Prabodhanm Weekly

Pages

Search

2023 ഏപ്രിൽ 21

3299

1444 റമദാൻ 30

ഇന്ത്യാ ചരിത്രത്തിലേക്ക് നവ ആര്യാധിനിവേശം

യാസീൻ വാണിയക്കാട്

സിലബസുകൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതാണ് എന്നതിൽ  രണ്ടഭിപ്രായമില്ല. എന്നാൽ, നിഷ്കാസനമാണ് പരിഷ്കരണമെന്ന പേരിൽ നടക്കുന്നതെങ്കിലോ? വലതുപക്ഷ, ആര്യ ഹിന്ദുത്വയുടെ കർതൃത്വത്തിൽ നടക്കുന്ന വ്യാജ ചരിത്രനിർമിതിയും അതിനെ പാഠപുസ്തകത്തിലേക്ക് തിരുകിക്കയറ്റലും തങ്ങൾക്ക് അനഭിമതമായത് വെട്ടിമാറ്റലും രാജ്യത്തിനേൽപിക്കുന്ന പരിക്ക് നിസ്സാരമല്ല. ഫാഷിസ്റ്റ് ചിന്താഗതിയിൽ വാർത്തെടുത്ത 'ചരിത്രങ്ങൾ'ക്ക് പാഠപുസ്തകങ്ങളിൽ ഇടംനൽകുന്നതും അവർക്ക് സ്വീകാര്യമല്ലാത്തതെല്ലാം കത്രിക വെക്കുന്നതും രണ്ടാം മോദി സർക്കാറിന്റെ ദിനചര്യയായി മാറിയിരിക്കുന്നു.
കുട്ടികളുടെ പഠനഭാരം കുറക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചില പാഠഭാഗങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നതെന്നാണ് ദേശീയ സിലബസ് കൗൺസിലായ NCERT (National Council of Educational Research and Training)യുടെ വാദം. പക്ഷേ, വെട്ടിനിരത്തിയത് എന്തൊക്കെ,  ഇന്ത്യൻ ചരിത്രസൗധത്തിൽ നിന്ന് അടർത്തിമാറ്റുന്ന കല്ലുകൾ ഏതൊക്കെ, ആ പഴുതിൽ പ്രതിഷ്ഠിക്കുന്നതെന്തൊക്കെ എന്ന് പരിശോധിക്കുമ്പോഴാണ്, അത്ര നിഷ്കളങ്കമല്ല ഈ കരുതലും സഹാനുഭൂതിയുമെന്ന് തിരിച്ചറിയുക. കുട്ടികളുടെ പഠനഭാരമല്ല, നേര് പഠിക്കുന്ന കുട്ടികളുടെ ഭാരമാണ് ഇന്ന് രാജ്യത്തിന് താങ്ങാനാവാത്തത്! നേരിനൊപ്പം വളരുന്ന അവരുടെ ചിന്താവ്യാപ്തിയും ജ്ഞാനവികാസവുമാണ് ഭാരമാകുന്നത്. വിദ്വേഷ രാഷ്ട്രീയത്തോട്, ഹിംസയുടെ പ്രത്യയശാസ്ത്രങ്ങളോട് തിടംവെക്കുന്ന വിരലുകൾ ചൂണ്ടി നാളെയവർ ചോദിക്കാനിരിക്കുന്ന ചോദ്യങ്ങളാണ് ഭാരമാകുന്നത്. ചരിത്രം പഠിച്ചിറങ്ങുന്ന വിദ്യാർഥിസമൂഹം തീവ്ര വലതുപക്ഷ ഭരണകൂടത്തിന്റെ 'ശല്യ'ക്കാരാണെന്നത് ഇന്നേവരെ തിരുത്താനാവാത്ത മറ്റൊരു ചരിത്രം.
