Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

മുഹമ്മദ് നബിയുടെ ഹജ്ജ് നിര്‍വഹണങ്ങള്‍

വി.കെ ജലീല്‍

നിരീക്ഷണം /


(വി.കെ ജലീല്‍ അവസാനമെഴുതിയ 
ലേഖനങ്ങളിലൊന്ന്)


തിരുദൂതര്‍ പ്രവാചകത്വലബ്ധിക്കു ശേഷം  ഒരു തവണയല്ലേ ഹജ്ജ് കര്‍മം  നിര്‍വഹിച്ചു മാതൃക കാണിച്ചുതന്നിട്ടുള്ളു, അപ്പോള്‍  ഹജ്ജ് ആചരണ വിഷയത്തില്‍ അതാണല്ലോ അനുകരണീയമായ പ്രവാചകചര്യയും ഇസ്‌ലാംരീതിയും. ഒരാള്‍ തന്നെ ആവര്‍ത്തിച്ചു നിര്‍വഹിക്കുന്ന ഹജ്ജുകളെ പ്രതി, പലരും നടത്താറുള്ള  സ്വയംന്യായ വിധിപ്രസ്താവമാണിത്.  തുടര്‍ന്ന്, നബി തിരുമേനി ഒന്നില്‍ കൂടുതല്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഉണ്ടാകാമായിരുന്ന 'കര്‍മശാസ്ത്ര  സങ്കീര്‍ണതകള്‍' സംബന്ധിച്ച് അവര്‍ വാചാലരാവുകയും ചെയ്യും. 'പരിപൂര്‍ണമായ ഇസ്‌ലാംരീതിയില്‍ ഒന്നില്‍ കൂടുതല്‍ ഹജ്ജ് നിര്‍വഹിക്കാന്‍ സര്‍വവിധ സൗകര്യങ്ങളുമുണ്ടായിട്ടും, അനുചരര്‍ക്ക് മാതൃകയായി, ഏക ഹജ്ജില്‍  പരിമിതനായി നബിനായകന്‍ നിലകൊണ്ടു' എന്ന  ചരിത്രവിരുദ്ധമായ ഒരു  അര്‍ഥധ്വനി ഈ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതായി തോന്നാറുണ്ട്. ആ വസ്തുത  വിനീതമായി വിവരിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശ്യം. വഴിക്കുവഴിയായി കാര്യങ്ങള്‍ പറയുക തന്നെയാവും ഉചിതം.
മുഹമ്മദ് പ്രവാചകത്വലബ്ധിക്കു മുമ്പ് ഹജ്ജ് നിര്‍വഹിക്കുകയുണ്ടായോ? ദിവ്യവെളിപാടിന്റെ കാരുണ്യദീപ്തി തുണയേകാത്ത നാല്‍പതു വയസ്സു വരെയുള്ള, വിശ്വസ്തവിശുദ്ധവും അന്യക്ഷേമതല്‍പരവുമായ അനവദ്യജീവിതത്തില്‍, 'അല്‍ അമീന്‍' 'ജാഹിലീ ശൈലി' നിരാകരിച്ച് ഹജ്ജ് നിര്‍വഹിച്ചിട്ടുണ്ട് എന്നു തന്നെയാണ് ചരിത്രനിരീക്ഷണങ്ങള്‍. 
കഅ്ബാ മന്ദിരത്തിന്റെ ഊരാളന്മാര്‍ എന്നതായിരുന്നു ഖുറൈശികളുടെ കീര്‍ത്തി. മക്കയില്‍,  തങ്ങളുടെ നാനാവിധ മേല്‍ക്കോയ്മകള്‍ ബലപ്പെടുത്താനും വിദൂര വാണിജ്യയാത്രകളില്‍ സാമ്പത്തിക  താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും സര്‍വോപരി, സമീപദേശങ്ങളിലെ സമ്പത്ത് മക്കയിലേക്ക് ഒഴുക്കിക്കൊണ്ടുവരാനും ഉപര്യുക്ത സല്‍പരിവേഷം അവര്‍  സൃഗാലവൈഭവത്തോടെ പ്രയോജനപ്പെടുത്തിപ്പോന്നു. ഇതിന്റെ ഭാഗമായി, ഹജ്ജ് മുടങ്ങാതെ കൊണ്ടുനടത്താന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി. തീര്‍ഥാടക സേവ ഊരാളഗോത്രങ്ങളുടെ ബാധ്യതയാക്കിയും, ഒപ്പം ആര്‍ക്കും വിട്ടുകൊടുക്കാത്ത ആദരണീയ പദവിയാക്കിയും ചട്ടങ്ങള്‍ നിര്‍മിച്ചെടുത്തു. മക്കാനിവാസികളില്‍നിന്നഖിലം തീര്‍ഥാടകരുടെ സുരക്ഷാ-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കരം സമാഹരിച്ചു ചെലവഴിച്ചു. ഹജ്ജ് കാലവുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കാറുണ്ടായിരുന്ന മജന്നയിലെയും ദുല്‍മജാസിലെയും വ്യാപാര മേളകള്‍ കൊഴുപ്പിച്ചു. കഅ്ബാ മന്ദിരത്തിനു ചാരെ, ശാമില്‍നിന്നും ഇറാഖില്‍നിന്നും ഇറക്കുമതി ചെയ്യുന്ന വീര്യം കൂടിയ വീഞ്ഞും അടിമ പെണ്‍കൊടിമാരുടെ ഇളം മേനിയും സുലഭമായ ഉത്സവങ്ങള്‍ ഇടമുറിയാതെ സംഘടിപ്പിച്ചു. പലപ്പോഴും, ഹജ്ജിലും തുടരാഘോഷങ്ങളിലും, ഒന്നൊഴിയാതെ പങ്കെടുത്തു, സുരലാസ്യലഹരികളില്‍നിന്നു സുബോധത്തിലേക്ക് ഉണരുമ്പോഴേക്കും, ഒരുപാട് നാളുകള്‍  കൊഴിഞ്ഞുപോയിട്ടുണ്ടാവും. അപ്പോഴേക്കും, സ്വന്തം ഗോത്രങ്ങളുടെ പൂജാങ്കണങ്ങളില്‍ വിട്ടേച്ചുപോന്ന കുലദൈവങ്ങളുടെ ശിലാമുഖ സ്മരണകള്‍, ബിംബപ്രണയികളെ സ്വദേശങ്ങളിലേക്ക് പിടിച്ചുവലിക്കും. ഇതൊഴിവാക്കാന്‍, ഓരോ ഗോത്രത്തിനും ഏറെ പൂജനീയങ്ങളായ രണ്ടോ മൂന്നോ  ശിലാ ദൈവനിര്‍മിതികള്‍ തെരഞ്ഞെടുത്ത് ഖുറൈശികള്‍  കഅ്ബയുടെ പുറത്ത്, ആരാധകര്‍ക്ക് പ്രാപ്യമായ രീതിയില്‍, സൗജന്യമായി  സ്ഥാപിച്ചു കൊടുത്തു. അങ്ങനെയാണവിടം മുന്നൂറ്റി അറുപത്, കണ്ണുമിഴിക്കാത്ത ബധിര മൂക ദൈവ ബിംബങ്ങള്‍ മരുവുന്ന 'തെരഞ്ഞെടുക്കപ്പെട്ട വിഗ്രഹപ്പടയുടെ സഭ'യായത്! മാത്രമല്ല, ഹജ്ജ് കാലത്ത് മക്കയില്‍ ഉണ്ടാവുന്നവര്‍ ആരും അലസമായി ഹജ്ജ് ഉപേക്ഷിച്ചിരുന്നില്ല. ഇതിന്റെയൊക്കെ പരമതാല്‍പര്യം  അവരുടെ സാമ്പത്തിക നേട്ടവും അപരിമേയമായ സുഖാസ്വാദനങ്ങളും മാത്രമായിരുന്നു.
