Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 22

3249

1443 റമദാന്‍ 20

റമദാന്‍  തുറക്കുന്ന  വിജയവഴികള്‍

സദ്‌റുദ്ദീന്‍ വാഴക്കാട്

പള്ളിയിലെ ധ്യാനവും പടക്കളത്തിലെ പോരാട്ടവും സമന്വയിപ്പിക്കുന്ന സൗന്ദര്യത്തെയാണ് നാം ഇസ്‌ലാം എന്ന് വിളിക്കുന്നത്. വിശുദ്ധമായ വിശ്വാസവും മനസ്സറിഞ്ഞ സമര്‍പ്പണവും ഇവയെ സാക്ഷാത്കരിക്കുന്ന കര്‍മാനുഷ്ഠാനങ്ങളും വഴി പ്രപഞ്ചനാഥനോടുള്ള നീതിയുടെ നിര്‍വഹണം ഈ സൗന്ദര്യ ദര്‍ശനത്തിന്റെ  അടിത്തറയാണ്. സമത്വത്തിലൂന്നിയ സാമൂഹിക ബോധവും, ബാധ്യതകളുടെയും അവകാശങ്ങളുടെയും യഥാതഥമായ പൂര്‍ത്തീകരണവും അതിന് നായകത്വം വഹിക്കാവുന്ന രാഷ്ട്രീയ ശക്തിയും വഴി, സൃഷ്ടിജാലങ്ങള്‍ക്ക് നീതിയെ സാക്ഷാത്കരിക്കാനുള്ള പ്രയത്‌നവും പോരാട്ടവും ഇതിന്റെ ആണിക്കല്ലാണ്. ഇതിലൂടെ, 'സമാധാനം' സ്ഥാപിക്കപ്പെട്ട വ്യക്തിയും സമൂഹവും നിലവില്‍ വരുമ്പോള്‍ ഭൂമിയില്‍ 'ഇസ്‌ലാം' വിജയിക്കുന്നു. മരണാനന്തര ലോകത്താകട്ടെ, 'സമാധാനം പ്രാപിച്ച' ആത്മാവിനെ, സലാം എന്ന് അഭിവാദ്യം ചെയ്ത് സ്വര്‍ഗത്തിലേക്ക് ആനയിക്കുമ്പോള്‍, ആത്യന്തിക ലക്ഷ്യവും സാക്ഷാത്കരിക്കപ്പെടുന്നു. ഇങ്ങനെ ഇരുലോക വിജയത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു കൊണ്ടാണ് ഇസ്‌ലാം മനുഷ്യ കുലത്തെ അഭിമുഖീകരിച്ചിട്ടുള്ളത്. വിശുദ്ധ റമദാനാകട്ടെ, ഒരേ സമയം ഭൂമിയിലെയും ആകാശത്തെയും വിജയങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പരിശീലന കളരിയുമാകുന്നു.

റമദാന്‍ പരിശീലിപ്പിക്കുന്നത്
ഒരു സമൂഹത്തിന്റെ അതിജീവനവും മുന്നേറ്റവും ശാശ്വത ജീവിതവും വിജയിക്കുന്നതിന് അനിവാര്യമായ എല്ലാ അടിത്തറകളും പൂര്‍ത്തീകരിക്കുവാന്‍ റമദാന്‍ അവസരമൊരുക്കുന്നുണ്ട്. അല്ലാഹുവിന് മാത്രം സമര്‍പ്പിക്കുന്ന ജീവിതം, അവന്റെ പ്രീതി മാത്രം ആഗ്രഹിച്ച് അനുഷ്ഠിക്കുന്ന ആരാധനകള്‍, ത്യാഗങ്ങള്‍, കണ്ണീരണിഞ്ഞ പ്രാര്‍ഥനകളുടെ രാപ്പകലുകള്‍,  പാപമോചനത്തിലൂടെയും സാമൂഹിക ബാധ്യതാനിര്‍വഹണത്തിലൂടെയും നേടിയെടുക്കുന്ന മോക്ഷത്തിനുള്ള അര്‍ഹത, ധ്യാനത്തിന്റെയും വിധി നിര്‍ണയ രാവിന്റെയും അനുഗ്രഹങ്ങളിലൂടെ കരഗതമാകുന്ന പൂര്‍ണത, ഒടുക്കം റയ്യാന്‍ കവാടത്തിലൂടെ സ്വര്‍ഗപ്രവേശം! 
