Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

സ്വവര്‍ഗ സ്വത്വവാദങ്ങളുടെ സൈദ്ധാന്തിക പരിമിതികള്‍

സഈദ് പൂനൂര്‍

സ്വവര്‍ഗ ലൈംഗികതയെ പൊതു ഇടങ്ങളില്‍  സ്വാഭാവികവത്കരിക്കാനും (Homonormativity) മതം, രാഷ്ട്രം, സമൂഹം എന്നിവക്കകത്തു തന്നെ അതിന് പ്രത്യേക ഇടം നേടിക്കൊടുക്കാനുമുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സെക്കുലര്‍-ലിബറല്‍ പാരമ്പര്യങ്ങളിലും പോസ്റ്റ് മോഡേണ്‍ പരിസരങ്ങളിലും ഇതിന്റെ സ്വീകാര്യത താത്ത്വികമായിത്തന്നെ അസാധ്യമായ കാര്യവുമല്ല.
ലൈംഗികസ്വത്വം എന്നതിലുപരി ഒരു രാഷ്ട്രീയ ഐഡന്റിറ്റിയായി സ്വവര്‍ഗലൈംഗികതയെ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കൂടുതല്‍ ഊര്‍ജിതമാവുന്ന നിയോ ലിബറല്‍ ലോകവീക്ഷണത്തിന്റെ അടിസ്ഥാന ശിലകളായ വ്യക്തിവാദം (Individualism), ആപേക്ഷികതാവാദം (Relativism) തുടങ്ങിയവ സ്വവര്‍ഗരതിയെ സംരക്ഷിച്ചു നിര്‍ത്തുന്നതുമാണ്.
ഏകദേശം എല്ലാ സമൂഹങ്ങളിലും കാണപ്പെട്ടിട്ടുള്ള സ്വവര്‍ഗാനുരാഗത്തില്‍ (homoeroticism) നിന്ന് വ്യത്യസ്തമായി അതിനെ അടിസ്ഥാന അവകാശമായി സ്ഥാപിക്കുന്ന സ്വവര്‍ഗ ലൈംഗിക സ്വത്വം യഥാര്‍ഥത്തില്‍ ഒരു ആധുനിക നിര്‍മിതിയാണ്. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളിലായി ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള പാശ്ചാത്യ സമൂഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് വലിയ മാറ്റം സംഭവിച്ചതായി ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റിയില്‍ ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. സമാന ലിംഗത്തിലുള്ളവര്‍ തമ്മില്‍ ബന്ധങ്ങളും കാമനകളും നിലനിന്നിരുന്നെങ്കിലും സ്വവര്‍ഗ ലൈംഗികത ഒരു ജൈവിക രൂപമായോ സാമൂഹിക സ്വത്വമായോ കണക്കാക്കപ്പെട്ടിരുന്നില്ല. സ്വവര്‍ഗ ലൈംഗിക സ്വഭാവങ്ങളെ കുറിച്ച വാര്‍പ്പുമാതൃകകളും ആശയധാരകളും വികസിച്ചത് പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇംഗ്ലണ്ടിലാണെന്ന് ഫൂക്കോയെ കൂടാതെ പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്.
സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക ആകര്‍ഷണം  പ്രകൃതിപരമാണെന്നും ആ സ്വത്വത്തെ അംഗീകരിക്കാന്‍ തയ്യാറാവണമെന്നുമാണ് നവ മോഡേണിസ്റ്റുകളുടെ വാദം.  ക്വിയര്‍ (Queer) ആക്ടിവിസ്റ്റുകള്‍ ഉന്നയിക്കുന്ന ന്യായം, സാധാരണ സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ ലൈംഗികാഭിമുഖ്യം (Orientation) എന്നും, അത് തങ്ങളില്‍ പ്രകൃതിപരമായി തന്നെ ഉള്ളതാണ് എന്നുമാണ്. യഥാര്‍ഥത്തില്‍ ഏത് ലൈംഗികാഭിമുഖ്യമാണ് പ്രകൃതിപരമായി മനുഷ്യനില്‍ ഇല്ലാത്തതും മനുഷ്യന്റെ പ്രകൃതമല്ലാത്തതും? മൃഗവുമായി ലൈംഗികവൃത്തിയില്‍  ഏര്‍പ്പെടാനുള്ള ചോദന പ്രകൃതിപരമല്ലേ? വിവാഹം കഴിച്ചവര്‍ക്ക് വിവാഹ ബാഹ്യ ലൈംഗിക മോഹം തോന്നുന്നത് പ്രകൃതി ചോദനയല്ലേ? മനുഷ്യമനസ്സില്‍ പ്രകടമാവുന്ന ഓരോ ലൈംഗിക തൃഷ്ണയെയും സ്വത്വനിര്‍ണയം നടത്തുന്ന ഉപാധിയാക്കണമെന്ന് വാദിക്കുന്ന ഇവര്‍ മൃഗരതി (zoophilia), ശവരതി (necrophilia) തുടങ്ങിയ വൈകൃതങ്ങളെ കൂടി ഉള്‍ക്കൊള്ളാന്‍ തയാറാവുമോ?  വ്യഭിചാരം, മദ്യപാനം, മോഷണം തുടങ്ങിയവയെല്ലാം ഇങ്ങനെ പ്രകൃതിപരമാക്കാവുന്നതേയുള്ളൂ! ഇനി സ്വവര്‍ഗരതി അനുവദിക്കാം, മറ്റുള്ളവയൊന്നും പാടില്ല എന്നാണ് നിര്‍ണയമെങ്കില്‍ അതിനുപയോഗിക്കുന്ന മാനദണ്ഡവും ടൂളും എന്താണെന്ന് ഈ സ്വത്വവാദികള്‍ വ്യക്തമാക്കുന്നുമില്ല.