ഈദൃശ ചുറ്റുപാടുകളില്‍,  ജനസേവന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ സമ്മാനിക്കുന്ന ഹജ്ജാരാധനാ വേദികളില്‍, 'അല്‍ അമീന്‍' അന്ന് തന്റേതായ രീതിയില്‍ ഹജ്ജനുഭൂതികള്‍ നുകരാനായി സന്നിഹിതനായിരുന്നുവെങ്കില്‍, അതില്‍ അസ്വാഭാവികതയൊന്നുമില്ല. എക്കാലത്തും പരക്ഷേമ താല്‍പര്യത്തോടെ ജനങ്ങളോട് ചേര്‍ന്നു ജീവിക്കാന്‍ അതിയായി കൊതിച്ച മുഹമ്മദ്, ദുസ്സമ്പ്രദായങ്ങളെ പിന്തുണക്കാത്ത, ഗോത്ര പൗരത്വ ബാധ്യതകളും നിരാക്ഷേപം നിര്‍വഹിച്ചുപോന്നിരുന്നു.  സമൃദ്ധമായ ബിംബസാന്നിധ്യത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്തിരുന്ന കഅ്ബാ മന്ദിരത്തിനു തകര്‍ച്ച  സംഭവിച്ചപ്പോള്‍ ആഹ്ലാദപുളകിതനാവുകയല്ലല്ലോ വിഗ്രഹ വിരക്തനായ മക്കയുടെ പ്രിയപുത്രന്‍ ചെയ്തത്.  ബിംബങ്ങളെയും അവക്കു പിന്നിലെ  ബുദ്ധിഹീനമായ വിശ്വാസങ്ങളെയും പാടേ ത്യജിച്ചു, അതിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ ഭാഗഭാക്കാവാന്‍ മുഹമ്മദിന് ഒരു അന്തഃസംഘര്‍ഷവും ഉണ്ടായില്ല. മാത്രമല്ല,  വിഗ്രഹവലയിതമായ കഅ്ബ  പതിവായി സന്ദര്‍ശിക്കുകയും  താന്‍ കൊതിച്ച ആത്മഹര്‍ഷം ഏതോ വിധത്തില്‍   കരഗതമാക്കുകയും ചെയ്തിരുന്നു. പ്രവാചകത്വലബ്ധിക്കു മുമ്പ്  മുഹമ്മദില്‍നിന്ന് ഈദൃശമായ എന്തെല്ലാം ദൈവവിചാരജന്യമായ ചലനങ്ങള്‍ ഉളവായോ, അവയെല്ലാം അദ്ദേഹത്തിന് ഉത്തമബോധ്യമുള്ള ഇബ്‌റാഹീമീ ശരീഅത്ത് അനുസരിച്ചായിരുന്നു എന്നാണ് ഇസ്‌ലാംപക്ഷ  ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. ഇപ്രകാരം ഇബ്‌റാഹീമീ വേദപാഠങ്ങളുടെ ശേഷിപ്പുകള്‍ ജീവിതത്തില്‍ പകര്‍ത്തിയിരുന്ന കുറേപേര്‍ അന്ന് മക്കാ നഗരരാജ്യത്തിനകത്തും പുറത്തും ഉണ്ടായിരുന്നു താനും. ഇങ്ങനെയുള്ള, തിരുദൂതരുടെ സമകാലികരായ അഞ്ചാറു  പ്രശസ്തരെ നമുക്ക് പൊടുന്നനെ ഓര്‍ത്തെടുക്കാനും കഴിയും. ചരിത്രം അവരെ 'ഹുനഫാ' എന്ന് വിളിക്കുന്നു. ആനുഷംഗികമായി സൂചിപ്പിക്കാവുന്ന ഒരു വസ്തുത, ചരിത്രത്തിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഹെറോഡോട്ടസിന്റെ പരാമര്‍ശങ്ങളില്‍ മക്കയിലെയും പരിസര ദേശങ്ങളിലെയും ആരാധ്യബിംബമായിരുന്ന 'ലാത്ത'യും ഉള്‍പ്പെട്ടു കാണുന്നതിനാല്‍, ഇസ്മാഈല്‍ പ്രവാചകന്റെ കാലശേഷം, ആ ജനതതി വളരെ വേഗം ബഹുദൈവ വിശ്വാസത്തിലേക്ക് വഴുതിയിരുന്നു എന്ന് മനസ്സിലാക്കാം.
പ്രവാചകത്വ പൂര്‍വവേളയിലെ, തിരുമേനിയുടെ ഹജ്ജ് നിര്‍വഹണത്തെ ബലപ്പെടുത്തി  ഉദ്ധരിക്കപ്പെടുന്ന ഒരു സംഭവമുണ്ട്. ജുബൈറുബ്‌നു മുത്വ്ഇം ആണ് നിവേദകന്‍.
