Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

ഇഅ്തികാഫ്  ധ്യാനത്തിന്റെ രാപ്പകലുകള്‍

ടി. മുഹമ്മദ് വേളം

 

സന്യാസം പൊതുവെ മതങ്ങളുടെ ഒരവിഭാജ്യതയാണ്. ഇസ്‌ലാമില്‍ സന്യാസമില്ല എന്ന് പ്രവാചകന്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ സന്യാസത്തോട് അടുത്തുനില്‍ക്കുന്ന ഒരു ആരാധനയുണ്ടെങ്കില്‍ അത് ഇഅ്തികാഫാണ്. സന്യാസം അതിന്റെ ശരീരവും ധ്യാനം അതിന്റെ ആത്മാവുമാണ്. ധ്യാനത്തെയും പ്രാര്‍ഥനയെയും പരസ്പരവിരുദ്ധമായി മനസ്സിലാക്കുന്നവരുണ്ട്. പുറത്തേക്ക് ചോദിക്കുന്ന പ്രാര്‍ഥനയും അകത്തെ തന്നെ ഉണര്‍ത്തുന്ന ധ്യാനവും എന്ന വൈരുധ്യം. ഓഷോയെപ്പോലുള്ളവര്‍ ലോകമതങ്ങളത്തന്നെ ധ്യാനമതങ്ങളെന്നും പ്രാര്‍ഥനാ മതങ്ങളെന്നും വര്‍ഗീകരിക്കുന്നുണ്ട്. ഇസ്‌ലാം മറ്റെല്ലാ വൈരുധ്യങ്ങളെയും സമന്വയിപ്പിക്കുന്നതുപോലെ  പ്രാര്‍ഥനയെയും ധ്യാനത്തെയും സമന്വയിപ്പിക്കുകയാണ് ചെയ്യുന്നത്. ഇസ്‌ലാമില്‍ എല്ലാ പ്രാര്‍ഥനയിലും ധ്യാനമുണ്ട്, അല്ലെങ്കില്‍ ധ്യാനാംശമുണ്ട്. എല്ലാ ധ്യാനത്തിലും പ്രാര്‍ഥനയുമുണ്ട്. തഫക്കുര്‍  എന്നാണ് ഇസ്‌ലാമിക പാരമ്പര്യത്തില്‍ ധ്യാനത്തിന് നല്‍കപ്പെട്ട നാമം. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''അഗാധ ചിന്ത (ധ്യാനം) എല്ലാ നന്മകളുടെയും താക്കോലാണ്, തുടക്കമാണ്, ഹൃദയത്തിന്റെ ഏറ്റവും പ്രയോജനകരമായ പ്രവര്‍ത്തനമാണ്'' (മിഫ്താഹു ദാറിസ്സആദ). വിശ്വാസിയുടെ ധ്യാനം പ്രാര്‍ഥനയിലാണ് ചെന്നവസാനിക്കുക: ''പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ മാറിമാറി വരവിലും ബുദ്ധിയുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. നിന്നും ഇരുന്നും കിടന്നും പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് ചിന്തിക്കുന്നവര്‍ പറയും: ഞങ്ങളുടെ നാഥാ, ഇതൊന്നും നീ വ്യര്‍ഥമായി സൃഷ്ടിച്ചതല്ല. നീ പരിശുദ്ധനാണ്. ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്തുരക്ഷിക്കേണമേ'' (ആലു ഇംറാന്‍ 190-191). പ്രപഞ്ചത്തെക്കുറിച്ച ചിന്ത-ധ്യാനം-സ്വന്തം നരക മുക്തിയെക്കുറിച്ച തേട്ടത്തില്‍ ചെന്നവസാനിക്കുന്നത് ഇവിടെ കാണാന്‍ കഴിയും. ധ്യാനം അഗാധമായ ചിന്തയും അതില്‍നിന്നുണ്ടായിത്തീരുന്ന ബോധവുമാണ്. സ്വന്തം ഉള്ളിനെ സൂക്ഷ്മമായി നിരീക്ഷിക്കലാണ്. അതിനകത്ത് സ്വയം ശസ്ത്രക്രിയകള്‍ നടത്താന്‍ പ്രാപ്തരാകലാണ്. 
