Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

പാര്‍ട്ടി ഇതില്‍പ്പരം എങ്ങനെ വൈരുധ്യാത്മകമാവാനാണ്!

ബശീര്‍ ഉളിയില്‍

'ഇതിഹാസ പോരാട്ടത്താല്‍ ചുവന്ന' കണ്ണൂരിന്റെ മണ്ണില്‍ അഞ്ചു നാള്‍ നീണ്ടു നിന്ന ഇരുപത്തിമൂന്നാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തിരശ്ശീല വീണു. വിശാല മത നിരപേക്ഷ സഖ്യത്തിന് നാന്ദി കുറിക്കപ്പെടാന്‍ പോകുന്നു എന്ന് കൊട്ടിഘോഷിക്കപ്പെട്ട ഒരു മഹാസംഭവത്തിന്, പക്ഷേ അമ്പത് വര്‍ഷത്തെ അധികാര രാഷ്ട്രീയത്തിന്റെ ഭാരം പേറി അവശനായിട്ടും, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ നിന്ന് 'കടുത്ത അവഗണന' നേരിടുന്ന കെ.വി തോമസ് എന്ന, കോണ്‍ഗ്രസ്സിന് പോലും വേണ്ടാതായ ഒരാളെ ചുവന്ന ഷാള്‍ അണിയിച്ച്, യേശുക്രിസ്തുവിന്റെ ചിത്രം സമ്മാനിച്ച് ആദരിക്കുന്ന പൈങ്കിളീയമായ ഒരു പര്യവസാനമാണുണ്ടായത് എന്ന് പറയാതെ വയ്യ.
രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് ശ്രദ്ധേയമാകുന്നത്. ഒന്ന് പടിവാതില്‍ക്കല്‍  ഉണ്ടായിരുന്ന സംഘ് പരിവാര്‍ ഫാഷിസം വീടിന്റെ അകത്തളത്തിലും അടുക്കളയിലും എത്തി നില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി എടുത്ത രാഷ്ട്രീയ നയനിലപാടുകള്‍ കൊണ്ട്. രണ്ട്, ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പ്രഖ്യാപിക്കപ്പെട്ട പുതിയ വികസന നയത്തിന്റെ പേരില്‍. മോദിയുടേത് ഫാഷിസ്റ്റ് സര്‍ക്കാര്‍ അല്ലെങ്കിലും ബി.ജെ.പിയാണ് മുഖ്യശത്രു എന്ന രാഷ്ട്രീയ പ്രമേയം ഏകകണ്ഠമായാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. അത്രയും നല്ലത്.  ബി.ജെ.പി രാഷ്ട്രീയമായി വളരുന്ന ചില തെക്കന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ ആ  കക്ഷിയുടെ ഭീഷണിയുടെ ആഴം മനസ്സിലാക്കുന്നതില്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് വീഴ്ച വന്നുവെന്ന്  രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ട് വിലയിരുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ മാറ്റിവെച്ചാല്‍ ക്യാപ്റ്റന്‍ പിണറായിയുടെ തിരക്കഥ അനുസരിച്ചുള്ള ഒരു കോണ്‍ഗ്രസ്‌വിരുദ്ധ സമ്മേളനം എന്ന പ്രതീതിയാണ് ആകെ മൊത്തം പാര്‍ട്ടി കോണ്‍ഗ്രസ് ജനിപ്പിച്ചത്.