'ഹജ്ജ് വേളയില്‍ എന്റെ ഒട്ടകം വഴി തെറ്റി. അന്വേഷിച്ചു നടക്കവേ മുഹമ്മദിനെ ഹാജിമാരുടെ കൂടെ അറഫയില്‍ കണ്ടു.' പ്രവാചകത്വ ലബ്ധിക്കു മുമ്പുള്ള മുഹമ്മദിന്റെ ഒരു ഹജ്ജാചരണ സന്ദര്‍ഭമാണിത്. അന്ന് പ്രത്യേക പരിഗണനയുള്ളവരെന്നു (അഹ്മസികള്‍) പ്രചരിപ്പിക്കപ്പെട്ടിരുന്ന ഖുറൈശികള്‍ മുസ്ദലിഫയില്‍ തങ്ങും. സാധാരണ തീര്‍ഥാടകരോടൊപ്പം അറഫയില്‍ പോവില്ല. അക്കാര്യത്തിലെ  'ജാഹിലീ' നിലപാട് അവിടുന്ന് പരിത്യജിച്ചുപോന്നു എന്നര്‍ഥം.

പ്രവാചകത്വം മുതല്‍  പലായനം വരെ
തിരുജീവിതത്തിന്റെ അടുത്ത ഘട്ടം, പ്രവാചകത്വ ലബ്ധിക്കു ശേഷമുള്ള മക്കാ ജീവിത വര്‍ഷങ്ങളാണ്. മൊത്തം പ്രവാചകത്വ ജീവിതത്തിന്റെ അര്‍ധാംശത്തിലേറെ ദീര്‍ഘമായ ഈ പതിമൂന്ന് വര്‍ഷ കാലമത്രയും, മക്കയിലെ  തീപാറും പഥങ്ങളില്‍  ഉടലും ഉയിരും മറന്ന് നിയോഗ ദൗത്യനിര്‍വഹണങ്ങളില്‍ വ്യാപൃതനായിരിക്കുകയായിരുന്നുവല്ലോ നബി തിരുമേനി. ഈ കാലത്ത് അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചിരുന്നുവോ? റസൂല്‍ ഒരു  ഹജ്ജ് പോലും വിട്ടുകളയാറില്ലായിരുന്നുവെന്ന് ഇബ്‌നു ഹജര്‍  പറയുന്നു.  തിര്‍മിദി, ഇബ്‌നുമാജ, ഹാകിം തുടങ്ങിയ തിരുവചനസമാഹാരങ്ങളിലെല്ലാം  അക്കാലത്ത് റസൂല്‍ ഹജ്ജ് ചെയ്തിരുന്നു എന്ന പരാമര്‍ശങ്ങള്‍ കാണാം. ഫത്ഹുല്‍ മുഈന്‍, മുഗ്‌നി, തുഹ്ഫ തുടങ്ങിയ അവലംബ ഗ്രന്ഥങ്ങള്‍ നല്‍കുന്ന വിവരണങ്ങളും ഇതിന് ഉപോദ്ബലകം തന്നെ. എത്ര തവണ ഹജ്ജ് നിര്‍വഹിച്ചു എന്നതിലേ അവര്‍ക്കിടയില്‍ പക്ഷാന്തരങ്ങളുള്ളു. ഇതിന്റെ വിശദാംശങ്ങളുടെയും നിജഃസ്ഥിതി സ്ഥിരീകരണ ഗവേഷണത്തിന്റെയും ദീനീ അനിവാര്യത  ഇന്ന് നമുക്കില്ല. എന്നാല്‍, ഇസ്‌ലാമിലെ സവിശേഷമായ ആരാധനാ കര്‍മങ്ങളുടെ അവസ്ഥ മക്കാകാലത്ത് എന്തായിരുന്നു എന്നറിയുന്നത്, നാം എടുത്തുന്നയിച്ചിട്ടുള്ള വിഷയം, നിഴല്‍മറകളില്ലാതെ മനസ്സിലാക്കാന്‍ അല്‍പം ഉതകിയേക്കും.

നമസ്‌കാരത്തെ തന്നെയെടുക്കാം: നമുക്കറിയാവുന്നതുപോലെ, സുജൂദ് അഥവാ സാഷ്ടാംഗം അല്ലാഹുവിനു മാത്രം  എന്ന ആരാധനാ മുറക്ക് നേരെ തീക്ഷ്ണ മര്‍ദനങ്ങള്‍ അഴിച്ചുവിടപ്പെട്ടിരുന്ന മക്കാകാലത്ത്, വെളിവിലും ഒളിവിലും, ഒറ്റയായും സംഘമായും  അവിടെ നമസ്‌കാരം നടന്നിരുന്നു. പക്ഷേ, നമസ്‌കാര നിര്‍വഹണത്തിന്റെ ദിനബാധ്യത  അഞ്ചു നേരമായി ക്ലിപ്തപ്പെടുത്തിയിരുന്നില്ല. റസൂലിന്റെ മക്കാ ജീവിതഘട്ടത്തിന്റെ പര്യവസാനത്തോടടുത്തു നടന്ന ആകാശാരോഹണവേളയില്‍ മാത്രമായിരുന്നുവല്ലോ നമസ്‌കാരം അഞ്ചു നേരമായി  നിര്‍ണയിച്ചുകൊണ്ടുള്ള തീര്‍പ്പുണ്ടാവുന്നത്. എന്നാല്‍,  ഒരു മത സമ്പ്രദായത്തിനും ആവിഷ്‌കരിക്കാന്‍ കഴിയാത്ത അത്ര അര്‍ഥഗര്‍ഭമായ ബാങ്കാഹ്വാനങ്ങളുടെ ആമുഖങ്ങളോടുകൂടി, കഅ്ബാ മന്ദിരത്തെ അഭിമുഖീകരിച്ചു, പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചിട്ടയായി അണി ചേര്‍ന്ന്, താളരാഗ ഭക്തിഗൗരവങ്ങളില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൊല്ലിയും ശ്രവിച്ചും കൂട്ടായി നിര്‍വഹിക്കുന്ന അഞ്ചു നേരത്തെ മനോഹരമായ നമസ്‌കാരം എന്ന ജനകീയ സര്‍ഗാത്മക ആരാധനാ രൂപശില്‍പം, തികവാര്‍ന്ന ഭംഗിയില്‍  നിലവില്‍ വന്നത് റസൂലും സഖാക്കളും മദീനയില്‍ അണഞ്ഞു പതിനാറ് മാസം കഴിഞ്ഞാണ്.
