ഒറ്റക്കണ്ണന്‍ ദജ്ജാലുകളുടെ ലോകം
'സത്യം ഷര്‍ട്ടിട്ട് യാത്രക്കൊരുങ്ങുമ്പോഴേക്ക് അസത്യം ലക്ഷ്യസ്ഥാനത്തെത്തി തിരിച്ചു നടത്തം തുടങ്ങിയിരിക്കും' എന്നൊരു പഴമൊഴിയുണ്ടല്ലോ പണ്ടേ. ഈ ആപ്ത വാക്യത്തെ ശരിവെച്ചുകൊണ്ടാണ് ഏതാണ്ടെല്ലാ പ്രധാന സംഭവങ്ങളും ചരിത്രത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സമീപകാല ഇന്ത്യയില്‍ അതിന് ഏറ്റവും മികച്ച ഉദാഹരണം ബാബരി മസ്ജിദിന്റേതാണ്. 1528-ല്‍ ഉത്തര പ്രദേശിലെ ഫൈസാബാദില്‍ മുഗള്‍ചക്രവര്‍ത്തി സഹീറുദ്ദീന്‍ ബാബറുടെ മിലിട്ടറി ഗവര്‍ണറായിരുന്ന മീര്‍ബാഖി വെറും തരിശായി കിടക്കുന്ന സ്ഥലത്ത് ഒരു പള്ളി നിര്‍മിച്ചു; അതിന് ബാബരി മസ്ജിദ് എന്ന പേരും നല്‍കി. പില്‍ക്കാലത്ത് ത്രേതായുഗത്തില്‍ ശ്രീരാമന്‍ ജനിച്ച ഭൂമിയാണതെന്നും, ശ്രീരാമപത്‌നി സീതയുടെ അടുക്കള സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പള്ളി നിര്‍മിച്ചതെന്നും, ക്ഷേത്രം പൊളിച്ചാണ് തല്‍സ്ഥാനത്ത് മുസ് ലിം ആരാധനാലയം പണിതതെന്നുമൊക്കെ എഴുതിയും പറഞ്ഞും ഹൈന്ദവ ജനതയെ ഇളക്കിവിടാന്‍ വ്യാപക ശ്രമം നടന്നതാണ് പിന്നീടുള്ള സംഭവവികാസം. 1949 ഡിസംബറില്‍ പള്ളി പൂട്ടി സീല്‍ വെച്ചതും 1985-ല്‍ ജില്ലാ കോടതി അത് ഹൈന്ദവര്‍ക്ക് ആരാധനക്കായി തുറന്നുകൊടുത്തതുമൊക്കെ അവിസ്മരണീയ സംഭവങ്ങള്‍. ആദ്യം അലഹബാദ് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലുമെത്തിയ ബാബരി മസ്ജിദ്-രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയ ചില സത്യങ്ങളുണ്ട്. മസ്ജിദ് മുസ് ലിം ആരാധനാലയം തന്നെയായിരുന്നു; അവിടെ ഒരു കാലത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്നതിനോ അത് പൊളിച്ചാണ് മസ്ജിദ് നിര്‍മിച്ചത് എന്നതിനോ ഒരു തെളിവും ഇല്ല. എന്നാല്‍, ഹൈന്ദവ വികാരം മാനിച്ച് ഭൂമി അവരുടെ ട്രസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് വിധിച്ചതോടെ അതുവരെ നടത്തിയ പ്രോപഗണ്ട തീര്‍ത്തും വ്യാജമായിരുന്നുവെന്ന് രാജ്യത്തിനും ലോകത്തിനും ബോധ്യപ്പെട്ടു.
