Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

കര്‍മനിരതം ആ ജിദ്ദാ പ്രവാസകാലം

ഗഫൂര്‍ ചേന്നര

രണ്ട് പതിറ്റാണ്ട് നീണ്ട സംഭവ ബഹുലമായ തന്റെ പ്രവാസ ജീവിത കാലത്ത് ഇസ്‌ലാമിനും ഇസ്‌ലാമിക പ്രസ്ഥാനത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാനുഭാവനാണ്  ദിവസങ്ങള്‍ക്ക് മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ വി.കെ ജലീല്‍ സാഹിബ്. സുഊദി അറേബ്യയില്‍ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) എന്ന  കൂട്ടായ്മക്ക് രൂപം നല്‍കുകയും അതിനെ വിവിധ തലങ്ങളിലേക്ക് വികസിപ്പിക്കുകയും ചെയ്തു എന്നതാണ് പ്രവാസ ലോകത്ത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
ജിദ്ദയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന തട്ടകം. പ്രബോധനത്തിലെഴുതിയിരുന്ന ലേഖനങ്ങളിലൂടെയും സ്വതഃസിദ്ധമായ പ്രസംഗ വൈഭവത്തിലൂടെയും അദ്ദേഹം നേരത്തെ തന്നെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടു കഴിഞ്ഞിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് കെ.ഐ.ജിയുടെ ഭാഗമായവര്‍ക്ക് അതിന്റെ നേട്ടങ്ങളെയും പ്രത്യേകതകളെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും കുറിച്ച് പറയാന്‍ ആയിരം നാവുകളായിരിക്കും. സുഊദി അറേബ്യ പോലുള്ള ഒരു രാജ്യത്ത് പരസ്പരം ഒത്തുചേരാനും സൗഹൃദം പങ്കുവെക്കാനും ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ പഠിക്കാനും, ഏകോദര സഹോദരന്മാരെപ്പോലെ ഒന്നിച്ചിരിക്കാനും ആശയങ്ങള്‍ കൈമാറാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, കഴിവുകള്‍ വളര്‍ത്താനും, സന്തോഷവും സന്താപവും പങ്കിടാനും കെ.ഐ.ജി ഒരു വലിയ വേദിയായി; അല്ല അത് ഒരു വലിയ കുടുംബമായി വളര്‍ന്നു.
മുന്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവി 1979ല്‍ ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍  അദ്ദേഹത്തിന് ഒരു സ്വീകരണം ഒരുക്കിയിരുന്നു. ജിദ്ദയിലെ പ്രബോധനം വരിക്കാരുടെ പേരുകള്‍ വെള്ളിമാട്കുന്നില്‍ നിന്ന് ശേഖരിച്ച ശേഷം അവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. നൂറോളം പേര്‍ പങ്കെടുത്ത യോഗം കെ.ഐ.ജിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കാന്‍ തീരുമാനമെടുത്തു (ഈ ലേഖകന്‍ ജിദ്ദയിലെത്തുന്നതിന് മുമ്പാണ് സംഭവം). പ്രവര്‍ത്തകരുള്ള സ്ഥലങ്ങളില്‍ സ്റ്റഡീ സര്‍ക്കിളുകള്‍ രൂപീകരിക്കാന്‍ കെ.സി ആവശ്യപ്പെട്ടു. ഇബ്‌റാഹീം അബ്ദുല്‍ കരീം  (പുന്നയൂര്‍കുളം), പൂഴമ്മല്‍ സൈതലവി എന്നിവരായിരുന്നു ഈ സ്വീകരണ യോഗത്തിന്റെ പ്രധാന സംഘാടകര്‍. ടി.പി സുബൈര്‍ (പെരുമ്പാവൂര്‍), ബാവ സാഹിബ് തിരൂര്‍, ഖാദര്‍കുട്ടി മാരേക്കാട്, ബിന്‍സഗര്‍ കുഞ്ഞി മുഹമ്മദ്, ബദീഉസ്സമാന്‍ (എന്‍.സി.ബി), ആര്‍. വീരാന്‍ കുട്ടി, അബ്ദുല്‍ ഹമീദ് കട്ടുപ്പാറ, അഹ്മദ് കുട്ടി മൗലവി, സി.എച്ച് അബ്ദുര്‍റഹ്മാന്‍, ജിംകൊ കുഞ്ഞിമുഹമ്മദ്, എം.എ അബ്ദുല്‍ കരീം, സൈതലവി ആദം, ഫാറൂഖ് തിരൂര്‍ക്കാട്, അല്‍ ഈസായി അബ്ദുര്‍റഹ്മാന്‍, പി.സി കുഞ്ഞി മുഹമ്മദ് തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരില്‍ പലരും ഈ യോഗത്തില്‍ സന്നിഹിതരായിരുന്നു. തുടക്കത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ എന്ന പേരിലായിരുന്നു പ്രവര്‍ത്തനം. പിന്നീടത് കേരള ഇസ്‌ലാമിക് ഗ്രൂപ്പായി (കെ.ഐ.ജി) രൂപാന്തരപ്പെട്ടു. റുവൈസിലെ ഒരു ഫ്‌ളാറ്റായിരുന്നു അതിന്റെ ആദ്യ ആസ്ഥാനം. സുബൈര്‍ സാഹിബായിരുന്നു പ്രഥമ കെ.ഐ.ജി പ്രസിഡന്റ്.
