ഈദുൽ ഫിത്വ്്ർ വിജയങ്ങളുടെ ആഘോഷം
ആകാശവും ഭൂമിയും അകലങ്ങളിൽ നിൽക്കുന്ന രണ്ട് ലോകമാണ്. പക്ഷേ, അവ സന്ധിക്കുന്ന, പരസ്പരം ആലിംഗന ബദ്ധമാകുന്ന സന്ദർഭങ്ങളുണ്ട്. വെളിപാടിന്റെ വെളിച്ചം വിണ്ണിൽനിന്ന് മണ്ണിലേക്ക് ഇറങ്ങുന്നത് അത്തരമൊരു വേളയത്രെ. പ്രവാചകന്റെ ആകാശ യാത്രയാണ് മറ്റൊന്ന്. മണ്ണിൽ കാലൂന്നി, വിണ്ണിലേക്ക് കൈകളുയർത്തിയ പ്രാർഥനാ വേളകളിൽ വിശ്വാസി ആകാശത്തേക്ക് ആത്മീയ യാത്ര നടത്തുമ്പോഴും ഈ ആലിംഗനം സംഭവിക്കുന്നുണ്ടാകണം. 'പ്രാർഥന അഭിമുഖ സംഭാഷണമാകുന്നു' എന്നാണല്ലോ പ്രവാചക പാഠം. ഭൂമിയെയും ആകാശത്തെയും ഒരു ചരടിൽ കോർത്തുകെട്ടുന്ന മനോഹരമായ ഒരു പ്രാർഥന ഇസ്്ലാം പഠിപ്പിച്ചിട്ടുണ്ട്: 'ഞങ്ങളുടെ നാഥാ, ഈ മണ്ണിൽ ഞങ്ങൾക്ക് നീ നന്മ നൽകണേ, ഉപരിലോകത്ത് ഞങ്ങളിൽ നീ സുകൃതം വർഷിക്കണേ'. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രാർഥന? ഇതാണ് ഇസ്്ലാം എന്നാണ് ഉത്തരം. ഇരു ലോകത്തും മനുഷ്യന്റെ വിജയമാണ്, സമാധാനമാണ് ഇസ്്ലാം ലക്ഷ്യമാക്കുന്നത്.
പള്ളിയിലെ ധ്യാനവും പടക്കളത്തിലെ പോരാട്ടവും സമന്വയിപ്പിച്ച സൗന്ദര്യത്തെയാണ് നാം ഇസ്്ലാം എന്ന് വിളിക്കുന്നത്. പള്ളിയിലെ ധ്യാനത്തിൽനിന്ന് പടക്കളത്തിലെ പോരാട്ടത്തിനുള്ള ഊർജം പ്രദാനം ചെയ്ത പരിശീലനത്തെയാണ് റമദാൻ പ്രതിനിധാനം ചെയ്യുന്നതെങ്കിൽ, ഇബ്്ലീസിനെ തോൽപിച്ച് വരുന്നവരേ, ഇനി നിങ്ങൾ ഇബ്്ലീസിന്റെ അനുയായികൾക്കെതിരെ പടനയിക്കൂ എന്നാണ് ഈദുൽ ഫിത്വ്്ർ ആഹ്വാനം ചെയ്യുന്നത്. വംശീയതയുടെ ആചാര്യനായ ഇബ്്ലീസ് സത്യവിശ്വാസികളുടെ മുഖ്യ ശത്രുവാണെങ്കിൽ, അതേ ഇബ്്ലീസ് സൃഷ്ടിച്ച വംശവെറിയിൽ ഊന്നിയ സാമൂഹിക-രാഷ്ട്രീയ ക്രമം സത്യവിശ്വാസികളുടെ പ്രബോധന - പോരാട്ടങ്ങളുടെ മുഖ്യ ലക്ഷ്യമാകാതിരിക്കുന്നതെങ്ങനെ? പള്ളിയിലെ പത്തു ദിവസത്തെ ധ്യാനത്തിനു ശേഷം, പെരുന്നാൾ ആഘോഷിക്കാൻ മൈതാനത്ത് ഒരുമിച്ച് ചേരണമെന്ന് പഠിപ്പിച്ചതിന് ഇങ്ങനെ, അർഥ തലങ്ങൾ പലതുണ്ടെന്ന് വേണം മനസ്സിലാക്കാൻ.
