നിലനില്‍പുള്ളൂ. അല്ലാഹുവിന്റെ നിയമപരിധിയില്‍ നിന്ന് മുക്തമായ സ്വതന്ത്ര വാഴ്‌വ് അചിന്ത്യമാണവക്ക്. മനുഷ്യന് സ്വജീവിതത്തിന്റെ ചില മേഖലകളിലെങ്കിലും ദൈവിക നിയമങ്ങള്‍ ലംഘിക്കാന്‍ കഴിയും. വേണമെങ്കില്‍ ദൈവത്തിന്റെ അസ്തിത്വം പോലും നിഷേധിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും അല്ലാഹു അവന്റെ അടിമകള്‍ എന്നു വ്യവഹരിക്കുന്നത് മനുഷ്യരെയാണ്. പിന്നെ ജിന്നുകളെയും മലക്കുകളെയും. വിശുദ്ധ ഖുര്‍ആനിലൂടെ 'എന്റെ ദാസന്മാരേ' (യാ ഇബാദീ) എന്നവന്‍ സംബോധന ചെയ്യുന്നത് മനുഷ്യരെ മാത്രമാണ്.
സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ വെടിഞ്ഞ് അന്യന്റെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട അവസ്ഥയാണ് അടിമത്തം. അടിമയുടെ കഴിവിന്റെയും ഉടമയുടെ താല്‍പര്യത്തിന്റെയും പരിധിയില്‍ വരുന്ന കാര്യങ്ങളില്‍ മാത്രമേ ഒരു സൃഷ്ടി മറ്റൊരു സൃഷ്ടിയുടെ അടിമയാവുകയുള്ളൂ. ഈ പരിമിതമായ അടിമത്തം പോലും സൃഷ്ടികള്‍ സൃഷ്ടികള്‍ക്ക് വകവെച്ചുകൊടുക്കുന്നത് അധമമാകുന്നു. സൃഷ്ടിയുടെ അടിമത്തത്തിന്നിരയാകുന്നവര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കും. ആ ശ്രമത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യേണ്ടത് മറ്റുള്ളവരുടെ ധര്‍മമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ സൃഷ്ടികള്‍ അല്ലാഹുവിന്റെ അടിമകളായിരിക്കുന്നത് ഇപ്പറഞ്ഞ പരിമിതമായ അര്‍ഥത്തിലല്ല. അല്ലാഹുവിനോടുള്ള സൃഷ്ടികളുടെ അടിമത്തം സമഗ്രവും സമ്പൂര്‍ണവുമാകുന്നു. സൃഷ്ടിയായിരിക്കുന്നതിന്റെ അനിവാര്യതയാണ് അടിമത്തം. സൃഷ്ടികളെ ഉളവാക്കുന്നതും നിലനിര്‍ത്തുന്നതും സംഹരിക്കുന്നതും അല്ലാഹുവാണെന്നിരിക്കെ അവന്റെ അടിമയായിരിക്കുന്നതില്‍ നിന്ന് അവക്ക് മോചനം അസാധ്യമാകുന്നു. സൃഷ്ടിക്കപ്പെട്ട ശേഷം വന്നുചേരുന്ന താല്‍ക്കാലിക അവസ്ഥകളാണ് സൃഷ്ടികളോട് സൃഷ്ടികള്‍ക്കുള്ള അടിമത്തവും ഉടമത്തവും. അസ്തിത്വത്തിന്റെ ഭാഗവും മരിച്ച ശേഷവും നിലനില്‍ക്കുന്നതുമാണ് മനുഷ്യന് അല്ലാഹുവിനോടുള്ള അടിമത്തം. മനുഷ്യന്റെ പ്രകൃതിപരമായ അവസ്ഥായാണത്. ബോധപൂര്‍വം അല്ലാഹുവിന്റെ അടിമയായിരിക്കുക എന്നാല്‍ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുകയും അതിന്റെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സന്നദ്ധമാവുകയുമാണ്. സ്വയം കണ്ടെത്തലാണല്ലോ ഏതൊരസ്തിത്വത്തിന്റെയും സാക്ഷാത്കാരം.
