ആള്‍ക്കൂട്ടം തീരുമാനിക്കുന്ന ജനാധിപത്യം
ജനാധിപത്യത്തെ കുറിച്ച് രണ്ട് സമീപകാല പ്രസംഗങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യം എത്തിപ്പെട്ട ദുരവസ്ഥയെ വളരെ കൃത്യമായി വരച്ചു കാട്ടാനാവുന്നുണ്ട്. ഫാഷിസത്തിനും ജനാധിപത്യത്തിനുമിടയില്‍ മിച്ചഭൂമി വെട്ടിപ്പിടിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതില്‍ ആദ്യത്തെ പ്രസംഗം നടത്തിയത്. രണ്ടാമത്തേത് ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച സത്യങ്ങള്‍ വിളിച്ചുപറഞ്ഞതിന് പിന്നീട് ക്രൂശിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവ്. ഇക്കഴിഞ്ഞ ഡിസംബര്‍ 9,10 തീയതികളില്‍ ആഗോള തലത്തില്‍ നടന്ന 74 രാജ്യങ്ങളുടെ ജനാധിപത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ഏകാധിപത്യത്തിന് സൈദ്ധാന്തിക ഭാഷ്യം ചമയ്്ക്കുന്ന പ്രസംഗമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ഘാടനം ചെയ്ത ഈ വിര്‍ച്വല്‍ സമ്മേളനത്തിലേക്ക് ഏകാധിപതികളെന്ന് വിശേഷിപ്പിക്കപ്പെട്ട ചൈനയും തുര്‍ക്കിയയും ക്ഷണിക്കപ്പെട്ടിരുന്നില്ല. പക്ഷേ, മോദിക്ക് ഇടം ലഭിച്ചിരുന്നു. ജനാധിപത്യം ലോകത്തുടനീളം നേരിടുന്ന പ്രതിസന്ധികളെ കുറിച്ച ചര്‍ച്ച തനിക്ക് അഹിതകരമായ ഒരു വഴിയിലൂടെയും മുന്നോട്ടു പേകാതിരിക്കാന്‍ വളരെ കരുതലോടെയായിരുന്നു മോദിയുടെ പ്രസംഗം. 2500 വര്‍ഷം മുമ്പെ ഇന്ത്യയാണ് ജനാധിപത്യം കണ്ടുപിടിച്ചതെന്നും ഇന്ത്യന്‍ ജനാധിപത്യം ഭാവിയില്‍ ലോകത്തിന് വഴികാട്ടുമെന്നും മറ്റുമുള്ള സാംസ്‌കാരിക ദേശീയതയുടെ വീമ്പു പറച്ചിലുകളായിരുന്നു പ്രധാനമായും ആ പ്രസംഗത്തിന്റെ കാതല്‍. ജനാധിപത്യത്തിന് താന്‍ കണ്ടുപിടിച്ച പുതിയ നാല് അടിത്തറകളെ നരേന്ദ്ര മോദി ലോക നേതാക്കള്‍ക്ക് പരിചയപ്പെടുത്തിയിട്ടുമുണ്ട്. സംവേദനക്ഷമത, വിശ്വാസ്യത, പങ്കാളിത്തം, നവീകരണോന്‍മുഖത എന്നിവയാണ് ഈ പുതിയ പ്രമാണങ്ങള്‍.
