Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 04

3242

1443 ശഅ്ബാന്‍ 01

സമീപകാല ചരിത്രവും ലോക ചിന്തയിലെ മാറ്റങ്ങളും

സയ്യിദ് സആദത്തുല്ല ഹുസൈനി


സന്തുലിതമായി നിലനില്‍ക്കണം സാംസ്‌കാരിക വൈവിധ്യങ്ങള്‍-2


ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, ആധുനികതയുടെ പല അനുമാനങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിച്ച മാറ്റങ്ങള്‍ ലോകത്തുണ്ടായി. കിഴക്കന്‍ യൂറോപ്പിലെ മിക്ക നാടുകളിലും ബഹുസാംസ്‌കാരിക സമൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ആധുനികതയുടെ ദേശീയവാദ സങ്കല്‍പങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ തങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ കര്‍ക്കശമായ സാംസ്‌കാരിക സ്വേഛാധിപത്യം നടപ്പാക്കുകയും എല്ലാ സാംസ്‌കാരിക യൂനിറ്റുകളെയും ഒരൊറ്റ ദേശീയ സമൂഹത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ക്രൂരമായ രീതികള്‍ അവലംബിക്കുകയും ചെയ്തു. വ്യക്തിഗത അവകാശങ്ങളുടെയും ഭൂരിപക്ഷ ഭരണത്തിന്റെയും ലിബറല്‍ ഡെമോക്രാറ്റിക് മോഡല്‍ പരാജയപ്പെട്ടുവെന്നും, പുതിയ ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അതിന് കഴിയില്ലെന്നും കമ്യൂണിസം ലോകത്തോട് വിളിച്ചുപറഞ്ഞു.9 ഈ സാഹചര്യത്തില്‍ കൂടിയാണ് ഐക്യരാഷ്ട്രസഭ 1976-ല്‍ പൗര-രാഷ്ട്രീയ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി അംഗീകരിച്ചത്. ഇത് സിവില്‍, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ഉടമ്പടി (International Covenant on Civil and Political Rights) എന്ന പേരിലാണറിയപ്പെടുന്നത്. ഈ ഉടമ്പടിയുടെ 27-ാം ആര്‍ട്ടിക്ക്‌ളില്‍ ഇപ്രകാരം പറയുന്നുണ്ട്; ''വംശീയമോ മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷങ്ങളുള്ള രാജ്യങ്ങളില്‍, പ്രസ്തുത ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോരുത്തര്‍ക്കും മറ്റു അംഗങ്ങളോടൊപ്പം ചേര്‍ന്ന്, അവരുടെ സ്വന്തം സംസ്‌കാരം സ്വീകരിക്കുന്നതിനും സ്വന്തം മതം സ്വീകരിക്കുന്നതിനും അതുപ്രകാരം ജീവിക്കുന്നതിനും അവരുടെ സ്വന്തമായ ഭാഷ ഉപയോഗിക്കുന്നതിനുമുള്ള പൂര്‍ണമായ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കാവതല്ല.''10
ഈ ഉടമ്പടി ന്യൂനപക്ഷങ്ങളുടെ സാമൂഹിക അവകാശങ്ങള്‍ വ്യക്തമാക്കുന്നതാണ്. മാത്രവുമല്ല, 1992-ല്‍ യു.എന്‍ ജനറല്‍ അസംബ്ലി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച സുപ്രധാനമായ ഒരു പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. ദേശീയ, വംശീയ, മത, ഭാഷാ ന്യൂനപക്ഷ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഐക്യരാഷ്ട്ര പ്രഖ്യാപനം-1992 (Declaration on the Rights of Persons Belonging to National or Ethnic, Religious and Linguistic Minorities -1992)എന്ന പേരിലാണ് ഈ പ്രഖ്യാപനം അറിയപ്പെടുന്നത്. പ്രസ്തുത പ്രഖ്യാപനത്തിലെ സുപ്രധാനമായ ചില പരാമര്‍ശങ്ങള്‍ ഈ ചര്‍ച്ചയില്‍ വളരെ പ്രസക്തമാണ്. 
1.    ന്യൂനപക്ഷങ്ങളുടെ ദേശീയവും സാംസ്‌കാരികവും വംശീയവും മതപരവും ഭാഷാപരവുമായ സ്വത്വങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ ഐഡന്റിന്റികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നിയമനിര്‍മാണം നടത്തേണ്ടതും മറ്റു നടപടികള്‍ സ്വീകരിക്കേണ്ടതും അതത് സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണ് (ആര്‍ട്ടിക്ക്ള്‍: 1).
