Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം

അബ്ദുല്ലത്വീഫ് കൊടുവള്ളി

عَن جَابِر بْن عَبْدِ اللَّهِ وَأَبَا طَلْحَةَ بْن سَهْلٍ الأَنْصَارِيَّ يَقُولاَنِ: قَالَ رَسُولُ اللَّهِ صَلى الله عَلَيْه وَسَلم ‏:‏ مَا مِنِ امْرِئٍ يَخْذُلُ امْرَأً مُسْلِمًا فِي مَوْضِعٍ تُنْتَهَكُ فِيهِ حُرْمَتُهُ وَيُنْتَقَصُ فِيهِ مِنْ عِرْضِهِ إِلاَّ خَذَلَهُ اللَّهُ فِي مَوْطِنٍ يُحِبُّ فِيهِ نُصْرَتَهُ وَمَا مِنِ امْرِئٍ يَنْصُرُ مُسْلِمًا فِي مَوْضِعٍ يُنْتَقَصُ فِيهِ مِنْ عِرْضِهِ وَيُنْتَهَكُ فِيهِ مِنْ حُرْمَتِهِ إِلاَّ نَصَرَهُ اللَّهُ فِي مَوْطِنٍ يُحِبُّ نُصْرَتَهُ‏ (أبوداود - 4884 ، أحمد‏ - 16415 ، حسنه الألباني)

ജാബിറുബ്‌നു അബ്ദില്ലാ(റ)യും അബൂ ത്വല്‍ഹതബ്‌നു സഹ് ലില്‍ അന്‍സ്വാരി(റ)യും പറയുന്നു.  നബി (സ) ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: 'ഒരു മുസ് ലിമിന്റെ അഭിമാനം ക്ഷതപ്പെടുകയും പവിത്രത പിച്ചിച്ചീന്തപ്പെടുകയും ചെയ്യുന്ന ഒരിടത്ത് (അതിലിടപെടാന്‍ കഴിയുന്ന ഒരാള്‍ അതില്‍ ഇടപെടാതെ) 
അയാളെ കൈവെടിഞ്ഞാല്‍, കൈവെടിഞ്ഞ ആളെ, അല്ലാഹുവിന്റെ സഹായം താൻ ഇഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു അയാളെ കൈവെടിയുന്നതായിരിക്കും.
ഒരു മുസ് ലിമിന്റെ പവിത്രത പിച്ചിച്ചീന്തപ്പെടുകയും അഭിമാനം ക്ഷതപ്പെടുകയും ചെയ്യുന്ന ഒരിടത്ത്  ഒരാള്‍ അയാളെ സഹായിച്ചാല്‍, സഹായിച്ചയാള്‍ അല്ലാഹുവിന്റെ സഹായം ഇഷ്ടപ്പെടുമ്പോള്‍ അല്ലാഹു അയാളെ സഹായിക്കാതിരിക്കില്ല.

 

മുസ് ലിംകള്‍ ആദര്‍ശ സഹോദരങ്ങള്‍ എന്നതോടൊപ്പം ആപല്‍ബന്ധുക്കളുമാണെന്നും യഥാവസരം രണ്ടു ബന്ധുത്വങ്ങളും പ്രായോഗികമായി യാഥാർഥ്യമാകുമ്പോഴാണ് അല്ലാഹുവിന്റെ കടാക്ഷമുണ്ടാവുക എന്നുമാണ് മേല്‍ നബിവചനത്തിന്റെ കേന്ദ്രാശയം.

ഒരേ ആദര്‍ശവും വിശ്വാസവും വെച്ചുപുലര്‍ത്തുന്നവര്‍ എന്ന നിലയില്‍ സത്യവിശ്വാസികള്‍ തങ്ങളുടെ ആദര്‍ശ സഹോദരന്മാരുടെ ജീവനും രക്തവും അഭിമാനവും സമ്പത്തും മറ്റും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണം. അതിനെതിരെ ഉയരുന്ന എല്ലാ വെല്ലുവിളികള്‍ക്കുമെതിരെ അഭിമാന രോഷത്തോടെ പ്രതികരിക്കണം. ഇസ് ലാമിക സാഹോദര്യത്തിന്റെ മൗലിക പ്രധാനമായ വശമാണിത്. ഇസ് ലാമിക സമൂഹത്തോടുള്ള ഗുണകാംക്ഷയുടെ ഭാഗവുമാണ്.