അധികകാലം കഴിയുന്നതിന് മുമ്പ് സുഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ അതിന്റെ ശാഖകള്‍ നിലവില്‍വന്നു. ജിദ്ദയിലും രിയാദിലും ദമ്മാമിലുമുള്ള ശാഖകള്‍ പരസ്പരം മത്സരിച്ച് സ്തുത്യര്‍ഹ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു. ഇതിന്റെയെല്ലാം ബുദ്ധികേന്ദ്രമായും ചാലക ശക്തിയായും വി.കെ ജലീല്‍ സാഹിബ് വര്‍ത്തിച്ചു. കെ.ഐ.ജി പ്രസിഡന്റായും ശൂറാംഗമായും ഈ മഹത്തായ കൂട്ടായ്മക്ക് രൂപവും ഭാവവും നല്‍കുന്നതിലും ആകര്‍ഷകമായ പുതിയ പരിപാടികള്‍ അസൂത്രണം ചെയ്ത് അതിനെ ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നു. ആദ്യകാലത്ത് കെ.ഐ.ജിയെ വെല്ലുന്ന ഒരു മലയാളി സാംസ്‌കാരിക, രാഷ്ട്രീയ കൂട്ടായ്മ ജിദ്ദയിലുണ്ടായിരുന്നില്ല. കെ.ഐ.ജി കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രവാസികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും  അവരുടെ ആശാ കേന്ദ്രമായി മാറുകയും ചെയ്തു. കെ.ഐ.ജിയുടെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ഇബ്‌റാഹീം അബ്ദുല്‍ കരീമും പൂഴമ്മല്‍ സൈതലവിയും ചെയ്ത സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. മുന്‍ കെ.ഐ.ജി പ്രസിഡന്റുമാരായ സുബൈര്‍ സാഹിബ്, ബാവ സാഹിബ്, വി.കെ ജലീല്‍, ജമാല്‍ മലപ്പുറം, ബിന്‍ സഗര്‍ കുഞ്ഞി മുഹമ്മദ് എന്നിവര്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി.

ധീരനായ നേതാവ്

ധീരനും ശക്തനും ജനകീയനുമായ നേതാവായിരുന്നു ജലീല്‍ സാഹിബ്.  കെ. ഐ.ജിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. വില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.  ആദ്യമായി റുവൈസിലാണ് അത്തരമൊരു വില്ല പ്രവര്‍ത്തിച്ചിരുന്നത്. കുടുംബം കൂടെയില്ലാത്ത കെ.ഐ.ജി പ്രവര്‍ത്തകര്‍ ഈ വില്ലയിലെ അന്തേവാസികളാവുകയും അതിന്റെ വാടക പങ്കു വെക്കുകയും ചെയ്തു.  നാട്ടില്‍ നിന്നും മറ്റും വരുന്ന നേതാക്കളെയും അതിഥികളെയും താമസിപ്പിക്കാന്‍ ഒരു ഗസ്റ്റ് റൂമും തയാറാക്കി. കെ. മൊയ്തു മൗലവി ജിദ്ദ സന്ദര്‍ശിച്ചപ്പോള്‍ ഈ വില്ലയിലാണ് താമസിച്ചിരുന്നത്. വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാ ക്ലാസുകള്‍ ആഴ്ച തോറും ജലീല്‍ സാഹിബും സഹപ്രവര്‍ത്തകരും ഇവിടെ സംഘടിപ്പിച്ചിരുന്നു. വി.കെ അബ്ദു സാഹിബ് പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നത് ഇവിടെ വെച്ചാണ്.