മറ്റിതര ലൈംഗിക ആഭിമുഖ്യമുള്ളവരില്‍ ഉള്ളതിനെക്കാള്‍ സവിശേഷമായ എന്ത് ഇടപെടലാണ് സ്വവര്‍ഗ പ്രേമികളില്‍ അവരുടെ ലൈംഗികാഭിമുഖ്യം സൃഷ്ടിക്കാന്‍ പ്രകൃതി നടത്തുന്നത്?  മൃഗഭോഗം, ശവഭോഗം പോലെയുള്ള നികൃഷ്ടമായ ആഭിമുഖ്യത്തെക്കാള്‍ വിശുദ്ധമായ എന്താണ് സ്വവര്‍ഗ ലൈംഗിക ആഭിമുഖ്യത്തിലുള്ളത്? സ്വത്വപരമായ ലൈംഗികാഭിമുഖ്യം എന്നത് നിലനില്‍ക്കുന്നുണ്ടോ? ഇത്തരം രതിവൈകൃതങ്ങളെല്ലാം സ്വത്വപരമാണെന്നും സ്വവര്‍ഗാനുരാഗം മാത്രം സ്വത്വപരമല്ലാതെ ഒഴിച്ചു നിര്‍ത്താനാവാത്ത പ്രകൃതിയുടെ സൃഷ്ടിയാണെന്നും പറയുന്നത് എത്രമാത്രം നിരര്‍ഥകമാണ്! സ്വവര്‍ഗപ്രണയത്തിലും സ്വവര്‍ഗ രതിയിലും മിക്കപ്പോഴും ഇണകളില്‍ കര്‍തൃത്വമുള്ള ഒരാളുണ്ടാവും. അതായത്, ലൈംഗികതയുമായി ബന്ധപ്പെട്ട് ഫെമിനിസം ഉന്നയിക്കുന്ന 'പാട്രിയാര്‍ക്കല്‍' ധാരണകളില്‍  നിന്ന് ഒട്ടും മുക്തമാവില്ല പല സ്വവര്‍ഗ ബന്ധങ്ങളും. കൃത്രിമമായെങ്കിലും അവിടെ ഒരാള്‍ ആണിന്റെ റോളില്‍ തന്നെയാണ്. മറ്റേയാള്‍ പെണ്ണാണ്. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍ ജീവിക്കുന്നതു കാരണവും താന്‍ സ്വീകരിച്ചിരിക്കുന്ന സ്ത്രീ സ്വത്വത്തോടുള്ള അമിത പ്രതിബദ്ധത കാരണവും കൂടുതല്‍ വിധേയത്വമുള്ള 'പെണ്ണാ'യിത്തന്നെ അയാള്‍ മാറുന്നു. അതോടെ നോര്‍മല്‍ ദാമ്പത്യത്തിലുള്ളതിനെക്കാള്‍ പുരുഷമേധാവിത്വത്തിന്റെ മാതൃകയായിത്തീരുകയാണ് ഈ  ബന്ധം. 