നോമ്പിന്റെ ആചരണ മുറകളും മക്കാ കാലത്ത് അപൂര്‍ണമായിരുന്നില്ലേ? സകാത്തിന്റെ പരിധിയും പരിമാണവും നിര്‍ണയിക്കപ്പെടുന്നതും മദീനയില്‍ വെച്ചുതന്നെ. ഇസ്‌ലാം കണിശമായി നിര്‍ദേശിച്ച ശിക്ഷണശീലനങ്ങളില്‍ പലതിന്റെയും അവസ്ഥ ഇതു തന്നെയായിരുന്നു. ബദ്‌റിലും ഉഹുദിലും പോരാടുന്ന കാലത്ത്, മദ്യപാനം മുസ്‌ലിംകള്‍ക്ക്  അനനുവദനീയമായിരുന്നില്ലല്ലോ. 
ഇസ്‌ലാമിന്റെ പൊതു പ്രബോധനത്തിനു ദൈവകല്‍പന ഉണ്ടായതു മുതല്‍ ഹജ്ജ് വേളകളും തിരുമേനി ഉപയോഗപ്പെടുത്തിത്തുടങ്ങി. മിനായിലെ തീര്‍ഥാടക കൂടാരങ്ങളില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രവാചകനെ കല്ലെറിഞ്ഞു പായിക്കുന്ന അബൂലഹബിന്റെ ദുഷ്ട ചിത്രം ചരിത്രത്താളുകളിലുണ്ട്. മക്കാ ജീവിതത്തിന്റെ അവസാന മൂന്നു വര്‍ഷങ്ങളില്‍ മദീനാ ഹാജിമാരുമായി നടത്തിയ സമ്പര്‍ക്കങ്ങളാണല്ലോ ഹിജ്‌റ തന്നെ സുസാധ്യമാക്കിയത്. ഹാജിമാരുമായി നടത്തിയ പ്രബോധന സമ്പര്‍ക്കങ്ങള്‍ക്കിടയില്‍, റസൂല്‍ ഒന്നോ രണ്ടോ ഹജ്ജുകള്‍ നിര്‍വഹിച്ചിരുന്നെങ്കില്‍ തന്നെ, അവ വരുംകാലത്തേക്ക് മാതൃകയായ സമ്പൂര്‍ണമായ ഹജ്ജുകളാവുകയില്ല എന്നത് അനുക്തസിദ്ധമാണല്ലോ.

ഹിജ്‌റക്കു ശേഷം
ഇനി ശേഷിക്കുന്നത് പ്രവാചക ജീവിതത്തിലെന്നതുപോലെ, ചരിത്രത്തിലെ തന്നെ ഏറ്റവും ഗതിവേഗമാര്‍ന്ന സംഭവങ്ങളടങ്ങിയ തിരുദൂതരുടെ ജീവിതാന്ത്യത്തിലെ ഒരു ദശക്കാലമാണ്.  ഈ ചരിത്രഘട്ടത്തില്‍ എത്ര ഹജ്ജ് നിര്‍വഹണ സാധ്യതകളാണ് നബിതിരുമേനിയുടെ മുന്നില്‍ വന്നണഞ്ഞത് എന്നു നോക്കാം.
ഹിജ്‌റയുടെ ആദ്യത്തെ അഞ്ചു വര്‍ഷങ്ങള്‍, ചെറുതും വലുതുമായ നിരവധി  സായുധ അഭിമുഖീകരണങ്ങളിലൂടെ മക്ക-മദീന ബന്ധം, കഠിന ശത്രുതയുടെ പാതയിലായിരുന്നു. തീര്‍ഥാടനം പോവട്ടെ, മക്കയിലെ ബന്ധുക്കളെ  ചെന്നു കാണാന്‍ പോലും അക്കാലത്ത് മുസ്ലിംകള്‍ക്ക് സാധ്യമായിരുന്നില്ല. എന്നാല്‍ അപ്പോഴേക്കും മദീന, നിരവധി പോര്‍മുഖങ്ങളെ അതിജീവിച്ച്, ചെറുതെങ്കിലും, ഭദ്രമായ  അടിത്തറയുള്ള ഒരു രാഷ്ട്രമായിക്കഴിഞ്ഞിരുന്നു.
പലായനത്തിന്റെ ആറാം വര്‍ഷം, ദുല്‍ഖഅദ് മാസത്തിലാണ്, ആയിരത്തി നാനൂറ് വിശ്വാസികള്‍ക്കൊപ്പം,   റസൂല്‍ ആദ്യമായി  മക്കയിലേക്ക് പുറപ്പെട്ടുപോകുന്നത്. ഉംറ നിര്‍വഹണം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൗനഘോഷണം ചെയ്യുംവിധമുള്ള ശരീര ഭാഷയോടും വേഷഭൂഷകളോടും കൂടിയായിരുന്നു യാത്ര. വിവരമറിഞ്ഞ് ഖുറൈശികള്‍ ഹുദൈബിയയില്‍ വെച്ച് തിരുമേനിയെയും സഖാക്കളെയും തടഞ്ഞു. അവിടെ വെച്ച് 'ഹുദൈബിയാ ഒത്തുതീര്‍പ്പു'ണ്ടായി. അടുത്ത വര്‍ഷം മാത്രമേ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കൂ എന്ന വ്യവസ്ഥയും ഒപ്പുവെച്ച ധാരണയില്‍ ഉള്‍പ്പെട്ടിരുന്നു.
പിറ്റേവര്‍ഷം, ദുല്‍ഖഅദ് മാസം പിറന്നപ്പോള്‍, ഹുദൈബിയ അനുഭവങ്ങളില്‍ ഭഗ്നാശരായി പാതിവഴിയില്‍ മടങ്ങിയവരെയെല്ലാം  റസൂല്‍  ഉംറക്ക് ആഹ്വാനം ചെയ്തു. അപ്പോഴേക്കും അവരില്‍ ചിലര്‍ മരണപ്പെട്ടുപോയിരുന്നു. പുതുതായി അറുനൂറ് പേരെ കൂടി ചേര്‍ത്ത് രണ്ടായിരം പേരോടൊപ്പമായിരുന്നു പുറപ്പാട്.
