Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

ആലസ്യമല്ല, സാഫല്യമായിരുന്നു അവരുടെ റമദാന്‍ (മുന്‍ഗാമികളുടെ നോമ്പിലേക്ക് ഒരെത്തിനോട്ടം)

മാലിക്ക് വീട്ടിക്കുന്ന്

അന്താക്കിയയില്‍ മുസ്‌ലിംകളോട് പരാജയപ്പെട്ട്, പരിക്ഷീണരായെത്തിയ തന്റെ സൈന്യത്തോട് ഹിര്‍ഖല്‍ ചോദിച്ചു: എന്തൊരു കഷ്ടമാണിത്! എങ്ങനെ നിങ്ങള്‍ തോറ്റു? നിങ്ങളോട് യുദ്ധം ചെയ്യുന്നവരെന്താ മനുഷ്യരല്ലേ? 
അവര്‍ പറഞ്ഞു: അതെ, മനുഷ്യര്‍ തന്നെ.
ഹിര്‍ഖല്‍: നിങ്ങളാണോ അതോ അവരാണോ എണ്ണത്തില്‍ കൂടുതല്‍? 
അവര്‍: എല്ലാ പോരാട്ടങ്ങളിലും അവരെക്കാള്‍ ഇരട്ടിയോ അതില്‍ കൂടുതലോ ആയിരുന്നു ഞങ്ങള്‍. 
ഹിര്‍ഖലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അയാള്‍ ചോദിച്ചു: എങ്കില്‍ പറയൂ, എന്തുകൊണ്ടാണ് നമ്മള്‍ തോല്‍ക്കുന്നത്?
കൂട്ടത്തില്‍ പ്രമുഖനായ ഒരു വയോധികന്‍ മുന്നോട്ടുവന്നു. അദ്ദേഹം പറഞ്ഞു: അവര്‍ പകലില്‍ നോമ്പെടുക്കുന്നു, രാത്രി നമസ്‌കരിക്കുന്നു, പരസ്പരം കരാര്‍ പാലിക്കുന്നു, നന്മ കല്‍പ്പിക്കുന്നു, തിന്മ വിരോധിക്കുന്നു. ഇതാണ് അവരുടെ വിജയത്തിന് നിദാനം. എന്നാല്‍, നമ്മളോ? മദ്യപിക്കുന്നു, വ്യഭിചരിക്കുന്നു, പരസ്പരം പകയും വൈരവും വളര്‍ത്തുന്നു, ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നു, ദൈവകോപം ക്ഷണിച്ചുവരുത്തുന്നു...
ഹിര്‍ഖല്‍ പറഞ്ഞു: നിങ്ങള്‍ പറഞ്ഞത് എത്ര ശരിയാണ്! അതുതന്നെയാണ് അവരുടെ വിജയത്തിന് കാരണം (ഇലല്‍ ഇസ്‌ലാമി മിന്‍ ജദീദ്, അബുല്‍ഹസന്‍ അലി നദ്വി).
ഇസ്‌ലാമിലെ ആരാധനകള്‍ എല്ലാം തന്നെ ദൈവപ്രീതി കാംക്ഷിച്ചുകൊണ്ടുള്ളതാണ്. പരലോകത്തെ മഹത്തായ പ്രതിഫലമാണ് അവയുടെ ലക്ഷ്യം. എന്നാല്‍, ആരാധനകള്‍ നിഷ്ഠയോടെ നിര്‍വഹിക്കുമ്പോള്‍ പരലോക മോക്ഷം മാത്രമല്ല ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്, ഭൂമിയിലെ അന്തസ്സുള്ള ജീവിതം കൂടിയാണ്. അഥവാ, ഇഹലോകത്ത് അഭിമാനകരമായ അസ്തിത്വത്തോടെ നിലനില്‍ക്കണമെങ്കില്‍ ആരാധനകളിലുള്ള കണിശത കൂടിയേ തീരൂ. പ്രതിദിനമുള്ള നിര്‍ബന്ധ നമസ്‌കാരങ്ങള്‍ തുടങ്ങി ദാനധര്‍മവും റമദാനിലെ വ്രതവും എല്ലാം അകമേയുള്ള ഈമാനും പുറമെയുള്ള കരുത്തും ഒരുപോലെ വര്‍ധിപ്പിക്കുന്നതാണ്. ഒരു വലിയ പോരാട്ടത്തെ അഭിമുഖീകരിക്കാന്‍ അത്രതന്നെ മുന്നൊരുക്കം വേണ്ടതുണ്ടല്ലോ. ദേഹേഛകളെയും പൈശാചിക പ്രേരണകളെയും  പ്രത്യക്ഷ ശത്രുക്കളെയും ഒരുപോലെ നേരിട്ട് വിശ്വാസികള്‍ വിജയശ്രീലാളിതരായി മടങ്ങിയ ഒട്ടേറെ അനുഭവങ്ങള്‍ക്കാണ് റമദാനിന്റെ ഗതകാല ചരിത്രം സാക്ഷ്യം വഹിച്ചത്. ആ മാസം കടന്നുവരുമ്പോള്‍, പൂര്‍വസൂരികള്‍ അതിനെ സമീപിച്ചതെങ്ങനെ എന്ന ഒരന്വേഷണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. 

