എന്റെ വിമോചന യാത്രയുടെ കഥ
അഭിമുഖം
കടുത്ത ജാതി വിവേചനത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും കാലത്ത് ഇസ്‌ലാമില്‍ വിമോചനവും മനശ്ശാന്തിയും കണ്ടെത്തിയ ശബരിമാലയുടെ ഇസ്‌ലാം അനുഭവങ്ങള്‍. തമിഴ്‌നാട്ടിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും മോട്ടിവേഷന്‍ സ്പീക്കറുമാണ് അവര്‍.
ജീവിതം മുപ്പത്തിയഞ്ചു വര്‍ഷം പിന്നിടുമ്പോഴാണ് ഇസ്‌ലാമിലേക്ക് എത്തുന്നത്. താങ്കളുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ അസ്വസ്ഥതകളില്‍ നിന്ന് ആത്മഹര്‍ഷത്തിലേക്കുള്ള പ്രയാണം. എങ്ങനെയായിരുന്നു ആ യാത്ര?
അഛന്‍ അയ്യപ്പന്‍ കോവിലിലെ ഗുരുനാഥനായിരുന്നു. ചെറുപ്പത്തില്‍ അഛന്റെ കൂടെ വിവിധ ക്ഷേത്രങ്ങളില്‍ പോകും. അഛന്റെ കൂടെ അഞ്ചു പ്രാവശ്യം ശബരിമലയിലേക്ക് തീര്‍ഥാടനത്തിന് വന്നിട്ടുണ്ട്. പിന്നീട് എന്നെ കൊണ്ടുപോകാതെ അഛന്‍ പോകുമ്പോള്‍ ഞാന്‍ ബഹളം വെക്കുമായിരുന്നു. അയ്യപ്പന്‍ കോവിലില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ പാടില്ലാത്തതാണ്. എങ്കിലും മുരുകന്‍ കോവില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ അഛന്റെ കൂടെ പോയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പൂര്‍ണമായും പ്രാപ്യമല്ലാത്ത ആരാധനാ ഇടങ്ങള്‍, ദര്‍ശനം നടത്താന്‍ പുരോഹിതന്മാരെ തൃപ്തിപ്പെടുത്താനായി ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ആചാരങ്ങള്‍- ഇതിലൊക്കെയുള്ള അയുക്തി എപ്പോഴും എന്നെ അലട്ടിയിരുന്നു.
നിരന്തരമായ ക്ഷേത്ര പര്യടനങ്ങളിലൂടെയും ആചാരങ്ങളോടുള്ള വളരെ വൈകാരികമായ സമീപനത്തിലൂടെയും ദൈവം എന്ന യാഥാര്‍ഥ്യത്തെ ഞാന്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞിരുന്നു. അപൂര്‍ണമെങ്കിലും ഒരു സംതൃപ്തി ഉണ്ടായിരുന്നു. തുടര്‍ന്ന് ധാരാളം ആത്മീയ യാത്രകള്‍ നടത്തി, കുറേയധികം വായിച്ചു. പറഞ്ഞല്ലോ, ദൈവം എന്ന യാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട് പൂര്‍ണമല്ലാത്ത ഒരു തൃപ്തിയുണ്ട് മനസ്സില്‍. ഇന്ന് വിശുദ്ധ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഒരേസമയം വികാര നിര്‍ഭരമായും പൂര്‍ണ വിവേകത്തോടെയും ദൈവം എന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ കഴിയുന്നു. ഉല്‍ക്കടമായ ആത്മീയഭാവത്തോടെ ആരാധന നിര്‍വഹിക്കാന്‍ കഴിയുന്നു. എല്ലാറ്റിനുമപ്പുറം, ഞാനും എന്റെ റബ്ബും എന്നത് നിര്‍ഭയത്വവും ആത്മാഭിമാനവും നല്‍കുന്ന അനുഭൂതി സൃഷ്ടിക്കുന്നു. പ്രാര്‍ഥനയിലൂടെ അഭയസ്ഥാനം തിരിച്ചറിയാന്‍ കഴിയുന്നു.
ഇസ്‌ലാമിനെ സംശയാസ്പദമായി വീക്ഷിച്ചിരുന്ന, ഒരിക്കലും പരിചയിക്കേണ്ടി വന്നിട്ടില്ലാത്ത, ഇസ്‌ലാം അനുഭവങ്ങള്‍ നിര്‍ബന്ധിതമായും മാറ്റിനിര്‍ത്തപ്പെട്ട ഒരു സാഹചര്യത്തിലാണല്ലോ ജീവിച്ചത്. പിന്നീടെപ്പോഴാണ് ഇസ്‌ലാമിനെ നേരില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്?
രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി എനിക്ക് സ്വന്തമായുണ്ട്. പക്ഷേ, അതില്‍ ഒരു പുസ്തകം പോലും ഇസ്‌ലാമിനെ കുറിച്ചുള്ളതായിരുന്നില്ല. ഇസ്‌ലാമിനെ കുറിച്ച് എപ്പോഴും ചുറ്റുമുള്ളവരില്‍ നിന്ന് സംശയാസ്പദമായ വര്‍ത്തമാനങ്ങളാണ് കേട്ടിട്ടുണ്ടായിരുന്നത്. വായിക്കേണ്ടതും മഹത്വമുള്ളതുമായ ഒന്നായി ഇസ്‌ലാമിനെ അവര്‍ ഒരിക്കലും പരിചയപ്പെടുത്തിയിരുന്നില്ല.
ഇസ്‌ലാം പുരുഷാധിപത്യത്തിന്റെ മതമാണ്, സ്ത്രീകളെ പര്‍ദക്കുള്ളില്‍ അടിച്ചമര്‍ത്തുന്ന മതമാണ് - ഇങ്ങനെയുള്ള വര്‍ത്തമാനങ്ങളാണ് നിരന്തരം കേട്ടിരുന്നത്. അപ്പോഴെല്ലാം വസ്തുത എന്താണെന്നറിയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. സ്വയം പ്രചോദിതരായി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിം സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് യാദൃഛികമായി വായിക്കാനിടയായി. അവരുടെ ധൈഷണിക നിലവാരവും നേതൃത്വ മികവും എന്നെ അത്ഭുതപ്പെടുത്തി.
നിലപാടിന്റെയും പോരാട്ടത്തിന്റേതുമായ ഉജ്ജ്വല ചരിത്രം മുസ്‌ലിം സ്ത്രീക്ക് ഉണ്ടായിട്ടും എന്തുകൊണ്ടായിരിക്കാം തനിക്ക് ചുറ്റുമുള്ളവര്‍ ചലനാത്മകമല്ലാത്ത മുസ്‌ലിം സ്ത്രീയെ സൃഷ്ടിച്ച് ഇസ്‌ലാമിനെ നിരന്തരം പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ ശ്രമിക്കുന്നത് എന്നത് എന്നെ ചിന്തിപ്പിച്ചു.