ആരുടെ ആഘോഷം?
ഒരു സമൂഹത്തിന്റെ അതിജീവനവും മുന്നേറ്റവും ശാശ്വത ജീവിതവും ഉറപ്പുവരുത്തുന്നതിന് അനിവാര്യമായ എല്ലാ അടിത്തറകളും പൂർത്തീകരിക്കാൻ അവസരമൊരുക്കിയ റമദാൻ ഫലപ്രദമായി പൂർത്തീകരിച്ചവരുടെ ആഘോഷമാണ് ഈദുൽ ഫിത്വ്്ർ. ഇതൊരു വെറും ആഘോഷമല്ല. ഇസ്്ലാം ലക്ഷ്യം വെക്കുന്ന ഇരു ലോക വിജയങ്ങളുടെയും ചാലകശക്തികൾ ഉൾക്കൊള്ളുന്ന മുന്നേറ്റ മുഹൂർത്തമാണ്.
ഒന്ന്, അല്ലാഹുവിന് മാത്രം സമർപ്പിക്കുന്ന ജീവിതം, അവന്റെ പ്രീതി മാത്രം ആഗ്രഹിച്ച് അനുഷ്ഠിക്കുന്ന ആരാധനകൾ, ത്യാഗങ്ങൾ, കണ്ണീരണിഞ്ഞ പ്രാർഥനകളുടെ രാപ്പകലുകൾ, പാപമോചനത്തിലൂടെയും സാമൂഹിക ബാധ്യതാ നിർവഹണത്തിലൂടെയും നേടിയെടുക്കുന്ന മോക്ഷത്തിനുള്ള അർഹത, ധ്യാനത്തിന്റെയും വിധിനിർണയ രാവിന്റെയും അനുഗ്രഹങ്ങളിലൂടെ കരഗതമാകുന്ന പൂർണത, ഒടുക്കം റയ്യാൻ കവാടത്തിലൂടെ സ്വർഗപ്രവേശം.
ചിട്ടയായ പരിശീലനത്തിലൂടെ മനസ്സും സമ്പത്തും ശുദ്ധീകരിക്കുന്നു. അല്ലാഹുവുമായുള്ള അടുപ്പം ഉറപ്പിക്കുന്നു, മനുഷ്യബന്ധങ്ങളെ ദൃഢീകരിക്കുന്നു, ദീർഘനേരം കൈ കെട്ടി നിന്ന് അല്ലാഹുവിനോട് പ്രാർഥിക്കുന്നു, കൈയയച്ചിട്ട് മനുഷ്യരെ സേവിക്കുന്നു. പാപങ്ങൾ ഏറ്റുപറഞ്ഞ് അല്ലാഹുവോട് കരയുന്നു, അഭിപ്രായ ഭിന്നതകളിൽ വിട്ടുവീഴ്്ചകൾ ചെയ്ത് ഒരുമിച്ചിരുന്ന് പരസ്പരം പുഞ്ചിരിക്കുന്നു. പരസ്പര പൂരകമായ, ദൈവിക-മാനവിക ബോധം വഴി, വല്ലാത്തൊരു ആത്മീയ, സാമൂഹിക വിതാനത്തിലേക്ക് ഉയർന്നു പറന്ന കാലമാണ് റമദാൻ. ഏറ്റവും ദൈർഘ്യമേറിയ, വ്യവസ്ഥാപിതമായ, സർവതലസ്പർശിയായ പരിശീലന ഘട്ടം. ഈ ശുദ്ധീകരണ- ശാക്തീകരണ ദൗത്യങ്ങൾ താണ്ടിയെത്തിയ സത്യവിശ്വാസി, ഭൂമിയിൽ കൈവരിക്കേണ്ട നന്മകളും വിജയങ്ങളും ഏറെ മഹത്തരമത്രെ.