ഗാന്ധിയുടെ നെഞ്ച് തുളച്ച വെടിയുണ്ടയുടെ പിന്നിലെ കരങ്ങളെക്കുറിച്ച് പാഠപുസ്തകങ്ങൾ സംസാരിച്ചാൽ ആർക്കാണ് നോവുക?  മുസ്്ലിം- ഹിന്ദു മൈത്രിക്ക് വേണ്ടി അദ്ദേഹം അഹോരാത്രം പണിയെടുത്തിരുന്നു എന്ന അറിവ് വിദ്യാർഥികളിലേക്ക് പകർന്നാൽ വിദ്വേഷരാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ആർക്കാണ് ആശങ്കയുണ്ടാവുക? ഗോഡ്സെ എന്ന ഘാതകനെ തുറന്നുകാട്ടിയാൽ ആരുടെ ഉടുവസ്ത്രമാണ് അഴിഞ്ഞുപോവുക? ഗുജറാത്ത് വംശഹത്യയുടെ നാൾവഴികളെക്കുറിച്ച് തുടർപഠനത്തിന് പ്രചോദിപ്പിക്കുന്ന നന്നച്ചുരുങ്ങിയ ഒരു ഖണ്ഡികയെങ്കിലും പാഠപുസ്തകത്തിൽ എഴുന്നുനിന്നാൽ ആരെയാണത് അലോസരപ്പെടുത്തുക? മുഗൾ ഭരണകാലത്തിന്റെ എട്ടു നൂറ്റാണ്ട് കാലത്തെ നീൾച്ച ഇന്ത്യൻ ചരിത്രത്തിന്റെ സുവർണകാലഘട്ടമാണെന്ന് ഭാവിതലമുറ വായിച്ചു പഠിച്ചാൽ ആർക്കാണത് അഹിതകരമാവുക? സ്വാതന്ത്ര്യ പൂർവ കോൺഗ്രസ്സിനെക്കുറിച്ച് പാഠപുസ്തകങ്ങൾ വിദ്യാർഥി സമൂഹത്തോട് സംവദിച്ചാൽ ആരിലാണ് കോപാഗ്നി തിളക്കുക? ദലിത് പ്രസ്ഥാനങ്ങളെക്കുറിച്ചും മുഖ്യധാരയിലേക്കുള്ള അവരുടെ ചുവടുകളെക്കുറിച്ചും പരാമർശിച്ചാൽ ആർക്കാണ് നെഞ്ചെരിച്ചിൽ ഉണ്ടാവുക...? ചരിത്രവായന നടത്തുന്ന വിദ്യാർഥിസമൂഹത്തിന്റെ 'വഴിപിഴക്ക'ലിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് കുട്ടികളുടെ പഠനഭാരമിറക്കുക എന്ന വ്യാജേന പാഠപുസ്തകങ്ങളിലേക്ക് മൂർച്ചയുള്ള കത്രിക നീട്ടുന്നത്.
പാഠപുസ്തകങ്ങൾ ഒരു ഗർഭ അറയാണ്. അതിന്റെ സുരക്ഷിതത്വത്തിൽ ജ്ഞാനവളർച്ച പ്രാപിച്ച് പുറത്തുവരുന്നവരാണ് രാജ്യത്തിനും സമൂഹത്തിനും ജനാധിപത്യത്തിനും മാനവികതക്കും പൗരനെന്ന നിലക്ക് സംഭാവനയാവുക. അരാഷ്ട്രീയവത്കരിക്കപ്പെടുന്ന ജനതയെ ഗർഭം ധരിക്കാൻ പാഠപുസ്തകങ്ങളെ സജ്ജമാക്കുക എന്നതാണോ നിലവിലെ ഭരണകൂടത്തിന്റെ അജണ്ട? അവരെ ഭരിക്കുക ആയാസരഹിതമാണ്. താറാപറ്റങ്ങളെപ്പോലെ ഒരൊറ്റ ദിശയിലേക്ക് ആട്ടിത്തെളിക്കുക വിയർപ്പു പൊടിയാത്ത പണിയാണ്. ജനാധിപത്യത്തിനു കീഴിലാണ് എന്ന് ധരിപ്പിച്ച് ഏകാധിപത്യത്തിന് കീഴിൽ അനുസരണശാലികളാക്കി വളർത്തിയെടുക്കുക ക്ലേശരഹിതമാണ്.
'ആര്യന്മാർ ആദി ഭാരതീയരാണ്' എന്ന പൊള്ളയായ സവർണ ആഖ്യാനങ്ങൾ പഠിക്കാൻ ഇനി മുതൽ നിർബന്ധിതരാകുന്ന പഠിതാക്കളുടെ മനോമുകുരത്തിൽ മറ്റുള്ളവരെല്ലാം വൈദേശികരോ അധിനിവേശക്കാരോ ആണെന്ന വ്യാജത്തിന് സ്ഥിരപ്രതിഷ്ഠ ലഭിക്കുകയാണ്. ആര്യ വലതുപക്ഷം കാലങ്ങളായി സ്വപ്നം കണ്ടതും ഇതിനു വേണ്ടിയാണ്. രണ്ടാംകിട പൗരന്മാരെയോ ഭാരതത്തിനുള്ളിലെ അഭാരതീയരെയോ സൃഷ്ടിക്കാൻ പാഠപുസ്തകങ്ങൾ നല്ലൊരു ടൂളാണ്.  