Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 21

3299

1444 റമദാൻ 30

അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്

എം.ഐ അബ്ദുല്‍ അസീസ്

അല്ലാഹുവാണ് വലിയവന്‍,  അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും- ആര്‍ത്തലച്ചുവരുന്ന പ്രതിസന്ധികളിലും ആഹ്ലാദത്തിന്റെ പെരുമഴക്കാലത്തും അല്ലാഹുവിന്റെ ദയാവായ്പിലാണ് ആരുടെയും ജീവിതം പുലരുന്നത്. അതിനാല്‍, അവന് വിധേയപ്പെട്ടേ പറ്റൂ. ഇത് സ്വന്തം ജീവിതത്തില്‍ ദൃഢീകരിക്കാനുള്ള പരിശ്രമത്തിലായിരുന്നു വിശ്വാസികളെല്ലാം തന്നെ. അതിന്റെ വിജയപ്രഖ്യാപനമാണ് ഈദുല്‍ ഫിത്വ്്ർ.
തന്റെ ഇഛകളെ അടക്കിയിരുത്തി അല്ലാഹുവിന്റെ ഇഷ്ടത്തെ പുല്‍കണം, തന്റെ അത്യാവശ്യങ്ങളെക്കാള്‍ അപരന്റെ ആവശ്യങ്ങളെ കാണണം, രാത്രികളില്‍ പ്രപഞ്ചനാഥനോട് കൂട്ടുകൂടണം, ഈമാനും ഇഹ്‌സാനും തഖ്്വയും സ്വബ്‌റും ജീവിതത്തില്‍ നിറക്കണം, പുനരുത്ഥാന നാളില്‍ അവന്റെ തൃപ്തിയും സ്വര്‍ഗവും നേടണം- റമദാനില്‍ നാം ലക്ഷ്യമിട്ടതില്‍ അല്ലാഹു സംതൃപ്തനായിരിക്കുന്നു എന്ന അറിയിപ്പാണ് ഈദുല്‍ ഫിത്വ്്ർ.
തക്ബീര്‍ അല്ലാഹുവിനുള്ള സമ്പൂര്‍ണ വിധേയത്വത്തിന്റെ പ്രഖ്യാപനമാണ്. അധികാരം വാഴുന്ന ദൈവേതര ശക്തികളോടുള്ള പുറംതിരിഞ്ഞു നില്‍ക്കലും സമര പ്രഖ്യാപനവും കൂടിയാണത്. നിഷേധികളുടെ കൂത്താട്ടം നിന്നെ വഞ്ചിതനാക്കാതിരിക്കട്ടെ എന്നാണല്ലോ അല്ലാഹുവിന്റെ മുന്നറിയിപ്പ്. അത്തരം കൂത്താട്ടങ്ങൾ പെട്ടെന്ന് കെട്ടടങ്ങും എന്നുകൂടിയാണ് തക്ബീര്‍ അര്‍ഥമാക്കുന്നത്. അല്ലാഹുവിന്റെ നടപടിക്രമങ്ങൾക്ക് മുന്നിൽ അവയൊക്കെയും തകർന്നടിയാനുള്ളതാണ്. അനീതിയുടെയും അധര്‍മത്തിന്റെയും അക്രമത്തിന്റെയും വംശീയതയുടെയും അശ്ലീലതയുടെയും ലോകക്രമത്തോട് പൊരുതി നില്‍ക്കാനുള്ള ആഹ്വാനം കൂടിയാണ് ഈദുല്‍ ഫിത്വ്്ർ.
റമദാന്‍ അവസാനിക്കുന്നതോടെ  സകാത്തുല്‍ ഫിത്വ്്ർ നിര്‍ബന്ധമാകുന്നു. റമദാനിലെ പുണ്യകര്‍മങ്ങൾ സ്വീകരിക്കപ്പെടണമെങ്കില്‍ ബാധ്യതപ്പെട്ടവര്‍ സകാത്തുല്‍ ഫിത്വ്്ർ നല്‍കിയിരിക്കണം. ധനികർ മാത്രമല്ല, പെരുന്നാൾ ദിനത്തിലെ ചെലവ് കഴിച്ച് മിച്ചമുള്ളവരും അത് നൽകിയിരിക്കണമെന്നാണ് ഇസ്്ലാമിന്റെനിർദേശം. ഭൂമിയിലെ സുഭിക്ഷതയെയും പരലോകത്തെ മോക്ഷത്തെയും പരസ്പരം ബന്ധിപ്പിക്കുകയാണ് ഫിത്വ്്ർ സകാത്ത് എന്ന മഹത്തായ ദാനധർമത്തിലൂടെ..
പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കുന്ന സന്ദര്‍ഭമാണ് പെരുന്നാള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്ന പരസഹസ്രം സഹോദരങ്ങളുണ്ട്, പീഡനമേറ്റുവാങ്ങുന്നവരും തടവറകളിലടക്കപ്പെട്ടവരുമുണ്ട്. പിന്നെ ലോകത്തോട് യാത്ര പറഞ്ഞുപോയ നമ്മുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹ പ്രവർത്തകർ. ഇവരെല്ലാവരും നമ്മുടെ പ്രാര്‍ഥനകളില്‍ ഇടം പിടിക്കണം.
വിശ്വാസത്തിന്റെ ഭാഗമായിരിക്കുമ്പോഴും ആഘോഷങ്ങള്‍ക്ക് അവയെ കവിഞ്ഞു നില്‍ക്കുന്ന തലമുണ്ട്, ഇസ്‌ലാമിലെ ആഘോഷങ്ങള്‍ക്ക് പ്രത്യേകിച്ചും. അത് മനുഷ്യ സാഹോദര്യത്തെയും വിശ്വമാനവികതയെയുമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എല്ലാ വിവേചനങ്ങളെയും അത് നിരാകരിക്കുന്നു. ചെറിയ പെരുന്നാളിന്റെ ഈ സന്ദേശം നമ്മുടെ സഹോദര സമുദായങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും എത്തണം. അത് മാനവരാശിയുടെ കരുത്തും കരുതലുമാണ്; നിലനിൽപിന്റെ ആധാരമാണ്.
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍- അല്ലാഹു നമ്മില്‍നിന്ന് സൽക്കർമങ്ങൾ, സദുദ്യമങ്ങൾ എല്ലാം സ്വീകരിക്കുമാറാകട്ടെ. l

Comments