മാറ്റമാണ് റമദാനിന്റെ ഒരു സന്ദേശം. ഒരൊറ്റ ചന്ദ്രപ്പിറയില്‍ ഒരുപാട് ജീവിത ശീലങ്ങളെ നോമ്പ് കാലത്തിന് വേണ്ടി നാം മാറ്റിയെടുത്തു. ആത്മീയവും ഭൗതികവുമായ മുന്നൊരുക്കങ്ങളാകട്ടെ നേരത്തെ തുടങ്ങിയിരുന്നു; റജബിലും ശഅ്ബാനിലും നടത്തിയ പ്രാര്‍ഥനകളില്‍ പലതരം ഉണര്‍ത്തലുകളുമുണ്ടായിരുന്നു. പിന്നീട്, അനിവാര്യമായവ ഉപേക്ഷിക്കാനും ആത്മനിയന്ത്രണം പാലിക്കാനും ശ്രദ്ധിച്ച് നോമ്പനുഷ്ഠിക്കുന്നു. മനസ്സും സമ്പത്തും ശുദ്ധീകരിക്കുന്നു. മനുഷ്യബന്ധങ്ങളെ ദൃഢീകരിച്ച്, അല്ലാഹുവുമായുള്ള അടുപ്പം ഉറപ്പിക്കുന്നു, ദീര്‍ഘനേരം കൈ കെട്ടി നിന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. കൈയയച്ചിട്ട് മനുഷ്യരെ സേവിക്കുന്നു. പാപങ്ങള്‍ ഏറ്റുപറഞ്ഞ് അല്ലാഹുവോട് കരയുന്നു. അഭിപ്രായ ഭിന്നതകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്ത് ഒരുമിച്ചിരുന്ന് പരസ്പരം പുഞ്ചിരിക്കുന്നു. പരസ്പര പൂരകമായ, ദൈവിക-മാനവിക ബോധം വഴി വല്ലാത്തൊരു ആത്മീയ, സാമൂഹിക വിതാനത്തിലേക്ക് ഉയര്‍ന്നു പോകുന്ന കാലമാണ് റമദാന്‍.
ദുന്‍യാവിന്റെ ക്ഷണിക മോഹങ്ങളെ, കേവല ഭൗതികമായ അതിന്റെ അലങ്കാര രൂപങ്ങളെ കുടഞ്ഞെറിയാനായാല്‍, ആകാശ ലോകങ്ങളുടെ അനന്തതയില്‍ പരിലസിക്കുന്ന ആത്മാവിന്റെ ഉടമകളാകാം നമുക്ക്. അതിലേറെ സമ്പന്നത, വിജയൗന്നത്യം മനുഷ്യന് നേടാനില്ല തന്നെ! അതിന് നമ്മെ യോഗ്യരാക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ, വ്യവസ്ഥാപിതമായ, സര്‍വതലസ്പര്‍ശിയായ പരിശീലനമാണ് റമദാന്‍.
എന്നാല്‍, റമദാനിലെ ഇതേ പരിശീലന പദ്ധതികള്‍, ഭൂമിയില്‍ കൊണ്ടുവരേണ്ട നന്മകളും വിജയങ്ങളും മഹത്തരമത്രെ. മുസ്‌ലിം സമൂഹം പ്രതിസന്ധികളുടെ, പീഡനങ്ങളുടെ അഗ്‌നി ശൈലങ്ങള്‍ താണ്ടാന്‍ വിധിക്കപ്പെട്ട കാലത്ത്, ഭൂമിയിലെ അതിജീവന പാഠങ്ങളുടെ മര്‍മങ്ങള്‍ റമദാനിലെ ഓരോ കര്‍മത്തില്‍ നിന്നും ആര്‍ജിച്ചെടുക്കാന്‍ സത്യവിശ്വസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. സാങ്കേതിക വിദ്യയുടെ വെളിച്ചം നിറഞ്ഞു നില്‍ക്കെത്തന്നെ ജാഹിലിയ്യത്തിന്റെ ഇരുട്ട് കട്ടപിടിച്ച കാലത്ത്, ഫാഷിസം തേറ്റ കാട്ടി ചോര കുടിക്കുന്ന ലോകത്ത്, റമദാന്‍ നല്‍കുന്ന ആത്മീയവും സാമൂഹികവുമായ അതിജീവനത്തിന്റെ ഊര്‍ജങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചെടുത്ത് പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ട്. 
