മകനേ, എല്ലാം ആവശ്യക്കാര്‍ കൊണ്ടു പോകട്ടെ
വിജ്ഞാന സമ്പാദനത്തിനായി നാടും വീടും വെടിഞ്ഞു യാത്ര തിരിച്ചിട്ടു വര്‍ഷങ്ങളായി. വന്ദ്യവയോധികയായ മാതാവിന്റെ ഓര്‍മകള്‍ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നു. ഉടന്‍ ജന്മനാട്ടിലെത്തണം. മുഖാമുഖമിരുന്ന് അവരെ കണ്‍നിറയെ കാണണം. കണ്‍കുളിര്‍മ നേടണം. അവര്‍ താലോലിച്ചു വളര്‍ത്തിയ ആ ചെടി ഇതാ ഫലദായക വൃക്ഷമായി വളര്‍ന്നിരിക്കുന്നു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവര്‍ കണ്ണീരൊഴുക്കി നടത്തിയ പ്രാര്‍ഥനകള്‍ സാക്ഷാത്കൃതമായിരിക്കുന്നു. മാതാവിനെ കാണാനുള്ള അദമ്യമായ ആഗ്രഹം ഗുരുവര്യനായ ഇമാം മാലികിനെ അറിയിച്ചു. നാട്ടില്‍ പോവാന്‍ അനുമതി നല്‍കണമെന്നും അഭ്യര്‍ഥിച്ചു. ഇമാം യാത്രക്കായുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. അങ്ങനെ മുഹമ്മദ് ഇദ്‌രീസ് ശാഫിഈ താന്‍ പഠനം കഴിഞ്ഞു തിരിച്ചെത്തുന്ന വിവരം മക്കയിലുള്ള കുടുംബത്തെ അറിയിക്കാന്‍ ഒരു ദൂതനെ അയച്ചു.
തന്റെ ഇടതും വലതുമായി സഞ്ചരിക്കുന്ന ഖുറാസാനിലെ മേത്തരം കുതിരകളുടെയും ഈജിപ്തിലെ കോവര്‍കഴുതകളുടെയും പുറത്ത് ധാരാളം ധാന്യങ്ങളും വസ്ത്രങ്ങളും പണവും വഹിച്ചുള്ള പ്രൗഢഗംഭീരമായ യാത്ര.
ഒരുപാട് യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്നത്തെ യാത്ര ഏറെ സുദീര്‍ഘമായി തോന്നുന്നു. വഴിയിലുടനീളം ഓര്‍മയില്‍ മക്കയിലെ തെരുവുകള്‍ മിന്നി മറഞ്ഞു. വയോധികയായ മാതാവിന്റെ ഹൃദയാവര്‍ജ്ജകമായ ശബ്ദം, കളിക്കൂട്ടുകാര്‍... എല്ലാം ഓര്‍മ വന്നു.
ഹറമിന്റെ അതിര്‍ത്തിയില്‍ ധാരാളം സ്ത്രീകള്‍ തന്നെയും പ്രതീക്ഷിച്ചു നില്‍പുണ്ടായിരുന്നു. മകനെ സ്‌നേഹാതിരേകത്തോടെ മാറോടണക്കാന്‍ കാത്തിരിക്കുന്ന എന്റെ പ്രിയ മാതാവുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. കുതിരപ്പുരത്ത് നിന്നിറങ്ങിയ എന്നെ അവര്‍ ഗാഢമായി ആശ്ലേഷിച്ചു. സന്തോഷാശ്രുക്കള്‍ പൊഴിച്ചു. ശേഷം എന്റെ മാതൃസഹോദരിയും എന്നെ ആശീര്‍വദിച്ചു, നെറ്റിത്തടത്തില്‍ ചുംബിച്ചു, രണ്ടു വരി കവിത ചൊല്ലി. 'മരണത്തിന്റെ തിരമാലകള്‍ നിന്റെ മാതാവിനെ ഒഴുക്കിക്കൊണ്ടുപോയിട്ടില്ല. ഇന്ന് എല്ലാ ഹൃദയങ്ങളും മാതൃസ്‌നേഹത്താല്‍ നിന്റെ മാതാക്കളായി മാറിയിരിക്കുന്നു.' മക്കയുടെ മണ്ണില്‍ ഞാന്‍ ആദ്യമായി ശ്രവിച്ച, ആനന്ദം പകര്‍ന്ന സ്‌നേഹത്തിന്റെ വായ്ത്താരിയായിരുന്നു അത്.