പുരുഷന്നും സ്ത്രീക്കുമൊക്കെ ഒരു പ്രായമെത്തിയാല്‍ എതിര്‍ലിംഗക്കാരോട് (Hetrosexual) ആകര്‍ഷണവും താല്‍പര്യങ്ങളും തുടങ്ങുമെന്നത് മനുഷ്യപ്രകൃതിയാണ്. സ്ത്രീ സ്ത്രീയെന്ന ജന്‍ഡര്‍ ഐഡന്റിറ്റിക്ക് അകത്ത് സ്ത്രൈണത പ്രകടിപ്പിക്കുകയും, പുരുഷന്‍ അവന്റെ ജന്‍ഡര്‍ ഐഡന്റിറ്റിക്ക് അകത്ത് പുരുഷ ഗുണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നിടത്താണ് ലിംഗപരമായ വ്യതിരിക്തതകള്‍ നിലനില്‍ക്കുന്നതും അങ്ങനെ എതിര്‍ലിംഗത്തോട് തോന്നുന്ന നൈസര്‍ഗികമായ ആകര്‍ഷണീയത പ്രവര്‍ത്തിക്കുന്നതും. ഈ ലിംഗപരമായ വ്യതിരിക്തതകളെ നശിപ്പിക്കുന്നത് അതുകൊണ്ടുതന്നെ പ്രകൃതിപരമായ എതിര്‍ ലിംഗ ആകര്‍ഷണത്തെ തകര്‍ക്കലാണ്. അത് സ്വവര്‍ഗരതി വൈകല്യങ്ങള്‍ക്ക് വഴിവെക്കലുമാകും.  ഇസ്ലാം ലിംഗപരമായ വ്യതിരിക്തതകളെ നശിപ്പിക്കുന്നത് വിരോധിക്കുകയും സ്ത്രീയില്‍ സ്ത്രൈണതയും പുരുഷനില്‍ പൗരുഷവും ഉണ്ടാകുന്ന ജന്‍ഡര്‍ ഐഡന്റിറ്റിയെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സ്വത്വവാദം, ജനിതകം: 
നിരര്‍ഥക ബഹളങ്ങള്‍

സ്വവര്‍ഗരതിയും ട്രാന്‍സ്ജന്‍ഡറും തമ്മില്‍ പ്രത്യക്ഷ ബന്ധമില്ല. കാരണം, ഒരു അപരലിംഗക്കാരും സ്വവര്‍ഗരതിക്കാരായി ഭൂമിയില്‍ ജനിക്കുന്നില്ല. അവരുടെ ലൈംഗിക വ്യവസ്ഥകളിലോ ശാരീരിക ക്രമീകരണങ്ങളിലോ മനോവ്യവഹാരങ്ങളിലോ സ്വവര്‍ഗാനുരാഗവും രതിയും ഇല്ല. ഏതെങ്കിലുമൊരു വൈകല്യമുള്ള മനുഷ്യന് ചില പരിമിതികളുണ്ട്. അവയവങ്ങളിലോ മനോനിലകളിലോ ഉള്ള ഈ വ്യത്യാസങ്ങള്‍ക്കനുസൃതമായാണ് അവരുടെ പ്രതികരണങ്ങള്‍ ഉണ്ടാവുന്നതും ജൈവപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും. ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് ലൈംഗികമായ ഒരു ഡിസേബിലിറ്റിയുണ്ട് (Sex disability).
എന്നാല്‍, ഈ അപരത്വം സ്വവര്‍ഗരതിയിലേക്കുള്ള ഒരു 'അനാട്ടമിക്കല്‍ സപ്പോര്‍ട്ടും' ജൈവപരമായോ ജനിതകമായോ അവര്‍ക്ക് നല്‍കുന്നില്ല. അതുകൊണ്ടുതന്നെ സ്വവര്‍ഗരതിയും മൂന്നാം ലിംഗക്കാരും തമ്മില്‍ പ്രത്യക്ഷ ബന്ധമോ ഒരു അവകാശസംരക്ഷണ-സ്വാതന്ത്ര്യ വാദമോ പ്രസക്തമല്ല. മറിച്ച്, പ്രശ്നപരിഹാരങ്ങള്‍ ആവശ്യമാണ്. അന്ധനും ബധിരനും അവരുടെ ഡിസേബിലിറ്റികള്‍ക്ക് മറ്റു പരിഹാരങ്ങള്‍ കാണുന്ന പോലെയോ, ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന പോലെയോ മാത്രം.
ഒരാളുടെ സ്വവര്‍ഗാനുരാഗ ലൈംഗികാഭിനിവേശം (ട്രാന്‍സ്ജന്‍ഡര്‍ ഉള്‍പ്പെടെയുള്ള) എതിര്‍വര്‍ഗാനുരാഗത്തിലേക്കും ലൈംഗികതയിലേക്കും മാറ്റിയെടുക്കാന്‍ സാധ്യമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്വവര്‍ഗരതി ഒരു ദുശ്ശീലവും മനോവ്യതിയാനവുമാണെന്നും അതിന്റെ നീരാളിപ്പിടിത്തത്തില്‍ അഡിക്റ്റായവരെ മാറ്റിയെടുക്കേണ്ടത് ബാധ്യതയാണെന്നും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ex-gay കൂട്ടായ്മകള്‍ വരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വവര്‍ഗരതിക്ക് മൂന്നാം ലിംഗക്കാരുടെ ജൈവാവകാശവുമായി ബന്ധമില്ലെന്നും, കേവലം മനോവ്യതിയാനമായ ഈ ലൈംഗികഭാവത്തെ ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങളിലൂടെ മാറ്റിയെടുക്കാനാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരിക്കെ ഇതിന് 'മനുഷ്യാവകാശ മുഖം' നല്‍കുന്നത് ചില സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