അതിന് NCERT യെയും CBSC യെയും തങ്ങളുടെ ഇംഗിതങ്ങൾക്ക് വഴങ്ങുന്ന കളിപ്പാവകളായി പരിവർത്തിപ്പിച്ചെടുക്കാൻ ഭരണത്തുടർച്ച നൽകിയ സാധ്യതകളെ ദുരുപയോഗിക്കുകയാണ് സംഘ് പരിവാർ. ഹിന്ദുത്വ ഭരിക്കുന്ന കർണാടകയിൽ ഗുജറാത്തിനെ അനുകരിച്ച് വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം ദ്രുതഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗുജറാത്തിലത് എൺപതുകളിൽ തന്നെ തുടക്കം കുറിച്ചിരുന്നു. ആ സംസ്ഥാനത്ത് നടമാടുന്ന ഭീകരമായ വംശഹത്യകൾ, ഉഴുതുമറിക്കപ്പെട്ട പാഠപുസ്തകത്തിന്റെ 'സംഭാവന'യാണെന്ന് റൊമീല ഥാപ്പർ നിരീക്ഷിക്കുന്നുണ്ട്.
മൈസൂർ രാജാവും സ്വാതന്ത്ര്യ പോരാട്ടത്തിലെ മഹനീയ മാതൃകയുമായ ടിപ്പു സുൽത്താനും ഭഗത് സിങും കർണാടകയിലെ വിദ്യാർഥികൾക്ക് ഇന്നിപ്പോൾ ആരുമല്ലാതായിരിക്കുന്നു. നവോത്ഥാന നായകരായ പെരിയാറിനെയും ശ്രീനാരായണ ഗുരുവിനെയും പാഠപുസ്തകത്തിൽനിന്ന് ഇറക്കിവിട്ടിരിക്കുന്നു. തന്റെ കവിത ഒമ്പതാം ക്ലാസ് പാഠഭാഗത്തിൽനിന്ന് വെട്ടിമാറ്റിക്കൊള്ളൂ എന്ന് കന്നഡ കവി സിദ്ധരാമയ്യ പ്രതിഷേധം പ്രകടിപ്പിച്ചത് പാഠപുസ്തകത്തിന്റെ കാവിവത്കരണത്തിൽ മനംനൊന്താണ്. ടിപ്പു സുൽത്താൻ മതഭ്രാന്തനും ഹിന്ദു വിരുദ്ധനുമാണെന്ന വ്യാജം വാട്സാപ്പിലൂടെയും മറ്റു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലൂടെയും കൃത്യമായ അജണ്ടയോടെ വിതരണം ചെയ്യപ്പെട്ടുകൊണ്ടിരുന്ന അതേസമയത്ത് തന്നെയാണ് ദേശസ്നേഹിയും പോരാളിയുമായ ടിപ്പു പാഠപുസ്തകത്തിൽനിന്ന് നിഷ്കാസനം ചെയ്യപ്പെടുന്നത്.
പ്രാചീന ഇന്ത്യയുടെ പശുമാംസ ഭോജനം, ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നീ രണ്ടുവിഷയങ്ങളെ അധികരിച്ചെഴുതിയ റൊമീല ഥാപ്പറിന്റെ ഗവേഷണ നിരീക്ഷണ ഭാഗങ്ങൾ ഇതിനകം തന്നെ NCERT പാഠപുസ്തകത്തിൽനിന്ന് വെട്ടിനീക്കിയിരുന്നു. ലോകജനതക്ക് മുന്നിൽ നമ്മുടെ രാജ്യം തലകുനിക്കാൻ പോന്ന വിഷയങ്ങളാണ് ഇന്നും നിലനില്‍ക്കുന്ന മാനവിക വിരുദ്ധമായ ജാതിവ്യവസ്ഥയും പശുവിന്റെ പേരിലുള്ള ക്രിമിനലിസവും. രണ്ടിന്റെയും യാഥാർഥ്യത്തെപ്പറ്റിയും അന്തസ്സാര ശൂന്യതയെപ്പറ്റിയും വിദ്യാർഥിസമൂഹം ചിന്തിക്കുകയേ വേണ്ടാ എന്ന് വംശീയത തലക്ക് പിടിച്ച ദേശീയ വിദ്യാഭ്യാസ കൗൺസിൽ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ചരിത്ര പണ്ഡിതയും ലോകം ആദരിക്കുന്ന ഗവേഷകയുമായ റൊമീല ഥാപ്പർ പോലും ഈ കടുംവെട്ടിനെക്കുറിച്ചറിയുന്നത് സംഭവം നടന്നതിന് ശേഷമാണ്.