മക്കയിലും എന്നെ വരവേല്‍ക്കാന്‍ ധാരാളം സ്ത്രീകളും കുട്ടികളും ഒരുമിച്ചുകൂടിയിരുന്നു. എന്റെ ദൃഷ്ടികള്‍ അവശയായ മാതാവിന്റെ മുഖത്തും വിലപിടിച്ച സാധന സാമഗ്രികളിലും മാറി മാറി പതിഞ്ഞുകൊണ്ടിരുന്നു. എല്ലാ മുഖങ്ങളും പ്രസന്നഭരിതമായിരുന്നു. പക്ഷെ എന്റെ മാതാവ് മാത്രം ഒരു പുഞ്ചിരി പോലുമില്ലാതെ ദു:ഖിതയായി നില്‍ക്കുന്നു. നിമിഷങ്ങള്‍ക്കു ശേഷം മുന്നോട്ട് വന്ന് മാതാവിനോട് നമുക്ക് പോകാമെന്ന് പറഞ്ഞു.
ദീര്‍ഘനിശ്വാസം അയച്ചു കൊണ്ട് അവര്‍ ചോദിച്ചു: എങ്ങോട്ട്?
ഞാന്‍: നമ്മുടെ വീട്ടിലേക്ക്.
മാതാവ്: ഞാന്‍ നിന്നെ മദീനയിലേക്ക് യാത്രയാക്കിയ നിമിഷം ഓര്‍മയുണ്ടോ? എന്റെ പക്കലുണ്ടായിയിരുന്നത് രണ്ട് പഴയ പുതപ്പുകള്‍ മാത്രമായിരുന്നു. നിന്റെ വൈജ്ഞാനിക തൃഷ്ണ തീര്‍ക്കാന്‍ ഞാനത് കൈമാറി. അത്രയും ദരിദ്രനായാണ് നീ വീടുവിട്ടിറങ്ങിയത്. പ്രവാചകന്റെ ഹദീസുകള്‍ പഠിച്ച് ജ്ഞാനിയായി നീ തിരിച്ചെത്തണമെന്നതായിരുന്നു എന്റെ അഭിലാഷം. നീ കൊണ്ടുവന്ന സമ്പത്ത് അഹംഭാവത്തിന്റെ മൂലധനമാണ്. നിന്റെ പിതൃസഹോദരന്റെ മക്കളോട് വമ്പു പറയാനും അവരെ പുച്ഛിക്കുവാനുമാണോ ഇതെല്ലാം?
നിശ്ശബ്ദനായി നിലയുറപ്പിച്ച ഞാന്‍ മാതാവിനെ സൂക്ഷിച്ച് നോക്കി; പിന്നെ ആലോചനയിലാണ്ടു... അല്ലാഹു അക്ബര്‍.. ഭൗതിക വിഭവങ്ങളോടുള്ള താല്‍പര്യമില്ലായ്മ.. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മഹത്വം.. അല്ലാഹുവിനെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസം.. എന്റെ മനസ്സ് വിശ്വാസ ഭാരത്താല്‍ ഘനീഭവിച്ചു. എന്റെ നയനങ്ങളില്‍ നിന്നു ചുടുബാഷ്പം ഇറ്റി വീണു. ഞാനെന്തു നേടിയിട്ടുണ്ടെങ്കിലും അത് മാതാവിന്റെ ആഗ്രഹാഭിലാഷങ്ങളുടെ സാക്ഷാല്‍ക്കാരമാണ്; ആത്മാര്‍ഥമായ പ്രാര്‍ഥനക്കുള്ള ഉത്തരമാണ്. വര്‍ഷങ്ങളുടെ വിദ്യാഭ്യാസ തപസ്യയിലൂടെ ആര്‍ജിക്കാനാവാത്ത ജ്ഞാനമാണ് ഈ മണല്‍ക്കൂനകളെ സാക്ഷിയാക്കി ഇപ്പോള്‍ മാതാവ് പഠിപ്പിച്ചത്. ഞാന്‍ അങ്ങേയറ്റത്തെ സ്‌നേഹവാത്സല്യത്തോടെ മാതാവിന്റെ കരങ്ങളില്‍ മുത്തമിട്ടു. എന്നിട്ട് വിനയാന്വിതനായി ചോദിച്ചു: ഞാനെന്തു ചെയ്യണമെന്ന് കല്‍പിച്ചാലും.