സ്വവര്‍ഗരതിക്കാരെന്നു തുറന്നു സമ്മതിച്ച 40 ജോഡി ഇരട്ടകളും ത ക്രോമോസോമിന്റെ ജനിതക ഘടന പേറുന്നവരാണെന്ന 1993-ലെ പഠനത്തെ തുടര്‍ന്ന്, മനുഷ്യ ജനിതക ഘടനയിലെ തഝ28 എന്ന ഭാഗം സ്വവര്‍ഗ പ്രണയവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന വാദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് സ്വവര്‍ഗരതി ജനിതകമാണ്  എന്ന മട്ടില്‍ 'GAY gene' എന്ന പദം ഉപയോഗിച്ചു തുടങ്ങുന്നത്. എന്നാല്‍, അഞ്ചു ലക്ഷത്തിനടുത്ത് ആളുകള്‍ക്കിടയിലായി നടന്ന ഒരു വലിയ പഠനത്തിലൂടെ GAY gene എന്നൊന്നില്ലെന്ന് വിലയിരുത്തുകയാണ് ശാസ്ത്രലോകം. 2019 ആഗസ്റ്റ് 30-ന് സയന്‍സ് മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം, സ്വവര്‍ഗാനുരാഗത്തിന് പ്രേരകമായി ഒരു പ്രത്യേക ജീനുമില്ലെന്ന് തുറന്നു സമ്മതിക്കുന്നു.  എന്നു മാത്രമല്ല, ലൈംഗികാഭിരുചികള്‍ രൂപീകരിക്കപ്പെടുന്നതില്‍ ജനിതകത്തെക്കാളുപരി സ്വാധീനമുണ്ടാക്കുന്നത് സാമൂഹിക ചുറ്റുപാടുകളും പരിതഃസ്ഥിതികളുമാണെന്ന് ആ പഠനം തെളിയിക്കുകയും ചെയ്തു. ബ്രിട്ടീഷ് ശാസ്ത്ര ജേണലിസ്റ്റായ എഡ് യോങ് അറ്റ്‌ലാന്റിക് മാസികയില്‍ എഴുതിയത് പ്രകാരം, സ്വവര്‍ഗ പ്രേമികളുടെ ലൈംഗിക ചോദന അവരുടെ ശരീര ഘടനയില്‍ ആദ്യമേ നിര്‍ണയിക്കപ്പെട്ടതായോ, അല്ലെങ്കില്‍ അവരുടെ ലൈംഗികാഭിമുഖ്യം സ്വവര്‍ഗത്തോട് മാത്രമായി നിശ്ചയിക്കപ്പെട്ടതായോ അസന്ദിഗ്ധമായി തെളിയിക്കുന്ന യാതൊരു ജനിതക സൂചനയും ലഭ്യമായിട്ടില്ല. ഇനി, അങ്ങനെ ലഭ്യമായാല്‍ തന്നെ അത് ധാര്‍മികമായി ശരിയല്ല.
സ്വവര്‍ഗ രതിതല്‍പരതയുടെ ജനിതകാടിത്തറ കണ്ടെത്താന്‍ പരിശ്രമിച്ചിട്ടുള്ളവരില്‍ പ്രധാനി ഡീന്‍ ഹാമറാണ്. 1993-ല്‍ അദ്ദേഹത്തിന്റെ A Linkage Between DNA Makers on the X Chromosome and Male Sexual Orientation എന്ന പഠനം സയന്‍സ് മാഗസിന്‍ പ്രസിദ്ധീകരിച്ചു. സ്വവര്‍ഗാനുരാഗികളുടെ ത ക്രോമോസോമില്‍ X9 28 എന്ന ഒരു Genetic Marker ഉണ്ടെന്ന് അതില്‍ അവകാശപ്പെട്ടു. ഇതാണ് അന്നും ഇന്നും കൊട്ടിഘോഷിക്കപ്പെടുന്ന ഗേ ജീന്‍. എന്നാല്‍, ഡീന്‍ ഹാമറുടെ ഈ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന പഠനങ്ങളും സയന്‍സ് മാഗസിനില്‍ത്തന്നെ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തീര്‍ത്തും വിശ്വസനീയമായതല്ല ഗേ ജീനിനെക്കുറിച്ച പഠനങ്ങള്‍ എന്നര്‍ഥം. 
ജനിതകവും പ്രകൃതിപരവുമായ അടിത്തറകള്‍ ഒന്നുമില്ലെങ്കില്‍ പിന്നെ ഒരാള്‍ വളര്‍ന്നുവരുന്ന പരിതഃസ്ഥിതികളുടെ (environment) സ്വാധീനം മാത്രമാണ് പിന്നെ ആകെയുള്ള സാധ്യത. ലൈംഗിക അഭിരുചികള്‍ സൃഷ്ടിക്കപ്പെടുന്നതിന് പരിതഃസ്ഥിതികള്‍ സ്വാധീനം ചെലുത്തുമെന്നത് ശാസ്ത്രലോകത്തെ അംഗീകൃത വസ്തുതയാണ്. ജനിതകത്തിന് സ്വാധീനം ഉണ്ടാകാം എന്നു വാദിച്ചിരുന്ന ശാസ്ത്രജ്ഞര്‍ പോലും, കേവലം ജനിതകമായി മാത്രമാണ് ലൈംഗിക അഭിരുചി നിര്‍ണയിക്കപ്പെടുന്നത് എന്ന വാദത്തെ (Genetic Determinism) തള്ളിക്കളയുന്നവരും പരിസ്ഥിതിക്ക് അതില്‍ വലിയൊരു റോള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നവരുമാണ്. GAY gene എന്നൊന്നില്ലെന്ന ഏറ്റവും പുതിയ പഠനത്തിന്റെ കൂടി വെളിച്ചത്തില്‍ വിലയിരുത്തിയാല്‍ Environmental Influences തന്നെയാണ് ഏത് ലൈംഗിക വ്യതിരിക്തതകളെയും സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകം.