ഖുറൈശികളില്‍നിന്ന്  വഞ്ചനാനുഭവം പ്രതീക്ഷിച്ച്, മുസ്‌ലിംകള്‍ സാമാന്യം നല്ല തോതില്‍, ആയുധങ്ങള്‍  കരുതിയിരുന്നു. അവ അടിയന്തര സാഹചര്യങ്ങളില്‍ ലഭ്യമാകുംവിധം മക്കയില്‍നിന്ന് ആറേഴു നാഴിക അകലെ ഒരിടത്ത് ഇറക്കുകയും, മുഹമ്മദു ബ്‌നു മസ്‌ലമയുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച ഏതാണ്ട് ഇരുനൂറ് അശ്വഭടന്മാരെ അവയുടെ കാവലിനും ദ്രുതവിന്യാസത്തിനുമായി ചുമതലപ്പെടുത്തുകയും ചെയ്തു. വിവരം മണത്ത  ഖുറൈശികള്‍ ചകിതരായി. അവര്‍ മുസ്‌ലിംകളുടെ മനസ്സറിയാന്‍ ആളെ വിട്ടു. കരാറിനോടുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നതായി യാചനാനയനങ്ങളോടെ മൊഴിഞ്ഞു.

മുസ്‌ലിംകള്‍ ഹുദൈബിയാ ഒത്തുതീര്‍പ്പ് പ്രകാരം
റസൂലിന്റെ നേതൃത്വത്തില്‍, ഉറയിലുറങ്ങുന്ന  കരവാള്‍ മാത്രമേന്തി ഹറമില്‍ പ്രവേശിച്ചു. റസൂലിന്റെ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ചിരുന്നത് കവിയും പടയാളിയുമായ അബ്ദുല്ലാഹിബ്‌നു റവാഹയായിരുന്നു. ആവേശത്തിമര്‍പ്പില്‍ അദ്ദേഹം ഖുറൈശികളെ പോരിനു വിളിച്ചു. പൊടുന്നനെ റസൂല്‍ ഇടപെട്ടു ഇബ്‌നു റവാഹയെ തിരുത്തി. അദ്ദേഹത്തിന്  ആവേശത്തോടെ വിളിക്കാന്‍ ചില ദൈവ  സ്‌തോത്ര വാക്യങ്ങള്‍ നിര്‍ദേശിച്ചുകൊടുത്തു. അല്ലാഹുവിന് സ്തുതി ഓതിയും, അബ്ദുല്ലാഹിബ്‌നു റവാഹയുടെ സന്ദര്‍ഭോചിതവും സാരഗര്‍ഭവുമായ നിമിഷ കവിതകള്‍ ആസ്വദിച്ചും ചടങ്ങുകള്‍ നിര്‍വഹിച്ചുകൊണ്ട് അവര്‍ കഅ്ബാ പരിസരത്ത് കഴിഞ്ഞു.
  നബി തിരുമേനി, ആയുധങ്ങളുടെ കാവലാളുകള്‍ക്കും ഉംറ ചെയ്യാനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഈ നേരങ്ങളിലെല്ലാം ഖുറൈശികള്‍, കഅ്ബാ പരിസരത്തുനിന്ന് പൂര്‍ണമായും ഒഴിഞ്ഞ്, വിശുദ്ധ മന്ദിരത്തിനു തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളില്‍നിന്ന് രംഗം വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. തീര്‍ഥാടകരില്‍ പരിചിതര്‍ കുറേ പേരുണ്ട്. അതുപോലെ അപരിചിതരും. മുഹമ്മദിന്റെ നേതൃത്വത്തില്‍ ഭക്തിമധുരമായ നമസ്‌കാരങ്ങള്‍! എന്തൊരു ഭ്രാതൃത്വഭാവം! നേതൃപ്രണയ പ്രതിബദ്ധത! ഇത്രയും പേരുണ്ടായിട്ടും ഒരു മദ്യപാനിയെ പോലും കാണാനില്ല. ഒരു അപസ്വരവും ഉയരുന്നില്ല. എല്ലാം പുതുമയായിരുന്നു മക്കക്കാര്‍ക്ക്. വിഗ്രഹസംസ്‌കാരത്തിന്റെ ചിതലരിച്ച പാഴ്മുറം കൊണ്ട് മറയ്ക്കാന്‍ സാധ്യമായതല്ല മുഹമ്മദിലൂടെ  പ്രസരിക്കുന്ന ദിവ്യദീപ്തി എന്ന് അവര്‍ക്ക് ശുദ്ധബോധ്യമായി. മക്കയുടെ തമോതലങ്ങളെ സമീപഭാവിയില്‍ തന്നെ ആ പൊന്‍കിരണങ്ങള്‍  കീഴ്‌പ്പെടുത്തും എന്ന   ദൃഢബോധ്യം ഒരുപാട് പേരുടെ മനസ്സുകളില്‍ അടങ്ങാത്ത കിടിലമായി അവശേഷിച്ചു. അന്ന് രംഗം കണ്ടു നിന്ന ഖാലിദുബ്‌നുല്‍ വലീദ് താമസിയാതെ ഇസ്‌ലാം ആശ്ലേഷിച്ചു. അംറുബ്‌നുല്‍ ആസ്വും ഉസ്മാനുബ്‌നു ത്വല്‍ഹയും ഖാലിദിന്റെ പാത പിന്തുടര്‍ന്നു.