പാഠപുസ്തകങ്ങളിൽനിന്ന് മുഗൾഭരണ ചരിത്രം മായ്്ചുകളയുമ്പോൾ തന്നെ, സമാന്തരമായി ആ കാലഘട്ടം പണിതുയർത്തിയ സൗധങ്ങളുടെയും നഗരങ്ങളുടെയും തെരുവിന്റെയും പേരുകളും രായ്ക്കുരാമാനം മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പേരുകൾ കേവലം പേരുകളല്ല. അത് ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. ആ പുരാതന ചരിത്രത്തിന്റെ ഉറവിടത്തിലേക്ക് ചികഞ്ഞ് ചെല്ലാനാകാത്തവിധം പേരുകൾ മായ്ക്കപ്പെടുകയോ വ്യാജചരിത്രം പടച്ച് ആ കാലഘട്ടത്തെ വികലമാക്കുകയോ ആണ് വർത്തമാന ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങൾ. ഇതെല്ലാം നടക്കുന്നത് നാം ഉറങ്ങുമ്പോഴല്ല, ഉണർന്നിരിക്കുമ്പോഴാണ് എന്നതാണ് വലതുപക്ഷത്തിന്റെ വിജയത്തിനും ജനാധിപത്യത്തിന്റെ തോൽവിക്കും ആക്കം കൂട്ടുന്നത്.
വല്ലപ്പോഴും ജുഡീഷ്യറിയുടെ കനിവിൽ ജനാധിപത്യത്തിന്റെ ഉണക്കക്കൊമ്പിൽ പച്ചത്തഴപ്പ് കൂമ്പിടുന്നത് നേരിയ ആശ്വാസം. പേര് മാറ്റാനും അതുവഴി ചരിത്രം മായ്ക്കാനും ഇറങ്ങിത്തിരിച്ച ഹിന്ദുത്വ പരിവാറിന് മറക്കാനാവാത്ത കോടതി വ്യവഹാരങ്ങളിൽ ഒന്നായിരുന്നു  ജസ്റ്റിസ് കെ.എം ജോസഫിന്റെയും ബി.വി നാഗരത്നയുടെയും ബെഞ്ചിൽനിന്ന് കിട്ടിയ പ്രഹരം.
ചരിത്രസ്ഥലങ്ങളുടെ പേരുമാറ്റുകയെന്ന വിഷയം സജീവമാക്കി നിർത്തി രാജ്യം തിളപ്പിച്ചു നിർത്തുകയാണോ ഉദ്ദേശ്യമെന്ന സുപ്രീം കോടതിയുടെ മുനവെച്ച ചോദ്യം, എല്ലാ ബെഞ്ചും തങ്ങളുടെ കക്ഷത്തിലെ പാവയല്ല എന്ന് ബോധ്യപ്പെടാൻ നിമിത്തമായിട്ടുണ്ടാകും. പരിവാറിന്റെ ചരിത്ര ധ്വംസനങ്ങൾക്ക് പാരയായേക്കാവുന്ന വിധി എഴുതാൻ കോടതി പേനയെടുക്കുമ്പോൾ ഹരജി പിൻവലിക്കാമെന്ന, കാലിടറുമ്പോൾ മാത്രം പുറത്തെടുക്കുന്ന സ്ഥിരം പല്ലവിയും കോടതി നിരാകരിച്ചു.
ഹരജി തള്ളുക മാത്രമല്ല, 'മതത്തെക്കാൾ രാജ്യം മനസ്സിലുണ്ടാകട്ടെ' എന്ന വാചകം ഉരുവിടുക കൂടിയായപ്പോൾ ഹൃദയത്തിലും പ്രവൃത്തിയിലും രാജ്യമില്ലാത്തവർക്ക് മുന്നിൽ രാജ്യം അൽപനേരമെങ്കിലും തല ഉയർത്തിപ്പിടിച്ചുനിന്നു; മതേതരവിശ്വാസികളുടെ മനസ്സിൽ സുപ്രീം കോടതിയും.
