വ്രതം
അസ്തമയ കിരണങ്ങള്‍ ശോകഛായ പടര്‍ത്തിയ ചക്രവാളം. ആകാശ വര്‍ണങ്ങള്‍ ഒപ്പിയെടുത്ത് നൈല്‍ നദിയുടെ ഓളപ്പരപ്പില്‍ ചെമ്പട്ട് നെയ്യുന്ന മരുക്കാറ്റ്. ദൂരെ, ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന പിരമിഡുകളുടെ ദീപ്തമായ ത്രികോണ മുഖങ്ങള്‍. നദിയില്‍ സന്ധ്യാസ്‌നാനം ചെയ്യാനെത്തിയവരുടെ തിരക്ക്. അവര്‍ക്കിടയിലൂടെ, വായ് വട്ടം കുറഞ്ഞ പാത്രങ്ങളില്‍ നിറച്ച കുടിവെള്ളം ചുമലിലേറ്റി കല്‍പ്പടവുകള്‍ കയറിപ്പോകുന്നവര്‍. ഒട്ടകങ്ങളെയും കഴുതകളെയും കുടിപ്പിക്കുന്നവരും കുളിപ്പിക്കുന്നവരും. നദിക്കരയില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ഈത്ത മരങ്ങളുടെയും നീണ്ട നിഴലുകള്‍. അവ തീരത്തെ മണല്‍ തിട്ടയില്‍ തീര്‍ക്കുന്ന അനേകം ജാമിതി രൂപങ്ങള്‍. നൈലിലേക്കു ആണ്ടു പോകുന്ന സൂര്യന്‍ മണ്ണില്‍ വരയ്ക്കുന്ന ചിത്ര രൂപങ്ങളുടെ ചലന ക്രമങ്ങള്‍ നിരീക്ഷിച്ച് നദിക്കരയിലെ കല്‍പടവുകളിലൊന്നില്‍, അന്നൊരിക്കല്‍, ഒരു യവന യൗവനം ദുഃഖം പൂണ്ടിരുന്നു.
എത്ര നാളായി ഞാനീ നാട്ടില്‍? ജന്മ നാടായ സാമോസില്‍ നിന്ന് കാറ്റു പായക്കപ്പലില്‍ കടല്‍പ്പാത താണ്ടുമ്പോള്‍ പിരമിഡുകളുടെ നഗരത്തിലെ ഉന്നത ഗണിത പാഠശാലയില്‍ പഠനം മാത്രമായിരുന്നു ലക്ഷ്യം. വജ്ര വ്യാപാരിയായ അച്ഛന്‍ തന്നയച്ച പണക്കിഴിയും, സാമോസിനെ അടക്കി വാഴുന്ന ഏകാധിപതി പൊളിക്രാറ്റസ് സ്വന്തം മുദ്ര വെച്ചു നല്‍കിയ ശിപാര്‍ശ കത്തുമായി പലവുരു സമീപിച്ചെങ്കിലും ഈജിപ്തിലെ വിശിഷ്ട വിദ്യാപീഠത്തിന്റെ വാതിലുകള്‍ തനിക്കായി തുറക്കപ്പെട്ടില്ല.
അസ്തമയ ശോഭ മാഞ്ഞ നൈല്‍ തീരം ആള്‍ത്തിരക്ക് ഒഴിഞ്ഞ് ശാന്തമായതില്‍ പിന്നെയും അയാള്‍ ഏറെ നേരം ആകാശത്തിലെ നക്ഷത്രക്കൂട്ടങ്ങളെ നോക്കി നദിക്കരയില്‍ തന്നെയിരുന്നു.