റമദാന്‍ നോമ്പുതന്നെ ധ്യാനത്തിന്റെ ഏറ്റവും ജനകീയമായ ആരാധനാ രൂപമാണ്. ശരീരകാമനകള്‍ നിയന്ത്രിച്ച് അല്ലെങ്കില്‍ നിര്‍ത്തിവെച്ച് മനസ്സിലേക്ക്, ആത്മാവിലേക്ക് ശ്രദ്ധ തിരിക്കാനാണ് നോമ്പ് ആവശ്യപ്പെടുന്നത്. ശാരീരികവും മാനസികവുമായ വികാരങ്ങളുടെ നിയന്ത്രണമാണ് നോമ്പിന്റെ കാതല്‍. വെറുതെ നിയന്ത്രിക്കുകയല്ല. നിയന്ത്രിച്ചുകൊണ്ട് അത്യുന്നതനായ അല്ലാഹുവിനെ അത്യഗാധമായി അറിയുകയും അനുഭവിക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെയാണ് വിശ്വാസി നോമ്പിലൂടെ ആത്മനിയന്ത്രണം നേടിയെടുക്കുന്നത്.
നോമ്പു തന്നെ ഒരു ധ്യാനം ആയിരിക്കെ, നോമ്പിന് അകത്തുള്ള ധ്യാനത്തിന്റെ കുറേക്കൂടി ഉയര്‍ന്ന രൂപമാണ് ഇഅ്തികാഫ്. നോമ്പ് ഖുര്‍ആന്‍ അവതരിച്ചതിന്റെ വാര്‍ഷികമാണ്. പ്രത്യേകിച്ച് ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവ്. എന്നാല്‍ ഇഅ്തികാഫ് പ്രവാചകന്‍ ഹിറാ ഗുഹയില്‍ ധ്യാനനിരതനായതിന്റെ ഓര്‍മ നല്‍കുന്ന ആരാധനയാണ്. ലൈലത്തുല്‍ ഖദ്‌റില്‍ പ്രവാചകന് ഖുര്‍ആന്‍ അവതരിക്കുന്നു. പക്ഷേ അതിനു മുമ്പേ അദ്ദേഹം ഹിറാഗുഹയില്‍ ധ്യാനനിമഗ്‌നനായിരുന്നു. ധ്യാനത്തിലിരുന്ന പ്രവാചകന്നാണ് വിധി നിര്‍ണായക രാത്രിയില്‍ ഖുര്‍ആന്‍ അവതരിക്കുന്നത്. അപ്പോള്‍ ഖുര്‍ആന്‍ അവതരണത്തെ മാത്രമല്ല ആ ധ്യാനത്തെയും വിശ്വാസി ജീവിതംകൊണ്ട് സ്മരിക്കേണ്ടതുണ്ട്. അതാണ് ഇഅ്തികാഫിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്.  
പ്രവാചകത്വത്തിന് മുമ്പ്  ചില വര്‍ഷങ്ങളായി  അദ്ദേഹം ഹിറാ ഗുഹയില്‍ ധ്യാനമിരിക്കുമായിരുന്നുവെന്ന് ഡോ. ഹമീദുല്ല എഴുതുന്നു: ''കഅ്ബയുടെ പുനര്‍ നിര്‍മാണത്തിന് ശേഷമാവണം, പ്രവാചകനില്‍ ആത്മീയമായ ഉണര്‍വിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബിന് റമദാന്‍ മാസമായാല്‍ ഹിറാ ഗുഹയില്‍ പോയി ഒഴിഞ്ഞിരിക്കുന്ന പതിവുണ്ടായിരുന്നു. ഈയൊരുരീതി