ഈ സമയത്താണ് രാജ്യത്തുടനീളം പൗരത്വ ഭേദഗതി നിയമത്തിനെതിരായി മുസ്‌ലിം സ്ത്രീകളും മുസ്‌ലിം വിദ്യാര്‍ഥിനികളും നേതൃപരമായ പങ്ക് വഹിക്കുന്ന പൗരത്വ സമരം പൊട്ടിപ്പുറപ്പെടുന്നത്. സമരം നേരിട്ടു കാണാന്‍ ഞാന്‍ തലസ്ഥാന നഗരിയിലേക്ക് ചെന്നു.
അക്കാലം വരെ താന്‍ കേട്ടു പതിഞ്ഞ മുസ്‌ലിം സ്ത്രീയെയല്ല ആ തെരുവില്‍ കാണാന്‍ കഴിഞ്ഞത്. വൃദ്ധരായ മുസ്‌ലിം ഉമ്മമാര്‍ ദല്‍ഹിയിലെ തീക്ഷ്ണമായ വെയിലും കഠിനമായ തണുപ്പും വകവെക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മാസങ്ങള്‍ നീണ്ടുനിന്ന ശാഹീന്‍ബാഗ് സമരം നയിക്കുന്നു. അധികാരികള്‍ക്കും പോലീസിനും മുന്നില്‍ സന്ധിചെയ്യാതെ സമരം നടത്തുന്ന മുസ്‌ലിം സ്ത്രീയുടെ നിശ്ചയദാര്‍ഢ്യം ഒരു സ്ത്രീയെന്ന നിലയില്‍ എന്നെ കൂടുതല്‍ ആത്മാഭിമാനബോധമുള്ളവളാക്കുന്നു. വല്ലാത്ത അഭിമാന ബോധവും ആത്മഹര്‍ഷവും അനുഭവപ്പെട്ടു. അവിടെ നിന്ന് പ്രവാചകനെയും ഇസ്‌ലാമിനെയും വിശദമായി പരിചയപ്പെടുത്തുന്ന കുറച്ച് പുസ്തകങ്ങള്‍ ലഭിച്ചു. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്വന്തമായുണ്ടായിട്ടും ഒരിക്കലും ഇസ്‌ലാമിനെ വായിക്കാന്‍ കഴിയാതെ പോയ കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷങ്ങളെ കുറിച്ച് നിരാശ തോന്നി. അങ്ങനെ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ തേടിയ ദൈവത്തെ, ആത്മഹര്‍ഷത്തെ, അനുഭൂതിയെ, ആത്മാഭിമാനം പ്രദാനം ചെയ്യുന്ന ആരാധനയെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
മുസ്‌ലിമാവണം എന്ന് ദൃഢനിശ്ചയമെടുക്കാന്‍ ഇസ്‌ലാമിന്റെ എന്തു സവിശേഷതയാണ് താങ്കളെ കാര്യമായി ആകര്‍ഷിച്ചത്? അല്ലെങ്കില്‍, തന്നെ അലട്ടിയ പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമില്‍ പരിഹാരമുണ്ടെന്ന് മനസ്സിലാക്കുന്നത് എപ്പോഴാണ്?
ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. 'താഴ്ന്ന' ജാതി ആയതു കൊണ്ടും, സ്ത്രീ ആയതുകൊണ്ടുമെല്ലാം അടിച്ചമര്‍ത്തലുകള്‍ക്കും ആവിഷ്‌കാര നിഷേധങ്ങള്‍ക്കും വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഇതിനെയൊക്കെയും വിശ്വാസത്തിന്റെ സാധൂകരണത്തിലൂടെ മഹത്വവത്കരിക്കുക എന്നത് വളരെ സ്വാഭാവികം. ഇത്തരത്തില്‍ നിരവധി ഇടങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്ത ഒരാളെന്ന നിലയില്‍ എനിക്ക് ഇവിടത്തെ സാമൂഹിക-സാംസ്‌കാരിക ജീവിതം ദുസ്സഹമായിരുന്നു. പരിഹാരത്തെക്കുറിച്ച് നിരന്തരം ഞാന്‍ ആലോചിച്ചു. സൈദ്ധാന്തികവും പ്രായോഗികവുമായ പരിഹാരത്തെക്കുറിച്ചും അന്വേഷിച്ചിരുന്നു. വളരെ അവിചാരിതമായി എനിക്ക് ലഭിച്ച വിശുദ്ധ ഖുര്‍ആനില്‍ ഞാന്‍ അതിനുള്ള പരിഹാരങ്ങള്‍ വായിച്ചു. ജാതിക്കും മതത്തിനും ലിംഗത്തിനും വര്‍ണത്തിനുമെല്ലാം അപ്പുറം മനുഷ്യരെ മുഴുവന്‍ ഒരൊറ്റ ആത്മാവായി കാണുന്ന, മുഴുവന്‍ മനുഷ്യരെയും ആദരിക്കുന്ന, സ്ത്രീക്ക് എല്ലാ അവകാശങ്ങളും നല്‍കുന്ന, അതിനു വേണ്ടി പുരുഷനെ ബാധ്യസ്ഥനാക്കുന്ന ഒരു ദര്‍ശനത്തെ ഞാന്‍ ഖുര്‍ആനിലുടെ കണ്ടെത്തുകയായിരുന്നു. ആരാണ് ഇതെല്ലാം പറയുന്നതെന്ന് അത്ഭുതപ്പെടുമ്പോള്‍, താന്‍ കാലങ്ങളായി തേടിക്കൊണ്ടിരുന്ന ദൈവം എന്ന ആത്യന്തികമായ പരിസംതൃപ്തമായ അനുഭൂതിയെ വിശുദ്ധ ഖുര്‍ആനിലൂടെ ഞാന്‍ വായിച്ചു.
പെണ്‍കുട്ടി ആയതിന്റെ പേരില്‍ ചെറുപ്പത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടി വന്ന, അപമാനിതയാവേണ്ടി വന്ന അനേകം സന്ദര്‍ഭങ്ങളിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. ഇവിടെയിതാ ഇസ്‌ലാം, പെണ്‍കുട്ടികളെ സംരക്ഷിച്ച് അഭിമാനത്തോടെ പരിപാലിക്കുന്ന മാതാപിതാക്കള്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്തിരിക്കുന്നു! ഞാന്‍ അനുഭവിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും അവിടെ പരിഹാരമുണ്ട്. മനുഷ്യ സ്വാതന്ത്ര്യത്തിലേക്കും ആത്മാഭിമാനത്തിലേക്കുമുള്ള മനോഹരമായ വഴികള്‍ ഞാന്‍ ഇസ്‌ലാമിലൂടെ കണ്ടെത്തുകയായിരുന്നു.
