Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

പ്രവാചക നിന്ദ വിവാദങ്ങളുടെ രാഷ്ട്രീയം

പി.കെ. നിയാസ്‌

നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സംഘ് പരിവാര്‍ ഭരണകൂടം അതിന്റെ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത ഇസ്‌ലാം വിരുദ്ധ അജണ്ടയിലൂടെ ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ ഗളഛേദം ചെയ്യാനുള്ള മോദിയുടെയും കൂട്ടരുടെയും നീക്കങ്ങള്‍ക്കെതിരെ മുസ്‌ലിം ലോകം, വിശിഷ്യാ ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നടങ്കം പരസ്യമായി രംഗത്തുവന്നതാണ് ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കിയിരിക്കുന്നത്.
ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട് മേയ് 26-ന് ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ പ്രവാചകനും മുസ്‌ലിംകള്‍ക്കും എതിരെ ബി.ജെ.പിയുടെ ഔദ്യോഗിക വക്താവ് നൂപുര്‍ ശര്‍മ അത്യന്തം ഹീനവും വിഷലിപ്തവുമായ പരാമര്‍ശങ്ങള്‍ നടത്തിയതും പാര്‍ട്ടി ദല്‍ഹി ഘടകം വക്താവ് നവീന്‍ കുമാര്‍ ജിന്‍ഡാല്‍ ജൂണ്‍ ഒന്നിന് ട്വീറ്റിലൂടെ പ്രവാചകനെ അവഹേളിച്ചതും ആഗോള തലത്തില്‍ വലിയ വിവാദമുണ്ടാക്കുമെന്ന് ബി.ജെ.പിയോ കേന്ദ്ര സര്‍ക്കാരോ കരുതിയിരുന്നില്ല. ഇരു സംഭവങ്ങളും രാജ്യത്തിനകത്ത് വിവാദമാവുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദിയോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ അതിനെ തള്ളിപ്പറയുന്ന ഒരു പ്രസ്താവന പോലും നടത്താന്‍ തയാറായിരുന്നില്ല. എന്നാല്‍, വിഷയം ഇന്ത്യയുടെ അതിരുകള്‍ കടക്കുകയും വിവിധ മുസ്‌ലിം രാജ്യങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തപ്പോഴാണ് 'എല്ലാ മതങ്ങളോടും അങ്ങേയറ്റത്തെ സഹിഷ്ണുതയും സഹാനുഭൂതിയുമുള്ള പാര്‍ട്ടി'യാണ് തങ്ങളുടെതെന്ന് ബി.ജെ.പി നേതൃത്വം പോലും തിരിച്ചറിഞ്ഞത്!
ഗള്‍ഫ് രാജ്യങ്ങളും ഇറാനും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചു വിശദീകരണം തേടിയപ്പോള്‍ 'പാര്‍ട്ടി വേറെ, ഗവണ്‍മെന്റ് വേറെ' എന്ന് പറഞ്ഞു തടിയൂരാനാണ് സ്ഥാനപതിമാരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഹീനമായ ഈ പ്രവൃത്തിയെ അപലപിക്കാനും പരസ്യമായി ഖേദം പ്രകടിപ്പിക്കാനും ഇന്ത്യാ ഗവണ്‍മെന്റ് തയാറാകണമെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടത് സെക്കുലര്‍ റിപ്പബ്ലിക്കായ ഇന്ത്യ ഇപ്പോള്‍ സംഘ് പരിവാരത്തിന്റെ 'പരമത വിദ്വേഷ റിപ്പബ്ലിക്കാ'യെന്ന ബോധ്യമുള്ളതു കൊണ്ടായിരിക്കും.   
ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി ലുഅ്‌ല അല്‍ ഖാതിറിന്റെ ട്വീറ്റ് ഇക്കാര്യം വ്യക്തമാക്കുന്നു: 'നാനാത്വത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞിരുന്ന ഒരു രാജ്യത്ത് ഇസ്‌ലാമോഫോബിയ അപകടകരമായ വിതാനത്തിലേക്ക് എത്തിയിരിക്കുന്നു. ഔദ്യോഗിക തലത്തിലും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെയും ഇതിനെ ചെറുത്തില്ലെങ്കില്‍ ഇസ്‌ലാമിനെ ലക്ഷ്യമിട്ട് ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ ലോകത്തെ 200 കോടി മുസ്‌ലിം ജനതയെ അപമാനിക്കാനുള്ള ബോധപൂര്‍വമായ നീക്കമായേ കാണാനാവൂ.'
