Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 21

3299

1444 റമദാൻ 30

സര്‍വേശന് സ്തുതി നീതി പീഠത്തിന് നന്ദി

എ.ആര്‍

2023 ഏപ്രില്‍ അഞ്ച് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തില്‍ അവിസ്മരണീയമായ ഒരധ്യായം എഴുതിച്ചേര്‍ത്ത സുവര്‍ണ ദിനമാണെന്ന കാര്യത്തില്‍ സംശയമേ ഇല്ല. ദേശീയ മാധ്യമങ്ങളും പ്രാദേശിക പത്രങ്ങളും ഏറക്കുറെ ആ സ്പിരിറ്റിലാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡും ജസ്റ്റിസ് ഹിമ കോഹ്്‌ലിയുമടങ്ങുന്ന ബെഞ്ച് മീഡിയാ വണ്‍ കേസില്‍ പുറപ്പെടുവിച്ച സുവിശദവും നീതിയുക്തവുമായ വിധി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും. മാധ്യമം ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന്റെ മലയാളം വാര്‍ത്താ  ചാനലായ മീഡിയാ വണ്ണിന്റെ സംപ്രേഷണം തടഞ്ഞ നരേന്ദ്ര മോദി സര്‍ക്കാര്‍ 2022 ജനുവരി 31-ന് നല്‍കിയ ഉത്തരവ് ന്യായമോ നീതിയോ വാസ്തവികതയോ ഇല്ലാത്തതെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയ നടപടി കേവലം ഒരു പ്രാദേശിക ചാനലിന്റെ വിജയമായിട്ടല്ല ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം വിലയിരുത്തിയിരിക്കുന്നത്. പ്രത്യുത, ജനാധിപത്യത്തിന്റെയും ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങളുടെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറയുന്നതോടൊപ്പം അതിനൊക്കെയും തടയിടാനുള്ള ഭരണകൂട നീക്കത്തിനെതിരെ മുന്നറിയിപ്പ് നല്‍കുക കൂടി ചെയ്യുന്ന പരമോന്നത നീതിപീഠത്തിന്റെ സുചിന്തിത പ്രഖ്യാപനമായിത്തന്നെ മാധ്യമ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രഗത്ഭര്‍ ഇതിനെ വിലയിരുത്തുന്നു. 186 രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യം ആണ്ടുതോറും സൂക്ഷ്മമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്്സിന്റെ പട്ടികയില്‍ 150-ാം സ്ഥാനത്തേക്ക് ഇന്ത്യയെ തള്ളി വീഴ്ത്തിയ ദൈന്യാവസ്ഥയില്‍നിന്ന് രാജ്യത്തെ കരകയറ്റാനുള്ള മാര്‍ഗദര്‍ശനമായി ഈ ചരിത്രവിധിയെ കാണുന്നവരാണ് ഏതാണ്ടെല്ലാവരും. പ്രമുഖ ദേശീയ പത്രങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, സ്റ്റേറ്റ്മാന്‍, ഡെയ്‌ലി ടെലഗ്രാഫ് എന്നിവയില്‍ ഒട്ടുമുക്കാലും മോദി സര്‍ക്കാറിനെ അനുകൂലിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്ന ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കെത്തന്നെയാണ് ചീഫ് ജസ്റ്റിസ് ചന്ദ്ര ചൂഡിന്റെ 137 പേജുകള്‍ വരുന്ന മീഡിയാ വണ്‍ വിധിയെ പോസിറ്റീവായും പ്രസ്സ് ഫ്രീഡത്തിന്റെ ഗ്യാരണ്ടിയായും വിലയിരുത്തിയിരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ചന്ദ്രിക എന്നീ മലയാള പത്രങ്ങളും മുഖപ്രസംഗങ്ങളിലൂടെ അതേ അഭിപ്രായം പങ്കുവെച്ചു. 'നിർഭയമായി അഭിപ്രായം പറയാനുള്ള അവകാശം ഇവിടെ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം ഈ വിധിയോടെ എല്ലാവര്‍ക്കും പൂര്‍ണ ബോധ്യം വന്നിട്ടുണ്ടാവും. സുപ്രീം കോടതിക്ക് അങ്ങേയറ്റത്തെ നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് മലയാള സാഹിത്യത്തറവാട്ടിലെ ജീവിച്ചിരിക്കുന്ന മഹാരഥന്മാരില്‍ പ്രഥമ സ്ഥാനീയനായ ടി. പത്മനാഭന്‍ തന്റെ നിരീക്ഷണം അവസാനിപ്പിക്കുന്നത്. ദേശസുരക്ഷയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ സംപ്രേഷണം തടഞ്ഞ മീഡിയാ വണ്‍ ചാനലിന് പ്രവര്‍ത്തനാനുമതി നല്‍കാനുള്ള സുപ്രീം കോടതി ഉത്തരവ് സ്വതന്ത്ര പത്രപ്രവര്‍ത്തനം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചേടത്തോളം ശുഭ പ്രതീക്ഷക്ക് വക നല്‍കുന്നു എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് മീഡിയാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാരണവര്‍ ബി.