കോവിലിലെ ഗുരുനാഥനായ ഒരാളുടെ മകളായി ജനിച്ച് ജീവിക്കുകയും കണിശമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാകേണ്ടി വരികയും ചെയ്ത ഒരു വ്യക്തിക്ക്, താന്‍ കൂടി ഭാഗമായിരുന്ന ചുറ്റുപാടുകളില്‍ നിന്ന് ഇറങ്ങിവന്നുള്ള ഒരു ജീവിതം അത്ര എളുപ്പമുള്ളതല്ല. അതാവട്ടെ, അവര്‍ സംശയത്തോടെ മാറ്റിനിര്‍ത്തിയിരുന്ന ഒരു മതത്തിലേക്കും! എങ്ങനെയാണ് താങ്കള്‍ ഈ പ്രതിസന്ധിയെ അതിജീവിക്കുന്നത്?
കോവിലില്‍ ഗുരുനാഥനായ ഒരാളുടെ മകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത് ചുറ്റുമുള്ളവരെ നന്നായി അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ജാതി സമ്പ്രദായം ആചരിക്കുന്ന, അതിനെ മഹത്വപ്പെടുത്തുന്ന ചുറ്റുപാടുകളെയും സംവിധാനത്തെയും ഞാന്‍ നേരത്തെ തന്നെ, ഒരു സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ വിമര്‍ശിക്കാറുള്ളതുകൊണ്ട് തന്നോട് അകലം പാലിക്കാന്‍ ധാരാളം പേര്‍ ബോധപൂര്‍വമായ ശ്രമം നടത്താറുണ്ട്. അതൊന്നും വകവെക്കാതെ മനുഷ്യരെ അടിച്ചമര്‍ത്തുന്ന സാമൂഹിക സംവിധാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും. എന്റെ ദൈവം എനിക്കിതിന് പ്രതിഫലം കൂടി വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ.
മുസ്‌ലിമായിരിക്കുക എന്നത് വലിയ ബഹുമതിയും അംഗീകാരവുമാണെന്ന് താങ്കള്‍ പറയുന്നു. ഇസ്‌ലാമിന് കൂടുതല്‍ പ്രചാരം നല്‍കണമെന്ന് താങ്കള്‍ എന്തുകൊണ്ട് ആഗ്രഹിക്കുന്നു?
മുസ്‌ലിമാവുന്നത് വലിയൊരു ആദരവും ബഹുമതിയുമാണ്. എന്തുകൊണ്ടാണ്, ലോകത്തെങ്ങും മുസ്‌ലിംകളോട് ഇത്രയും വിദ്വേഷമെന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു. തുടര്‍ന്ന്, നിഷ്പക്ഷ മനസ്സോടെ ഖുര്‍ആന്‍ വായിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെയാണ്, സത്യം ഞാന്‍ മനസ്സിലാക്കുന്നത്. ഇപ്പോള്‍ എന്നെക്കാളും ഞാന്‍ ഇസ്‌ലാമിനെ സ്നേഹിക്കുന്നു. ഖുര്‍ആനെ എല്ലാവര്‍ക്കും പരിചയപ്പെടുത്തണമെന്നാണ് മുസ്‌ലിംകളോട് എനിക്ക് ആവശ്യപ്പെടാനുള്ളത്.
എല്ലാ മനുഷ്യര്‍ക്കും നീതി എന്നതാണ് ഇസ്‌ലാമിന്റെ ആഹ്വാനം. മര്‍ദിത ജനതകളുടെ വിമോചകരായിട്ടാണ് ഇസ്‌ലാമില്‍ പ്രവാചകന്മാര്‍ അവതരിക്കപ്പെടുന്നത്. വിമോചനം എന്നതും നീതിയുടെ സംസ്ഥാപനം എന്നതും ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു ബാധ്യതയാണ്. അതുകൊണ്ടുതന്നെ ജാതിവ്യവസ്ഥയും അധീശത്വവും നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇസ്‌ലാമിന് കൂടുതല്‍ പ്രസക്തിയുണ്ട്. മര്‍ദിതരുടെ വിമോചനത്തിനും മനുഷ്യാവകാശങ്ങള്‍ സ്ഥാപിക്കപ്പെടാനും ഇസ്‌ലാം ഇനിയും കൂടുതല്‍ പ്രചരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം നമ്മള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇസ്‌ലാമില്‍ ശരിയായ പരിഹാരം ഉണ്ട്.
വിസ്മയകരമായൊരു ഗ്രന്ഥം നിങ്ങളുടെ കൈയിലുണ്ട്, എന്തിനാണ് അത് വീട്ടില്‍ ഒളിപ്പിച്ചുെവച്ചിരിക്കുന്നത്, ലോകം അതു വായിക്കണം എന്ന് ഹറം പള്ളിയില്‍നിന്നുള്ള വീഡിയോ സന്ദേശത്തില്‍ താങ്കള്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ എന്ന അറബി പദത്തിന്റെ അര്‍ഥം തന്നെ, വായിക്കപ്പെടുന്നത് എന്നാണ്. ഖുര്‍ആന്‍ എല്ലാവരാലും കൂടുതല്‍ വായിക്കപ്പെടണമെന്ന് താങ്കള്‍ ആഗ്രഹിച്ചത് എന്തു കൊണ്ടാണ്? ഖുര്‍ആന്‍ വായനയില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വചനങ്ങള്‍ ഏതാണ്?