വ്യവസ്ഥയനുസരിച്ചുള്ള മൂന്നു ദിവസം പൂര്‍ത്തിയായപ്പോള്‍, ഖുറൈശികളുടെ ദൂതന്മാര്‍ വന്ന് തിരുമേനിയെ മടങ്ങിപ്പോകാനുള്ള അവധി അനുസ്മരിപ്പിച്ചു. ഈ  വേളയിലാണ് അലി, മക്കയിലായിരുന്ന ഹംസയുടെ പുത്രി അമാറയെക്കുറിച്ച് റസൂലിനോട് സംസാരിക്കുന്നത്. റസൂല്‍ ആ ബാലികയെ കൂടെ കൂട്ടാന്‍ നിര്‍ദേശിച്ചു. അന്നേരം അലിയുടെ സഹോദരന്‍ ജഅ്ഫറും, റസൂലിന്റെ  സന്തതസഹചാരിയായിരുന്ന സൈദുബ്‌നു ഹാരിസയും തിരുനബിയുടെ കൂടെയുണ്ടായിരുന്നു. സൈദ് ഒഴിച്ച്, റസൂല്‍ അടക്കമുള്ള  മൂന്നു പേരും  അമാറയുടെ പിതൃസഹോദര പുത്രന്മാരും കൂടി ആയിരുന്നുവല്ലോ. അനാഥയായ അമാറയുടെ സംരക്ഷണ സൗഭാഗ്യം തങ്ങള്‍ക്കു തരണമെന്ന് ഓരോരുത്തരും റസൂലിനോട് ന്യായം നിരത്തി അപേക്ഷിച്ചു.  തന്റെ പത്‌നി കുട്ടിയുടെ മാതൃസഹോദരി കൂടിയാണെന്ന് ജഅ്ഫര്‍ ചൂണ്ടിക്കാട്ടി. അലി, താനാണ് കുട്ടിയെ കൊണ്ടുവന്നത് എന്ന് വാദിച്ചു. സൈദാകട്ടെ, റസൂല്‍ തന്നെയും ഹംസയെയും 'ഭ്രാതൃത്വ ഉടമ്പടി' (മുആഖാത്ത്) മുഖേന പണ്ടേ ഉറ്റവരാക്കിയിരുന്നതിനാല്‍, കുട്ടി തനിക്ക് സഹോദരപുത്രിയാണെന്ന് ന്യായം പറഞ്ഞു. റസൂല്‍ അമാറയെ ജഅ്ഫറിനു വിധിച്ചു.  സംഘം മദീനയോട് അടുക്കവെ, ആ ബാലിക പിതാവിന്റെ ഖബ്‌റിടം എവിടെയാണെന്ന്  ചോദിച്ചുകൊണ്ടേയിരുന്നത് പലരുടെയും കണ്ണ് നനയിച്ചു.
ഉംറ  നിര്‍വഹിച്ച് റസൂലും സംഘവും മദീനയിലെത്തി പത്തു മാസം പൂര്‍ത്തിയാകുമ്പോഴേക്കും, ഖുറൈശികളില്‍നിന്ന് 'ഹുദൈബിയാ രാഷ്ട്രീയ ധാരണ'ക്ക് വിരുദ്ധമായി  ഗുരുതരമായ ചില നിയമലംഘനങ്ങള്‍ ഉണ്ടാവുകയും, റസൂല്‍ പതിനായിരം പേരോടൊത്ത് മക്കയിലേക്ക് നീങ്ങുകയും ചെയ്തു.  ഹിജ്‌റ എട്ടാം വര്‍ഷം റമദാനില്‍ അരങ്ങേറിയ ഈ സംഭവം 'മക്കാ വിജയം' എന്ന പേരില്‍ ചരിത്ര വിശ്രുതമാകയാല്‍ അതിന്റെ വിശദ പരാമര്‍ശത്തിലേക്ക്  കടക്കുന്നില്ല. ആ മഹാസംഭവത്തിന്റെ അടരുകള്‍ ഖനിച്ചെടുത്ത് വിരചിതമായിട്ടുള്ളത് ആയിരക്കണക്കിന് താളുകളാണല്ലോ.
കൃത്യാന്തര ബഹുലതകള്‍ക്കിടയിലും  റസൂല്‍ മക്കയിലെ  കാര്യങ്ങളെല്ലാം  ചിട്ടപ്പെടുത്തി. തൊട്ടുതലേ ദിവസങ്ങളിലൊന്നില്‍  ഇസ്‌ലാമിലേക്ക് പരിവര്‍ത്തിതനായ-'നമ്മുടെ ഭാഷയില്‍ നവ മുസ്‌ലിം'- അത്താബുബ്‌നു  ഉസൈദിനെ, ഇസ്‌ലാമിലെ പ്രഥമ മക്കാ ഗവര്‍ണറായി നിശ്ചയിച്ചു! റസൂല്‍ തനിക്ക്  രണ്ട് ദിര്‍ഹം വേതനം നിശ്ചയിച്ചിട്ടുണ്ടെന്നും നിങ്ങളില്‍ ഒരാളുടെയും സമ്പത്തികാശ്രയം തനിക്ക് ആവശ്യമില്ലെന്നും, ഭരണകാര്യങ്ങളില്‍ കണിശക്കാരനായ അത്താബ് പറയുമായിരുന്നു. ഖലീഫാ അബൂബക്ര്‍ മരണപ്പെട്ട അതേ ദിവസം ഈ മഹാനുഭാവന്‍ ലോകത്തോട് വിടവാങ്ങി.
