Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

രക്ഷക  വേഷങ്ങള്‍  അസ്വസ്ഥരാവുകയാണ്

ആയിശ റന്ന ( ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ നാഷ്‌നല്‍ സെക്രട്ടറിയാണ്)

യുവ സംവാദം

 

പൗരത്വ പ്രക്ഷോഭത്തിന് ശേഷം മുസ്ലിം യുവ നേതൃത്വത്തിന്റെ ഉയര്‍ന്ന് വരവ് നാം കണ്ടതാണ്. മുസ്ലിംകളെ അങ്ങനെ ഒരു നേതൃത്വത്തില്‍ പോലും കാണാന്‍ ആഗ്രഹിക്കാത്ത / സമ്മതിക്കാത്ത ഒരു കാലഘട്ടത്തിലാണ് അത്തരത്തിലൊരു വളര്‍ച്ച ഉണ്ടാകുന്നത്. സമുദായത്തിന് ഏറെ ഉണര്‍വും  പ്രതീക്ഷയും നല്‍കുന്നതാണ് ഈ പുതു നേതൃത്വം. കേള്‍ക്കാനും ഉള്‍ക്കൊള്ളാനും തയാറാകുന്ന, എന്താണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമായി നോക്കിക്കാണുന്ന, അതിനനുസരിച്ച് പ്രതികരിക്കാന്‍ കെല്‍പ്പുള്ള ഒരു നേതൃനിരയാണ് അത്. വളരെ ക്ഷമാപണ സ്വഭാവമുള്ള (Apologetic) നേതൃത്വമാണ് നമുക്ക് ഉണ്ടായിരുന്നത്. അത് വെച്ച് നോക്കുമ്പോള്‍ മുസ്ലിമിന്റെ സ്വത്വം അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അതിനെ പ്രതിനിധീകരിച്ചു എഴുന്നേറ്റു നില്‍ക്കുന്ന ഒരു മുസ്ലിം യുവ നേതൃനിര നമുക്കുണ്ട്.  Unapologetically മുസ്ലിം സ്വത്വം ഉയര്‍ത്തിപ്പിടിക്കുക എന്നത് നമ്മള്‍ അവരില്‍ കാണുന്ന ഒരു സവിശേഷതയാണ്. ഇന്ത്യയിലെ മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ഏറെ ശുഭോദര്‍ക്കമായ കാര്യമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
വിഭജനം കാലം മുതല്‍ക്കേ ഇന്ത്യന്‍ മുസ്ലിംകള്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുകയാണ്. സംഘ് പരിവാര്‍ അധികാരത്തിലേറിയതോടെ  ഈ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും കൂടുതല്‍ വ്യക്തവും ആസൂത്രിതവുമായി.  മുസ്ലിമിന്റെ സാംസ്‌കാരികവും മതപരവുമായ ചിഹ്നങ്ങളെ അവര്‍ ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ സാധാരണവത്കരിക്കപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ കൂടിയാണ് പുതു നേതൃത്വത്തിന്റെ മുസ്ലിം അഭിമാന ബോധം പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യയിലെ ഇന്നത്തെ ഫാഷിസ്റ്റ് ഭരണകൂടത്തെ നേരിടണമെങ്കില്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മര്‍ദിതരുടെ ഒരു ഐക്യ മുന്നണി രൂപപ്പെടേണ്ടതുണ്ട്.  ദലിത്, മുസ്ലിം സമൂഹങ്ങളുള്‍പ്പെടുന്ന അത്തരം ഒരു ഐക്യമുന്നണിയും അത് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവുമാണ് പുതു നേതൃത്വങ്ങള്‍ മുന്നോട്ട് വെക്കുന്നത്. നമ്മള്‍ എല്ലാവരും ഒന്നിച്ച് നിന്നാല്‍ മാത്രമേ ഫാഷിസത്തെ തകര്‍ക്കാന്‍ കഴിയൂ.
ആദ്യ കാലങ്ങളില്‍ ഭൂരിപക്ഷ പേടിയില്‍ മുസ്ലിംകള്‍ തങ്ങളുടെ സ്വത്വബോധത്തില്‍ വെള്ളം ചേര്‍ക്കുകയോ അത് മറച്ചു വെക്കുകയോ ചെയ്തിരുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ ഇത്തരം ഭയങ്ങളില്‍നിന്ന് പുറത്ത് കടന്ന് തങ്ങളുടെ മുസ്ലിമത്വത്തെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി കാണാന്‍ കഴിയുക. ഇന്ത്യന്‍ മുസ്ലിംകളുടെ രക്ഷക വേഷം കെട്ടിയ ഒരുപാട് പേരുടെ പൊയ്മുഖങ്ങള്‍ അഴിഞ്ഞു വീഴുന്നതിന് ഈ അടുത്ത കാലങ്ങളില്‍ നാം സാക്ഷികളായി. ഒരേസമയം രണ്ട് തോണികളിലും കാല് വെക്കുന്ന ലിബറലുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം ആളുകള്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മുടെ കൂടെ ഉണ്ടാവില്ലെന്ന് കൂടി സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നു.
ഒരു യുവ മുസ്ലിം ആക്ടിവിസ്റ്റ് എന്ന നിലയില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഒരു മുസ്ലിം സ്ത്രീ ആണ്. ഇന്ത്യയിലെ മുസ്ലിം സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ക്ക് വേണ്ടി വാദിക്കാനും അവളുടെ ഉന്നമനത്തിന് വേണ്ടിയെന്ന് പറഞ്ഞ് നിലകൊള്ളാനും ഒരു കൂട്ടം ആളുകളും ഉണ്ടായിരുന്നു. ഒരു മുസ്ലിം സ്ത്രീ സ്വന്തം സ്വത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ തനിക്കും തന്റെ സമൂഹത്തിനും വേണ്ടി സംസാരിക്കുക എന്നത് അവര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. അവരെ സംബന്ധിച്ചേടത്തോളം എന്റെ ഹിജാബ്, എന്റെ അഭിസംബോധന രീതി എന്നിവ അവര്‍ക്ക് പ്രശ്‌നമായിരുന്നു. ജനങ്ങളില്‍ നിന്നും എനിക്ക് ലഭിച്ച സ്വീകാര്യത അവരെ വളരെയധികം അലോസരപ്പെടുത്തുകയുണ്ടായി. പക്ഷേ അതൊന്നും എന്റെ ഉദ്യമത്തില്‍ നിന്നും പിന്മാറാന്‍ എന്നെ ഒരിക്കലും പ്രേരിപ്പിച്ചിട്ടില്ല.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്