നിന്റെ റബ്ബ് നിന്റെ കണ്ഠനാഡിയെക്കാള്‍ നിന്നോടടുത്തുണ്ട് എന്ന ആശയം വരുന്ന ഖുര്‍ആന്‍ വചനം എന്നെ വല്ലാതെ നിര്‍ഭയയാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തിപരമായി എനിക്ക് അതിന് ഒരു വലിയ കാരണവുമുണ്ട്. ജാതിവ്യവസ്ഥയും സ്ത്രീ അസമത്വങ്ങളും ക്രൂരമായ വിവേചനങ്ങളുമെല്ലാം കണ്ടും കേട്ടും അനുഭവിച്ചും, പരിഹാരം അന്വേഷിച്ച് ഇറങ്ങിത്തിരിച്ച എന്റെ കൂടെ ആശ്വാസമേകാന്‍ ആരും ഉണ്ടായിരുന്നില്ല. നിര്‍ഭയത്വത്തിന്റെയും സുരക്ഷിതത്വത്തിന്റേതുമായ ഒരു ആശ്രയവും എനിക്ക് ലഭിച്ചില്ല. ശാഹീന്‍ബാഗ് സമരഭൂമിയില്‍ വെച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് ഞാന്‍ പരിചയപ്പെട്ട ഒരു സഹോദരി എന്നോട് പറഞ്ഞു, ഞാന്‍ താങ്കളുടെ സുഹൃത്താവാം എന്ന് താങ്കളെ ഞാന്‍ ആശ്വസിപ്പിക്കാനായി പറഞ്ഞാലും അത് യാഥാര്‍ഥ്യമാവില്ല. കാരണം, നമ്മള്‍ ഇനിയും കണ്ടുമുട്ടണം എന്നില്ല. പക്ഷേ, ആരും തുണയായില്ലാത്തവര്‍ക്കും തുണയായി അവരുടെ റബ്ബ് ഉണ്ട്. മറ്റാരെക്കാളും എന്നല്ല, നമ്മെക്കാളും തന്നെ നമ്മളെ തിരിച്ചറിയുന്ന ഒരു ദൈവം! സ്വന്തം കണ്ഠനാഡിയോളം നമ്മോട് ചേര്‍ന്നു നില്‍ക്കുന്നവന്‍.
അന്ന് ജീവിതത്തില്‍ ആദ്യമായി ഞാന്‍ നിര്‍ഭയത്വം അനുഭവിച്ചു. ഞാന്‍ കൂടുതല്‍ ശക്തയായതു പോലെ തോന്നി. ആ സഹോദരിയെ വീണ്ടും കാണാന്‍ എനിക്ക് കഴിഞ്ഞില്ലെങ്കിലും അവരുടെ വാക്കുകളില്‍ നിന്ന് ഞാന്‍ എന്റെ ദൈവത്തെ കണ്ടെത്താന്‍ യാത്ര തിരിച്ചു. ഒടുവില്‍ എനിക്ക് അന്തസ്സും ആത്മാഭിമാനവും നിര്‍ഭയത്വവും പ്രദാനം ചെയ്തു കൊണ്ടേയിരിക്കുന്ന പരമമായ ആ സത്യത്തെ ഞാന്‍ കണ്ടെത്തി. പ്രവാചകന്‍ മൂസാ (അ) പറഞ്ഞതു പോലെ എനിക്കെന്റെ റബ്ബ് മതി. നാഥന് സ്തുതി!
ഹിന്ദുയിസം പ്രാക്ടീസ് ചെയ്യുന്ന ഒരു കുടുംബത്തിലായിരുന്നു താങ്കള്‍ വളര്‍ന്നത്. ഹിന്ദുയിസത്തില്‍ നിന്ന് ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ് താങ്കളുടെ വിലയിരുത്തല്‍?
ഇസ്‌ലാമിലെയും ഹിന്ദു മതത്തിലെയും കുടുംബ സംവിധാനങ്ങള്‍ പരസ്പര പൂരകങ്ങളല്ലാത്തതു കൊണ്ട് അവ താരതമ്യം ചെയ്യാന്‍ കഴിയില്ല. ഞാന്‍ ജനിച്ചു വളര്‍ന്ന കുടുംബ സംവിധാനത്തില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നതു തന്നെ വിഷമകരവും അപമാനകരവുമായിരുന്നു. എന്റെ അമ്മ ഞാന്‍ ജനിച്ചപ്പോള്‍ സമൂഹത്തെ ഭയന്ന് അതിയായി സന്തോഷിക്കാന്‍ പോലും ഭയന്നിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പെണ്‍കുഞ്ഞുങ്ങളെ ലാളിക്കുന്നത് തന്നെ അപമാനമായി കരുതപ്പെടുന്നു. ആചാരാനുഷ്ഠാനങ്ങളും പെണ്‍കുട്ടികള്‍ക്കെതിരാണ്. അവര്‍ ജനിച്ചതു മുതല്‍ രക്ഷിതാക്കള്‍ക്ക് ആചാരങ്ങള്‍ പാലിക്കേണ്ടതുള്ളതു കൊണ്ട് അവര്‍ സാമ്പത്തികമായി നഷ്ടം വരുത്തി വെക്കും എന്ന ധാരണ രൂഢമൂലമാണ്. ഋതുമതി ചടങ്ങ്, വിവാഹം, ഗൃഹപ്രവേശം തുടങ്ങി പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ധാരാളം ആചാരങ്ങള്‍ അനുവര്‍ത്തിക്കേണ്ടതായി വരുന്നു. അവളുടെ 'പാതിവ്രത്യ' ത്തെ ഓര്‍ത്ത് ആശങ്കയോടെ ജീവിക്കേണ്ടി വരുന്നു! അത്രയും സ്ത്രീവിരുദ്ധമായ സാമൂഹിക സംവിധാനമാണ് നിലനില്‍ക്കുന്നത്.
എന്നാല്‍, ഇസ്‌ലാമിലെ കുടുംബ സംവിധാനം തികച്ചും ഭിന്നമാണ്. ഇത്തരത്തിലുള്ള സ്ത്രീ വിരുദ്ധമായ യാതൊരു ആചാരങ്ങളും ഇസ്‌ലാം അനുശാസിക്കുന്നില്ല. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അപമാനമായി കണ്ടിരുന്ന ഒരു കാലത്താണ് നബി (സ) ജനിക്കുന്നത്. ആ സമൂഹത്തോടാണ് പ്രവാചകന്‍, മനുഷ്യരെല്ലാം തുല്യരാണെന്നും ദൈവത്താല്‍ ആദരിക്കപ്പെട്ടവരാണെന്നും പറയുന്നത്. മനുഷ്യരെയെല്ലാം ഒരൊറ്റ ആത്മാവില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് വിശുദ്ധ ഖുര്‍ആനില്‍ വചനമുണ്ട്.
പ്രവാചകന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ധീരരും ബുദ്ധിമതികളുമായ ധാരാളം സ്ത്രീകളുടെ ചരിത്രവും സംഭാവനകളും ഇസ്‌ലാമില്‍ ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നു. പ്രവാചകന്റെ മുന്നില്‍ വന്നുനിന്ന് തന്റെ അവകാശങ്ങള്‍ക്കു വേണ്ടി തര്‍ക്കിക്കാന്‍ മാത്രം ധൈര്യമുണ്ടായിരുന്ന സ്ത്രീകള്‍ അക്കാലത്തുണ്ടായിരുന്നു. അപ്പോള്‍, ജനിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിടത്തു നിന്ന് അവകാശപോരാളിയാകാന്‍ മാത്രം ഇസ്‌ലാം സ്ത്രീകള്‍ക്ക് അന്തസ്സും ധീരതയും നല്‍കി എന്നാണ് മനസ്സിലാക്കേണ്ടത്.
വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീയുടെ സമ്മതം ഇസ്‌ലാമില്‍ നിബന്ധനയാണ്. സമ്പത്ത് ചോദിക്കാനുള്ള അവകാശവും സ്ത്രീക്ക് നല്‍കിയിരിക്കുന്നു. മഹ്ര്‍ പുരുഷന്‍ സ്ത്രീക്ക് നല്‍കേണ്ട നിര്‍ബന്ധ ബാധ്യതയും അവളുടെ അവകാശവുമാണ്.
ഞാന്‍ ജനിച്ച് ജീവിച്ച എന്റെ സമൂഹത്തില്‍ വിവാഹ മോചനം ആഗ്രഹിക്കുന്ന അനേകം സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. സംവിധാനങ്ങളുടെയും ആചാരങ്ങളുടെയും കുരുക്കില്‍ പെട്ട് നിസ്സഹായയായി ഭര്‍ത്താവിന്റെ കാല്‍ക്കീഴില്‍ പീഡനങ്ങള്‍ സഹിച്ച് ഗതികെട്ട് ജീവിക്കുന്ന ധാരാളം സ്ത്രീകള്‍. അപമാനിതയാകും എന്നു ഭയന്ന് മാത്രം ഒതുങ്ങിജീവിക്കുന്നവര്‍. ഭര്‍ത്താവിന്റെ മരണശേഷം നിരാശ്രയരായി ജീവിക്കേണ്ടി വരുന്നവര്‍. എന്നാല്‍, ഇസ്‌ലാമില്‍ ഇങ്ങനെയുള്ള ദുരവസ്ഥകളൊന്നുമില്ല.
സ്വയം വിവാഹ മോചനം തേടാനും, തന്നെ അകാരണമായി വേര്‍പ്പെടുത്തുന്ന ഭര്‍ത്താവില്‍ നിന്ന് മോചനദ്രവ്യം ചോദിച്ചു വാങ്ങാനും ഇസ്‌ലാമില്‍ സ്ത്രീക്ക് അവകാശമുണ്ട്. ഇസ്‌ലാമിക വിവാഹ സംവിധാനത്തില്‍, ഒരു കക്ഷിയെ മറ്റൊരു കക്ഷിയുടെ കീഴില്‍ നിസ്സഹായമായ അവസ്ഥയില്‍ ജീവിക്കാന്‍ വിടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല. അനന്തരസ്വത്തിന് അവകാശിയായ അവള്‍ക്ക് സാമ്പത്തിക ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഇല്ല. എന്നാല്‍, തന്റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാനുള്ള അധികാരമുണ്ട് താനും.
ഇസ്‌ലാമിന്റെ സൗന്ദര്യം, അത് നല്‍കുന്ന ശാന്തി ഇതെക്കുറിച്ചെല്ലാം താങ്കള്‍ പല തവണ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ആത്മാഭിമാനം പ്രദാനം ചെയ്യുന്ന അനുഭൂതി എന്നാണ് താങ്കള്‍ ഒരു വരിയില്‍ ഇസ്‌ലാമിനെക്കുറിച്ച് പറയുന്നത്. വിശദീകരിക്കാമോ?
ഇസ്‌ലാം സ്വാര്‍ഥതയെ റദ്ദ് ചെയ്യുന്ന ദര്‍ശനമാണ്. പ്രവാചകത്വത്തിന്റെ തുടക്കകാലത്ത്, വലിയ പീഡനങ്ങള്‍ അനുഭവിക്കുന്ന സമയത്ത് പ്രവാചകന്റെ അടുക്കല്‍ വന്ന് ശത്രുക്കള്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കി പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പ്രവാചകനെ രാജാവാക്കാം, സമ്പന്നനാക്കാം, നേതാവാക്കാം എന്നെല്ലാം പറയുമ്പോഴും അത്തരം ഓഫറുകളെല്ലാം പ്രവാചകന്‍ നിരസിക്കുകയാണ്. അതിന്റെ പേരില്‍ വീണ്ടും പീഡനങ്ങള്‍ സഹിക്കേണ്ടി വന്നപ്പോഴും അധീശത്വത്തോട് രാജിയാവുന്നില്ല പ്രവാചകന്‍. നിര്‍ഭയമായി സമാധാനത്തോടെ മുന്നോട്ടു പോയി. സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിച്ചു കൊണ്ട് പടച്ചവന് ഏറ്റവും പ്രിയപ്പെട്ടവനാകാന്‍ കഴിയുമെന്ന് പ്രവാചകന്‍ ജീവിതം കൊണ്ട് കാണിച്ച് തന്നു.
പ്രതിസന്ധികളിലൂടെ ജീവിക്കുന്നതാണ് ഇസ്‌ലാം. പല പ്രതിസന്ധി ഘട്ടങ്ങളിലും ഭക്ഷണം പോലും ഇല്ലാതെ അത്രയധികം ത്യാഗം സഹിച്ച് മര്‍ദിതര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും വേണ്ടി പ്രവാചകന്‍ നിലകൊണ്ടു. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം സ്വാര്‍ഥ താല്‍പര്യങ്ങളെല്ലാം മാറ്റിവെച്ച് ജീവിക്കുന്നതാണ് ഇസ്‌ലാം. ഭക്ഷണമില്ലാതെ ജീവിക്കേണ്ടി വരുമ്പോഴും സ്വന്തമായി ഉണ്ടായിരുന്ന സമ്പത്തെല്ലാം ഇസ്‌ലാമിന് വേണ്ടി ത്യജിച്ച അനേകം മനുഷ്യരുടെയും, അവര്‍ പരസ്പരം പകര്‍ന്നു നല്‍കിയ സ്‌നേഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചരിത്രം കൂടിയാണ് ഇസ്‌ലാം. അതെല്ലാം ഇസ്‌ലാമിന്റെ സൗന്ദര്യമായി ഞാന്‍ കാണുന്നു.
പ്രവാചകനോട്, അങ്ങ് സമുദ്രത്തിന്റെ അഗാധതകളിലേക്ക് ഞങ്ങളെ നയിച്ചാലും അങ്ങയോടൊപ്പം ഞങ്ങളുണ്ടാകും എന്ന് പ്രഖ്യാപിക്കുന്ന ത്യാഗികളും നിര്‍ഭയരുമായ മനുഷ്യരെ രൂപപ്പെടുത്താന്‍ ഇസ്‌ലാമിന് സാധിച്ചു.