മാതാവ്: എന്തു ചെയ്യാന്‍...! ഉച്ചത്തില്‍ പ്രഖ്യാപിക്കുക... ഈ കാണുന്നതെല്ലാം വിശപ്പനുഭവിക്കുന്നവര്‍, വിധവകള്‍, വാഹനമില്ലാത്തവര്‍, വസ്ത്രമില്ലാത്തവര്‍, അശരണര്‍ എന്നിവര്‍ക്കവകാശപ്പെട്ടതാണെന്നും അവര്‍ക്ക് ഇവ യഥേഷ്ടം കൊണ്ടുപോകാമെന്നും പരസ്യപ്പെടുത്തുക.
ഞാന്‍ ഉടനെ മാതാവിന്റെ കല്‍പന നടപ്പാക്കി. അല്‍പസമയത്തിനുള്ളില്‍ ആ സമ്പത്ത് മുഴുവന്‍ ആവശ്യക്കാര്‍ക്കിടയില്‍ വീതിച്ചു നല്‍കി. ഒരു കോവര്‍കഴുതയും പതിനഞ്ചു ദീനാറും ശേഷിച്ചു. മക്കയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ എന്റെ ചാട്ടവാര്‍ താഴെ വീണു. മുതുകില്‍ ഭാരവുമായി പോവുകയായിരുന്ന ഒരു പെണ്‍കുട്ടി കുമ്പിട്ട് അതെടുക്കുകയും ആദരവോടെ എന്റെ കൈയില്‍ തരികയും ചെയ്തു. ആ കുട്ടിക്ക് പാരിതോഷികമായി നല്‍കാന്‍ ഞാന്‍ അഞ്ചു ദീനാര്‍ കൈയിലെടുത്തപ്പോള്‍ ഇതു മാത്രമാണോ നിന്റെ പക്കലുള്ളതെന്ന് മാതാവ് ചോദിച്ചു.
ഞാന്‍: അല്ല.. ഇനിയും പത്ത് ദീനാറുണ്ട്.
മാതാവ്: അതെന്തിനാണ്?
ഞാന്‍: യാദൃച്ഛികമായി വല്ല അത്യാവശങ്ങളുണ്ടായാലോ? ഭക്ഷ്യവസ്തുക്കള്‍ പോലുമില്ലല്ലോ.
മാതാവ്: നിന്റെ കാര്യം ആശ്ചര്യകരം തന്നെ.. എല്ലാം നല്‍കിയവനിലോ നിന്റെ വിശ്വാസം അതോ ഈ പത്തു ദീനാറിലോ? ആ പണം മുഴുവന്‍ അവള്‍ക്ക് കൊടുക്കുക.
ഞാന്‍ മാതാവിന്റ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ചു. ഇപ്പോള്‍ എന്റെ കൈയില്‍ ഒന്നുമില്ല. എന്നാലും മുമ്പൊരിക്കലുമില്ലാത്ത വിധം എന്റെ മനസ്സ് ഐശ്വര്യഭരിതമാണ്.
അല്ലാഹുവിനു നന്ദി പറഞ്ഞ ശേഷം സ്‌നേഹത്തോടെ മാതാവ് പറഞ്ഞു: 'മകനേ! നീ ഏതൊരു അവസ്ഥയില്‍ ഈ കുടിലില്‍ നിന്ന് പുറത്ത് പോയിരുന്നുവോ അതേ അവസ്ഥയില്‍ അകത്തു പ്രവേശിക്കുക. പക്ഷെ മുമ്പില്ലാത്ത ഒരു പ്രകാശം അവിടെയുണ്ടാവും. നിന്റെ നെറ്റിത്തടത്തില്‍ ജ്ഞാനത്തിന്റെ പ്രകാശമുണ്ട്. ഐഹിക ലോകത്തെ നശ്വര സുഖാനന്ദങ്ങളിലൂടെ അതിന്റെ തെളിച്ചം കെട്ടു പോവുന്നത് എനിക്കിഷ്ടമില്ല.
മകനേ! വിജ്ഞാന നഭസ്സില്‍ നീ സൂര്യനെപ്പോലെ വെട്ടിത്തിളങ്ങാനാണ് നിന്നെ യാത്രയാക്കുമ്പോള്‍ ഞാന്‍ പ്രാര്‍ഥിച്ചിരുന്നത്.
മകനേ! ഭൗതിക സമ്പത്തിന്റെയും ആഡംബര ജീവിതത്തിന്റെയും കാര്‍മേഘത്തില്‍ ആ സൂര്യതേജസ്സ് ഇസ്‌ലാമിക ലോകത്തിനു നഷ്ടമാകരുതെന്ന് ഞാന്‍ ആശിക്കുന്നു.
('റോഷന്‍ സിതാരേ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റഷീദ്, അന്തമാന്‍).
Comments