കാരുണ്യത്തിന്റെ വെളിപാട് ഖുര്‍ആന്റെ സരള വായന
'ഇസ്‌ലാമോഫോബിയ' എന്ന മഹാമാരി ഇതുവരെ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. വ്യക്തിഗതമായ ഒരു മനോഭാവത്തിന്റെ കുടം പൊട്ടിച്ചു, ഭീതിപ്പെടുത്തുന്ന പൊതു സംസ്‌കാരമായി രൂപം പ്രാപിച്ച ഈ ഭൂതം ലോകമെങ്ങും വളരുകയാണ്. പാശ്ചാത്യ-പൗരസ്ത്യ നാഗരികതകളില്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വംശഹത്യയായും അവകാശ ധ്വംസനമായും സമത്വനിഷേധമായും ഇത് സംഹാര താണ്ഡവമാടുന്നു. പ്രതിപ്രവര്‍ത്തനമെന്നോണം മുസ്‌ലിംകളില്‍ ഒരു വിഭാഗം തീവ്ര ശൈലി അഭികാമ്യമായി കരുതുമ്പോള്‍, മറുവിഭാഗം വിശ്വാസാദര്‍ശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നു. ഇരു വിഭാഗങ്ങളും പ്രമാണമായി ഉദ്ധരിക്കുന്നതാകട്ടെ വിശുദ്ധ ഖുര്‍ആനും!
ഈ ദുരവസ്ഥക്കെതിരില്‍ മുസ്‌ലിംകള്‍ അങ്ങിങ്ങായി സാധ്യമായ പ്രചാരണങ്ങള്‍ നടത്തുന്നുവെങ്കിലും ബഹുഭൂരിപക്ഷവും ശാപവാക്കുകള്‍ ഉതിര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.
ഇരുട്ടിനെ ശപിക്കുകയോ, ഇരുട്ടുമായി സന്ധിയാവുകയോ, അതുമല്ലെങ്കില്‍ അക്രമത്തിന് മുതിരുകയോ ചെയ്യുക എന്ന മൂന്നു സമീപനങ്ങളും തെറ്റാണെന്നും, ഖുര്‍ആന്റെ അധ്യാപനങ്ങളുടെ വെളിച്ചം യഥാതഥമായി അനാവരണം ചെയ്യുകയാണ് അതിജീവനത്തിന്റെയും വിജയത്തിന്റെയും മാര്‍ഗമെന്നും തെളിയിക്കുന്ന ഒരു മഹത് ഉദ്യമമാണ് ഈയിടെ പ്രകാശനം ചെയ്യപ്പെട്ട 'ദ ഖുര്‍ആന്‍: സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ വിത്ത് എ തിമാറ്റിക്ക് കമന്ററി' എന്ന ഗ്രന്ഥം. ലളിതമായ ഇംഗ്ലീഷില്‍ ഖുര്‍ആന്റെ സമ്പൂര്‍ണമായ വിവര്‍ത്തനവും വ്യാഖ്യാനവുമാണ് ഈ കൃതി. ദൈവകാരുണ്യത്തെ കേന്ദ്ര ബിന്ദുവാക്കി, പ്രവാചക വചനങ്ങളുടെ പ്രകാശത്തില്‍ വിരചിതമായ ഈ വ്യാഖ്യാനം ഒരു പക്ഷേ ഏതു ഭാഷയിലും ഇത് ആദ്യമാകാം.
അല്ലാഹുവിന്റെ കാരുണ്യത്തിനു നേരെ വിളക്ക് ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ഗ്രന്ഥകര്‍ത്താവ്, മരണാനന്തരം പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുകയില്ല എന്നല്ല സമര്‍ഥിക്കുന്നത്. പരലോക ശിക്ഷ ദൈവികനീതിയുടെ അനിവാര്യത തന്നെയാണ്. ദൈവികനീതിയാകട്ടെ, അവന്റെ അപാരമായ കാരുണ്യത്തിന്റെ ബഹിര്‍സ്ഫുരണവും. ഇക്കാര്യം ഗ്രന്ഥകാരന്‍ ആമുഖത്തില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്. ഈ ഭൂമിയില്‍ സമാധാനപരവും നീതിയുക്തവുമായ ജീവിതം നയിക്കാന്‍ മനുഷ്യരാശിക്ക് സ്രഷ്ടാവ് കനിഞ്ഞു നല്‍കിയ നിയമങ്ങളിലെ അമേയമായ ദൈവകാരുണ്യത്തിലാണ് ഈ വ്യാഖ്യാനം പ്രധാനമായും കേന്ദ്രീകരിക്കുന്നതെന്ന് വായന തുടരവെ ഏതൊരാള്‍ക്കും ക്രമേണ ബോധ്യമാവും. ഇപ്പോള്‍ നിലനില്‍ക്കുന്നതും വരാനിരിക്കുന്ന നൂറ്റാണ്ടുകളില്‍ നിലനിന്നേക്കാവുന്നതുമായ ഒരു പ്രതിലോമ സാഹചര്യത്തെ നിയന്ത്രണവിധേയമാക്കാന്‍ കാലേക്കൂട്ടി പ്രതിരോധം പണിയുകയാണ് ഈ വിവര്‍ത്തനവും വ്യാഖ്യാനവും.
ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് നാലു ദശകങ്ങള്‍ക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ (പി.എം.എ ഖാദര്‍) ആണ് ഈ ഗ്രന്ഥം രചിച്ചത്. പന്ത്രണ്ടിലേറെ പണ്ഡിതന്മാര്‍ വിവര്‍ത്തനം പരിശോധിച്ചിരിക്കുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം വിവര്‍ത്തനം പരിശോധിച്ച് കൃത്യത സ്ഥിരീകരിച്ചിരിക്കുന്നു. ലോകത്തിലെ പ്രഥമ സ്ഥാനീയമായ അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക ഗവേഷണ അക്കാദമി അംഗം ശൈഖ് അസ്സയ്യിദ് അലി ആല്‍ ഹാശിം ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നു.
പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍ ഒ. അബ്ദുര്‍റഹ്മാന്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: ''ലോകമെമ്പാടും ഇസ്‌ലാമിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്കും ഇസ്‌ലാമോഫോബിയക്കും പ്രതിരോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് ഈ ഖുര്‍ആന്‍ വിവര്‍ത്തനവും വ്യാഖ്യാനവും. ഇസ്‌ലാം ഹിംസയുടെയും ക്രൂരതയുടെയും മതമാണെന്ന് തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇസ്‌ലാം വിരുദ്ധ ശക്തികള്‍ നിരന്തരം നടത്തുന്നത്. എന്നാല്‍, ഇസ്‌ലാം അപാരമായ ദൈവകാരുണ്യത്തിന്റെ പാഠങ്ങളാണ് നല്‍കുന്നതെന്നും വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ അതിനു സാക്ഷിയാണെന്നും നാം തെളിയിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. അതിനു പ്രയോജനപ്പെടുന്ന വിഷയാധിഷ്ഠിത വ്യാഖ്യാനം ഈ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ പ്രത്യേകതയാണ്.''
ബഹുദൈവ വിശ്വാസിയെ കാണുന്നേടത്ത് വെച്ചു അറുത്തു കൊല്ലുക എന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നു എന്ന് ഖുര്‍ആന്‍ സൂക്തങ്ങളെ തെറ്റായി പരിഭാഷപ്പെടുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഉദ്യമങ്ങളോട് ഈ വിവര്‍ത്തനം കൃത്യമായി പ്രതികരിക്കുന്നു. യുദ്ധഭൂമിയില്‍ വെച്ചാണെങ്കില്‍ പോലും നിന്നോട് അഭയം അഭ്യര്‍ഥിക്കുന്ന ബഹുദൈവ വിശ്വാസിക്ക് അഭയം നല്‍കണമെന്നും അവനെ ദൈവവചനം കേള്‍പ്പിക്കണമെന്നും അവന്റെ സുരക്ഷിത സ്ഥാനം വരെ അവനെ അനുഗമിക്കണമെന്നും അവര്‍ അറിവില്ലാത്തവരാണെന്നും വിശ്വാസിയെ തെര്യപ്പെടുത്തുന്ന സൂറത്തു തൗബയിലെ സൂക്തങ്ങളെ വിവര്‍ത്തകന്‍ മനംകവരുന്ന ശൈലിയില്‍ വിശദീകരിക്കുന്നത് ഒരു ഉദാഹരണം.
