Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം പ്രകൃതിവിരുദ്ധമാണ്‌

എം.എം അക്ബര്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 6

ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ വഴി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തിരിച്ചറിയാത്ത സ്ഥിതി സൃഷ്ടിക്കുന്നത് മനുഷ്യപ്രകൃതിക്കെതിരാണെന്നതാണ് അതിന്നെതിരെയുള്ള നാലാമത്തെ ന്യായം. പുരുഷനും സ്ത്രീയും  തമ്മില്‍ തിരിച്ചറിയുകയും സ്വന്തം സ്വത്വവും വ്യതിരിക്തതകളും പാരസ്പര്യവും മനസ്സിലാക്കുകയും ചെയ്തുകൊണ്ടാവണം വളര്‍ന്നു വരേണ്ടത്. അപ്പോഴാണ് അവര്‍ക്ക് വ്യക്തിത്വബോധമുണ്ടാവുകയും സമൂഹനിര്‍മിതിയില്‍ തങ്ങളുടേതായ  പങ്കു വഹിക്കാന്‍ കഴിയുകയും ചെയ്യുക. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പിച്ചുകൊണ്ട് അവനവന്റെ സ്വത്വവും വ്യതിരിക്തതയും മനസ്സിലാക്കാന്‍ അനുവദിക്കാതെ വളര്‍ത്തുന്നത് ആണിന്റെയും പെണ്ണിന്റെയും ജീവശാസ്ത്രത്തിനും മനഃശാസ്ത്രത്തിനും നാഡീശാസ്ത്രത്തിനും അന്തഃസ്രാവശാസ്ത്രത്തിനുമെല്ലാം എതിരാണ്.
ഒരു ജീവിവര്‍ഗത്തിലെ ആണും പെണ്ണും തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കില്‍ അതിന് ഏകലിംഗരൂപത്വം (Sexual Monomorphism) എന്നും വ്യത്യാസങ്ങളുണ്ടെങ്കില്‍  അതിന്  ദ്വിലിംഗരൂപത്വം  (Sexual Dimorphism) എന്നുമാണ് പറയുക.
ഒരു ജീവിവര്‍ഗത്തിലെ  ആണും പെണ്ണും തമ്മിലുള്ള പ്രകടമായ വ്യതിരിക്തതകള്‍ എത്രത്തോളം  അധികമാണോ അതിന് ആനുപാതികമായി അവയിലെ ആണ്‍-പെണ്‍ ധര്‍മങ്ങളുടെ വ്യത്യാസം അധികമായിരിക്കും. മനുഷ്യന്‍ മോണോമോര്‍ഫിക്  ആണോ ഡൈമോര്‍ഫിക് ആണോ എന്നത്  ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന വിഷയമാണിന്ന്. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഭാഗമായി ഹോമോസാപിയന്‍ സ്പിഷീസ്  മോണോമോര്‍ഫിക് ആണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട്. പ്രസ്തുത പഠനങ്ങളിലധികവും നമ്മുടെ വര്‍ഗത്തിന്റെ ദ്വിലിംഗരൂപത്വമാണ് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  ഈ സത്യം മറച്ചുപിടിച്ചുകൊണ്ടാണ് നരവര്‍ഗം മോണോമോര്‍ഫിക് ആണെന്ന് ചില ശാസ്ത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം താല്‍പര്യസംരക്ഷണത്തിനായി  സിദ്ധാന്തങ്ങള്‍ നിര്‍മിക്കുക; അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുക; പലയിടങ്ങളിലും അതേക്കുറിച്ച് സത്യമെന്ന രൂപത്തില്‍ എഴുതിപ്പിടിപ്പിക്കുക; ഒരു സ്ഥലത്ത് എഴുതിയത് മറ്റൊരു സ്ഥലത്ത് തെളിവായി ഉദ്ധരിക്കുക; അങ്ങനെ ഏത് താല്‍പര്യങ്ങളെയും ശാസ്ത്രീയ സിദ്ധാന്തങ്ങളാക്കിത്തീര്‍ക്കുക എന്ന ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ രീതി തന്നെയാണ് ഇവിടെയും പ്രയോഗിക്കപ്പെടുന്നത്.