ഏതാണ്ട് ഇതേ മട്ടില്‍, എന്നാല്‍ ആഗോള വ്യാപകമായിത്തന്നെ ഫലസ്ത്വീനെ ചുറ്റിപ്പറ്റിയുള്ള വ്യാജ പ്രോപഗണ്ടകളാല്‍ കൊഴുക്കുകയാണ് അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലഖിലം. 1948-ല്‍ ഫലസ്ത്വീനില്‍ ഇസ്രായേല്‍ രാഷ്ട്രം യു.എന്‍ പ്രമേയ പ്രകാരം നിലവില്‍ വരുന്നതിന് മുമ്പ് മുസ് ലിം അധിനിവേശക്കാര്‍ യഹൂദരെ പുറംതള്ളുകയായിരുന്നെന്നും, ജൂതന്മാരെ പുറത്താക്കിയാണ് ഖലീഫാ ഉമറിന്റെ കാലത്ത് ബൈത്തുല്‍ മുഖദ്ദസ് മുസ് ലിം പട പിടിച്ചടക്കിയതെന്നുമാണ് പ്രചരിക്കുന്ന നുണകളിലൊന്ന്. സത്യമോ? രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്ത് മുസ് ലിം പടനായകരായിരുന്ന ഖാലിദുബ്‌നുല്‍ വലീദ്, അംറുബ്‌നുല്‍ ആസ്വ്, അബൂ ഉബൈദ എന്നിവര്‍ ഇന്നത്തെ ലബനാന്‍, സിറിയ, ഫലസ്ത്വീന്‍ പ്രദേശങ്ങളാകെ റോമന്‍ സാമ്രാജ്യത്തില്‍നിന്ന് മോചിപ്പിച്ച ശേഷം സി.ഇ 636-ല്‍ ജറൂസലം ഉള്‍പ്പെടുന്ന ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കുമ്പോള്‍, അവിടെ ക്രൈസ്തവ റോമന്‍ (ബൈസാന്റിയന്‍) സാമ്രാജ്യാധിപതിയുടെ കീഴില്‍ ക്രിസ്തീയ പാത്രിയാര്‍ക്കീസിന്റെ വാഴ്ചയായിരുന്നു നിലവിലിരുന്നത്. അദ്ദേഹമാകട്ടെ ഒരു ചെറുത്തുനില്‍പും കൂടാതെ മുസ് ലിം സേനക്ക് മുമ്പില്‍ കീഴടങ്ങുകയായിരുന്നു. പാത്രിയാര്‍ക്കീസിന്റെ താല്‍പര്യപ്രകാരം മദീനയില്‍നിന്ന് ഖലീഫാ ഉമര്‍ (റ) തന്റെ ഭൃത്യനുമായി ഒരൊട്ടകപ്പുറത്ത് കയറി ഖുദുസില്‍ എത്തി. അദ്ദേഹം പാത്രിയാര്‍ക്കീസുമായുള്ള കൂടിക്കാഴ്ചക്കു ശേഷം ഒപ്പിട്ട് നല്‍കിയ കരാര്‍ പത്രികയില്‍ ക്രൈസ്തവര്‍ക്ക് പൂര്‍ണ സംരക്ഷണവും മതസ്വാതന്ത്ര്യവും ഉറപ്പ് നല്‍കി. ഈ രേഖ ഇന്നും ഭദ്രമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ ഭരണാധികാരിയുടെ ആവശ്യപ്രകാരമാണ് യഹൂദികളാരും ഖുദ്‌സില്‍ താമസിക്കുകയില്ലെന്ന ഉപാധി കരാര്‍ പത്രികയില്‍ രേഖപ്പെടുത്തിയത്. യഹൂദരുടെ ശല്യം ക്രൈസ്തവര്‍ നിരന്തരം സഹിക്കേണ്ടി വന്നതാണ് കാരണം. 1948-ലെ ഇസ്രായേല്‍ രാഷ്ട്രനിര്‍മിതിക്ക് മുമ്പ് ജൂതന്മാരുമായി മുസ് ലിം പട ഫലസ്ത്വീനില്‍ ഏറ്റുമുട്ടിയ ഒരു സംഭവവും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. (ഡോ. ത്വാരിഖ് സുവൈദാന്റെ ഫലസ്ത്വീന്‍ സമ്പൂര്‍ണ ചരിത്രം നോക്കുക).