ഹിന്ദുത്വവാദികളുടെ വായിൽ വരുന്നതെന്തോ അതാണിന്ന് ചരിത്രം. അതിന് ശാസ്ത്രീയമായ അടിത്തറയുടെ ആവശ്യമില്ലാതായിരിക്കുന്നു. യുക്തിസഹമോ തെളിവുകളുടെ സാന്നിധ്യമോ പഠന-ഗവേഷണങ്ങളുടെ പിൻബലമോ ആവശ്യമില്ല. പുരാണ കഥയിലെ കഥാപാത്രമായ ഗണപതിയെ ചൂണ്ടി, പ്ലാസ്റ്റിക് സർജറി കണ്ടുപിടിച്ചത് ആധുനിക ശാസ്ത്രമല്ല; വേദകാലഘട്ടമാണെന്ന് നിർലജ്ജം വീമ്പിളക്കുന്നു അധികാരികൾ. വളച്ചൊടിച്ച ചരിത്രമാണ് ഇന്ത്യയിൽ പ്രചാരത്തിലുള്ളത്, അത് മാറ്റിയെഴുതൂ എന്ന് യാതൊരു തത്ത്വദീക്ഷയുമില്ലാതെ ചരിത്രകാരന്മാർക്ക് നിർദേശം കൊടുക്കുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുഷ്പക വിമാനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച്, റൈറ്റ് സഹോദരന്മാരല്ല വേദകാലഘട്ടമാണ് വിമാനം കണ്ടുപിടിച്ചത് എന്ന് ഘോഷിക്കുന്നു കേന്ദ്രമന്ത്രിമാർ.
യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചതും മുഗൾ രാജവംശത്തിന്റെ തിരുശേഷിപ്പുമായ താജ്മഹലിന് മേൽ കാവികുഴച്ച മണ്ണ് വാരിപൊത്തുന്ന പണി നിർബാധം തുടരുന്നു. ബ്രിട്ടീഷ് സേനയുമായി പൊരുതിമരിച്ചെന്ന് ചരിത്രം രേഖപ്പെടുത്തിവെച്ച ടിപ്പു സുൽത്താനെ, ഉറി ഗൗഡ, നഞ്ചഗൗഡ എന്നീ രണ്ടു ഹിന്ദുപോരാളികളുടെ വാളുകളാണ് അരിഞ്ഞുവീഴ്ത്തിയതെന്ന നുണസഞ്ചാരം തുടങ്ങിയിരിക്കുന്നു. ഹിന്ദുവിരുദ്ധത അസഹനീയമായപ്പോഴാണ് ഇന്നേവരെ ചരിത്രം പരാമർശിക്കാത്ത ഗൗഡ സഹോദരന്മാർ ടിപ്പുവിനെ വധിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതത്രെ! അവർക്ക് പ്രതിമ പണിയാനുള്ള പദ്ധതിയുമുണ്ട്. യഥാർഥ ഇന്ത്യൻ ചരിത്രത്തിന് ആയുസ്സെത്ര എന്ന ചോദ്യം മാത്രമാണ് ജനാധിപത്യത്തിന്റെ ചുണ്ടിൽ ഇനി ബാക്കിയുള്ളത്.
ഹിന്ദുത്വ ഫാക്ടറി ബീജാവാപം നൽകിയ ചരിത്രപണ്ഡിതരുടെ തൂലികയാൽ ഇന്ത്യാ ചരിത്രം മാറ്റിയെഴുതൽ പ്രക്രിയ പൂർത്തിയാകുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തിന് സർവവും അർപ്പിച്ചവർ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടും. സവർക്കറടക്കം ബ്രിട്ടീഷ് പാദസേവ ചെയ്തവർക്ക് ധീരസമര പോരാളികളുടെ പട്ടുടയാട ചാർത്തപ്പെടും. ആദിവാസികളും വനവാസികളും ന്യൂനപക്ഷ സമുദായങ്ങളുമടക്കം അധിനിവേശക്കാരും, യഥാർഥ അധിനിവേശക്കാരായ ആര്യന്മാർ ഭാരതഭൂമിയിലെ ആദിമ ജനതയുമാകും. യഥാർഥ ചരിത്രത്തിന്റെ ശവദാഹത്തിന് മിത്തുകൾ റീത്തുമായി വരിനിൽക്കും. ജനാധിപത്യത്തിന്റെ മരണമണി അന്ന് ഏറെ ഉച്ചത്തിൽ മുഴങ്ങും. ഇന്ത്യ തന്റെ ജനതയെയുംകൊണ്ട് പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങും. l

Comments