മുസ്്ലിം സമൂഹം പ്രതിസന്ധികളുടെ, പീഡനങ്ങളുടെ അഗ്നിശൈലങ്ങൾ താണ്ടാൻ വിധിക്കപ്പെട്ട കാലത്ത്, ഭൂമിയിലെ അതിജീവന പാഠങ്ങളുടെ മർമങ്ങൾ റമദാനിലെ ഓരോ കർമത്തിൽനിന്നും ആർജിച്ചെടുക്കാൻ സത്യവിശ്വാസികൾക്ക് സാധിക്കേണ്ടതുണ്ട്. റമദാൻ വിജയിച്ചോ എന്നറിയാൻ, ഒരു മാസം നടത്തിയ പ്രാർഥനകളുടെ കണക്കെടുത്താൽ മാത്രം പോരാ, തുടർക്കാലത്തെ പ്രവർത്തനങ്ങളുടെ കാമ്പ് നോക്കുക കൂടി വേണം. ഓതിത്തീർത്ത ഖുർആൻ ആവൃത്തികളുടെ എണ്ണമല്ല, റമദാനാനന്തരം മണ്ണിൽ തെളിയുന്ന ഖുർആൻ ആശയങ്ങളുടെ കർമരൂപങ്ങളാണ് സാക്ഷ്യം പറയേണ്ടത്.
രണ്ട്, ആകാശത്തെ അമ്പിളിക്കലയാണ് റമദാൻ വ്രതാരംഭത്തിന്റെ നിർണയം. റമദാനിനെ വരവേൽക്കാനുള്ള പ്രാർഥനകളിൽ നിറയുന്ന റജബും ശഅ്ബാനും തഥാ. ശവ്വാലമ്പിളി തെളിയുമ്പോഴാണല്ലോ ഈദ് ഉറപ്പാക്കുന്നത്.
ഇതൊരു മാസപ്പിറവി മാത്രമല്ല, മാനസികാവസ്ഥയുടെ വിളംബരം കൂടിയാണ്. ഭൂമിയിലേതുൾപ്പെടെ കാര്യങ്ങൾ യഥാർഥത്തിൽ നിർണയിക്കപ്പെടുന്നത് ആകാശ ലോകത്തുനിന്നാണ് എന്ന ദൃഢബോധ്യം, സത്യവിശ്വാസികളുടെ മനസ്സിൽ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും നിറക്കുന്നു. ഫറോവയുടെ കൊട്ടാരത്തിൽ വിശ്വാസമാറ്റം വന്ന സാഹിറുകൾ നടത്തിയ ആ പ്രഖ്യാപനമില്ലേ: 'നീ വിധിക്കുന്നത് ഭൂമിയിൽ മാത്രമാണ്'!' ആകാശലോകത്തു നിന്നുള്ള വിധിയെക്കുറിച്ച ഈ ബോധ്യം, ഏതു ഫറോവയെ നേരിടാനും സത്യവിശ്വാസിക്ക് ധൈര്യം നൽകുന്നു. ഇസ്്ലാമിന്റെ അടിസ്ഥാന നിയമ ശാസനകളെപ്പോലും നിരാകരിക്കുന്ന, ഹിജാബ് നിരോധം മുതൽ ഇനിയും വരാൻ സാധ്യതയുള്ള ഭൗതിക കോടതികളുടെ വിധികൾ, വിശ്വാസികളെ തളർത്താതിരിക്കുന്നതും ആകാശലോകത്തിന്റെ വിധിയിൽ വിശ്വസിക്കുന്നതുകൊണ്ടാണ്. ആ വിശ്വാസത്തിന്റെ വിളംബരമാണ് അല്ലാഹു അക്ബർ.