കെ. റെയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ - വികസനവിരുദ്ധ നയങ്ങളും നിറഞ്ഞു നിന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ബി.ജെ.പിക്കെതിരെ ഒരു പരാമര്‍ശവും ഉണ്ടായില്ല എന്നത് അത്ഭുതത്തോടെയാണ് രാഷ്ട്രീയ കേരളം നോക്കിക്കണ്ടത്. കരട് പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനോടുള്ള രാഷ്ട്രീയ സമീപനത്തില്‍ ബംഗാള്‍ - കേരള ഘടകങ്ങള്‍ കൊമ്പു കോര്‍ത്തെങ്കിലും അന്തിമ വിജയം ഇന്ത്യയില്‍ അധികാരത്തിലുള്ള ഒരേയൊരു ഘടകമായ കേരളത്തിനാണ് ഉണ്ടായത്. ബി.ജെ.പിവിരുദ്ധ മതേതര ബദലിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസിന് ശക്തി ഇല്ലെന്ന് കേരളത്തില്‍ നിന്നുള്ള പി. രാജീവ് വാദിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള മതേതര ബദല്‍ സാധ്യമല്ല എന്നായിരുന്നു ബംഗാളിന്റെ ശ്രീജന്‍ ഭട്ടാചാര്യയുടെ എതിര്‍വാദം. ഒടുവില്‍ ബി.ജെ.പിയെ നേരിടാന്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബദല്‍സഖ്യം രൂപീകരിക്കണമെന്ന രാഷ്ട്രീയപ്രമേയമാണ് ഭേദഗതികളോടെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.
കരട് പ്രമേയ ചര്‍ച്ചയില്‍ കേരളത്തിന്റെ  കെ.കെ രാഗേഷ് മുന്നോട്ട് വെച്ച, സംഘ് പരിവാര്‍ ഫാഷിസത്തെ നേരിടാന്‍ 'പ്രാദേശിക സഖ്യം' എന്ന നിര്‍ദേശത്തെ പരിഹാസത്തോടെയാണ് ബംഗാള്‍ ഘടകം നേരിട്ടത്. ബി.ജെ.
പിയുമായി കൂട്ടുകൂടാത്ത ഏത് പ്രാദേശിക പാര്‍ട്ടിയാണ് രാജ്യത്ത് ഉള്ളതെന്ന് ബംഗാളില്‍ നിന്നുള്ള പ്രതിനിധി സാമിക് ലാഹിരി ചോദിച്ചു. ബംഗാള്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ബദലുകള്‍ ആര് എന്ന ചോദ്യമാണ് പരോക്ഷമായി ബംഗാള്‍ ഘടകം ഉന്നയിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രമേയം അംഗീകരിക്കപ്പെടാന്‍ വോട്ടെടുപ്പ് വേണ്ടിവന്നു.  വടക്കേ ഇന്ത്യയില്‍നിന്നുള്ള നാല് പ്രതിനിധികളാണ് പരസ്യമായി നടന്ന വോട്ടെടുപ്പില്‍ എതിര്‍ത്ത്  വോട്ട് രേഖപ്പെടുത്തിയത്. 'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന ബി.ജെ.പി അജണ്ട നടപ്പാക്കി 'ചരിത്രപരമായ മറ്റൊരു മണ്ടത്തരം' ആവര്‍ത്തിക്കാനാണോ എണ്ണയിട്ട യന്ത്രം പോലെ പാര്‍ട്ടി മെഷിനറി അഞ്ച് നാള്‍ അഹോരാത്രം അധ്വാനിച്ചത്?  സിപിഎമ്മില്‍ രൂപപ്പെട്ടു വന്ന 'പിണറായി ഫാക്ടര്‍' ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്റ്റുമാവാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാനേ രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് കഴിയൂ.
പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട 'നയരേഖ'യാണ് രണ്ടാമത്തെ ഹൈലൈറ്റ്. സംസ്ഥാന സമ്മേളനങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് സാധാരണ ഗതിയില്‍ അവതരിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ഇത്തവണത്തെ കേരള വികസനം സംബന്ധിച്ച പാര്‍ട്ടി നിലപാട്  ഒരു രേഖയായി അവതരിപ്പിച്ചു കൊണ്ടാണ് സംസ്ഥാന സമ്മേളനം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സമ്മേളനത്തില്‍ 'നവകേരള നയരേഖ' (Modern Kerala Development Vision Document) അവതരിപ്പിച്ചത്. ഇതിനു മുമ്പ് 1985-ലാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിനോടൊപ്പം ഇത് പോലെ ഒരു 'നയരേഖ' അവതരിപ്പിക്കപ്പെട്ടത്.
