തൃക്കാക്കരയിലെ വെളുത്ത പുക
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളുടെ തീര്‍ത്തും മറ്റൊരു ചിത്രമാണ്് കാഴ്ചവെക്കുന്നത്. കേരളത്തിലെ മതേതര ജനാധിപത്യ സമൂഹത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വര്‍ഗീയ പ്രീണന നയം ഒരു പക്ഷം സ്വീകരിച്ചുവെന്നതാണ് ഇവിടെ മറനീക്കി പുറത്തുവന്ന സത്യം. വികസന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനപ്പുറം വര്‍ഗീയ രാഷ്ട്രീയത്തിന്റെ സോഷ്യല്‍ എഞ്ചിനീയറിംഗാണ് മണ്ഡലത്തില്‍ നടന്നത്. മത-സാമുദായിക വിഭാഗങ്ങളെ സ്വാധീനിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുക എന്ന തന്ത്രപരമായ നീക്കമായിരുന്നു തൃക്കാക്കരയില്‍ സംഭവിച്ചത്. ചില ക്രൈസ്തവ വിഭാഗങ്ങള്‍ സംഘ് പരിവാറുമായി ചേര്‍ന്ന് കുപ്രചാരണങ്ങളും അഴിച്ചുവിടുകയുണ്ടായി. ലൗ ജിഹാദ്, മദ്‌റസാ അധ്യാപകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയ കുപ്രചാരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരായി നടന്നിട്ടും അതിനെ തടയിടാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവുമുണ്ടായില്ല. ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ കണ്ടെത്തി സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമവുമുണ്ടായില്ല. ഇത്തരം അനഭിലഷണീയ പ്രവണതകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. ഇടതു സ്ഥാനാര്‍ഥിയെ ക്രൈസ്തവ സഭയുടെ പ്രതിനിധിയായി അവതരിപ്പിക്കാനുള്ള ശ്രമവും നടന്നു.
കത്തോലിക്കാ സഭയുടെ ആശുപത്രിയില്‍ വെച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക, മതപുരോഹിതന്റെ സാന്നിധ്യം അവിടെ ഉണ്ടാവുക- ഇതിന്റെയെല്ലാം പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം കേരളത്തിലെ പ്രബുദ്ധ ജനതക്ക് അനായാസം മനസ്സിലാവും.
ഒരു സമുദായത്തിനെതിരെ കൂരമ്പുകള്‍ പ്രയോഗിച്ചും മറ്റൊരു സമുദായത്തെ പ്രീണിപ്പിച്ചും വോട്ടുനേടി അധികാരം കൈക്കലാക്കാം എന്നത് ദിവാസ്വപ്‌നം മാത്രമാണ്. വര്‍ഗീയതയും സത്യവിരുദ്ധമായ കോലാഹലങ്ങളും കൊണ്ട് കൈക്കലാക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ പ്രബുദ്ധരുടെ സമ്മതിദാനം. വര്‍ഗീയതക്കും കുപ്രചാരണങ്ങള്‍ക്കും വഴങ്ങുന്നവരല്ല കേരളീയര്‍ എന്ന പ്രഖ്യാപനമാണ് തൃക്കാക്കര ഫലം. ഇതില്‍നിന്ന് പാഠം പഠിക്കാന്‍ ഇടതുപക്ഷം തയാറായാല്‍ അവര്‍ക്ക് നല്ലത്.
യു.ഡി.എഫിന് ഉജ്ജ്വല വിജയം കരസ്ഥമാക്കാന്‍ സാധിച്ചത് വര്‍ഗീയ പ്രീണനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടിലുറച്ചു നിന്നതുകൊണ്ടാണെന്ന് കാണാന്‍ പ്രയാസമില്ല. അതിനും പുറമെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സുതാര്യതയും ഐകകണ്‌ഠ്യേനയുള്ള തീരുമാനവും അനുകൂല ഘടകങ്ങളായി.