ഇങ്ങനെ, ചരിത്രം പരിശോധിച്ചാല്‍ മദീനാ പലായനത്തിനു ശേഷം, തിരുമേനി നിര്‍വഹിച്ച ഹജ്ജിനു തൊട്ട് മുമ്പ് വരെ, മക്കയില്‍ വരാനുള്ള രണ്ടേ രണ്ടു സന്ദര്‍ഭങ്ങളാണ് റസൂലിനുണ്ടായത്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും ഒരു ഹജ്ജ് നിര്‍വഹിക്കാനുള്ള സാവകാശമോ അനുയോജ്യമായ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല എന്നേടത്താണ് നമ്മുടെ അടിവര. വിശദീകരിക്കാം:
ഹിജ്‌റ  ഒമ്പതാം വര്‍ഷമാണ്, ഹജ്ജ് ഇസ്‌ലാമിന്റെ ആധാരസ്തംഭങ്ങളില്‍   അഞ്ചാമത്തേതായി പ്രതിഷ്ഠാപിക്കപ്പെടുന്നത്. സ്വാഭാവികമായും ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ 'ഹജ്ജ് സംഘം'  രൂപംകൊള്ളുന്നതും  അതേ വര്‍ഷം തന്നെ. മുന്നൂറു പേരടങ്ങുന്ന പ്രസ്തുത തീര്‍ഥാടക സംഘത്തിന്  നേതൃത്വം നല്‍കാന്‍ റസൂല്‍ അബൂബക്‌റിനെ നിയോഗിച്ചു. ചരിത്രത്തില്‍ 'ദൗത്യ സംഘങ്ങളുടെ വര്‍ഷം' എന്ന പേരില്‍ വിഖ്യാതമായ ചരിത്ര ഘട്ടമാണിത്.  മക്കയില്‍ ജാഹിലീ വ്യവസ്ഥ കടപുഴകിയതോടെ, രണ്ടു ദശകത്തിലേറെയായി സത്യാസത്യ പോരാട്ടങ്ങളെ, പടക്കളത്തിനു പുറത്തു നിന്ന് സശങ്കം നിരീക്ഷിച്ചുകൊണ്ടിരുന്ന വ്യക്തികളും ഗോത്രങ്ങളും നാട്ടുരാജ്യങ്ങളും കാലത്തിന്റെ പ്രയാണദിശ ഏതാണെന്നു തിരിച്ചറിഞ്ഞു. അതിനാല്‍, മദീനയോട് വിധേയത്വം പ്രഖ്യാപിക്കാനും പ്രവാചകനുമായി ആശയ സംവാദത്തിനൊരുങ്ങി, ഇതര ആവശ്യങ്ങള്‍ നേടിയെടുക്കാനുമായി പലരും പല രീതിയില്‍ തിരുദൂതര്‍ക്കരികില്‍ വന്നുകൊണ്ടിരുന്നു. ഇത്തരം  അറുപത് സംഘങ്ങളുടെ പട്ടിക ഒരേ സ്രോതസ്സില്‍നിന്നു തന്നെ ഉപലബ്ധമാണ്. ചിലര്‍ അതിനെ പിന്നെയും വികസിപ്പിച്ചിരിക്കുന്നു!. 'ത്വബഖാത്തുല്‍ കുബ്‌റാ'യില്‍ ഈ വിഷയത്തില്‍ വിശദമായ പ്രതിപാദ്യം കാണാം. ഈ വിധം തിരക്കാളിയ ദിനങ്ങളിലായതിനാലാണ് റസൂല്‍ ആ വര്‍ഷം ഹജ്ജിന് പുറപ്പെടാതിരുന്നതെന്ന് പലരും നിരീക്ഷിക്കുന്നു. എന്നാല്‍ വസ്തുത അതു മാത്രമല്ല, തിരുമേനിയുടെ  ഹജ്ജ് നിര്‍വഹണത്തിന് അനിവാര്യങ്ങളായ രണ്ടു കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാവേണ്ടതുണ്ടായിരുന്നു. നോക്കൂ, കഅ്ബയും അങ്കണവും ബിംബബഹിഷ്‌കൃതങ്ങളായിത്തീര്‍ന്നുവെങ്കിലും, ഇതഃപര്യന്തം  പ്രാര്‍ഥിച്ചുപോന്ന കൃത്രിമ ദൈവങ്ങളോട് ഭക്തി കൈവിടാത്തവര്‍ രാജ്യത്തിന്റെ പലഭാഗത്തായി അപ്പോഴുമുണ്ടായിരുന്നു. അവര്‍ പ്രാര്‍ഥനാ സന്ദര്‍ശനങ്ങള്‍ക്കായി ഇടക്കിടെ കഅ്ബക്കരികില്‍ വന്നുകൊണ്ടുമിരുന്നു. പ്രസ്തുത ഗണത്തില്‍പെട്ട കുറെ പേര്‍ ഹജ്ജിനായി നാടിന്റെ വിവിധ ദിക്കുകളില്‍നിന്ന് പുറപ്പെടുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആ വര്‍ഷം, മുസ്‌ലിംകളും ബഹുദൈവവിശ്വാസികളും ഒന്നിച്ച് ഹജ്ജ് നിര്‍വഹിക്കുകയാണുണ്ടായത്. മുസ്‌ലിംകളല്ലാത്ത ഓരോ ഗോത്രവും, താന്താങ്ങളുടേതു മാത്രമായ വാചകങ്ങളില്‍ 'തല്‍ബിയത്ത്' ചൊല്ലി ഗോത്രാഹങ്കാരം പ്രകടിപ്പിച്ചു നിര്‍വഹിച്ചിരുന്ന ഈ മിശ്ര തീര്‍ഥാടക സംഘത്തില്‍ നബിതിരുമേനി സംബന്ധിച്ചിരുന്നുവെങ്കില്‍, അതൊരുപാട് അസംബന്ധ  പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടേനെ. മാത്രമോ? സംശുദ്ധമായ ഏകദൈവാരാധനക്കായി ഭൂമിയില്‍ ആദ്യമായി പണിയപ്പെട്ട വിശുദ്ധ മന്ദിരം, അചിരേണ വ്യാജ ദൈവങ്ങളുടെ കൂടാരമാവുകയും, അന്ത്യപ്രവാചകന്റെയും അനുയായികളുടെയും ജീവനില്‍ തൊട്ട കഠിന സഹനങ്ങളിലൂടെ അത് വീണ്ടെടുക്കുകയും തിഹാമയും നജ്ദും അടക്കം വിശാലമായ ഹിജാസിന്റെ രാഷ്ട്രീയ കോയ്മ പൂര്‍ണമായും അതിനനുകൂലമായി വഴിതിരിഞ്ഞു  കഴിയുകയും ചെയ്ത ശേഷം,   തച്ചുടച്ച് വര്‍ജിക്കപ്പെട്ട ബിംബങ്ങളുടെ പ്രീതിക്കായി കഅ്ബക്കകത്തും പരിസരത്തും പിന്നെയും അവയെ വാഴ്ത്തി ആരാധനാ ദുരാചാരങ്ങള്‍ നടക്കുക  എന്നതിനെക്കാള്‍ ഗര്‍ഹണീയമായ വൈരുധ്യ വൈകൃതം എന്താണുള്ളത്? ആദര്‍ശത്തിന്റെ താല്‍പര്യത്തിനനുസരിച്ച് കാലോചിതവും സന്ദര്‍ഭോചിതവുമായി ഈ വിഷയത്തിലും വിശുദ്ധ ഖുര്‍ആന്‍ വഴികാട്ടും എന്നുറപ്പായിരുന്നു.