ഇപ്പോഴത്തെ ഇന്ത്യ മുന്നോട്ടു പോകുന്ന വഴികളുടെ തെറ്റും ശരിയും തിരിച്ചറിഞ്ഞുകൊണ്ടാവണം ഉച്ചകോടി ലക്ഷ്യമിട്ട യഥാര്‍ഥ വിഷയങ്ങളിലേക്ക് അദ്ദേഹം ഒരിക്കലും കടന്നു ചെന്നില്ല. അംഗീകരിക്കപ്പെട്ട ജനാധിപത്യ സങ്കൽപങ്ങളെ മോദി പുഛിക്കുകയായിരുന്നോ എന്നു പോലും ആ പ്രസംഗം കേട്ടാല്‍ തോന്നും. നീതിപൂർവകമായ തെരഞ്ഞെടുപ്പുകളും സ്വതന്ത്ര ജുഡീഷ്യറിയും നിഷ്പക്ഷ മാധ്യമങ്ങളും ജനാധിപത്യത്തിന്റെ ഘടനാപരമായ അടിത്തറകളായിരിക്കാമെന്ന് ഒരൊഴുക്കന്‍ മട്ടില്‍ മോദി സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യന്‍ ജനാധിപത്യം പാശ്ചാത്യ സങ്കൽപമല്ലെന്നും, മറിച്ച് അത് മാനവിക സങ്കൽപമാണെന്നും ജനങ്ങള്‍ എന്താഗ്രഹിക്കുന്നുവോ അതാണ് പ്രധാനമെന്നുമാണ് മോദി ചൂണ്ടിക്കാട്ടിയത്. അപ്പപ്പോഴത്തെ ജനകീയ വികാരങ്ങളാണ്, അല്ലാതെ എഴുതിവെക്കപ്പെട്ട തത്ത്വങ്ങളല്ല ജനാധിപത്യത്തിന്റെ യഥാര്‍ഥ അടിസ്ഥാനമെന്നാണ് ഈ വാക്കുകളിലൂടെ മോദി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച വാദം. അതായത്, ആള്‍ക്കൂട്ടങ്ങള്‍ നിശ്ചയിക്കുന്ന തത്ത്വശൂന്യമായ അധികാരം. ഈ തത്ത്വങ്ങളിലൂടെ തഴച്ചു മുറ്റുന്ന ഇന്ത്യന്‍ ജനാധിപത്യമാണ് ലോകത്തിന് മുഴുവനും ഭാവിയില്‍ വഴികാണിക്കാന്‍ പോകുന്നതെന്ന സംഘ് പരിവാറിന്റെ ആകാശക്കോട്ടയിലേക്ക് അദ്ദേഹം ഏണി വെച്ചു കൊടുക്കുന്നുമുണ്ട്. മോദിയുടെ പ്രസംഗത്തെ കുറിച്ച റിപ്പോര്‍ട്ടുകള്‍ മുഴുവനായി വായിച്ചാല്‍ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളറിയുന്ന ഏതൊരാളുടെയും വന്‍കുടലിന്റെ അങ്ങേയറ്റത്തുള്ളതു പോലും ഓക്കാനിച്ച് വായിലൂടെ പുറത്തേക്കു വമിക്കുകയേ ഉള്ളൂ. അത്രക്ക് കടുത്ത ആത്മവഞ്ചനയും പരവഞ്ചനയുമായിരുന്നു ആപാദചൂഡം ഈ പ്രസംഗം.
2023 മാര്‍ച്ച് 3-ന് കേംബ്രിഡ്ജില്‍ രാഹുല്‍ ഗാന്ധി നടത്തിയതാണ് രണ്ടാമത്തെ പ്രഭാഷണം. വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ 'മോദി മോദി'യെന്ന് വായ്ക്കുരവ ഇടുന്നതിലപ്പുറം പ്രധാനമന്ത്രിയെ കുറിച്ച ഒരു സത്യവും പറയരുതെന്ന ബി.ജെ.പി ഇണ്ടാസിനെ രാഹുല്‍ തേച്ച് ഭിത്തിയിലൊട്ടിച്ചു. ഇന്ത്യന്‍ ജനാധിപത്യം സമ്മർദത്തിലാണ്. അത് ആക്രമിക്കപ്പെടുകയാണ്. ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമായ അടിസ്ഥാന സംവിധാനങ്ങളാണ് പാര്‍ലമെന്റും സ്വതന്ത്ര മാധ്യമങ്ങളും സ്വതന്ത്ര നീതിപീഠവും ആശയപ്രചാരണത്തിനുള്ള അവസരങ്ങളും. ഈ ഇടങ്ങളെല്ലാം ഇന്ത്യയില്‍ ശുഷ്‌കിച്ചു വരികയാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളാണ് ഞങ്ങള്‍ നേരിടുന്നത്. താനടക്കമുള്ള രാജ്യത്തെ വലിയൊരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും ഫോണുകളില്‍ പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വെയറുകള്‍ നിക്ഷേപിച്ച് അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ ഗതിയില്‍ ക്രിമിനല്‍ നിയമങ്ങളുടെ പരിധിയില്‍ വരാത്ത നിരവധി കേസുകള്‍ എനിക്കെതിരെ ചാര്‍ജ് ചെയ്യപ്പെടുകയാണ്. പ്രതിപക്ഷത്തുനിന്ന് നിങ്ങള്‍ക്ക് ജനങ്ങളോട് സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇന്ത്യയില്‍ രൂപപ്പെടുന്നത്. ഈ പ്രസംഗത്തിലൊരിടത്ത്, വ്യക്തിസ്വാതന്ത്ര്യത്തില്‍ വിശ്വാസമില്ലാത്ത ചൈനയില്‍ പോലും സാമൂഹികമായ ഒത്തൊരുമ അവിടത്തെ ഭരണകൂടം രൂപപ്പെടുത്തുന്നത് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു; ഇന്ത്യ അതല്ല ചെയ്യുന്നതെന്നും.