അഖിലേന്ത്യാ തലത്തില്‍ തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് വീണുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചേടത്തോളം വര്‍ഗീയ-സാമുദായിക പക്ഷപാതിത്തങ്ങള്‍ക്കതീതമായ മുന്നേറ്റം ആവശ്യമാണെന്നും അതുകൊണ്ടു മാത്രമേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായ പ്രസ്ഥാനമായി അതിന് നിലനില്‍ക്കാന്‍ കഴിയൂ എന്നുമുള്ള പാഠവും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ ബോധവും മര്‍മപ്രധാനമാണ്. സൈബറിടത്തില്‍ വല്ലാതെ സമയം കളയാതെയും സാമൂഹിക മാധ്യമങ്ങളില്‍ കണ്ണടച്ച് വിശ്വസിക്കാതെയും യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണാന്‍ തയാറായ ഒരു ജനവിഭാഗത്തിന്റെ ഉദ്ബുദ്ധതയാണ് തൃക്കാക്കരയില്‍ ദൃശ്യമായത്. ജനങ്ങളുടെ ഈ സ്വയം ബോധവും തീരുമാനങ്ങളെടുക്കാനുള്ള ശക്തിയും ജനാധിപത്യ സംവിധാനത്തിലെ അനിഷേധ്യ ഘടകം തന്നെയാണെന്നാണ് തൃക്കാക്കര തെളിയിച്ചിരിക്കുന്നത്. അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് ജനങ്ങളെ ഇരുട്ടിലാക്കി രക്ഷപ്പെട്ടുകളയാമെന്ന വ്യാമോഹം എല്ലാ കാലത്തും നടക്കുകയില്ല.
ഖുര്‍ആനില്‍
പരമത വിദ്വേഷമോ?
റഹ്മാന്‍ മധുരക്കുഴി
താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകള്‍ കോടഞ്ചേരിയില്‍ നടത്തിയ വിശ്വാസ സംരക്ഷണ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തില്‍ സംസാരിച്ച പാതിരിമാരില്‍ ചിലര്‍, പാലാ ബിഷപ്പ് മാസങ്ങള്‍ക്ക് മുമ്പ് തട്ടിവിട്ടതും സമൂഹത്തില്‍ നിശിത വിമര്‍ശനത്തിനിടയാക്കിയതുമായ നാര്‍ക്കോട്ടിക് ജിഹാദാരോപണം ആവര്‍ത്തിക്കുകയുണ്ടായി. വിശ്വാസ സംരക്ഷണം, ഇതര മത വിഭാഗത്തിന്റെ നേരെയുള്ള ദുരാരോപണത്തിലൂടെ സാധിതമാക്കുകയെന്ന വഴിവിട്ട മാര്‍ഗമാണ് ഇവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
ജൂത-ക്രൈസ്തവ വിശ്വാസികളെ ഉറ്റമിത്രങ്ങളാക്കരുതെന്നാണ് ഖുര്‍ആന്റെ ശാസനയെന്ന് ക്രൈസ്തവ പാതിരി ഫാ. ജോണ്‍സന്‍ തെക്കടയില്‍ ആരോപിക്കുകയുണ്ടായി. ''വിശ്വസിച്ചവരേ, നിങ്ങള്‍ ജൂതന്മാരെയും ക്രിസ്ത്യാനികളെയും ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാകുന്നു'' (5:51) എന്ന ഖുര്‍ആന്‍ വാക്യം, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്താണ് ഫാദര്‍ ആരോപണം ഉതിര്‍ത്തത്. ജൂത-ക്രൈസ്തവ മതവിഭാഗങ്ങളോട്, അവര്‍ മുസ്‌ലിംകളില്‍നിന്നു വ്യത്യസ്തമായ മതവിശ്വാസം പുലര്‍ത്തുന്നവരായതുകൊണ്ടല്ല ഖുര്‍ആന്‍ അവരെ ആത്മമിത്രങ്ങളാക്കരുതെന്ന് മുസ്‌ലിംകളെ ഉദ്്‌ബോധിപ്പിച്ചത്. ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ മുസ്‌ലിംകളോട് ശത്രുതയില്‍ വര്‍ത്തിച്ചിരുന്ന ക്രൈസ്തവ-ജൂത വിഭാഗങ്ങള്‍ക്ക് മാത്രമേ ഈ കല്‍പന ബാധകമാവുകയുള്ളൂ. മദീനയിലെ ജൂതന്മാര്‍, ഇസ്‌ലാമിനോടും പ്രവാചകനോടും പ്രവാചകന്റെ അനുയായികളോടും കടുത്ത ശത്രുതയും വിദ്വേഷവും പുലര്‍ത്തിയവരായിരുന്നുവെന്നത് ചരിത്ര യാഥാര്‍ഥ്യമല്ലേ? പ്രവാചകനും മുസ്‌ലിംകള്‍ക്കുമെതിരെ യുദ്ധത്തിന് കോപ്പ് കൂട്ടി, ശത്രുപക്ഷത്ത് അണിനിരന്ന ജൂത പ്രമുഖനായിരുന്നു ഹുയയ്യുബ്‌നു അഖ്തബ്. തങ്ങളെ ഉന്മൂലനം ചെയ്യാന്‍ കോപ്പ് കൂട്ടുന്ന ശത്രുക്കളെ ആത്മമിത്രങ്ങളാക്കണമെന്ന് ലോകത്ത് ഏത് പ്രത്യയശാസ്ത്രമാണ് വിധിച്ചിട്ടുള്ളത്?