ആത്മവിചാരണ, ഗുണദോഷങ്ങളുടെ കണക്കെടുപ്പ്, മാറ്റത്തിനുള്ള സന്നദ്ധത, മുന്നൊരുക്കങ്ങള്‍, സാമൂഹിക ഒരുമ, ത്യാഗ മനസ്സ്, സമയ നിഷ്ഠയോടെയുള്ള നിരന്തര കര്‍മങ്ങള്‍, ഭൗതിക താല്‍പര്യങ്ങളുടെ അഭാവം, പൈശാചിക കുതന്ത്രങ്ങളെക്കുറിച്ച ജാഗ്രത, അവയെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഈമാനിക ശക്തി, അല്ലാഹുവിന് മാത്രമുള്ള സമര്‍പ്പണം, അധീശ-ഫാഷിസ്റ്റ് പ്രഭൃതികളെക്കുറിച്ച ഭയമില്ലായ്മ, സര്‍വോപരി പരലോകബോധം എന്നിങ്ങനെ അതിജീവന പോരാട്ടം വിജയിക്കാനാവശ്യമായ എല്ലാ മൂലകങ്ങളും റമദാന്‍ പ്രയോഗത്തില്‍ പരിശീലിപ്പിക്കുന്നുണ്ട്.
ഒന്ന്, ആകാശത്തെ അമ്പിളിക്കലയാണ് റമദാന്‍ വ്രതാരംഭത്തിന്റെ നിര്‍ണയം. റമദാനിനെ വരവേല്‍ക്കാനുള്ള പ്രാര്‍ഥനകളില്‍ നിറയുന്ന റജബും ശഅ്ബാനും തഥാ. ഇതൊരു മാസപ്പിറവി മാത്രമല്ല, മാനസികാവസ്ഥയുടെ വിളംബരം കൂടിയാണ്. ഭൂമിയിലേതുള്‍പ്പെടെ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ നിര്‍ണയിക്കപ്പെടുന്നത് ആകാശ ലോകത്തു നിന്നാണ് എന്ന ദൃഢബോധ്യം, സത്യവിശ്വാസികളുടെ മനസ്സില്‍ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും നിറക്കുന്നു. ഫറോവയുടെ കൊട്ടാരത്തില്‍ വിശ്വാസമാറ്റം വന്ന സാഹിറുകള്‍ നടത്തിയ ആ പ്രഖ്യാപനമില്ലേ, 'നീ വിധിക്കുന്നത് ഭൂമിയില്‍ മാത്രമാണ്'! ആകാശ ലോകത്തു നിന്നുള്ള വിധിയെക്കുറിച്ച ഈ ബോധ്യം, ഏതു ഫറോവയെ നേരിടാനും സത്യവിശ്വാസിക്ക് ധൈര്യം നല്‍കുന്നു.
രണ്ട്, റമദാനില്‍ അല്ലാഹുവാണ് മനസ്സില്‍ നിറയുന്നത്. നോമ്പ് അല്ലാഹുവിന് മാത്രം, പ്രാര്‍ഥനകള്‍, പ്രതീക്ഷകള്‍, ഭയം അവനെ മാത്രം. മറ്റെല്ലാ ഭൗതിക ശക്തികളോടുമുള്ള ഭയം മനസ്സില്‍ നിന്ന് എടുത്തു മാറ്റപ്പെടുന്നു. ദൈവ വിരുദ്ധമായ ഏതൊന്നിനെക്കുറിച്ചുമുള്ള ഭയത്തില്‍ നിന്ന് മുക്തമാവുക എന്നതാണ് പോരാട്ട ഭൂമിയില്‍ വിശ്വാസിയുടെ ഏറ്റവും വലിയ ശക്തി. റമദാനിലെ സുജുദൂകള്‍ വിശേഷിച്ചും സത്യവിശ്വാസിയുടെ മനസ്സില്‍ നിന്ന് ഭൗതിക ഭയങ്ങളെല്ലാം പിഴുത് മാറ്റുന്നു. പിന്നീടവര്‍ തോറ്റു പോകില്ല തന്നെ!