പ്രതീക്ഷിച്ചപോലെ, അബൂബക്ര്‍ ഹജ്ജ് സംഘത്തെ നയിച്ച് പുറപ്പെട്ടുപോയതിനു പിന്നാലെ ഉപര്യുക്ത വിഷയം വിശദമായി ഉള്‍ക്കൊള്ളുന്ന 'തൗബ' അധ്യായത്തിലെ  ആദ്യത്തെ  നാല്‍പതു വചനങ്ങള്‍ അവതരിച്ചു. ആ വചനങ്ങളും അവയുടെ സൂക്ഷ്മ താല്‍പര്യങ്ങളും ഹജ്ജ് വേദികളില്‍ ആധികാരികമായി വിജ്ഞാപനം ചെയ്യാന്‍ റസൂല്‍ ദൂതനായി അലിയെ അയച്ചു. മിനായില്‍ ഹജ്ജ് ചടങ്ങുകളുടെ ഭാഗമായി ആളുകള്‍ ഒരുമിച്ചുകൂടിയപ്പോള്‍, അബൂബക്‌റിന്റെ അനുവാദത്തോടുകൂടി അലി പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ സുവ്യക്തമായി ജനങ്ങളെ കേള്‍പ്പിച്ചു.
ഏതാനും നിമിഷങ്ങള്‍ മൗനിയായ ശേഷം അലി ഉറച്ച സ്വരത്തില്‍ പ്രഖ്യാപിച്ചു: 
''അവിശ്വാസികള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല, ഇനി ഒരാളും നഗ്നനായി കഅ്ബാ പ്രദക്ഷിണം ചെയ്യാവുന്നതല്ല, ഹജ്ജ് നിര്‍വഹിക്കാന്‍ അടുത്ത വര്‍ഷം മുതല്‍ ബഹുദൈവ വിശ്വാസികള്‍ക്ക് അനുവാദമുണ്ടാവുകയില്ല, ആരായാലും,  പ്രവാചകനുമായി ഏര്‍പ്പെട്ട കരാറുകള്‍ അവധി തീരുന്നതുവരെ പാലിക്കപ്പെടുന്നതായിരിക്കും.'' ഈ പ്രഖ്യാപനം ഹജ്ജ് വേദികളില്‍ നിര്‍വഹിച്ചതിനു പുറമെ അലിയും സംഘവും  സാധ്യമായേടത്തോളം, വീടുവീടാന്തരം കയറിയിറങ്ങി അറിയിക്കുകയുമുണ്ടായി.
ഇതോടെ, റസൂലിന്റെ ഹജ്ജിന് അപ്പോഴും  അനുപേക്ഷണീയമായിരുന്ന ഉപാധികളില്‍ ഒന്നുകൂടി പൂര്‍ത്തിയായി. റസൂലിന് ഹജ്ജ് നിര്‍വഹിക്കാന്‍ ഏറ്റവും അനിവാര്യമായ ഒരു ഉപാധി കൂടി പൂര്‍ത്തിയാകേണ്ടതുണ്ടായിരുന്നു; പ്രവാചകത്വ ദൗത്യനിര്‍വഹണത്തിന്റെ  പൂര്‍ത്തീകരണം.  ഏകനായി ഹിറാ ഗഹ്വരത്തില്‍ വെച്ച് ഏല്‍പ്പിച്ചുകൊടുത്ത മഹാ ദൗത്യത്തിന്റെ  പൂര്‍ത്തീകരണ വിളംബരം ലക്ഷത്തിലധികം  'മുഅ്മിനുകളുടെ' ഭക്തിനിര്‍ഭരമായ  സാന്നിധ്യത്തിലാവണം എന്നതായിരുന്നു ദൈവനിശ്ചയം.   'നിങ്ങള്‍ക്ക് ഞാന്‍ അനുഗ്രഹമായിത്തന്നുകൊണ്ടിരുന്ന  ജീവിതവ്യവസ്ഥ   ഇന്നേ ദിവസം ഇതാ  പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു, (തദടിസ്ഥാനത്തില്‍) ഇസ്‌ലാമിനെ നിങ്ങളുടെ ജീവിത വ്യവസ്ഥയായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' എന്ന പ്രഘോഷണം ഈ വിധമായിരിക്കണമെന്നും,  അത് വരും തലമുറക്ക് വേണ്ടി പരസഹസ്രം പേര്‍ തിരുദൂതരില്‍നിന്ന് നേരിട്ട്  ഉത്തരവാദിത്വബോധത്തോടെ ഏറ്റെടുക്കണമെന്നുമായിരുന്നു ദൈവേഛ. അങ്ങനെ പ്രവാചക തിരുമേനി അന്ത്യനാള്‍ വരെയുള്ള തലമുറകള്‍ക്കു വേണ്ടി തന്റെ മുമ്പാകെയുള്ളവര്‍ക്ക് ആ മഹാ ദൗത്യം മനോഹരമായി കൈമാറി. ഈ ഉള്ളടക്കം ഇല്ലാതെ, ഹജ്ജിന്റെ ആചരണമുറകള്‍ മാത്രം പഠിപ്പിക്കുന്നതായിരുന്നു, തിരുമേനിയുടെ അന്ത്യതീര്‍ഥാടനമെങ്കില്‍ അത്  എത്ര അര്‍ഥശുഷ്‌കമായി പോകുമായിരുന്നു! ഇസ്‌ലാമിന്റെ പൂര്‍ത്തീകരണപ്രഖ്യാപനം ഈവിധം ഗംഭീരമായി അല്ലാഹു നേരിട്ട് സ്പഷ്ടമായി നടത്താതെ, റസൂല്‍ ജ്വരബാധിതനായി ഇഹലോകവാസം വെടിഞ്ഞുപോയിരുന്നുവെങ്കില്‍, അത് എന്തെല്ലാം ദുരന്തങ്ങള്‍ വരുത്തിവെക്കുമായിരുന്നു! ഹജ്ജ് കഴിഞ്ഞ് തൊണ്ണൂറു ദിവസം കഴിയുമ്പോഴേക്കും റസൂല്‍ വിടവാങ്ങുകയും ചെയ്തു. ഇക്കാരണങ്ങളാലാണ് തിരുമേനിയുടെ മാതൃകായോഗ്യമായ ഹജ്ജ് ഒരേയൊരു ഒന്നില്‍ പരിമിതമായത്. ആവര്‍ത്തിച്ചു ചെയ്യെപ്പടുന്ന ഹജ്ജ് - ഉംറകളെ കുറിച്ച് കുറേ തിരുവചനങ്ങള്‍ കാണാം. അത് തീര്‍ത്തും മറ്റൊരു വിഷയമത്രെ.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