ഇതില്‍ ആരു പറഞ്ഞതാണ് ശരിയായ ജനാധിപത്യ താല്‍പര്യം? കൈയൂക്കുള്ളവന്‍ കൂവിയാര്‍ക്കുന്ന വഴിയിലൂടെ രാജ്യത്തെ ആട്ടിത്തെളിക്കലാണോ അതോ ആള്‍ക്കൂട്ടങ്ങളെ പൊതുതാല്‍പര്യത്തിനനുസരിച്ച് മെരുക്കിയെടുക്കുന്നതോ? രാഹുലിനെ ആശയപരമായി നേരിടാനുള്ള ബുദ്ധിസാമര്‍ഥ്യമൊന്നും മോദിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. തല്ലിത്തോൽപിക്കാന്‍ കഴിയാത്തവനെ 'മലര്‍ത്തിയടിക്കുന്ന' അടുത്ത വിദ്യയിലേക്ക് കടക്കുകയാണ് ബി.ജെ.പി പിന്നീട് ചെയ്തത്. ഇന്ത്യയെ രാഹുല്‍ അപമാനിച്ചുവെന്നും ഈ പ്രസംഗത്തിന് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അവര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം സ്തംഭിപ്പിച്ചു. ഏതാണ്ട് ഈ ദിവസങ്ങളില്‍ തന്നെയായിരുന്നു മോദിയുടെ തനിനിറം തുറന്നു കാട്ടുന്ന ബി.ബി.സി ഡോക്യുമെന്ററി പുറത്തു വന്നതും അദാനിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ ലോകമറിഞ്ഞതും. അദാനിയുടെ സംരക്ഷകന്‍ മറ്റാരുമല്ല മോദി തന്നെയാണെന്നും അദാനിയുടെ നിക്ഷേപങ്ങളില്‍ പലതും മോദിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ടെന്നും രാഹുല്‍ പരസ്യമായി ആരോപിച്ചു. ഇതോടെ രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനെ ബി.ജെ.പി മരണത്തെപ്പോലെ ഭയപ്പെട്ടു. ഒടുവില്‍ ഒരു തട്ടിക്കൂട്ട് മാനഹാനി കേസില്‍ 'കങ്കാരു വിചാരണ' നടത്തി അദ്ദേഹത്തിന് പരമാവധി ശിക്ഷ വിധിച്ചും തൊട്ടു പിറകെ പാര്‍ലമെന്റ് അംഗത്വം റദ്ദ് ചെയ്തും, എന്താണോ രാഹുല്‍ കാംബ്രിഡ്ജില്‍ പറഞ്ഞത് അതിനെ അക്ഷരാര്‍ഥത്തില്‍ ബി.ജെ.പി ശരിവെച്ചു കൊടുത്തു. തെരഞ്ഞെടുപ്പുകളിലെ സുതാര്യതയെ കുറിച്ച് മോദി വാചാലനാകുന്നുണ്ടാവാം. പക്ഷേ, ആധുനിക ലോകത്ത് ഇലക്ടറല്‍ ഓട്ടോക്രസി, അഥവാ ബാലറ്റുപെട്ടിയിലൂടെ കയറിവരുന്ന ഏകാധിപത്യം എന്ന പട്ടികയിലേക്കാണ് മോദിയുടെ ഇന്ത്യ എത്തിപ്പെടുന്നതെന്നാണ് അവര്‍ പ്രവൃത്തികളിലൂടെ തെളിയിച്ചത്.