മൂന്ന്, മുന്നൊരുക്കവും ദീര്‍ഘ ദൃഷ്ടിയോടെയുള്ള കര്‍മങ്ങളുമാണ് റമദാനിന്റെ മറ്റൊരു പ്രത്യേകത. രണ്ട് മാസം മുമ്പേ റമദാനിനെ വരവേല്‍ക്കാനുള്ള പ്രാര്‍ഥനകള്‍ ആരംഭിക്കുന്നു, വ്രതമാസത്തോട് അടുത്ത നാളുകളില്‍, ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമാകുന്നു. നന്മയെ സ്വീകരിക്കാനുള്ള ഈ മുന്നൊരുക്കം, സാമൂഹിക ഭീഷണിയായ തിന്മകളെ പ്രതിരോധിക്കാനുമുണ്ടാകണം. ആപത്ത് വന്നു പതിച്ച ശേഷം വിലപിക്കുന്ന സമൂഹമാവരുത് മുസ്‌ലിംകള്‍. വരാനിരിക്കുന്ന ദുരന്തങ്ങളെ മുന്‍കൂട്ടി കണ്ട് മറികടക്കാന്‍ ആവശ്യമായത്രയും മുന്നൊരുക്കങ്ങള്‍ നടക്കേണ്ടതുണ്ട്. 
നാല്, മനുഷ്യന്റെ കണക്കനുസരിച്ച്, എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷം സംഭവിക്കാനിരിക്കുന്ന പരലോകത്തെ പ്രതിഫലം മുന്‍നിര്‍ത്തിയാണ് ഒരു മാസത്തെ ഈ സല്‍ക്കര്‍മങ്ങളത്രയും. നാളെയിലെ വിജയമാണ് നാം ലക്ഷ്യമാക്കുന്നത്. നാളെയെക്കുറിച്ച ദീര്‍ഘദൃഷ്ടി ഇസ്‌ലാമിക സമൂഹത്തിന്റെ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമാകണം എന്നുകൂടി ഇത് പഠിപ്പിക്കുന്നുണ്ട്. ദീര്‍ഘകാല പദ്ധതികളുള്ള ഒരു സമൂഹം, സമകാലിക പ്രതിസന്ധികള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കേണ്ടി വരില്ല. 
നാല്, ആത്മവിചാരണയാണ് റമദാനില്‍ സത്യവിശ്വാസിയുടെ ഒരു അജണ്ട. കര്‍മങ്ങളുടെ കണക്കെടുത്ത്, തെറ്റുകള്‍ തിരുത്തി, നന്മകളില്‍ മത്സരിച്ച് മുന്നോട്ടു പോകുന്നു. വ്യക്തിയുടെ ആത്മവിചാരണ സ്വയം ശുദ്ധീകരണത്തിന് വഴിയൊരുക്കുന്നു. എന്നാല്‍, വ്യക്തിനിഷ്ഠം മാത്രമല്ല, സാമൂഹികം കൂടിയാണ് ഇഹ്തിസാബ്. മുസ്‌ലിം സമുദായാംഗങ്ങളെ ആത്മപരിധോധനക്ക് ഉദ്‌ബോധിപ്പിക്കുന്ന സംഘടനകളും കൂട്ടായ്മകളും സ്വയംവിചാരണക്ക് വിധേയമാകേണ്ടതുണ്ട്, ദീനീ പ്രവര്‍ത്തന രംഗത്തെ നയനിലപാടുകളിലെ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. റമദാനിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സാമൂഹിക മാനങ്ങളുണ്ടെങ്കില്‍ ആത്മവിചാരണക്കും സാമൂഹികതയുണ്ടാകണം, മാറ്റം വ്യക്തിനിഷ്ഠം മാത്രമാവരുത്, സാമൂഹികവുമാവണം.  മാറ്റേണ്ട കാര്യങ്ങള്‍, സ്വയം മാറ്റാതെ അല്ലാഹു അവരെ മാറ്റില്ല. 