1. പ്രാര്‍ഥനയോടെ കാത്തിരിപ്പ്
വിശുദ്ധ റമദാനില്‍ സാക്ഷികളാവുക എന്നത് എത്ര വലിയ സൗഭാഗ്യമാണ് എന്ന് മുന്‍ഗാമികള്‍ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള കാത്തിരിപ്പും പ്രാര്‍ഥനയും അവരുടെ ചര്യയായിരുന്നു. അബൂഹുറയ്‌റ(റ) അനുസ്മരിക്കുന്നു: രണ്ടു ചെറുപ്പക്കാര്‍ തിരുദൂതരുടെ സവിധത്തില്‍ വന്ന് മുസ്‌ലിമായി. തൊട്ടടുത്ത് നടന്ന ഒരു യുദ്ധത്തില്‍ അതിലൊരാള്‍ രക്തസാക്ഷിയായി. മറ്റെയാള്‍ ഒരു കൊല്ലം കഴിഞ്ഞ് സാധാരണ മരണം വരിച്ചു. ഈ സമയം ത്വല്‍ഹത്ത് ബിന്‍ ഉബൈദില്ലാഹ് (റ) ഒരു സ്വപ്‌നം കണ്ടു. രക്തസാക്ഷ്യം വരിച്ചവനെക്കാള്‍ മുമ്പെ രണ്ടാമത് മരിച്ചയാള്‍ സ്വര്‍ഗത്തില്‍ കടക്കുന്ന കാഴ്ചയായിരുന്നു അത്. ശഹീദിനെക്കാള്‍ മുന്നെ അപരന്‍ എങ്ങനെ സ്വര്‍ഗപ്രവേശം നേടി എന്ന സന്ദേഹവുമായി അദ്ദേഹം തിരുസന്നിധിയിലെത്തി. അപ്പോള്‍ റസൂല്‍ (സ) സംശയനിവൃത്തി വരുത്തിയതിങ്ങനെ: അദ്ദേഹം ഒരു റമദാനില്‍ അധികമായി വ്രതം അനുഷ്ഠിക്കുകയും ആറായിരത്തിലധികം റക്അത്തുകള്‍ നമസ്‌കരിക്കുകയും ചെയ്തില്ലേ? അതെ, റമദാന്‍ ലഭിക്കുക എന്നത് മഹാഭാഗ്യമാണ്. മഅ്‌ലബിന്‍ ഫുളയ്ല്‍ പറയുന്നു: റസൂലിന്റെ സ്വഹാബത്ത് റമദാനിന്റെ ആറുമാസം മുമ്പുതന്നെ അതിലേക്കെത്താനും, റമദാന്‍ വിട പറഞ്ഞാല്‍ ആറുമാസം അതിലെ കര്‍മങ്ങള്‍ സ്വീകാര്യമാകാനും പ്രാര്‍ഥിക്കുമായിരുന്നു. ഉമറി(റ)ന്റെ അഭിവാദനം ഇങ്ങനെയായിരുന്നുവത്രേ: 'പാപങ്ങള്‍ ശുദ്ധീകരിക്കുന്ന വസന്തമേ, നിനക്ക് മംഗളം!' സജിസ്ഥാനില്‍ സാത്വിക ജീവിതം നയിച്ചിരുന്ന വിശ്രുത പണ്ഡിതന്‍ അംറു ബിന്‍ ഖൈസ് (മരണം ഹിജ്‌റ:140) ശഅബാന്‍ ആഗതമാവുന്നതോടെ തന്റെ കച്ചവട സ്ഥാപനം അടച്ചിടുകയും ഖുര്‍ആന്‍ പാരായണവുമായി റമദാനിനെ കാത്തിരിക്കുകയും ചെയ്തിരുന്നു. 'റമദാനിന് മുമ്പുതന്നെ മനസ്സിനെ ശുദ്ധീകരിച്ചുവെച്ചവര്‍ ഭാഗ്യവാന്മാര്‍' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത് (ലത്വാഇഫുല്‍ മആരിഫ്).