ദൈവം അതിരുകളില്ലാതെ സൃഷ്ടിച്ച അതിവിശാലമായ ഈ ഭൂഗോളത്തിൽ, കൃത്രിമമായ അതിർവരമ്പുകൾ വരച്ച്, ഒരു കഷ്ണം ഭൂമി കാൽക്കീഴിലൊതുക്കി, ദേശീയതയുടെ അതിരുകൾക്ക് വംശീയതയുടെ വേലി കെട്ടി, മണ്ണിന്റെ മക്കൾ വാദം മുഴക്കി, മറ്റു ചിലരെ ഈ ഭൂകഷ്ണത്തിൽ നിന്ന് ആട്ടിയോടിക്കാൻ തുനിയുന്നവരേ, അനന്ത വിസ്തൃതമായ ആകാശത്തിന്റെ ഉടയവനെ അതിജയിക്കാൻ നിങ്ങൾക്കാവില്ല എന്നുകൂടി പറയുന്നുണ്ട് ഈ അല്ലാഹു അക്ബർ. അടിച്ചമർത്തപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ജനതകൾക്ക് ആധിപത്യം കൈവരുന്ന ഒരു നാൾ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട് (അൽ ഖസ്വസ്വ്് 4-6).
ആ വിജയ ദിനത്തിലും മുഴങ്ങിക്കേൾക്കുന്ന അല്ലാഹു അക്ബർ തന്നെയാണ് ഈദിലും ഉയർന്നു കേൾക്കുന്നത്.
മൂന്ന്, റമദാനിൽ അല്ലാഹുവാണ് മനസ്സിൽ നിറയുന്നത്. നോമ്പ് അല്ലാഹുവിന് മാത്രം, പ്രാർഥനകൾ, പ്രതീക്ഷകൾ, ഭയം അവന് മാത്രം. മറ്റെല്ലാ ഭൗതിക ശക്തികളോടുമുള്ള ഭയം സത്യവിശ്വാസിയുടെ മനസ്സിൽനിന്ന് എടുത്തു മാറ്റപ്പെടുന്നു. ദൈവ വിരുദ്ധമായ ഏതൊന്നിനെക്കുറിച്ചുമുള്ള ഭയത്തിൽനിന്ന് മുക്തമാവുക എന്നതാണ് പോരാട്ട ഭൂമിയിൽ വിശ്വാസിയുടെ ഏറ്റവും വലിയ ശക്തി.
റമദാനിലെ സുജൂദുകൾ വിശേഷിച്ചും സത്യവിശ്വാസിയുടെ മനസ്സിൽനിന്ന് ഭൗതിക ഭയങ്ങളെയെല്ലാം പിഴുതു മാറ്റിയിട്ടുണ്ട്. എന്നിരിക്കെ, പിന്നീടവർ തോറ്റു പോവുകയില്ല തന്നെ. ഭൗതിക ശക്തികളെ ഭയപ്പെടണമെന്ന് ചിലർ താക്കീതു നൽകിയപ്പോൾ, വിശ്വാസത്തിന്റെ കരുത്ത് കൂടിക്കൂടി വന്ന ആദർശ സമൂഹമാണ് റമദാൻ കടന്ന് ഈദുൽ ഫിത്വ്്റിൽ ആഘോഷാരവം മുഴക്കുന്നത്.
ഭയം ഭരിക്കാത്ത ഈ ദൃഢമനസ്സുകളെ പരാജയപ്പെടുത്താൻ ആർക്ക് കഴിയും? ബദ്റിൽ വിജയിച്ചു വന്ന ജനതയാണ്, ഇസ്്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഈദുൽ ഫിത്വ്്ർ ആഘോഷിച്ചത്!
"ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ഒരുമിച്ചിരിക്കുന്നു; അവരെ ഭയപ്പെടണം എന്നു ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വർധിപ്പിക്കുകയാണ് ചെയ്തത്. 'അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റവും നല്ലത് അവനത്രെ' (ആലു ഇംറാൻ 173).