അഞ്ച്, റമദാന്‍ കൃത്യനിഷ്ഠയോടെയുള്ള കര്‍മോത്സുകതയുടെ മാസമാണ്. അത്താഴം മുതല്‍ തറാവീഹ് വരെ, ഓതിത്തീര്‍ക്കുന്ന ഖുര്‍ആന്‍ പാഠങ്ങള്‍ മുതല്‍ കൊടുത്ത് തീര്‍ക്കുന്ന ദാനധര്‍മങ്ങള്‍ വരെ സമയ നിഷ്ഠ പാലിച്ചായിരിക്കാന്‍ നാം ബദ്ധശ്രദ്ധരാണ്. ഈദ് നമസ്‌കാരത്തിന് മുമ്പും ശേഷവുമുള്ള സകാത്തുല്‍ ഫിത്വ്‌റിന് രണ്ട് പരിഗണയും പ്രതിഫലവുമാണ്. കാലബോധവും സമയനിഷ്ഠയും പാലിച്ച് കര്‍മ നൈരന്തര്യം കാത്തു സൂക്ഷിക്കുകയെന്നത് പ്രതിസന്ധികളെ മറികടക്കാനും വിജയിക്കാനും അനിവാര്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ അതിജീവന പോരാട്ടങ്ങള്‍ക്ക്, നിരാശ ബാധിക്കാത്ത പതിറ്റാണ്ടുകളുടെ ദൈര്‍ഘ്യം ആവശ്യമായേക്കാം. അവിടെ പിടിച്ചു നില്‍ക്കാനുള്ള ഉള്‍ക്കരുത്തു കൂടി റമദാനില്‍ ആര്‍ജജിക്കേണ്ടതുണ്ട്.
ആറ്, ത്യാഗമാണ് റമദാനിന്റെ മുഖമുദ്ര. ഭക്ഷണം, ഉറക്കം തുടങ്ങി പലതും ത്യജിക്കാന്‍ സത്യവിശ്വാസി പരിശീലിക്കുന്നു. ദീര്‍ഘനേരം നിന്ന് നമസ്‌കരിക്കുന്നു. പ്രിയപ്പെട്ട പലതും മാറ്റിവെക്കുന്നു. പത്തുനാള്‍ മറ്റെല്ലാത്തിനും അവധി കൊടുത്ത് പളളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നു. എന്തും ത്യജിക്കാനുള്ള കരുത്ത് റമദാനിലൂടെ നേടിക്കഴിഞ്ഞ വിശ്വാസിക്ക്, നീതിയുടെ മാര്‍ഗത്തിലുള്ള പോരാട്ടത്തിന് പാകതയും സഹനശേഷിയും കൈവന്നിരിക്കും.
ഏഴ്, നീതി ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിക ദര്‍ശനമാണ് റമദാനിന്റെ പൊരുള്‍. ഖുര്‍ആനിലൂടെയുള്ള ജീവിതമാണ് റമദാനില്‍ പരിശീലിക്കുന്നത്. നീതിയും അനീതിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രം ഖുര്‍ആന്‍ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. ഖുര്‍ആനില്‍ നിന്ന് ലഭ്യമാവുന്ന ചരിത്ര ബോധവും പോരാട്ട വീര്യവും സത്യവിശ്വാസിയെ, ഒരു പ്രതിസന്ധി ഘട്ടവും ഒരിക്കലും നിരാശനാക്കുകയില്ല. 
എട്ട്, ആത്മശുദ്ധീകരണത്തിലൂടെ നേടിയെടുക്കുന്ന ധാര്‍മിക കരുത്ത് (തഖ്‌വ) നോമ്പിന്റെ കാമ്പാണ്. ഒരു വ്യക്തിക്ക്, സമുദായത്തിന് ലോകത്തിന് മുമ്പില്‍ എഴുന്നേറ്റു നില്‍ക്കാന്‍ ശേഷി നല്‍കുന്നതില്‍ പ്രധാനമാണ് ധാര്‍മികമായ കരുത്ത്.
സാമൂഹിക പോരാട്ടങ്ങളില്‍ നെഞ്ചുറപ്പോടെ നില്‍ക്കാന്‍ ഉള്‍ക്കരുത്തുള്ള വ്യക്തിത്വങ്ങളെ റമദാന്‍ വാര്‍ത്തെടുക്കുന്നു. ഇസ്‌ലാമിന്റെ പ്രതിയോഗികളുടെ ധിക്കാരമനസ്സും, സത്യവിശ്വാസികളുടെ ധാര്‍മിക കരുത്തും അല്ലാഹുവിനുള്ള സമര്‍പ്പണവുമാണ് മുസ്‌ലിം ഉമ്മത്തിന്റെ വിജയനിദാനമെന്ന ഉമറുബ്‌നുല്‍ ഖത്വാബിന്റെ വചനം ഓര്‍ക്കുക.