2. ഖുര്‍ആനിനെ ചേര്‍ത്തുവെക്കല്‍ 
ഖുര്‍ആന്‍ അവതീര്‍ണമായ റമദാനില്‍ അതിനെ ഹൃദയത്തോടു ചേര്‍ത്തു വെക്കുന്നതും നിരന്തരമായ പാരായണത്തിലും പഠനത്തിലും മുഴുകുന്നതും സലഫുകളുടെ പതിവായിരുന്നു. അവരില്‍ പത്തുദിവസത്തിലും ഒരാഴ്ചക്കുള്ളിലും മൂന്നു ദിവസത്തിലും ഖുര്‍ആന്‍ മുഴുവന്‍ ഓതിപ്പൂര്‍ത്തിയാക്കുന്നവരുണ്ടായിരുന്നു. ഇമാം ഖതാദ (റ) സാധാരണയില്‍ ഏഴു ദിവസത്തിലും റമദാനില്‍ മൂന്നു ദിവസത്തിലും ഖതം തീര്‍ത്തിരുന്നു. റമദാന്‍ ആഗതമായാല്‍ സുഫ്‌യാനുസ്സൗരി (റ) മറ്റെല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ച് ഖുര്‍ആന്‍ പാരായണത്തില്‍ ആമഗ്‌നനാവുമായിരുന്നു. ആന്തരാര്‍ഥങ്ങള്‍ മനനം ചെയ്ത് ഓതിയിരുന്നതിനാല്‍ വിങ്ങിക്കരഞ്ഞുകൊണ്ടാണ് പാരായണം മുന്നോട്ട് പോയിരുന്നത്. 'വാഗ്ദത്ത സമയം അടുത്തെത്തിയിരിക്കുന്നു. അല്ലാഹുവല്ലാതെ അതിനെ തട്ടിയകറ്റാന്‍ ആരുമില്ല. ഇതിലാണോ നിങ്ങള്‍ ആശ്ചര്യഭരിതരാകുന്നത്? ഇതോര്‍ത്ത് കരയാതെ നിങ്ങള്‍ ചിരിക്കുകയാണോ? പാട്ടുംപാടി ഇതിനെ തള്ളിക്കളയുകയാണോ നിങ്ങള്‍? സാഷ്ടാംഗം നമിക്കൂ, അല്ലാഹുവിന് മുന്നില്‍ അടിമത്തം സമര്‍പ്പിക്കൂ' എന്ന സൂറത്തുന്നജ്മിലെ (57-62) വചനങ്ങള്‍ കേട്ടപ്പോള്‍ അഹ്‌ലുസ്സുഫ്ഫയിലുണ്ടായിരുന്ന സ്വഹാബികള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. റസൂലും അവരോടൊപ്പം കരഞ്ഞു. അതോടെ മറ്റുള്ളവരും  ചേര്‍ന്ന് കൂട്ടക്കരച്ചിലായി മാറി. കരച്ചിലടങ്ങിയപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: ''കറന്നെടുത്ത പാല്‍ ഒട്ടകത്തിന്റെ അകിടിലേക്ക് തിരിച്ചു പോയാലും അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവര്‍ നരകത്തില്‍ കടക്കുകയേയില്ല'' (തിര്‍മിദി).

