നിയമസഭാ തെരഞ്ഞെടുപ്പുകളും "ഇന്‍ഡ്യ'യുടെ ഭാവിയും
വരുന്ന നവംബറില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലുങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് എന്ന 'ഫൈനല്‍' അങ്കത്തിന്റെ 'സെമി ഫൈനല്‍' ആണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തിക്കഴിഞ്ഞു. സാധാരണഗതിയില്‍, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ അതേ പ്രതിഫലനമായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത കക്ഷിക്കായിരിക്കില്ല വോട്ടര്‍മാര്‍ പലപ്പോഴും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. നേരെ എതിര്‍ കക്ഷിക്ക് പോലും അവരുടെ വോട്ട് പോകാം. ദേശീയ, സംസ്ഥാന സാഹചര്യങ്ങള്‍ വ്യത്യസ്തമാവുന്നത് ഇതിനൊരു പ്രധാന കാരണമാണ്. പക്ഷേ, അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അങ്ങനെയായിരിക്കില്ല എന്ന് പലരും തറപ്പിച്ചു പറയുന്നു. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആര് മേല്‍ക്കൈ നേടുന്നുവോ അവര്‍ക്കു തന്നെയായിരിക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിലും മേധാവിത്വം. ഇരു തെരഞ്ഞെടുപ്പുകൾ തമ്മിലുള്ള അകലം വളരെ കുറഞ്ഞത് മാത്രമല്ല അതിന് കാരണം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉയര്‍ത്തപ്പെടുന്ന വിഷയങ്ങള്‍ സമാന സ്വഭാവമുള്ളതായിരിക്കും എന്നതു കൂടിയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസ് നടത്തി ബി.ജെ.പിക്ക് നേരെ ഒരു വലിയ ഭൂതത്തെ തന്നെയാണ് തുറന്നുവിട്ടിരിക്കുന്നത്. അതിനെ കുടത്തിലടക്കാന്‍ സംഘ് പരിവാര്‍ നന്നായി വിയര്‍ക്കേണ്ടിവരും.
മധ്യപ്രദേശില്‍ തങ്ങള്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.
തങ്ങളുടെ ഇസ് ലാമോഫോബിക് വിഭാഗീയ അജണ്ടകളെ ജാതി സെന്‍സസ് രാഷ്ട്രീയം അട്ടിമറിക്കുമോ എന്ന് ബി.ജെ.പി ശരിക്കും ഭയക്കുന്നുണ്ട്. ജാതി സെന്‍സസ് വിഷയമാകുന്നതിന് മുമ്പ് തന്നെ വിദ്വേഷ രാഷ്ട്രീയം പണ്ടെപ്പോലെ ഫലിക്കുന്നില്ല എന്നവർ തിരിച്ചറിഞ്ഞിരുന്നു. കടുത്ത മുസ് ലിം വിരുദ്ധ കള്ളപ്രചാരണങ്ങള്‍ നടത്തിയിട്ടും കര്‍ണാടകയിലും ഹിമാചല്‍ പ്രദേശിലും ബി.ജെ.പി തോറ്റു. ഇതൊരു സൂചനയാണ്. ബി.ജെ.പി ഭരിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഏറക്കുറെ ഭദ്രമെന്ന് പറയാവുന്നത് ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും മാത്രമാണ്. മറ്റിടങ്ങളിലൊക്കെ ഒരുവിധം ഭരണം തട്ടിപ്പടച്ചെടുത്തു എന്നേ പറയാനാവൂ. എപ്പോള്‍ വേണമെങ്കിലും തകിടം മറിയാം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നുപോലും ബി.ജെ.പിക്ക് കിട്ടില്ല എന്ന് പ്രവചിക്കുന്നവരുമുണ്ട്. അങ്ങനെയായാല്‍, പ്രതിപക്ഷം ഉയര്‍ത്തിയ വിഷയങ്ങള്‍ എന്തൊക്കെയാണോ അവ തന്നെയാവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉയര്‍ന്നുവരിക. സംഘ് പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് മേല്‍ക്കൈ നേടുന്നതെങ്കില്‍ അതും പൊതു തെരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിക്കും. നേരത്തെ മൃദു ഹിന്ദുത്വം പയറ്റി നോക്കിയ കക്ഷികള്‍ വീണ്ടും അത്തരമൊരു പരീക്ഷണം നടത്തി നോക്കിക്കൂടായ്കയില്ല.
പ്രതിപക്ഷ മുന്നണി 'ഇന്‍ഡ്യ' നേരിടുന്ന ആദ്യത്തെ രാഷ്ട്രീയ അഗ്നിപരീക്ഷ കൂടിയാണിത്. അതിലെ ഘടക കക്ഷികള്‍ തമ്മിലുള്ള സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ പ്രകടനമാണ് ജനം ഉറ്റുനോക്കുന്നത്. ആ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 'ഇന്‍ഡ്യ'യെ നയിക്കേണ്ടത് ആരെന്ന തര്‍ക്കത്തിനും പരിഹാരമാകും. l
Comments