നാല്, മുന്നൊരുക്കവും ദീർഘ ദൃഷ്ടിയോടെയുള്ള കർമങ്ങളുമായിരുന്നു റമദാനിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് മാസം മുമ്പേ റമദാനിനെ വരവേൽക്കാനുള്ള പ്രാർഥനകൾ ആരംഭിക്കുന്നു, വ്രതമാസത്തോട് അടുത്ത നാളുകളിൽ ഒരുക്കങ്ങൾ കൂടുതൽ സജീവമാകുന്നു. സകാത്തുൽ ഫിത്വ്്ർ നൽകാനുള്ള മുന്നൊരുക്കവും നേരത്തെ നടത്തിയിട്ടുണ്ട് നാം. നന്മയെ സ്വീകരിക്കാനുള്ള ഈ മുന്നൊരുക്കം, സാമൂഹിക ഭീഷണിയായ തിന്മകളെ പ്രതിരോധിക്കാനും ഉണ്ടാകണം എന്നതാണ് റമദാൻ വിശ്വാസിക്ക് നൽകിയ പാഠം. അത് പയറ്റിത്തെളിയിക്കാനുള്ള കർമ ഭൂമിയിലേക്കാണ് ഈദുൽ ഫിത്വ്്റോടെ മുസ്്ലിം ഉമ്മത്ത് പ്രവേശിക്കുന്നത്. ആപത്ത് വന്നു പതിച്ച ശേഷം വിലപിക്കുന്ന സമൂഹമാകരുത് മുസ്്ലിംകൾ; വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടിക്കണ്ട് മറികടക്കാൻ ആവശ്യമായത്രയും മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്.
മനുഷ്യന്റെ കണക്കനുസരിച്ച്, എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം സംഭവിക്കാനിരിക്കുന്ന പരലോകത്തെ പ്രതിഫലം മുൻനിർത്തിയാണ് ഒരു മാസത്തെ ഈ സൽക്കർമങ്ങളത്രയും. നാളത്തെ വിജയമാണ് നാം ലക്ഷ്യമാക്കുന്നത്. നാളെയെക്കുറിച്ച ദീർഘ ദൃഷ്ടി ഇസ്്ലാമിക സമൂഹത്തിന്റെ കർമ പദ്ധതികൾ രൂപപ്പെടുത്തുന്നതിൽ നിർണായകമാകണം എന്നുകൂടി ഇത് പഠിപ്പിക്കുന്നുണ്ട്. ദീർഘകാല പദ്ധതികളുള്ള ഒരു സമൂഹം, സമകാലിക പ്രതിസന്ധികൾക്കു മുമ്പിൽ പകച്ചു നിൽക്കേണ്ടിവരില്ല. ദൈനംദിന ക്യത്യതയുള്ള നമസ്കാരവും, വാർഷിക ആസൂത്രണങ്ങൾ ആവശ്യപ്പെടുന്ന സകാത്ത് - നോമ്പ് - ഹജജ് തുടങ്ങിയവയും, ആരാധനകളുടെ നിയമം മാത്രമല്ല, സാമൂഹിക സംസ്കാരം കൂടി പഠിപ്പിക്കുന്നുണ്ട്. ആസൂത്രിതമായ അജണ്ടകളുള്ള ജനതയാവുക എന്നതും ഇവയുടെ പാഠങ്ങളിൽ പെടുന്നു.
അഞ്ച്, ആത്മവിചാരണയായിരുന്നു റമദാനിൽ സത്യവിശ്വാസിയുടെ ഒരു അജണ്ട. കർമങ്ങളുടെ കണക്കെടുത്ത്, തെറ്റുകൾ തിരുത്തി, നന്മകളിൽ മത്സരിച്ച് മുന്നോട്ടു പോകണമെന്നാണ് റമദാൻ പഠിപ്പിച്ചത്. വ്യക്തിയുടെ ആത്മവിചാരണ സ്വയം ശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. എന്നാൽ, വ്യക്തിനിഷ്ഠം മാത്രമല്ല, സാമൂഹികം കൂടിയാണ് ഇഹ്തിസാബ്.