പിരമിഡുകള്‍ക്ക് മേല്‍ സൂര്യന്‍ ഉദിച്ചു പൊങ്ങി നഗരം ഉണര്‍ന്നു തുടങ്ങിയ നേരം ഗിസയിലെ നിഗൂഢ പാഠശാലയുടെ പടിവാതില്‍ക്കല്‍ പതിവു പോലെ അയാളെത്തി പാറാവുകാരുമായി തര്‍ക്കം തുടങ്ങി. ബഹളം കേട്ട് കമാനത്തിലേക്കിറങ്ങി വന്ന പ്രധാനി അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു:
''പൈത്തഗോറസ്, താങ്കളോട് പലവുരു പറഞ്ഞതല്ലേ, നാല്‍പ്പത് നാള്‍ നോമ്പെടുത്ത ശേഷം വരാന്‍''
''ഗുരോ, ഗണിത പാഠങ്ങളാണ് എനിക്ക് വേണ്ടത് ദൈവജ്ഞാനമോ, അമരത്വ ശാസ്ത്രമോ, മാന്ത്രിക വിദ്യകളോ എന്റെ വിഷയങ്ങളല്ല. പിന്നെന്തിന് വ്രതമാചരിക്കണം?''
''പൈത്തഗോറസ്, ഞങ്ങള്‍ പഠിപ്പിക്കുകയല്ല. അവര്‍ പഠിക്കുകയാണ്, അനുഭവിക്കുകയാണ്. അതിന് താങ്കളുടെ മനസ്സും ശരീരവും പാകമാവേണ്ടതുണ്ട്''
പൈത്തഗോറസ് വെച്ചു നീട്ടിയ രാജമുദ്ര പതിച്ച പേപ്പറാസ് ചുരുളുകളും വെള്ളി നാണയക്കിഴിയും ഗുരു ഗൗനിച്ചതേയില്ല.
ഒടുവില്‍, അയാള്‍ ഗുരുവിന് മുമ്പില്‍ തലകുനിച്ചു.
''വ്രത ചിട്ടകള്‍ എങ്ങനെയെന്ന് പറയൂ.''
നാല്‍പ്പത് നാള്‍ നീള്‍ച്ചുള്ള ഉപവാസ ചര്യകള്‍ ഗൗരവത്തോടെ വിവരിക്കവേ ഗുരു പറഞ്ഞു:
''ഓര്‍ക്കുക, നോമ്പു സമയത്ത് ഉപേക്ഷിക്കപ്പെടേണ്ടതും നിയന്ത്രിക്കപ്പെടേണ്ടതുമായ അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് ഭക്ഷണം. താങ്കളുടെ വിചാര വികാരങ്ങളും ശ്വാസതാളങ്ങളും വരെ നിയന്ത്രിക്കപ്പെടണം. എന്നാല്‍ കവലയിലും ആഴ്ച ചന്തകളിലും ആള്‍ക്കൂട്ടത്തിലും താങ്കളുടെ സാന്നിധ്യവുമുണ്ടായിരിക്കണം''
''എന്നെ ആരാണ് നിരീക്ഷിക്കുക?''
''പൈത്തഗോറസ്, താങ്കളെ നിരീക്ഷിക്കാന്‍ താങ്കളല്ലാതെ മറ്റാരാണ് ഏറ്റവും അനുയോജ്യന്‍?''
''ഞാന്‍ ഉപവസിച്ചെന്ന് കള്ളം പറഞ്ഞാല്‍?''
മറുപടിയായി ഗുരു ഒന്ന് പുഞ്ചിരിച്ചു. പിന്നെ തിരിച്ചു നടന്നു.
***
നാല്‍പ്പത് നാള്‍ കഴിഞ്ഞ് അയാള്‍ കലാലയ മുറ്റത്തെത്തി. വെടിപ്പാര്‍ന്ന വസ്ത്രങ്ങളണിഞ്ഞ് നടന്നു വരുന്ന പൈത്തഗോറസിന് മുന്നില്‍ പാറാവുകാര്‍ തല കുനിച്ച് ഭവ്യതയോടെ മാറിനിന്നു. കമാനത്തിലെ കവാടങ്ങള്‍ കടന്ന് പാഠശാലയുടെ മധ്യാങ്കണത്തിലേക്ക് നടന്നു നീങ്ങുമ്പോള്‍ പാറാവുകാരൊക്കെയും വിനീതരായി വഴി കാട്ടി. ആരും ഒന്നും ചോദിച്ചില്ല. നടുമുറ്റത്തില്‍, സന്തോഷത്തോടെ പ്രാധാനി അയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് സ്വാഗതം പറഞ്ഞു.
ഇതെന്തു മാറ്റം! ഞാന്‍ വ്രതചര്യകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇവരൊക്കെ എങ്ങിനെയറിഞ്ഞു!?
പൈത്തഗോറസ് ആശ്ചര്യപ്പെട്ടു.
''താങ്കളുടെ മുഖത്തെ ശാന്തത, ശരീര ചലനങ്ങളുടെ സന്തുലിത താളം, കണ്ണുകളിലെ കാരുണ്യം, താങ്കള്‍ നടന്നു വരുമ്പോള്‍ വകഞ്ഞു മാറുന്ന കാറ്റിന്റെ സംഗീതം. ഒക്കെയും പ്രപഞ്ചത്തിന്റെ ജീവ താളവുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു.''
പൈത്തഗോറസ് തല കുനിച്ചു. ഗുരു തലയില്‍ കൈ വെച്ചു.
''പൈത്തഗോറസ്''
''അല്ല. ഞാന്‍ പൈത്തഗോറസ് അല്ല.. പൈത്തഗോറസ് മരിച്ചു പോയിരിക്കുന്നു. ഇത് പുനര്‍ജന്മം. എന്നെ പുനര്‍ജനിപ്പിച്ച വ്രതത്തിനും താങ്കള്‍ക്കും നന്ദി'' അയാള്‍ കണ്ണുകളടച്ചു.
''താങ്കളുടെ മനസ്സ് പാകപ്പെട്ടിരിക്കുന്നു. ഇനി അക്കങ്ങളും അക്ഷരങ്ങളും ജാമിതി രൂപങ്ങളും ഗണിത ബീജങ്ങളായി താങ്കളിലേക്ക് ഒഴുകിയെത്തും. അവ താങ്കളില്‍ മുളപൊട്ടി വളര്‍ന്ന് ഫലവൃക്ഷങ്ങളായി മാറുന്നതിന്റെ ആനന്ദവും നിര്‍വൃതിയും താങ്കള്‍ അനുഭവിക്കും. അറിവിന്റെ അതുല്യമായ അനുഭൂതി. മംഗളമായിരിക്കട്ടെ.''
വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മാനിലെ ഒരു കഫെയില്‍ വെച്ചാണ് ഞാന്‍ പൈത്തഗോറസിന്റെ കഥ കേള്‍ക്കുന്നത്. ചരിത്രത്തില്‍ എക്കാലത്തെയും മഹാനായ ഗണിത ശാസ്ത്രജ്ഞന്‍ വ്രത ശുദ്ധിയോടെ ഗണിത പഠനം നടത്തിയ കഥ. പിന്നീട് ഈജിപ്ത് കീഴടക്കിയ കാംബിസുസ് രാജാവ് അദ്ദേഹത്തെ ബാബിലോണിലേക്ക് ബന്ദിയായി കൊണ്ടുപോകുമ്പോള്‍ വ്രത ചര്യകള്‍ പാലിച്ച് ശാന്തചിത്തനായി ഗണിത ഗവേഷണങ്ങളില്‍ മുഴുകിയ കഥ. ഒക്കെയും ഉദ്വേഗഭരിതമായി വിവരിക്കവേ ജോര്‍ദാന്‍കാരന്‍ കൂട്ടുകാരന്‍ ചോദിച്ചു.
''വര്‍ഷത്തില്‍ ഒരു മാസം മുഴുവനായും നോമ്പ് അനുഷ്ഠിച്ചിട്ടും നമ്മുടെ മനസ്സ് എന്തേ ശാന്തമാവാത്തത്?''
ഞാന്‍ തല താഴ്ത്തി. സത്യം. നോമ്പ് കാലം വിടപറഞ്ഞ് പോയാലും മനസ്സിലെ പിരിമുറുക്കങ്ങള്‍ അയഞ്ഞു പോയില്ലെങ്കില്‍ പിന്നെ എന്ത് നോമ്പ്!
Comments