ശത്രുത നിലനില്‍ക്കാത്ത പശ്ചാത്തലത്തില്‍ മുസ്‌ലിംകള്‍ ജൂത-ക്രൈസ്തവരുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും, വേദക്കാരെന്ന നിലയില്‍ പല വിഷയങ്ങളിലും ആദര്‍ശൈക്യമുള്ള അവരാണ് മുസ്‌ലിംകളോട് അടുത്തു നില്‍ക്കുന്നവരെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''വേദക്കാരുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളായ ചാരിത്രവതികളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു'' (5:5).
നബിതിരുമേനി ജൂത-ക്രൈസ്തവരുടെ ഭക്ഷണം കഴിച്ചിരുന്നു. അവരുമായി ഉറ്റബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. പ്രവാചകന്റെ ദേഹവിയോഗ വേളയില്‍ അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂത മതവിശ്വാസിയുടെ വശം പണയത്തിലായിരുന്നു. മറ്റൊരിക്കല്‍, മൃതദേഹവുമായി ആളുകള്‍ വരുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ എഴുന്നേറ്റുനിന്നു. ഇത് കണ്ട് അനുചരന്മാര്‍ അതൊരു ജൂതന്റെ മൃതദേഹമല്ലേ എന്ന് ചോദിച്ചപ്പോള്‍, അതൊരു മനുഷ്യന്റേതല്ലേ എന്നായിരുന്നു പ്രവാചകന്റെ മറുപടി. തന്റെ പടയങ്കി ഒരു ജൂതമതക്കാരന്റെ വശം പണയം വെക്കാന്‍ മാത്രം ഉറ്റ സ്‌നേഹബന്ധം, അയാളുമായി പ്രവാചകനുണ്ടായിരുന്നുവെന്ന വസ്തുത നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്? പ്രവാചകന്‍ തന്റെ പള്ളിയില്‍, ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുക മാത്രമല്ല, അവര്‍ക്ക് പ്രാര്‍ഥനക്ക് സൗകര്യമൊരുക്കിക്കൊടുക്കുക കൂടി ചെയ്തിരുന്നു. ''മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങളില്‍നിന്ന് പുറത്താക്കിയിട്ടില്ലാത്തവരുമായ ആളുകളോട് നന്മയിലും നീതിയിലും വര്‍ത്തിക്കുന്നത് അല്ലാഹു വിലക്കുന്നില്ല. നിസ്സംശയം, നീതിനിഷ്ഠയെ അല്ലാഹു ഇഷ്ടപ്പെടുന്നു'' എന്നാണ് ഖുര്‍ആന്‍ (60:8) വ്യക്തമാക്കിയിട്ടുള്ളത്്.
''ബഹുദൈവ വിശ്വാസികളിലാരെങ്കിലും നിന്നോട് അഭയം തേടിയാല്‍ അവരെ അവരുടെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചുകൊടുക്കണം'' എന്നും ഖുര്‍ആന്‍ (9:6) ആഹ്വാനം ചെയ്യുന്നു. മുസ്‌ലിംകള്‍ പതിനാല് നൂറ്റാണ്ടോളം അടക്കി ഭരിച്ച ഈജിപ്തില്‍ ഇപ്പോഴും ഒമ്പത് ശതമാനം ക്രിസ്ത്യാനികളുണ്ടെന്നതും ലോകത്ത് ഏറ്റവും കൂടുതല്‍ ജൂത മതക്കാരുള്ള രണ്ടാമത്തെ രാജ്യം മുസ്‌ലിം രാഷ്ട്രമായ ഇറാനാണെന്നതും, ഖുര്‍ആനില്‍ പരമത ദ്വേഷം പരതുന്നവരുടെ ചിന്തക്ക് വിഷയീഭവിക്കേണ്ടിയിരിക്കുന്നു.