അധികം താമസിയാതെ കെ.ഐ.ജി പ്രവര്‍ത്തകര്‍ കുറച്ചു കൂടി സൗകര്യമുള്ള ഷര്‍ബത്തലി വില്ലയിലേക്ക്  താമസം മാറി. ഹല്‍ഖാ മീറ്റിംഗുകള്‍ക്കും ചര്‍ച്ചാ ക്ലാസുകള്‍ക്കും പുറമെ അബ്ദു സാഹിബിന്റെ നേതൃത്വത്തില്‍ അറബി ഭാഷാപഠന ക്ലാസുകളും അവിടെ നടന്നിരുന്നു. ഐ.എന്‍.എല്‍ നേതാവ് സുലൈമാന്‍ സേട്ടുവിന് ഈ വില്ലയില്‍ വെച്ച്  സ്വീകരണം നല്‍കിയതായി ഓര്‍ക്കുന്നു. ജലീല്‍ സാഹിബിന്റെ ക്ഷണപ്രകാരം സി.എന്‍ അഹ്മദ് മൗലവി ഇവിടെ താമസിച്ചിട്ടുണ്ട്.
ഇതിനിടെ, ദമ്മാമില്‍ ജോലി ചെയ്തിരുന്ന ജമാല്‍  മലപ്പുറം ജിദ്ദയിലേക്ക് ട്രാന്‍സ്ഫറായി വന്നപ്പോള്‍ കെ.ഐ.ജി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. അറിയപ്പെട്ട പണ്ഡിതനും ചിന്തകനുമായ സലീം മൗലവി, സംഘാടകനും പ്രഭാഷകനുമായ കെ.കെ അബ്ദുല്ല, സാമൂഹിക പ്രവര്‍ത്തനത്തില്‍ അഗ്രഗണ്യനായ എ. ഫാറൂഖ് എന്നിവരുടെ വരവ് കെ.ഐ.ജി.യെ പൂര്‍വോപരി ശക്തിപ്പെടുത്തി. ജമാല്‍ സാഹിബ് ഖുര്‍ആനിക ചിന്തക്കും പഠനത്തിന്നുമാണ് പ്രാമുഖ്യം നല്‍കിയത്. സ്ത്രീകള്‍ക്കായി വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്ത് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു. അറബികളുമായി നല്ല ബന്ധം വളര്‍ത്താന്‍ സലീം മൗലവി പണിയെടുത്തു.
കെ.സി അബ്ദുല്ല മൗലവിയുടെ സന്ദര്‍ശനത്തിന് ശേഷം ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ കെ.ഐ.ജി യൂനിറ്റുകള്‍ രൂപം കൊണ്ടു. അറബ് ന്യൂസ് ഇംഗ്ലീഷ് പത്രത്തില്‍ ജോലി ചെയ്തിരുന്ന മലയാളികള്‍ താമസിച്ചിരുന്ന വില്ലയിലും യൂനിറ്റ് നിലവില്‍ വന്നു. പ്രഫ. മൊയ്തീന്‍ കുട്ടി, എഞ്ചിനീയര്‍ കുഞ്ഞഹമ്മദ് പറമ്പാടന്‍, മുഹമ്മദലി ചൂനൂര്‍, അബ്ദുല്‍ വാഹിദ് ചാലിയം, അബ്ദുല്‍ ബാസിത്ത്, അബ്ദുശ്ശുകൂര്‍ തുടങ്ങിയവരാണ് അറബ് ന്യൂസ് യൂനിറ്റില്‍ ഉണ്ടായിരുന്നത്. ഷറഫിയ്യ വില്ലയും, ബുഖാരി മദ്‌റസ വില്ലയും റുവൈസില്‍ തന്നെയുള്ള ഖൈരിയ വില്ലയും പിന്നീട് വന്ന മലബാര്‍ വില്ലയും കെ.ഐ.ജിയുടെ പുരോഗതിയില്‍ നാഴികക്കല്ലുകളായി. അനീക്കസ്സ്, ബാബുമക്ക, ശറഫിയ്യ പോലുള്ള പല സ്ഥലങ്ങളിലും പ്രവര്‍ത്തകരെ ഒരുമിച്ചു കുട്ടി യൂനിറ്റുകള്‍ രൂപീകരിക്കാന്‍ ജലീല്‍ സാഹിബ് മുന്‍കൈയെടുത്തു.