37 വര്‍ഷം മുമ്പ് എറണാകുളത്ത് തന്നെ നടന്ന സംസ്ഥാന സമ്മേളനത്തിലെ ആ നയരേഖയാണ് പാര്‍ട്ടിയില്‍ വന്‍ വിസ്‌ഫോടനം ഉണ്ടാക്കിയ 'ബദല്‍ രേഖ'. ജാതിമത ശക്തികളുമായി സി.പി.എമ്മിന് സഖ്യം പാടില്ല എന്ന കല്‍ക്കത്തയില്‍ ചേര്‍ന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തെ ചോദ്യം ചെയ്ത് കൊണ്ട് ഒരു കാലത്ത് സിപിഎമ്മിലെ 'ഗര്‍ജിക്കുന്ന സിംഹം' എന്നറിയപ്പെട്ടിരുന്ന  എംവി രാഘവന്‍ 1985 ല്‍ എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രസ്തുത ബദല്‍ രേഖ ആയിരുന്നു അറുപതുകളുടെ അന്ത്യത്തിലുണ്ടായ നക്‌സല്‍ ഭീഷണിക്കു ശേഷം കേരളത്തില്‍ സി.പി.എം നേരിട്ട ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസാണ് മുഖ്യശത്രു എന്നും കേരളത്തില്‍ മുസ്ലിം ലീഗുമായും കേരളാ കോണ്‍ഗ്രസുമായും സഖ്യം വേണമെമെന്നുമുള്ള നിര്‍ദേശമായിരുന്നു ബദല്‍ രേഖയുടെ ഉള്ളടക്കം. ഉള്‍പാര്‍ട്ടി ജനാധിപത്യവും ആഭ്യന്തര വിമര്‍ശനങ്ങളും ഉള്ള പാര്‍ട്ടിയെന്ന് പേര്‍ത്തും പേര്‍ത്തും അവകാശപ്പെടുന്ന സി.പി.എമ്മിന് 'ബദല്‍ രേഖ' കൊള്ളുകയോ വോട്ടിനിട്ട് തള്ളുകയോ ചെയ്യാമായിരുന്നു. പക്ഷേ സംഭവിച്ചത് പാര്‍ട്ടിക്ക് വേണ്ടി ഒരായുസ്സ് മുഴുവന്‍ 'പാഴാക്കിയ' കറയറ്റ കേഡറുകളെ  തിരുത്താന്‍ ഒരവസരവും നല്‍കാതെ അച്ചടക്കലംഘനത്തിന്റെ ദണ്ഡ് ചുഴറ്റി പുറത്താക്കുകയായിരുന്നു. 
കൊച്ചി നഗരം കണ്ട ഏറ്റവും വലിയ റാലിയായിരുന്നു 1985 -ല്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്നത്.  37 വര്‍ഷത്തിനിപ്പുറം വീണ്ടുമൊരു പാര്‍ട്ടി കോണ്‍ഗ്രസ് ചേരുമ്പോള്‍ അതേ കൊച്ചി നഗരം തന്നെ സംസ്ഥാന സമ്മേളനത്തിനും വേദിയായി. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ  തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ കേന്ദ്രനയത്തിനു വിരുദ്ധമായി പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ 'നവ കേരള വികസന രേഖ' അവതരിപ്പിച്ചു. അന്ന് പാര്‍ട്ടിയുടെ കേന്ദ്ര നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു ബദല്‍ രേഖ അവതരിപ്പിച്ചവര്‍ക്ക് പുറത്തേക്കുള്ള വഴിയാണ് തുറക്കപ്പെട്ടതെങ്കില്‍ മൂന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറം 'സഖാവിത്വ'ത്തില്‍ നിന്നും പാര്‍ട്ടി നേതൃത്വം 'കാപ്റ്റന്‍സി'യില്‍ എത്തിനില്‍ക്കുമ്പോള്‍  കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഭിന്ന വിരുദ്ധ നിലപാടുകളെ  'രണ്ടായ നിന്നെയിഹ ഒന്നെന്ന് കണ്ടോളണം' എന്ന രീതിയില്‍ ന്യായീകരിച്ചു വശം കെടുന്ന അവസ്ഥയിലാണ് പാര്‍ട്ടി എത്തിപ്പെട്ടിരിക്കുന്നത്. 'ചരിത്രം ആവര്‍ത്തിക്കുന്നു, ആദ്യം ദുരന്തമായും രണ്ടാമത് പ്രഹസനമായും' എന്ന സാക്ഷാല്‍ കാള്‍ മാര്‍ക്‌സിന്റെ പ്രവചനമാണ് സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് ഇരുപത്തി മൂന്നില്‍ എത്തിനില്‍ക്കുമ്പോള്‍ പുലരുന്നത്.