2.    ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിച്ചേക്കാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ ഫലപ്രദമായി പങ്കെടുക്കാനുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശം അംഗീകരിച്ചു കൊടുക്കേണ്ടതാണ് (ആര്‍ട്ടിക്ക്ള്‍: 2 [3])
3.    ന്യൂനപക്ഷ വിഭാഗങ്ങളിലെ തന്നെ ഇതര അംഗങ്ങളുമായി സമാധാനപരമായ ബന്ധം പുലര്‍ത്താനുള്ള അവരുടെ അവകാശവും ഈ പ്രഖ്യാപനം അംഗീകരിക്കുന്നു, മാത്രമല്ല രാജ്യത്തിന് പുറത്തുള്ള വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും മതം, ഭാഷ, സംസ്‌കാരം എന്നിവ പങ്കിടാനുള്ള അവകാശം വ്യക്തമായി അംഗീകരിക്കുന്നു. അവരുമായി ബന്ധം പുലര്‍ത്താനുള്ള അവകാശവും അംഗീകരിക്കുന്നു (ആര്‍ട്ടിക്ക്ള്‍:2 [5]).
4.    ഒരാളുടെ സാംസ്‌കാരിക അവകാശങ്ങള്‍ വ്യക്തിഗതമായും കൂട്ടായും ആസ്വദിക്കാനുള്ള അവകാശം സംശയരഹിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു (ആര്‍ട്ടിക്ക്ള്‍:1/3).
5.    ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സാംസ്‌കാരിക മൂല്യങ്ങള്‍ പൂര്‍ണമായി പ്രാവര്‍ത്തികമാക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായി പ്രഖ്യാപിക്കപ്പെട്ടു (ആര്‍ട്ടിക്ക്ള്‍: 4/2). അതോടൊപ്പം അവരുടെ ഭാഷ പഠിക്കാനും അവരുടെ കുട്ടികളെ സ്വന്തം ഭാഷ പഠിപ്പിക്കാനുമുള്ള അവകാശവും വകവെച്ചുനല്‍കുന്നു (ആര്‍ട്ടിക്ക്ള്‍: 4/3).
6.    ദേശീയ നയങ്ങള്‍ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും അന്താരാഷ്ട്ര വിഷയങ്ങളിലും ന്യൂനപക്ഷങ്ങളുടെ നിയമാനുസൃത താല്‍പര്യങ്ങള്‍ ഗവണ്‍മെന്റ് കണക്കിലെടുക്കേണ്ടതും ആവശ്യമാണ് (ആര്‍ട്ടിക്ക്ള്‍:5).11
ചുരുക്കത്തില്‍ ആഗോള തലത്തില്‍ രൂപപ്പെട്ടുവരുന്ന ചിന്തകളില്‍ സുവ്യക്തമായ മാറ്റങ്ങളുണ്ടാകുന്നുണ്ടെന്നും വ്യക്തികളുടെയും സമൂഹങ്ങളുടെയും അവകാശങ്ങള്‍ പരിഗണിക്കേണ്ടത് ഒരുപോലെ പ്രധാനമാണെന്നും ഏകകണ്ഠമായി യു.എന്‍ അംഗീകരിച്ച ഈ പ്രഖ്യാപനം വ്യക്തമാക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ നിലപാട് 

ഇസ്‌ലാം വ്യക്തികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നിടത്തെല്ലാം ന്യൂനപക്ഷങ്ങളുടെയും സാംസ്‌കാരിക വിഭാഗങ്ങളുടെയും അവകാശങ്ങളും അംഗീകരിച്ചിട്ടുണ്ട് എന്ന് കാണാം. ഈ നിലപാടിന്റെ പ്രായോഗിക മാതൃക ലോക സമക്ഷം അവതരിപ്പിക്കുന്നത് തിരുനബി (സ) തന്നെയാണ്.
നബി (സ) ഹിജ്‌റ ചെയ്ത് മദീനയിലെത്തുമ്പോള്‍ മദീനയിലെ അന്നത്തെ ജനസംഖ്യ ഏകദേശം പന്ത്രണ്ടായിരമായിരുന്നു. അവരില്‍ പകുതിയും ജൂതന്മാരായിരുന്നു. അവരാകട്ടെ പത്ത് ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവശേഷിക്കുന്ന പകുതി അറബികള്‍ ഔസ്, ഖസ്‌റജ് എന്നീ ഗോത്രങ്ങളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഈ ഗോത്രങ്ങളെല്ലാം അവരുടെ ഗോത്രവ്യവസ്ഥയില്‍ തികച്ചും സ്വതന്ത്രരായിരുന്നു. ഓരോ ചെറു ഗോത്രത്തിനും സഖീഫ എന്ന പേരില്‍ ഒരു വലിയ മേലാപ്പ് ഉണ്ടായിരുന്നു. സഖീഫ് ഗോത്ര നേതൃത്വമാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്.