ഹോമോസാപിയന്‍ എന്ന ജീവിവര്‍ഗം മോണോമോര്‍ഫിക്  ആണോ ഡൈമോര്‍ഫിക് ആണോ എന്നത്  ജീവശാസ്ത്രത്തിന്റെ സാങ്കേതികത്വങ്ങളൊന്നുമില്ലാതെ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന സരളമായ വിഷയമാണ്. നമ്മെളെല്ലാം ദിവസവും കാണുന്ന കാക്ക മോണോമോര്‍ഫിക് പക്ഷിയാണ്; കോഴി ഡൈമോര്‍ഫിക് പക്ഷിയാണ്. കാക്കകളെ കണ്ടാല്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിയല്‍ എളുപ്പമല്ല. പൂവന്‍ കോഴിയെയാകട്ടെ പിടക്കോഴിയില്‍നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും കഴിയും. വസ്ത്രങ്ങളൊന്നുമില്ലാത്ത കൗമാരം കഴിഞ്ഞ മനുഷ്യരെ സങ്കല്‍പ്പിക്കുക. അവരെ തിരിച്ചറിയാന്‍ കഴിയുമോ ഇല്ലേ? കഴിയുമെന്നാണ് ഉത്തരമെങ്കില്‍  ഹോമോസാപിയന്‍ എന്ന ജീവിവര്‍ഗം ഡൈമോര്‍ഫിക് ആണെന്ന് സമ്മതിക്കേണ്ടി വരും. ഒരു തുല്യതാവാദിക്കും അത് നിഷേധിക്കാനാവില്ല. അങ്ങനെയാണെങ്കില്‍, മനുഷ്യനിലെ ഈ ദ്വിലിംഗരൂപത്വത്തെ സാധൂകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതായിരിക്കും അവന്റെ ജീവശാസ്ത്രവും മനഃശാസ്ത്രവും  നാഡീശാസ്ത്രവും  അന്തഃസ്രാവശാസ്ത്രവുമെല്ലാമെന്ന് ഉറപ്പാണ്. ഈ ഉറപ്പ് ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്ന വെറും വര്‍ത്തമാനമല്ല; ഈ ശാസ്ത്രശാഖകളിലെല്ലാം നടക്കുന്ന പഠനങ്ങള്‍ വെളിപ്പെടുത്തുന്ന സത്യമാണ്.
ശരീരനിര്‍മിതി മുതല്‍ ആരംഭിക്കുന്നു മനുഷ്യനിലെ ഡൈമോര്‍ഫിസം. ആണ്‍ശരീരത്തില്‍ കൂടുതല്‍ പേശികളാണുള്ളതെങ്കില്‍ പെണ്‍ശരീരത്തില്‍ താരതമ്യേന കൂടുതല്‍ കൊഴുപ്പാണുള്ളത്. പുരുഷന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സിംഹഭാഗവും പേശികളായാണ് മാറുന്നത്; സ്ത്രീ കഴിക്കുന്നതാകട്ടെ, കൂടുതലും കൊഴുപ്പായിത്തീരുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുരുഷനായിരിക്കും സ്ത്രീയേക്കാള്‍ ശരാശരി ശക്തി കൂടുതലുണ്ടാവുക. ലിപിഡുകളുടെ രൂപത്തില്‍ ഊര്‍ജ്ജം ശേഖരിച്ച് വെക്കുന്ന അടിപ്പൊസ് കലകള്‍ പുരുഷനില്‍ വയര്‍ ഭാഗത്തും ശരീരത്തിന്റെ മുകള്‍ഭാഗത്തും ശേഖരിക്കപ്പെടുമ്പോള്‍ സ്ത്രീയില്‍ അത് നിതംബത്തിലും തുടയിലുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ആകാരങ്ങള്‍ തമ്മിലുള്ള വ്യത്യാസം മാറിലും മുഖത്തിന്റെ അടിഭാഗത്തും മുട്ടുപൊക്കിളിനിടയിലുള്ള ഭാഗത്തും പ്രകടമായി കാണാന്‍ കഴിയും. ആണിന് പെണ്ണിനേക്കാള്‍ ഭാരവും നീളവും  കൂടുതലാണ്. അവന് അവളെക്കാള്‍ ശരാശരി പത്ത് ശതമാനം നീളം കൂടുതലായിരിക്കും. നിതംബവുമായി താരതമ്യം ചെയ്യുമ്പോള്‍ ആണിന്റെ അരക്കെട്ടിനാണ് പെണ്ണിന്റേതിനേക്കാള്‍ കൂടുതല്‍ വലിപ്പമുണ്ടാവുക. സ്ത്രീകളുടെ ചൂണ്ടുവിരലും മോതിരവിരലും ഒരേ വലിപ്പത്തിലുള്ളതോ അല്ലെങ്കില്‍ ചൂണ്ടുവിരല്‍ അല്‍പം വലിപ്പക്കൂടുതലുള്ളതോ ആയിരിക്കുമെങ്കില്‍ പുരുഷന്മാരുടെ മോതിരവിരലിനാണ് എപ്പോഴും വലിപ്പം അധികമുണ്ടാവുക.
ആകാരം നിര്‍ണയിക്കുന്ന അസ്ഥിവ്യവസ്ഥയെടുത്താല്‍ മനുഷ്യനിലെ ഡൈമോര്‍ഫിസം കൂടുതല്‍ പ്രകടമാകും. കൂടുതല്‍ ബലവത്തും സാന്ദ്രതയുള്ളതുമായ  എല്ലുകളും സ്‌നായുക്കളും സന്ധിബന്ധങ്ങളുമുള്ളത് പുരുഷനാണ്. പെണ്ണിന്റെയും ആണിന്റെയും താടിയെല്ലുകള്‍ തികച്ചും  വ്യത്യസ്തമാണ്. വലിപ്പവും വിസ്താരവും കൂടുതലുള്ള അവന്റെ താടിയെല്ല് കൂടുതല്‍ ചതുരത്തിലുമാണ്. മുന്തിനില്‍ക്കുന്ന നെറ്റിത്തടം ഒരു ആണ്‍സവിശേഷതയാണ്. ആദാമിന്റെ ആപ്പിള്‍ എന്നറിയപ്പെടുന്ന തൊണ്ടയിലുള്ള തൈറോയിഡ് തരുണാസ്ഥിയും (Thyroid Cartilage) നീളക്കൂടുതലുള്ള ധ്വനിസ്‌നായുക്കളും (Vocal Cords) അവനെ ഗംഭീരമായ ശബ്ദത്തിന് ഉടമയാക്കിത്തീര്‍ക്കുന്നു. താരതമ്യേന വലിയ പല്ലുകളുള്ളത് ആണുങ്ങള്‍ക്കാണെങ്കിലും അവരുടെ പല്ലുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ഡെന്റൈനുകളെക്കൊണ്ടാണ്; പെണ്‍പല്ലുകളിലാണ് കൂടുതല്‍ ഇനാമല്‍ ഉള്ളത്.  പുരുഷന്റെയും സ്ത്രീയുടെയും  അസ്ഥികൂടങ്ങള്‍  കണ്ടാല്‍ തന്നെ അവ ആരുടേതാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയും. അസ്ഥിയില്‍ നിന്നാരംഭിക്കുന്നു വ്യക്തമായ ഡൈമോര്‍ഫിസം എന്നാണല്ലോ ഇതിനര്‍ഥം. ഇതേപോലെതന്നെയാണ് ആന്തരാവയവങ്ങളുടെ പോലും സ്ഥിതി. ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വലിപ്പമുള്ള ഹൃദയവും ശാസകോശവുമെല്ലാം പുരുഷന്മാര്‍ക്കാണുള്ളത്.