ബി.ജെ.പിയെ പോലെ കോര്‍പ്പറേറ്റു മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ ബദല്‍ ആവാന്‍ കഴിയില്ല എന്നതാണ് കേരളത്തിന് മേല്‍കൈ ഉള്ള പാര്‍ട്ടി കോണ്‍ഗ്രസിന്റെ അന്തിമ നിലപാട്. സ്വകാര്യ നിക്ഷേപം, വിദേശ നിക്ഷേപം, വിദേശ വായ്പ, സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണെന്നും അത് വര്‍ഗ വിരുദ്ധമാണെന്നും പറഞ്ഞു കോണ്‍ഗ്രസും ബി.ജെ.പിയും ഇല്ലാത്ത ഒരു ബദല്‍ എന്ന പ്രമേയം പാര്‍ട്ടി അംഗീകരിച്ചതെങ്കില്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച 'നയരേഖ' തീര്‍ത്തും മൂലധന താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു ബൂര്‍ഷ്വാ രേഖയാണ് എന്നതാണ് നേര്. അഖിലേന്ത്യയെ കേരളം നിയന്ത്രിക്കുന്ന പാര്‍ട്ടി എന്ന് പരിഹസിക്കപ്പെട്ടിരുന്ന മുസ്‌ലിം ലീഗിനെ പോലെ 20 അംഗങ്ങളെ പാര്‍ലമെന്റില്‍ എത്തിക്കലാണ് സംഘ് പരിവാറിന് തടയിടാനുള്ള ഒരേയൊരു മാര്‍ഗം എന്ന കേരള നിലപാടിന് മുന്നില്‍ പാര്‍ട്ടിയിലെ 'കോണ്‍ഗ്രസുകാരന്‍' എന്ന് പഴികേട്ടിരുന്ന  ജനറല്‍  സീതാറാം യെച്ചൂരിക്ക് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു എന്ന് മാത്രമേ ഇതേ കുറിച്ച് പറയാന്‍ കഴിയൂ.
കേന്ദ്ര നേതൃത്വം നേരത്തെ കടുത്ത നിലപാടെടുത്തിരുന്ന പല വിഷയങ്ങളിലും ഒരു നയംമാറ്റത്തിനുളള തുടക്കമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സര്‍വകലാശാലകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ സംവരണം അടക്കമുള്ള സാമൂഹികനീതി വിഷയങ്ങള്‍ എങ്ങനെ പരിഗണിക്കപ്പെടുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഉറച്ച സാമൂഹിക നിയന്ത്രണം കൊണ്ടുവരാതെ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത് എങ്ങനെയെന്ന് പാര്‍ട്ടിക്ക് വിശദീകരിച്ചു വിയര്‍ക്കേണ്ടി വരും. പാഠ്യപദ്ധതി, ഫീസ്, സംവരണം തുടങ്ങിയ കാര്യങ്ങളില്‍ സാമൂഹിക നിയന്ത്രണം എങ്ങനെ ഫലപ്രദമാവും തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങള്‍. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖല മുതല്‍ മുടക്കിക്കഴിഞ്ഞാല്‍ കോടതി വ്യവഹാരങ്ങളിലൂടെയും മറ്റും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവും എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉന്നത വിദ്യാഭാസ രംഗത്തെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുമെന്ന് നവ കേരള വികസന രേഖയിലൂടെ പ്രഖ്യാപിക്കുന്ന  അതേസമയം തന്നെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, യുക്രൈനിലേക്ക് കുട്ടികള്‍ പഠിക്കാന്‍ പോകാനുള്ള കാരണം രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്കരണമാണെന്ന് വിമര്‍ശിച്ച് ട്വീറ്റ് ചെയ്തുവെന്നത് മറ്റൊരു മാര്‍ക്‌സിയന്‍ കോമഡിയായി കണക്കാക്കാം. 