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം ആരംഭിച്ച ദിവസം തന്നെയാണ് പ്രവാചക വിരുദ്ധ പ്രസ്താവനയില്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ആ രാജ്യം വിശദീകരണം ചോദിച്ചത്. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുക വഴി മോദിയും സംഘ് പരിവാറും ഇന്ത്യന്‍ സമൂഹത്തെ തന്നെയാണ് നാണം കെടുത്തിയിരിക്കുന്നത്.
പ്രവാചക നിന്ദക്കെതിരെ പ്രസ്താവന ഇറക്കിയ 57 മുസ്‌ലിം രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപ്പറേഷന് (ഒ.ഐ.സി) എതിരെ പ്രതികരിക്കുകയും എന്നാല്‍, ഇതേ പ്രസ്താവന നടത്തിയ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ മിണ്ടാതിരിക്കുകയും ചെയ്യുന്നതിന്റെ യുക്തിയാണ് ഏറ്റവും പരിഹാസ്യം. പ്രസ്താവന നടത്തിയ ഈ രാജ്യങ്ങളെല്ലാം ഒ.ഐ.സിയിലും അംഗങ്ങളാണ്. സ്വാഭാവികമായും ഒ.ഐ.സിയുടെ പ്രസ്താവന മുസ്‌ലിം രാജ്യങ്ങളുടെ പൊതുവികാരം തന്നെയാണ്.
1969-ല്‍ മൊറോക്കോ തലസ്ഥാനമായ റബാത്തില്‍ രൂപം കൊണ്ട ഒ.ഐ.സി, യു.എന്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണ്. പാകിസ്താന്റെ എതിര്‍പ്പ് വകവെക്കാതെ 2019 മാര്‍ച്ചില്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അബൂദബിയില്‍ നടന്ന ഒ.ഐ.സി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും അവര്‍ അതില്‍ പങ്കെടുക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഒ.ഐ.സിയെ പ്രകീര്‍ത്തിച്ചവരാണ് ഇപ്പോള്‍ ഒ.ഐ.സിയെ വില്ലനാക്കാനും ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ശ്രമിക്കുന്നത്. പാകിസ്താന്‍ ഒ.ഐ.സിയെ കുപ്പിയിലാക്കിയെന്നാണ് ബി.ജെ.പി അനുകൂലികളും അവരുടെ മീഡിയയും പ്രചരിപ്പിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാടുകള്‍ ചിലപ്പോള്‍ ഒ.ഐ.സിയുടെ പ്രമേയങ്ങളില്‍ പ്രതിഫലിക്കാറുണ്ട് എന്നത് ശരിയാണ്. എന്നാല്‍, അതില്‍ ചിലതെങ്കിലും കശ്മീരില്‍ സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടതാണെന്ന കാര്യം വിസ്മരിച്ചു കൂടാ. അതുപോലെ മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങളും പ്രമേയങ്ങളിലൂടെ  ഒ.ഐ.സി അപലപിക്കാറുണ്ട്. 
മതത്തിന്റെ പേരില്‍ തികഞ്ഞ വിവേചനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കയും കുറ്റപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ മത സ്വാതന്ത്ര്യത്തെക്കുറിച്ച യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. മുസ്‌ലിംകളോടും ക്രിസ്ത്യാനികളോടും മോദി സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്ന് മുമ്പും യു.എസ് ആരോപിച്ചിരുന്നു. ഇത്തരം ആരോപണങ്ങളെ നേരാംവിധം അഡ്രസ് ചെയ്യുകയും ഇസ്‌ലാമോഫോബുകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനു പകരം അന്താരാഷ്ട്ര സംഘടനകള്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ഇന്ത്യാ വിരുദ്ധമാണെന്ന ഒരൊറ്റ മറുപടിയില്‍ ഒതുക്കുകയാണ് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. 
