Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

സയണിസ്റ്റ് ആഖ്യാനങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നു

ഡോ. അബ്ദുല്ല മഅ്‌റൂഫ്

ആഖ്യാനങ്ങള്‍ തമ്മിലെ യുദ്ധം ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ പുതിയതല്ല. നൂറ് വര്‍ഷത്തിലേറെയായി ഇത് തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ സയണിസ്റ്റ് സംഘം, സ്വന്തമായി ഒരു ദേശരാഷ്ട്രം എന്ന ആശയം മുന്നോട്ടു വെച്ചത് മുതല്‍. സയണിസ്റ്റ് ആഖ്യാനം ഫലസ്ത്വീന്‍ ജനതയുടെ അസ്തിത്വത്തെ തന്നെ നിഷേധിക്കുകയായിരുന്നു. 'നക്ബ' കാലത്ത് നടന്ന കൂട്ടക്കൊലകളെയും അത് നിഷേധിച്ചു. ഫലസ്ത്വീനികള്‍ തങ്ങളുടെ ഭൂമി വില്‍ക്കുകയായിരുന്നു എന്ന ആഖ്യാനവും സയണിസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇത് തനി കള്ളപ്രചാരണമാണെന്ന് നിരവധി നിഷ്പക്ഷ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടും, ആ ആഖ്യാനം ഇപ്പോഴും ഫലസ്ത്വീന് അനുകൂലമായ ജനാഭിപ്രായം രൂപവത്കരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ത്വൂഫാനുൽ അഖ്‌സ്വാ സംഭവിച്ചത് മുതല്‍ ഇസ്രായേലി-ഫലസ്ത്വീനി ആഖ്യാനങ്ങള്‍ തമ്മിലെ പോരും രൂക്ഷമായി. ഇസ്രായേല്‍ ഫലസ്ത്വീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ മറച്ചുപിടിക്കാനും ലോകത്തിന്റെ അനുഭാവവും പിന്തുണയും പിടിച്ചെടുക്കാനും അവര്‍ക്ക് പലതരം ആഖ്യാനങ്ങള്‍ ചമക്കേണ്ടതുണ്ടായിരുന്നു. ഹമാസിനെ പൈശാചികവത്കരിക്കുന്നത് അതിന്റെ ഭാഗമായാണ്. ഹമാസിന് ഐ.എസ് (ദാഇശ്) എന്ന ഭീകര ഗ്രൂപ്പുമായി ബന്ധമുണ്ട് എന്ന പ്രചാരണം തുടക്കം മുതലേ ശക്തമായിരുന്നു. ഹമാസ് ഇസ് ലാമിക വൃത്തത്തിന് പുറത്താണ് (തക്ഫീര്‍) എന്ന് ഫത് വയിറക്കിയവരാണ് ഈ ഐ.എസുകാര്‍. ഐ.എസ് അതിന്റെ ഒരു സെല്ല് ഗസ്സയില്‍ രൂപവത്കരിക്കാന്‍ നോക്കിയപ്പോള്‍ അതിനെ സായുധമായി തന്നെ നേരിട്ടു ഹമാസ്. ഗസ്സയില്‍നിന്ന് ഐ.എസ് ഉന്മൂലനം ചെയ്യപ്പെടുന്നതും അങ്ങനെയാണ്.