ആര്‍.പി ഭാസ്‌കര്‍ തന്റെ കമന്റ് ആരംഭിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തരമായ വിധികളിലൊന്നാണ്, മീഡിയാ വണിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ നീക്കം ചെയ്ത സുപ്രീം കോടതി തീരുമാനം എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം എഴുതിയ പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍, ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍. രാജഗോപാല്‍ സുപ്രീം കോടതി വിധി മാത്രമല്ല, ആ വിധിയിലേക്ക് നയിച്ച മീഡിയാ വണ്‍ നടത്തിയ പോരാട്ടവും ഒരു ഗംഭീര ചരിത്രം തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയത് മാധ്യമ രംഗത്തെ കാലുഷ്യങ്ങള്‍ക്കും അനാരോഗ്യ മത്സരങ്ങള്‍ക്കും മധ്യേ ആർജവമുള്ള വിലയിരുത്തലാണ്.
പോയ വര്‍ഷം ജനുവരി 31-ന് മീഡിയാ വണ്ണിന് വിലക്ക് വന്ന ഉടനെ ഒട്ടും സമയം കളയാതെ നീതിക്കു വേണ്ടി കേരള ഹൈക്കോടതിയെ സമീപിച്ച എം.ബി.എല്ലിന്റെ  ഹരജി ഇരുപക്ഷത്തെയും വാദങ്ങള്‍ കേട്ട ശേഷം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷന്‍ ബെഞ്ചും തള്ളുകയും വിലക്ക് സ്ഥിരീകരിക്കുകയുമാണ് ചെയ്തത്. എല്ലാറ്റിനും അടിസ്ഥാനം ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയം ന്യായാധിപന്മാര്‍ക്ക് മാത്രം കൈമാറിയ സീല്‍ വെച്ച കവറായിരുന്നു. അതിലെ ഉള്ളടക്കം പരാതിക്കാരുടെ അഭിഭാഷകര്‍ക്കു പോലും കാണാന്‍ അവസരം നല്‍കിയില്ല. കൊലക്കുറ്റവാളികള്‍ക്ക് പോലും തങ്ങളുടെ കുറ്റം ബോധ്യപ്പെടുത്താറുള്ള ജുഡീഷ്യറി ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച അസുതാര്യ നടപടിയെ കണ്ണും ചിമ്മി സാധൂകരിക്കുകയാണ് ചെയ്തത്. സ്വാഭാവിക നീതിയുടെ ഈ നിഷേധം സുപ്രീം കോടതി നിശിതമായി വിമര്‍ശിച്ചത് അത്യന്തം ശ്രദ്ധേയമാണ്. 'ദേശസുരക്ഷാ കാരണങ്ങളാല്‍ ലൈസന്‍സ് നിഷേധിച്ചതിന്റെ കാരണം കേന്ദ്രം മീഡിയാ വണ്ണിനോട് വ്യക്തമാക്കാതിരിക്കുകയും അത് കോടതിയോട് മുദ്രവെച്ച കവറില്‍ മാത്രം വെളിപ്പെടുത്തുകയും ചെയ്തതിലൂടെ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളും ന്യായമായ കോടതി നടപടികള്‍ക്കുള്ള അവകാശവും ലംഘിക്കപ്പെട്ടു. ദേശരക്ഷയുമായി ബന്ധപ്പെട്ട വിഷയം അടങ്ങിയതുകൊണ്ട് മാത്രം ഭരണകൂടത്തിന് നീതിരഹിതമായി പ്രവര്‍ത്തിക്കാനാവില്ല. ദേശരക്ഷ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ല. കേവലം ദേശരക്ഷ എന്ന ഒരു പ്രയോഗംകൊണ്ട് കേന്ദ്ര നടപടിയെ കോടതിയുടെ പുനഃപരിശോധനയില്‍നിന്ന് ഒഴിവാക്കാനാവില്ല. നിയമപ്രകാരം പൗരജനങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ തടയുന്നതിന് ദേശരക്ഷ ഒരുപകരണമായി ഭരണകൂടം ഉപയോഗിക്കുകയാണ്. ഇത് നിയമവാഴ്ചയുമായി ഒത്തുപോകുന്നതല്ല'- വിധിയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു.