സംസ്‌കാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ മുഖമുദ്രയെന്നും സഹിഷ്ണുത അധ്യാപനം ചെയ്യുന്ന അധ്യായങ്ങളെ ഈ ഖുര്‍ആന്‍ വ്യാഖ്യാനം സുഗ്രാഹ്യമായ രീതിയില്‍ വിശദീകരിക്കുന്നുവെന്നും ഗ്രന്ഥത്തിന് അവതാരിക എഴുതിയ ശൈഖ് അസ്സയ്യിദ് അലി ആല്‍ഹാശിം രേഖപ്പെടുത്തുന്നു. അവതാരികയില്‍നിന്ന് ഏതാനും വരികള്‍:
''ഈ വിവര്‍ത്തനത്തിന്റെ സമീപനരീതി സഹിഷ്ണുതയിലും കാരുണ്യത്തിലും ഊന്നുന്നു. ഖുര്‍ആനില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവകാരുണ്യത്തെ ഇത് ദീപ്തമാക്കുന്നു.... ഖുര്‍ആനിലെ അധ്യായങ്ങള്‍ ഗ്രന്ഥകാരന്‍ വളരെ കാര്യഗൗരവത്തോടെ പഠന വിധേയമാക്കുന്നു. ഈ വിവര്‍ത്തന- വ്യാഖ്യാന ഗ്രന്ഥം ഖുര്‍ആനിക വിജ്ഞാനീയങ്ങളെ ആഴത്തിലറിയാനും ദൈവകാരുണ്യത്തെക്കുറിച്ച് വൈജ്ഞാനിക ഗവേഷണങ്ങള്‍ നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് അവലംബിക്കാവുന്ന ഒരു പ്രമാണമായി മാറും.''
എന്റെ മുമ്പിലുള്ളത് ഗ്രന്ഥത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ്. ലളിത മനോഹരമാണ് ഇതിലെ വിവര്‍ത്തന ശൈലി. ഖുര്‍ആന്‍ സൂക്തങ്ങളിലെ ഓരോ പദത്തോടും ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്ന വിവര്‍ത്തനത്തില്‍ ബ്രാക്കറ്റുകളോ അധിക പദങ്ങളോ വിരളമാണ്. വിശുദ്ധ വാക്യങ്ങളിലെ പദങ്ങളൊന്നും ഭാഷാ ചാതുരിക്കു വേണ്ടി ഈ വിവര്‍ത്തനം വിട്ടുകളയുന്നില്ല.
വിവര്‍ത്തകന്റെ ഗവേഷണ ത്വരയും കൈയൊതുക്കവും ഖുര്‍ആനിലെ ആദ്യ സൂക്തം മുതല്‍ തുടങ്ങുന്നു. എന്ന സൂക്തത്തിനു നല്‍കപ്പെട്ട വിവര്‍ത്തനം ഇപ്രകാരമാണ്: In the name of God, the Sovereign of Mercy, the Giver of Mercy.
മക്കയിലെ ഉമ്മുല്‍ ഖുറാ സര്‍വകലാശാലയിലെ ഭാഷാശാസ്ത്ര അധ്യാപികയും ഖുര്‍ആന്‍ ഗവേഷകയും റാബിത്വത്തുല്‍ ആലമില്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്)യിലെ പബ്ലിക്കേഷന്‍സ് എഡിറ്ററുമായ ഡോ. സുബൈദ അല്‍ ഇറക്സൂസി എഴുതുന്നു:
''അര്‍ഥ വിലോപമോ അപച്യുതിയോ സംഭവിക്കാതിരിക്കാനുള്ള വിവര്‍ത്തകന്റെ സൂക്ഷ്മത ശ്രദ്ധേയമാണ്. വിവര്‍ത്തന ഭാഷയാകട്ടെ, അയത്നലളിതമായി ഒഴുകുന്നു. അതിലെ സാഹിതീയ സ്പര്‍ശം ശ്രദ്ധേയമാണ്.''
എ.ആര്‍ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: ''ലളിതമായ പദങ്ങളില്‍ ഇംഗ്ലീഷ് ഭാഷയില്‍ രചിക്കപ്പെട്ട ഗ്രന്ഥം റഫറന്‍സ് എന്നതിന് പുറമെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതലമുറക്കും അനായാസം ഖുര്‍ആന്‍ പഠിക്കാന്‍ പ്രയോജനപ്പെടുന്ന ഒരു അമൂല്യ ഗ്രന്ഥമാണ്.''