തിരുദൂതരുടെ (സ) ആഗമനത്തിന് ശേഷം അവിടുന്ന് എല്ലാ ഗോത്രങ്ങളുമായും ചര്‍ച്ചകളും കൂടിയാലോചനകളും നടത്തിയതിന് ശേഷം, രേഖാമൂലമുള്ള ഒരു കരാറിന് അന്തിമരൂപം നല്‍കി. പിന്നീട് മദീന ചാര്‍ട്ടര്‍ എന്ന പേരിലാണ് അത് അറിയപ്പെട്ടത്. മദീനാ ചാര്‍ട്ടര്‍ തയാറാക്കുന്ന ഈ പ്രക്രിയ ഹിജ്‌റ ഒന്നാം വര്‍ഷം തന്നെയായിരുന്നുവെന്നും രണ്ടാം വര്‍ഷം ബദ്‌റിന് തൊട്ടുടനെയാണെന്നും അഭിപ്രായമുണ്ട്. ഈ ഉടമ്പടിയുടെ ഫലമായി, മുഴുവന്‍ മദീനാ നിവാസികളും ഒരു രാഷ്ട്രീയ ഐക്യത്തിന്റെയും പൊതു പ്രതിരോധ സംവിധാനത്തിന്റെയും ഭാഗമായിത്തീര്‍ന്നു. നബി തിരുമേനി(സ)യുടെ നേതൃത്വത്തില്‍ തന്നെയാണ് ഇക്കാര്യങ്ങളെല്ലാം നടന്നിരുന്നത്. എല്ലാ സൈനിക, ഭരണ, ജുഡീഷ്യല്‍ കാര്യങ്ങളിലും നബിതിരുമേനി (സ) അധികാര നേതൃത്വത്തെ ആത്യന്തിക അധികാര കേന്ദ്രമായി ഈ കരാര്‍ അംഗീകരിച്ചു. മദീനാ ചാര്‍ട്ടറിന്റെ പൂര്‍ണ രേഖ നിരവധി ഇസ്‌ലാമിക സ്രോതസ്സുകളില്‍ ഇപ്പോഴും ലഭ്യമാണ്.12 മാത്രവുമല്ല, നിരവധി ആധുനിക പാശ്ചാത്യ പണ്ഡിതന്മാരും ഈ വിഷയത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.13
47 ആര്‍ട്ടിക്ക്‌ളുകളുള്ള മദീനാ ചാര്‍ട്ടറില്‍ ആദ്യ 23 ഖണ്ഡികകള്‍ മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ടതും ബാക്കി 24 എണ്ണം ജൂതന്മാരുമായി ബന്ധപ്പെട്ടതുമാണ്. ചാര്‍ട്ടറില്‍ പത്ത് യഹൂദ ഗോത്രങ്ങളുടെയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. അവര്‍ക്ക് പൂര്‍ണമായ മതസ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. മതസ്വാതന്ത്ര്യം വ്യക്തിഗത മത ആചാരങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. പകരം ഡോ. ഹമീദുല്ലയുടെ വാക്കുകളില്‍, 'മതപരവും നീതിന്യായപരവും നിയമപരവുമായ മുഴുവന്‍ സ്വാതന്ത്ര്യവും അവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.' കൂടാതെ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് 'വ്യക്തിപരമായ കാര്യങ്ങളില്‍ മാത്രമല്ല, നീതി, നിയമം, നിയമനിര്‍മാണം എന്നിവയുടെ കാര്യങ്ങളിലും സ്വാതന്ത്ര്യമുണ്ടായിരുന്നു.'14 യഹൂദ തര്‍ക്കങ്ങള്‍ ജൂത ഹലാഖിക് കോടതികളില്‍ (Jewish Halakhic Courts) തീര്‍പ്പാക്കി.15 ഈ തീരുമാനങ്ങള്‍ക്കെതിരെ പ്രവാചകന്റെ കോടതിയില്‍ അപ്പീല്‍ നല്‍കാമായിരുന്നു. എന്നാല്‍ അവരുടെ നിയമപ്രകാരമാണ് അവരുടെ കേസുകള്‍ പ്രവാചകന്‍ (സ) തീര്‍പ്പാക്കിയിരുന്നത്. അവരുടെ ഗോത്രങ്ങളുടെ ക്ഷേമത്തിനായി സ്വന്തമായി ഖജനാവ് സ്ഥാപിക്കാനും അത് സ്വന്തം കാര്യങ്ങള്‍ക്കായി ചെലവഴിക്കാനും അവര്‍ക്ക് പൂര്‍ണ അവകാശവുമുണ്ടായിരുന്നു. യഹൂദര്‍ക്ക് അവര്‍ക്കിടയിലും മുസ്‌ലിംകള്‍ക്ക് അവര്‍ക്കിടയിലും സമ്പത്ത് ചെലവഴിക്കാം. അഥവാ, നിയമം, നീതി, വ്യക്തിനിയമം, ക്രിമിനല്‍ നിയമം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, ധനകാര്യം തുടങ്ങിയ മേഖലകളിലെല്ലാം യഹൂദര്‍ക്ക് സ്വയംഭരണാവകാശം അനുവദിച്ചു നല്‍കിയിരുന്നു. പ്രതിരോധം, വിദേശകാര്യം ഉള്‍പ്പെടെ ചില സുപ്രധാന വിഷയങ്ങള്‍ മാത്രമായിരുന്നു കേന്ദ്രതലത്തില്‍ പൊതുനിയമമുണ്ടായിരുന്നത്. അങ്ങനെ ഫെഡറേഷന്‍ ഓഫ് എംപവേര്‍ഡ് റിലീജിയസ് കമ്യൂണിറ്റീസ് (Federation of Empowered Religious Communities) എന്ന പദവിയുള്ള ഒരു ഭരണ നിര്‍വഹണ സംവിധാനമായിരുന്നു മദീനയില്‍ നബി (സ) നടപ്പിലാക്കിയത്.
നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്കും മറ്റു മുസ്‌ലിമേതര സമൂഹങ്ങള്‍ക്കും സമാനമായ അവകാശങ്ങള്‍ പിന്നീട് അനുവദിച്ചതായി ചരിത്ര രേഖകളില്‍ കാണാന്‍ സാധിക്കും. അല്ലാമാ ശിബ്‌ലി നുഅ്മാനി, ഹസ്‌റത്ത് ഉമര്‍ മുസ്‌ലിംകളല്ലാത്ത പ്രജകളുമായി ഉണ്ടാക്കിയ കരാറുകളിലെ ചില ഖണ്ഡികകള്‍ ഉദ്ധരിച്ചിട്ടുണ്ട്.16 മധ്യകാലഘട്ടത്തില്‍, തുര്‍ക്കിയിലെ ഉസ്മാനിയ ഭരണകൂടം ഈ സമ്പ്രദായം അവരുടെ വിശാലമായ രാജ്യത്ത് പ്രാധാന്യപൂര്‍വം നടപ്പിലാക്കിയിട്ടുണ്ട്. ഉസ്മാനിയ ഭരണകൂടം മൂന്ന് സ്വതന്ത്ര സാമൂഹിക വ്യവസ്ഥകളെ അതേപടി അംഗീകരിക്കുകയായിരുന്നു. മുസ്‌ലിം സമൂഹത്തിന് പുറമെ റോമന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ (റോമന്‍ രാഷ്ട്രം), അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ (അര്‍മേനിയന്‍ രാഷ്ട്രം), ജൂതന്മാര്‍ (ജൂത രാഷ്ട്രം) എന്നീ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായിരുന്നു. ഈ സമൂഹങ്ങളില്‍ ഓരോന്നിനും അതിന്റേതായ സ്വതന്ത്ര വിദ്യാഭ്യാസ, മത, നീതിന്യായ വ്യവസ്ഥ ഉണ്ടായിരുന്നു. ഓരോ രാജ്യത്തിനും മില്ലത്ത് ബാസി (ഡെപ്യൂട്ടി ഖലീഫ) എന്ന് വിളിക്കപ്പെടുന്ന ഒരു നേതാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ അവരുടെ മതപരമായ നിയമങ്ങള്‍ക്കും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും അനുസൃതമായി അവരുടെ ജീവിത വ്യവഹാരങ്ങള്‍ നടത്തുന്നതിനുള്ള സ്വതന്ത്ര സംവിധാനം തന്നെ നിലവിലുണ്ടായിരുന്നു. ഡെപ്യൂട്ടി ഖലീഫ പദവിയിലുള്ള സമുദായ നേതാവിനെ അതത് ജനവിഭാഗങ്ങളുടെ അഭിപ്രായവും താല്‍പര്യവും പരിഗണിച്ചാണ് തെരഞ്ഞെടുത്തിരുന്നത്. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന മില്ലത്ത് ബാസിക്ക് അതത് ജനസമൂഹവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ പ്രത്യേക ഭരണ, സാമ്പത്തിക, ജുഡീഷ്യല്‍, മതപരമായ അധികാരങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇത്തരം സമൂഹങ്ങള്‍ക്കാകട്ടെ ചിലതിന് നിരവധി ഉപ വിഭാഗങ്ങളുമുണ്ടായിരുന്നു (ഉദാഹരണത്തിന്, റോമന്‍ രാജ്യത്തിന് ഗ്രീക്ക്, അല്‍ബേനിയന്‍, അറബ്, ബള്‍ഗേറിയന്‍, ജോര്‍ജിയന്‍, സെര്‍ബിയന്‍ വംശീയ വിഭാഗങ്ങള്‍ ഉണ്ടായിരുന്നു). ഈ ഗ്രൂപ്പുകള്‍ക്ക് നിരവധി മേഖലകളില്‍ സ്വയംഭരണാവകാശവും ഉണ്ടായിരുന്നു. ഓരോ ജനവിഭാഗത്തിനും അതിന്റേതായ കോടതികള്‍, സ്വന്തമായ വിദ്യാഭ്യാസ സമ്പ്രദായം, മതപരവും സാംസ്‌കാരികവുമായ വ്യവഹാരങ്ങള്‍ക്ക് സ്വതന്ത്രമായ സംവിധാനങ്ങള്‍ എന്നിവയുണ്ടായിരുന്നു. മാത്രമല്ല സ്വന്തമായ ശിക്ഷാ സമ്പ്രദായം വരെ അവര്‍ക്കുണ്ടായിരുന്നു.17 വില്‍ കിംലിക്ക അതിനെ 'മത സഹിഷ്ണുതയുടെ ഏറ്റവും മികച്ചതും സ്വാഭാവികവുമായ വ്യവസ്ഥിതി' എന്നാണ് വിശേഷിപ്പിക്കുന്നത്.18