സുപ്രീം കോടതി മര്‍മത്തിലാണ് കൈവെച്ചിരിക്കുന്നതെന്ന് വ്യക്തം. ജമ്മു-കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള ഏകാധിപത്യപരമായ നടപടിയെ പോലും മോദി സര്‍ക്കാര്‍ ന്യായീകരിക്കുന്നത് ദേശരക്ഷയുടെ പേരിലാണ്. അത് കശ്മീരികളെയോ ഇന്ത്യന്‍ ജനതയെയാകത്തന്നെയോ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമവും ഇതേവരെ സര്‍ക്കാര്‍ നടത്തിയിട്ടില്ല. സര്‍ക്കാര്‍ എന്തു പറഞ്ഞാലും ജനങ്ങള്‍ അതപ്പടി വിശ്വസിച്ചുകൊള്ളണം, അത് ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹമാണ് എന്നതാണ് ഉറച്ച നയം. മീഡിയാ വണ്‍ വിലക്കിനെ കേരളം പൊതുവെത്തന്നെ അപലപിച്ചപ്പോള്‍ ബി.ജെ.പി ന്യായീകരിച്ചത് സ്വാഭാവികം. പക്ഷേ, അതിന്റെ കാരണമെന്തെന്ന് ചോദിച്ചപ്പോള്‍ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്റെ മറുപടി 'അത് രാജ്യദ്രോ ഹ ചാനലാണ്. ജമാഅത്തെ ഇസ്്‌ലാമി രാജ്യദ്രോഹ സംഘടനയാണ്' എന്നായിരുന്നല്ലോ. ഇപ്പോഴോ? തങ്ങള്‍ക്ക് അഹിതകരമായതെന്തും രാജ്യദ്രോഹമായി മുദ്രകുത്തുക. പിന്നീട് ആട്ടിനെ പിടിച്ചു പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതിലെ അതേ നീതി ബോധം. ആ ന്യായത്തെയും പരമോന്നത കോടതി കശക്കിയെറിഞ്ഞിരിക്കുന്നു. എം.ബി.എല്ലിന്റെ 68000 വരുന്ന ഓഹരിയുടമകളിൽ ജമാഅത്തെ ഇസ്്‌ലാമി അനുഭാവികളും അല്ലാത്തവരും അമുസ്്‌ലിംകളും എല്ലാമുണ്ട്. ഡയറക്ടര്‍ ബോര്‍ഡും തഥൈവ. അതെല്ലാം സൂക്ഷ്മമായി പരിശോധിച്ച ശേഷം തന്നെയാണ് 2012-ല്‍ മീഡിയാ വണ്‍ ചാനലിന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം ലൈസന്‍സ് നൽകിയത്.   ജമാഅത്തെ ഇസ്്‌ലാമിയാകട്ടെ നിരോധിത സംഘടനയുമല്ല. ബാബരി ധ്വംസനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയെ നിരോധിച്ച നടപടി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ കാരണം ബോധിപ്പിക്കാനോ നീതീകരിക്കാനോ കഴിയാത്തതിന്റെ പേരില്‍ കോടതി അത് റദ്ദാക്കിയ സംഭവവും പുതിയ വിധിയില്‍ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ആ കേസിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ അവലംബം. സ്വന്തം ഭരണഘടന പോലും പരസ്യപ്പെടുത്തി സമാധാനപരമായും സുതാര്യമായും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ ആദര്‍ശത്തോടും ലക്ഷ്യത്തോടും സര്‍ക്കാറിനോ അതിന് പിന്‍ബലം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ വിയോജിപ്പും എതിര്‍പ്പുമുണ്ടാവാം. അത്തരം എതിര്‍പ്പുകള്‍ ജനാധിപത്യപരമായ ആശയസമരത്തിലൂടെ പ്രകടിപ്പിക്കുകയല്ലാതെ, നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനവുമായി ആരും ബന്ധപ്പെടരുതെന്നും അഥവാ ബന്ധപ്പെട്ടാൽ അവരുടെ എല്ലാവിധ സംരംഭങ്ങളും വിലക്കുമെന്നും വാദിക്കുന്നതിന് എന്തര്‍ഥം? ഇതിനകം ജനപ്രീതിയും നിലപാടുകളിലെ ആര്‍ജവവും തെളിയിച്ചുകഴിഞ്ഞ മീഡിയാ വണ്ണിനെ നാഴികക്ക് നാല്‍പതുവട്ടം മൗദൂദി ചാനല്‍ എന്ന് സോഷ്യല്‍ മീഡിയയിലൂടെ വിളിച്ചു കൂവുന്നവര്‍ക്കുള്ള വായടപ്പന്‍ മറുപടി കൂടിയാണ് സുപ്രീം കോടതിയുടെ വിധി. ഈ ചരിത്രവിധി ചാനലിന്റെ ആത്മവിശ്വാസം ദൃഢീകരിക്കുന്നതോടൊപ്പം ഉത്തരവാദിത്വം വര്‍ധിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.  എല്ലാം അരിച്ചുപെറുക്കി പഴുത് കിട്ടിയാല്‍ പൂട്ടിക്കളയാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു ഭരണകൂടമാണ് രാജ്യത്തുള്ളത്; അതും മത ന്യൂനപക്ഷ മാനേജ്മെന്റിലുള്ള വാർത്താ ചാനലാണെങ്കിൽ തരിമ്പും പൊറുപ്പിക്കില്ല എന്ന വസ്തുത തിരിച്ചറിഞ്ഞ് പരമാവധി സൂക്ഷ്മതയും അവധാനതയും പാലിക്കാനും ജനതയുടെ സമാധാനത്തിനും സുസ്ഥിതിക്കും സൗഹൃദത്തിനും വേണ്ടി ജാഗ്രതയോടെ  പ്രവര്‍ത്തിക്കാനും പതിറ്റാണ്ട് കാലത്തെ അനുഭവങ്ങള്‍ ചാനലിനെ പ്രാപ്തമാക്കേണ്ടതാണ്. സര്‍വേശന് സ്തുതി, പരമോന്നത നീതിപീഠത്തിന് നന്ദി.
വാല്‍ക്കഷ്ണം: ''നിരോധനത്തിന്റെ ദിവസം മുതല്‍ അനിതര സാധാരണമായ സ്ഥിതപ്രജ്ഞയോടെയാണ് മീഡിയാ വണ്‍ മാനേജ്‌മെന്റും ജീവനക്കാരും ഈ നിയമനിഷേധത്തെ നേരിട്ടത്. ഹൈക്കോടതിയിലെ അപ്രതീക്ഷിതമായ തിരിച്ചടിയോടു പോലും ധീരമായും ശാന്തമായുമാണ് അവര്‍ പ്രതികരിച്ചത്. അങ്ങേയറ്റത്തെ നിരാശയുടെയും അസ്ഥിരത്വത്തിന്റെയും സന്ദര്‍ഭത്തില്‍, അനിവാര്യമായൊരു നിയമവിജയത്തെ മുന്നില്‍ക്കണ്ടുകൊണ്ടെന്ന വണ്ണം സുതാര്യതയും പ്രതിബദ്ധതയും നിലനിര്‍ത്തിക്കൊണ്ട്, ശുഭാപ്്തിവിശ്വാസത്തോടെയാണ് മീഡിയാ വണ്‍ പോരാട്ടത്തിനിറങ്ങിയത്. ഒടുവില്‍ അവർ നേടിയ വിജയം, ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യ ബോധ്യങ്ങളെ, അനീതിക്കെതിരായ സമരവീര്യത്തെ, സ്വാതന്ത്ര്യ പ്രബുദ്ധതയെ ഊട്ടിയുറപ്പിക്കുന്നതു കൂടിയായി എന്നതില്‍ തീര്‍ച്ചയായും മീഡിയാ വണ്ണിന് അഭിമാനിക്കാവുന്നതാണ്'' - ഡോ. ടി.ടി ശ്രീകുമാര്‍ (മാധ്യമം 11-4-2023). l

Comments