ആദം ചൊവ്വ
അധ്യാപകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങിയ കർമ പഥങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രാസ്ഥാനിക പ്രവർത്തകനായിരുന്നു എസ്. ആദം മാസ്റ്റർ എന്ന ആദം ചൊവ്വ. 2022 ഡിസംബർ 26-ന് അദ്ദേഹം സർവശക്തന്റെ വിളിക്കുത്തരം നൽകി മടങ്ങുമ്പോഴും അടിയുറച്ച നിലപാടുതറകളിൽ അചഞ്ചലനായ പോരാളിയായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിൽ എണ്ണമറ്റ ശിഷ്യഗണങ്ങൾക്കുടമയായ ആദം മാസ്റ്റർ പിന്നാക്കം നിന്ന ഒരു പ്രദേശത്തിന്റെ സാമൂഹിക പരിഷ്കർത്താക്കളിൽ മുന്നിലായിരുന്നു. 1940-ൽ കണ്ണൂർ ചൊവ്വയിലെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിൽ പഠിക്കവെ വിദ്യാർഥി രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ആദം മാസ്റ്റർ ജില്ലയിൽ എം.എസ്.എഫിന്റെ ആദ്യ കാല നേതാക്കളിൽ ഒരാളായിരുന്നു. മുസ്്ലിം ലീഗ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ സതീർഥ്യനായിരുന്നു. സി.കെ.പി ചെറിയ മമ്മു കേയി, സി.എച്ച് മുഹമ്മദ് കോയ, സീതി സാഹിബ് തുടങ്ങിയ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്ന് ഡിഗ്രിയും ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബി.എഡും നേടി. ചൊവ്വ പ്രദേശത്തു നിന്ന് ആദ്യമായി ഡിഗ്രിയും ബി.എഡും കരസ്ഥമാക്കുന്ന മുസ്‍ലിം വിദ്യാർഥി എന്ന ഖ്യാതിയുമായാണ് അധ്യാപക വൃത്തിയിലേക്ക് കടന്നത്. കാടാച്ചിറ ഹൈസ്കൂളിലായിരുന്നു തുടക്കം. ജോലിക്കിടയിൽ മൈസൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കന്നഡ ഭാഷയിൽ ഡിപ്ലോമയുമെടുത്തു.
മത വിഷയങ്ങളിൽ അതീവ തൽപരനായിരുന്ന മാഷ് അധ്യാപക ജീവിതം തുടങ്ങിയ കാലത്താണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനാവുന്നത്. സമുദായത്തിന്റെ ഉന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രസക്തി എത്രമാത്രമാണെന്ന് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിൽ അക്ഷീണം യത്നിക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. എഴുത്തും വായനയും പഠനവുമായിരുന്നു മാഷിന്റെ ലോകം. സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാനും ശരികേടുകൾക്കെതിരെ പ്രതികരിക്കാനും ഒട്ടും മടി കാണിച്ചില്ല. ഒരു പക്ഷേ, ഈ പ്രകൃതം അർഹമായ പലതും അദ്ദേഹത്തിന് നഷ്ടമാവാനും കാരണമായിട്ടുണ്ട്. തീർത്തും പ്രതികൂലമായ ചുറ്റുപാടിലും അദ്ദേഹം പ്രസ്ഥാനത്തിനൊപ്പം നിന്നു. പലപ്പോഴും പലരും പറയാനും എഴുതാനും മടിച്ച വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങളത്രയും.
മലയാളത്തിൽ മാതൃഭൂമി, പ്രബോധനം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും പത്രങ്ങളിലുമായി നാനൂറോളം ലേഖനങ്ങൾ എഴുതിയ മാസ്റ്റർ അഞ്ച് പുസ്തകങ്ങളുടെ രചയിതാവുമാണ്. വിവാഹം ഒരു പഠനം, മാതൃഭൂമി പ്രസിദ്ധീകരിച്ച ദാമ്പത്യം, കുടുംബം, ലൈംഗികത, ഡി.സി പ്രസിദ്ധീകരിച്ച വിദ്യാർഥികൾ, അവരുടെ പ്രശ്നങ്ങൾ, സെക്സ് ഒരു പഠനം, ശരീഅത്ത്: വിവാദങ്ങളും യാഥാർഥ്യവും എന്നിവയാണ് പുസ്തകങ്ങൾ. ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതം പരിപാടിയും അവതരിപ്പിച്ചിരുന്നു.