ലോകത്തിലെ ന്യൂനപക്ഷങ്ങളുടെ സാമൂഹിക സംഘടിത അവകാശങ്ങളെക്കുറിച്ച പുതിയ കാലത്തെ ചര്‍ച്ചകളില്‍ മധ്യകാലഘട്ടത്തിലെ മാതൃകാ സംവിധാനം അനുകരണീയമായ മോഡലായി അവതരിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ മധ്യകാലഘട്ടത്തിലെ ഗവണ്‍മെന്റുകളുടെ വിശാല കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ വളരെ കുറച്ച് ജനാധിപത്യ രാജ്യങ്ങള്‍ക്ക് മാത്രമേ പുതിയ കാലത്തും കഴിഞ്ഞിട്ടുള്ളൂ.

ചില സമകാലിക അനുഭവങ്ങള്‍

ആദിവാസികളുടെ അസ്തിത്വം ഇപ്പോഴും നമ്മുടെ രാജ്യത്ത് ഗുരുതര പ്രശ്‌നമായി നിലനില്‍ക്കുകയാണ്. സ്വീഡന്‍, നോര്‍വേ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളിലെ പ്രാചീന നിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും അവകാശങ്ങള്‍ക്കായി നടത്തിയ ക്രമീകരണങ്ങളില്‍ നിന്ന് പലതും നമുക്ക് പഠിക്കാനുണ്ട്. വടക്കന്‍ യൂറോപ്പില്‍ (Scandinavian) കാണപ്പെടുന്ന പുരാതന ഗോത്രവര്‍ഗ്ഗക്കാരാണ് സാമി (Sami) ഗോത്രവിഭാഗം. അവരുടെ ഭാഷയും സംസ്‌കാരവും ജീവിതരീതിയും സാധാരണ യൂറോപ്യന്മാരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. മുകളില്‍ പറഞ്ഞ മൂന്ന് വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സാമി ഗോത്രവിഭാഗത്തിന്റെ സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റുകളുണ്ട്. ഈ രാജ്യങ്ങളുടെ ഭരണഘടന പ്രകാരം സെമിറ്റിക് ജനതയുടെ വിദ്യാഭ്യാസവും സംസ്‌കാരവും സംബന്ധിച്ച് നിരവധി അധികാരങ്ങള്‍ അവര്‍ക്ക് വകവെച്ചുനല്‍കിയിട്ടുണ്ട്.19
മതപരവും സാംസ്‌കാരികവുമായ ന്യൂനപക്ഷങ്ങളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് വ്യക്തിനിയമമാണ്. നമ്മുടെ രാജ്യത്ത് 1937-ലെ മുസ്‌ലിം വ്യക്തിനിയമ പ്രകാരം മുസ്‌ലിം സമൂഹത്തിന് വ്യക്തിനിയമത്തിനുള്ള അവകാശം നല്‍കിയിട്ടുണ്ടെങ്കിലും ഒരു വശത്ത് സര്‍ക്കാരുകളും കോടതികളും ഇതില്‍ നിരന്തരം ഇടപെടുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മറുവശത്താകട്ടെ വ്യക്തി നിയമം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ മുസ്‌ലിംകളുടെ കൈകളിലല്ല നിക്ഷിപ്തമായിരിക്കുന്നത്. അതിനാല്‍ വ്യക്തിനിയമം ക്രോഡീകരിക്കുന്നതിനും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനുമെല്ലാം നിരവധി തടസ്സങ്ങളുണ്ട്. എന്നാല്‍ ലോക രാജ്യങ്ങളില്‍ പലയിടങ്ങളിലും മുസ്‌ലിം വ്യക്തിനിയമങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികവും മാതൃകാപരവുമായ രീതികള്‍ കാണപ്പെടുന്നുണ്ട്. സിംഗപ്പൂര്‍, ഇസ്രയേല്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ സര്‍ക്കാരിന്റെ തന്നെ മേല്‍നോട്ടത്തില്‍ ശരീഅത്ത് കോടതികള്‍ സ്ഥാപിക്കുകയും രാജ്യത്തെ പൊതു കോടതി സംവിധാനം ശരീഅത്ത് കോടതികള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്നുണ്ട്. ഇസ്‌ലാമിക പണ്ഡിതന്മാരെയാണ് ഈ കോടതികളില്‍ ജഡ്ജിമാരായി നിയമിക്കുന്നത്. വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുസ്‌ലിംകള്‍ക്ക് ഇങ്ങനെ സ്ഥാപിതമായ കോടതികളെ സമീപിക്കാനും അവിടെ നിന്നും തീരുമാനങ്ങളെടുക്കാനും സാധിക്കുന്നു. ഈ സംവിധാനം മുസ്‌ലിം പണ്ഡിതന്മാരുടെ നിയന്ത്രണത്തില്‍ നടക്കുന്നതിനാല്‍ തന്നെ ശരീഅത്ത് കോടതികള്‍ക്ക് സവിശേഷമായ പദവി ലഭ്യമാകുകയും കാര്യക്ഷമമായി നടത്തുന്നതിന് വേണ്ട മുന്‍കരുതലുകകള്‍ സ്വീകരിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. പ്രത്യേക ശരീഅത്ത് കോടതികളില്‍ നിയമിക്കപ്പെടുന്ന മുസ്‌ലിം ജഡ്ജിമാര്‍ തങ്ങളുടെ അധികാര പദവികള്‍ സാധ്യമായത്ര ഇസ്‌ലാമിക ശരീഅത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് തന്നെ പലയിടങ്ങളിലും വിനിയോഗിക്കുന്നുണ്ട്.
സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വികസനമാണ് നാം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാനാണ് രാജ്യത്ത് സംവരണ പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് സംവരണ നയം പര്യാപ്തമല്ലെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ സംവരണ സീറ്റുകളിലെ ഭൂരിപക്ഷം വോട്ടര്‍മാരും മിക്കപ്പോഴും ഭൂരിപക്ഷ വിഭാഗത്തില്‍ പെട്ടവരായിരിക്കും. സംവരണ മണ്ഡലങ്ങളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നവരിലധികവും പിന്നാക്ക സമുദായത്തിന്റെ യഥാര്‍ഥ പ്രതിനിധികളോ അവരുടെ വികസനവും പുരോഗതിയും ആത്മാര്‍ഥമായി ലക്ഷ്യമിടുന്നവരോ ആയിരിക്കില്ല. അതോടൊപ്പം സംവരണത്തിന് വേണ്ടിയുള്ള മുറവിളികള്‍ സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നു എന്ന വിലയിരുത്തലുമുണ്ട്. അഥവാ ഭൂരിപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പദവികളും ജോലികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളും തങ്ങളില്‍നിന്ന് അന്യായമായി അപഹരിക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാകുന്നു. അക്കാരണത്താല്‍ തന്നെ സംവരണത്തിന്റെ വ്യാപ്തി കുറച്ച് രാഷ്ട്രീയ പദവികളിലും സര്‍ക്കാര്‍ ജോലികളിലും മാത്രം ഒതുങ്ങുകയാണ് ചെയ്യുന്നത്.