വളരുന്ന സാമൂഹിക ചുറ്റുപാടുകളും പരിതഃസ്ഥിതികളും തന്നെയാണ് സ്വവര്‍ഗ ലൈംഗികതയ്ക്ക് വിത്ത് പാകുന്നതെന്നാണ് പുതിയ പഠനങ്ങളെല്ലാം തെളിയിക്കുന്നത്.
സ്വവര്‍ഗാനുരാഗം മാനസികമോ ശാരീരികമോ ആവാം. ചികില്‍സയാണ് അതിനുള്ള പ്രതിവിധി.  ഹോര്‍മോണ്‍ തകരാറുകളായാലും മാനസിക പ്രശ്നങ്ങളായാലും ശാസ്ത്രീയമായ പ്രതിവിധി സാധ്യമാണെങ്കില്‍ അത് രോഗമായിത്തന്നെ പരിഗണിക്കപ്പെടണം. ഇതും സ്വവര്‍ഗ ലൈംഗികതയുടെ കാര്യത്തില്‍ മാത്രമല്ല. ഉദാഹരണത്തിന് Hypersexuality Disorder ഉള്ള പുരുഷന്മാരും സ്ത്രീകളുമുണ്ടല്ലോ. അവര്‍ അങ്ങനെയാണ് എന്ന ന്യായത്തില്‍ അവരെ അതുപോലെ ജീവിക്കാന്‍ വിട്ടേക്കുക എന്നതല്ല സ്വീകാര്യമായ മാര്‍ഗം. ഈ സെക്സ് മാനിയ  മിക്കവാറും ഹെറ്റെറോസെക്ഷ്വല്‍ ആസക്തികളാണ് പ്രകടിപ്പിക്കാറുള്ളത്. ഹോമോസെക്ഷ്വാലിറ്റിയുടെ കാര്യത്തിലും രോഗം എന്ന സാധ്യതയെ പൂര്‍ണമായും തള്ളിക്കളയാന്‍ യാതൊരു ന്യായവുമില്ല. സ്വാഭാവികമായും അതിന് ചികില്‍സയല്ലാതെ പരിഹാരങ്ങളില്ല. 
മറ്റൊരു വിഭാഗത്തെ സംബന്ധിച്ചേടത്തോളം, അവര്‍ വികൃത ലൈംഗികാസക്തിയുടെ അടിമകളാണെന്നോ കുറ്റവാളികളാണെന്നോ വിധിക്കാന്‍ പറ്റില്ല. ചികില്‍സ സാധ്യമായ രോഗവുമല്ല അവരുടേത്. കുറ്റവാസനയോ രോഗമോ അല്ലെങ്കില്‍പ്പിന്നെ അതിനെ വിശേഷിപ്പിക്കേണ്ടത് പ്രകൃതം എന്നു തന്നെയാണ്. ഇവരാണ് കൃത്യമായും Transgenders. ജനനസമയത്തെ ലിംഗനിര്‍ണയം മൂലം ഒരു ലിംഗ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തപ്പെടുകയും പിന്നീട് സ്വന്തം വ്യക്തിത്വത്തെയും അഭിനിവേശങ്ങളെയും ആ ഗ്രൂപ്പില്‍ സാക്ഷാല്‍ക്കരിക്കാനാവുന്നില്ല എന്ന് തിരിച്ചറിയുകയും ചെയ്യുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്തുക. ട്രാന്‍സ് സെക്ഷ്വലുകള്‍ ജന്മനാ അവര്‍ക്ക് നല്‍കപ്പെട്ട ലൈംഗിക സ്വത്വത്തെ നിരാകരിക്കുകയും എതിര്‍ലിംഗത്തിന്റെ മാനസികവും ശാരീരികവുമായ സ്വത്വത്തെ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ഇവരുടെ വികാരങ്ങളെയും താല്‍പര്യങ്ങളെയും, ഇവരനുഭവിക്കുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങളെയും അവഗണിക്കാനോ, കേവലം അധാര്‍മികമായി മുദ്ര കുത്താനോ പറ്റില്ല. 