ഇ.എന്‍ അബ്ദുല്ല മൗലവിയെ സുഊദിയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. ഇ.എന്നിന്റെ ക്ലാസ്സുകളും പര്യടനങ്ങളും കെ.ഐ.ജിയുടെ വ്യാപനത്തിന് വളരെയേറെ സഹായിച്ചു.

ഹജ്ജ് സര്‍വീസ്

ജലീല്‍ സാഹിബിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച മറ്റൊരു പ്രധാന സംരംഭമായിരുന്നു ഹജ്ജ് സര്‍വീസ്. അത് വലിയ  പ്രവര്‍ത്തന മണ്ഡലമായി പിന്നീട് വികസിക്കുകയുണ്ടായി. സുഊദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഹജ്ജ് നിര്‍വഹിക്കാനുള്ള സൗകര്യം ചെയ്യാനാണ് അത് തുടങ്ങിയത്. ആഭ്യന്തര ഹാജിമാര്‍ക്ക് സേവനം ചെയ്യുന്ന സുഊദി മുതവ്വിഫുമാരുമായി സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി വിജയകരമായി നടപ്പാക്കിയത്. ഹജ്ജ് മാസത്തിന്ന് മുമ്പ് തന്നെ ജലീല്‍ സാഹിബും ഹജ്ജ് സെല്‍ അംഗങ്ങളും മുതവ്വിഫുമായി ചര്‍ച്ച നടത്തി ആവശ്യമായ കരാറില്‍ ഏര്‍പ്പെട്ട ശേഷമാണ് ഹജ്ജിന് പോകുന്നവരില്‍ നിന്ന്  അപേക്ഷ ക്ഷണിച്ചിരുന്നത്.  രിയാദ്, ദമ്മാം, തബൂക്ക്, ത്വാഇഫ്, അബ്ഹ, ജീസാന്‍, നജ്‌റാന്‍, ഖസീം തുടങ്ങി സുഊദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാന പ്രവര്‍ത്തകരും അല്ലാത്തവരുമായ മലയാളികള്‍ ഈ ഹജ്ജ് ഖാഫിലകളില്‍ പങ്കെടുത്തു.
ഈ  സര്‍വീസ് കുറ്റമറ്റതാക്കാന്‍ കെ.ഐ.ജി നേതൃത്വം വലിയ സന്നാഹങ്ങളും ഒരുക്കങ്ങളും നടത്തിയിരുന്നു. കുഞ്ഞഹമ്മദ് പറമ്പാടന്‍, വി.കെ റഷീദ്, അഹ്മദ് ഹുസൈന്‍, സി.എച്ച് ബഷീര്‍, അശ്‌റഫ് അലി, സി.കെ മമ്മദ്, സി.എന്‍.കെ നാസര്‍, കൊടിഞ്ഞി മുഹമ്മദലി തുടങ്ങി ധാരാളം പേര്‍ അതിന്റെ വിജയം ഉറപ്പുവരുത്താന്‍ മുന്നിലുണ്ടായിരുന്നു.
വി.കെ ജലീല്‍, ജമാല്‍ മലപ്പുറം, ഇ.എന്‍ അബ്ദുല്ല മൗലവി, സലീം മൗലവി, പ്രഫസര്‍ മൊയ്തീന്‍ കുട്ടി, റഹ്മത്തുന്നിസ, സഫിയ അലി, അബ് ദുശുകൂര്‍ അലി, ഫാറൂഖ് ശാന്തപുരം, ഫസല്‍ കൊച്ചി തുടങ്ങിയവര്‍ ഹാജിമാരെ ബോധവല്‍ക്കരിക്കാന്‍ മിനയിലും അറഫയിലും ജിദ്ദയിലും ഇസ്‌ലാമിക പ്രഭാഷണങ്ങള്‍ നടത്തി.