എതിര്‍ശബ്ദം എന്നൊന്ന് ഇന്ത്യാ മഹാരാജ്യത്ത് രാജ്യദ്രോഹമായി മാറിക്കഴിഞ്ഞു. മോദിയുടെ ഏട്ടില്‍ എഴുതിവെച്ചിട്ടില്ലെങ്കിലും ജനാധിപത്യത്തില്‍ ഇക്കണ്ട കാലമത്രയും പരമപ്രധാനമായി നിലനിന്നവയാണ് നിയമവാഴ്ചയും പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമൊക്കെ. ഈ അടിസ്ഥാനങ്ങള്‍ ഇതുപോലെ ഹനിക്കപ്പെട്ട മറ്റൊരു കാലഘട്ടവും ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. 2014-ല്‍ ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷം 65 ശതമാനം വര്‍ധനയാണ് രാജ്യദ്രോഹ കേസുകളിലുണ്ടായത്. ഇതില്‍ തന്നെ ബി.ജെ.പി നേതാക്കളെയും ആര്‍.എസ്.എസിനെയും അവര്‍ പെരുപ്പിച്ചുണ്ടാക്കിയ ചില കള്ളനാണയങ്ങളെയും വിമര്‍ശിച്ചതിന് രാജ്യദ്രോഹ കേസ് നേരിടേണ്ടി വന്നവരാണ് 95 ശതമാനം പേരും. 149 രാജ്യദ്രോഹ കേസുകള്‍ മോദിയെ വിമര്‍ശിച്ചതിനും 144 എണ്ണം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ വിമര്‍ശിച്ചതിനുമാണെന്നാണ് കണക്കുകള്‍ പറയുന്നത്. പലതവണ കോടതികള്‍ താക്കീത് നല്‍കിയിട്ടും തരിമ്പും കൂസാതെയാണ് എതിര്‍ക്കുന്നവര്‍ക്കു നേരെ ബി.ജെ.പി ഗവണ്‍മെന്റുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. നിസ്സാര കാരണങ്ങള്‍ക്ക് രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്ന പതിവിനെ മുന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അതിശക്തമായ ഭാഷയിലാണ് 2021 ജൂലൈയില്‍ വിമര്‍ശിച്ചത്. 124(എ) നിയമത്തിന്റെ കാലം കഴിഞ്ഞുവെന്നു പോലും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിട്ടും ആ നിയമവുമായി മുന്നോട്ടു പോവുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്.
ജനാധിപത്യത്തിന്റെ നാലാം തൂണായി ഇത്രയും കാലം അറിയപ്പെട്ട മാധ്യമങ്ങള്‍ മോദിയുടെ കാലത്ത് ചിത്രത്തില്‍ നിന്നേ അപ്രത്യക്ഷമായി. 55 ജേണലിസ്റ്റുകള്‍ക്കെതിരെയാണ് കോവിഡ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഇന്ത്യയില്‍ കേസ് എടുത്തത്. 'ദ വയറി'ന്റെ എഡിറ്റര്‍ വിനോദ് ദുവക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തിയതും പുലിറ്റ്‌സര്‍ സമ്മാനം കിട്ടിയ റാണാ അയ്യൂബിന് യാത്രാനുമതിക്കായി കോടതി കയറേണ്ടി വന്നതും കശ്മീരി വനിതാ ഫോട്ടോ ജേണലിസ്റ്റ് സനാ ഇര്‍ഷാദ് മട്ടുവിന് യാത്രാനുമതി നല്‍കാതിരുന്നതും, സര്‍ക്കാറിന്റെ കൊള്ളരുതായ്മ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദീഖ് കാപ്പനെ പിടികൂടി ഭീകരവാദക്കുറ്റം ചുമത്തി ജയിലിട്ടതുമെല്ലാം വിദേശ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടായിരുന്നു. അതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും തമ്മിലുള്ള 'എഴുതി വെക്കപ്പെട്ട ബന്ധ'ത്തെ പ്രധാനമന്ത്രി അഗണ്യകോടിയില്‍ തള്ളി. മാത്രമല്ല, മോദിയുടെ പ്രസംഗം അരങ്ങേറുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കിയ മീഡിയാ വണ്‍ നിരോധന കേസില്‍ വിധി വരാന്‍ ബാക്കി ഉണ്ടായിരുന്നു. മീഡിയാ വണ്ണിനെതിരെ കള്ളക്കഥകളുണ്ടാക്കി ആരും കാണാതെ ജഡ്ജി മാത്രം വായിക്കാന്‍ കവറിലടച്ച് കൊണ്ടുപോയി കൊടുത്തു. കീഴ്‌ക്കോടതി അത് ശരിവെച്ചപ്പോള്‍ പരമമോന്നത കോടതി നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ പ്രവണതയെ അടച്ചാക്ഷേപിച്ച് ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കി. ആഗോള മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ കണക്കെടുത്ത 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ റാങ്ക് മോദിക്കാലത്ത് 150-ലേക്ക് മൂക്കു കുത്തി വീണു. എതിര്‍ശബ്ദങ്ങളുടെ കഴുത്ത് െഞരിക്കാനുള്ള 'സംവേദനക്ഷമത'യുടെ ഈ 'കുതിപ്പില്‍' ഇന്ത്യ പിന്നിലാക്കിയവരുടെ കൂട്ടത്തില്‍ ഉത്തര കൊറിയയും ചൈനയും മാത്രമാണ് പേരെടുത്തു പറയാവുന്ന രാജ്യങ്ങള്‍.