അതേസമയം തന്നെ, ഇതുമായി ബന്ധപ്പെട്ടും ചില കാര്യങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ട്. ഒന്നാമതായും, Transgender എന്ന അവസ്ഥ 'പൂര്‍ണമായും' ജനിതകമാണെന്നതിന് കൃത്യമായ തെളിവുകളൊന്നുമില്ല. Heterosexual, Homosexual, Bisexual എന്നിങ്ങനെയുള്ള മൂന്ന് പ്രകൃതങ്ങള്‍ തികച്ചും സ്വാഭാവികമാണെന്നുള്ള പഠനങ്ങള്‍ക്ക് എത്രത്തോളം വിശ്വാസ്യതയുണ്ടെന്നുള്ളത് പ്രശ്നമാണ്. അപരലിംഗം എന്ന പ്രവണത ബഹുഭൂരിഭാഗം കേസുകളിലുമെങ്കിലും ജനിതകമല്ല, മറിച്ച് ആര്‍ജിതമാണ് (അപൂര്‍വമായി ജനിതക കാരണങ്ങളാലുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങളും ഇതിന് കാരണമായിത്തീരാറുണ്ടെങ്കിലും). പുതിയ ലോകത്ത് ഇതു സംബന്ധമായ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന LGBT, Queer പ്രസ്ഥാനങ്ങള്‍ ലൈംഗിക ഉദാരീകരണത്തെ പ്രതിനിധീകരിക്കുന്നു. Lesbian, Gay, Bisexual, Transgender എന്ന കൂട്ടിക്കുഴക്കല്‍ തന്നെ അശാസ്ത്രീയമാണ്. പ്രവണതകള്‍ ജനിതകവും സ്വാഭാവികവുമാണെന്ന് വന്നാല്‍ത്തന്നെയും ആ സ്വഭാവത്തിലുള്ള ലെസ്ബിയനും ഗേയും ട്രാന്‍സ്ജന്‍ഡറിന്റെ പട്ടികയില്‍ത്തന്നെ വരും. ബൈസെക്ഷ്വല്‍സിനെ ലൈംഗിക ന്യൂനപക്ഷത്തില്‍ പെടുത്തുന്നതിന്റെ ന്യായമെന്താണെന്നതും ചോദ്യമാണ്. അനാശാസ്യം എന്ന് ഒരു വലിയ സമൂഹം കരുതുന്ന വികൃതവും സാമൂഹിക വിരുദ്ധവുമായ ആസക്തികളെയടക്കം ന്യായീകരിക്കാന്‍ സഹായിക്കും വിധം വിപുലമായാണ് ഈ എല്‍.ജി.ബി.ടി സമന്വയം നിലനില്‍ക്കുന്നത്.

നിലനില്‍ക്കാത്ത ബന്ധങ്ങള്‍

പല രാജ്യങ്ങളും സ്വവര്‍ഗരതിക്കും സ്വവര്‍ഗവിവാഹത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത്, അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ്. ഇതില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ബന്ധമുള്ളവര്‍ സ്വന്തം പങ്കാളിക്കു പുറമെ പലരുമായും ബന്ധത്തിലേര്‍പ്പെടുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു.
ഡേവിഡ് പി മാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ തയാറാക്കിയ The Main Couple എന്ന ഗവേഷണ ഗ്രന്ഥത്തില്‍, ഒന്നു മുതല്‍ മുപ്പതു വര്‍ഷമായെന്നു പറയുന്ന 156 പുരുഷ സ്വവര്‍ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു ചെയ്തത്, അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നും ഇണയോട് വിശ്വസ്തത പുലര്‍ത്തിയിട്ടുള്ളൂവെന്നുമാണ്. ശരാശരി രണ്ടോ മൂന്നോ കൊല്ലം മാത്രമാണ് ഈ ബന്ധം നിലനില്‍ക്കുന്നതെന്ന് എം സഗീര്‍, ഇ റോബിന്‍സ് എന്നിവര്‍ Male and Female Homosexuality യില്‍ പറയുന്നു. സ്വവര്‍ഗരതി ജോടികള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളും സംഘട്ടനങ്ങളും മറ്റുള്ളവരില്‍ കാണുന്നതിനെക്കാള്‍ ഇരട്ടിയാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും അത്തരക്കാരില്‍ കൂടുതലാണ്.
അതിനു പുറമെ, മാരകമായ നിരവധി അസുഖങ്ങള്‍ക്ക് സ്വവര്‍ഗരതി വഴിവെക്കുന്നു. വിനാശകാരിയായ എയ്ഡ്‌സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകളും വീക്കങ്ങളും ഉണ്ടാക്കുന്ന 70-ലേറെ വൈറസുകളുടെ സമാഹാരമായ എച്ച് വി പി, ഹെപാറ്റിറ്റിസ് അഥവാ കരള്‍ വീക്കം, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ഗൊണേറിയ, ഗൗരവമായ മാനസിക ക്രമഭംഗവും ഹൃദയ അസ്വാഭാവികത്വവും അന്ധതയും ഉണ്ടാക്കുന്ന, ശരീരത്തിലുടനീളം പരക്കാവുന്ന സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ്, ഷാന്‍ക്രോയിഡ്, കാന്‍ഡിഡിയാസിസ്, ക്ലമിഡിയ, സ്‌കെയ്ബിസ്, ഗുദാര്‍ബുദം തുടങ്ങി കടുത്ത നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് സ്വവര്‍ഗരതി മുഖ്യ കാരണമാണെന്ന് വൈദ്യശാസ്ത്രം ഏക സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഒരു രോഗത്തില്‍ നിന്നു മറ്റൊന്നിലേക്ക് എന്ന ദൈന്യമായ അവസ്ഥയായിരിക്കും ഫലം. മിക്ക ലൈംഗിക രോഗങ്ങള്‍ക്കും സ്വവര്‍ഗരതി കാരണമാണെന്ന് ദ ഹെല്‍ത്ത് റിസ്‌ക് ഓഫ് ഗേ സെക്സ് എന്ന ഗ്രന്ഥത്തില്‍ ഡോ. ജോണ്‍ ആര്‍ ഡിഗ്സ് വിശദീകരിക്കുന്നുണ്ട്. എച്ച്.ഐ.വിക്കെതിരെ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുകയും അതേ  സമയം അതിന് മുഖ്യ ഹേതുവായ സ്വവര്‍ഗരതിയെ പ്രൊമോട്ട് ചെയ്യുകയും നിയമപരിരക്ഷ നല്‍കുകയും ചെയ്യുന്നത് എത്ര വൈരുധ്യാത്മകമാണ്.