പ്രവാചകനെയും ആകര്‍ഷിച്ചു. തന്റെ അസ്വസ്ഥമായ മനസ്സിന് അതിലൂടെ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം കരുതി. അങ്ങനെ ഏതാനും വര്‍ഷങ്ങളായി ഓരോ റമദാന്‍ മാസവും ഏകാന്ത ധ്യാനവുമായി അദ്ദേഹം കഴിച്ചുകൂട്ടുക മക്കയുടെ പ്രാന്തത്തിലുള്ള ഹിറാ ഗുഹയില്‍ ആയിരുന്നു. വേണ്ട ഭക്ഷണ സാധനങ്ങളൊക്കെ ഭാര്യ ഖദീജ അങ്ങോട്ടു കൊടുത്തയക്കും. അല്ലെങ്കില്‍ തനിക്ക് ആവശ്യമുള്ളതൊക്കെ എടുക്കാന്‍ അദ്ദേഹം തന്നെ ഗുഹയില്‍ നിന്നിറങ്ങി വീട്ടിലേക്ക് വരും. വല്ലപ്പോഴും യാത്രികര്‍ ആ വഴിക്ക് വരികയാണെങ്കില്‍ തന്റെ ശുഷ്‌കവിഭവങ്ങള്‍ അവരുമായി അദ്ദേഹം പങ്കുവെക്കും. ഹിറാ ഗുഹയില്‍ ആ ധ്യാന കാലം കഴിഞ്ഞാല്‍ അദ്ദേഹം നേരെ വരിക കഅ്ബയിലേക്കാണ്. പിന്നെ ആ വിശുദ്ധ ഗേഹത്തെ ഏഴുതവണ ചുറ്റിക്കറങ്ങും. എന്നിട്ടേ വീട്ടിലേക്ക് പോവുകയുള്ളൂ'' (ദൈവദൂതനായ മുഹമ്മദ്). പക്ഷേ പ്രവാചകത്വത്തിനു ശേഷം ഒരിക്കലും അദ്ദേഹം ഇതാവര്‍ത്തിച്ചില്ല. അദ്ദേഹം ഒരിക്കലും ഹിറാ ഗുഹയിലേക്ക് മടങ്ങിപ്പോയില്ല. വഹ്‌യ് നിലച്ച സന്ദര്‍ഭത്തില്‍ പോലും. ആകാശാരോഹണത്തിനു പോയ പ്രവാചകന്‍ ഭൂമിയിലേക്ക് തന്നെ തിരിച്ചുവന്നു എന്നതുപോലെ ഹിറയില്‍ നിന്ന് പ്രവാചകത്വവുമായി മടങ്ങിയ പ്രവാചകന്‍ ഒരിക്കലും ഹിറയിലേക്ക് തിരിച്ചുവന്നില്ല. അദ്ദേഹം ഇടമുറിയാതെ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ധ്യാനനിര്‍ഭരമായ പൊതുജീവിതവും വ്യക്തിജീവിതവും. പിന്നെ അദ്ദേഹം സവിശേഷ ധ്യാനത്തിനായി തെരഞ്ഞെടുത്തത്  ജനങ്ങളുടെ കേന്ദ്രം കൂടിയായ പള്ളികളെയായിരുന്നു. പള്ളിയല്ലാത്ത ഒരിടത്തും ഇഅ്തികാഫ് സാധുവാകുകയില്ല. ജുമുഅയോ ജമാഅത്തോ നടക്കുന്ന പള്ളിയിലേ സാധുവാകൂ എന്ന അഭിപ്രായവും പ്രബലമാണ്. ജനത്തില്‍ നിന്നൊഴിഞ്ഞ് ധ്യാനമില്ല. ജനത്തിനിടയിലെ ധ്യാനമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.