ജനാധിപത്യത്തിന്റെ സുപ്രധാന തൂണുകളിലൊന്നായ ജുഡീഷ്യറിയെ രാഷ്ട്രീയ നേതൃത്വത്തിന്റെ ചൊൽപടിയില്‍ നിര്‍ത്താനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ നീക്കം ആ രാജ്യത്ത് വലിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടത് 2023 ജനുവരി മുതല്‍ക്കായിരുന്നു. പക്ഷേ, അങ്ങനെയൊരു മാതൃകയെ കുറിച്ച് കഴിഞ്ഞ കുറെക്കാലമായി സ്വപ്‌നം കാണുന്നതുകൊണ്ടാവണം സ്വതന്ത്രമായ നീതിവാഴ്ചയെ കുറിച്ചും നരേന്ദ്ര മോദി മിണ്ടിയിട്ടില്ല. കല്‍ക്കരി പാടങ്ങള്‍ കൈയടക്കാനായി അദാനിക്കു വേണ്ടി നിയമത്തില്‍ വിട്ടുവീഴ്ച ചെയ്തത് പാര്‍ലമെന്റ് അന്വേഷിക്കുകയോ പോലീസ് കേസെടുക്കുകയോ ചെയ്യേണ്ട ഒരു കുറ്റമല്ല. 40,000 കോടി പൊതുഖജനാവിന് നഷ്ടമായ റാഫേല്‍ ഇടപാടോ 91,000 കോടി നഷ്ടമായ ഐ.എല്‍ ആന്റ് എഫ്.എസ് തകര്‍ച്ചയോ മോദി മറുപടി പറയേണ്ടുന്നവയല്ല. പക്ഷേ, മദ്യനയത്തില്‍ ദല്‍ഹി സര്‍ക്കാറിന് തെറ്റുപറ്റിയതിന് മനീഷ് സിസോദിയ ജയിലില്‍ കിടക്കണം. സംഘ് പരിവാര്‍ കൊലയാളികളുടെയും പീഡനക്കേസ് പ്രതികളുടെയും ഭാവിയെ കുറിച്ച് നീതിപീഠങ്ങള്‍ക്കുള്ള ആശങ്ക മറ്റൊരു കേസുകളിലും അതേയളവില്‍ കാണാനാവില്ല. ബി.ജെ.പിക്ക് താല്‍പര്യമുള്ള ക്രിമിനലുകളെ ഭരണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി ഏതറ്റം വരെയും സംരക്ഷിക്കുകയും അതേ സംവിധാനങ്ങളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ തകര്‍ക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാറിന് ഗുണ്ടകളുണ്ടോ എന്ന ചോദ്യം പ്രതിപക്ഷത്തോടും മാധ്യമ പ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടുമൊക്കെ ചോദിച്ചുനോക്കൂ. ചില ഭരണഘടനാ സ്ഥാപനങ്ങളുടെ പേരുകളല്ലേ പുറത്തു വരിക? കോടതിവിധികള്‍ തന്നെ എന്തുമാത്രം പക്ഷപാതപരമായാണ് മാറുന്നത്? ഉദാഹരണത്തിന് കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വർമ എന്നിവര്‍ പ്രതികളായ ദല്‍ഹി കലാപക്കേസ് എടുക്കുക. തെരഞ്ഞെടുപ്പ് റാലികളില്‍ 'ഓള'മുണ്ടാക്കുന്നതിനായി പറയുന്ന കാര്യങ്ങള്‍ വലിയ കാര്യമാക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗ് അവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ റദ്ദാക്കുന്ന വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയത്. ചിരിച്ചുകൊണ്ടു പറഞ്ഞാല്‍ കേസ് ആവില്ലെന്ന പരിഹാസ്യമായ നിയമവ്യാഖ്യാനവും ഈ ജഡ്ജി നടത്തുന്നുണ്ട്. ഒരു ഹൈക്കോടതിയുടെ ഉത്തരവാണെന്നിരിക്കെ, ഈ ചിരിയും തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗവും പിന്നെന്തേ സൂറത്ത് മുന്‍സിഫ് കോടതിക്ക് ബാധകമായില്ല?
