Prabodhanm Weekly

Pages

Search

2023 നവംബർ 03

3325

1445 റബീഉൽ ആഖിർ 19

ബഹുസ്വര ലോകത്ത് ഇസ് ലാമിന്റെ പ്രതിനിധാനം

ജമാൽ കടന്നപ്പള്ളി

ഇസ് ലാമിന്റെ പ്രത്യയശാസ്ത്ര ശേഷിയിൽ  ഉറച്ചു നിന്നുകൊണ്ട് ഇസ് ലാമിക പ്രസ്ഥാനങ്ങൾ എങ്ങനെ സ്ട്രാറ്റജി രൂപപ്പെടുത്തണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ്  ഇസ് ലാമിക പ്രസ്ഥാനങ്ങൾ വർത്തമാനം, ഭാവി എന്ന ഡോ. അബ്ദുസ്സലാം അഹ്്മദിന്റെ ഗ്രന്ഥം (പ്രസാധനം: കൂര ബുക്സ് ). ആഗോള ഇസ് ലാമിക പ്രസ്ഥാന നേതൃത്വങ്ങളുമായി അടുത്ത ബന്ധം പുലർത്താനും അവയുടെ ചലനങ്ങൾ  വീക്ഷിക്കാനും സമയം കണ്ടെത്തുന്ന, അന്താരാഷ്ട്ര മുസ് ലിം പണ്ഡിത വേദി എക്സിക്യൂട്ടീവ് അംഗം കൂടിയായ ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങൾ വ്യതിരിക്തവും ശ്രദ്ധയാകർഷിക്കുന്നതുമാണ്.
അതേയവസരം, തന്റെ ചിന്തകൾ വിധി തീർപ്പാണെന്ന് രചയിതാവ് അവകാശപ്പെടുന്നില്ല. ലോക ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ അനുഭവങ്ങൾ നമുക്കും ഒരുപാട് പാഠങ്ങളും വീണ്ടുവിചാരങ്ങളും നൽകുന്നുണ്ടെന്നും വിശദാംശങ്ങളിൽ ഇനിയും ചർച്ച ആകാമെന്നുമാണ് ഗ്രന്ഥകർത്താവ് മുന്നോട്ടുവെക്കുന്ന ആശയം (പേജ് 24, 25). ഇസ് ലാമിക പ്രസ്ഥാനത്തെ വിശാലമായ അർഥത്തിലാണ് ഗ്രന്ഥകർത്താവ് കാണുന്നത് (പേജ് 21). താൻ അഭിസംബോധന ചെയ്യുന്നത് പ്രസ്ഥാനത്തെ മാത്രമല്ല, സമുദായത്തിലെ മുഴുവൻ സംഘടനകളെക്കൂടിയാണെന്നും അദ്ദേഹം പറയുന്നുണ്ട്. ഒ. അബ്ദുർറഹ്്മാന്റെ അവതാരികയും വി.എ കബീറിന്റെ അനുബന്ധവും ഗ്രന്ഥത്തെ കൂടുതൽ ആലോചനാമൃതമാക്കുന്നു.

ലോകം ഇന്ന് കൃത്യമായ ആദർശ ശൂന്യതയിലാണ്. മനുഷ്യ നിർമിത ദർശനങ്ങളും മൃത മതങ്ങളും പ്രതീക്ഷ നൽകുന്നില്ല. ആ ശൂന്യത നികത്താൻ കെൽപ്പുറ്റ പ്രത്യയശാസ്ത്രം എന്ന നിലയിൽ ഇസ് ലാമിനെ പ്രതിനിധാനം ചെയ്യേണ്ട ഭാരിച്ച ദൗത്യം ഇസ് ലാമിക പ്രസ്ഥാനങ്ങളുടെതാണ്. എന്നാൽ, അവ്വിധം കാലത്തിന്റെ നാഡീ സ്പന്ദനങ്ങൾ അളക്കുന്ന ഒരു സ്ട്രാറ്റജി  അവയ്ക്കുണ്ടോ?
ഈ ചോദ്യമാണ് തന്നെ ഇത്തരമൊരു  ഗ്രന്ഥ നിർമിതിക്ക്   പ്രേരിപ്പിച്ചതെന്ന് രചയിതാവ് ആമുഖത്തിൽ (എന്തുകൊണ്ട് ഈ കൃതി?) വ്യക്തമാക്കുന്നു.

'ഇസ് ലാമിക പ്രസ്ഥാനങ്ങൾ സ്വയം വിമർശിക്കുമ്പോൾ' എന്ന പ്രഥമാധ്യായം പ്രസ്ഥാനത്തിന്റെ സാധുതയും സാധ്യതയും  പരിശോധിക്കുന്നു. ഇസ് ലാമിക പ്രസ്ഥാനം എന്നത് വെറുതെ പറഞ്ഞുപോകാവുന്ന കേവല നാമമല്ല. അതൊരു വികാരവും പ്രതീക്ഷയുമാണ്. ലോകത്തെ മാറ്റിപ്പണിയാൻ പുറപ്പെട്ട ധാർമികപ്പടയാണ്. അതുകൊണ്ടു തന്നെ അവർ   ആത്മവിചാരണ നടത്തേണ്ടവരാണ്.  സ്വന്തത്തെ അളക്കുന്നതു പോലെ  സ്വന്തം പ്രസ്ഥാനത്തെയും നാഡി പിടിച്ച് പരിശോധിക്കാൻ ധീരത കാട്ടണം.

'ലാഇലാഹ ഇല്ലല്ലാഹ്' എന്ന തൗഹീദീ വചനവുമായാണ് ലക്ഷത്തിലധികം പ്രവാചകന്മാർ ആഗതരായത്. എന്നാൽ, തൗഹീദീ സംസ്ഥാപനത്തിന് ഇതേ പ്രവാചകന്മാർ അനുവർത്തിച്ചത് വ്യത്യസ്ത രീതികളായിരുന്നു. കാരണം, ഓരോ പ്രവാചകന്റെയും കാലഘട്ടം വിഭിന്നമായിരുന്നു. പ്രവാചകന്മാർക്കു ശേഷമുണ്ടായ പരിഷ്കർത്താക്കളുടെയും (മുജദ്ദിദ് ) അവസ്ഥ മറ്റൊന്നായിരുന്നില്ല.
ഇമാം ഹസനുൽ ബന്നായുടെയും സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെയും കാര്യവും തഥൈവ. അവർ കടന്നുപോയ കാലഘട്ടത്തിൽനിന്ന് ഏറെ മാറിയതാണ് പുതു ലോകം. ഈ ആശയമാണ് പുസ്തകത്തിന്റെ രണ്ടാം അധ്യായത്തിൽ (തജ്ദീദി പ്രസ്ഥാനത്തിലെ തജ്ദീദ്) രചയിതാവ് പറഞ്ഞുവെക്കുന്നത്.

'ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ സ്ട്രാറ്റജി' എന്ന മൂന്നാം അധ്യായം, ഇരുപത്തിമൂന്ന് വർഷത്തിനകം മഹത്തായ ഇസ് ലാമിക വിപ്ലവം പൂർത്തിയാക്കുകയും മദീനാ രാഷ്ട്രം നിർമിച്ചെടുക്കുകയും ചെയ്ത അന്ത്യദൂതൻ മുഹമ്മദ് നബി (സ) വിവിധ ഘട്ടങ്ങളിൽ കൈക്കൊണ്ട വ്യത്യസ്ത നയങ്ങൾ വിശദീകരിക്കുന്നു. രഹസ്യ പ്രബോധനം മുതൽ ഫത്ഹു മക്ക വരെ ഇതിൽ ഇതൾ വിരിയുന്നു. പ്രസ്ഥാനത്തിന്റെ ദാർശനികാടിത്തറക്ക് വമ്പിച്ച പ്രാധാന്യം നൽകുന്നതോടൊപ്പം, എപ്പോഴും പോയകാല ചിന്തകരുടെ വീക്ഷണങ്ങൾ മാത്രം മതിയാവില്ലെന്നും ആശയങ്ങളെ 'റീഡിസൈൻ' ചെയ്യേണ്ടിവരുമെന്നും ഗ്രന്ഥകാരൻ  ഈ അധ്യായത്തിൽ പറയുന്നു ( പേജ് 93).

'മനുഷ്യ വിഭവശേഷിയുടെ വികസനം' എന്ന അധ്യായത്തിൽ പ്രവാചകന്റെ തർബിയത്ത് മുതൽ വിഭവശേഷി വിതരണം വരെ തലനീട്ടുന്നു. അഞ്ചാം അധ്യായം (തിരുത്തപ്പെടേണ്ട ധാരണകൾ)  ഇസ് ലാമിക പ്രസ്ഥാനത്തെ തുറസ്സിലേക്ക് തുറന്നിടുന്ന  വാതായനങ്ങളാണ്.

ആറാം അധ്യായം, (വിഷനറി ലീഡർഷിപ്പ്) ശക്തരും ധൈഷണികമായി ഉയർന്നവരുമായ നേതാക്കളെ വാർത്തെടുക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്നു.

ഇസ് ലാമും ജാഹിലിയ്യത്തും എന്ന 'ബ്ലാക്ക് & വൈറ്റ്' ദ്വന്ദ്വത്തിൽനിന്ന് ലോകം ഒരുപാട് മാറിയിരിക്കുന്നു. പകരം സംവാദത്തിന്റെയും സമവായത്തിന്റെയും 'മഴവിൽ ലോക'മാണ് ഇന്നുള്ളത്.  മാത്രമല്ല,  ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം ശക്തിപ്പെട്ടുവരുന്നു.  ഉമ്മത്തിന്റെ നില അങ്ങേയറ്റം പരുങ്ങലിലാണ്.  ദഅ്വത്ത് മുഖ്യം തന്നെ.  എന്നാൽ, രാഷ്ട്രീയവും ഭരണപങ്കാളിത്തവും അപ്രധാനമല്ല. ഇന്ത്യനവസ്ഥകളെ ഇവ്വിധമാണ് ഗ്രന്ഥകർത്താവ് വായിച്ചെടുക്കുന്നത്:

സയ്യിദ് മൗദൂദി മാറ്റങ്ങളെ ഉൾക്കൊള്ളുന്ന 'ഫ്ളക്സിബ്ൾ' ആണെങ്കിലും മൗദൂദിയൻ തോട്ട് കാലഘട്ടത്തിനൊത്ത് പുനർ വായിക്കാൻ ആരോഗ്യകരമായ തുടർച്ച ഇല്ലാതെ പോയി (പേജ് 64-69,75, 112-114) എന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോകത്തെ ഏതാണ്ട് എല്ലാ ഇസ് ലാമിക പ്രസ്ഥാനങ്ങളെയും ഈ ഗ്രന്ഥം വിശകലന വിധേയമാക്കുന്നു: സ്ട്രാറ്റജി നിർണയത്തിൽ  വിജയിച്ചത് രണ്ട് പാർട്ടികളാണ്. ഫലസ്ത്വീനിലെ ഹമാസും തുർക്കിയയിലെ ജസ്റ്റിസ് & ഡെവലപ്മെന്റ് പാർട്ടിയും (പേജ് 125, 133). ഹമാസിന് തെറ്റുപറ്റിയിരുന്നു. പക്ഷേ, അത് തിരുത്താൻ അവർ ആർജവം കാട്ടിയെന്ന് ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകർത്താവ് പറയുന്നു (പേജ്: 54).

അൾട്രാ സെക്യുലരിസ്റ്റ് വ്യവസ്ഥിതി നിലനിന്ന തുർക്കിയയെ അതേ സെക്യുലർ / ഡെമോക്രസി ഉപകരണങ്ങൾ (ടൂൾ) ഉപയോഗിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന് അതിജയിക്കാനായി. എന്നാൽ, ആഴത്തിൽ വേരുള്ള മുസ് ലിം പൈതൃകം ഉൾപ്പെടെ നിരവധി സവിശേഷതകൾ നിറഞ്ഞ 'തുർക്കിയ മാതൃക' ഒട്ടനവധി രാഷ്ട്രങ്ങൾക്ക് ഓപ്ഷനാണെങ്കിലും തുർക്കിയയെ അപ്പാടെ പകർത്താൻ പറ്റുന്ന സാഹചര്യമല്ല മിക്ക ഇസ് ലാമിക പ്രസ്ഥാനങ്ങൾക്കുമുള്ളത്  ( പേജ് 77,107,108).

തുനീഷ്യയിലെ അന്നഹ്ദ ഇസ് ലാമിക പ്രബോധനത്തെയും (ദഅ്വത്ത്) രാഷ്ട്രീയത്തെയും (സിയാസത്ത് ) പൂർണമായും വേർപ്പെടുത്തി. മാത്രമല്ല, 'പൊളിറ്റിക് ഇസ് ലാമി'നു പകരം 'ഡെമോക്രാറ്റിക് ഇസ് ലാമി'നെയാണ് അന്നഹ്ദ തെരഞ്ഞെടുത്തത്. മൊറോക്കോയാണ് ആദ്യം ഈ വഴി  ആരംഭിച്ചത്. പിന്നീട് ഒട്ടേറെ പ്രസ്ഥാനങ്ങൾ അത് അനുകരിച്ചു (പേജ് 51,54,109). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 28-30
ടി.കെ ഉബൈദ്

ഹദീസ്‌

പ്രതിസന്ധികളില്‍ ഐക്യദാര്‍ഢ്യം
അബ്ദുല്ലത്വീഫ് കൊടുവള്ളി