പടച്ചവന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി ജീവിക്കുന്ന മനുഷ്യര്‍ക്ക് കഷ്ടനഷ്ടങ്ങളെക്കുറിച്ച ആശങ്കയുണ്ടാവില്ല. ജീവിതത്തിന്റെ ഒരു നിമിഷാര്‍ധത്തില്‍ പോലും നിരാശയുണ്ടാവില്ല. അവര്‍ നിര്‍ഭയരായി അഭിമാനത്തോടെ മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ സന്തോഷം ജനിപ്പിച്ച് ആത്മഹര്‍ഷത്തോടെ ജീവിക്കുന്നു. എല്ലാം അറിയുന്ന എല്ലാത്തിന്റെയും അധിപനായ റബ്ബ് തന്നെ വഴിനടത്തുമെന്ന ഉറച്ച ബോധ്യത്തോടെ.
ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കുന്ന സ്ഥാനം തന്നെയാണ് എന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച ഏറ്റവും വലിയ ഘടകം. ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ ചുറ്റുപാടുകളെക്കുറിച്ച് നേരത്തെ പറഞ്ഞുവല്ലോ. നിരന്തരം അപകര്‍ഷതാ ഭാരം പേറി അപമാനിതയായി ജീവിക്കേണ്ടി വന്നവളില്‍ നിന്ന് ഇന്ന് ഞാന്‍ ആത്മാഭിമാനത്തിന്റെ ഹര്‍ഷം ആസ്വദിക്കുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി എന്നെ അസ്വസ്ഥമാക്കിയിരുന്ന ആശ്രിതത്വം ഇന്ന് എന്നില്‍ ഇല്ല . കാലങ്ങളായി അസ്വസ്ഥമായിരുന്ന മനസ്സ് ഇന്ന് തീര്‍ത്തും ശാന്തമാണ്. എനിക്കെന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു, എന്റെ നാഥനില്‍ നിന്നു തന്നെ.
ഇസ്‌ലാം ജീവിത ദര്‍ശനമായി സീകരിച്ച ഒരാളെന്ന നിലക്ക് താങ്കള്‍ക്ക് മറ്റുള്ളവരോട് എന്താണ് പറയുവാനുള്ളത്?
ഇസ്‌ലാം ജീവിത ദര്‍ശനമായി സ്വീകരിച്ച ഒരാള്‍ എന്ന നിലക്ക് എനിക്ക് ആദ്യമായി സംസാരിക്കാനുള്ളത് സ്ത്രീകളോട് തന്നെയാണ്. നിങ്ങള്‍ക്ക് ആത്മവിശ്വാസം ആര്‍ജിക്കണമെന്നുണ്ടെങ്കില്‍, ആര്‍ജവത്തോടെ നിങ്ങള്‍ ഇസ്‌ലാമിലേക്ക് കടന്നുവരൂ. ഇവിടെ നിങ്ങള്‍ക്ക് ഇടം നല്‍കുന്ന, നിങ്ങളുടെ അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ജീവിത വ്യവസ്ഥയുണ്ട്; അടിച്ചമര്‍ത്തപ്പെട്ടവരെ ലോകത്തിന്റെ അധികാര സിംഹാസനങ്ങളിലേക്ക് നാഥനാല്‍ വഴിനടത്തപ്പെട്ട ഹാജറിന്റെയും സുമയ്യയുടെയും ബിലാലിന്റെയും ഇസ്‌ലാം!
എന്റെ ചുറ്റുമുള്ളവരോട് എനിക്ക് പറയാനുള്ളത്, സ്ത്രീകള്‍ എന്ന നിലക്ക് നിങ്ങള്‍ക്ക് കൂടുതല്‍ കരുത്താര്‍ജിക്കാനാവുക ഇസ്‌ലാമിലൂടെ മാത്രമാണ്. ഞാന്‍ മറ്റു പല ദര്‍ശനങ്ങളും അന്വേഷിച്ചവളാണ്. അവിടെയൊക്കെ നിങ്ങളെ ചൂഷണം ചെയ്യാനുള്ള പഴുതുകളുണ്ട്; പുറമെ നിങ്ങള്‍ക്ക് ഇതൊക്കെ സ്വാതന്ത്ര്യമാണെന്ന് തോന്നുമെങ്കിലും.
ഇനി പുരുഷന്മാരോട്: നിങ്ങള്‍ നിങ്ങളുടെ യഥാര്‍ഥ ഉത്തരവാദിത്വം ഏറ്റെടുത്ത് മറ്റുള്ളവരുടെ ആദരവിന് അര്‍ഹരാകണമെങ്കില്‍ ഇസ്‌ലാം അനുശാസിക്കുന്നത് പിന്തുടരൂ. ജീവിതത്തോട് നീതിയും സത്യസന്ധതയും പുലര്‍ത്താന്‍ ഏത് പ്രതിസന്ധിയിലും ഇസ്‌ലാം നിങ്ങള്‍ക്ക് പ്രചോദനമാകും. അതിനപ്പുറം സ്വയം അടിമപ്പെട്ടുപോയ എല്ലാ അധീശത്വങ്ങളില്‍ നിന്നും നിങ്ങള്‍ക്കവിടെ വിമോചനം സാധ്യമാണ്.
അങ്ങനെ നൈതികതയും ധാര്‍മികതയുമുള്ള ഒരു പുരുഷ സമൂഹം ഉണ്ടെങ്കില്‍ ഇവിടെ പുരുഷാധിപത്യം എന്ന ക്രൂരമായ വ്യവസ്ഥിതി ഉണ്ടായിരിക്കില്ല.
എന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ കണ്ടെത്തി. എന്നെപ്പോലെ സംഘര്‍ഷങ്ങള്‍ അനുഭവിച്ചും അതിജീവിക്കാന്‍ പാടുപെട്ടും ജീവിക്കുന്ന അനേകം പേര്‍ എനിക്ക് ചുറ്റുമുണ്ടാകും. എത്രയും പെട്ടെന്ന് അവരിലേക്ക് പരമമായ ഈ സത്യത്തെ, നീതിയുടേതായ ഈ ദര്‍ശനത്തെ എത്തിക്കുക എന്നതു തന്നെയാണ് ഇനി എനിക്ക് നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം എന്റെ നാഥനുവേണ്ടി ഞാന്‍ നിലകൊള്ളുന്നു. അഥവാ, ഞാന്‍ തുടര്‍ന്നങ്ങോട്ട് എന്റെ ജീവിതം കൊണ്ട് നീതിക്ക് സാക്ഷിയാകും.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ആളാണ് താങ്കള്‍. കോയമ്പത്തൂരില്‍ ലൈംഗികാതിക്രമത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി നിയമ പോരാട്ടം നടത്തുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. വിദ്യാഭ്യാസ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ താങ്കള്‍ നയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലി പോലും അതിനു വേണ്ടി രാജിവച്ചു. പോരാട്ട വഴിയിലേക്ക് എങ്ങനെയാണ് എത്തുന്നത്? താങ്കളുടെ ജീവിതം എങ്ങനെയായിരുന്നു?