അല്ലാഹുവിനോടുള്ള അടിമത്തം ബോധപൂര്‍വം അംഗീകരിക്കാന്‍ കഴിവുള്ള ഏക ഭൗമിക സൃഷ്ടിയാണ് മനുഷ്യന്‍. അതുകൊണ്ടാണല്ലാഹു മറ്റു സൃഷ്ടികളില്‍ നിന്നു വ്യത്യസ്തമായി മനുഷ്യരെ മാത്രം 'എന്റെ അടിമകളേ' എന്നു വിളിച്ചത്. ഈ വിശേഷണത്തിലൂടെ മനുഷ്യരെ ആദരിച്ചിരിക്കുകയാണവന്‍. അസ്തിത്വത്തിന്റെ യാഥാര്‍ഥ്യം ഗ്രഹിക്കാനും ബോധപൂര്‍വം അംഗീകരിക്കാനും യോഗ്യതയുള്ളവര്‍ എന്നൊരു പ്രശംസാധ്വനി അതിലുണ്ട്. അടിമത്തത്തിന്റെ സ്വീകരണ-നിരാകരണങ്ങളെക്കുറിച്ച് ബോധമില്ലാത്ത ഇതര സൃഷ്ടികളെ അടിമകള്‍ എന്നു വിളിക്കാതിരുന്നതും അതുകൊണ്ടാണ്.
അല്ലാഹുവിനോടുള്ള അടിമത്തം സ്വാതന്ത്ര്യത്തിന്റെ നിഷേധമാണെന്നു ചിന്തിക്കുന്നവരുണ്ട്. ദൈവത്തെ മാത്രമല്ല, സത്യം, ധര്‍മം, നീതി തുടങ്ങിയ മൂല്യങ്ങളുടെയെല്ലാം നിഷേധമാണ് പൂര്‍ണ സ്വാതന്ത്ര്യം എന്നാണ് ചിലരുടെ ചിന്ത. സത്യത്തില്‍, അല്ലാഹുവിന്റെ അടിമയായിരിക്കുക എന്നതാണ് മര്‍ത്യ ജന്മത്തില്‍ നേടാനാവുന്ന പരമമായ സ്വാതന്ത്ര്യം. അല്ലാഹുവിന്റെ മാത്രം അടിമയാകുന്നവന്‍ മറ്റെല്ലാ യജമാനന്മാരില്‍ നിന്നും പാരതന്ത്ര്യങ്ങളില്‍ നിന്നും മുക്തനാകുന്നു. അല്ലാഹുവിന്റെ അടിമയാകാന്‍ വിസമ്മതിക്കുന്നവന്‍ സ്വയം അറിയാതെ ചെകുത്താന്റെ അടിമയാവുകയാണ്. ചെകുത്താന്‍ അവനെ പ്രതിനിധാനം ചെയ്യുന്ന പലതരം വ്യാജ ദൈവങ്ങളെ പടച്ചുവിടുന്നു. അവയിലേറെയും മനുഷ്യനു തുല്യമോ, അവനില്‍ താണതോ ആയ സൃഷ്ടികളായിരിക്കും. ഈ വ്യാജ ദൈവങ്ങളുടെ ഇഷ്ടത്തിനൊത്തു തുള്ളുന്നതിനെ മൂഢ ജനം സ്വാതന്ത്ര്യമെന്നു ഭ്രമിക്കുകയാണ്. മനുഷ്യനെ ദൈവത്തിന്റെ അടിമത്തത്തില്‍ നിന്ന് ഭൃഷ്ടനാക്കി സ്വന്തം അടിമത്തത്തില്‍ തളക്കാന്‍ പ്രതിജ്ഞാബദ്ധനാണ് ചെകുത്താന്‍. അവന്‍ ഈ പ്രതിജ്ഞയെടുത്തപ്പോള്‍ അല്ലാഹു പറഞ്ഞു: ''ബോധപൂര്‍വം എന്റെ ഉടമത്തം സ്വീകരിച്ച് യഥാര്‍ഥത്തില്‍ എന്റെ അടിമകളായിത്തീര്‍ന്നവരുണ്ടല്ലോ, അവരില്‍ നിനക്ക് യാതൊരു സ്വാധീനവും ലഭിക്കുകയില്ല'' (15:42, 17:65). മര്‍ത്യരെയൊക്കെയും ഞാന്‍ വഴിപിഴപ്പിക്കും എന്നു ശപഥം ചെയ്തപ്പോള്‍ ചെകുത്താനും പറഞ്ഞു: ''നിന്റെ നിഷ്‌കളങ്കരായ അടിമകളെ ഒഴിച്ച്'' എന്ന് (15:40, 38:83).