ഹിറയിലെ ഓര്‍മയിലായിരിക്കണം, എല്ലാ റമദാനിലെയും അവസാന പത്തില്‍ നബി (സ) ഇഅ്തികാഫിരുന്നു. ഒരുവര്‍ഷം മാത്രം യാത്ര കാരണം മുടങ്ങിപ്പോയി. പിറ്റേ വര്‍ഷം ഇരുപത് ദിവസം അദ്ദേഹം ഇഅ്തികാഫിരുന്നു. ഹിറാ ഗുഹയുടെ ഓര്‍മ പ്രവാചകന് എളുപ്പം മറക്കാന്‍ കഴിയുന്നതല്ലല്ലോ. പക്ഷേ അതിനെ ഓരോ വര്‍ഷവും അങ്ങനെത്തന്നെ ആവിഷ്‌കരിക്കുകയല്ല അദ്ദേഹം ചെയ്തത്. ഇസ്ലാമിന്റെയും പ്രവാചകത്വത്തിന്റെയും പ്രകൃതത്തിനു  ചേര്‍ന്ന രീതിയില്‍ അതിനെ പുനരാവിഷ്‌കരിക്കുകയാണ്. ആ പുനരാവിഷ്‌കരണമാണ് ഇഅതികാഫ്. 'ആരെങ്കിലും എന്നോടൊപ്പം ഇഅ്തികാഫിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ റമദാനിലെ അവസാന പത്തില്‍ ഇഅ്തികാഫ് ഇരിക്കട്ടെ' എന്ന് നബി (സ) പറയുന്നുണ്ട്. സാധാരണ ജീവിത കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് പ്രവാചകനോടൊപ്പം രാപ്പകലുകള്‍ കഴിച്ചുകൂട്ടുക എന്ന വിശ്വാസം കൂടിയാണ് ഇഅ്തികാഫ്. ജനസമ്പര്‍ക്കമുള്ള പള്ളിയിലാണ് ഇഅ്തികാഫ് എന്നു പറയുമ്പോഴും അതിന് ഏകാന്തതയുടെ വലിയ ഭാവമുണ്ട്. ധ്യാനത്തിന്റെ അഗാധ തലങ്ങളുണ്ട്. ഒരു കാര്യം സ്ഥിരമായി അനുഷ്ഠിക്കുകയും മനസ്സില്‍ ധ്യാനിക്കുകയും ചെയ്യുന്നതിനാണ് അറബിയില്‍ ഇഅ്തികാഫ് എന്ന് പറയുന്നത്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ച്, അവനെ മാത്രം മനസ്സില്‍ ധ്യാനിച്ച് പള്ളിയില്‍ കഴിഞ്ഞു കൂടുന്നതാണ് സാങ്കേതിക ഭാഷയില്‍ ഇഅ്തികാഫ്. ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ മുന്‍നിര്‍ത്തി തന്നിലേക്ക് തന്നെ നോക്കി, തിരുത്തേണ്ടത് തിരുത്തുന്നതിലാണ് ഇഅ്തികാഫിന്റെ സഫലത. ഉള്ളിന് ചെവി കൊടുക്കുക എന്നതാണത്. ഒരു ഭക്തനോട് ഒരാള്‍ ചോദിച്ചു: ''വളരെ മണിക്കൂറുകളായി നിങ്ങള്‍ ധ്യാനനിരതനായി ഇരിക്കുന്നു.'' ഭക്തന്‍ മറുപടി നല്‍കി: ''ധ്യാനം മനസ്സിന്റെ കാതലാണ്; സുഫിയാനുസ്സൗരി ഉദ്ധരിക്കുന്ന ഈരടിയുണ്ട്: ധ്യാന നിരതനായ ഒരാള്‍ എല്ലാറ്റില്‍ നിന്നും പാഠം പഠിക്കുന്നു  (ധ്യാനം ഇസ്‌ലാമിക വീക്ഷണത്തില്‍, മാലിക് ബദരി). 