ഇസ്‌ലാം പ്രാധാന്യം കല്‍പിക്കുന്നത് കുടുംബ-സാമൂഹിക വ്യവസ്ഥിതിക്കാണ്. ആസ്വാദനങ്ങളെ അതിര്‍ത്തി നിശ്ചയിച്ച് അനുവദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആധുനികത, കുടുംബ സാമൂഹിക വ്യവസ്ഥിതിക്കപ്പുറം ആസ്വാദനത്തെ മനുഷ്യ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യമായിട്ടാണ് കണക്കാക്കുന്നത്. സ്വേച്ഛാവൃത്തിയുടെ പരിണിത ഫലങ്ങള്‍ പരിഗണിക്കുന്നു പോലുമില്ല. ആധുനിക ലോക വീക്ഷണം ആത്മത്തിന് (self) മാത്രം പരിഗണന നല്‍കുകയും അപരനെ (other) കാണാതിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക പ്രമാണങ്ങളെ വളച്ചൊടിച്ച് സ്വവര്‍ഗരതിയെ മതം അനുവദിച്ചു നല്‍കുന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചിലരുണ്ട്. അവരില്‍ പ്രധാനിയാണ് ബോസ്‌നിയക്കാരനായ സ്‌കോട്ട് കൂഗ്ള്‍ (Scott Kugle). സ്വവര്‍ഗ ലൈംഗികവാദത്തിന്റെ ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും നിരന്തരം അതു സംബന്ധമായ ജ്ഞാനോല്‍പാദന പദ്ധതിയുമായി മുന്നോട്ടു പോയ ഏക വ്യക്തി സിറാജുല്‍ ഹഖ് സ്‌കോട്ട് കൂഗ്ള്‍ ആണ്. 2003-ല്‍ ഒമിദ് സാഫി എഡിറ്റ് ചെയ്ത് പുറത്തിറക്കിയ Progressive Muslims: On Justice, Gender, and Pluralism എന്ന പഠനസമാഹാരത്തിലാണ് സ്‌കോട്ട് കൂഗ്‌ളിന്റെ പ്രഥമ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. Sexuality, Diversity and Ethics in the Agenda of Progressive Muslims എന്ന തലക്കെട്ടിലുള്ള ഈ ലേഖനത്തില്‍ അദ്ദേഹം ഇസ്‌ലാമിനകത്തെ ബഹുസ്വരതയെ ഉയര്‍ത്തിക്കാണിക്കുകയും തദടിസ്ഥാനത്തില്‍ ഹോമോസെക്ഷ്വലുകളെ കൂടി ഉള്‍ക്കൊള്ളുന്ന ലൈംഗിക ബഹുസ്വരതക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍, ഇസ്ലാമിക ധാര്‍മികതയുടെയും നിയമ വ്യവസ്ഥയുടെയും പ്രതലത്തില്‍ നിന്നുകൊണ്ട് വിശകലനം ചെയ്താല്‍ വികൃത ലൈംഗികാസക്തിയെ അത് പൂര്‍ണമായും നിരാകരിക്കുന്നത് കാണാം. ഹോമോ സെക്ഷ്വല്‍ ആയാലും ഹെറ്റെറോ സെക്ഷ്വല്‍ ആയാലും വികൃതാസക്തികളെ ഇസ്ലാം പരിഗണിക്കുന്നത് കുറ്റകൃത്യമായിത്തന്നെയാണ് ; സ്വവര്‍ഗ ലൈംഗികക്കുറ്റങ്ങള്‍ക്ക് നിര്‍ണിതമായ ശിക്ഷ പ്രമാണങ്ങളില്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും.