ജിദ്ദയിലെ ശറഫിയ്യയില്‍ നിന്ന് പുറപ്പെടുന്ന കെ.ഐ.ജി ഹജ്ജ് ബസ്സുകളില്‍ ഹാജിമാര്‍ക്ക് സേവനങ്ങള്‍ ചെയ്യാന്‍ വളണ്ടിയര്‍മാരെ നിശ്ചയിച്ചു. ഹജ്ജ് തുടങ്ങുന്നതിന്ന് മുമ്പ് ഒരു ടീം മിനയിലെത്തി അവിടത്തെ ടെന്റുകളും മറ്റു സംവിധാനങ്ങളും സൗകര്യപ്പെടുത്തി. ഹാജിമാരില്‍ വിവിധ അശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ കുടുംബങ്ങളുമുണ്ടായിരുന്നു. അവരെ ഹാജിമാര്‍ക്കാവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍ ചെയ്യാന്‍ ഉപയോഗപ്പെടുത്തി. കെ.ഐ.ജി പ്രവര്‍ത്തകരുടെ നിസ്വാര്‍ഥ സേവനം അവരില്‍ പലരെയും പ്രസ്ഥാനത്തോട് അടുപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ ഒരു ഹജ്ജ് വെല്‍ഫെയര്‍ ഫോറം ഉണ്ടാക്കാനും കെ.ഐ.ജി മുന്നിലുണ്ടായിരുന്നു.
കെ.ഐ.ജിയുമായി സഹകരിക്കുന്ന ഡോക്ടര്‍മാര്‍, ബിസിനസ്സുകാര്‍, അഭ്യസ്തവിദ്യര്‍, സാമൂഹിക പ്രവര്‍ത്തകര്‍  എന്നിവരെ കൂട്ടിയിണക്കിക്കൊണ്ടാണ് ജലീല്‍ സാഹിബ് എയ്ജസ് എന്ന പേരില്‍ ഒരു പുതിയ സംഘടനക്ക് രൂപം നല്‍കുന്നത്. അസംബ്ലി ഫോര്‍ ഗൈഡന്‍സ് എജുക്കേഷന്‍ ആന്റ് സര്‍വീസ് (AGES) ജിദ്ദയിലെ അറിയപ്പെട്ട  സംഘടനയായി മാറി.  അത് വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. പൊതുജനങ്ങള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
അറബ് ന്യൂസ് ചീഫ് എഡിറ്ററായിരുന്ന ഡോ. ഖാലിദ് അല്‍മഈനയാണ് 'സെപ്റ്റംബര്‍ 11നു ശേഷമുള്ള അന്തര്‍ദേശീയ മീഡിയ' എന്ന തലക്കെട്ടില്‍ എയ്ജസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് യുദ്ധ സമയത്ത് ഇറാഖില്‍ പോയി അവിടത്തെ സംഭവവികാസങ്ങള്‍ സധീരം റിപ്പോര്‍ട്ട് ചെയ്ത ഗള്‍ഫ് മാധ്യമം ചീഫ് റിപ്പോര്‍ട്ടര്‍ എം.സി.എ നാസറിനെ എയ്ജസ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഖാലിദ് അല്‍മഈനയാണ് അവാര്‍ഡ് നല്‍കിയത്. എയ്ജസിന്റെ ബാനറില്‍ പ്രസിദ്ധ പത്രപ്രവത്തകനായ കുല്‍ദീപ് നയ്യാറെ ജിദ്ദയിലേക്ക് കൊണ്ടു വന്നതും ജലീല്‍ സാഹിബായിരുന്നു.
ജിദ്ദയിലെ പ്രവാസി നേതാക്കളായ വല്ലാഞ്ചിറ മുഹമ്മദലി, ഡോ. ഖാസിം, വി.പി. മുഹമ്മദലി (ജെ.എന്‍.എച്ച്), അബ്ദുര്‍റഹീം (എന്‍.സി.ബി), എം.വി. സലീം (ലാഹോര്‍ ഗാര്‍ഡന്‍സ്) എന്നിവര്‍ എയ്ജസിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു.  സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ & ഗൈഡന്‍സ് ഇന്ത്യ(സിജി)യുടെ ജിദ്ദാ ചാപ്റ്റര്‍ രൂപീകരിക്കുന്നതിലും ജലീല്‍ സാഹിബിന്റെ കൈയൊപ്പുണ്ടായിരുന്നു. പ്രവര്‍ത്തകരില്‍ സമ്പാദ്യബോധം വളര്‍ത്താനും അവരുടെ പണം ലാഭകരമായ പ്രോജക്ടുകളില്‍ നിക്ഷേപിക്കാനും അദ്ദേഹം 'കിസൊ' സമ്പാദ്യ പദ്ധതി ആസൂത്രണം ചെയ്തു.

സ്ത്രീ ശാക്തീകരണം

ജിദ്ദയിലെ  സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും വിജ്ഞാനവും പ്രോത്സാഹനവും നല്‍കി  അവരെ  ശാക്തീകരിക്കുന്നതിലും  വി.കെ ജലീല്‍ സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു. വ്യവസ്ഥാപിതമായ ഒരു വനിതാ വിംഗ് സഫിയ അലിയുടെ നേതൃത്വത്തില്‍ നിലവില്‍ വരുന്നതിന്ന് മുമ്പ് ടി.കെ ജമീല പ്രസിഡന്റും സുബൈദ തിരൂര്‍ക്കാട് സെക്രട്ടറിയുമായി വനിതാ യൂനിറ്റുകള്‍ സിറ്റിയുടെ പല ഭാഗത്തും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കട്ടുപ്പാറ ഹമീദിന്റെ ഭാര്യ ശറഫുന്നിസ, തായി സാഹിബിന്റെ ഭാര്യ ജുവൈരിയ, അല്‍ ഈസായി അബ്ദുര്‍റഹ്മാന്റെ ഭാര്യ ആഇശ, സാരിസ് അമീന്‍ സാഹിബിന്റെ ഭാര്യ ബില്‍കീസ് എന്നിവര്‍ ആദ്യകാല പ്രവര്‍ത്തകകളാണ്. ജിദ്ദയിലെ വനിതകളെ വിളിച്ചു കൂട്ടി ഒരു ദിവസം വനിതാ വിഭാഗം പ്രസിഡന്റായി തന്നെ പ്രഖ്യാപിച്ചത് ജലീല്‍ സാഹിബായിരുന്നുവെന്ന് പിന്നീട് കേരള സംസ്ഥാന വനിതാ വിഭാഗം അധ്യക്ഷയായ സഫിയ അലി ഓര്‍ക്കുന്നു:  'എന്നെ പ്രസ്ഥാനത്തിന്റെ ഉള്ളിലേക്ക് കയറ്റിയത് ജലീല്‍ സാഹിബാണ്. വലിയ പ്രോത്സാഹനമാണ് അദ്ദേഹം നല്‍കിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ ബുദ്ധിപൂര്‍വകമായ ഉപദേശനിര്‍ദേശങ്ങളും ആശ്വാസ വചനങ്ങളും എനിക്ക് ധൈര്യം പകര്‍ന്നു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ അന്നത്തെ അമീറായിരുന്ന കെ.എ സിദ്ദീഖ് ഹസന്‍ സാഹിബിന് കൊടുക്കാന്‍ എന്റെ കൈയില്‍ ഒരു കത്ത് തന്നു. കോഴിക്കോട് ജില്ലാസമിതി അംഗമായി എന്നെ നിശ്ചയിക്കുമ്പോഴാണ് ആ കത്തിന്റെ ഉള്ളടക്കം മനസ്സിലായത്. സ്ത്രീകളെ വളരെയധികം പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.'
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗവും വനിതാ നാഷണല്‍ സെക്രട്ടറിയുമായ എ. റഹ്മത്തുന്നിസയും ജലീല്‍ സാഹിബിനെ അനുസ്മരിക്കുമ്പോള്‍ വാചാലയായി. '1998-ല്‍ ഞാന്‍ ആദ്യമായി ജിദ്ദയിലേക്ക് വരുന്നതിന് മുമ്പ്തന്നെ അന്നത്തെ കെ.ഐ.ജി പ്രസിഡന്റായിരുന്ന അദ്ദേഹം ഭര്‍ത്താവ് റഹീംക്കയുമായി ബന്ധപ്പെട്ടിരുന്നു. വനിതാ വിഭാഗം പ്രസിഡന്റായി എന്നെ നിശ്ചയിക്കാനായിരുന്നു ഉദ്ദേശ്യം. പ്രസിഡന്റായിരിക്കുമ്പോള്‍ തനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും അദ്ദേഹത്തില്‍ നിന്ന് ലഭിക്കുകയുണ്ടായി. ജമാഅത്ത് അംഗത്വത്തിന്ന് അപേക്ഷിക്കാനുള്ള പ്രേരണയും അദ്ദേഹത്തില്‍ നിന്നാണ് ലഭിച്ചത്.' ഇപ്പോള്‍ Aura ഇ-മാഗസിന്റെ ചീഫ്എഡിറ്റര്‍ കൂടിയായ റഹ്മത്തുന്നിസ പറഞ്ഞു. കെ.ഐ.ജി വനിത വിംഗ് നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ വേറെയും നേതാക്കളെ സംഭാവന ചെയ്തിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയായിരുന്ന സുബൈദ തിരൂര്‍ക്കാട്, മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന ടി.കെ. ജമീല, തൃശൂര്‍ ജില്ലാ പ്രസിഡന്റായ പി.സി ഉമ്മുകുല്‍സൂം, ഏരിയ കണ്‍വീനര്‍മാരായ ടി. റഹ്മത്ത് (കൊണ്ടോട്ടി), ശറഫുന്നിസ (നിലമ്പൂര്‍), കവയിത്രി സൈനബ് ചാവക്കാട്, മലപ്പുറം ജില്ലാ സമിതി അംഗം ഖദീജ ഹൈദര്‍ എന്നിവര്‍ അതില്‍ പെടുന്നു.
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി വ്യവസ്ഥാപിതമായ  ഇസ്‌ലാമിക മദ്‌റസാ സംവിധാനവും ജലീല്‍ സാഹിബ് ആസൂത്രണം ചെയ്തു. ശറഫിയ്യ, അസീസിയ, ഫൈസലിയ, റുവൈസ് എന്നിവിടങ്ങളിലെ മദ്‌റസകളില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്നു. രിയാദ് , ദമ്മാം, അല്‍ ഖോബാര്‍, ജുബൈല്‍, തബൂക്ക് എന്നീ സ്ഥലങ്ങളിലും മദ്‌റസകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മുസ്‌ലിം കുട്ടികള്‍ക്ക് അടിസ്ഥാന ദീനീ വിദ്യാഭാസം നല്‍കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ വലിയ പങ്കു വഹിച്ചു. അധ്യാപകരില്‍ അധികവും വിദ്യാസമ്പന്നരായ സ്ത്രീകളായിരുന്നു.

മാധ്യമം പത്രം
വാര്‍ത്താ മാധ്യമങ്ങളില്‍ വഴിത്തിരിവായ മാധ്യമം ദിനപത്രം സ്ഥാപിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ജലീല്‍ സാഹിബും കെ.ഐ.ജി പ്രവര്‍ത്തകരും വലിയ പങ്കു വഹിച്ചിട്ടുണ്ട്. തുടക്കത്തില്‍ പത്രം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ അമീര്‍ കെ.സി അബ്ദുല്ല മൗലവി ജിദ്ദയും മറ്റു സുഊദി പട്ടണങ്ങളും സന്ദര്‍ശിക്കുകയും പത്രം നിലനിര്‍ത്താന്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു. ജലീല്‍ സാഹിബാണ് ഫണ്ട് സ്വരൂപിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. പത്രം നഷ്ടത്തിലോടുകയും അതിന്റെ പ്രസ്സുകള്‍ കടബാധ്യത കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്തപ്പോള്‍ കെ.സി അബ്ദുല്ല മൗലവിയും ഒ. അബ്ദുര്‍റഹ്മാന്‍ സാഹിബും ജിദ്ദ സന്ദര്‍ശിക്കുകയും പത്രം നിലനിര്‍ത്താന്‍ അടിയന്തര സഹായം തേടുകയും ചെയ്തു. ജലീല്‍ സാഹിബ് ധൈര്യപൂര്‍വം പ്രശ്‌നം ഏറ്റെടുക്കുകയും സുഊദിയിലും മറ്റു ഗള്‍ഫ് നാടുകളിലുമുള്ള പ്രവര്‍ത്തകരുടെ സഹായത്തോടെ പ്രശ്‌നം പരിഹരിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയായ പി.എന്‍ അലി ഓര്‍ക്കുന്നു.

ഇസ്‌ലാമിക പഠനം
ജലീല്‍ സാഹിബ് തന്റെ 22 വര്‍ഷം നീണ്ട പ്രവാസ ജീവിതം (1982-2004) ഇസ്‌ലാമിനെയും ഇസ്‌ലാമിക ചരിത്രത്തെയും ആഴത്തില്‍ പഠിക്കാന്‍ കൂടി വിനിയോഗിച്ചു. 'മദീനാ ചരിത്രത്തിലെ ഏടുകള്‍' എന്ന വേറിട്ട ചരിത്ര പുസ്തകം ആ പഠനത്തിന്റെ ഫലമായി മലയാളത്തിന്ന് ലഭിച്ചതാണ്.