3. രാത്രി നമസ്‌കാരത്തിലെ ആനന്ദം
റമദാനിലെ രാത്രികള്‍ ആനന്ദദായകമാവുന്നത് രാത്രി നമസ്‌കാരത്തിലെ നിര്‍വൃതികൊണ്ടുകൂടിയാണ്. മനോഹരമായ പാരായണം ശ്രവിച്ച്, രക്ഷിതാവിനെ സ്മരിച്ച്, അര്‍ഥത്തിന്റെ ആഴങ്ങളില്‍ മുഴുകി നില്‍ക്കുമ്പോള്‍ കാലിന്റെ തളര്‍ച്ചപോലും മറന്നുപോകുമായിരുന്നു അവര്‍. പലപ്പോഴും രാത്രി ആരംഭിക്കുന്ന നമസ്‌കാരം അത്താഴ സമയത്താണ് അവസാനിച്ചിരുന്നത്.
സാഇബ് ബിന്‍ യസീദ് (റ) പറയുന്നു: ''ഖലീഫ ഉമര്‍(റ) റമദാനിലെ രാത്രി മദീന പള്ളിയില്‍ ഉബയ്യ് ബിന്‍ കഅ്ബിനോടും തമീമുദ്ദാരിയോടും ഇമാമായി നില്‍ക്കാനും 11 റക്അത്ത് നമസ്‌കരിക്കാനും കല്‍പ്പിച്ചു. ഓരോ റക്അത്തിലും നൂറ് ആയത്തുകള്‍ വരുന്ന (മിഈന്‍) സൂറത്തുകളാണ് ഓതിയിരുന്നത്. നിര്‍ത്തത്തിന്റെ ദൈര്‍ഘ്യം കാരണം ചിലരൊക്കെ വടികളില്‍ ഊന്നിനില്‍ക്കാറുണ്ടായിരുന്നു. സ്വുബ്ഹിനോടടുത്ത സമയത്താണ് ഞങ്ങള്‍ പിരിഞ്ഞുപോയിരുന്നത്.'' ഫജ്‌റ് ആകുമോ എന്ന് പേടിച്ച്, അത്താഴം കഴിക്കാനായി ധൃതി പിടിച്ചാണ് അവര്‍ വീട്ടിലേക്ക് പോയിരുന്നതെന്നും ചരിത്രത്തില്‍ കാണാം. 

4. ഏകാന്ത സാധനകള്‍ 
സാമൂഹികമായ കര്‍മങ്ങള്‍ കൂടാതെ, തനിച്ചിരുന്ന് ആരാധനകളിലും അര്‍ഥനകളിലും വ്യാപൃതരാവാന്‍ ഉത്സുകരായിരുന്നു അവര്‍. അതുകൊണ്ടാണല്ലോ ചരിത്രം അവരെ 'രാത്രിയിലെ സന്യാസിമാരും പകലിലെ പോരാളികളും' എന്നു വിളിച്ചത്. നാഫിഅ് (റ) പറയുന്നു:  ഇബ്‌നു ഉമര്‍ (റ) ചില ദിവസങ്ങളില്‍ വീട്ടിലാണ് രാത്രി നമസ്‌കാരം നിര്‍വഹിക്കുക. ജനങ്ങള്‍ പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയാല്‍ ഒരു പാത്രം വെള്ളവുമായി അദ്ദേഹം പള്ളിയിലേക്ക് പോകും. പിന്നെ സ്വുബ്ഹ് നമസ്‌കരിച്ച ശേഷമേ പള്ളിയില്‍ നിന്ന് തിരിച്ചു വന്നിരുന്നുള്ളൂ. ഖുര്‍ആന്‍ പാരായണം, പഠനം, ദിക്ര്‍, നമസ്‌കാരം, പ്രാര്‍ഥന തുടങ്ങി എണ്ണമറ്റ കര്‍മങ്ങള്‍ സാധ്യമാകുന്നതിനാല്‍ ഇഅ്തികാഫിന് അവര്‍ പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു.