സ്വവര്‍ഗ ലൈംഗികതയെയും ഭിന്ന ലൈംഗികതയെയും ഒരേ രീതിയിലല്ല ഇസ്‌ലാം സമീപിക്കുന്നത്. സ്വവര്‍ഗരതി ഇസ്‌ലാം വ്യക്തമായി വിലക്കിയിട്ടുള്ള പാപവും ലൈംഗിക വൈകൃതവുമാണ്. അതിനെ ഗ്ലോറിഫൈ ചെയ്യുന്ന  ഒരു നിലപാടിനെയും ഇസ്‌ലാം അംഗീകരിക്കുകയില്ല. സ്വവര്‍ഗരതി പ്രവണതയുള്ളവരെ ബോധവല്‍ക്കരണത്തിലൂടെയും തര്‍ബിയത്തിലൂടെയും മനശ്ശാസ്ത്രപരമായ ഇടപെടലുകളിലൂടെയും അതില്‍ നിന്ന് മാറ്റിയെടുക്കുകയാണ് വേണ്ടത്.  ഇത്തരം പ്രവണതകള്‍ മനുഷ്യന്‍ സ്വാംശീകരിക്കുന്നത് അധികവും വളരുന്ന സാഹചര്യങ്ങളില്‍ നിന്നാണ്. ഇതുപോലെ ശവരതി, മൃഗരതി, ഇന്‍സെസ്റ്റ് തുടങ്ങിയ പല ലൈംഗിക വൈകൃതങ്ങള്‍ക്കും അടിപ്പെടുന്ന ആളുകളുണ്ട്. അതിനൊക്കെ ന്യായീകരണമുണ്ടാക്കുന്നതിന് ഇസ്‌ലാമികമായി യാതൊരു അടിസ്ഥാനവുമില്ല.
വ്യക്തിപരമായത് രാഷ്ട്രീയമാണ് എന്ന നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഇവിടെ ആലോചനാ വിധേയമാക്കേണ്ടതാണ്. ഒരാള്‍ വ്യക്തിപരമായും സ്വകാര്യമായും ചെയ്യുന്ന കാര്യങ്ങള്‍ക്ക് രാഷ്ട്രീയമായ, അഥവാ സാമൂഹികമായ മാനങ്ങളുണ്ട് എന്നാണതിന്റെ  അര്‍ഥം. വ്യക്തിജീവിതവും സാമൂഹിക ജീവിതവും വെള്ളം കടക്കാത്ത അറകളല്ല. എന്റെ ശരീരത്തിന്റെ ഉടമസ്ഥന്‍/ഉടമസ്ഥ ഞാനാണ്. അതുകൊണ്ട് അതിന്റെ മേല്‍ എനിക്കു തന്നെയാണ് അധികാരം, അഥവാ സ്വയം നിര്‍ണയാവകാശം എന്നതാണ് ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ആധുനികതയുടെ തുടക്കത്തില്‍ ഉന്നയിക്കപ്പെട്ട, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ അധികാരത്തിന് സമാനമായ വാദമാണിത്. ഇതാണ് ആധുനിക വികസനവാദത്തിന്റെ അടിത്തറ.
ഈ വികസനവാദമാണ് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പരിസ്ഥിതി തകര്‍ച്ചയുടെ അടിസ്ഥാന കാരണം. പ്രകൃതിയില്‍ മനുഷ്യന്റെ താല്‍പര്യങ്ങളെ മാത്രം മുന്‍നിര്‍ത്തി ഇടപെടാന്‍ മനുഷ്യന് അധികാരമുണ്ട് എന്നതായിരുന്നു ഈ വികസനവാദം. അതിന് മനുഷ്യരാശി ഒടുക്കിക്കൊണ്ടിരിക്കുന്ന വിലയാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍. ഇതേപോലെ ലിബറല്‍ വ്യക്തിവാദത്തിന് വമ്പിച്ച ധാര്‍മികത്തകര്‍ച്ചയുടെ വില നാം ഒടുക്കേണ്ടിവരും. എന്റെ ഉടമസ്ഥതയിലെ മണ്ണോ മരമോ എന്റെ ഇഷ്ടം മാത്രം പരിഗണിച്ച് എനിക്ക് കൈകാര്യം ചെയ്യാനധികാരമില്ല എന്ന വിവേകം ഇന്ന് പൊതുവെ ഉണ്ടായിട്ടുണ്ട്. എങ്കില്‍ എന്റെ ശരീരം എന്റെ താല്‍പര്യം മുന്‍നിര്‍ത്തി, മറ്റുള്ളവര്‍ക്ക് പ്രത്യക്ഷ ഉപദ്രവം ഇല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യാന്‍ എനിക്കധികാരമുണ്ട് എന്ന വാദവും നിലനില്‍ക്കുന്നതല്ല. കാരണം, പ്രത്യക്ഷ ഉപദ്രവങ്ങള്‍ മാത്രമല്ല സമൂഹത്തിന് ഫലത്തില്‍ ഉപദ്രവമായിത്തീരുക.
സ്വവര്‍ഗരതി ഉദാത്തീകരിക്കപ്പെടുമ്പോള്‍ മനുഷ്യ ചരിത്രത്തിന്റെ അച്ചുതണ്ടായ കുടുംബവ്യവസ്ഥയുടെ അടിസ്ഥാനമാണ് യഥാര്‍ഥത്തില്‍ ആക്രമിക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും. 

References
1. Khaled El-Rouayheb: Before Homosexuality in the Arab-Islamic World, 1500-1800
2.  'Homosexuality in Islam: Critical Reflection on Gay, Lesbian, and Transgender Muslims.
3. Sexual Ethics and Islam: Feminist Reflections on Qur'an, Hadith and Jurisprudence.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