ഉസ്മാനീ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമനാണ്, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് പുറംതള്ളപ്പെട്ട യഹൂദികള്‍ക്ക് തന്റെ ഭരണത്തിലുള്ള ഫലസ്ത്വീന്‍ ഒഴിച്ചുള്ള പ്രദേശങ്ങളിലേക്ക് കുടിയേറാന്‍ അനുവാദം നല്‍കിയത്. ഇന്ന് ഇസ്രായേലിനെ പിന്തുണക്കുന്ന യൂറോപ്യന്‍ ശക്തികളെല്ലാം അന്നവരെ ആട്ടിയോടിക്കുകയായിരുന്നു എന്നോര്‍ക്കണം. പക്ഷേ, ജൂതര്‍ അതുകൊണ്ട് തൃപ്തരായില്ല. വംശീയതയുടെ നഗ്നരൂപമായ സയണിസം സ്വന്തമായ ഒരു രാഷ്ട്രംകൊണ്ട് മാത്രമേ തൃപ്തിപ്പെടുമായിരുന്നുള്ളൂ. 1896-ല്‍ പോളിഷ് യഹൂദി തിയഡോര്‍ ഹെര്‍സല്‍ 'The Jewish State' എന്ന പുസ്തകവുമായി രംഗപ്രവേശം ചെയ്തതോടെയാണ് ജൂതവംശീയ രാഷ്ട്ര സംസ്ഥാപന യത്‌നം ആസൂത്രിതമായി ആരംഭിക്കുന്നത്. അതില്‍ ഫലസ്ത്വീനില്‍ തന്നെ വേണം അത് സ്ഥാപിക്കാന്‍ എന്ന ആഗ്രഹം അദ്ദേഹം പങ്ക് വെക്കുന്നുണ്ടെങ്കിലും സാധ്യമായില്ലെങ്കില്‍ അര്‍ജന്റീന കൂടി പരിഗണിക്കാമെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇസ്രായേലും അനുകൂലികളും ലോകത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന ഒരു വസ്തുത കൂടി ഇവിടെ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അതായത്, അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഹോളോകോസ്റ്റിലൂടെ ജര്‍മനിയില്‍നിന്ന് ലക്ഷക്കണക്കിന് യഹൂദരെ കൊന്നൊടുക്കുകയും പുറംതള്ളുകയും ചെയ്തതു കൊണ്ടാണ് ഫലസ്ത്വീനില്‍ ജൂതന്മാര്‍ക്കൊരു അഭയകേന്ദ്രം അമേരിക്കയും യൂറോപ്യന്‍ ശക്തികളും ചേര്‍ന്നു സ്ഥാപിച്ചു കൊടുക്കേണ്ടിവന്നത് എന്നതാണത്. മറിച്ച്, ജൂതന്മാര്‍ക്ക് ഒരു വംശീയ രാഷ്ട്രം വേണമെന്നും അത് ഫലസ്ത്വീനില്‍ തന്നെ ആയിരിക്കണമെന്നുമുള്ള നിര്‍ബന്ധം 1940-ന് എത്രയോ മുമ്പേ ഹെർസൽ വെളിപ്പെടുത്തിയിരുന്നു. ഫലസ്ത്വീനില്‍ അത് സാധിക്കുമെന്ന ഉറച്ച പ്രതീക്ഷ ഇല്ലാത്തതുകൊണ്ടാണ് അര്‍ജന്റീന രണ്ടാം സാധ്യതയായി കണ്ടത്. നൂറ്റാണ്ടുകളായി ഫലസ്ത്വീനില്‍ താമസിച്ചുവന്ന മുസ് ലിംകളും ക്രൈസ്തവരുമായ അറബികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കി 1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിച്ചത് സാമ്രാജ്യ ശക്തികളുടെ പരസ്യവും രഹസ്യവുമായ കരുനീക്കങ്ങളിലൂടെ ഐക്യരാഷ്ട്ര സഭയെ സ്വാധീനിച്ചുകൊണ്ടാണെന്ന് വ്യക്തം. എന്നിട്ടിപ്പോള്‍ ഫലസ്ത്വീന്റെ ഭാഗം പോലും അല്ലാതിരുന്ന, ഒരു കാലത്തും യഹൂദര്‍ അവകാശവാദം ഉന്നയിക്കാതിരുന്ന ഗസ്സ മുനമ്പില്‍ ജൂത വംശീയ രാഷ്ട്രത്തിന്റെ സുരക്ഷക്ക് എന്ന വ്യാജേന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സിവിലിയന്‍ ജനക്കൂട്ടത്തെ ആകാശത്തുനിന്ന് തീവര്‍ഷിച്ച് നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുകയാണ്. ഈ കൊടും ക്രൂരതക്ക് കൂട്ടുനില്‍ക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കാനഡയും ജര്‍മനിയും അടക്കമുള്ള മഹാ ശക്തികള്‍. കോര്‍പ്പറേറ്റ് ഭീമന്മാരുടെ കക്ഷത്തിലൊതുങ്ങിയ മാധ്യമ ശൃംഖലകള്‍ സമാനതകളില്ലാത്ത ഈ അനീതിയെ ന്യായീകരിക്കാന്‍ നട്ടാല്‍ മുളക്കാത്ത കള്ളങ്ങള്‍ ദിനേന പടച്ചുവിടുകയും ചെയ്യുന്നു. 'ഹമാസ് ഭീകരര്‍' കുഞ്ഞുങ്ങളെ ഞെക്കിക്കൊല്ലുന്ന വ്യാജ ചിത്രം ജോ ബൈഡന്റെ പോലും കണ്ണുകളില്‍ വെള്ളം നിറച്ചുവല്ലോ!
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തെക്കുറിച്ചാണ് ഇസ്രായേല്‍ അനുകൂലികളും നിഷ്പക്ഷത അഭിനയിക്കുന്നവരും മാധ്യമങ്ങളുമെല്ലാം ഞെട്ടുന്നത്, ഭീകര കൃത്യമെന്ന് കുറ്റപ്പെടുത്തുന്നത്. തെല്‍ അവീവില്‍ ഓടിയെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഭീകരാക്രമണത്തിന് ഇരയായ ഇസ്രായേലിനെ സമാശ്വസിപ്പിക്കുക മാത്രമല്ല, സൈനികവും സാമ്പത്തികവുമായ സര്‍വ സഹായങ്ങളും എത്തിക്കുകയും ചെയ്തു. സിവിലിയന്മാരും സ്ത്രീകളും കുഞ്ഞുങ്ങളും ആക്രമിക്കപ്പെടുന്നത് തീര്‍ച്ചയായും ഭീകര കൃത്യമാണ്, അപലപിക്കപ്പെടേണ്ടതുമുണ്ട്. പക്ഷേ, യഹൂദരുടെ സ്ത്രീകളും കുഞ്ഞുങ്ങളും മാത്രമാണോ സുരക്ഷക്ക് അര്‍ഹര്‍? അറബ് മുസ് ലിം രാജ്യങ്ങളടക്കം ഫലസ്ത്വീന്‍ പ്രശ്‌നത്തെ തന്നെ എഴുതിത്തള്ളുകയും, അങ്ങനെയൊരു ജനത നാടും വീടും വിലാസവും നഷ്ടപ്പെട്ട് പല നാടുകളില്‍ അഭയാര്‍ഥികളായി വേട്ടയാടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍, ചുരുങ്ങിയ പക്ഷം ഐക്യരാഷ്ട്ര സഭയുടെയും ലോകത്തിന്റെയും ശ്രദ്ധ ഇങ്ങനെയൊരു