ഈ 'ദാഇശ് വത്കരണ'ത്തിന്റെ ലക്ഷ്യം വ്യക്തം- ഫലസ്ത്വീനികളുടെ സകല പ്രതിരോധങ്ങളെയും ഭീകരതയുമായി ബന്ധിപ്പിക്കുക. അങ്ങനെയാണ്, ഫലസ്ത്വീന്‍ പതാകയേന്തിയും പരമ്പരാഗത ഫലസ്ത്വീനി വസ്ത്രമായ കൂഫിയ ധരിച്ചും പ്രകടനം നടത്തരുതെന്ന് ബ്രിട്ടനിലും മറ്റും വിലക്കുണ്ടായത്. ഈ പൈശാചികവത്കരണത്തിന്റെ രണ്ടാം ഘട്ടം, ഇസ്രായേലി ആഖ്യാനങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നവരെ വരെ ഹമാസിന്റെയും ദാഇശിന്റെയും ആളുകളായി മുദ്രകുത്തുക എന്നതാണ്. ഇത് പൊതുജനത്തെ ഭയപ്പെടുത്തി നിര്‍ത്താനാണ്. ആഖ്യാനങ്ങള്‍ കള്ളമാണോ അല്ലേ എന്ന് ജനം ചിന്തിക്കാതിരുന്നാല്‍ അവ പ്രചരിപ്പിക്കാന്‍ വേണ്ടത്ര സമയം കിട്ടുമല്ലോ; അവ കള്ളമാണെന്ന് പിന്നീട് തെളിഞ്ഞാലും. 'കള്ളം പറയുക, പിന്നെയും കള്ളം പറയുക; അപ്പോള്‍ ജനം നിന്നെ വിശ്വസിച്ചു തുടങ്ങും' എന്ന നാസി പ്രചാരണ വിഭാഗം തലവന്‍ ജോസഫ് ഗീബല്‍സ് തന്നെയാണ് ഇക്കാര്യത്തില്‍ ഇവര്‍ക്ക് മാതൃക. ഹമാസ് കുട്ടികളെ കഴുത്തറുത്ത് കൊന്നു, സ്ത്രീകളെ മാനഭംഗപ്പെടുത്തി തുടങ്ങിയ കഥകള്‍ തനി വ്യാജമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടും, ബന്ധപ്പെട്ടവര്‍ വീണ്ടും വീണ്ടും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ, ഇത്തവണ ഈ നുണക്കഥകള്‍ ഓരോന്നായി തുറന്നു കാട്ടാന്‍ ഫലസ്ത്വീന്‍ പക്ഷം വളരെ ജാഗ്രത കാണിച്ചു. ഒപ്പം ഗസ്സയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിഭീകരമായ നരമേധം അവര്‍ ലോക ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. ഇസ്രായേലി ആഖ്യാനത്തെ ചെറുക്കുന്ന 'വംശീയ ശുദ്ധീകരണം', 'കൂട്ട ഉന്മൂലനം' പോലുള്ള പ്രയോഗങ്ങള്‍ ഫലസ്ത്വീനി പക്ഷത്തുനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നു. നെതന്യാഹുവിന്റെ ഓഫീസ് 'എക്‌സി'ല്‍ പ്രസിദ്ധീകരിച്ച കുട്ടികളെ ചുട്ടെരിക്കുന്ന ചിത്രം, എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നിര്‍മിതമാണെന്ന് വൈകാതെ വ്യക്തമാക്കപ്പെട്ടു. ഗസ്സയിലെ ബാപ്റ്റിസ്റ്റ് ആശുപത്രി ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തപ്പോള്‍, ഫലസ്ത്വീനികള്‍ വിട്ട റോക്കറ്റ് വഴിതെറ്റി ആശുപത്രിക്ക് നേരെ പതിച്ചതാണെന്ന് ഇസ്രായേല്‍ പ്രചരിപ്പിച്ചു. തെളിവായി ഒരു വീഡിയോ പുറത്ത് വിട്ടു. അത് കെട്ടിച്ചമച്ചതാണെന്ന് സൈബര്‍ പോരാളികള്‍ തെളിയിച്ചപ്പോള്‍ ആ വീഡിയോ ഇസ്രായേലിന് നീക്കം ചെയ്യേണ്ടിവന്നു. പിന്നെ തെളിവുകളൊന്നുമില്ലാതെ ഈ ആരോപണം ഇസ്രായേല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഫലസ്ത്വീനുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും പൈശാചികവത്കരിക്കാനുള്ള ഇസ്രായേലിന്റെ ഏതു നീക്കത്തെയും തടയാനും തുറന്നു കാട്ടാനും സാധ്യമാണെന്നാണ് ഫലസ്ത്വീന്‍ പക്ഷം തെളിയിച്ചുകൊണ്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനെ എങ്ങനെയൊക്കെ പിന്തുണച്ചാലും സത്യം പുറത്തു കൊണ്ടുവരാനാവും. അതിന് വലിയ തോതിലുള്ള പ്രതികരണവുമുണ്ടായി. ഇസ്രായേല്‍ നരമേധത്തിനെതിരെ ലോക നഗരങ്ങളില്‍ അരങ്ങേറിയ വന്‍ പ്രതിഷേധ റാലികള്‍ അതിന് തെളിവാണ്. ഫലസ്ത്വീനി ആഖ്യാനത്തെ ജനം ഏറ്റെടുക്കുകയാണ്. ഫലസ്ത്വീനികളെ എക്കാലവും പിശാചുക്കളായി ചിത്രീകരിക്കുന്ന സയണിസ്റ്റ് ആഖ്യാനത്തിനേറ്റ കനത്ത തിരിച്ചടി. ഫലസ്ത്വീനികളുടേത് തീര്‍ത്തും ന്യായമായ അവകാശമാണെന്ന് ലോകത്തിന് ബോധ്യപ്പെടുമ്പോള്‍, പതിറ്റാണ്ടുകളായി ഇസ്രായേല്‍ നിര്‍മിച്ചുകൊണ്ടിരുന്ന ആഖ്യാനമാവും കാറ്റില്‍ പറന്നുപോവുക. കള്ളങ്ങള്‍ക്ക് മേല്‍ പടുക്കപ്പെട്ട ഏത് ആഖ്യാനത്തിനും ഇതുതന്നെ ഗതി. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി