ശിക്ഷണത്തിന്റെയും പോരാട്ടത്തിന്റെയും മാസം
ക്ഷമയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ക്ഷമയാണത്, വിജയത്തിലേക്ക് നയിക്കുന്ന വിജയമാണത്. പ്രശസ്ത ഈജിപ്ഷ്യന്‍ പണ്ഡിതനും അക്കാദമിക്കുമായ ഡോ. മുഹമ്മദ് അബ്ദുല്ല ദറാസ് എഴുതിയ 'നോമ്പ് ശിക്ഷണമാണ്, പോരാട്ടമാണ്' (അസ്സ്വൗമു തര്‍ബിയതുന്‍ വ ജിഹാദ്) എന്ന പുസ്തകത്തില്‍ നോമ്പിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. താരതമ്യേന സുരക്ഷിതത്വവും ഐശ്വര്യവുമുള്ള ഒരു കാലത്ത് സ്വയം പ്രേരിതരായി, മറ്റൊരാളുടെയും യാതൊരു നിര്‍ബന്ധവുമില്ലാതെ വ്രതത്തിലൂടെ ജീവിത സൗകര്യങ്ങള്‍ ഉപേക്ഷിക്കാന്‍ മുസ്‌ലിം സമൂഹം തയാറാവുന്നുവെങ്കില്‍, വന്നു പെട്ടേക്കാവുന്ന തീര്‍ത്തും പ്രതികൂലമായ ഒരു സാഹചര്യത്തില്‍ ഈ സഹനവും മനോദാര്‍ഢ്യവും അവര്‍ക്ക് ചെറുത്തുനില്‍പിനുള്ള ഏറ്റവും മികച്ച പരിശീലനമായിരിക്കും. ആ നിലക്ക് ഈ വിശിഷ്ടമായ ആരാധനാ കര്‍മത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് മാത്രം. സ്വന്തം ഇഛകളോട് പടവെട്ടി ജയിക്കുന്നവന് മാത്രമേ ശത്രുവിനെതിരെയും പടവെട്ടി ജയിക്കാനാവൂ. ഇഛകളോടുള്ള പോരാട്ടം, മനസ്സില്‍ കുടിയിരുത്തപ്പെട്ട നിഷേധാത്മക ചിന്തകളോടുള്ള പോരാട്ടം കൂടിയാണ്. ആ നിഷേധാത്മകതകളെ നീക്കിക്കളഞ്ഞാലേ പോസിറ്റീവ് ചിന്തകളുടെ വെളിച്ചം ഹൃദയത്തില്‍ പരിലസിക്കുകയുള്ളൂ. തിന്മകള്‍ കടന്നുവരാനുള്ള കവാടം അടക്കുക മാത്രമല്ല, ആത്മാവിനെ അതിന്റെ ബന്ധനങ്ങളില്‍നിന്ന് തുറന്നുവിടുക കൂടിയാണ് റമദാനില്‍. ആത്മാവിനെ മാനുഷികവും (ഇന്‍സാനി) ആധ്യാത്മിക(റബ്ബാനി)വുമായ രണ്ട് തലങ്ങളില്‍ പറന്നുയരാന്‍ അനുവദിക്കണം. ഭക്ഷണ പാനീയങ്ങള്‍ വേണ്ടെന്ന് വെക്കുന്നത് അവ സ്വന്തത്തിന് വേണ്ടി കെട്ടിപ്പൂട്ടി വെക്കാനല്ല. നാം നമുക്കായി വേണ്ടെന്ന് വെക്കുന്ന ഈ വിഭവങ്ങളൊക്കെ വളരെ ഉദാരമായി ആവശ്യക്കാര്‍ക്ക്, വിശക്കുന്നവര്‍ക്ക് വിതരണം ചെയ്യാനുള്ളതാണ്. ഈ പരസ്‌നേഹവും പരോപകാര മനസ്സുമാണ് നോമ്പിന്റെ മാനുഷിക തലം. റുകൂഉം സുജൂദും ഖിയാമും തസ്ബീഹും തഹ്മീദും തംജീദും ഇഅ്തികാഫുമൊക്കെ അതിന്റെ ആധ്യാത്മിക തലവും.
മഹത്തായ ഓര്‍മകള്‍ അയവിറക്കുന്ന മാസം കൂടിയാണ് റമദാന്‍. ഈ മാസത്തിലായിരുന്നു ബദ്ര്‍ യുദ്ധം. സത്യത്തെയും അസത്യത്തെയും, സന്മാര്‍ഗത്തെയും ദുര്‍മാര്‍ഗത്തെയും, നന്മയെയും തിന്മയെയും അവയുടെ ഇടകലര്‍പ്പുകളില്‍നിന്ന് വേര്‍തിരിച്ച് കാണിച്ച പോരാട്ടം. റസൂലും അനുചരന്മാരും മക്കയില്‍ വിജയക്കൊടി നാട്ടിയതും ഇതേ മാസത്തില്‍. നാടൊട്ടുക്കും വെറുപ്പിന്റെ രാഷ്ട്രീയം പ്രസരിക്കുന്ന ഇക്കാലത്ത് ഒട്ടുവളരെ പാഠങ്ങളുണ്ട് മക്കാ വിജയത്തില്‍. ആര്‍ക്കുമെതിരെ പ്രതികാര നടപടിയില്ല എന്നായിരുന്നു തിരുനബിയുടെ പ്രഖ്യാപനം. സ്‌നേഹത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയം. ആ സംശുദ്ധ രാഷ്ട്രീയത്തിനേ ജനജീവിതത്തിന് ഐശ്വര്യവും നിര്‍ഭയത്വവും പ്രദാനം ചെയ്യാനാവൂ. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഖദ്‌റിന്റെ രാത്രിയെ നാം പ്രതീക്ഷിക്കുന്നതും ഈ ദിനരാത്രങ്ങളില്‍. ഇതെല്ലാം വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസം എന്ന ആ വലിയ ഓര്‍മയുമായി ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നു.
ഇങ്ങനെ സഹനവും വിശന്നിരിക്കലും വിട്ടുനില്‍ക്കലും മഹത്തായ ഓര്‍മകളെ പുനരാനയിക്കലുമൊക്കെയായി ഒരു സമ്പൂര്‍ണ ശിക്ഷണ പരിശീലന കളരിയായി മാറുകയാണ് നോമ്പിന്റെ രാപ്പകലുകള്‍. അപ്പോഴാണത് ഒരേസമയം പോരാട്ടത്തിന്റെയും ശിക്ഷണത്തിന്റെയും മാസമായി മാറുന്നത്.
Comments