പള്ളിയില്‍ വരുന്ന മനുഷ്യരുമായി പരിമിതബന്ധമുണ്ടായിരിക്കെത്തന്നെ ഇഅ്തികാഫ് ഏകാന്തതയാണ്, ഏകാന്തതയെ ബോധപൂര്‍വം വരിക്കലാണ്. വെറും ഏകാന്തതയല്ല ദൈവസ്മരണയാല്‍ നിര്‍ഭരമായ ഏകാന്തത. ഏകാന്തതയുടെ ഒഴിഞ്ഞ പാത്രത്തെ ദൈവചിന്ത നിറയ്ക്കുന്നു. ഒരു പാത്രത്തില്‍ നമുക്ക് പുതുതായി എന്തെങ്കിലും നിറക്കണമെങ്കില്‍ ആദ്യമുള്ളത് കളയണം. ചില സ്വഹാബികള്‍ പറയുന്നുണ്ട്, 'പ്രവാചകന്‍ ഞങ്ങളെ  കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനുമുമ്പ് ഞങ്ങളുടെ മനസ്സിലുള്ളത് ഒഴിവാക്കിക്കളയുമായിരുന്നു.' ജമാല്‍ ബദ്‌രി എഴുതുന്നു: ''ആന്തരികമായ പ്രജ്ഞാവൃത്തി നല്ലതും ശരിയുമായ എല്ലാ പ്രവൃത്തികളുടെയും താക്കോല്‍ ആയിരിക്കുമ്പോള്‍ തന്നെ, എല്ലാ അനുസരണക്കേടിന്റെയും ഉറവിടം കൂടിയാവുന്നു. ധ്യാന നിരതമായ ഒരു ഹൃദയത്തിന് മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. തുടര്‍ച്ചയായ ദൈവസ്മരണയിലൂടെയും നീണ്ട ധ്യാനത്തിലൂടെയും മനസ്സിന് കൈവരുന്ന സംവേദനക്ഷമതയാണ് അതിനു കാരണം. തെറ്റായ ഒരു തോന്നല്‍ മനസ്സില്‍ പ്രവേശിക്കുമ്പോള്‍ തന്നെ അത് കണ്ടു പിടിക്കുന്നു. അമര്‍ച്ച ചെയ്യുന്നു, നിര്‍വീര്യമാക്കുന്നു. പ്രതിരോധശേഷിയുള്ള ശരീരം സവിശേഷ കോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നതിന് സമാനമാണിത്.''
നോമ്പ് തന്നെ സാമാന്യജീവിതത്തില്‍ പാലിക്കേണ്ട അതിനപ്പുറമുള്ള ഒരു അച്ചടക്ക വ്യവസ്ഥയാണ്. ഇഅ്തികാഫ് അതിനേക്കാള്‍ കുറച്ചു കൂടി നിഷ്ഠകളുള്ള ഒരു ആരാധനയാണ്. നോമ്പിന്റെ രാത്രികളില്‍ സ്ത്രീ-പുരുഷ സംസര്‍ഗം സാധുവാണെങ്കില്‍ ഇഅ്തികാഫില്‍ അത് രാത്രിയിലും സാധുവല്ല. ഇഅ്തികാഫിന്റേതായ നിബന്ധനകള്‍ വേറെയുമുണ്ട്. നോമ്പില്‍ തന്നെ സന്യാസത്തിന്റെ അംശങ്ങളുണ്ട്. ഇഅ്തികാഫ് സന്യാസത്തോട് ഒന്നുകൂടെ അടുത്തുനില്‍ക്കുന്ന ആരാധനയാണ്. പുണ്യങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന റമദാനിലാണ് പ്രവാചകനും വിശ്വാസികളും ഇഅ്തികാഫ് ഇരുന്നുപോന്നത്.  ഒരര്‍ഥത്തില്‍ നോമ്പിന്റെ പരിപൂര്‍ണതയാണ് ഇഅ്തികാഫ്. ഇമാം ഗസ്സാലി മൂന്നുതരം  നോമ്പുകാരെ കുറിച്ച് പറയുന്നുണ്ട്. ഒന്ന്, സാധാരണ നോമ്പ്. രണ്ട്, വിശിഷ്ട നോമ്പ്. മൂന്ന്, അതിവിശിഷ്ട നോമ്പ്. നോമ്പുകാരന്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യാതിരുന്നാല്‍ സാധാരണ നോമ്പായി. കര്‍മശാസ്ത്രപരമായി പൂര്‍ത്തീകരിക്കേണ്ട നിബന്ധനകള്‍ പൂര്‍ത്തീകരിക്കുക