പുതിയ സാമ്പത്തിക ഘടനയില്‍ സര്‍ക്കാര്‍ ജോലികളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞുവരികയാണ്. അതിനാല്‍ത്തന്നെ പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനും പുരോഗതിക്കും സഹായകമാവും വിധം ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. ഈ മേഖലയില്‍ സച്ചാര്‍ കമ്മിറ്റി വിപ്ലവകരമായ ഒരു നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. പ്രത്യേകമായ ഒരു വൈവിധ്യ സൂചികയുടെ (Diversity index) രൂപത്തിലായിരുന്നു ഈ നിര്‍ദേശം. അതായത്, മുഴുവന്‍ സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളുടെയും ജീവനക്കാരിലും അതിന്റെ ഉപയോക്താക്കളിലും വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ അനുപാതം കണക്കാക്കണം. ഈ അനുപാതം ഓരോ സാമൂഹിക വിഭാഗങ്ങളുടെയും ജനസംഖ്യയുടെ യഥാര്‍ഥ അനുപാതത്തോട് അടുക്കുന്തോറും അവരുടെ സൂചികയും ഉയര്‍ന്നതായിരിക്കും. ഉദാഹരണമായി ഒരു പ്രദേശത്തെ ജനസംഖ്യ 30 ശതമാനം ദലിതര്‍, 20 ശതമാനം ആദിവാസികള്‍, 10 ശതമാനം മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ന അടിസ്ഥാനത്തിലാണെങ്കില്‍ ആ പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുപാതവും ഇതേ അനുപാതത്തിലാണെങ്കില്‍ സൂചിക വൈവിധ്യം 100 ശതമാനമായിരിക്കും. എന്നാല്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ ജനസംഖ്യാനുപാതത്തേക്കാള്‍ കുറവാണ് പ്രസ്തുത സ്ഥാപനത്തിലെ അനുപാതമെങ്കില്‍ സൂചികയിലും ആ കുറവ് രേഖപ്പെടുത്തും. 
ഇപ്രകാരം എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളെയും ഓഡിറ്റിന് വിധേയമാക്കുകയും അവയുടെയെല്ലാം വൈവിധ്യ സൂചിക നിര്‍ണയിക്കുകയും ചെയ്യണമെന്ന് സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നതാണ്. മുഴുവന്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഈ സൂചികയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഉദാഹരണമായി, ഒരു സര്‍വകലാശാലക്ക് ഗ്രാന്റ് ലഭിക്കുന്നതിന് വൈവിധ്യ സൂചിക ക്രമീകരിക്കണമെന്ന് ഉപാധി നിശ്ചയിക്കണം. ഒരു സ്വകാര്യ കമ്പനിക്ക് നികുതി ഇളവ് ലഭിക്കുന്നതിനും വൈവിധ്യ സൂചിക ക്രമീകരിക്കല്‍ നിര്‍ബന്ധമാണെന്ന ഉപാധിയുണ്ടായിരിക്കണം. വൈവിധ്യ സൂചിക എന്ന ഈ നിര്‍ദേശത്തില്‍ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് സവിശേഷമായ ഇളവുകളൊന്നും ലഭ്യമാകുന്നില്ല. എന്നാല്‍ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രയോജനം ആനുപാതികമായി ലഭ്യമാക്കുന്നതിന് ഈ നടപടി തീര്‍ച്ചയായും സഹായകരമായിരിക്കും. നമ്മുടെ രാജ്യത്ത് ഇത്തരം നടപടികള്‍ അനിവാര്യമായും നടപ്പിലാക്കേണ്ടതുണ്ട്.
നമ്മുടെ രാജ്യത്തെ സ്ഥിതി അത്യധികം സങ്കീര്‍ണമാണ് എന്നതില്‍ സംശയമില്ല. മുകളില്‍ സൂചിപ്പിച്ച ആശയങ്ങളുടെയും  പദ്ധതികളുടെയും തനിപകര്‍പ്പ് നിലവിലെ സാഹചര്യത്തില്‍ ഇവിടെ സാധ്യമാകണമെന്നില്ല. അത് നിരവധി പ്രായോഗിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇത്തരം പദ്ധതികള്‍ സംബന്ധിച്ച് പരാമര്‍ശിക്കുന്നതിന്റെ ഉദ്ദേശ്യം അവയുടെ തനിയാവര്‍ത്തനമോ അനുകരണമോ ലക്ഷ്യമാക്കിയല്ല. മറിച്ച്, നമ്മുടെ ബഹുസാംസ്‌കാരിക രാജ്യത്തിലെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ സ്വന്തമായ സാംസ്‌കാരിക വ്യവഹാരങ്ങള്‍ നടത്താന്‍ സാധ്യമാകുന്ന പുതിയ ചിന്താഗതികള്‍ക്ക് ഉത്തരവാദപ്പെട്ടവരെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ രാജ്യത്ത് എല്ലാ നാഗരികതകള്‍ക്കും തഴച്ചുവളരാന്‍ അവസരമുണ്ടാകണം. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭരണനിര്‍വഹണത്തില്‍ എല്ലാ വിഭാഗങ്ങളുടെയും സാമൂഹിക പങ്കാളിത്തം പരമാവധി ഉറപ്പുവരുത്താനും കഴിയണം. അതുവഴി പിന്നാക്ക അധഃസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥതകളും പ്രയാസങ്ങളും ഒരു പരിധി വരെ കുറക്കാന്‍ സഹായിക്കും. കൂടാതെ രാജ്യത്തിന്റെ നിര്‍മാണത്തിലും വികസനത്തിലും അവരുടെ കൂടി പങ്കാളിത്തം പൂര്‍ണമായി ഉറപ്പുവരുത്താനും സാധിക്കും. നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളുടെ മുതലെടുപ്പിലൂടെയും വിദ്വേഷത്തിനും വിഘടനവാദത്തിനും രാജ്യദ്രോഹത്തിനും അഴിമതിക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും ഉത്തേജനം നല്‍കുന്നതിലൂടെയും തഴച്ചുവളരുന്ന വിഭജന രാഷ്ട്രീയത്തെ ഇത് അവസാനിപ്പിക്കുകയും ചെയ്യും. 