5. ദാനധര്‍മങ്ങളുടെ ആധിക്യം
വിശപ്പിനെയും വിശക്കുന്നവനെയും തിരിച്ചറിയുന്ന 'മുവാസാത്തി'(സഹാനുഭൂതി)ന്റെ മാസത്തില്‍ തിരുനബി(സ്വ) അടിച്ചു വീശുന്ന കാറ്റുപോലെ ദാനധര്‍മങ്ങള്‍ ചെയ്തിരുന്നുവല്ലോ. അവിടുത്തെ സ്വഹാബികളും ആ മാതൃകയില്‍ തന്നെയായിരുന്നു. ഇമാം ശാഫിഈ പറഞ്ഞതായി ഇമാം ഇബ്‌നു റജബ് ഉദ്ധരിക്കുന്നു: ഒരാള്‍ തന്റെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല സമയം റമദാനാണ്. കാരണം, അത് തിരുദൂതരുടെ മാതൃകയാണ്. മാത്രമല്ല, നോമ്പിലും ആരാധനകളിലും കൂടുതല്‍ ബദ്ധശ്രദ്ധരാവുക വഴി ജനങ്ങള്‍ക്ക് തൊഴില്‍ കുറയുന്നതിനാല്‍ അവര്‍ കൂടുതല്‍ ആവശ്യക്കാരാകുന്ന സമയം കൂടിയാണത്. 
റമദാനില്‍ എല്ലാ ദിവസവും അഗതികളോടൊപ്പം നോമ്പു തുറക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു ഇബ്‌നു ഉമര്‍(റ). ആരെങ്കിലും ചോദിച്ചു വന്നാല്‍ തന്റെ ഓഹരി അയാള്‍ക്ക് നല്‍കും. പിന്നീട് വീട്ടുകാര്‍ ഭക്ഷണം കഴിച്ച് ബാക്കി വല്ലതും ഉണ്ടെങ്കില്‍ കഴിക്കും. ഇല്ലെങ്കില്‍ അതേയവസ്ഥയില്‍ പിറ്റേ ദിവസം നോമ്പില്‍ പ്രവേശിക്കുകയും ചെയ്യും. 

6. ഭക്ഷണ നിയന്ത്രണം
ആരാധനകളിലെ ആവേശവും ഉത്സാഹവും കെടുത്തിക്കളയുന്നതാണ് അമിതഭോജനം. അതിനാല്‍ റമദാനില്‍ പ്രത്യേകിച്ച് ഭക്ഷണം കുറക്കുന്നത് സലഫുകളുടെ രീതിയായിരുന്നു. രണ്ടു സമയത്ത്, അഥവാ നോമ്പു തുറക്കാനും അത്താഴത്തിനും മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് മിക്കവരും സ്വീകരിച്ചിരുന്നത്. മാത്രമല്ല, അമിത ഭക്ഷണം ഹൃദയ നൈര്‍മല്യം ഇല്ലാതാക്കി, മനുഷ്യരെ പരുഷ പ്രകൃതരാക്കും എന്ന് റസൂല്‍ (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരുഷമായി സംസാരിച്ച ഒരാളോട്, 'നിന്റെ പാരുഷ്യം ഞങ്ങളോട് വേണ്ട, ദുന്‍യാവില്‍ അമിതമായി ഭുജിക്കുന്നവനാണ് പരലോകത്ത് അധികമായി ദാഹിക്കുന്നവന്‍' എന്ന് റസൂല്‍ താക്കീത് ചെയ്യുകയുണ്ടായി. സലമത്ത് ബിന്‍ സഈദ് പറയുന്നു: ''വയര്‍ നിറയ്ക്കാന്‍ വ്യഗ്രത കാണിക്കുന്നവന്‍ പാപത്തില്‍ മുഴുകാനും ത്വര കാണിക്കും.''