എല്ലാ വര്‍ഷവും മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയക്കെതിരെയുള്ള അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 19-ന് ഐക്യ രാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി തീരുമാനിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തുവന്നത് ഇന്ത്യയും ഫ്രാന്‍സും യൂറോപ്യന്‍ യൂനിയനില്‍പെട്ട ചില രാജ്യങ്ങളുമാണെന്നത് മറന്നുകൂടാ. ഇസ്‌ലാമോഫോബിയ മാത്രമല്ല, മറ്റു മതങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന മുടന്തന്‍ ന്യായമാണ് ഇന്ത്യന്‍ പ്രതിനിധി റ്റി.എസ് തിരുമൂര്‍ത്തി മുന്നോട്ടുവെച്ചത്. ഇസ്‌ലാം വിദ്വേഷ പ്രചാരണം വലിയ വിപത്തായി ലോകം അംഗീകരിച്ചതാണ്. പാകിസ്താന്റെ നേതൃത്വത്തില്‍ ഒ.ഐ.സിയാണ് പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് എന്നതു മാത്രമല്ല, ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങളും പ്രമേയത്തിനാധാരമായ കാരണങ്ങളില്‍ ഉള്‍പ്പെടുമെന്നതും ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചുവെന്നതാണ് വാസ്തവം. അതേസമയം, സെമിറ്റിക് വിരുദ്ധത ക്രിമിനല്‍ കുറ്റമാക്കിയ നിരവധി രാജ്യങ്ങള്‍ ലോകത്തുണ്ട്. ജൂതന്മാരെ മാത്രം സംരക്ഷിക്കുന്നതാണ് പ്രസ്തുത നിയമമെന്ന് ഇക്കാലമത്രയും മോദിയും കൂട്ടരും പറഞ്ഞിട്ടില്ല.
നൂപുര്‍ ശര്‍മയെ സസ്‌പെന്റ് ചെയ്തതും നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കിയതുമൊക്കെ ചില പൊടിക്കൈകള്‍ മാത്രം. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നാലെ ശര്‍മക്ക് എല്ലാ പിന്തുണയുമായി രംഗത്തുവന്നത് ബി.ജെ.പി  നേതാക്കളും മന്ത്രിമാരുമാണ്. നൂപുര്‍ ശര്‍മ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളിലൊരാളാണ്. ഇവര്‍ ചാനലുകളില്‍ വന്നിരുന്ന് ഗര്‍ജിക്കുന്നത് കേന്ദ്ര സര്‍ക്കാറിനു വേണ്ടിയാണ്. മുസ്‌ലിം രാജ്യങ്ങള്‍ ശക്തമായി പ്രതികരിച്ചപ്പോള്‍, മുഖ്യധാരയില്‍നിന്ന് മാറി പ്രവര്‍ത്തിക്കുന്ന ചില തീവ്ര ചിന്താഗതിക്കാരാണ് (fringe elements) ഇത്തരം പ്രയോഗങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ചത് പാര്‍ട്ടിയെയും സര്‍ക്കാറിനെയുമാണ് വെട്ടിലാക്കിയത്. അക്ഷരാര്‍ഥത്തില്‍ ഇതൊരു ബൂമറാംഗായി മാറിയെന്നു വേണം പറയാന്‍. ഇപ്പറയുന്നതില്‍ യാഥാര്‍ഥ്യമുണ്ടെങ്കില്‍ മോദിയും യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രിമാരുമൊക്കെ 'ഫ്രിന്‍ജ് എലിമെന്റു'കളില്‍ ഉള്‍പ്പെടും. ഇവരെല്ലാം ഇസ്‌ലാമോഫോബുകള്‍ ആണെന്നത് ഗവേഷണം നടത്തി കണ്ടുപിടിക്കേണ്ട കാര്യമില്ല. പാര്‍ട്ടി വേദികളിലും സര്‍ക്കാര്‍ വേദികളിലുമൊക്കെ ഒരുപോലെയാണല്ലോ ഇവര്‍ വിഷം പ്രസരിപ്പിക്കുന്നത്. 
ഇക്കഴിഞ്ഞ ഏപ്രിലില്‍ സിഖ് ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മ-വാര്‍ഷിക പരിപാടി ദല്‍ഹിയിലെ ചെങ്കോട്ടയില്‍ ഉദ്ഘാടനം ചെയ്ത് മോദി നടത്തിയ പ്രസംഗം ഒടുവിലത്തെ ഉദാഹരണം. പ്രധാന മന്ത്രിയെന്ന നിലയില്‍ പങ്കെടുത്ത ഔദ്യോഗിക പരിപാടിയിലാണ് 'മുഗള്‍ ഭരണാധികാരി ഔറംഗസീബ് നിരവധിയാളുകളുടെ തല കൊയ്‌തെന്നും, എന്നാല്‍ നമ്മുടെ വിശ്വാസത്തിന് ഒരു പോറലുമേല്‍പിക്കാന്‍ കഴിഞ്ഞില്ലെന്നും' മോദി പ്രസംഗിച്ചത്. സിഖ് മതവിശ്വാസികളെയും ഹിന്ദുക്കളെയും ലക്ഷ്യമിട്ടായിരുന്നു മോദിയുടെ വര്‍ഗീയ പ്രസംഗമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ പര്‍വതീകരിക്കുകയും മുസ്‌ലിം വിദ്വേഷം ഊതിവീര്‍പ്പിക്കുകയും ചെയ്ത കശ്മീര്‍ ഫയല്‍സ് എന്ന വിവേക് അഗ്നിഹോത്രിയുടെ 170 മിനിറ്റുള്ള ഹിന്ദി സിനിമയെ പ്രശംസകള്‍ കൊണ്ട് മൂടുകയും ഇന്ത്യക്കാര്‍ മുഴുവന്‍ കാണേണ്ട ചിത്രമാണിതെന്ന് ചെണ്ട കൊട്ടി വിളംബരം ചെയ്യുകയും ചെയ്തയാളാണ് മോദി. തിയേറ്ററുകളില്‍ മുസ്‌ലിംകള്‍ക്കെതിരെ കൊലവിളി മുഴക്കാന്‍ സംഘ് പരിവാര്‍ വര്‍ഗീയവാദികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് പ്രധാന മന്ത്രിയായിരുന്നു. തലസ്ഥാന നഗരിയായ ദല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ചില തിയറ്ററുകളില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെയാണ് മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായ കൊലവിളി ഉയര്‍ന്നത്. മുസ്‌ലിം വിരുദ്ധ കാമ്പയിനുകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നവരാണ് ഇതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ടായിരുന്ന പല വീഡിയോ ക്ലിപ്പുകളിലുമുണ്ടായിരുന്നത് എന്നാണ് ദ വയര്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്. മുസ്‌ലിം വിരുദ്ധ വര്‍ഗീയ പ്രചാരണങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടാവാറുള്ള ദീപക് സിംഗ് ഹിന്ദു, വിനോദ് ശര്‍മ എന്നിവര്‍ മിക്ക ക്ലിപ്പുകളിലുമുണ്ട്. കഴിഞ്ഞ വര്‍ഷം ജന്തര്‍ മന്ദിറില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ രാകേഷ് സിസോദിയ ഒരു പ്രോജക്റ്ററില്‍ ഗ്രാമവാസികള്‍ക്കായി ചിത്രം പ്രദര്‍ശിപ്പിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെടുകയും ചെയ്യുന്നു.
മോദിയുടെ പിന്‍ഗാമിയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാഷായമണിഞ്ഞ കൊടും വര്‍ഗീയവാദിയും മുസ്‌ലിംകളെ കണ്ടുകൂടാത്തയാളുമാണ്. കഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം വിരുദ്ധതയിലൂന്നിയായിരുന്നു യോഗിയുടെ കാമ്പയിന്‍. ഇദ്ദേഹത്തിന്റെ 34 പൊതു പ്രസംഗങ്ങള്‍ പരിശോധിച്ചതില്‍ മുഴുവന്‍ വര്‍ഗീയ പരാമര്‍ശങ്ങളാണ് കണ്ടെത്താനായതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഭീകരവാദികള്‍, ക്രിമിനലുകള്‍, മാഫിയകള്‍, കലാപകാരികള്‍ എന്നിങ്ങനെയാണ് മുസ്‌ലിംകളെ ആദിത്യനാഥ് അഭിസംബോധന ചെയ്യാറുള്ളത്. ആദിത്യനാഥിന്റെ പാര്‍ട്ടി നേതാവും എം.എല്‍.എയുമായ നന്ദകിശോര്‍ ഗുര്‍ജാര്‍ ഇലക്ഷന്‍ വേളയില്‍ നടത്തിയ പ്രസംഗങ്ങള്‍ അങ്ങേയറ്റം വിഷലിപ്തമായിരുന്നു. ബലിപെരുന്നാളിന് മൃഗബലിയല്ല, സ്വന്തം മക്കളെയാണ് അറുക്കേണ്ടതെന്നാണ് ഇയാള്‍ മുസ്‌ലിംകള്‍ക്ക് നല്‍കിയ ഉപദേശം. 2921 ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന കുപ്രസിദ്ധമായ ധര്‍മ സംസദില്‍ സംഘ്പരിവാര്‍ നേതാക്കള്‍ പരസ്യമായാണ് മുസ്‌ലിം വംശഹത്യക്ക് ആഹ്വാനം ചെയ്തത്. രോഹിംഗ്യകളെ മ്യാന്മര്‍ ചെയ്യുന്നതുപോലെ ഇന്ത്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനാണ് സംസദില്‍ പ്രതിജ്ഞ ചൊല്ലിയത്.
ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ ഇത്ര ശക്തമായ കോര്‍ഡിനേഷനുള്ള ഒരു കാലഘട്ടം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍, സംഭവത്തിന് പിന്നില്‍ ഗവണ്‍മെന്റിന് പങ്കില്ലെന്നും 'ഫ്രിന്‍ജ് എലിമെന്റ്‌സി'ന്റെ പണിയാണെന്നുമാണ് ഗള്‍ഫ് ഭരണകൂടങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞത്. അത് കല്ലുവെച്ച നുണയാണെന്ന് അറിയാത്ത പച്ചപ്പാവങ്ങളാണ് അറബ് മുസ്‌ലിം ഭരണാധികാരികളെന്ന് മോദിയും കൂട്ടരും ധരിച്ചെങ്കില്‍ അവര്‍ക്ക് തെറ്റി. സംഘ്പരിവാറിലും സര്‍ക്കാറിലും ഉന്നത പദവികള്‍ വഹിക്കുന്നവരാണ് ബി.ജെ.പി ഭരണത്തില്‍ കുറേക്കാലമായി അതിനീചമായ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിവരുന്നത്. 'ഗോഡി മീഡിയ' എന്ന പേരില്‍ അറിയപ്പെടുന്ന മോദി സ്തുതികള്‍ മാത്രം രാവും പകലും ഉരുവിടുന്ന മാധ്യമങ്ങള്‍ വഴി കടുത്ത മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തിലുള്ള ഉന്നതരാണ്. റിപ്പബ്ലിക് റ്റിവി, സീ ന്യൂസ്, ടൈംസ് നൗ, സി.എന്‍.എന്‍-ന്യൂസ് 18, ആജ് തക്, സുദര്‍ശന്‍ ന്യൂസ് ഉള്‍പ്പെടെ ഒരു ഡസനിലേറെ ഇംഗ്ലീഷ്, ഹിന്ദി ചാനലുകളുടെ പ്രൈം ഡിബേറ്റുകള്‍ ഇത്തരത്തിലുള്ളതാണെന്ന് അറിയാത്തവര്‍ ആരുണ്ട്?
ബി.ജെ.പി ഭരണത്തിലേറിയ ശേഷം വിദേശ രാജ്യങ്ങളിലെ, വിശിഷ്യാ ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ എംബസികളില്‍ സംഘ് പരിവാറുകാരുടെ നുഴഞ്ഞുകയറ്റം പരസ്യമായ രഹസ്യമാണ്. നൂപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവന പിന്തള്ളി ബി.ജെ.പി ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് ഇഗ്ലീഷില്‍ പുറത്തിറക്കിയ പ്രസ്താവന അറബിയിലേക്ക് കൂടി മൊഴിമാറ്റം ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി മസ്‌കത്തിലെ ഇന്ത്യന്‍ എംബസി സംഘ്പരിവാറിന്റെ പി.ആര്‍ ഏജന്‍സി പണി നിര്‍വഹിച്ചത് ഇക്കഴിഞ്ഞ ദിവസമായിരുന്നല്ലോ.