പ്രവാചകന്‍ ഒരു വലിയ
ജന സമൂഹത്തിന്റെ
വികാരമാണ്
ഇസ്മാഈല്‍ പതിയാരക്കര
വിദ്വേഷ രാഷ്ട്രീയം ആളിക്കത്തിക്കാനായി, ചരിത്രത്തില്‍ സുതാര്യമായി രേഖപ്പെട്ടു കിടക്കുന്ന വിശുദ്ധ പ്രവാചകന്റെ പരിശുദ്ധ ജീവിതത്തെ വക്രീകരിച്ചു കൊണ്ട് അവഹേളിക്കുന്ന പ്രവണത ലോക തലത്തില്‍ തന്നെ വല്ലാതെ വര്‍ധിച്ചുവരുന്ന സന്ദര്‍ഭമാണിത്. ലോകത്ത് മറ്റൊരു നേതാവിനും ലഭിക്കാത്ത തരത്തില്‍, ഉണര്‍ച്ച മുതല്‍ ഉറങ്ങുന്നത് വരെ പൂര്‍ണമായി ഒരു വലിയ സമൂഹം പിന്‍പറ്റിക്കൊണ്ടിരിക്കുന്ന നായകനാണ് പുണ്യ റസൂല്‍. അദ്ദേഹത്തെപ്പറ്റി ആരെങ്കിലും മോശമായി എന്തെങ്കിലും മൊഴിഞ്ഞാല്‍ വല്ലാത്ത മനഃപ്രയാസം ഉണ്ടാവുന്ന തരത്തില്‍ ലോകത്തിലെ അഞ്ചിലൊന്ന് വരുന്ന ജന വിഭാഗത്തിന്റെ രക്തത്തില്‍ അലിഞ്ഞുപോയ പേരാണ് മുഹമ്മദ് നബി (സ).
മത ചിഹ്നങ്ങള്‍ അണിയുന്നില്ലെങ്കിലും, അനുഷ്ഠാനങ്ങളെ അവഗണിക്കുന്ന ഒരു സാദാ നാമധാരി മുസ്‌ലിം ആണെങ്കില്‍ പോലും പ്രവാചകന്‍ അവന്റെ ചങ്കിലെ ചോര തന്നെയാണ്. ഇത്രത്തോളം അനുയായികളാല്‍ സ്‌നേഹിക്കപ്പെടുകയും പിന്‍പറ്റപ്പെടുകയും, ഏറ്റവും കൂടുതലാളുകളാല്‍ വായിക്കപ്പെടുകയും ചെയ്യുന്ന ജീവിതത്തിനുടമയായ നേതാവിനെക്കുറിച്ച് അരുതാത്തത് മൊഴിയുമ്പോള്‍ ഒരു വിശ്വാസിക്കുണ്ടാവുന്ന ഹൃദയ വേദന പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നത്രെ.
നൂപുര്‍ ശര്‍മയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധവും മേല്‍പ്പറഞ്ഞ വീക്ഷണകോണിലൂടെ നാം വിലയിരുത്തേണ്ട ഒന്നാണ്. വിവാദ വിഷയം വിദേശങ്ങളില്‍ കത്തിപ്പിടിച്ചപ്പോള്‍ മാത്രമാണ് നമ്മുടെ നാട്ടില്‍ ചെറിയ പ്രതികരണങ്ങള്‍ ഉണ്ടായത് എന്നത് വര്‍ത്തമാന ഇന്ത്യയിലെ ഭയത്തിന്റെയും നിര്‍വികാരതയുടെയും അന്തരീക്ഷത്തെ ഒന്നുകൂടി തെളിമയില്‍ നമുക്ക് വെളിവാക്കിത്തരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ കേരളത്തിലടക്കം യുക്തിവാദികളുടെയും സംഘ് പരിവാറിന്റെയും പേജുകളില്‍ നൂപുര്‍ ശര്‍മ ഉപയോഗിച്ചതിനെക്കാള്‍ മ്ലേഛമായ നബിനിന്ദ എഴുതി വിടുന്നവര്‍ നിരവധിയാണ്. അത്തരം വ്യക്തികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ മത നേതൃത്വം കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതും പ്രയാസമുണ്ടാക്കുന്നു.
Comments