ആണ്‍-പെണ്‍ മസ്തിഷ്‌കങ്ങള്‍ തമ്മില്‍ വലിയ വലിപ്പവ്യത്യാസമുണ്ടെന്നും അതിനാല്‍ പുരുഷന്മാര്‍ക്കാണ് ബുദ്ധി കൂടുതല്‍ എന്നുമുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഗവേഷണങ്ങള്‍ ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ സാമൂഹികബോധമുണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെട്ടിരുന്നുവെന്നതിനാല്‍ അടുത്ത കാലത്തായി  മസ്തിഷ്‌കവ്യത്യാസങ്ങളെ നിഷേധിക്കുന്ന പ്രവണത പൊതുവെ ഉണ്ടായി വന്നിരുന്നു. എന്നാല്‍ പുതിയ പഠനങ്ങളും തലച്ചോറിന്റെ ദ്വിലിംഗരൂപത്വത്തെ സ്ഥിരീകരിക്കുകയാണ്, നിഷേധിക്കുകയല്ല ചെയ്യുന്നത്. പുരുഷ മസ്തിഷ്‌കം 10-15 ശതമാനം വലുതും ഭാരമുള്ളതുമാണ് എന്ന് തന്നെയാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പുരുഷശരീരത്തിന് താരതമ്യേന വലിപ്പം കൂടിയതായതിനാലാണ് മസ്തിഷ്‌കത്തിന്റെ വലിപ്പവും ഭാരവും കൂടുതലായതെന്നും ശരീര-മസ്തിഷക അനുപാതം നോക്കിയാല്‍ രണ്ടു പേരുടേതും ഒന്ന് തന്നെയായിരിക്കും എന്നുമായിരുന്നു സമത്വസിദ്ധാന്തക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ ഒരേ വലിപ്പവും ഭാരവുമുള്ള ആണിന്റെയും പെണ്ണിന്റെയും  മസ്തിഷകങ്ങള്‍ തമ്മിലും വ്യത്യാസം നിലനില്‍ക്കുന്നുണ്ട് എന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്. പ്രായപൂര്‍ത്തിയായവരും ഒരേ നീളവും ഭാരവുമുള്ളവരുമായ രണ്ടുപേരില്‍ സ്ത്രീയുടെ മസ്തിഷ്‌കത്തിന് പുരുഷന്റേതിനേക്കാള്‍ നൂറ് ഗ്രാമെങ്കിലും കുറവായിരിക്കും.