കണ്ണൂർ ഗവ. സിറ്റി. ഹൈസ്ക്കൂൾ, ഗവ. ചാല ഹൈസ്കൂൾ, എ.കെ.ജി എം.ജി.എച്ച്.എസ്.എസ് പെരളശ്ശേരി, കാസർകോട്ടെ അംഗടിമുഗർ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന മാസ്റ്റർ 1995-ൽ ഇരിക്കൂർ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലായാണ് വിരമിച്ചത്.
ഔദ്യോഗിക കാലത്തിന് ശേഷം പെരിങ്ങാടി അൽ ഫലാഹ്, കണ്ണൂർ സിറ്റി നാലുവയൽ ഐ.സി.എം തുടങ്ങിയ സ്ഥാപനങ്ങളിലും പ്രധാനാധ്യാപകനായി പ്രവർത്തിച്ചു.
ചൊവ്വ ഹൽഖ നാസിം, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ഫ്രൈഡെ ക്ലബിന്റെ ജനറൽ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: ശരീഫ. മക്കൾ: സാജിദ, ഖലീൽ, ആശിഖ് (അധ്യാപകൻ, സി.എച്ച്.എം. എച്ച്. എസ് എളയാവൂർ), ശഫീഖ്. ജാമാതാക്കൾ: നൈനാ മുഹമ്മദ്, ഫാത്തിമ, ശമീന (അധ്യാപിക, കൗസർ ഇംഗ്ലീഷ് സ്ക്കൂൾ), യുസ്നിദ.
അബ്ദുല്ലത്തീഫ് പാലക്കാട്
പാലക്കാട് ഏരിയയിലെ സജീവ പ്രവർത്തകൻ അബ്ദുല്ലത്തീഫ് സാഹിബിന്റെ (38) വേർപാട് ആകസ്മികമായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരിക്കെയാണ് മരണം. മറ്റുള്ളവരുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന അദ്ദേഹം ആശുപത്രി കിടക്കയിലും പലരുടെയും കാര്യങ്ങളിൽ ഇടപെട്ടിരുന്നു. കിടപ്പിലാകും വരെ മറ്റുള്ളവർക്കു വേണ്ടി ഓടി നടന്ന് പ്രവർത്തിച്ചു. ബന്ധപ്പെടുന്ന എല്ലാവരോടും വളരെ സൗമ്യമായി പെരുമാറിയിരുന്ന അദ്ദേഹം പ്രസ്ഥാനത്തെയും പ്രവർത്തകരെയും അതിരറ്റ് സ്നേഹിച്ചു. അസുഖം കുറഞ്ഞാൽ പ്രവർത്തകരൊന്നിച്ച് യാത്ര ചെയ്യണമെന്ന ആഗ്രഹമാണ് മരിക്കുന്നതിന്റെ തലേന്നും ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ പങ്കുവെച്ചത്.
സമാനതകളില്ലാത്ത കടുത്ത പരീക്ഷണമാണ് അദ്ദേഹം നേരിട്ടത്. സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ്. സ്വന്തമായി വീടില്ലാത്ത അദ്ദേഹം രോഗാവസ്ഥയിലും ജോലി ചെയ്ത് ജീവിക്കാനാണ് താൽപര്യപ്പെട്ടിരുന്നത്. സ്വന്തം പ്രയാസങ്ങളും വിഷമതകളും അടുത്ത സഹപ്രവർത്തകരോടല്ലാതെ അധികമാരോടും പങ്കുവെച്ചിരുന്നില്ല.