മാത്രമേ അതിനു വേണ്ടൂ. നോമ്പുനോറ്റില്ല എന്ന കുറ്റത്തില്‍നിന്ന് ഒഴിയാന്‍ സാധാരണ നോമ്പുകൊണ്ട് സാധിക്കും. ആത്മീയമായ വളര്‍ച്ചക്കോ ഉയര്‍ച്ചക്കോ അത് നിമിത്തമായിക്കൊള്ളണമെന്നില്ല. വിശുദ്ധ നോമ്പ് കുറേക്കൂടി ഉയര്‍ന്ന തരത്തിലുള്ളതാണ്. സാധാരണ നോമ്പിന്റെ കൂടെ ആധികാരികമായ പ്രാര്‍ഥനകളും ആരാധനകളും ദാനധര്‍മങ്ങളും ചേരുമ്പോള്‍ നോമ്പിന് വിശിഷ്ടത  കൈവരുന്നു. എല്ലാത്തരം മ്ലേഛ വികാരങ്ങളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും അകലം പാലിച്ച് അത്തരം സാഹചര്യങ്ങളുടെയൊന്നും ഭാഗമാവാതെ പരമാവധി സൂക്ഷ്മത പാലിക്കാന്‍ ശ്രദ്ധിക്കുന്ന നോമ്പുകാരുടേതാണ് വിശിഷ്ട നോമ്പ്. നമ്മുടെ നോമ്പിന്റെ പരിണാമ ഗുപ്തിയെ രണ്ടാമത്തെയോ അതും കടന്ന് മൂന്നാമത്തെയോ തലത്തിലേക്കുയര്‍ത്താന്‍ നമ്മെ സഹായിക്കുന്ന സവിശേഷ ഇബാദത്താണ് ഇഅ്തികാഫ്: ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം ലഭിക്കാന്‍ ഏറെ സഹായകമായ ഇബാദത്തുമാണത്. പ്രവാചകന്‍ ഇത്രമേല്‍ നിഷ്ഠ പുലര്‍ത്തിയ ഐഛികാരാധനകള്‍ കുറവായിരിക്കും.
സന്യാസ ഘടകം മാത്രമല്ല സമര സ്മരണകളുടെ ആരാധനാപരമായ ആവിഷ്‌കാരം കൂടിയാണ് ഇഅ്തികാഫ്. വീടുവിടലിന്റെയും ദേശ ത്യാഗത്തിന്റെയും ചേരുവകള്‍ ഈ ആരാധനയിലുണ്ട്. ഇത്തരം ത്യാഗങ്ങള്‍ സാധ്യമാക്കിയതാണല്ലോ ഇസ്ലാമിന്റെ വിമോചന പോരാട്ടങ്ങള്‍. വീടുവിട്ടതിന്റെയും പലായനത്തിന്റെയും എല്ലുറപ്പുകൊണ്ടാണ് ഇസ്ലാം ഒരു ചരിത്രശക്തിയായി മാറിയത്. ഹജ്ജാണ് ഇസ്ലാമിന്റെ ഈ മുഖത്തെ ഏറ്റവും ഭാവതീവ്രമായി ആവിഷ്‌കരിക്കുന്ന ഇബാദത്ത്. വീടുവെടിയലിന്റെയും നാടുപേക്ഷിക്കലിന്റെയും ഓര്‍മകള്‍ ഇരമ്പുന്ന ആരാധനയാണത്. അതിന്റെ ചെറിയ അംശം ഇഅ്തികാഫിലും അനുഭവിക്കാനാവും. ഇസ്ലാമിന്റെ ചരിത്രത്തെയും സമരോല്‍സുക വര്‍ത്തമാനത്തെയും കൂടി ധ്യാനത്തിന്റെ വിഷയമാക്കിയാല്‍ നിര്‍ബന്ധിതവും സ്വയം തെരഞ്ഞടുത്തതുമായ ഗേഹ ദേശ ത്യാഗങ്ങളുടെ താപത്തെ ഒരു മുഅ്തകിഫിന് അനുഭവിക്കാനാവും. അതുകൊണ്ടായിരിക്കും ചില പണ്ഡിതന്മാര്‍  സ്വന്തം നാടല്ലാത്ത നാട്ടില്‍ ഇഅ്തികാഫിരിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം   എന്നു പറഞ്ഞത്. നബി (സ) പറയുന്നു: 'ഒരാള്‍ റമദാനില്‍ പത്തുദിവസം ഇഅ്തികാഫ് അനുഷ്ഠിക്കുകയാണെങ്കില്‍ അതവന് രണ്ടു ഹജ്ജും ഉംറയും നിര്‍വഹിക്കുന്നതിന് തുല്യമാണ്' (ത്വബറാനി, ബൈഹഖി).
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്