ഗണിതക്രിയകള്‍ക്കും സമയം അളക്കാനും വേഗത തീരുമാനിക്കുന്നതിനും മറ്റുമുള്ള  ആണ്‍മസ്തിഷ്‌കത്തിന്റെ ഇന്‍ഫീരിയര്‍ പരിയേറ്റല്‍ ലോബ്യൂള്‍ (Inferior-Parietal Lobule) പെണ്‍മസ്തിഷ്‌കത്തിന്റേതിനേക്കാള്‍ വലുതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആണ്‍മസ്തിഷ്‌കത്തിലാണ് കൂടുതല്‍ ഗ്രേ മാറ്ററുള്ളത്. അതേസമയം പെണ്‍മസ്തിഷ്‌കത്തില്‍ കൂടുതലുള്ളത് വൈറ്റ് മാറ്ററാണ്.  ആണ്‍മസ്തിഷ്‌കത്തില്‍ 6.5 ഇരട്ടിയോളം  ഗ്രേ മാറ്ററുള്ളപ്പോള്‍ പെണ്‍മസ്തിഷ്‌കത്തില്‍ പത്തിരട്ടിയോളം വൈറ്റ് മാറ്ററുണ്ട്. വിവരങ്ങള്‍ അപഗ്രഥിക്കുന്ന കേന്ദ്രങ്ങളെ (Information Processing Centers) ഗ്രേ മാറ്ററും ഈ കേന്ദ്രങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെ (Networking of these Processing Centers) വൈറ്റ് മാറ്ററും പ്രതിനിധീകരിക്കുന്നു. പുരുഷന്മാര്‍ കഠിനാധ്വാനം അനിവാര്യമാകുന്ന ജോലികളില്‍ തിളങ്ങുമ്പോള്‍  സ്ത്രീകള്‍ ഭാഷയിലും ഒരേ സമയം ഒന്നിലധികം  കാര്യങ്ങള്‍ ചെയ്യേണ്ട ജോലികളിലും പ്രാവീണ്യം പ്രകടിപ്പിക്കുന്നത് അതുകൊണ്ടാണ്. ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധനങ്ങളില്‍ പോലും ആണ്‍-പെണ്‍  വ്യത്യാസമുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. പെണ്‍മസ്തിഷ്‌കത്തിനകത്ത്  വശങ്ങള്‍ തമ്മിലുള്ള ബന്ധനങ്ങള്‍ കൂടുതല്‍ ശക്തമാണെങ്കില്‍ ആണ്‍മസ്തിഷ്‌കത്തിനകത്ത് ശക്തമായത് മുന്‍ഭാഗവും പിന്‍ഭാഗവും തമ്മിലുള്ള ബന്ധങ്ങളാണ്. അന്തര്‍ജ്ഞാനപരമായ ചിന്തകള്‍ക്കും (Intuitive Thinking), അപഗ്രഥനത്തിനും (Analyzing) കൂടുതല്‍ കഴിയുക പെണ്ണുങ്ങള്‍ക്കാവുന്നതും ഉയര്‍ന്ന ഉള്‍ക്കാഴ്ച്ച പ്രകടിപ്പിക്കാനും (Heightened Perception) ശക്തമായ പേശീചലനപാടവങ്ങള്‍ക്കും (Stronger Motor Skills) കൂടുതല്‍ കഴിയുക ആണുങ്ങള്‍ക്കാവുന്നതും ഇതുകൊണ്ടാണ്. ശാരീരികചലനങ്ങളെ നിയന്ത്രിക്കുന്ന സെറിബെല്ലത്തില്‍ പോലും നേരിയ തോതിലുള്ള ആണ്‍-പെണ്‍ വ്യത്യാസങ്ങളുണ്ട് എന്നാണ് ഈയടുത്ത് നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരേ ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍  തന്നെ ആണ്‍തലച്ചോര്‍ നിര്‍മിക്കുന്ന രീതിയിലല്ല പെണ്‍തലച്ചോര്‍ നിര്‍മിക്കുന്നത്. അവയുടെ നിര്‍മാണത്തോതും വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആണ്‍മസ്തിഷ്‌കം 52% സെറാടോണിന്‍ അധികം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉത്കണ്ഠയും വിഷാദവും കൂടുതല്‍ സ്ത്രീകളിലാവുന്നതിന് കാരണമിതാണ്.
ലൈംഗികവികാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും  നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗത്തിന് പ്രകടമായ  ദ്വിലിംഗരൂപത്വമുണ്ട്.  ഹൈപ്പോതലാമസില്‍ സെക്ഷ്വലി ഡൈമോര്‍ഫിക് ന്യൂക്ലിയസ്  (Sexually Dimorphic Nucleus -SDN) എന്ന ഒരു ഭാഗം തന്നെയുണ്ട്; പേരില്‍ തന്നെ ദ്വിലിംഗരൂപത്വം വഹിക്കുന്ന ഈ  ന്യൂക്ലിയസ് സ്ഥിതി  ചെയ്യുന്നത് മീഡിയല്‍  പ്രീഓപ്റ്റിക് ഏരിയ(Medial Preoptic Area)യിലാണ്. പുരുഷനില്‍ 2.2 ഇരട്ടി വലിപ്പമുള്ള ഇതില്‍ സ്ത്രീകളുടേതില്‍ ഉള്ളതിനേക്കാള്‍  2.1 ഇരട്ടി കോശങ്ങളുണ്ടാവുമെന്നാണ് കണക്ക്. സ്ത്രീയില്‍ ഇതിന്റെ ആകൃതി അല്‍പം നീണ്ടിട്ടാണെങ്കില്‍ പുരുഷനില്‍ അത് ഗോളാകൃതിയിലാണുള്ളത്. പുരുഷലൈംഗികതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മിക്കതിനെയും നിയന്ത്രിക്കുന്നത് ഈ മസ്തിഷ്‌കഭാഗമാണ്. ഹൈപ്പോതലാമസില്‍ തന്നെ  ദ്വിലിംഗരൂപത്വം വഹിക്കുന്ന മറ്റൊരു ഭാഗം കൂടിയുണ്ട്. വെന്‍ട്രോ മീഡിയല്‍ ന്യൂക്‌ളിയസ്  (Ventromedial Nucleus of the Hypothalamus-VMN) എന്നാണ് അതിനെ  വിളിക്കുക. ആണിലും പെണ്ണിലുമുള്ള  ഇതിന്റെ ഘടനകള്‍ വ്യത്യസ്തമാണ്. സ്ത്രീകളുടെ ലൈംഗികസ്വഭാവങ്ങളെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ആണ്‍തലച്ചോര്‍ ലൈംഗികതയെ കാണുന്നതും പെണ്‍തലച്ചോര്‍ ലൈംഗികതയെ കാണുന്നതും രണ്ട് രൂപത്തിലാവുന്നത് ഈ കാഴ്ചകള്‍ രണ്ടും അപഗ്രഥിക്കപ്പെടുന്നത് രണ്ട് സ്ഥലങ്ങളിലായതുകൊണ്ടാണ് ; മസ്തിഷ്‌കത്തിന്റെ രണ്ട് ഭാഗങ്ങളാണ് അവയെ നിയന്ത്രിക്കുന്നത്; രണ്ട് രൂപത്തിലാണ് അവര്‍ അത് ആസ്വദിക്കുന്നത്;  ശരീരത്തിനും മനസ്സിനും വ്യത്യസ്തങ്ങളും എന്നാല്‍ പരസ്പരപൂരകവുമായ ആഹ്ലാദവും അനുഭവങ്ങളുമാണ് അത് പ്രദാനം ചെയ്യുന്നത്.
സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികവ്യവസ്ഥകള്‍ വ്യത്യസ്തങ്ങളാണെന്ന് പ്രത്യേകം പറയേണ്ടതില്ല. രൂപത്തിലും ഭാവത്തിലും ധര്‍മത്തിലും പ്രവര്‍ത്തനരീതിയിലുമെല്ലാം വ്യത്യസ്തമാണ് അവ. സ്ത്രീയുടെ ബാഹ്യലൈംഗികാവയവമായ യോനിയും അതില്‍ നിന്നാരംഭിക്കുന്ന  സെര്‍വിക്‌സ് എന്ന നാളിയും അത് അവസാനിക്കുന്ന ഗര്‍ഭാശയവും അതിന് രണ്ട് വശങ്ങളിലായുള്ള രണ്ട് അണ്ഡാശയങ്ങളും മസ്തിഷ്‌കവും ചേര്‍ന്നതാണ് സ്ത്രീയുടെ ലൈംഗിക വ്യവസ്ഥ. യോനിയടക്കമുള്ള  അവയവങ്ങളെല്ലാം ശരീരത്തിനകത്താണുള്ളത്. അതില്‍ നിന്ന് പുറത്തേക്ക് ഒരു തുറവിയുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷ ലൈംഗികാവയവം തികച്ചും വ്യത്യസ്തമാണ്. മസ്തിഷ്‌കം കിഴിച്ചുള്ള പ്രധാനപ്പെട്ട അവയവങ്ങളായ വൃഷണങ്ങളും ലിംഗവും  പ്രധാന ശരീരത്തിന് പുറത്തായാണുള്ളത്.
വേഴ്ചാനുഭവങ്ങളും പ്രത്യത്പാദനവും തമ്മിലുള്ള ബന്ധവും തികച്ചും വ്യത്യസ്തമാണ്. സുരതാഹ്ലാദത്തിന്റെ പരമകാഷ്ഠയായ രതിമൂര്‍ഛ അനുഭവിക്കുവാന്‍ ആണിനും പെണ്ണിനും കഴിയുമെങ്കിലും പെണ്‍രതിമൂര്‍ച്ചക്ക് പ്രത്യുല്‍പാദനവുമായി യാതൊരു ബന്ധവുമില്ല. രതിമൂര്‍ഛയുണ്ടാകുമ്പോള്‍ സ്ഖലിക്കുന്ന ശുക്ലമാണ് പ്രത്യുല്‍പാദനത്തിന്റെ പുരുഷബീജം വഹിക്കുന്നത്. ലൈംഗികബന്ധത്തോടനുബന്ധിച്ച് ഉണ്ടാകുന്ന സ്ത്രീയുടെ  സ്രവങ്ങളിലൊന്നും പ്രത്യുല്‍പാദനത്തില്‍ പങ്കെടുക്കുന്നില്ല. പ്രത്യുല്‍പാദനത്തിലെ പെണ്ണിന്റെ പങ്കായ അണ്ഡം അവള്‍  അറിയാതെയാണ് ഉത്സര്‍ജിക്കപ്പെടുന്നത്. പുരുഷന്‍ മാസത്തില്‍ സ്ഖലിക്കുന്ന കോടിക്കണക്കിന് ബീജങ്ങളില്‍ മിക്കതിനും ബീജസങ്കലനത്തിനുള്ള ശേഷിയുണ്ട്. ബീജസങ്കലനത്തിന്  ശേഷിയുള്ള ഒരേയൊരു അണ്ഡം മാത്രമേ  സാധാരണഗതിയില്‍ മാസത്തിലൊരിക്കല്‍ സ്ത്രീക്ക് ഉല്‍പാദിപ്പിക്കാനാവൂ. സ്ത്രീകളുടെ പ്രത്യുല്‍പാദനശേഷി മുപ്പത് വയസ്സ് കഴിഞ്ഞാല്‍  കുറയാന്‍ തുടങ്ങുകയും ആര്‍ത്തവ വിരാമത്തോടെ നിലയ്ക്കുകയും ചെയ്യും. ഇന്ത്യയിലെ ആര്‍ത്തവ വിരാമത്തിന്റെ ശരാശരി പ്രായം 46. 2 വയസ്സാണ്. പുരുഷനാകട്ടെ ശരാശരി നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിയുന്നതോടെ പ്രത്യുല്‍പാദനശേഷി കുറയാന്‍ തുടങ്ങുമെങ്കിലും അതൊരിക്കലൂം നിലയ്ക്കുകയില്ല. ലോകത്തിലെ ഏറ്റവും പ്രായമേറിയ പിതാവായി അറിയപ്പെടുന്ന  റാംജി രാംദേവിന് തൊണ്ണൂറ്റി ആറാമത്തെ വയസ്സിലും കുഞ്ഞുണ്ടാകുന്നത് അതുകൊണ്ടാണ്.
ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഡൈമോര്‍ഫിക് ആയ മനുഷ്യന്‍ എന്ന് മുതല്‍ വസ്ത്രമുടുക്കാന്‍ ആരംഭിച്ചുവോ അന്ന് മുതല്‍ തന്നെ ആണിനേയും പെണ്ണിനേയും അവരുടെ ലിംഗം  തിരിച്ചറിയുന്ന രൂപത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിച്ച് വന്നിരുന്നത്. മനുഷ്യശരീരത്തില്‍ വളരുന്ന ഒരു തരം പേനിന്റെ ജനിതകാപഗ്രഥനത്തില്‍ നിന്ന് 170,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനുഷ്യര്‍ വസ്ത്രങ്ങളുടുക്കാന്‍ ആരംഭിച്ചിരുന്നുവെന്ന നിഗമനത്തില്‍ ചില ഗവേഷകര്‍ എത്തിയിട്ടുണ്ടെങ്കിലും അതിന്ന് വ്യക്തമായ തെളിവുകളൊന്നും തന്നെയില്ല. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്  ശിലായുഗസംസ്‌കാരത്തില്‍ തന്നെ ജന്തുക്കളുടെ ചര്‍മം കൊണ്ട് ശരീരം മൂടുന്ന പതിവുണ്ടായിരുന്നതായി ചില ശിലാലിഖിതങ്ങളും ചുമര്‍ചിത്രങ്ങളും വ്യക്തമാക്കുന്നുണ്ട്. ക്രിസ്തുവിന് 2400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സുമേറിയന്‍ പ്രതിമകള്‍ അക്കാലം മുതലെങ്കിലും   ആണും പെണ്ണും  അവരുടെ ലിംഗമെന്താണെന്ന്  വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു വസ്ത്രങ്ങളുടുത്തതെന്നാണ് മനസ്സിലാക്കിത്തരുന്നത്. എല്ലാ സംസ്‌കാരങ്ങളിലും ഈ .വസ്ത്രവ്യത്യാസം നില നിന്നിരുന്നു. ചുരുങ്ങിയത് അയ്യായിരം വര്‍ഷങ്ങളെങ്കിലുമായി ആണും പെണ്ണും അവരെ തിരിച്ചറിയുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ഉടുത്തിരുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളുണ്ട് എന്നാണ് ഇതിന്നര്‍ഥം. 
നരവര്‍ഗം നാഗരിക മനുഷ്യരായ  കാലം മുതല്‍ തുടരുന്നതാണ്   ആണും പെണ്ണും വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിക്കുന്ന ശീലം. അതിന്ന്  ശാസ്ത്രീയമായ അടിത്തറയുമുണ്ട്.  പിന്നെയെന്തിനാണ് ഈ ശീലത്തിനെതിരെ പടവാളോങ്ങുകയും പ്രകൃതിവിരുദ്ധമായ വസ്ത്രസംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്? ഉത്തരം ഒന്ന് മാത്രമാണ്. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ ഇപ്പോഴത്തെ അജണ്ട ഹെറ്ററോ നോര്‍മിറ്റിവിറ്റിയെ തകര്‍ക്കുകയാണ്. അതിന്ന് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കണമെന്നാണ് തീരുമാനം. ആ തീരുമാനത്തിനെതിരെ ചെറുവിരലെങ്കിലും അനക്കാന്‍ ലിബറലിസത്തിനടിയില്‍ വാലുകള്‍ കുടുങ്ങിപ്പോയ ഭരണാധികാരികള്‍ക്കോ ബുദ്ധിജീവികള്‍ക്കോ ശാസ്ത്രജ്ഞന്മാര്‍ക്കോ കഴിയില്ല. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ പറഞ്ഞുകൊടുക്കുന്നതെല്ലാം അക്ഷരത്തെറ്റില്ലാതെ ആവര്‍ത്തിക്കാനാണ് അവരുടെയെല്ലാം  നിയോഗം. 
(അവസാനിച്ചു)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