മാനുഷിക പ്രശ്‌നം തന്നെ അഗണ്യകോടിയില്‍ തള്ളിയിരിക്കുകയായിരുന്നു. അന്നേരം രണ്ടും കല്‍പിച്ച് ഒന്നുകില്‍ ജീവിതം, അല്ലെങ്കില്‍ മരണം എന്ന് അസന്ദിഗ്ധമായി തീരുമാനിച്ചു ലഭ്യമായ പിച്ചാത്തിയും മടവാളും ഉപയോഗിച്ച് ഹമാസ് നടത്തിയ ഓപറേഷന്റെ ബാക്കിപത്രമാണ് ഈ 'ഭീകരകൃത്യം' എന്ന സത്യം വിസ്മരിച്ചുകൊണ്ടാണ് മുഴുവന്‍ അപലപനങ്ങളും തുടരുന്നത്. 1948-ല്‍ ലബനാനിലെ ദൈർ യാസീന്‍ അഭയാര്‍ഥി ക്യാമ്പിലും 1982 സെപ്റ്റംബറില്‍ സബ്‌റാ-ശാത്തീലാ ക്യാമ്പിലും ഇസ്രായേലിന്റെ ഭീകരപ്പട സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്ത്വീനികളായ ആയിരങ്ങളെ നിഷ്‌കരുണം അംഗഭംഗം വരുത്തിയും ബലാത്സംഗം ചെയ്തും കൂട്ടക്കശാപ്പ് നടത്തിയ ഘോര സംഭവങ്ങളുണ്ടായപ്പോള്‍ ഇപ്പോള്‍ ഹമാസിന്റെ 'ഭീകരകൃത്യത്തിൽ' ഞെട്ടിവിറക്കുന്നവരാരും നാവനക്കിയിരുന്നില്ലെന്ന നഗ്നസത്യം ഓര്‍മിപ്പിക്കാതെ വയ്യ. പച്ചവെള്ളവും ഭക്ഷണവും ലഭിക്കാതെ പിടഞ്ഞുമരിക്കുന്ന മനുഷ്യര്‍, തങ്ങള്‍ക്കു മുമ്പെ മരിച്ചുവീണ മനുഷ്യരുടെ മാംസം കഴിച്ചു ജീവന്‍ നിലനിര്‍ത്താമോ എന്ന് പണ്ഡിതന്മാരുടെ മതവിധി തേടിയ മഹാദുരന്ത കഥകളാണവ. ഈ കൂട്ടക്കൊലകളില്‍ ആഹ്ലാദം പ്രകടിപ്പിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി മെനാച്ചം ബെഗിനാണ് 1978-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സ്വീഡിഷ് അക്കാദമി സമ്മാനിച്ചിരുന്നത് എന്നോര്‍ക്കുന്നതും ഉചിതമാവും. തീവ്രവാദത്തിനും ഭീകരതക്കും മതമില്ല, വര്‍ണമോ വംശമോ ഇല്ല. അത് ആർ ആരുടെ നേരെ പ്രയോഗിച്ചാലും അപലപിക്കുന്നതും തടയാന്‍ ശ്രമിക്കുന്നതുമാണ് മനുഷ്യത്വം.
ലോകാന്ത്യത്തില്‍ തങ്ങളുടെ രക്ഷകനായി ഒരു മിശിഹായെ പ്രതീക്ഷിക്കുന്നുണ്ട് യഹൂദികള്‍. അയാള്‍ ക്രൈസ്തവരുടെ വിശ്വാസത്തില്‍ അന്തി ക്രിസ്തുവാണ്. മുസ് ലിംകളുടെ വിശ്വാസ പ്രകാരം ആ കൊടുംഭീകരന്‍ ദജ്ജാലാണ്. ദജ്ജാല്‍ ഒറ്റക്കണ്ണനായിരിക്കുമെന്നാണ് പ്രവചനങ്ങളില്‍. ഇവിടെ പക്ഷേ, ഇപ്പോള്‍ തന്നെ ഇസ്രായേലിന് പ്രതിരോധം തീര്‍ക്കാന്‍ മത്സരിക്കുന്ന വന്‍ശക്തികളെല്ലാം ഒറ്റക്കണ്ണന്‍ ദജ്ജാലുകളാണ്. ഒരു പക്ഷം മാത്രമേ അവര്‍ക്ക് കാണാന്‍ കഴിയുന്നുള്ളൂ. l
Comments