2019-ല്‍ കോലാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ ഒരു പ്രസംഗത്തിനെതിരെ ഉണ്ടായ കീഴ്‌ക്കോടതി വിധിയുടെ പേരില്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം ക്ഷണവേഗത്തിലാണ് ലോക് സഭാ സെക്രട്ടറിയേറ്റ് റദ്ദാക്കിയത്. ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ഈ കേസിലുണ്ടായതെന്നാണ് ബി.ജെ.പിയുടെ വാദം. പക്ഷേ, ആ നടപടികളിലെ തിടുക്കം സൂക്ഷ്മമായി നോക്കുമ്പോള്‍ അതിലടങ്ങിയത് നിയമവ്യവസ്ഥ എന്ന പേരില്‍ ബി.ജെ.പി നടത്തുന്ന കാട്ടുനീതി ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ വീണ്ടുമൊരിക്കല്‍ കൂടി ശ്രദ്ധയോടെ കേള്‍ക്കുമ്പോള്‍ ഈ കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ നിയമബോധത്തെ കുറിച്ച് കാര്യമായ സംശയം ഉയരുന്നുണ്ട്. വിധി പറഞ്ഞതിനു തൊട്ടു പിന്നാലെ അയാള്‍ക്ക് കൊടുത്ത സ്ഥാനക്കയറ്റവും അദ്ദേഹത്തിന് മുമ്പെയുണ്ടായിരുന്ന ജഡ്ജിയുടെ കാലത്ത് ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ ബി.ജെ.പി താല്‍പര്യം കാണിക്കാതിരുന്നതുമൊക്കെ സൂറത്ത് കോടതി വിധിയില്‍ എന്തൊക്കെയോ ചീഞ്ഞു മണക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. വിവാദമായ ആ പ്രസംഗം ഇങ്ങനെയാണ്. നോട്ടു നിരോധനകാലത്തെ കുറിച്ചാണ് രാഹുല്‍ പറഞ്ഞുകൊണ്ടിരുന്നത്: 'നിങ്ങളോട് പറയുന്നു കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന്. എന്നിട്ട് നിങ്ങളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് ബാങ്കില്‍ ഇടീക്കുന്നു. പിന്നെ നിങ്ങള്‍ അറിയുന്നു നിങ്ങളുടെ പണം കൊള്ളയടിച്ച് നീരവ് മോദി ഒളിച്ചോടിയെന്ന്. 35,000 കോടി രാജ്യത്തിന്റെ പണം നിങ്ങളുടെ പോക്കറ്റില്‍നിന്നെടുത്ത് അയാളുടെ പോക്കറ്റില്‍. തൊട്ടു പിറകെ മെഹുല്‍ ചോസ്‌കി. പിന്നെ ലളിത് മോദി. ആവട്ടെ, ഇതിനിടയില്‍ വളരെ ലളിതമായ ഒരു സംശയം ഉയരുന്നുണ്ട്: ഇവരുടെയെല്ലാം പേരുകള്‍, ഈ കള്ളന്‍മാരുടെയെല്ലാം പേരുകള്‍ എന്തുകൊണ്ട് മോദി മോദി എന്നായി? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി...ഒന്നു പരിശോധിക്കുകയാണെങ്കില്‍ ഇനിയും കൂടുതല്‍ മോദികളുടെ പേരുകള്‍ പുറത്ത് വന്നേക്കാം.' ദല്‍ഹി ചുട്ടെരിച്ച കലാപക്കേസിന് വഴിയൊരുക്കിയ കപില്‍ മിശ്രയുടെ പ്രസംഗത്തിന്റെ നൂറയലത്ത് വരുമോ ഇത്?