മുസ്്ലിം സമുദായാംഗങ്ങളെ ആത്മപരിശോധനക്ക് ഉദ്ബോധിപ്പിക്കുന്ന, നേതാക്കളും പ്രഭാഷകരും സംഘടനകളും കൂട്ടായ്മകളും സ്വയംവിചാരണക്ക് വിധേയമാകേണ്ടതുണ്ട്. ഇസ്്ലാമിക പ്രവർത്തന രംഗത്തെ നയനിലപാടുകളിലെ തെറ്റുകൾ തിരുത്തേണ്ടതുണ്ട്. റമദാനിലെ വിവിധ പ്രവർത്തനങ്ങൾക്ക് വലിയ സാമൂഹിക മാനങ്ങളുണ്ടെങ്കിൽ, ആത്മവിചാരണക്കും സാമൂഹികതയുണ്ടാകണം. മാറ്റങ്ങൾ വ്യക്തിനിഷ്ഠം മാത്രമാകരുത്, സാമൂഹികവുമാകണം. വ്യക്തികളെ മാറ്റത്തിനു വേണ്ടി ഉദ്ബോധിപ്പിച്ച പ്രഭാഷകരും നേതാക്കളും സംഘടനകളും സ്വയം വിചാരണക്ക് വിധേയമാകാനും തെറ്റുകൾ തിരുത്താനും, കാലം തേടുന്ന മാറ്റങ്ങൾക്ക് വിധേയമാകാനും തയ്യാറാകേണ്ടതുണ്ട്. വ്യക്തികൾ വിജയിക്കുകയും സംഘടനകൾ സ്തംഭിച്ചു നിൽക്കുകയും സമൂഹം പ്രതിസന്ധികളുടെ കയത്തിൽനിന്ന് കരകയറാനാവാതെ ശ്വാസം മുട്ടുകയും ചെയ്യുന്നത് ഒരു ജനതയെ സംബന്ധിച്ച് ഒട്ടും ശുഭകരമല്ല.
ആറ്, റമദാൻ കൃത്യനിഷ്ഠയോടെയുള്ള കർമോത്സുകതയുടെ മാസമാണ്. അത്താഴം മുതൽ തറാവീഹ് വരെ, ഓതിത്തീർക്കുന്ന ഖുർആൻ പാഠങ്ങൾ മുതൽ കൊടുത്തു തീർക്കുന്ന ദാനധർമങ്ങൾ വരെ സമയ നിഷ്ഠ പാലിച്ചായിരിക്കാൻ നാം ബദ്ധശ്രദ്ധരാണ്. ഈദ് നമസ്കാരത്തിന് മുമ്പും ശേഷവുമുള്ള സകാത്തുൽ ഫിത്വ്്റിന് രണ്ട് പരിഗണനയും പ്രതിഫലവുമാണ്.
കാലബോധവും സമയനിഷ്ഠയും പാലിച്ച് കർമ നൈരന്തര്യം കാത്തുസൂക്ഷിക്കുകയെന്നത്, പ്രതിസന്ധികളെ മറികടക്കാനും വിജയിക്കാനും അനിവാര്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ അതിജീവന പോരാട്ടങ്ങൾക്ക്, നിരാശ ബാധിക്കാത്ത പതിറ്റാണ്ടുകളുടെ ദൈർഘ്യം ആവശ്യമായേക്കാം. അവിടെ പിടിച്ചുനിൽക്കാനുള്ള ഉൾക്കരുത്തു കൂടി റമദാനിൽനിന്ന് മുസ്്ലിം ലോകം ആർജിച്ചിട്ടുണ്ടാകണം. ഇല്ലെങ്കിൽ നിരാശയുടെ കാർമേഘങ്ങൾ വന്ന് ഇസ്്ലാമിന്റെ ചന്ദ്രോദയത്തെ മറച്ചുകളയും (യൂസുഫ് 110). ഈ നിരാശകളെ അതിജയിക്കാനുള്ള ഉൾക്കരുത്തിന്റെ ഊർജപ്രവാഹമാണ് ഈദുൽ ഫിത്വ്്റിലെ അല്ലാഹു അക്ബർ.