വാസ്തവത്തില്‍, പാകിസ്താന്‍ ഒഴികെയുള്ള എല്ലാ മുസ്‌ലിം രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യക്കുള്ളത്. തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ ഊഷ്മളത കുറവാണെന്ന് വേണമെങ്കില്‍ പറയാം. മോദി അധികാരത്തിലേറിയതു മുതല്‍ വ്യാപകമായ മുസ്‌ലിം വിരുദ്ധ നീക്കങ്ങളുടെ പേരില്‍ ഒരു മുസ്‌ലിം രാജ്യവും ഇന്ത്യയുമായുള്ള ബന്ധം വിഛേദിക്കുന്നതു പോയിട്ട്, പ്രതിഷേധം പോലും അറിയിച്ചിട്ടില്ല. ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ തല്ലിക്കൊന്നപ്പോഴും അവരുടെ ആരാധനാലയം പൊളിച്ചുമാറ്റി പ്രസ്തുത ഭൂമിയില്‍ അമ്പലം പണിയാന്‍ ഉന്നത നിയമപീഠം വിധിച്ചപ്പോഴും കൂടുതല്‍ പള്ളികള്‍ ക്ഷേത്രങ്ങളാക്കാനുള്ള നീക്കം നടക്കുമ്പോഴും അവരുടെ പൗരത്വം പോലും ചോദ്യം ചെയ്യുന്ന നിയമങ്ങള്‍ പാസ്സാക്കിയപ്പോഴും ഒരു മുസ്‌ലിം രാജ്യവും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറിയിട്ടില്ല. 1992 ഡിസംബറില്‍ ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് പ്രതിഷേധ പ്രകടനം നടത്തിയവരെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് കയറ്റിവിട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് മണ്ണില്‍ ക്ഷേത്രങ്ങള്‍ പണിയാന്‍ സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കുന്നത് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും ഗള്‍ഫ് ഭരണകൂടങ്ങള്‍ നല്‍കി. മോദിയെ ക്ഷണിച്ചുവരുത്തി പരമോന്നത ബഹുമതികള്‍ നല്‍കിയ രാജ്യങ്ങള്‍ വരെയുണ്ട്.     
ഒരു പള്ളി അന്യാധീനപ്പെടുത്താനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലുള്ള ഡിബേറ്റിലാണ് നബി നിന്ദ പോലും കടന്നുവന്നത്. ഗ്യാന്‍വാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള നീക്കം മുസ്‌ലിം രാജ്യങ്ങള്‍ക്ക് വിഷയമായതുമില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ ഇക്കാലമത്രയും വിഷയമാകാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രവാചക നിന്ദ ഉണ്ടായപ്പോള്‍ മാത്രം ഇത്ര ശക്തമായി പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അറബ് ലോകത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി 'ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചിരിക്കുന്നു' എന്നായിരുന്നു. ഇന്ത്യയുമായി കാലങ്ങളായുള്ള വ്യാപാര ബന്ധങ്ങളും വന്‍കിട നിക്ഷേപങ്ങളും ആയിരിക്കാം ഒരു പരിധിവരെ സൗഹൃദ ബന്ധങ്ങള്‍ക്ക് വിള്ളലേല്‍ക്കാതെ മുന്നോട്ടു പോകാന്‍ ഈ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍, ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടുകളുണ്ടെന്നും അതവര്‍ അതത് വേദികളില്‍ പ്രകടിപ്പിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  
പുതിയ വിവാദം മോദി സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്. ഭരിക്കുന്ന പാര്‍ട്ടിയും സര്‍ക്കാറും നടത്തുന്നത് കൈവിട്ട കളിയാണെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യയുടെ അടുത്ത സുഹൃത്തുക്കള്‍ കൂടിയായ മുസ്‌ലിം രാജ്യങ്ങള്‍ നല്‍കുന്നത്. കോടിക്കണക്കിന് മനുഷ്യര്‍ ആദരിക്കുകയും തങ്ങളുടെ ജീവനെക്കാള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന പ്രവാചകനെ നിന്ദ്യമായ വാക്കുകളാല്‍ ആക്രമിക്കുന്നവര്‍ക്ക് പുനരാലോചനക്കുള്ള സന്ദര്‍ഭം കൂടിയാണിത്. മുസ്‌ലിം ലോകം കണ്ണുരുട്ടിയാല്‍ ചിലതൊക്കെ സംഭവിക്കുമെങ്കില്‍ അജണ്ടയിലുള്ള ഇസ്‌ലാമോഫോബിക് പദ്ധതികളെക്കുറിച്ച  പുനരാലോചനക്ക് സംഘ്പരിവാറിനും അതിന്റെ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിനും സമയമയി.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