7. നാവിനെയും കണ്ണിനെയും
നിയന്ത്രിക്കല്‍ 
മനുഷ്യനെ പെട്ടെന്ന് തെറ്റിന്റെ കെണിയില്‍ വീഴ്ത്തുന്ന രണ്ട് അവയവങ്ങളാണല്ലോ നാവും കണ്ണും. ദുഷിച്ച നോട്ടങ്ങളും മോശപ്പെട്ട സംസാരവും നോമ്പിന്റെ ആത്മാവിനെ പൊളിച്ചു കളയും. ഇമാം ഗസ്സാലി പറയുന്നു: ''സാധാരണ ജനങ്ങളുടെ നോമ്പില്‍ വയറും ലൈംഗികാവയവവും മാത്രമാണ് പങ്കെടുക്കുക. വിശേഷപ്പെട്ടവരുടെ നോമ്പില്‍ കണ്ണും നാവും ചെവിയും കൈകാലുകളും ഭാഗഭാക്കാവുന്നു. എന്നാല്‍, ഏറ്റവും സവിശേഷമായ നോമ്പില്‍ ഹൃദയം കൂടി സംബന്ധിക്കുന്നു. റബ്ബിന്റെ സ്മരണ വിട്ടുപോകുന്നത് നോമ്പിന് ഭംഗം വരുത്തും എന്ന് ചിന്തിക്കുന്ന കൂട്ടരുടെ നോമ്പാണത്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍).
ജാബിര്‍ ബിന്‍ അബ്ദില്ലാഹ്(റ) സതീര്‍ഥ്യരോട് പറയാറുണ്ടായിരുന്നു: നീ നോമ്പ് എടുക്കുകയാണെങ്കില്‍ നിന്റെ കണ്ണും കാതും നാവുമെല്ലാം നോമ്പെടുക്കണം. പരിചാരകരെ ബുദ്ധിമുട്ടിക്കരുത്. നോമ്പുള്ള ദിനവും ഇല്ലാത്ത ദിവസവും ഒരുപോലെയാവരുത്. നോമ്പില്‍ പ്രത്യേകമായ ഒതുക്കവും ഭക്തിയും വേണം'' (ഇബ്‌നു അബീശൈബഃ).

8. പോരാട്ടങ്ങള്‍ 
'സത്യാസത്യ വിവേചനം' എന്ന് ഖുര്‍ആന്‍ പേരിട്ടുവിളിച്ച ബദ്ര്‍ യുദ്ധമടക്കം നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസം കൂടിയാണ് റമദാന്‍. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് ദാഹവും വിശപ്പും തളര്‍ച്ചയും അവര്‍ക്ക് പ്രതിബന്ധമായിരുന്നില്ല. ചരിത്ര പ്രസിദ്ധമായ മക്കാവിജയം, പേര്‍ഷ്യക്കാരുമായി സഅ്ദുബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ നടന്ന ഖാദിസിയ്യ യുദ്ധം, ത്വാരിഖ് ബിന്‍ സിയാദിന്റെ നായകത്വത്തില്‍ നടന്ന അന്ദുലുസ് വിജയം തുടങ്ങി നിരവധി യുദ്ധങ്ങള്‍ റമദാനില്‍ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ് ഐന്‍ജാലൂത്ത് യുദ്ധം. ബഗ്ദാദിനെ ചോരയില്‍ മുക്കി രക്തതാണ്ഡവമാടിയ താര്‍ത്താരികള്‍ ഈജിപ്തിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍ സൈഫുദ്ദീന്‍ ഖുത്‌സിന്റെ നേതൃത്വത്തില്‍ ധീരമായി പ്രതിരോധിച്ച യുദ്ധമായിരുന്നു അത്. ഹിജ്‌റ 658 റമദാന്‍ 25-ന്, തഹജ്ജുദും അത്താഴവും കഴിഞ്ഞ് മുസ്‌ലിംകള്‍ പ്രാര്‍ഥനയില്‍ മുഴുകി. കൈകള്‍ ആകാശത്തേക്കുയര്‍ന്നു, കണ്ണുകള്‍ സജലങ്ങളായി. സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് പടക്കളത്തിലിറങ്ങിയപ്പോള്‍ ഹുലാകുഖാന്റെ സൈന്യത്തിന്റെ എണ്ണപ്പെരുപ്പം കണ്ട് അവര്‍ പതറിയില്ല. കൊടുങ്കാറ്റ് കണക്കെ ശത്രുനിരയിലേക്ക് ആഞ്ഞടിച്ച മുസ്‌ലിംകള്‍ രക്തദാഹികളായ ശത്രുക്കളെ ആട്ടിയോടിച്ചു. താര്‍ത്താരികളുടെ പടയോട്ടത്തിന്റെ അവസാനത്തിന് നാന്ദി കുറിച്ചത് ആ റമദാനായിരുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്