ദൈവത്തിന്റെ നിഷ്‌കളങ്കനായ അടിമയാകുന്നതിലൂടെയാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രനും വിശുദ്ധനും മഹനീയനുമായിത്തീരുന്നത്. അല്ലാഹുവിനോടുള്ള അടിമത്ത വികാരം എത്രത്തോളം ഉദാത്തവും ഉത്തിഷ്ടവുമാകുന്നുവോ അത്രത്തോളം അവന്‍ ഔന്നത്യമാര്‍ജിക്കുന്നു. മറ്റെല്ലാ യജമാനരിലും വിരക്തനായി കൂറും വിധേയത്വവും അല്ലാഹുവില്‍ മാത്രം ഉന്മുഖമാവുക- മുഖ്‌ലിസ്വീനലഹുദ്ദീന്‍-യാണ് വിശുദ്ധമായ അടിമത്തത്തിന്റെ പാരമ്യം. അതിഭൗതികമായ ആകാശ ലോകങ്ങളില്‍ ആതിഥ്യമരുളി, ദൈവിക തേജസ്സ് ദര്‍ശിക്കാനും പൂര്‍വ പ്രവാചകവര്യന്മാരുടെ ആത്മാക്കളുമായി സംവദിക്കാനും സ്വര്‍ഗ-നരകങ്ങള്‍ക്ക് സാക്ഷിയാകാനും അവസരം നല്‍കി ആദരിച്ച അന്ത്യപ്രവാചകനെ അല്ലാഹു സംബോധന ചെയ്തത് 'എന്റെ അടിമ' എന്നാണ്. ''തന്റെ അടിമയെ ഒരു രാത്രി പ്രയാണം ചെയ്യിച്ചവന്‍ അതീവ പരിശുദ്ധന്‍'' എന്ന് (17:1). മഹത്വത്തിന്റെയും വിശുദ്ധിയുടെയും ഉച്ചകോടിയിലെത്തുന്ന സൃഷ്ടിക്ക് 'അല്ലാഹുവിന്റെ അടിമ' എന്നതിനേക്കാള്‍ വിശിഷ്ടമായ മറ്റൊരഭിധാനമില്ല. സ്വര്‍ഗാവകാശികളാകുന്ന ആത്മാവുകളെ അല്ലാഹു അഭിസംബോധന ചെയ്യുന്നതിങ്ങനെ: ''അല്ലയോ സമാധാനം പ്രാപിച്ച ആത്മാവേ, സംപ്രീതവും പ്രീതിഭാജനവുമായ അവസ്ഥയില്‍ നിന്റെ വിധാതാവിലേക്ക് മടങ്ങിക്കൊള്ളുക. എന്റെ അടിമകളുടെ ഗണത്തില്‍ ചേര്‍ന്നു സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക'' (89:27-30). ബോധപൂര്‍വം അല്ലാഹുവിന്റെ അടിമയായിരിക്കുകയാണ് സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും, ഒടുവില്‍ സ്വര്‍ഗത്തിലേക്കുമുള്ള ഏകമാര്‍ഗം. ഈ സത്യം അധികജനവും വിസ്മരിക്കുകയാണ്. വിസ്മരിച്ചവര്‍ക്കൊക്കെയും ഇതെക്കുറിച്ച് ബോധമുദിക്കുന്ന ഒരു ദിനമുണ്ട്. അന്ത്യദിനം. പക്ഷേ ആ സമയത്തെ ബോധോദയം കൊണ്ടെന്തു ഫലം! വിലപിച്ചുകൊണ്ടിരിക്കാം: ഹാ കഷ്ടം! ഈ ജീവിതത്തിനു വേണ്ടി ഞാന്‍ നേരത്തെ വല്ലതും കരുതിവെച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനെ!! (89:23-24).

Comments