1982-ല്‍ മധുരയിലെ അളഗസ്വാമി- കലൈയരസി ദമ്പതികളുടെ മകളായാണ് എന്റെ ജനനം. ജയകാന്തന്‍ ആണ് ഭര്‍ത്താവ്. ഒരു മകനുണ്ട്. തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 2002-ല്‍ സ്‌കൂള്‍ അധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൂഡല്ലൂറില്‍ കാട്ടുമന്നാര്‍ഗുഡിയിലുള്ള ഗവ. സ്‌കൂളില്‍ അധ്യാപികയായിരുന്നു.
ജോലിയെക്കാള്‍ രാജ്യമാണ് മുഖ്യമെന്നു പറഞ്ഞ് സര്‍ക്കാര്‍ സ്‌കൂളിലെ ജോലിയുപേക്ഷിച്ച് പിന്നീട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു.
എല്ലാവര്‍ക്കും തുല്യത ഉറപ്പാക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ക്കും രീതികള്‍ക്കും വേണ്ടി സമരം നടത്തുകയും നിരാഹാരമിരിക്കുകയും ചെയ്തിട്ടുണ്ട്. 2002 മുതല്‍ തമിഴ്‌നാട്ടില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്. വിദ്യാഭ്യാസ സമത്വത്തിനും, പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശ സംരക്ഷണത്തിനുമായാണ് പ്രവര്‍ത്തിക്കുന്നത്. 2017-ല്‍ തമിഴ്നാട്ടില്‍ 'വിഷന്‍ 2040' (Vision 2040) എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടുവരികയുമാണ് സംഘടനയുടെ ലക്ഷ്യം.
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ എന്നും ഞാനുണ്ട്. സുരക്ഷയെക്കുറിച്ച അവബോധം വളര്‍ത്തുന്നതിനായി തമിഴ്നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ ആറ് ലക്ഷത്തോളം പെണ്‍കുട്ടികളെ നേരിട്ട് കണ്ടു. പെണ്‍കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ച് ഒരു പുസ്തകം എഴുതി, 5000 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വിതരണം ചെയ്തു.
വിദ്യാഭ്യാസനീതിയും പെണ്‍കുട്ടികളുടെ സുരക്ഷയും സ്ത്രീ അവകാശങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പോരാട്ടം. പെണ്‍കുട്ടികളുടെ സുരക്ഷയും ഏക വിദ്യാഭ്യാസ സംവിധാനവും പ്രമേയമാക്കിയായിരുന്നു സംഘടന രൂപീകരിച്ചത്. നീറ്റ് പരീക്ഷയില്‍ പ്രതിഷേധിച്ച് 2017-ല്‍ സര്‍ക്കാര്‍ ജോലി രാജിവച്ചു. പ്ലസ്ടു റാങ്കുകാരിയായിരുന്ന എസ്. അനിത എന്ന വിദ്യാര്‍ഥിനി മെഡിക്കല്‍ പ്രവേശം ലഭിക്കാതെ ആത്മഹത്യ ചെയ്തതിനു പിന്നാലെയായിരുന്നു രാജി.
ഹിജാബ്, പര്‍ദ തുടങ്ങി മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഫാഷിസ്റ്റുകളും ചില സെക്യുലര്‍ വൃത്തങ്ങളും നിരന്തരം ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ചര്‍ച്ചകള്‍ നയിക്കാറുണ്ട്. ഇസ്‌ലാം പുരുഷാധിപത്യത്തിന്റെ മതമാണെന്നും, മുസ്‌ലിം സ്ത്രീ രേഖീയമാക്കപ്പെട്ട നിയമങ്ങള്‍ക്കുള്ളില്‍ അടിച്ചമര്‍ത്തപ്പെട്ടവളാണെന്നും തുടങ്ങി ധാരാളം വാദങ്ങള്‍. ഉപഭോഗ സംസ്‌കാരത്തിനകത്തെ ഒരു സ്ഥാപനം എന്നതില്‍ നിന്ന് മാറി സ്ത്രീയെ സംബന്ധിച്ച പ്രതിനിധാന ചര്‍ച്ചകള്‍ മറ്റനേകം മൗലികതകളിലേക്ക് എന്തുകൊണ്ട് കടന്നുവരുന്നില്ല എന്ന് നമ്മള്‍ ആശ്ചര്യപ്പെടാറുണ്ട്. ഒരു മുസ്‌ലിം സ്ത്രീ എന്ന നിലക്ക് താങ്കള്‍ക്ക് എന്താണ് പറയുവാനുള്ളത്?
ഹിജാബ് എന്നത് പ്രൗഢമായ ഒരു വസ്ത്രമായാണ് ഇസ്‌ലാമിലേക്ക് വരുന്നതിനു മുമ്പു തന്നെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. വസ്ത്രം എന്നത് എന്നെ സംബന്ധിച്ചേടത്തോളം ശരീര സുരക്ഷക്കുള്ള അവലംബം കൂടിയാണ്. പലതരം ശാരീരിക പ്രകൃതങ്ങളും രൂപഘടനയും ഉള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ ഇത്തരം വൈജാത്യങ്ങളുടെ പേരില്‍ അപകര്‍ഷത അനുഭവിക്കേണ്ടി വരുന്ന, മറ്റുള്ളവരാല്‍ അപമാനിതരാകേണ്ടി വരുന്ന സ്ഥിതിവിശേഷം ഉണ്ടാകാറുണ്ട്. വെറും ഉപഭോഗ വസ്തു എന്ന തലത്തില്‍ മറ്റുള്ളവരുടെ അനാവശ്യമായ വിലയിരുത്തലുകളില്‍ നിന്നും മാനദണ്ഡ രൂപീകരണങ്ങളില്‍ നിന്നും ഹിജാബ് സംരക്ഷണം നല്‍കുന്നതായാണ് എനിക്ക് അനുഭവപ്പെടുന്നത്.
ഉപഭോഗ സംസ്‌കാരത്തിനകത്തെ സുപ്രധാനമായ ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നതില്‍ നിന്ന് മാറി മറ്റനേകം മൗലികതകളിലേക്ക് വെളിച്ചം വീശാന്‍ മുസ്‌ലിം സ്ത്രീക്ക് സാധിക്കുന്നു എന്നത് അഭിമാനകരമാണ്.
തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയം സമീപകാലത്ത് ഇന്ത്യക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ശ്രദ്ധേയമാണ്. ചരിത്രപരമായും സാംസ്‌കാരികമായും വിശകലനം അര്‍ഹിക്കുന്നില്ലേ ആ നിലപാട്?