തുടര്‍ ഭരണത്തില്‍ നിന്ന് തുടര്‍ച്ചയായ ഭരണത്തിലേക്ക് എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന നയരേഖയില്‍ കേരളത്തിന്റെ വികസനത്തിനാണ് മുഖ്യ പരിഗണന. പാര്‍ട്ടിയുടെ ഇതഃപര്യന്തമുള്ള പ്രഖ്യാപിത നിലപാടുകള്‍ക്കും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നയങ്ങള്‍ക്കും വിരുദ്ധമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരള വികസന രേഖ' എന്ന ആരോപണത്തോട്,  'ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകളാണ്, നയരേഖയില്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് പ്രചാരണം നടത്തുന്നത് ' എന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം. തത്സംബന്ധമായി പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണക്കസര്‍ത്തുകള്‍ ഇങ്ങനെ വായിക്കാം: ''ഇപ്പോള്‍ നയരേഖയില്‍ അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ എന്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ് ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത്. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ച് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പോലും പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കും എന്നാണ് പറഞ്ഞിട്ടുള്ളത്. അതേസമയം, സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ക്ക് എതിരായി വരുന്ന വിദേശനിക്ഷേപങ്ങളെ സ്വീകരിക്കുകയില്ല. ഇതും പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നയവും തമ്മില്‍ യാതൊരു വൈരുധ്യവുമില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വകാര്യ മൂലധനനിക്ഷേപം ഇപ്പോഴുമുണ്ട്. അത് തുടരും. സ്വകാര്യനിക്ഷേപം വരുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണം. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തിലാണ് നയരേഖ അവതരിപ്പിക്കുന്നത്. നയരേഖ നടപ്പാക്കാന്‍ നിയമഭേദഗതി ആവശ്യമാണെങ്കില്‍ അത് കൊണ്ടുവരും ......അടുത്ത 25 വര്‍ഷം ഭരണം നിലനിര്‍ത്തി കേരളത്തിലെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.''
ഇനിയൊരു 25 വര്‍ഷം അധികാരത്തിലുണ്ടാവുമെന്ന് തന്നെയാണ് അമിത്ഷായും പറഞ്ഞത്. ലക്ഷ്യ സാഫല്യത്തിന്ന്  രണ്ട് കൂട്ടര്‍ക്കും കോണ്‍ഗ്രസ് ക്ലീന്‍ ഔട്ട് ആവണം. അത്ര തന്നെ. അതിനിത്രയും ഡെക്കറേഷന്‍ ഒന്നും ആവശ്യമില്ല. ഭാഷയിലും  വേഷത്തിലും  ആഹാരത്തിലും കലര്‍പ്പില്ലാത്ത കാവി കലര്‍ത്തിയാണ് സംഘ്പരിവാറിന്റെ ഇരുപത്തിയഞ്ച് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിച്ചും കൂട്ടത്തില്‍ ശ്രീകൃഷ്ണനെ ചുവപ്പിച്ചും, ചുവന്ന ഹിജാബില്‍ ഫ്ളാഷ് മോബ് കളിപ്പിച്ചും, ഇസ്‌ലാമോഫോബിയ പരത്തുന്ന ക്രിസംഘികളെ പണ്ഡിതരാക്കിയുമാണ് ഇടതുപക്ഷത്തിന്റെ ഇരുപത്തിയഞ്ച് സംവത്സര മോഹം സാക്ഷാത്കരിക്കുക എന്ന് മാത്രം. അധികാരത്തുടര്‍ച്ച സമ്മാനിച്ച അമിതാത്മവിശ്വാസത്തില്‍ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമായ നയങ്ങളും പരിപാടികളും സ്വീകരിക്കുകയും പ്രത്യയശാസ്ത്ര വ്യാഖാനങ്ങളിലൂടെ അവയെ ന്യായീകരിക്കുകയുമാണ് പാര്‍ട്ടി ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്