ഈ പുസ്തകത്തിന്റെ ഒന്നാം വാള്യം പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹം അറബ് ന്യൂസ് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പുസ്തകത്തിന്റെ വ്യതിരിക്തത വിശദമാക്കുകയുണ്ടായി.
'ഇതുവരെ മലയാളികള്‍ മനസ്സിലാക്കിയിട്ടില്ലാത്ത പ്രവാചക ജീവിതത്തിലെ അതിപ്രധാനമായ ചില കാര്യങ്ങള്‍ ഈ പുസ്തകം അനാവരണം ചെയ്യുന്നു. നമ്മള്‍ എപ്പോഴും മുഹമ്മദ് നബി (സ) നയിച്ച യുദ്ധങ്ങളാണ് ചര്‍ച്ച ചെയ്യാറ്. ലോകത്ത് ശാന്തിയും സമാധാനവുമുണ്ടാക്കാനും വിദ്യാഭ്യാസ പുരോഗതി കൈവരിക്കാനും സ്ത്രീശാക്തീകരണം നേടാനും തിരുനബി നടത്തിയ ശ്രമങ്ങള്‍ അധികപേരും പരാമര്‍ശിക്കാറില്ല.'
ജിദ്ദയിലെ പ്രവര്‍ത്തന കാലത്ത് വലിയൊരു സുഹൃദ് വലയമുണ്ടാക്കാന്‍ ജലീല്‍ സാഹിബിനു സാധിച്ചു. തന്റെ വൈജ്ഞാനിക മികവും ഉയര്‍ന്ന ചിന്തയും വ്യതിരിക്തമായ കാഴ്ചപ്പാടും പ്രസംഗ പാടവവും ആകര്‍ഷകമായ പെരുമാറ്റവും നര്‍മത്തില്‍ ചാലിച്ച സംസാരവും അതിന് സഹായിച്ചിട്ടുണ്ടാകണം.
ഖുര്‍ആന്‍ ഭാഷ്യത്തിന്റെ കോപ്പികള്‍ സുഊദിയിലും കേരളത്തിലും പ്രചരിപ്പിക്കാന്‍ അദ്ദേഹം കെ.ഐ.ജിയുടെ കീഴില്‍ ഒരു പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം ആസൂത്രണം ചെയ്തു. ഓരോ പ്രവര്‍ത്തകനും ചുരുങ്ങിയത് പത്ത് കോപ്പികള്‍ വില്‍ക്കാന്‍ അദ്ദേഹം പ്രേരിപ്പിച്ചു. കെ.ഐ.ജിയുടെ ചെലവില്‍ ഖുര്‍ആന്‍ ഭാഷ്യം അച്ചടിക്കുകയും ചെയ്തു.  ഹിറ സമ്മേളനത്തിന്റെ വീഡിയോ കാസറ്റും  വി.കെ അലി സാഹിബിന്റെ ജമാഅത്തിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാസറ്റും അതിനോടൊപ്പം സൗജന്യമായി നല്‍കി. മലയാളികളല്ലാത്ത ഇന്ത്യക്കാരും സുഊദികളും മറ്റു അറബികളും ഈ പദ്ധതിയുമായി സഹകരിക്കുകയുണ്ടായി. ഖുര്‍ആനിന്റെ സന്ദേശം സഹോദര സമുദായങ്ങള്‍ക്കെത്തിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചത് എന്ന കാര്യം കൊടിഞ്ഞി ഹമീദ് ഇന്നും ഓര്‍ക്കുന്നു.
സാമ്പത്തികമായി പ്രയാസപ്പെടുന്നവര്‍ക്ക് ശൂറ കൂടി തീരുമാനിക്കുതിന് മുമ്പ് തന്നെ ആവശ്യമായ സഹായമെത്തിക്കാന്‍ അദ്ദേഹം തയാറായിരുന്നു. പല കുടുംബ പ്രശ്‌നങ്ങളും പ്രവര്‍ത്തകര്‍ക്കിടയിലുള്ള പിണക്കങ്ങളും അദ്ദേഹം പരിഹരിച്ചു. അതിന്റെ ഗുണഭോക്താക്കള്‍ ഇപ്പോഴും ആ സഹായങ്ങള്‍ നന്ദിപൂര്‍വം അനുസ്മരിക്കുന്നു.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