(അവസാനിച്ചു)
വിവ: അബ്ദുല്‍ ഹകീം നദ്‌വി
അവലംബം
9.    പ്രഗത്ഭരായ പല ബുദ്ധിജീവികളും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബ്രിട്ടീഷ് രാഷ്ട്ര തന്ത്രജ്ഞനായ ഡേവിഡ് ഹെല്‍ഡ്, ഭൂരിപക്ഷ വോട്ടുകളാല്‍ തെരഞ്ഞെടുക്കപ്പെട്ട ലിബറല്‍ ഡെമോക്രാറ്റിക് ഗവണ്‍മെന്റുകള്‍ പുതിയകാലത്ത് പരാജയപ്പെട്ടുവെന്ന് എഴുതിയിട്ടുണ്ട്. സമകാലിക ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ കോസ്‌മോപൊളിറ്റന്‍ ജനാധിപത്യമാണ് ആവശ്യപ്പെടുന്നത്. ഇതുപ്രകാരം വിവിധ വിഭാഗങ്ങള്‍ക്ക് അധികാരം നല്‍കേണ്ടത് ആവശ്യമാണ്. അതില്ലാതെ പുതിയ ലോകത്ത് ഒരു രാജ്യത്തിനും വിജയകരമായി പ്രവര്‍ത്തിക്കാനാവില്ല. തന്റെ പല പുസ്തകങ്ങളിലും ലേഖനങ്ങളിലും അദ്ദേഹം ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. David Held (1995). Democracy and the Global Order:  from the Modern State to Cosmopolitan Governance. United Kingdom:  Stanford University Press.
10.    https: //www.ohchr.org/en/professionalinterest/pages/ccpr.aspx
11.    Declaration on the Rights of Persons Belonging to National or Ethnic, Religious and Linguistic Minorities https: //www.ohchr.org/EN/ProfessionalInterest/Pages/Minorities.aspx retrieved on 30-10-2021.
12.    ദഹബി: സിയറു അഅ്‌ലാമിന്നുബലാഅ് (1981), ബൈറൂത്ത്
- ഇബ്‌നു ഹിശാം: അസ്സീറത്തുന്നബവിയ്യ
- ഡോ. മുഹമ്മദ് ഹമീദുല്ല: അല്‍ വസാഇഖ്
13.    Peters, F. E. (1994). Muhammad and the Origins of Islam. State University of New York Press.
14.    ഡോ. മുഹമ്മദ് ഹമീദുല്ല- റസൂലുല്ലാ കി ഹുകും റാഹി വൊ ജാന്‍ശീനി (ഉര്‍ദു പരിഭാഷ-2006), പേജ് 16
15.    Mark Cohen (1995) Under Crescent and Cross:  The Jews in the Middle Ages: Princeton University Press. 1995. പേജ് 74
16. ശിബ്‌ലി നുഅ്മാനി: അല്‍ ഫാറൂഖ് (ദല്‍ഹി), പേജ് 267.
17.    Benjamin Braude and Bernard Lewis (ed.), Christians and Jews in the Ottoman Empire. The Functioning of a Plural Society, 2 vol., New York and London 1982.Fatih Ozturk; The Ottoman Millet System at https:  //dergipark.org.tr/en/download/article-file/12937 retrieved on 31-10-2021
18.    Will Kymlicka, “Two Models of Pluralism and Tolerance,” in Toleration:  An Elusive Virtue , ed. David Heyd (Princeton:  Princeton University Press, 1996),page 82
19.    The Saami of Scandinavia in the Cultural Survival Quarterly.
https: //www.culturalsurvival.org/publications/cultural-survival-quarterly/saami-scandinavia-and-russia-great-strides-towards-self.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 51-55
ടി.കെ ഉബൈദ്‌

ഹദീസ്‌

സദ്‌വിചാരം സല്‍കര്‍മമാണ്‌
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