രാഹുല്‍ ഗാന്ധി വളരെ കൃത്യമായി തന്നെ മൂന്നു മോദികളെ കള്ളന്‍മാരെന്ന് വിളിച്ചു. പക്ഷേ, ഈ പട്ടികയില്‍ രാഹുല്‍ പേര് പരാമര്‍ശിച്ചിട്ടില്ലാത്ത പൂര്‍ണേഷ് മോദിയെന്ന ബി.ജെ.പിയുടെ ഒരു ഗുജറാത്ത് എം.എല്‍.എയാണ് മാനനഷ്ടത്തിന് കേസ് കൊടുത്തത്. യഥാര്‍ഥ മാനനഷ്ടം സംഭവിച്ച നരേന്ദ്ര മോദിയോ മറ്റ് രണ്ട് മോദികളോ കേസ് കൊടുത്തിട്ടില്ല. തന്റെ സമുദായമായ മോദികളെ രാഹുല്‍ അപമാനിച്ചു എന്നാണ് ക്രിമിനല്‍ സ്വഭാവത്തിലുള്ള മാനനഷ്ടം ഉൾപ്പെടെ പൂര്‍ണേഷ് നല്‍കിയ പരാതി. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഗോദി മീഡിയ അതിന് സഹായകരമായ രീതിയില്‍ വാര്‍ത്തയെ കൃത്യമായി വളച്ചൊടിക്കുകയും ചെയ്തു. ഈ കള്ളന്‍മാരുടെ പേരുകളെല്ലാം എന്തുകൊണ്ട് മോദി മോദി എന്നായി എന്ന ചോദ്യത്തില്‍നിന്ന് 'ഈ' എന്ന വാക്ക് ടൈംസ് ഒഫ് ഇന്ത്യ മുതല്‍ എന്‍.ഡി.ടി.വി വരെയുള്ളവര്‍ വിട്ടുകളഞ്ഞു. കള്ളന്‍മാരുടെയെല്ലാം പേരുകള്‍ എന്തുകൊണ്ട് മോദി മോദി എന്നായി എന്ന ചോദ്യവും ഈ കള്ളന്‍മാരുടെ പേരുകള്‍ എന്തു കൊണ്ട് മോദി മോദി എന്നായി എന്ന ചോദ്യവും നിയമപരമായും യുക്തിപരമായും തികച്ചും വ്യത്യസ്തമായ രണ്ട് അര്‍ഥങ്ങളാണ് ഉൽപാദിപ്പിക്കുന്നത്. ഈ ഭീകരന്‍മാരെല്ലാം എന്തുകൊണ്ട് മുസ്‌ലിംകളായി എന്ന ചോദ്യവും മുസ്‌ലിംകളെല്ലാം എന്തുകൊണ്ട് ഭീകരന്‍മാരായി എന്ന ചോദ്യവും പോലെയാണത്. സത്യത്തില്‍ എത്രയോ ബി.ജെ.പി നേതാക്കള്‍ മുസ്‌ലിംകളെ മൊത്തത്തില്‍ ഭീകരന്‍മാരെന്ന് വിളിച്ചതിന് ഇന്ത്യയില്‍ രേഖകളുണ്ട്. സൂറത്ത് കോടതി വിധി സ്വാഭാവിക നീതിവാഴ്ചയുടെ ഭാഗമാണെങ്കില്‍ വി.എച്ച്.പിയുടെയും ബജ്‌റംഗ് ദളിന്റെയും തെരുവു നേതാക്കള്‍ മുതല്‍ ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങളായ സാക്ഷി മഹാരാജും പ്രഗ്യാ സിംഗ് താക്കൂറുമൊക്കെ ഇതിനകം ജയിലില്‍ കുടികിടപ്പവകാശം നേടിയിട്ടുണ്ടാവും.
പ്രധാനമന്ത്രിയെ കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ ഇഷ്ടക്കാരെ കുറിച്ചു പോലും അഹിതകരമായ ഒരു പരാമര്‍ശവും ആരും നടത്തരുതെന്നാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ. രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക അഴിമതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ പാടില്ല. അദാനിയുടെ കമ്പനിയില്‍ ബിനാമിയായി 20,000 കോടി നിക്ഷേപിച്ചത് ആരെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ 56 ഇഞ്ചുള്ള നെഞ്ചു വിരിക്കുന്നതിനു പകരം പേടിച്ചു സ്പീക്കറുടെ പിന്നിലൊളിക്കുന്ന മോദിയെയാണ് ഇന്ത്യ കണ്ടത്. മോദി മാനഹാനി കേസിന് വേഗം കൂടിയത് അവിടം തൊട്ടായിരുന്നില്ലേ? പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്യുന്നത് 25,000 രൂപ പിഴയൊടുക്കേണ്ട കുറ്റകൃത്യമായി ഇന്ത്യയില്‍ മാറിയതിന്റെ പിന്നിലും ഇതേ കാരണം തന്നെയാണ്. പ്രശ്‌നം അദ്ദേഹത്തിന് യോഗ്യതയുണ്ടോ ഇല്ലേ എന്നതല്ല. തെരഞ്ഞെടുപ്പു കമ്മീഷനില്‍ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയോ ഇല്ലേ എന്നതാണ്. രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ പാര്‍ലമെന്ററി ചട്ടങ്ങള്‍ വിളമ്പുന്ന സ്പീക്കര്‍ ഓം ബിര്‍ള, മറുഭാഗത്ത് കള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് മോദിയുടേതെന്ന് തെളിഞ്ഞാല്‍ രാത്രിക്കു രാത്രി സെക്രട്ടറിയേറ്റ് വിളിച്ച് അദ്ദേഹത്തിന്റെ സഭാംഗത്വം റദ്ദാക്കുമോ? ഇത്തരമൊരു സാഹചര്യം രൂപപ്പെടുന്നതു തടയാനാണ് കെജ്്രിവാളിന് തന്നെ പിഴ ചുമത്തി ഇനിയൊരാളും ആ ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ കാര്യമേ അന്വേഷിക്കരുതെന്ന് കോടതിയെക്കൊണ്ട് ഉത്തരവിടീക്കുന്നത്.
രാഷ്ട്രഗാത്രത്തെ ഹിന്ദുത്വ രാഷ്ട്രീയ വൈറസ് ബാധിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ബിഹാര്‍ ശരീഫില്‍ മദ്റസക്കു നേരെ റമദാനില്‍ നടന്ന ആക്രമണം. കത്തിച്ചത് 4500-ഓളം മതഗ്രന്ഥങ്ങള്‍ മാത്രമാണോ? വിശുദ്ധ ഖുര്‍ആന്‍ പ്രതികളും കൂട്ടത്തോടെ ചുട്ടെരിച്ച സംഭവമല്ലേ അത്? പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തിയ ബി.ജെ.പിക്കാര്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിട്ടും ഇത്തവണ മുസ്‌ലിംകളാണ് സംയമനം പാലിച്ചതെന്നോര്‍ക്കുക. ഈ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കെല്ലാം മുകളിലിരുന്ന് മൗനാനുവാദം നല്‍കുന്ന ആഭ്യന്തര മന്ത്രിയെ ചെന്നു കാണുക മാത്രമാണവര്‍ ചെയ്തത്. താന്‍ മൗനം പാലിക്കുന്നതില്‍ പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാമെന്ന് അമിത് ഷാ പറഞ്ഞുവത്രെ! ട്രംപ് വരുമ്പോള്‍ ചേരികള്‍ മതില്‍ കെട്ടി മറയ്്ക്കുന്നത് മനസ്സിലാക്കാം. പക്ഷേ, ആര്‍.എസ്.എസ് ആചാര്യന്‍ പറയുന്ന ആ വസുധൈവ കുടുംബകക്കാര്‍ ജാഥയായി വരുമ്പോള്‍ മറ്റു മതസ്ഥര്‍ സ്വന്തം ആരാധനാലയങ്ങള്‍ക്ക് മേല്‍ താര്‍പായ വിരിക്കേണ്ട ഗതികേട് ലോകത്തുടനീളം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടും ആഭ്യന്തര മന്ത്രിക്ക് നാണക്കേട് തോന്നുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം മോദി പറഞ്ഞിടത്താണ് ഇപ്പോഴുള്ളത്. ആള്‍ക്കൂട്ടം ആഗ്രഹിക്കുന്ന ശരികളാണ്, അല്ലാതെ പരിഷ്‌കൃത സമൂഹങ്ങളില്‍ പാടില്ലെന്ന് എഴുതിവെച്ച തെറ്റുകളല്ല ജനാധിപത്യത്തിന്റെ ഇന്ത്യന്‍ അടിത്തറ. l
Comments