പന്ത്രണ്ടും എട്ടും വയസ്സുള്ള രണ്ട് ചെറിയ കുട്ടികളാണ് അദ്ദേഹത്തിനുള്ളത്. പിതാവ് ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. ഉമ്മ കഴിഞ്ഞ വർഷമാണ് സ്ട്രോക് ബാധിച്ച് മരണപ്പെട്ടത്. അർബുദ ബാധിതയും വിധവയുമായ ഒരു പെങ്ങളും അവരുടെ ഒരു മകളും അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു. വിഷമ ഘട്ടങ്ങളിലെല്ലാം താങ്ങായി നിന്നത് അദ്ദേഹത്തിന്റെ ഭാര്യ റസീനയായിരുന്നു. അവസാന കാലത്ത് നിരന്തരം ആശുപത്രിയും വീടുമായി കഴിയേണ്ടി വന്നിട്ടും യാതൊരു പരിഭവവുമില്ലാതെ അവരെ പരിചരിക്കുകയും ക്ഷമാപൂർവം എല്ലാം സഹിക്കുകയും ചെയ്ത അവരുടെ ത്യാഗം മാതൃകാപരമാണ്.
പ്രതിസന്ധികളെ ഇസ്തിഖാമത്തോടുകൂടി അഭിമുഖീകരിക്കുകയും പരീക്ഷണങ്ങളെ സ്വബ്റോടെ നേരിടുകയും , പുഞ്ചിരിയോടെ നാഥനിലേക്ക് യാത്രയാവുകയും ചെയ്ത സൗഭാഗ്യവാനാണ് അദ്ദേഹം.
സുലൈമാൻ പാലക്കാട്
കുഞ്ഞി മൊയ്‌തീൻ ഉമരി (മാനു)
പാലക്കാട് ജില്ലയിലെ കൈപ്പുറം ജമാഅത്ത് ഘടകത്തിന്റെ ദീർഘ കാല സാരഥിയായിരുന്ന കുഞ്ഞിമൊയ്‌തീൻ സാഹിബ് മാർച്ച് 14-ന് അല്ലാഹുവിലേക്ക് യാത്രയായി. മൂന്ന് വർഷത്തോളമായി സ്ട്രോക് ബാധിച്ചു കിടപ്പിലാവുന്നത് വരെ പ്രസ്ഥാനത്തെ ഈ പ്രദേശത്ത് നട്ടുവളർത്തുന്നതിൽ സജീവമായിരുന്നു അദ്ദേഹം. മാധ്യമം, പ്രബോധനം, ആരാമം എന്നിവ വരിചേർക്കുന്നതിൽ മുന്നിൽ നിന്നു. ദീർഘകാലം വലപ്പാട്, ഇരിമ്പിളിയം പ്രദേശങ്ങളിൽ മദ്റസാ അധ്യാപകനായിരുന്നു. ആരുമായും പെട്ടെന്ന് സൗഹൃദത്തിലാവാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരുന്നു. വിനയാന്വിതനും ഉള്ളതിൽ തൃപ്തിപ്പെട്ട് ജീവിക്കുന്ന പ്രകൃതവുമായിരുന്നു. രോഗശയ്യയിൽ കിടക്കുമ്പോഴും പ്രസ്ഥാനത്തെയും പ്രസ്ഥാന പ്രവർത്തകരെയും കുറിച്ച് നിരന്തരം അന്വേഷിക്കുമായിരുന്നു. കൈപുറത്ത് പ്രസ്ഥാനത്തിനൊരു ആസ്ഥാനം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുള്ള പരിശ്രമങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് അല്ലാഹുവിലേക്ക് യാത്രയായത്. ഭാര്യ റുഖിയ്യ. മക്കൾ: ഷക്കീല, ഷാഹിദ, ഇഖ്ബാൽ. സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, സൈദാലിക്കുട്ടി, മുഹമ്മദ് കുട്ടി, അബ്ദുൽ അസീസ്.
മുഹമ്മദ് ജമാൽ കൈപ്പുറം
Comments