ഇസ്‌ലാം ചലനാത്മകമല്ലാത്ത ഒരു അപര സംസ്‌കാരമാണെന്നും, അന്യ സംസ്‌കാരങ്ങളുമായി പൊതുവായി പങ്കിടുന്ന ഒരു മൂല്യവും അതിനില്ലെന്നും, ആധുനിക നാഗരികതയോട് പുറം തിരിഞ്ഞു നില്‍ക്കുന്ന താണ നിലവാരമാണ് അതിനുള്ളതെന്നും, പ്രാകൃതവും കിരാതവും യുക്തിഹീനവും ലിംഗവിവേചന മനോഭാവം പുലര്‍ത്തുന്നതുമായ ഒരു സംസ്‌കാരമാണ് അതെന്നും, ഹിംസാത്മകതയും ആക്രമണ സ്വഭാവവും ഭീകരവാദവുമാണ് അതിന്റെ സ്വത്വമെന്നും പ്രചരിപ്പിക്കപ്പെടുന്നതിനാല്‍ ഇസ്‌ലാമോഫോബിയ ലോകമെമ്പാടും പടര്‍ന്നുകൊണ്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ ഖുര്‍ആന്റെ ഉള്ളടക്കം അമുസ്‌ലിംകള്‍ക്കു മാത്രമല്ല, സ്വന്തം മതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയില്ലാത്ത മുസ്‌ലിംകള്‍ക്കും, കാരുണ്യം എന്ന പരിപ്രേക്ഷ്യത്തിലൂടെ പരിചയപ്പെടുത്തുന്ന ആദ്യത്തെ ഖുര്‍ആന്‍ വ്യാഖ്യാനമാണ് ഈ കൃതി.
ഖുര്‍ആനില്‍ എത്രയോ നിയമങ്ങളുണ്ട്. ഈ നിയമങ്ങളെ ഒന്നൊന്നായി അപഗ്രഥിക്കുകയും നിയമദാതാവിന്റെ കാരുണ്യം ഓരോ ദൈവിക നിയമത്തിലും എങ്ങനെ തെളിയുന്നു എന്ന് കണ്ടെത്താന്‍ വായനക്കാരനെ സഹായിക്കുകയും ചെയ്യുന്ന വ്യാഖ്യാന ശൈലിയാണ് ഗ്രന്ഥകാരന്‍ അവലംബിക്കുന്നത്.
ഈ ഉദ്യമം ഒരു വഴിതെളിക്കലാണ്. ഇരുട്ടിനെ ശപിക്കുന്നതിനു പകരം വെളിച്ചത്തിന്റെ തിരി തെളിയിക്കുകയാണ് വിവര്‍ത്തകന്‍. ഒരു തിരിയല്ല, ഒരായിരം തിരികള്‍! അന്ധകാരത്തോട് അടിയറവു പറയുന്നതിന് പകരം, ഒരു വിപരീത സാഹചര്യത്തെ മാറ്റിമറിക്കാന്‍ തന്നാലാവുന്നത് ചെയ്യുക എന്ന പ്രൊ-ആക്ടിവിസത്തിന്റെ അനിഷേധ്യമായ പ്രകാശനം.
ഖുര്‍ആനിലെ ശിക്ഷാവിധികളെ കുറിച്ച സൂക്തങ്ങളുടെ വ്യാഖ്യാനത്തില്‍ വിവര്‍ത്തകന്‍ സ്വന്തമായ ഗവേഷണങ്ങള്‍ അവതരിപ്പിക്കുന്നു എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത സൃഷ്ടിച്ചേക്കാം. എങ്കിലും വിവര്‍ത്തനത്തിലുടനീളം ആധികാരികമായ ആദ്യകാല തഫ്സീറുകള്‍ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ഇമാം റാസി, ഇബ്‌നു കസീര്‍, ഖുര്‍ത്വുബി, ത്വബരി എന്നീ മുഫസ്സിറുകളെ വിവര്‍ത്തകന്‍ ഇടയ്ക്കിടെ അവലംബിക്കുന്നു.
വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ അധ്യായങ്ങളുടെയും വിവര്‍ത്തനവും വ്യാഖ്യാനവും ഒരുമിച്ചു പ്രസിദ്ധീകരിക്കുന്നു എന്നത് ഈ ഉദ്യമത്തെ ശ്രദ്ധേയമാക്കുന്നു. മുപ്പത് ജുസ്ഉകളുടെയും വിശുദ്ധ മൂലവാക്യങ്ങളും പരിഭാഷയും വ്യാഖ്യാനവും മൂന്നു വാള്യങ്ങളിലായി ഒതുക്കിയിരിക്കുന്നു. എങ്കിലും ഖുര്‍ആന്റെ അവസാന 'ജുസ്ഉ'കളില്‍ മക്കയിലവതരിച്ച സൂറകളുടെ വ്യാഖ്യാനത്തില്‍ ആപേക്ഷികമായി കുറവ് അനുഭവപ്പെടുന്നുണ്ട്.
പുതിയ പ്രസിദ്ധീകരണ സ്ഥാപനമായ നൂന്‍ബുക്സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഐ.പി.എച്ചിലും ലഭ്യമാണ്.
The Quran: Standard English Translation with a thematic commentary rediscovering God’s mercy (Revised edition)
Mohammed Abdul Kader
Price INR 3500 - Abroad $ 50
Publishers: NOON BOOKS-THRISSUR (www.noonbooks.in)
Comments