ഏഴ്, ത്യാഗമായിരുന്നു റമദാനിന്റെ മുഖമുദ്ര. ഭക്ഷണം, ഉറക്കം തുടങ്ങി പലതും ത്യജിക്കാൻ സത്യവിശ്വാസി പരിശീലിക്കുകയുണ്ടായി. ദീർഘനേരം നിന്ന് നമസ്കരിച്ചു. പ്രിയപ്പെട്ട പലതും മടിയേതുമില്ലാതെ മാറ്റിവെച്ചു. പത്തുനാൾ മറ്റെല്ലാറ്റിനും അവധി കൊടുത്ത് പള്ളിയിൽ ധ്യാനനിമഗ്നനായി (ഇഅ്തികാഫ്). അല്ലാഹുവിന്റെ മാർഗത്തിൽ എന്തും ത്യജിക്കാനുള്ള കരുത്ത് റമദാനിലൂടെ നേടിക്കഴിഞ്ഞ വിശ്വാസിക്ക്, നീതിയുടെ മാർഗത്തിലുള്ള പോരാട്ടത്തിന് പാകതയും സഹനശേഷിയും കൈവന്നിരിക്കും. ത്യാഗത്തിന് തയാറാവുന്നവർക്ക് മാത്രമുള്ളതാണ് പരലോക വിജയം.
ഇഹലോക വിജയവും അങ്ങനെത്തന്നെയാണെന്നതിന് ഇസ്്ലാമിന്റെ ചരിത്രം സാക്ഷി. ആ ചരിത്രത്തെ വർത്തമാനത്തിൽ ആവിഷ്കരിക്കാനുള്ള ദൃഢനിശ്ചയം കൂടിയാണ് ഈദുൽ ഫിത്വ്്റിലെ അല്ലാഹു അക്ബർ.
എട്ട്, ആത്മശുദ്ധീകരണത്തിലൂടെ നേടിയെടുക്കുന്ന ധാർമികതയുടെ കരുത്ത് (തഖ്്വ) നോമ്പിന്റെ കാമ്പാണ്. ഒരു വ്യക്തിക്ക്, സമുദായത്തിന് ലോകത്തിന് മുമ്പിൽ എഴുന്നേറ്റു നിൽക്കാൻ ശേഷി നൽകുന്നതിൽ പ്രധാനമാണ് ധാർമികമായ കരുത്ത്.
സാമൂഹിക പോരാട്ടങ്ങളിൽ നെഞ്ചുറപ്പോടെ നിൽക്കാൻ, ഉൾക്കരുത്തുള്ള വ്യക്തിത്വങ്ങളെ റമദാൻ വാർത്തെടുക്കുന്നു. ഇസ്്ലാമിന്റെ പ്രതിയോഗികളുടെ ധിക്കാരമനസ്സും, സത്യവിശ്വാസികളുടെ ധാർമിക കരുത്തും അല്ലാഹുവിനുള്ള സമർപ്പണവുമാണ് മുസ്്ലിം ഉമ്മത്തിന്റെ വിജയനിദാനമെന്ന് ഉമറുബ്്നുൽ ഖത്ത്വാബ് ഒരു പോരാട്ടവേളയിൽ സൈന്യാധിപൻ സഅ്ദിന് നൽകിയ ഉദ്ബോധനം ഓർക്കുക.
ഒമ്പത്, ഇബ്്ലീസിനെ പരാജയപ്പെടുത്തിയ റമദാൻ മാസം പിന്നിട്ടാണ് ഈദ് ആഘോഷിക്കുന്നത്. തിന്മകൾക്കെതിരായ പോരാട്ടത്തിൽ സത്യവിശ്വാസിയുടെ ആവേശമാകണം ഇത്. കാരണം, ഇന്നും എന്നും ലോകത്തെ അക്രമങ്ങളാൽ നിറച്ചത്, വംശീയതയും തദടിസ്ഥാനത്തിലുള്ള ആധിപത്യ മോഹങ്ങളുമാണ്. അനീതിയുടെ ഒരു അടിസ്ഥാനവും ഈ വംശീയത തന്നെ. നീതി ഉദ്ഘോഷിക്കുന്ന ഖുർആനിക ദർശനമാണ് റമദാനിന്റെ പൊരുൾ. ഖുർആനിലൂടെയുള്ള ജീവിതമാണ് റമദാനിൽ പരിശീലിക്കുന്നത്.