ഒമ്പത്, ഇബ്‌ലീസിനെ പരാജയപ്പെടുത്തുന്ന മാസമാണ് റമദാന്‍. തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സത്യവിശ്വാസിയുടെ ആവേശമാവണം ഇത്. കാരണം, ഇന്നും എന്നും ലോകത്തെ അക്രമങ്ങളാല്‍ നിറച്ചത് വംശീയതയും തദടിസ്ഥാനത്തിലുള്ള ആധിപത്യ മോഹങ്ങളുമാണ്. ആദം നബിയെ പുഛിച്ചു തള്ളിയ, വംശവെറിയുടെ ആദ്യത്തെ പ്രയോക്താവായ ഇബ്‌ലീസിനെ പരാജയപ്പെടുത്താന്‍ കഴിവുറ്റ ഈമാനിന്റെ ഉടമകളായ സത്യവിശ്വാസികള്‍ക്ക്, ഇബ്‌ലിസില്‍ നിന്ന് അനന്തരമെടുത്ത വംശവെറിയുടെ സമകാലിക രൂപങ്ങളെ തോല്‍പ്പിക്കുക അസാധ്യമല്ലല്ലോ.
പത്ത്, റമദാനിലെ അനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്ത സത്യവിശ്വാസികള്‍, അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹരായിത്തീരുന്നു. അല്ലാഹു കൂടെയുള്ള, അവന്റെ സഹായം ലഭിക്കുന്ന ഒരു ജനതയെ മറ്റാര്‍ക്കാണ് ലോകത്ത് പരാജയപ്പെടുത്താനാവുക. റമദാന്‍ വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ നരകത്തില്‍ പ്രവേശിക്കുകയില്ല എന്നത് പരലോകത്തെ നേട്ടമാണെങ്കില്‍, വ്രതമാസ വിശുദ്ധിയില്‍ പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ സാമൂഹികമായി അര്‍ഹത നേടിയ ഒരു ജനത ആര്‍ക്കു മുമ്പിലും തോല്‍ക്കില്ല എന്നത് റമദാന്‍ വഴികരഗതമാവുന്ന ഐഹിക നേട്ടമാണ്.

ബദ്ര്‍ പാഠമാകുന്നത്
ഒരു റമദാനിലായിരുന്നു ബദ്ര്‍ യുദ്ധം നടന്നത്. ഈ വ്രതമാസം പരിശീലിപ്പിക്കുന്ന ഏതാണ്ടെല്ലാ വിജയനിദാനങ്ങളും, പ്രയോഗ പാഠമണിഞ്ഞ ചരിത്രത്തിലെ നിര്‍ണായക പോരാട്ടമായിരുന്നു അത്. ബദ്‌റിനെക്കുറിച്ച ചരിത്രവിവരണത്തെക്കാള്‍ പ്രധാനമാണ് അതിന്റെ ആത്മീയ, സാമൂഹിക, രാഷ്ട്രീയ വിശകലനം. ശത്രുത പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യാന്‍ വരുന്നവരെ ചെറുത്ത് തോല്‍പ്പിക്കാന്‍ മാത്രമുള്ള പാഠങ്ങള്‍ ബദ്‌റിലും തൊട്ടുമുമ്പും ശേഷവുമുള്ള നബിയുടെ നടപടിക്രമങ്ങളിലും സമൃദ്ധമാണ്. റമദാന്‍ പരിശീലിപ്പിക്കുന്ന, നേരത്തെ സൂചിപ്പിച്ച അതിജീവന പാഠങ്ങളെല്ലാം ബദ്‌റിലുണ്ട്. സ്വന്തം മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടുമെന്ന് ആശങ്കിക്കുന്ന സമകാലിക മുസ്‌ലിം സമൂഹത്തിന് ഇവ നല്‍കേണ്ട കര്‍മ മാതൃകയും ആത്മവിശ്വാസവും ചെറുതല്ല.
