Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

പരിത്യാഗികളായി  രണ്ട് മാധ്യമ  സോദരര്‍

 സി.എ കരീം

ജീവിത ശൈലി കൊണ്ടും സേവന രീതി കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തിയ മാധ്യമം ദിനപത്രത്തിലെ എന്റെ സഹപ്രവര്‍ത്തകരായിരുന്നു അസൈന്‍ കാരന്തൂരും വി.പി.എ അസീസും. തൊഴിലിടത്ത് നിന്ന് ചട്ടപ്രകാരം പിരിയാന്‍ നിര്‍ബന്ധിതമായെങ്കിലും അസൈന്‍ പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു. പണ്ടേ സര്‍ഗ വാസന കൊണ്ട് അനുഗ്രഹിക്കപ്പെട്ട അസീസ് വിവരങ്ങള്‍ കൈമാറിയും ബന്ധങ്ങള്‍ പുതുക്കിയും പരമാവധി സജീവത നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നു. പ്രായം കൊണ്ട് സീനിയര്‍ ആയെങ്കിലും ഒതുങ്ങിക്കഴിയാന്‍ കൂട്ടാക്കാതെ ശിഷ്ടജീവിതവും ലൈവ് ആയി നിലനിര്‍ത്താന്‍ ആവേശം കാട്ടിയ അവരെക്കുറിച്ച് അനുസ്മരണക്കുറിപ്പെഴുതാന്‍ നിയോഗമുണ്ടാവുമെന്ന് കരുതിയതേ ഇല്ല. എല്ലാം ദൈവ നിശ്ചയം!
അവസാനം വരെയും കര്‍മ നിരതനായാണ് അസൈന്‍ യാത്രയായത്. രോഗം കീഴ്‌പ്പെടുത്തുമ്പോഴും ഉന്മേഷവാനായിരിക്കാന്‍ അസീസ് ശ്രമിച്ചിരുന്നുവെന്ന് അടുത്ത നാളുകളിലായി ഇടവിട്ട് അയച്ചു തന്നിരുന്ന ഗസലിന്റെയും മലയാളം, ഹിന്ദി മെലഡികളുടെയും കൗതുക വാര്‍ത്തകളുടെയും ഓഡിയോ-വീഡിയോ ക്ലിപ്പിംഗുകള്‍ സൂചന നല്‍കുന്നു. മരണം എവിടെ വെച്ചും, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെങ്കിലും അസൈന്റെയും അസീസിന്റെയും വേര്‍പാട് ഉള്‍ക്കൊള്ളാനാവാത്ത യാഥാര്‍ഥ്യമായി ഏറെക്കാലം നിലനില്‍ക്കും. അത്രത്തോളം മറ്റുള്ളവരുടെ ഹൃദയം കീഴടക്കിയ നിഷ്‌കളങ്കരും നിഷ്‌കാമ കര്‍മികളുമായിരുന്നു അവര്‍. അക്ഷരാര്‍ഥത്തില്‍ മുഴുസമയ പത്രപ്രവര്‍ത്തകനായി മാറിയ അസൈന് ഒരു ദിവസം പോലും മെഡിക്കല്‍ ലീവടക്കം ഒരു ലീവും എടുക്കേണ്ടി വന്നിട്ടില്ല എന്നത് ആ ആത്മാര്‍ഥതക്ക് ദൈവം തമ്പുരാന്‍ നല്‍കിയ പ്രതിഫലമായിരിക്കാം.
പത്രപ്രവര്‍ത്തനം തപസ്യയായി ഏറ്റെടുക്കാന്‍ തയാറുള്ളവരെ  സ്വാഗതം ചെയ്ത് പരസ്യം നല്‍കിയിരുന്ന കാലത്താണ് അസൈനും മാധ്യമത്തിന്റെ ഭാഗമാകുന്നത്. മറ്റു പലരെയും പോലെ ചെറിയ ചുവടുവെപ്പുകളുമായി തുടങ്ങിയ അസൈന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം  മുന്‍ചൊന്ന പരസ്യത്തിന്റെ ആത്മാവിഷ്‌കാരമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാനായത്. നിശ്ചിത സമയത്തിനും എത്രയോ നേരത്തേ വന്ന് പാതിര വരെ കഠിനാധ്വാനം ചെയ്യുക പതിവാക്കിയ അസൈന്‍, ഇടവേളകള്‍ സാധാരണക്കാരുടെയും ഭാരം ചുമക്കുന്നവരുടെയും ക്ഷേമത്തിനായി നീക്കിവെച്ച ജനസേവകന്‍ കൂടിയായിരുന്നു. സ്വതേ സംഘര്‍ഷഭരിതമായ ന്യൂസ് ഡസ്‌കിന്റെ കൂട്ടായ പ്രവര്‍ത്തനത്തെ എണ്ണയിട്ട യന്ത്രം പോലെ ചടുലമാക്കുന്ന രസതന്ത്രം അസൈനില്‍ നിന്ന് പഠിക്കണം.