ലോകത്തിലെ തന്നെ ഏറ്റവും ഭീകരമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഹിന്ദുത്വ ഫാഷിസം. തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും ഐഡിയോളജിയുടെ നടത്തിപ്പിനുമായി അധീശത്വത്തിലൂടെ മറ്റുള്ളവരെ അടിച്ചമര്‍ത്തിയും, വൈജാത്യങ്ങളെ പുറംതള്ളി ഏകപക്ഷീയമാക്കിയുമാണ് ഫാഷിസം ലോകത്ത് തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നത്.
ഹിന്ദുത്വ ഫാഷിസത്തിന്റെ പ്രഥമ ഇരകള്‍ മുസ്‌ലിംകളാണ് എന്ന് തെളിയിക്കുന്നതാണ് ഈയടുത്തുണ്ടായ സംഭവ വികാസങ്ങള്‍. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറക്കുറെ മിക്ക സംസ്ഥാനങ്ങളും സംഘ് പരിവാറിന്റെ അധികാര ആധിപത്യത്തിലാണ്.
തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളാണ് ഫാഷിസ്റ്റ് വിരുദ്ധത പ്രത്യക്ഷത്തില്‍ പ്രകടമാക്കുന്നത്. അതിനുള്ള ഒരു പ്രധാന കാരണമായി ഞാന്‍ മനസ്സിലാക്കുന്നത് അവിടത്തെ ജനങ്ങളുടെ നിലപാട് തന്നെയാണ്.
തമിഴ്‌നാടിന് സവര്‍ണ വിരുദ്ധ പോരാട്ടം നടത്തിയതിന്റെ ദീര്‍ഘകാല ചരിത്രമുണ്ട്. സാംസ്‌കാരികമായി സ്വതവേ ദ്രാവിഡര്‍ സവര്‍ണതക്ക് എതിരാണ്. അതിനെതിരെ ഒരിക്കലും സന്ധിചെയ്യാതെ പോരാട്ടം നടത്തിയവരാണ്. പെരിയാറിനെ പോലെയുള്ള പോരാളികള്‍ക്കു കീഴില്‍ ജീവന്‍ നല്‍കി അണിനിരന്നവരാണ്.
അടുത്ത കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സംവരണം, ഹിജാബ്, ജാതി വിവേചനങ്ങള്‍ക്കെതിരായ നിയമനടപടികള്‍, വിവിധ ജനവിഭാഗങ്ങളുടെ രാഷ്ട്രീയ-സാമൂഹിക പ്രതിനിധാനങ്ങളെയും തുല്യാവസരങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളെയും പിന്തുണക്കല്‍ - ഇതിലൊക്കെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ സാംസ്‌കാരികമായും സാമൂഹികമായും പ്രതീക്ഷ നല്‍കുന്ന രീതിയില്‍ ഇടപെടാന്‍ തമിഴ്‌നാടിന് പലപ്പോഴും കഴിയാറുണ്ട്. കേരളത്തില്‍ അത് കഴിയാതെ പോകുന്നു. ഈയൊരു അന്തരത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
തമിഴ്‌നാട് ഒരു സംസ്ഥാനം എന്നതിലുപരി അനേകം ചരിത്ര നാഗരികതകള്‍ ഉറങ്ങിക്കിടക്കുന്ന മണ്ണാണ്; ദ്രാവിഡരുടെ നാട്. അനേകം ജാതികളും ഉപജാതികളും നിലനിന്നിരുന്ന ഒരു വ്യവസ്ഥയെ ചെറുക്കാന്‍ സാംസ്‌കാരികമായി പോരാടുന്ന മനുഷ്യര്‍. ആര്യമതം കൊണ്ടുവന്ന ജാതിവ്യവസ്ഥക്കെതിരെ ഏറ്റവും അധികം പോരാടിയത് തമിഴ്‌നാട്ടിലെ ദ്രാവിഡ വിഭാഗമായിരിക്കും. ബ്രാഹ്മണാടിമത്തത്തില്‍ നിന്ന് ദ്രാവിഡര്‍ വീണ്ടെടുക്കപ്പെടണം എന്ന് അവര്‍ അതിയായി ആഗ്രഹിച്ചിരുന്നു. ചരിത്രപരമായി നീണ്ടകാലത്തെ പോരാട്ട പാരമ്പര്യമുള്ളതു കൊണ്ട് തമിഴര്‍ ഫാഷിസത്തിനെതിരെ കൂടുതല്‍ ജാഗ്രതയുള്ളവരാകുന്നു. ആര്യമതക്കാര്‍ക്ക് ഇസ്‌ലാമിനോടുള്ള വെറുപ്പ് നേരത്തെ തിരിച്ചറിഞ്ഞ പെരിയാറിന്റെ പിന്മുറക്കാരാണ് തമിഴര്‍. ജാതിവ്യവസ്ഥയും അയിത്തവുമില്ലാത്ത ഇസ്‌ലാമിനെ ആര്യമതക്കാര്‍ക്ക് ഭയമാണ്. ഇസ്‌ലാമിന്റെ ഒരു ജാതി, ഒരു മതം എന്ന തത്ത്വം ദ്രാവിഡരുടേത് കൂടിയാണ്. എല്ലാവരും ഇസ്‌ലാമനുസരിച്ച് ജീവിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ജാതിവ്യവസ്ഥ ഉണ്ടാകില്ല എന്ന് ആര്യ മതക്കാര്‍ക്കറിയാം. അതിനാല്‍, കാരണങ്ങളുണ്ടാക്കി ഹിന്ദുത്വ ഫാഷിസം അവരെ വേട്ടയാടുന്നു. സവര്‍ണ ഫാഷിസത്തെക്കുറിച്ച കൃത്യമായ ധാരണ തമിഴ് ദ്രാവിഡര്‍ക്ക് നേരത്തെയുണ്ട്. അവര്‍ അതില്‍ ജാഗ്രത കാണിക്കുന്നു.
കേരളത്തിലേക്ക് വരുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നത്, കേരളം ദേശീയ രാഷ്ട്രീയത്തിനനുസരിച്ച് രാഷ്ട്രീയ മാറ്റം സംഭവിക്കുന്ന ഭൂവിഭാഗമാണ് എന്നാണ്. ദേശീയ പാര്‍ട്ടികളാണ് ഇവിടെ പ്രബലമായും രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ ദേശീയ താല്‍പര്യങ്ങള്‍ ഇവിടെ നടപ്പാക്കാന്‍ വളരെ എളുപ്പവുമാണ്. അധികാര രാഷ്ട്രീയവും സവര്‍ണ വൈദിക ദേശീയതയും ഇവിടത്തെ പൊതുബോധത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നതായി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും ഫാഷിസത്തെ കേരളീയരും ജാഗ്രതയോടെ കാണുന്നു.
Comments