വിജയപരാജയങ്ങളുടെ ഭൗതിക മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെട്ട, ആള്‍ബലവും ഭൗതിക വിഭവങ്ങളും കുറഞ്ഞവര്‍ വിജയിച്ച പോരാട്ടമാണത്. ശക്തമായ മുന്നൊരുക്കത്തോടെയാണ് നബിയും സ്വഹാബികളും ബദ്‌റില്‍ എത്തിയത്. സാമൂഹിക ഒരുമ മുതല്‍, വിവര ശേഖരണത്തിലും യുദ്ധഭൂമിയിലെ സൈനിക വിന്യാസത്തിലും വരെ നബിയുടെ മുന്നൊരുക്കവും ആസൂത്രണ മികവും കാണാം. അന്‍സ്വാറുകളും മുഹാജിറുകളും ഏകനേതൃത്വത്തിന് കീഴില്‍ ഭിന്നതകളില്ലാതെ ഐക്യപ്പെട്ട് നിന്നു. അനുയായികളുടെ പ്രയാസങ്ങള്‍ പങ്കിട്ടെടുത്ത നേതാവായി നബി മുമ്പില്‍ നടന്നു. പ്രബോധന ദൗത്യം പൂര്‍ത്തീകരിച്ച്, സഹനത്തിന്റെ കനല്‍വഴികള്‍ താണ്ടി, പലായനം ചെയ്ത്, മദീനയില്‍ ഒരു ഇസ്‌ലാമിക സാമൂഹിക ക്രമം സ്ഥാപിച്ച്, അനൈക്യമേതുമില്ലാതെ ഏക നേതൃത്വത്തിനു കീഴില്‍ അണിനിരന്നാണ് അന്ന് മുസ്‌ലിം ഉമ്മത്ത് ബദ്‌റിലെത്തിയത്. ഒരു ആദര്‍ശ സമൂഹം അതിജീവിക്കുവാനുള്ള അര്‍ഹതയുടെ അടയാളസാക്ഷ്യങ്ങള്‍ക്കൂടിയാണിവ.
ഇസ്‌ലാമിക സമൂഹം ഉറക്കെപ്പറഞ്ഞ അല്ലാഹു അക്ബര്‍ ധീരതയുടെ, നിര്‍ഭയത്വത്തിന്റെ പ്രഖ്യാപനമായിരുന്നു. അല്ലാഹുവിനെ മാത്രം ഭയന്നപ്പോഴാണ്, മൂന്നിരട്ടിയുള്ള ഖുറൈശിക്കൂട്ടത്തെ മുസ്‌ലിംകള്‍ ഭയക്കാതിരുന്നത്. ഭയത്തിന്റെ ഈ സമവാക്യം തന്നെയാണ് വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം ഇന്ന് നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. മുഹമ്മദ് നബിയും മുസ്‌ലിം സമൂഹവും ബദ്‌റില്‍ നടത്തിയ പ്രാര്‍ഥനകള്‍ക്ക് അല്ലാഹു വളരെപ്പെട്ടെന്ന് ഉത്തരം നല്‍കി, അല്ലാഹുവിന്റെ സഹായം ആകാശത്തിന്റെ വാതിലുകള്‍ തുറന്ന് മണ്ണിലേക്കിറങ്ങി. പ്രപഞ്ചനാഥന്റെ ഈ സഹായമായിരുന്നു ബദ്‌റിലെ വിജയരഹസ്യം; എക്കാലത്തും മുസ്‌ലിം ഉമ്മത്തിന്റെ വിജയത്തിന് ഒന്നാമത്തെ അടിസ്ഥാനവും. ആകാശത്തു നിന്ന് ഉത്തരം ലഭിക്കാന്‍ അവകാശപ്പെട്ട പ്രാര്‍ഥനയും, സഹായത്തിന് അര്‍ഹമായ പ്രവര്‍ത്തനങ്ങളുമുള്ള മുസ്‌ലിം ഉമ്മത്ത് അതിജീവിക്കുക തന്നെ ചെയ്യും. നമുക്കതുണ്ടോ എന്ന ആത്മവിചാരണാപരമായ ചോദ്യമാണ് ബദ്ര്‍ സ്മരണയും സമകാലിക സംഭവങ്ങളും ഉയര്‍ത്തുന്നത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 79-85
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇഅ്തികാഫിന്റെ ചൈതന്യം
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്