ഉമര്‍ (റ) സേനാനായകന്മാര്‍ക്ക് അയച്ചിരുന്ന കത്തുകളില്‍ 'നിങ്ങളുടെ ശത്രുക്കളെക്കാള്‍ നിങ്ങളുടെ കാര്യത്തില്‍ നിങ്ങളുടെ പാപങ്ങളെയാണ് ഞാന്‍ ഭയപ്പെടുന്നത്' എന്ന് ഉദ്ബോധിപ്പിച്ചിരുന്നതായി കാണാം. പാപങ്ങള്‍ പരാജയത്തിനും ശത്രുക്കളുടെ വിജയത്തിനും കാരണമായി ഭവിക്കാം. ശത്രുക്കളുമായി ഏറ്റുമുട്ടുന്ന ഘട്ടത്തില്‍ പിന്തുണ കിട്ടേണ്ട സൈനികര്‍ക്ക് ധാര്‍മികവും ഭൗതികവുമായ പിന്തുണ കിട്ടാതെ വന്നാല്‍ അത് ആത്യന്തികമായി ശത്രുക്കളെ സഹായിക്കുന്ന നിലപാടായാണ് പരിഗണിക്കപ്പെടുക എന്നാണ് ഉമറിന്റെ കത്തിനെ പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നത്.
ഇസ് ലാമും മുസ് ലിംകളും പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളില്‍ കഴിവിന്റെ പരമാവധി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയണം. വിധിനിര്‍ണായകമായ സന്ദര്‍ഭങ്ങളില്‍ എങ്ങനെയെല്ലാം വ്യക്തിപരമായും സാമൂഹികമായും ഇടപെടാന്‍ കഴിയും എന്ന് വിശ്വാസികള്‍ ചിന്തിക്കണം.

'സമരം ചെയ്യാതെയോ, സമരം ചെയ്യണമെന്ന് ആത്മഗതം ചെയ്യാതെയോ മരിച്ചുപോകുന്നവര്‍ കാപട്യത്തിന്റെ ശാഖയോടെയാണ് മരിക്കുന്നത്' (മുസ് ലിം) എന്ന നബിവചനം സത്യവിശ്വാസികള്‍ സദാ സമരോത്സുകരായിരിക്കണമെന്നാണ് പഠിപ്പിക്കുന്നത്. യുദ്ധസാഹചര്യമില്ലെങ്കിലും എവിടെയെങ്കിലും തന്റെ പിന്തുണയും സഹായവും പ്രാര്‍ഥനയും ആവശ്യമുണ്ടോ എന്ന ഉല്‍ക്കണ്ഠ സത്യവിശ്വാസികളുടെ സഹജ ഗുണമായിരിക്കണം.

ശരീരങ്ങള്‍ക്ക് മുമ്പ് ആത്മാക്കളെയും സമ്പത്തുകള്‍ക്ക് മുമ്പ് കരളിന്റെ കഷ്ണങ്ങളായ കുഞ്ഞുപൈതങ്ങളെയും ബലിനല്‍കി ഗസ്സക്കാര്‍ പൊരുതുമ്പോള്‍ നാം അവരെ ഒന്നും നല്‍കാതെ അധിനിവേശ കശ്മലന്മാരുടെ മുമ്പിലേക്ക് നിസ്സഹായരായി വിടാവതല്ല. നബി(സ)യുടെ പ്രവചന പ്രകാരം, ഖുദ്‌സിന്റെ മോചനം തുടര്‍പ്രക്രിയയായതിനാല്‍ ഭാവി തലമുറകളെ അതേക്കുറിച്ച് ബോധവല്‍ക്കരിക്കേണ്ടതും ഐക്യദാര്‍ഢ്യത്തിന്റെ ഭാഗം തന്നെയാണ്.

പവിത്രതകള്‍ ചവിട്ടിയരക്കപ്പെടുകയും അഭിമാനം ചീന്തി എറിയപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല ലോക സാഹചര്യത്തില്‍ അതേക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാതെ 'ഞാനും എന്റെ കെട്ട്യോളും കുട്ട്യേളും' എന്ന സ്വാര്‍ഥ ചിന്തയുമായി മുന്നോട്ടുപോകാന്‍ ഒരു യഥാര്‍ഥ സത്യവിശ്വാസിക്ക് കഴിയുകയില്ല. അങ്ങനെയായാല്‍ വ്യക്തികള്‍ എന്ന നിലയിലോ സമൂഹം എന്ന നിലയിലോ നാം പ്രതിസന്ധിയിലകപ്പെടുമ്പോള്‍ അല്ലാഹു നമ്മെയും കൈയൊഴിയും.

അതേസമയം, അഭിമാന രോഷത്തോടെ സഹോദരന്റെയോ സമുദായത്തിന്റെയോ അഭിമാനം രക്ഷിക്കാനും, പവിത്രതകള്‍ മലിനപ്പെടുത്തുന്നത് തടയാനും സാധ്യമാകുന്ന രീതിയില്‍ സഹായിച്ചാല്‍  അല്ലാഹു തക്ക സമയത്ത്, തക്ക രീതിയില്‍ നമ്മെയും സഹായിക്കും.

ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും നിര്‍വഹിക്കാവുന്ന നിഷ്‌കളങ്കമായ പ്രാര്‍ഥനയും ഗുണകാംക്ഷയും തന്നെയാണ് ഇപ്പോള്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന നമ്മുടെ സഹായം. ഗസ്സയിലെ പോരാളികളെ ശത്രുക്കള്‍ക്ക് വിട്ടുകൊടുത്ത് നിസ്സംഗത പാലിക്കുന്ന എല്ലാവര്‍ക്കും ഈ ഹദീസ് താക്കീതാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി