Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 21

3299

1444 റമദാൻ 30

ഇസ്തിഗ്ഫാറിന്റെ മഹത്വം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عنِ ابْنِ عَبَّاسٍ رضِي اللَّه عنْهُما قَال: قالَ رَسُولُ اللَّهِ ﷺ: منْ لَزِم الاسْتِغْفَار، جَعَلَ اللَّه لَهُ مِنْ كُلِّ ضِيقٍ مخْرجًا، ومنْ كُلِّ هَمٍّ فَرجًا، وَرَزَقَهُ مِنْ حيْثُ لاَ يَحْتَسِبُ  (أبو داود)

ഇബ്്നു അബ്ബാസി(റ)ൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ആരെങ്കിലും പാപമോചന പ്രാർഥന പതിവാക്കിയാൽ അവന്  അല്ലാഹു എല്ലാ ഞെരുക്കങ്ങളിൽനിന്നും രക്ഷാമാർഗം നൽകും. എല്ലാ ദുഃഖങ്ങളിൽനിന്നും ആശ്വാസം നൽകും. അവൻ വിചാരിക്കാത്ത വിധം 
ഉപജീവനം നൽകും" (അബൂ ദാവൂദ്).

 

പാപമോചന പ്രാർഥന നടത്തുന്നവർക്കുള്ള ഭൗതിക ഫലങ്ങളാണ് ഈ ഹദീസിൽ വിവരിക്കുന്നത്.
അവരുടെ എല്ലാ പ്രയാസങ്ങളും ദുരിതങ്ങളും ദൂരീകരിക്കും. മാനസികമായി അവർ അനുഭവിക്കുന്ന എല്ലാ ദുഃഖങ്ങളിൽനിന്നും വേദനകളിൽനിന്നും മോചനം നൽകും. അവർ വിചാരിക്കാത്ത വഴികളിലൂടെ ഭൗതിക ജീവിതത്തിന് ആവശ്യമായ എല്ലാ വിഭവങ്ങളും ധാരാളം നൽകും- ഇവയാണ് പ്രവാചകൻ (സ) നൽകുന്ന വാഗ്ദാനങ്ങൾ.
  ഇസ്്ലാം എത്രത്തോളമാണ് ഇസ്തിഗ്ഫാറിന് നൽകുന്ന പ്രാധാന്യം എന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. ഇസ്തിഗ്ഫാറിന്റെ ആത്മീയവും ഭൗതികവുമായ ഫലങ്ങൾ വിശുദ്ധ ഖുർആനിലും വിവരിച്ചിട്ടുണ്ട്. സ്വർഗീയാരാമം സമ്മാനമായി നൽകുമെന്നതാണ് അതിൽ പ്രധാനം:
"വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അക്രമം കാണിക്കുകയോ ചെയ്താല്‍ അപ്പോള്‍തന്നെ അല്ലാഹുവെ ഓര്‍ക്കുന്നവരാണവര്‍; തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പിരക്കുന്നവരും.
പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള്‍ ചെയ്തുപോയ തെറ്റുകളില്‍ ബോധപൂര്‍വം ഉറച്ചുനില്‍ക്കുകയില്ല. അവര്‍ക്കുള്ള പ്രതിഫലം, തങ്ങളുടെ നാഥനില്‍നിന്നുള്ള പാപമോചനവും  താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളുമാണ്. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലം എത്ര മഹത്തരം!" (3: 135,136).
പാപങ്ങൾ പൊറുക്കുമെന്ന് മാത്രമല്ല അവരുടെ തെറ്റുകളെല്ലാം നന്മകളാക്കി പരിവർത്തിപ്പിക്കും എന്ന മഹോന്നത വാഗ്ദാനമാണ് അല്ലാഹു നൽകുന്നത്:
"പശ്ചാത്തപിക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാരുടെ തിന്മകള്‍ അല്ലാഹു നന്മകളാക്കി മാറ്റും. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്" ( 25: 70).
ഭൗതിക നേട്ടങ്ങൾ ഇസ്തിഗ്ഫാറിലൂടെ നേടാമെന്ന് വിശുദ്ധ ഖുർആൻ നൂഹ് നബി (അ)യുടെ വാക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്:
"ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും" (71: 10-12).
ഹദീസിലെ  منْ لَزِم الاسْتِغْفَار  (ആരെങ്കിലും പാപമോചന പ്രാർഥന പതിവാക്കിയാൽ) എന്ന വചനത്തിൽനിന്ന് ഇസ്തിഗ്ഫാറിനെ ജീവിതത്തിലുടനീളം പതിവാക്കണം എന്ന സൂചനയുണ്ട്.
ഹസനുൽ ബസ്വരി (റ) പറയുന്നു: "ഇസ്തിഗ്ഫാർ നിങ്ങൾ അധികരിപ്പിക്കുക. വീടുകളിലും ഭക്ഷണ ഹാളുകളിലും വഴികളിലും ചന്തകളിലും സഭകളിലും; നിങ്ങൾ എവിടെയായിരുന്നാലും. അല്ലാഹുവിന്റെ പാപമോചനം എപ്പോഴാണ് വന്നെത്തുക എന്ന് നിങ്ങൾക്കറിയില്ല" (ബൈഹഖി).
ഇസ്തിഗ്ഫാറിന്റെ  പദങ്ങളും ഹദീസുകളിൽ കാണാം. أستغفر الله (അല്ലാഹുവിനോട് ഞാൻ മാപ്പിരക്കുന്നു) എന്നതാണതിന്റെ ഏറ്റവും ചെറിയ രൂപം. മറ്റൊന്ന് ഇപ്രകാരമാണ്:
اللّٰهُمَّ إنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيرًا ، وَلَا يَغْفِرُ الذُّنُوبَ إلاّٰ أَنْتَ ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ ، وَارْحَمْنِي ، إنَّكَ أنْتَ الغَفُورُ الرَّحِيمُ
(അല്ലാഹുവേ, ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം കാണിച്ചിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല. അതിനാൽ, നിന്നിൽനിന്നുള്ള പാപമോചനം മുഖേന എനിക്ക് പൊറുത്ത് തരേണമേ. എന്നോട് കരുണ കാണിക്കേണമേ. നീ അത്യധികം മാപ്പ് നൽകുന്നവനും കരുണാവാരിധിയുമാണല്ലോ).
മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം: സൈദ് (റ) പറയുന്നു: "അല്ലാഹുവിന്റെ റസൂൽ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു:
أَسْتَغْفِرُ اللهَ الَّذِى لاَ إلٰهَ إلاَّ هُوَ الحَيُّ القَيُّومُ وَأَتُوبُ إلَيْهِ
(അല്ലാഹുവിനോട് ഞാൻ മാപ്പിരക്കുന്നു. അവനല്ലാതെ ഇലാഹില്ല. അവൻ നിത്യജീവത്തായവനും ലോക പരിപാലകനുമാണ്. അവനിലേക്ക് ഞാൻ മടങ്ങുന്നു).
''ആരെങ്കിലും ഇപ്രകാരം ചൊല്ലിയാൽ അവന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കപ്പെടും. അവൻ യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടിയവനാണെങ്കിൽ പോലും" (അബൂദാവൂദ്).
'ഇസ്തിഗ്ഫാറിന്റെ നേതാവ് ' ( سَيّدُ الاسْتِغْفَارِ‏) എന്ന പേരിൽ ഒരു പ്രാർഥന ഹദീസുകളിൽ കാണാം. അത് ഇപ്രകാരമാണ്:
اللّهُمّ أَنْتَ رَبّي لاَ إِله إلاّ أَنْتَ خَلَقْتَنِي وَأنَا عَبْدُكَ وَأنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِن شَرّ ما صَنَعْتُ وأَبُوءُ لَكَ بِنِعْمَتِكَ عَلَيّ وأعتَرِفُ بِذُنُوبِي فاغْفِرْ لِي ذُنُوبي إنّهُ لا يَغْفِرُ الذّنُوبَ إلاّ أنْتَ‏
(അല്ലാഹുവേ, നീയാണെന്റെ റബ്ബ്. നീയല്ലാതെ ഇലാഹില്ല. നീയെന്നെ പടച്ചു. ഞാൻ നിന്റെ ദാസനാണ്. കഴിയുന്നത്ര നിന്റെ കരാറുകൾ  ഞാൻ പാലിക്കാം. നിന്റെ വാഗ്ദാനങ്ങളിൽഞാൻ ദൃഢവിശ്വാസിയാണ്. ഞാൻ ചെയ്ത തിന്മകൾക്ക് നിന്നോട് ഞാൻ കാവൽ തേടുന്നു. നിന്റെ അനുഗ്രഹങ്ങളെ ഞാൻ സമ്മതിക്കുന്നു. എന്റെ തെറ്റുകൾ ഞാൻ സമ്മതിക്കുന്നു. എന്റെ തെറ്റുകൾ നീ എനിക്ക് പൊറുത്ത് തരേണമേ. തെറ്റുകൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമല്ല). l

Comments