നിത്യവും  ബഹുവിധ മാനസികാവസ്ഥയില്‍ പരാതിയും പ്രതിഷേധവും അറിയിക്കാന്‍ നേരിട്ടും ഫോണിലുമായി ബന്ധപ്പെടുന്നവരെയെല്ലാം തണുപ്പിച്ച് സംതൃപ്തരാക്കുന്ന ആ മനസ്സ് പ്രകോപിപ്പിക്കപ്പെടും തോറും പ്രശോഭിതമായി വരുന്ന സാത്വിക മനസ്സായിരുന്നു.  പ്രാദേശിക ലേഖകര്‍ മുതല്‍ മേലോട്ട് സീനിയര്‍ റിപ്പോര്‍ട്ടര്‍മാരും പത്രാധിപ സമിതി അംഗങ്ങളുമടക്കം എല്ലാവരുടെയും സ്ഥിതി വിവരങ്ങള്‍ കാണാപാഠമാക്കിയ അസൈന്‍ അവരുടെ സ്വകാര്യ ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തിരക്ക് പിടിച്ച പത്രപ്രവര്‍ത്തനത്തിനിടയില്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. അത്രത്തോളം സഹപ്രവര്‍ത്തകരുടെയും കീഴ് ജീവനക്കാരുടെയും ഹൃദയത്തില്‍ കൂടുകെട്ടിയ ബോസ് ആയിരുന്നു അസൈന്‍. ബോസിംഗ് നടത്താതെ സ്‌നേഹപൂര്‍വം പെരുമാറുന്ന നല്ല ഇടയന്‍.
അസൈനുമായുള്ള ബന്ധത്തിന് തുടക്കം കുറിക്കുന്നത് 1986-ലാണ്. ആ വര്‍ഷം ഒക്‌ടോബറില്‍ കോഴിക്കോട് പാരമൗണ്ട് ടവറില്‍ സംഘടിപ്പിച്ച ഹ്രസ്വകാല മാധ്യമ ശില്‍പശാലയാണ് അതിന് അവസരമൊരുക്കിയത്. ആദ്യ കാഴ്ചയില്‍ പ്രഫ. പി. കോയയോട് സാദൃശ്യം തോന്നി, അന്നു തുടങ്ങിയ ആ ബന്ധം അവസാനം വരെയും ഉലയാതെ, ഉരസാതെ ഊഷ്മളമായി  നിലനിന്നു എന്നത് മാധ്യമ കാല ജീവിതം സമ്പാദിച്ച നേട്ടങ്ങളുടെ പട്ടികയില്‍ മങ്ങലേല്‍ക്കാതെ നില്‍ക്കും.
മാധ്യമത്തെ വഴിത്തിരിവാക്കുന്നതില്‍ സഹോദരന്‍ അസീസിന്റെ സംഭാവന ഇവ്വിധം ഒരു കുറിപ്പില്‍ ഒതുങ്ങുന്നതല്ല. നിലപാട്, സ്‌പോര്‍ട്‌സ്, അന്താരാഷ്ട്രീയം എന്നീ പേജുകളായിരുന്നുവല്ലോ മാധ്യമത്തെ മാധ്യമമാക്കിയതിലെ  മുഖ്യ ഘടകം. ആരംഭകാലം തൊട്ടേ അന്താരാഷ്ട്രീയം പേജിന്റെ ഐഡന്റിറ്റി നിലനിര്‍ത്തി നിലവാരമുള്ള ഒന്നാക്കി മാറ്റിയതിന് പിന്നിലെ അണിയറ ശില്‍പികളില്‍ അദ്വിതീയ സ്ഥാനത്തായിരുന്നു അസീസ്. അന്താരാഷ്ട്ര വാര്‍ത്ത എന്നാല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പെട്ട മുസ്‌ലിം രാജ്യങ്ങളിലെ രാഷ്ട്രീയ ചരടുവലി വിശേഷങ്ങള്‍ എന്ന മാനസികാവസ്ഥയില്‍ നിന്ന് വായനക്കാരെ കരകയറ്റി ഭൂഖണ്ഡാന്തര യാത്രക്ക് പ്രാപ്തമാക്കി എന്നതാണ് തദ്വിഷയകമായി മാധ്യമം നിറവേറ്റിയ മഹത്തായ ദൗത്യം. ആ ദൗത്യ നിര്‍വഹണത്തിന്റെ ആള്‍രൂപമായിരുന്നു അസീസ്. പ്രതിഭാവിലാസത്തോടൊപ്പം ബഹുഭാഷാ വൈദഗ്ധ്യം കൂടി ആര്‍ജിച്ച അസീസ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ എന്നതിനപ്പുറം വേറിട്ട പത്രപ്രവര്‍ത്തകനായി വാഴ്ത്തപ്പെട്ടു. നിലവിലെ ചീഫ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ, അസോസിയേറ്റ് എഡിറ്ററായിരുന്ന ഒ. അബ്ദുല്ല എന്നിവരെക്കൂടാതെ അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്നവരായി പത്രാധിപ സമിതിയില്‍ അസീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സ്ഥിരമായ ഇരിപ്പിടവും കസേരയും അവശ്യോപാധിയായി തോന്നിയിട്ടില്ലാത്ത ആ എഴുത്തുകാരന്‍ ഒന്നിച്ചിരുന്ന് ജോലി ചെയ്യുന്നതിനെക്കാള്‍ ഒറ്റക്കിരുന്ന് ചെയ്യാനാണ് ഇഷ്ടപ്പെട്ടിരുന്നത്. ലൈബ്രറിയായിരുന്നു പ്രധാന സങ്കേതം. വായന തന്നെ മുഖ്യ ഹോബി. സംസാരിക്കാന്‍ പിശുക്കു കാണിക്കുമെങ്കിലും പറയുന്ന കാര്യങ്ങള്‍ക്ക് നല്ല അഴകും മിഴിവും ഉണ്ടായിരിക്കും. അസീസ് പത്രാധിപ സമിതി അംഗമാകാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ ഒട്ടും ഉദ്വേഗം തോന്നിയില്ല. കാരണം, അസീസിനെ നേരത്തെ തന്നെ നന്നായി പരിചയമുണ്ടായിരുന്നു. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ പഠിക്കുന്ന സര്‍ഗധനനായ ചെറുപ്പക്കാരന്‍ എന്ന നിലയിലുള്ള പരിചയം. വര്‍ഷങ്ങള്‍ക്ക് ശേഷം മാധ്യമത്തില്‍ സംഗമിക്കുമ്പോള്‍ രൂപത്തില്‍ സ്വാഭാവിക മാറ്റങ്ങള്‍ വന്നെങ്കിലും പ്രകൃതം മാറിയിരുന്നില്ല. പ്രശസ്തിയും അംഗീകാരമുദ്രകളും തേടാതെ നല്ലതു ചെയ്യുക, നന്നായി ചെയ്യുക എന്ന നിലപാടിലുറച്ചു നിന്ന് ദൗത്യം നിറവേറ്റിയ ചാരിതാര്‍ഥ്യത്തോടെയായിരിക്കാം അസൈനും അസീസും മടങ്ങിയിട്ടുണ്ടാവുക... സുതാര്യ ഹൃദയത്തിനുടമകള്‍!
നാട്യങ്ങളേതുമില്ലാതെ നാട്ടുമ്പുറത്തുകാരായി ജീവിച്ച ഇരുവരുടെയും ജീവിതം നന്‍മകളാല്‍ സമൃദ്ധമായിരുന്നു. സംസാരം, പെരുമാറ്റം, ഭക്ഷണം, വസ്ത്രം എന്നിവയിലെല്ലാം മിതത്വം പാലിച്ചിരുന്ന അവര്‍ക്ക് ഒന്നിനോടുമുണ്ടായിരുന്നില്ല ആസക്തിയും അമിതാവേശവും. പരിത്യാഗികളെപ്പോലെ ജീവിച്ച് കൊച്ചു കൊച്ചു ദൗര്‍ബല്യങ്ങളെ കീഴടക്കിയ സുമനസ്സുകളായിരുന്നു മാധ്യമം കുടുംബാംഗങ്ങള്‍ക്കിടയിലെ 'അസൈന്‍ക്കയും അസീസ്‌ക്ക'യും. ആ വിളി മാധ്യമം കുടുംബാംഗങ്ങളുടെ ഹൃദയത്തില്‍ നിന്ന് ഉയരുന്നതാണ്. പതിറ്റാണ്ട് പ്രായംകൊണ്ട് നൂറ്റാണ്ടിന്റെ പാകവും വളര്‍ച്ചയും നേടിയ 'വെള്ളിമാട്കുന്നിലെ വെള്ളിനക്ഷത്ര'ത്തിന്റെ ചരിത്രത്തില്‍, ആരോടും പരിഭവമില്ലാതെ മറഞ്ഞുപോയ ആ പ്രതിഭാശാലികളുടെ സര്‍വീസ് സ്റ്റോറി ഏറെ ഹൈലൈറ്റ് ചെയ്യപ്പെടുന്ന എപ്പിസോഡായി തെളിഞ്ഞു നില്‍ക്കും.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