നീതിയും അനീതിയും തമ്മിലുള്ള സംഘർഷത്തിന്റെ ചരിത്രം ഖുർആൻ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. ഖുർആനിൽനിന്ന് ലഭ്യമാകുന്ന ചരിത്ര ബോധവും പോരാട്ട വീര്യവും സത്യവിശ്വാസിയെ ഒരു പ്രതിസന്ധി ഘട്ടത്തിലും ഒരിക്കലും നിരാശനാക്കുകയില്ല.
പത്ത്, റമദാനിലെ അനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്ത സത്യവിശ്വാസികൾ, അല്ലാഹുവിന്റെ സഹായത്തിന് അർഹരായിത്തീരുന്നു. അല്ലാഹു കൂടെയുള്ള, അവന്റെ സഹായം ലഭിക്കുന്ന ഒരു ജനതയെ മറ്റാർക്കാണ് ലോകത്ത് പരാജയപ്പെടുത്താനാവുക.
റമദാൻ വിജയകരമായി പൂർത്തീകരിച്ചവർ നരകത്തിൽ പ്രവേശിക്കുകയില്ല എന്നത് പരലോകത്തെ നേട്ടമാണെങ്കിൽ, വ്രതമാസ വിശുദ്ധിയിൽ പ്രാർഥന സ്വീകരിക്കപ്പെടാൻ സാമൂഹികമായി അർഹത നേടിയ ഒരു ജനത, ആർക്കു മുമ്പിലും തോൽക്കില്ല എന്നത് റമദാൻ വഴി കരഗതമാകുന്ന ഐഹിക നേട്ടമാണ് (അത്തൗബ 32-33).
ഇസ്്ലാമിക സമൂഹം ഉറക്കെപ്പറഞ്ഞ അല്ലാഹു അക്ബർ ധീരതയുടെ, നിർഭയത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. അല്ലാഹുവിനെ മാത്രം ഭയന്നപ്പോഴാണ്, മൂന്നിരട്ടിയുള്ള ഖുറൈശിക്കൂട്ടത്തെ മുസ്്ലിംകൾ ഭയക്കാതിരുന്നത്.
നിർഭയത്വത്തിന്റെ ഈ സമവാക്യം തന്നെയാണ് വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ഇന്ന് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. മുഹമ്മദ് നബിയും മുസ്്ലിം സമൂഹവും ബദ്റിൽ നടത്തിയ പ്രാർഥനകൾക്ക്, അല്ലാഹു വളരെ പെട്ടെന്ന് ഉത്തരം നൽകി, അല്ലാഹുവിന്റെ സഹായം ആകാശത്തിന്റെ വാതിലുകൾ തുറന്ന് മണ്ണിലേക്കിറങ്ങി. പ്രപഞ്ചനാഥന്റെ ഈ സഹായമായിരുന്നു ബദ്റിലെ വിജയരഹസ്യം; എക്കാലത്തും മുസ്്ലിം ഉമ്മത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ അടിസ്ഥാനവും. ആകാശത്തുനിന്ന് ഉത്തരം ലഭിക്കാൻ അവകാശപ്പെട്ട പ്രാർഥനയും, സഹായത്തിന് അർഹമായ പ്രവർത്തനങ്ങളുമുള്ള മുസ്്ലിം ഉമ്മത്ത് അതിജീവിക്കുക തന്നെ ചെയ്യും. നമുക്കതുണ്ടോ എന്ന ആത്മവിചാരണാപരമായ ചോദ്യമാണ് ബദ്്ർ സ്മരണയും ഈദുൽ ഫിത്വ്്റും ഉയർത്തുന്നത്.
അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്. l
Comments